ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ സവിശേഷതകൾ ഫലപ്രദമായി ഉപയോഗിക്കുക
ഒരു വിദ്യാർഥി ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നത് ഗ്രഹിക്കുകയും അതു ബാധകമാക്കുകയും ചെയ്യുമ്പോൾ അദ്ദേഹം ആത്മീയമായി വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യും. (സങ്കീ. 1:1-3) ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ ചില സവിശേഷതകൾ വിദ്യാർഥിയെ പുരോഗമിക്കാൻ സഹായിക്കും. അതുകൊണ്ട് അത് നമുക്ക് നന്നായി ഉപയോഗിക്കാം.
ആമുഖ ചോദ്യങ്ങൾ: ഓരോ അധ്യായവും തുടങ്ങുന്നത് ആ പാഠത്തിൽ ഉത്തരം ലഭിക്കുന്ന ചോദ്യങ്ങളോടെയാണ്. വരാനുള്ള ചർച്ചയിൽ താത്പര്യം വർധിപ്പിക്കാനായി ഉത്തരം പ്രതീക്ഷിക്കാതെ ഈ ചോദ്യങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ഓരോ ചോദ്യത്തിനും ഹ്രസ്വമായ അഭിപ്രായം പറയാൻ അദ്ദേഹത്തെ ക്ഷണിക്കാം. ഒരു തെറ്റായ ആശയമാണ് അദ്ദേഹം പറയുന്നതെങ്കിലും അപ്പോൾത്തന്നെ തിരുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽനിന്നും ഏതു വിവരങ്ങൾക്കാണ് പ്രത്യേക ശ്രദ്ധയും ഊന്നലും കൊടുക്കേണ്ടതെന്ന് നിങ്ങൾക്കു തിരിച്ചറിയാം.—സദൃ. 16:23; 18:13
അനുബന്ധം: പഠിച്ചുകൊണ്ടിരിക്കുന്ന പാഠത്തിലെ വിവരങ്ങൾ വിദ്യാർഥി മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ അതിന്റെ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ സ്വയം പുനരവലോകനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചാൽ മതിയാകും. അടുത്ത പഠനവേളയിൽ അദ്ദേഹം അതു മനസ്സിലാക്കിയെന്ന് ഏതാനും മിനിട്ട് സമയമെടുത്ത് ഉറപ്പാക്കുക. എന്നിരുന്നാലും, അദ്ദേഹത്തിനു പ്രയോജനം ചെയ്യുമെങ്കിൽ പഠനവേളയിൽത്തന്നെ അനുബന്ധത്തിലെ വിവരങ്ങൾ മുഴുവനായോ ഭാഗികമായോ ചർച്ച ചെയ്യണം. അനുബന്ധത്തിലെ വിവരങ്ങൾ വായിച്ചുകൊണ്ടും നിങ്ങൾ മുന്നമേ തയ്യാറാക്കിക്കൊണ്ടുവന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും ഇതു ചെയ്യാവുന്നതാണ്.
പുനരവലോകന ചതുരം: ഓരോ അധ്യായത്തിന്റെയും അവസാനമുള്ള പുനരവലോകന ചതുരത്തിൽ പ്രസ്തുത അധ്യായത്തിന്റെ തുടക്കത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഉള്ളത്. വിദ്യാർഥി പ്രധാനവിവരങ്ങൾ മനസ്സിലാക്കുന്നുവെന്നും അദ്ദേഹത്തിന് അത് വിശദീകരിക്കാൻ ആകുമെന്നും ഈ സവിശേഷത ഉപയോഗിച്ച് നിങ്ങൾക്ക് ഉറപ്പാക്കാം. ഓരോ പ്രസ്താവനയും കൂടെയുള്ള തിരുവെഴുത്തുകളും വിദ്യാർഥി ഉറക്കെ വായിക്കട്ടെ. പിന്നെ, ഈ പ്രസ്താവന ശരിയായിരിക്കുന്നത് എന്തുകൊണ്ടെന്ന് തിരുവെഴുത്തുകൾ ഉപയോഗിച്ച് വിശദീകരിക്കാൻ വിദ്യാർഥിയെ ക്ഷണിക്കുക.—പ്രവൃ. 17:2, 3.