സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത് എന്താണ്?
1. ശുശ്രൂഷയും സ്നേഹവും തമ്മിലുള്ള ബന്ധം എന്താണ്?
1 ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുക എന്നതാണ് ഇന്നു നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും അർഥവത്തായ വേല. ഈ ഒരൊറ്റ വേല ചെയ്യുന്നതിലൂടെ യഹോവയെ സ്നേഹിക്കുക, അയൽക്കാരെ സ്നേഹിക്കുക എന്നീ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കല്പനകൾ നാം അനുസരിക്കുകയാണ്. (മർക്കോ. 12:29-31) അതെ, തീക്ഷ്ണതയുള്ള ശുശ്രൂഷകരായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന മുഖ്യഘടകം സ്നേഹമാണ്.—1 യോഹ. 5:3.
2. യഹോവയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ശുശ്രൂഷ നമ്മെ സഹായിക്കുന്നത് എങ്ങനെ?
2 യഹോവയോടുള്ള സ്നേഹം: നമ്മുടെ ഉറ്റസുഹൃത്തായ യഹോവയോടുള്ള സ്നേഹം അവനുവേണ്ടി സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. 6,000-ത്തിലധികം വർഷങ്ങളായി സാത്താൻ യഹോവയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (2 കൊരി. 4:3, 4) ദൈവം പാപികളെ അഗ്നിനരകത്തിലിട്ടു ദണ്ഡിപ്പിക്കുന്നു, അവൻ നിഗൂഢമായ ത്രിത്വത്തിന്റെ ഭാഗമാണ്, അവനു മനുഷ്യരിൽ യാതൊരു താത്പര്യവുമില്ല എന്നിങ്ങനെയുള്ള തെറ്റായ നിരവധി വിശ്വാസങ്ങൾ വെച്ചുപുലർത്താൻ അത് ഇടയാക്കിയിരിക്കുന്നു. അനവധി ആളുകൾ ദൈവമില്ലെന്ന നിഗമനത്തിൽവരെ എത്തിയിരിക്കുന്നു. നമ്മുടെ സ്വർഗീയപിതാവിനെക്കുറിച്ചുള്ള സത്യം ആളുകളെ അറിയിക്കാൻ നാം എത്രയധികം വാഞ്ചിക്കണം! ദൈവത്തെക്കുറിച്ചു സാക്ഷ്യം നൽകാൻ നാം ചെയ്യുന്ന ഏതൊരു ശ്രമവും അവനെ സന്തോഷിപ്പിക്കുകയും സാത്താനെ അസഹ്യപ്പെടുത്തുകയും ചെയ്യും.—സദൃ. 27:11; എബ്രാ. 13:15, 16.
3. അയൽക്കാരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ശുശ്രൂഷ സഹായിക്കുന്നത് എങ്ങനെ?
3 അയൽക്കാരോടുള്ള സ്നേഹം: സാക്ഷ്യം നൽകുന്ന ഓരോ അവസരത്തിലും നാം ആളുകളോടു സ്നേഹം പ്രകടമാക്കുകയാണ്. ഈ ദുഷ്കരനാളുകളിൽ ആളുകൾക്കു സുവാർത്ത അങ്ങേയറ്റം ആവശ്യമാണ്. ഇന്ന് അനേകരും യോനായുടെ നാളിലെ നിനെവേക്കാരെപ്പോലെ “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത” അവസ്ഥയിലാണ്. (യോനാ 4:11) സന്തോഷകരവും വിജയപ്രദവും ആയ ജീവിതം നയിക്കാൻ നമ്മുടെ ശുശ്രൂഷ ആളുകളെ സഹായിക്കുന്നു. (യെശ. 48:17-19) അത് അവർക്കു പ്രത്യാശ പകരുന്നു. (റോമ. 15:4) ശ്രദ്ധിക്കുകയും പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ അവർ “രക്ഷിക്കപ്പെടും.”—റോമ. 10:13, 14.
4. യഹോവ എന്തു മറന്നുകളയില്ല?
4 ഏതെങ്കിലും സമയപ്പട്ടിക പിൻപറ്റിയല്ല മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നത്. അവർ എല്ലാ സമയത്തും സ്നേഹിക്കുന്നു. അതുപോലെ, ദൈവത്തോടും അയൽക്കാരോടും സ്നേഹമുണ്ടെങ്കിൽ ശുശ്രൂഷയ്ക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രമായിരിക്കില്ല നാം പ്രസംഗിക്കുന്നത്. ഏതു സമയത്തും സാക്ഷ്യം നൽകാൻ തയ്യാറായിരുന്നുകൊണ്ടും അതിനായി അവസരങ്ങൾ തേടിക്കൊണ്ടും പ്രസംഗവേലയിൽ നാം അവിരാമം തുടരും. (പ്രവൃ. 5:42) അത്തരം സ്നേഹം യഹോവ ഒരിക്കലും മറന്നുകളയുകയില്ല.—എബ്രാ. 6:10.