യുക്തിസഹമായി ചിന്തിക്കാൻ വീട്ടുകാരനെ സഹായിക്കുക
1. ശുശ്രൂഷയിൽ ഏതു രീതിയാണ് കൂടുതൽ ഫലപ്രദം?
1 നമ്മുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതാണോ സ്വയം ചിന്തിച്ച് ഒരു നിഗമനത്തിലെത്താൻ വീട്ടുകാരനെ സഹായിക്കുന്നതാണോ ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദം? തെസ്സലോനിക്യയിലെ യഹൂദന്മാരോടു സംസാരിച്ചപ്പോൾ പൗലോസ് അപ്പൊസ്തലൻ അവലംബിച്ചത് ന്യായവാദംചെയ്യുന്ന രീതിയാണ്. “തത്ഫലമായി, അവരിൽ ചിലർ വിശ്വാസികളായിത്തീർന്നു.” (പ്രവൃ. 17:2-4) അങ്ങനെയെങ്കിൽ, പൗലോസിനെ അനുകരിച്ചുകൊണ്ട് യുക്തിസഹമായി ചിന്തിക്കാൻ നമുക്ക് എങ്ങനെ വീട്ടുകാരെ സഹായിക്കാം?
2. സുവാർത്ത പ്രസംഗിക്കുമ്പോൾ നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം?
2 ആളുകളുടെ വികാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കുക: യുക്തിസഹമായി ചിന്തിക്കാൻ ആളുകളെ സഹായിക്കാൻ കഴിയണമെങ്കിൽ നാം അവരുടെ വികാരങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. അരയോപഗസിൽവെച്ച്, അവിശ്വാസികളായ ഗ്രീക്കുകാരോട് പൗലോസ് പ്രസംഗിച്ചുതുടങ്ങിയത് അവർക്കു സാധ്യതയനുസരിച്ച് പരിചിതമായ, അവർ അംഗീകരിച്ചിരുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ്. (പ്രവൃ. 17:22-31) അതുകൊണ്ട്, അവതരണങ്ങൾ തയ്യാറാകുമ്പോൾ പ്രദേശത്തെ ആളുകളുടെ വിശ്വാസങ്ങളും മുൻവിധികളും കണക്കിലെടുക്കുക. (1 കൊരി. 9:19-22) വീട്ടുകാരൻ തടസ്സവാദം ഉന്നയിക്കുന്നെങ്കിൽ നിങ്ങൾക്കും അവർക്കും ഒരുപോലെ അംഗീകരിക്കാൻ കഴിയുന്ന വിഷയങ്ങൾ കണ്ടെത്തി അതിനെ അടിസ്ഥാനമാക്കി ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുക.
3. ശരിയായ ഒരു നിഗമനത്തിലെത്താൻ വിദഗ്ധമായ ചോദ്യങ്ങൾ സഹായിക്കുന്നത് എങ്ങനെ?
3 ചോദ്യങ്ങൾ വിദഗ്ധമായി ഉപയോഗിക്കുക: ലക്ഷ്യസ്ഥാനത്തെത്താൻ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഒരു യാത്രക്കാരനു പറഞ്ഞുകൊടുക്കണമെങ്കിൽ, ആദ്യം അയാൾ എവിടെയാണുള്ളതെന്ന് അറിയണം. സമാനമായി, ശരിയായ ഒരു നിഗമനത്തിലെത്താൻ വീട്ടുകാരനെ സഹായിക്കണമെങ്കിൽ ഇപ്പോൾ അദ്ദേഹത്തിനുള്ള ധാരണ നാം മനസ്സിലാക്കണം. യേശു അതു ചെയ്തു. ഒരു നിഗമനത്തിലെത്താൻ ശ്രോതാവിനെ സഹായിക്കുന്നതിനുമുമ്പ് ചോദ്യങ്ങൾ ചോദിച്ച് ആ വ്യക്തിയുടെ ചിന്ത എന്താണെന്ന് അവൻ മനസ്സിലാക്കി. “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന ഒരാളുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് അതേക്കുറിച്ചുള്ള ആ മനുഷ്യന്റെ വീക്ഷണം അവൻ ചോദിച്ചറിഞ്ഞു. (ലൂക്കോ. 10:25-28) മറ്റൊരവസരത്തിൽ, പത്രോസിന്റെ തെറ്റായ ഒരു ധാരണ തിരുത്താൻ യേശു ചോദ്യങ്ങൾ വിദഗ്ധമായി ഉപയോഗിച്ചു. (മത്താ. 17:24-26) അതുകൊണ്ട്, വീട്ടുകാരൻ ഒരു ചോദ്യം ചോദിക്കുമ്പോൾ, അല്ലെങ്കിൽ തെറ്റായ ഒരു അഭിപ്രായം പറയുമ്പോൾ ശരിയായ നിഗമനത്തിലെത്താൻ ചോദ്യങ്ങൾ ഉപയോഗിച്ച് നമുക്ക് അദ്ദേഹത്തെ സഹായിക്കാം.
4. യുക്തിസഹമായി ചിന്തിക്കാൻ വീട്ടുകാരനെ നാം സഹായിക്കേണ്ടത് എന്തുകൊണ്ട്?
4 യുക്തിസഹമായി ചിന്തിക്കാൻ ഒരാളെ സഹായിക്കുമ്പോൾ, യേശു എന്ന മഹാനായ അധ്യാപകനെയും ഒന്നാം നൂറ്റാണ്ടിലെ സമർഥരായ മറ്റ് സുവിശേഷകരെയും അനുകരിക്കുകയാണ് നാം. അതോടൊപ്പം, വീട്ടുകാരനെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നു കാണിക്കാനും നമുക്കാകും. (1 പത്രോ. 3:15) തന്നിമിത്തം, ഒരുപക്ഷേ മടങ്ങിവരാൻ അദ്ദേഹം നമ്മെ അനുവദിച്ചേക്കാം.