വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w21 ഏപ്രിൽ പേ. 20-25
  • യഹോവ നിങ്ങളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നിങ്ങളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവയുടെ സ്‌നേഹത്തെ സംശയിക്കരുത്‌
  • പൗലോസിന്റെ ജീവിതത്തിൽനിന്നും എന്തു പഠിക്കാം?
  • ബൈബിൾപഠനം, പ്രാർഥന, നല്ല കൂട്ടുകാർ
  • യഹോവയുടെ സ്‌നേഹം ആസ്വദിക്കുക
  • സ്‌നേഹം കാണി​ക്കു​ന്ന​തിൽ വളർന്നു​കൊ​ണ്ടി​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • നിങ്ങളുടെ സ്‌നേഹം തണുത്തുപോകാൻ അനുവദിക്കരുത്‌!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും?
    2001 വീക്ഷാഗോപുരം
  • നമ്മുടെ പിതാ​വായ യഹോ​വയെ നമ്മൾ ആഴമായി സ്‌നേ​ഹി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
w21 ഏപ്രിൽ പേ. 20-25

പഠനലേഖനം 17

യഹോവ നിങ്ങളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു

‘യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നു.’—2 ദിന. 2:11.

ഗീതം 108 ദൈവത്തിന്റെ അചഞ്ചലസ്‌നേഹം

പൂർവാവലോകനംa

പല പശ്ചാത്തലത്തിൽപ്പെട്ട ആളുകൾ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ നിൽക്കുന്നു.

നമ്മുടെ സ്വർഗീയപിതാവ്‌ നമ്മളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു (1-ാം ഖണ്ഡിക കാണുക)

1. യഹോവയ്‌ക്കു നമ്മളെക്കുറിച്ച്‌ എന്ത്‌ അറിയാം?

‘യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നു.’ (2 ദിന. 2:11) അത്‌ അറിയുന്നതുതന്നെ നമ്മളെ സന്തോഷിപ്പിക്കുന്നില്ലേ? നമുക്ക്‌ ഇപ്പോൾത്തന്നെയുള്ള നല്ല ഗുണങ്ങളും ഇനി എത്രത്തോളം മെച്ചപ്പെടാനാകുമെന്നുള്ളതും യഹോവയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ യഹോവ നമ്മളെ തന്നിലേക്ക്‌ ആകർഷിക്കുന്നു. നമ്മൾ എന്നും യഹോവയോടു വിശ്വസ്‌തരായിരുന്നാൽ യഹോവ എന്നെന്നും നമ്മുടെ സുഹൃത്തായിരിക്കും.—യോഹ. 6:44.

2. യഹോവ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ ചിലർക്കു ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 ചിലർ ഇങ്ങനെ പറഞ്ഞേക്കാം: ‘ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ യഹോവ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ എന്താണ്‌ ഉറപ്പ്‌?’ എന്തുകൊണ്ടായിരിക്കാം അവർ അങ്ങനെ ചിന്തിക്കുന്നത്‌? ചെറുപ്പത്തിൽ ശാരീരികമായും മാനസികമായും ഒരുപാട്‌ വേദനകൾ സഹിക്കേണ്ടിവന്ന ഒക്‌സാനb പറയുന്നു: “സ്‌നാനമേറ്റ്‌ മുൻനിരസേവനമൊക്കെ തുടങ്ങിയ സമയത്ത്‌ ഞാൻ നല്ല സന്തോഷത്തിലായിരുന്നു. എന്നാൽ 15 വർഷം കഴിഞ്ഞപ്പോൾ എന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളെല്ലാം എന്റെ ഓർമയിലേക്കു വരാൻതുടങ്ങി. ഞാൻ അത്ര നല്ലവളല്ലെന്നും യഹോവയ്‌ക്ക്‌ എന്നെ സ്‌നേഹിക്കാൻ പറ്റില്ലെന്നും ഒക്കെ ഞാൻ ചിന്തിച്ചു.” ചെറുപ്പകാലത്ത്‌ ഏതാണ്ട്‌ ഇതേ അനുഭവങ്ങളിലൂടെ കടന്നുപോയ യുവ എന്ന മുൻനിരസേവിക പറയുന്നു: “യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചതുകൊണ്ട്‌ ഞാൻ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. പക്ഷേ യഹോവയ്‌ക്ക്‌ ഒരിക്കലും എന്നെ സ്‌നേഹിക്കാൻ കഴിയില്ലെന്ന്‌ എന്റെ മനസ്സു പറഞ്ഞു.”

3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 ഈ പറഞ്ഞ സഹോദരിമാരിപ്പോലെതന്നെ നിങ്ങൾ യഹോവയെ ഒരുപാടു സ്‌നേഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ യഹോവ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്നൊരു സംശയം നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ യഹോവ നമ്മളെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? യഹോവ നമ്മളെ സ്‌നേഹിക്കുന്നില്ലെന്ന തോന്നലുണ്ടായാൽ നമുക്ക്‌ അത്‌ എങ്ങനെ മറികടക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കാണാം.

