ചോദ്യപ്പെട്ടി
◼ നമ്മുടെ മരണശേഷം സ്വത്ത് മുഴുവനോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ യഹോവയുടെ സംഘടനയ്ക്കു നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?
മനുഷ്യൻ മരിച്ചുകഴിഞ്ഞാൽ തന്റെ വസ്തുവകകളുടെമേൽ അവന് മേലാൽ ഒരു നിയന്ത്രണവുമില്ല. (സഭാ. 9:5, 6) അതുകൊണ്ടുതന്നെ തന്റെ സ്വത്ത് എങ്ങനെ വിഭാഗിക്കണമെന്നു വ്യക്തമാക്കുന്ന ഒരു വിൽപ്പത്രം പലരും മുന്നമേ തയ്യാറാക്കുന്നു. (2 രാജാ. 20:1) നിയമപരമായ ഈ രേഖയിൽ, ഉടമസ്ഥൻ ഉത്തരവാദിത്തപ്പെടുത്തിയിരിക്കുന്ന കാര്യനിർവാഹകൻ ആരാണെന്നും സൂചിപ്പിച്ചിട്ടുണ്ടാകും. ഇത്തരമൊരു വിൽപ്പത്രം തയ്യാറാക്കിയിട്ടില്ലെങ്കിൽ മരിച്ചയാളുടെ സ്വത്ത് എങ്ങനെ വിഭാഗിക്കണമെന്നു തീരുമാനിക്കുന്നത് പല സ്ഥലങ്ങളിലും ബന്ധപ്പെട്ട അധികാരികളായിരിക്കും. അതുകൊണ്ട്, സ്വത്ത് മുഴുവനോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ യഹോവയുടെ സംഘടനയ്ക്കു നൽകാൻ ആഗ്രഹിക്കുന്നതുപോലെ, സ്വത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പ്രത്യേക ഇഷ്ടങ്ങൾ ഉണ്ടെങ്കിൽ അതു വ്യക്തമാക്കുന്ന നിയമപരമായ രേഖ ഉണ്ടാക്കുകയും അതുപ്രകാരം കാര്യങ്ങൾ നടത്തുന്നതിന് ഒരു കാര്യനിർവാഹകനെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഭാരിച്ച ഉത്തരവാദിത്തമാണ് കാര്യനിർവാഹകന് ഉള്ളത്. സ്വത്ത് എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ച്, സ്വത്തുവിവരങ്ങൾ കണക്കുകൂട്ടി അതു വിഭാഗിച്ചുകൊടുക്കുന്നതിൽ ഏറെ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്; വളരെയധികം സമയവും അതിന് ആവശ്യമാണ്. ചില ഗവണ്മെന്റ് നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടിവന്നേക്കാം. സഭയിലുള്ള ഏതൊരാളും നല്ലൊരു കാര്യനിർവാഹകൻ ആയിരിക്കണമെന്നില്ല. നമ്മുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള വിശ്വസ്തനും പ്രാപ്തനും ആയ ഒരാളെ വേണം അതിനായി തിരഞ്ഞെടുക്കാൻ.—1998 ഡിസംബർ 8 ലക്കം ഉണരുക!-യിലെ “സ്വത്ത് ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിന്റെ ജ്ഞാനവും നേട്ടങ്ങളും” എന്ന ലേഖനം കാണുക.
ഒരു കാര്യനിർവാഹകനാകാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ: തന്റെ മരണശേഷം സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാമോ എന്ന് ഒരു വ്യക്തി നിങ്ങളോടു ചോദിക്കുകയാണെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചിന്തിക്കുക; അതു പൂർത്തിയാക്കാനാകുമോ എന്ന് പ്രാർഥനാപൂർവം തീരുമാനിക്കുക. (ലൂക്കോ. 14:28-32) ആ വ്യക്തിയുടെ മരണശേഷം വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവകാശികളെയെല്ലാം നിങ്ങൾ അറിയിക്കേണ്ടതുണ്ട്. തുടർന്ന്, വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, നിയമാനുസൃതമായി സ്വത്ത് ഭാഗിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണ്. സ്വത്ത് എത്രയായാലും വിൽപ്പത്രത്തിൽ നിർദേശിച്ചിരിക്കുന്നതുപോലെയല്ലാതെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കില്ല എന്ന കാര്യം മറക്കരുത്. യഹോവയുടെ സാക്ഷികളുടെ നിയമാനുസൃത കോർപ്പറേഷന് ഇഷ്ടദാനമായി നൽകുന്ന എന്തും യഹോവയ്ക്കുള്ളതാണ്; യഹോവയുടെ സംഘടനയ്ക്കായിരിക്കും അതിന്റെ അവകാശം.—ലൂക്കോ. 16:10; 21:1-4.