ആർക്കായിരിക്കും ഇതിൽ താത്പര്യമുണ്ടായിരിക്കുക?
1. വീക്ഷാഗോപുരവും ഉണരുക!-യും വായിക്കുമ്പോൾ നാം ആരെ മനസ്സിൽപ്പിടിക്കണം, എന്തുകൊണ്ട്?
1 ലോകവ്യാപകവയലിനെ ഉദ്ദേശിച്ചാണു വീക്ഷാഗോപുരം, ഉണരുക! മാസികകൾ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇവയിൽ പല തരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു. നാം ഈ മാസികകൾ വായിക്കുമ്പോൾ ഓരോ ലേഖനവും ആർക്കായിരിക്കും ഇഷ്ടപ്പെടുന്നതെന്നു ചിന്തിക്കുക. എന്നിട്ട് അവർക്ക് അതു കൊടുക്കാൻ പ്രത്യേകശ്രമം ചെയ്യുക.
2. നമ്മുടെ മാസികകളിൽ ചർച്ച ചെയ്യുന്ന ഏതെല്ലാം വിഷയങ്ങൾ ആളുകൾക്കു പ്രത്യേകാൽ താത്പര്യജനകമായേക്കാം?
2 നിങ്ങളും നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയും മുമ്പു ചർച്ച ചെയ്തിട്ടുള്ള ഏതെങ്കിലും വിഷയം പുതുതായി കിട്ടിയ വീക്ഷാഗോപുരത്തിൽ വന്നിട്ടുണ്ടോ? കുടുംബജീവിതത്തെക്കുറിച്ച് ഈ മാസികയിലുള്ള ഏതെങ്കിലും ലേഖനം പ്രയോജനപ്പെടുന്ന ഒരു ബന്ധു നിങ്ങൾക്കുണ്ടോ? ഉണരുക!-യിൽ വിശേഷവത്കരിച്ചിരിക്കുന്ന ഒരു സ്ഥലത്തേക്കു യാത്രപോകാൻ ആസൂത്രണം ചെയ്യുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ പ്രദേശത്തുള്ള ഏതെങ്കിലും വ്യവസായസ്ഥാപനങ്ങൾക്കോ സർക്കാർസ്ഥാപനങ്ങൾക്കോ ഈ മാസിക പ്രയോജനപ്പെടുമോ? ഉദാഹരണത്തിന്, കുറ്റകൃത്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന മാസികകൾ നിയമനിർവഹണസ്ഥാപനങ്ങൾക്കും പ്രായമേറിയവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ലേഖനങ്ങൾ ആതുരാലയങ്ങൾക്കും താത്പര്യജനകമായേക്കാം.
3. മാസികയിലെ വിഷയങ്ങൾ ആകർഷകമായേക്കാവുന്നത് ആർക്കാണെന്നു ചിന്തിച്ച് അവ സമർപ്പിച്ചതിന്റെ അനുഭവം വിവരിക്കുക.
3 ഫലങ്ങൾ: “വളർച്ചയുടെ പടവുകളിൽ മക്കളെ കൈപിടിച്ചു നടത്താം” എന്ന 2011 ഒക്ടോബറിലെ ഉണരുക! ലഭിച്ചപ്പോൾ തമിഴ്നാട്ടിലെ ഒരു സഭ, മുമ്പ് ഉണരുക! മാസിക വിതരണം ചെയ്തതു നിമിത്തം പ്രശ്നങ്ങളുണ്ടായ ഒരു പ്രദേശത്തു പ്രവർത്തിക്കാൻ തീരുമാനിച്ചു. അവർ കുടുംബങ്ങളെ സന്ദർശിച്ച് ഉത്തരവാദിത്വമുള്ള കുട്ടികളെ എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയം ചർച്ച ചെയ്യുന്ന ഉണരുക!-യുടെ പ്രത്യേകപതിപ്പ് വിതരണം ചെയ്യുകയാണെന്നു പറഞ്ഞു. ഫലമോ? ആദ്യദിവസംതന്നെ അവർക്ക് 200 പ്രതികൾ സമർപ്പിക്കാൻ കഴിഞ്ഞു. വെറും രണ്ടു മാസങ്ങൾകൊണ്ട്, ആറു വർഷങ്ങളായി വയൽസേവനം ചെയ്തിട്ടില്ലായിരുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും പ്രവർത്തിക്കാനും 600-ലധികം മാസികകൾ സമർപ്പിക്കാനും സാധിച്ചു.
4. നമ്മുടെ മാസികകൾ വ്യാപകമായി വിതരണം ചെയ്യേണ്ടത് എന്തുകൊണ്ട്?
4 നമ്മുടെ മാസികകൾ ആനുകാലികസംഭവങ്ങളുടെ യഥാർഥ അർഥം വിശദീകരിക്കുകയും ബൈബിളിലേക്കും ദൈവരാജ്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ഈ മാസികകൾ മാത്രമാണു ഭൂമിയിൽ “രക്ഷയെ പ്രസിദ്ധമാക്കു”ന്നത്. (യെശ. 52:7) അതിനാൽ നാം ഇവ വ്യാപകമായി വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതു ചെയ്യാനുള്ള നല്ലൊരു മാർഗം “ആർക്കായിരിക്കും ഇതിൽ താത്പര്യമുണ്ടായിരിക്കുക” എന്നു ചിന്തിക്കുന്നതാണ്.