യഹോവയുടെ സ്‌നേഹത്തെ സംശയിക്കരുത്‌

4. യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതു നമുക്ക്‌ എങ്ങനെ ദോഷം ചെയ്യും?

4 സ്‌നേഹത്തിനു വലിയ ശക്തിയുണ്ട്‌. യഹോവ നമ്മളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന്‌ ഉറപ്പുണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും നമ്മൾ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കും. എന്നാൽ യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്നു നമുക്കു സംശയമുണ്ടെങ്കിൽ നമ്മുടെ “ശക്തികൊണ്ട്‌ ഒരു പ്രയോജനവുമില്ല.” (സുഭാ. 24:10) നിരുത്സാഹമൊക്കെ തോന്നിയിട്ട്‌ യഹോവ നമ്മളെ സ്‌നേഹിക്കുന്നില്ലെന്നു ചിന്തിച്ചുതുടങ്ങിയാൽ നമുക്കു സാത്താനോട്‌ എതിർത്തുനിൽക്കാൻ പറ്റാതെ വരും.—എഫെ. 6:16.

5. ദൈവം തങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്നു സംശയിച്ചതു പല സഹോദരങ്ങളെയും എങ്ങനെയാണു ബാധിച്ചത്‌?

5 നമ്മുടെ നാളിലെ വിശ്വസ്‌തരായ ചില ക്രിസ്‌ത്യാനികളും യഹോവ തങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്ന സംശയം കാരണം ആത്മീയമായി തണുത്തുപോയിട്ടുണ്ട്‌. ഒരു മൂപ്പനായ ജയിംസ്‌ സഹോദരൻ പറയുന്നു: “ഞാൻ ബഥേലിലായിരുന്നു, അന്യഭാഷാസഭയോടൊത്തുള്ള പ്രസംഗപ്രവർത്തനവും നന്നായി ആസ്വദിച്ചിരുന്നു. എന്നാൽ ഞാൻ ഈ ചെയ്യുന്ന സേവനങ്ങളൊക്കെ യഹോവ ഇഷ്ടപ്പെടുന്നുണ്ടോ എന്നു ഞാൻ സംശയിച്ചു. ‘യഹോവ എന്റെ പ്രാർഥനപോലും കേൾക്കുന്നുണ്ടോ’ എന്ന്‌ ഒരു സമയത്ത്‌ ഞാൻ ചിന്തിച്ചു.” മുഴുസമയസേവനം ചെയ്യുന്ന ഇവ എന്ന സഹോദരി പറയുന്നു: “യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടോ എന്നു സംശയിക്കുന്നത്‌ എത്ര അപകടം ചെയ്യുമെന്ന്‌ എനിക്കു മനസ്സിലായി. അതോടെ ദൈവസേവനത്തിലുള്ള നമ്മുടെ ഉത്സാഹമെല്ലാം കുറയും. ദൈവസേവനത്തിലുള്ള സന്തോഷം നഷ്ടപ്പെട്ടിട്ട്‌ ആത്മീയകാര്യങ്ങൾ ചെയ്യാൻ ഒരു താത്‌പര്യവും കാണില്ല.” ഒരു സാധാരണ മുൻനിരസേവകനും മൂപ്പനും ആയ മൈക്കിൾ പറയുന്നത്‌, “ദൈവം നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്നു തോന്നിത്തുടങ്ങിയാൽ നിങ്ങൾ ദൈവത്തിൽനിന്ന്‌ അകന്നുപോകും” എന്നാണ്‌.

6. ദൈവത്തിനു നമ്മളോടു സ്‌നേഹമുണ്ടോ എന്നു സംശയം തോന്നുന്നെങ്കിൽ നമ്മൾ എന്തു ചെയ്യണം?

6 യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടോ എന്നു സംശയിക്കുന്നത്‌ ആത്മീയമായി നമുക്കു ദോഷം ചെയ്യുമെന്നാണ്‌ ഈ അനുഭവങ്ങളെല്ലാം കാണിക്കുന്നത്‌. അങ്ങനെയൊരു ചിന്ത വന്നാൽ നമ്മൾ എന്തു ചെയ്യണം? അപ്പോൾത്തന്നെ അതു മനസ്സിൽനിന്ന്‌ മാറ്റണം, എന്നിട്ട്‌ ആ സ്ഥാനത്ത്‌ ‘ഹൃദയത്തെയും മനസ്സിനെയും കാക്കുന്ന ദൈവസമാധാനം’ നിറയ്‌ക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കാം. (ഫിലി. 4:6, 7) ഇത്തരം ചിന്തകൾ നമുക്കു മാത്രമല്ല ഉള്ളത്‌. വിശ്വസ്‌തരായ ചില സഹോദരീസഹോദരന്മാരും ഇത്തരം ചിന്തകളോടു പോരാടുന്നുണ്ട്‌. മുൻകാലങ്ങളിൽ ജീവിച്ചിരുന്ന യഹോവയുടെ ദാസർക്കുപോലും അതുണ്ടായിട്ടുണ്ട്‌. നമുക്ക്‌ ഇപ്പോൾ അപ്പോസ്‌തലനായ പൗലോസിന്റെ ജീവിതത്തിൽനിന്ന്‌ എന്തു പഠിക്കാമെന്നു നോക്കാം.

