വിദ്യാർഥികളുടെ ഹൃദയത്തിൽ എങ്ങനെ എത്തിച്ചേരാം
1. യേശുവിന്റെ പഠിപ്പിക്കൽ ശ്രോതാക്കളുടെ ഹൃദയത്തിൽ എന്തു ഫലമുണ്ടാക്കി?
1 യേശുക്രിസ്തുവിന്റെ വാക്കുകൾ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തി. ശിഷ്യന്മാർക്ക് അവൻ തിരുവെഴുത്തുകൾ വ്യക്തമായി വിശദീകരിച്ചു കൊടുത്തപ്പോൾ, ഒരവസരത്തിൽ അവരുടെ ഹൃദയം “ജ്വലിച്ചുകൊണ്ടിരു”ന്നു. (ലൂക്കോ. 24:32) ദൈവത്തോടുള്ള അനുസരണം ഹൃദയത്തിൽ നിന്നു് വരേണ്ടതാണ്. അതുകൊണ്ട് നമ്മുടെ വിദ്യാർഥികൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്ന അളവോളം അവരുടെ വികാരങ്ങളെ നമുക്ക് എങ്ങനെ ഉണർത്താം?—റോമ. 6:17.
2. ഒരു വ്യക്തിയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നയവും വിവേചനയും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
2 നയവും വിവേചനയും ഉപയോഗിക്കുക: ശരിയും തെറ്റും എന്താണെന്നു വെറുതെ പറഞ്ഞാൽ മാത്രം പലരും പ്രവർത്തിക്കാൻ മെനക്കെടില്ല. അവരുടെ മതവിശ്വാസങ്ങളെ കുറെ അധികം തിരുവെഴുത്തുകൾ ഉപയോഗിച്ച് മുറിപ്പെടുത്തിയാലും അവർ പഠനത്തിൽനിന്ന് അകന്നുപോയേക്കാം. ഒരു വ്യക്തിയെ പ്രചോദിപ്പിക്കണമെങ്കിൽ നാം ആദ്യം അദ്ദേഹത്തിന്റെ വിശ്വാസങ്ങളുടെയും അതിന്റെ ഫലമായ പ്രവർത്തികളുടെയും കാരണം വിവേചിച്ച് അറിയണം. നയത്തോടെ നന്നായി തിരഞ്ഞെടുത്ത വീക്ഷണചോദ്യങ്ങൾ ചോദിക്കുന്നത് വിദ്യാർഥിയുടെ ഉള്ളിന്റെ ഉള്ളിലെ വികാരവിചാരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിക്കും. (സദൃ. 20:5) അങ്ങനെ ഉചിതമായ തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തെ ഉണർത്താനാകും. അതുകൊണ്ട് നമ്മൾ വ്യക്തിപരമായ താത്പര്യവും ക്ഷമയും കാണിക്കണം. (സദൃ. 25:15) ആളുകൾ വ്യത്യസ്ത അളവിലാണ് ആത്മീയ പുരോഗതി വരുത്തുന്നതെന്ന് ഓർക്കുക. അവരുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കാൻ യഹോവയുടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കാൻ സമയം കൊടുക്കുക.—മർക്കോ. 4:26-29
3. നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ വിദ്യാർഥികളെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
3 നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കുക: യഹോവയുടെ നന്മയും സ്നേഹവും ചിത്രീകരിക്കുന്ന ബൈബിൾ ഭാഗങ്ങൾ നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ വിദ്യാർഥികളെ സഹായിക്കും. നമ്മിൽ ഓരോരുത്തരിലും ദൈവത്തിനു വ്യക്തിപരമായ താത്പര്യം ഉണ്ടെന്നു കാണിക്കുന്ന സങ്കീർത്തനം 139:1-4 അല്ലെങ്കിൽ ലൂക്കോസ് 12:6, 7 എന്നീ തിരുവെഴുത്തുകൾ ഉപയോഗിക്കുക. വ്യക്തികൾ യഹോവയുടെ അനർഹ ദയയോട് വിലമതിപ്പു വളർത്തിയെടുക്കുമ്പോൾ ദൈവത്തോടുള്ള സ്നേഹവും ഭക്തിയും വളരും. (റോമ. 5:6-8; 1 യോഹ. 4:19) സ്വന്തം ചെയ്തികൾ യഹോവയെ വ്യക്തിപരമായി ബാധിക്കും എന്നു പഠിക്കുമ്പോൾ അവനെ പ്രസാദിപ്പിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കാൻ അവർ പ്രചോദിതരാകും.—സങ്കീ. 78:40, 41; സദൃ. 23:15.
4. ശുശ്രൂഷയിൽ വ്യക്തികളെ പഠിപ്പിക്കുമ്പോൾ തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ നമുക്ക് എങ്ങനെ ബഹുമാനിക്കാം?
4 തന്റെ കല്പനകൾ അനുസരിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. പകരം, തന്റെ ഉപദേശങ്ങൾ അനുസരിക്കുന്നതിലെ ജ്ഞാനം കാണിച്ചുകൊണ്ട് അവൻ വ്യക്തികളെ ആകർഷിക്കുന്നു. (യെശ. 48:17, 18) സ്വയം ഉചിതമായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ ആളുകളെ സഹായിക്കുന്ന രീതിയിൽ പഠിപ്പിച്ചുകൊണ്ട് നമ്മൾ യഹോവയെ അനുകരിക്കുന്നു. വ്യക്തികൾക്ക് ജീവിതത്തിൽ മാറ്റം വരുത്തേണ്ടതു സംബന്ധിച്ച് ബോധ്യപ്പെടുമ്പോൾ അതിന്റെ ഫലം നിലനിൽക്കുന്നതായിരിക്കും. (റോമ. 12:2) “ഹൃദയങ്ങളെ ശോധന ചെയ്യുന്നവ”നായ യഹോവയിലേക്ക് അടുക്കാനും ഇത് ഇടയാക്കും.—സദൃ. 17:3.