പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—യോവേൽ
1. ശുശ്രൂഷയിൽ യോവേലിന്റെ താഴ്മ നമുക്ക് എങ്ങനെ അനുകരിക്കാം?
1 ആരായിരുന്നു യോവേൽ പ്രവാചകൻ? ‘പെഥൂവേലിന്റെ മകൻ’ എന്നു മാത്രമേ തന്നെക്കുറിച്ച് അവൻ വെളിപ്പെടുത്തിയിട്ടുള്ളൂ. (യോവേ. 1:1) സന്ദേശവാഹകനെന്ന നിലയിൽ തനിക്കല്ല, യഹോവയുടെ സന്ദേശത്തിനാണ് താഴ്മയുള്ള ഈ പ്രവാചകൻ പ്രാധാന്യം നൽകിയത്. സമാനമായി നാമും ശുശ്രൂഷയിലായിരിക്കുമ്പോൾ, മറ്റുള്ളവരാലുള്ള പുകഴ്ചയോ അംഗീകാരമോ ആഗ്രഹിക്കുന്നതിനു പകരം യഹോവയിലേക്കും ബൈബിളിലേക്കും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടണം. (1 കൊരി. 9:16; 2 കൊരി. 3:5) നാം ഘോഷിക്കുന്ന സന്ദേശം നമുക്കു ശക്തി പകരും. ഇന്നു നമ്മിൽ തീക്ഷ്ണതയും പ്രത്യാശയും നിറയ്ക്കാൻ യോവേലിന്റെ പ്രവചനം സഹായിക്കുന്നത് എങ്ങനെ?
2. യഹോവയുടെ ദിവസം അടുത്തിരിക്കുന്നുവെന്ന അറിവ് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
2 “യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.” (യോവേ. 1:15): ഈ വാക്കുകൾ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് എഴുതിയതാണെങ്കിലും അതിന്റെ അവസാനനിവൃത്തിയുടെ സമയത്താണു നാം ജീവിക്കുന്നത്. ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകളും ശുശ്രൂഷയിലായിരിക്കെ നാം നേരിടുന്ന നിസ്സംഗതയും പരിഹാസവും എല്ലാം ഈ ദുഷ്ടവ്യവസ്ഥിതി അവസാനിക്കാറായി എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. (2 തിമൊ. 3:1-5; 2 പത്രോ. 3:3, 4) അന്ത്യം സമീപിച്ചിരിക്കുന്നെന്ന ബോധ്യം, ശുശ്രൂഷയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ നമ്മെ പ്രേരിപ്പിക്കണം.—2 പത്രോ. 3:11, 12.
3. മഹോപദ്രവം സമീപിച്ചിരിക്കുന്ന ഈ സമയത്ത് ശുശ്രൂഷ വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 ‘യഹോവ തന്റെ ജനത്തിനു ശരണമായിരിക്കും.’ (യോവേ. 3:16): ഈ വാക്യത്തിൽ പറയുന്ന ‘കുലുങ്ങിപ്പോകൽ’ സംഭവിക്കുന്നത് മഹോപദ്രവത്തിന്റെ സമയത്തു നടക്കുന്ന യഹോവയുടെ ന്യായവിധിനിർവഹണത്തിലായിരിക്കും. ആ സമയത്ത് യഹോവ തന്റെ വിശ്വസ്തരായ ആരാധകരെ സംരക്ഷിക്കുമെന്ന അറിവ് നമുക്ക് ആശ്വാസം പകരുന്നു. (വെളി. 7:9, 14) ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ യഹോവ നമ്മെ പുലർത്തുകയും ശക്തീകരിക്കുകയും ചെയ്യുന്നത് അനുഭവിച്ചറിയുമ്പോൾ നമ്മുടെ വിശ്വാസവും സഹിഷ്ണുതയും വർധിക്കും. അതു മഹോപദ്രവത്തിന്റെ സമയത്തു സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും.
4. ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാനും സന്തോഷിക്കാനും കഴിയുന്നത് എന്തുകൊണ്ട്?
4 നാശത്തിന്റെ പ്രവചനമെന്നു യോവേലിന്റെ സന്ദേശത്തെക്കുറിച്ചു ചിലർ പറയുന്നുണ്ടെങ്കിലും യഹോവയുടെ ജനത്തിനു വിടുതൽ ലഭിക്കുമെന്ന മഹത്തായ പ്രത്യാശയും അതു നൽകുന്നു. (യോവേ. 2:32) അതുകൊണ്ട്, ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടുകയും തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കുകയും ചെയ്യാം. അങ്ങനെ യോവേൽ 2:23-ലെ വാക്കുകൾക്കു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ!”