പൗലോസിന്റെ ജീവിതത്തിൽനിന്നും എന്തു പഠിക്കാം?

7. പൗലോസിന്‌ എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ ഉണ്ടായിരുന്നത്‌?

7 ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്‌, പക്ഷേ അതൊന്നും ചെയ്‌തുതീർക്കാൻ പറ്റുന്നില്ല എന്നൊക്കെ ചിലപ്പോൾ നിങ്ങൾക്കു തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ പൗലോസിനെക്കുറിച്ച്‌ ചിന്തിക്കുക. പൗലോസിന്‌ ഒരു സഭയെക്കുറിച്ചല്ല, “എല്ലാ സഭകളെയുംകുറിച്ചുള്ള” ചിന്താഭാരമുണ്ടായിരുന്നു. (2 കൊരി. 11:23-28) ഇനി, വിട്ടുമാറാത്ത ഏതെങ്കിലും രോഗം നിങ്ങളുടെ സന്തോഷം കെടുത്തിക്കളയുന്നുണ്ടോ? പൗലോസിനുമുണ്ടായിരുന്നു അങ്ങനെയൊരു പ്രശ്‌നം. തന്റെ ‘ജഡത്തിൽ ഒരു മുള്ളുവെച്ചിരിക്കുന്നതായി’ പൗലോസ്‌ പറഞ്ഞു. (2 കൊരി. 12:7-10) പൗലോസിനുണ്ടായിരുന്ന ഒരു ആരോഗ്യപ്രശ്‌നമായിരിക്കാം അത്‌. എങ്ങനെയെങ്കിലും അതൊന്നു മാറിക്കിട്ടിയിരുന്നെങ്കിൽ എന്നു പൗലോസ്‌ ആഗ്രഹിച്ചു. ഇനി, നിങ്ങളുടെ കുറവുകൾ കാരണം ചിലപ്പോൾ നിങ്ങൾക്കു നിരുത്സാഹം തോന്നാറുണ്ടോ? പൗലോസിന്‌ അങ്ങനെ തോന്നി. ശരിയായ കാര്യങ്ങൾ ചെയ്യാൻവേണ്ടി പൗലോസിന്‌ എപ്പോഴും ഒരു പോരാട്ടംതന്നെ നടത്തേണ്ടിവന്നു. അതുകൊണ്ട്‌ പൗലോസ്‌ പറഞ്ഞത്‌ “എന്തൊരു പരിതാപകരമായ അവസ്ഥയാണ്‌ എന്റേത്‌” എന്നാണ്‌.—റോമ. 7:21-24.

8. നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോയെങ്കിലും പൗലോസിനു പിടിച്ചുനിൽക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

8 ഇതുപോലുള്ള പല പ്രശ്‌നങ്ങൾ ഉണ്ടായിട്ടും പൗലോസ്‌ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞില്ല. പൗലോസിന്‌ എങ്ങനെയാണ്‌ അതിനു കഴിഞ്ഞത്‌? തന്റെ കുറവുകളെക്കുറിച്ചൊക്കെ നന്നായി അറിയാമായിരുന്നെങ്കിലും മോചനവിലയിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്‌ പൗലോസ്‌ തളർന്നുപോയില്ല. ‘യേശുവിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും’ എന്ന വാഗ്‌ദാനത്തിൽ പൗലോസിന്‌ ഉറപ്പുണ്ടായിരുന്നു. (യോഹ. 3:15; റോമ. 6:23) ഗുരുതരമായ തെറ്റു ചെയ്‌ത ഒരു വ്യക്തിപോലും പശ്ചാത്തപിച്ചാൽ യഹോവ ക്ഷമിക്കുമെന്നു പൗലോസിനു ബോധ്യമുണ്ടായിരുന്നു.—സങ്കീ. 86:5.

9. ഗലാത്യർ 2:20-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9 തനിക്കുവേണ്ടി മരിക്കാൻ ദൈവം യേശുവിനെ ഭൂമിയിലേക്ക്‌ അയച്ചതുകൊണ്ട്‌ ദൈവം തന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്നു പൗലോസിന്‌ അറിയാമായിരുന്നു. ഗലാത്യർ 2:20-ന്റെ (വായിക്കുക.) അവസാനഭാഗത്ത്‌ പൗലോസ്‌ പറയുന്നതു കണ്ടോ? ‘എന്നെ സ്‌നേഹിച്ച്‌ എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രൻ’ എന്നാണു യേശുവിനെക്കുറിച്ച്‌ പറഞ്ഞത്‌. തനിക്കു കുറവുകളുള്ളതുകൊണ്ട്‌ ദൈവം തന്നെ സ്‌നേഹിക്കില്ല എന്നു പൗലോസിനു തോന്നിയില്ല. ‘യഹോവയ്‌ക്കു സഹോദരന്മാരെയെല്ലാം സ്‌നേഹിക്കാൻ കഴിയും, പക്ഷേ എന്നെ സ്‌നേഹിക്കാൻ കഴിയില്ല’ എന്നു ചിന്തിച്ചില്ല. “നമ്മൾ പാപികളായിരിക്കുമ്പോൾതന്നെയാണു ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചത്‌” എന്നു പൗലോസ്‌ റോമർക്കുള്ള ലേഖനത്തിൽ പറഞ്ഞു. (റോമ. 5:8) അതെ, ദൈവത്തിന്റെ സ്‌നേഹത്തിന്‌ അതിരുകളില്ല.

10. റോമർ 8: 38, 39-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 റോമർ 8:38, 39 വായിക്കുക. ദൈവത്തിന്റെ സ്‌നേഹം എത്ര ശക്തമാണെന്നു പൗലോസ്‌ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്‌ ഒന്നിനും “ദൈവസ്‌നേഹത്തിൽനിന്ന്‌ നമ്മളെ വേർപെടുത്താൻ കഴിയില്ല” എന്നു പൗലോസ്‌ എഴുതിയത്‌. യഹോവ ഇസ്രായേൽ ജനത്തോട്‌ എത്രമാത്രം ക്ഷമയോടെയാണ്‌ ഇടപെട്ടതെന്നു പൗലോസിന്‌ അറിയാമായിരുന്നു. അതുപോലെ യഹോവ തന്നോടും കരുണ കാണിച്ചെന്നു പൗലോസ്‌ മനസ്സിലാക്കി. ചുരുക്കത്തിൽ പൗലോസ്‌ പറഞ്ഞത്‌ ഇതാണ്‌: ‘എനിക്കുവേണ്ടി മരിക്കാൻ യഹോവ സ്വന്തം മകനെ അയച്ചെങ്കിൽ യഹോവയ്‌ക്ക്‌ എന്നോടു സ്‌നേഹമില്ലെന്നു പറയാനാകുമോ?’—റോമ. 8:32.

ചിത്രങ്ങൾ: 1. ഒരു പരീശനായിരുന്നപ്പോൾ പൗലോസ്‌ ക്രിസ്‌ത്യാനികളെ അറസ്റ്റ്‌ ചെയ്യാൻ കല്‌പിക്കുന്നു. 2. ഒരു ക്രിസ്‌ത്യാനിയായശേഷം പൗലോസ്‌ ഒരു ചെറുപ്പക്കാരനെ പ്രോത്സാഹിപ്പിക്കുന്നു.

നമ്മുടെ കഴിഞ്ഞകാല തെറ്റുകളല്ല, നമ്മൾ ഇപ്പോൾ എന്തു ചെയ്യുന്നു, ഭാവിയിൽ എന്തു ചെയ്യും എന്നതാണു ദൈവമുമ്പാകെ ഏറ്റവും പ്രധാനം (11-ാം ഖണ്ഡിക കാണുക)c

11. 1 തിമൊഥെയൊസ്‌ 1:12-15 വരെ പറഞ്ഞിരിക്കുന്ന തെറ്റുകളൊക്കെ ചെയ്‌തെങ്കിലും ദൈവം തന്നെ സ്‌നേഹിക്കുന്നുണ്ടെന്നു പൗലോസിന്‌ ഉറപ്പുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

11 1 തിമൊഥെയൊസ്‌ 1:12-15 വായിക്കുക. ഒരു ക്രിസ്‌ത്യാനിയാകുന്നതിനു മുമ്പ്‌ താൻ ചെയ്‌ത പല കാര്യങ്ങളും ഓർത്ത്‌ പൗലോസിന്റെ മനസ്സു പലപ്പോഴും വേദനിച്ചിട്ടുണ്ടാകും. “പാപികളിൽ ഒന്നാമൻ” എന്നു പൗലോസ്‌ തന്നെ വിളിച്ചതിൽ ഒട്ടും അതിശയിക്കാനില്ല. സത്യം അറിയുന്നതിനു മുമ്പ്‌ പൗലോസ്‌ ഓരോ നഗരത്തിലും ചെന്ന്‌ അവിടെയുള്ള ക്രിസ്‌ത്യാനികളെ ഉപദ്രവിച്ചു, അവരിൽ ചിലരെ ജയിലിലാക്കാനും കൊല്ലാനും വരെ കൂട്ടുനിന്നു. (പ്രവൃ. 26:10, 11) താൻ കാരണം അപ്പനെയും അമ്മയെയും നഷ്ടപ്പെട്ട ചെറുപ്പക്കാരനായ ഒരു ക്രിസ്‌ത്യാനിയെ കണ്ടിട്ടുണ്ടെങ്കിൽ പൗലോസിന്‌ എന്തു തോന്നിക്കാണും? ചെയ്‌ത തെറ്റുകൾ ഓർത്ത്‌ പൗലോസിനു പശ്ചാത്താപമുണ്ടായിരുന്നു എന്നതിനു സംശയമില്ല. പക്ഷേ അതൊന്നും പുറകോട്ടുപോയി തിരുത്താനാകില്ലല്ലോ? ക്രിസ്‌തു തനിക്കുവേണ്ടി മരിച്ചെന്നു പൗലോസ്‌ വിശ്വസിച്ചു. അതുകൊണ്ട്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്‌.” (1 കൊരി. 15:3, 10) എന്താണു നമുക്കുള്ള പാഠം? ക്രിസ്‌തു നമുക്ക്‌ ഓരോരുത്തർക്കുംവേണ്ടിയാണു മരിച്ചതെന്നും അങ്ങനെ ദൈവവുമായി നല്ല ഒരു സ്‌നേഹബന്ധത്തിലേക്കു വരാൻ കഴിയുമെന്നും വിശ്വസിക്കുക. (പ്രവൃ. 3:19) നമ്മൾ സാക്ഷിയാകുന്നതിനു മുമ്പോ സാക്ഷിയായതിനു ശേഷമോ ചെയ്‌ത കഴിഞ്ഞകാല തെറ്റുകളല്ല യഹോവ നോക്കുന്നത്‌, നമ്മൾ ഇപ്പോൾ എന്തു ചെയ്യുന്നു, ഭാവിയിൽ എന്തു ചെയ്യും എന്നതാണു ദൈവമുമ്പാകെ ഏറ്റവും പ്രധാനം.—യശ. 1:18.

12. നമ്മൾ വിലയില്ലാത്തവരാണെന്നോ ദൈവത്തിന്റെ സ്‌നേഹത്തിനു നമുക്ക്‌ അർഹതയില്ലെന്നോ തോന്നുന്നെങ്കിൽ 1 യോഹന്നാൻ 3:19, 20 നമ്മളെ എങ്ങനെ സഹായിക്കും?

12 യേശു നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിച്ചതിനെക്കുറിച്ച്‌ ഓർക്കുമ്പോൾ ‘എനിക്ക്‌ അതിന്‌ എന്തു യോഗ്യതയാണുള്ളത്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്തുകൊണ്ടായിരിക്കാം നമ്മൾ അങ്ങനെ ചിന്തിക്കുന്നത്‌? ‘നമ്മൾ ഒന്നിനും കൊള്ളാത്തവരാണ്‌, ദൈവത്തിന്റെ സ്‌നേഹത്തിനു നമ്മൾ അർഹരല്ല’ എന്നൊക്കെ ചിന്തിക്കാൻ നമ്മുടെ അപൂർണഹൃദയം പ്രേരിപ്പിച്ചേക്കാം. (1 യോഹന്നാൻ 3:19, 20 വായിക്കുക.) ഇത്തരം ചിന്തകൾ വരുമ്പോൾ, ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണെന്ന്‌’ നമ്മൾ ഓർക്കണം. യഹോവ നമ്മളെ സ്‌നേഹിക്കുന്നില്ല, നമ്മുടെ തെറ്റുകൾ ക്ഷമിക്കില്ല എന്നതുപോലുള്ള തെറ്റായ ചിന്തകൾ നമ്മുടെ മനസ്സിലേക്കു വന്നാൽ ഇങ്ങനെ ഓർക്കുക: നമ്മുടെ സ്വർഗീയപിതാവ്‌ ഇപ്പോഴും നമ്മളെ സ്‌നേഹിക്കുന്നു, നമ്മുടെ തെറ്റുകൾ ക്ഷമിക്കുകയും ചെയ്യും. ആ ബോധ്യം നമുക്ക്‌ എപ്പോഴും ഉണ്ടായിരിക്കണം. അതിനുവേണ്ടി ക്രമമായി ബൈബിൾ പഠിക്കുക, കൂടെക്കൂടെ പ്രാർഥിക്കുക, പതിവായി സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുക. ഇതൊക്കെ ചെയ്യുന്നതു നമ്മളെ എങ്ങനെ സഹായിക്കും?

ബൈബിൾപഠനം, പ്രാർഥന, നല്ല കൂട്ടുകാർ

13. ബൈബിൾ പഠിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും? (“ദൈവവചനം എങ്ങനെയാണ്‌ അവരെ സഹായിക്കുന്നത്‌?” എന്ന ചതുരവും കാണുക.)

13 ദിവസവും ബൈബിൾ പഠിക്കുക. അത്‌ യഹോവയുടെ ഗുണങ്ങളെക്കുറിച്ച്‌ കൂടുതൽക്കൂടുതൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. യഹോവ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന്‌ അപ്പോൾ നിങ്ങൾ അറിയും. ദിവസവും ബൈബിൾ വായിച്ച്‌ ധ്യാനിക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയത്തിലെയും മനസ്സിലെയും തെറ്റായ ചിന്തകൾ മാറ്റി ശരിയായി ചിന്തിക്കാൻ നിങ്ങൾക്കാകും. (2 തിമൊ. 3:16) തന്നെ ഒന്നിനും കൊള്ളില്ല എന്നു ചിന്തിച്ചിരുന്ന കെവിൻ എന്ന മൂപ്പൻ പറയുന്നു: “സങ്കീർത്തനം 103 വായിച്ച്‌ ധ്യാനിച്ചത്‌ എന്നെ ഒരുപാടു ബലപ്പെടുത്തി. എന്റെ ചിന്തകൾ തിരുത്താനും ശരിക്കും യഹോവ എന്നെക്കുറിച്ച്‌ എന്താണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കാനും അത്‌ എന്നെ സഹായിച്ചു.” നേരത്തേ പറഞ്ഞ ഇവ എന്ന സഹോദരിയുടെ വാക്കുകൾ ഇതാണ്‌: “ദിവസവും ഞാൻ ഉറങ്ങുന്നതിനു മുമ്പ്‌ അന്നു വായിച്ച ബൈബിൾഭാഗത്തുനിന്ന്‌ യഹോവയുടെ ചിന്തകൾ എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കും. അത്‌ എനിക്കു മനസ്സമാധാനം തരുന്നു, എന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നു.”

ദൈവവചനം എങ്ങനെയാണ്‌ അവരെ സഹായിക്കുന്നത്‌?

ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരു സഹോദരി ബൈബിൾ വായിക്കുന്നു.
  • “ബൈബിൾ പഠിക്കുന്നതുകൊണ്ട്‌ എന്നെക്കുറിച്ച്‌ അധികം ചിന്തിക്കാതെ യഹോവയെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കാൻ എനിക്കു കഴിയുന്നു.”—മൈക്കിൾ

  • “പതിവായി ബൈബിൾ വായിക്കുന്നത്‌ യഹോവ എന്നെ സ്‌നേഹിക്കുന്നില്ല എന്നു ചിന്തിക്കാതിരിക്കാൻ എന്നെ സഹായിക്കുന്നു. എപ്പോഴുമൊന്നും ബൈബിൾ വായിക്കാനും പഠിക്കാനും എനിക്കു തോന്നാറില്ല. എന്നാൽ ബൈബിൾ വായിക്കുമ്പോൾ ‘നിന്നെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന്‌ യഹോവ എന്നോടു പറയുന്നതുപോലെ എനിക്കു തോന്നും.”—കെവിൻ

  • “സങ്കീർത്തനങ്ങൾ വായിക്കാൻ എനിക്ക്‌ ഒത്തിരി ഇഷ്ടമാണ്‌. 27-ാം സങ്കീർത്തനമാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടം. അതിന്റെ 1-6, 10, 12-14 വാക്യങ്ങൾ ഞാൻ ഇടയ്‌ക്കിടയ്‌ക്ക്‌ വായിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്യാറുണ്ട്‌.”—ഒക്‌സാന

  • “രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ ബൈബിളിലെ ഒരു ഭാഗം വായിക്കാനും കുറച്ച്‌ സമയം ഇരുന്ന്‌ പ്രാർഥിക്കാനും ഞാൻ ശ്രമിക്കാറുണ്ട്‌. എപ്പോൾ ബൈബിൾ വായിച്ചാലും എന്നെ സഹായിക്കുന്ന എന്തെങ്കിലുമൊക്കെ അതിൽനിന്ന്‌ എനിക്കു കിട്ടും.”—ജയിംസ്‌

  • “ബൈബിൾ പഠിച്ച്‌ കഴിയുമ്പോൾ എനിക്ക്‌ യഹോവയോട്‌ കൂടുതൽ അടുപ്പം തോന്നുന്നു. അതോടെ മനസ്സ്‌ ശാന്തമാകും. യഹോവ എന്നെ ശക്തിപ്പെടുത്തുന്നത്‌ എനിക്കു കാണാനാകുന്നു. യഹോവ എന്നെ ഒരിക്കലും മറക്കില്ലെന്നും അത്‌ എന്നെ ബോധ്യപ്പെടുത്തുന്നു.”—സേജി

14. പ്രാർഥന എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്‌?

14 കൂടെക്കൂടെ പ്രാർഥിക്കുക. (1 തെസ്സ. 5:17) കൂടെക്കൂടെ ഉള്ളുതുറന്ന്‌ സംസാരിക്കുമ്പോഴാണ്‌ ഒരു വ്യക്തിയുമായി നമ്മൾ കൂടുതൽ അടുക്കുന്നത്‌. യഹോവയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും അത്‌ അങ്ങനെതന്നെയാണ്‌. നമ്മൾ നമ്മുടെ ചിന്തകളും വികാരങ്ങളും വിഷമങ്ങളും എല്ലാം പ്രാർഥനയിലൂടെ യഹോവയെ അറിയിക്കുമ്പോൾ യഹോവയെ നമ്മൾ നല്ല ഒരു കൂട്ടുകാരനാക്കിയിട്ടുണ്ടെന്നു തെളിയിക്കുകയാണ്‌. (സങ്കീ. 94:17-19; 1 യോഹ. 5:14, 15) അതുപോലെ യഹോവ നമ്മളെ സ്‌നേഹിക്കുന്നെന്നു നമുക്ക്‌ ഉറപ്പുണ്ടെന്നു കാണിക്കുകയുമാണ്‌. നേരത്തേ കണ്ട ഇവ പറയുന്നു: “ഓരോ ദിവസവും അന്ന്‌ എന്തു സംഭവിച്ചു എന്നു മാത്രമല്ല ഞാൻ യഹോവയോടു പറയുന്നത്‌. എന്റെ ചിന്തകളും എന്റെ വിഷമങ്ങളും എന്റെ ഉള്ളിലുള്ളതെല്ലാം ഞാൻ യഹോവയോടു പറയും. അങ്ങനെ പതിയെപ്പതിയെ എനിക്ക്‌ യഹോവയെ ഒരു കമ്പനിയുടെ മാനേജർ ആയിട്ടല്ല, മക്കളെ സ്‌നേഹിക്കുന്ന ഒരു അപ്പനെപ്പോലെ കാണാൻ കഴിഞ്ഞു.”—“നിങ്ങൾ ഇതു വായിച്ചിട്ടുണ്ടോ?” എന്ന ചതുരം കാണുക.

നിങ്ങൾ ഇതു വായിച്ചിട്ടുണ്ടോ?

യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം നിങ്ങൾ പഠിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി അതു നിങ്ങളുടെ വ്യക്തിപരമായ പഠനത്തിന്റെ ഭാഗമാക്കുക. ആ പുസ്‌തകം വായിച്ച കാലിഫോർണിയയിൽനിന്നുള്ള ഒരു സഹോദരി പറയുന്നു: “ഈ പുസ്‌തകം വായിക്കുകയും അതെക്കുറിച്ച്‌ ധ്യാനിക്കുകയും ചെയ്‌തത്‌ ജീവിതം മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു. നമ്മുടെ സ്വർഗീയപിതാവിനോട്‌ കൂടുതൽ അടുക്കാനും എനിക്കു കഴിഞ്ഞു. യഹോവ ഇപ്പോൾ എനിക്ക്‌ അടുത്ത കൂട്ടുകാരനെപ്പോലെയാണ്‌. . . . എനിക്ക്‌ യഹോവയോട്‌ പറഞ്ഞറിയിക്കാനാകാത്തത്ര സ്‌നേഹം തോന്നുന്നു. അതിന്റെ ഒരു പ്രധാനകാരണം ഈ പുസ്‌തകമാണ്‌.”

15. യഹോവ നമ്മളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു എന്നതിന്റെ ഒരു തെളിവ്‌ എന്താണ്‌?

15 സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുക. അവർ യഹോവ തന്നിരിക്കുന്ന ഒരു സമ്മാനമാണ്‌. (യാക്കോ. 1:17) ‘എല്ലാ കാലത്തും സ്‌നേഹിക്കുന്ന’ ആത്മീയസഹോദരങ്ങളെ നമുക്കു തന്നിരിക്കുന്നത്‌ യഹോവയുടെ സ്‌നേഹത്തിന്റെ തെളിവാണ്‌. (സുഭാ. 17:17) കൊലോസ്യർക്കുള്ള കത്തിൽ പൗലോസ്‌ തന്നെ സഹായിച്ച ചില ക്രിസ്‌ത്യാനികളെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌, അവർ തനിക്കു ‘വലിയ ആശ്വാസമായിരുന്നു’ എന്നാണ്‌. (കൊലോ. 4:10, 11) യേശുവിനുപോലും സുഹൃത്തുക്കളുടെ സഹായം ആവശ്യമായിരുന്നു. യേശു അതിനു വളരെ നന്ദിയുള്ളവനായിരുന്നു. ആ സുഹൃത്തുക്കളിൽ ദൈവദൂതന്മാരും മനുഷ്യരും ഒക്കെയുണ്ടായിരുന്നു.—ലൂക്കോ. 22:28, 43.

16. നല്ല കൂട്ടുകാർ എങ്ങനെയാണ്‌ യഹോവയോട്‌ അടുക്കാൻ നമ്മളെ സഹായിക്കുന്നത്‌?

16 സഭയിലെ സഹോദരങ്ങളിൽനിന്നുള്ള സഹായം നിങ്ങൾ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ? ആത്മീയമായി പക്വതയുള്ള കൂട്ടുകാരോടു നമ്മുടെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞെന്നു കരുതി നമ്മൾ വിശ്വാസത്തിൽ കുറവുള്ളവരാണെന്നു വരുന്നില്ല. പകരം അത്‌ ഒരു സംരക്ഷണമാണ്‌. നേരത്തേ കണ്ട ജയിംസ്‌ സഹോദരൻ പറയുന്നു: “ആത്മീയമായി പക്വതയുള്ള നല്ല സുഹൃത്തുക്കൾ എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. ചിലപ്പോൾ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ എന്റെ മനസ്സു വിഷമിച്ചിരിക്കുമ്പോൾ ഞാൻ പറയുന്നതൊക്കെ ഈ കൂട്ടുകാർ ക്ഷമയോടെ കേട്ടിരിക്കും. അവർക്ക്‌ എന്നെ ഒത്തിരി ഇഷ്ടമാണെന്നൊക്കെ അവർ എന്നോടു പറയും. അവർ അങ്ങനെയൊക്കെ ചെയ്യുമ്പോൾ യഹോവ എന്നെ സ്‌നേഹിക്കുന്നുണ്ടെന്നും എനിക്കുവേണ്ടി കരുതുന്നുണ്ടെന്നും എനിക്കു തിരിച്ചറിയാനാകുന്നു.” നമ്മുടെ ആത്മീയസഹോദരങ്ങളെ നമ്മുടെ കൂട്ടുകാരാക്കുന്നത്‌ എത്ര പ്രധാനമാണ്‌, അല്ലേ?

യഹോവയുടെ സ്‌നേഹം ആസ്വദിക്കുക

17-18. ആരു പറയുന്നതാണു നമ്മൾ കേൾക്കേണ്ടത്‌, എന്തുകൊണ്ട്‌?

17 ശരി ചെയ്യാനുള്ള നമ്മുടെ പോരാട്ടം നമ്മൾ നിറുത്തിക്കളയണമെന്നാണു സാത്താന്റെ ആഗ്രഹം. ‘യഹോവ നമ്മളെ സ്‌നേഹിക്കുന്നില്ല, രക്ഷയ്‌ക്കുള്ള യോഗ്യതയൊന്നും നമുക്കില്ല’ എന്നൊക്കെ നമ്മൾ ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്‌. നമ്മൾ കണ്ടതുപോലെ അതൊന്നും ശരിയല്ല.

18 യഹോവ നിങ്ങളെ സ്‌നേഹിക്കുന്നു. ഒരു അമൂല്യനിധിയായിട്ടാണു ദൈവം നിങ്ങളെ കാണുന്നത്‌. യഹോവയെ അനുസരിക്കുന്നെങ്കിൽ യേശുവിനെപ്പോലെ നിങ്ങൾക്കും എന്നെന്നും ‘പിതാവിന്റെ സ്‌നേഹത്തിൽ നിലനിൽക്കാനാകും.’ (യോഹ. 15:10) സാത്താനു നിങ്ങൾ ശ്രദ്ധ കൊടുക്കരുത്‌. അതുപോലെ യഹോവ നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്നു നിങ്ങളുടെ ഹൃദയം പറയുമ്പോൾ അതും നിങ്ങൾ ശ്രദ്ധിക്കരുത്‌. പകരം യഹോവ പറയുന്നതു കേൾക്കുക. നമ്മുടെ ഓരോരുത്തരുടെയും നന്മയാണ്‌ യഹോവ കാണുന്നത്‌. അതുകൊണ്ട്‌ ഇത്‌ എപ്പോഴും ഓർക്കുക: ‘യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നു.’ അതിൽ നിങ്ങളുമുണ്ട്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടോ എന്ന സംശയത്തെ നമ്മൾ മറികടക്കേണ്ടത്‌ എന്തുകൊണ്ട്‌?

  • അപ്പോസ്‌തലനായ പൗലോസിൽനിന്നും ആധുനികകാലത്തെ ദൈവദാസരിൽനിന്നും നമുക്ക്‌ എന്തെല്ലാം പഠിക്കാം?

  • ബൈബിൾപഠനവും പ്രാർഥനയും ക്രിസ്‌തീയസഹോദരങ്ങളും നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

ഗീതം 141 ജീവൻ എന്ന അത്ഭുതം

a യഹോവ തങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്നു ചില സഹോദരങ്ങൾക്കു സംശയം തോന്നാറുണ്ട്‌. യഹോവ നമ്മളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നുണ്ടെന്നു നമുക്ക്‌ എങ്ങനെ ഉറപ്പിച്ചുപറയാം? ഇക്കാര്യത്തിൽ നമുക്ക്‌ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിനെ എങ്ങനെ മറികടക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിൽ ചർച്ച ചെയ്യും.

b ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

c ചിത്രക്കുറിപ്പ്‌: സത്യം പഠിക്കുന്നതിനു മുമ്പ്‌ പൗലോസ്‌ ക്രിസ്‌ത്യാനികളെ ഉപദ്രവിക്കുന്നതിനും പലരെയും ജയിലിലാക്കുന്നതിനും മുൻകൈയെടുത്തു. യേശു തനിക്കുവേണ്ടി ചെയ്‌തതു മനസ്സിലാക്കിയപ്പോൾ പൗലോസ്‌ മാറ്റംവരുത്തി. അദ്ദേഹം സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. അവരിൽ ചിലർ അദ്ദേഹം മുമ്പ്‌ ഉപദ്രവിച്ചവരുടെ ബന്ധുക്കളായിരുന്നിരിക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക