പഠനലേഖനം 46
നവദമ്പതികളേ, ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുക
“യഹോവയാണ് എന്റെ ശക്തിയും പരിചയും; എന്റെ ഹൃദയം ദൈവത്തിൽ ആശ്രയിക്കുന്നു.”—സങ്കീ. 28:7.
ഗീതം 131 ‘ദൈവം കൂട്ടിച്ചേർത്തത്’
പൂർവാവലോകനംa
1-2. (എ) പുതുതായി കല്യാണം കഴിക്കുന്നവർ യഹോവയിൽ ആശ്രയിക്കേണ്ടത് എന്തുകൊണ്ട്? (സങ്കീർത്തനം 37:3, 4) (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
നിങ്ങൾ പുതുതായി കല്യാണം കഴിച്ചയാളാണോ? അതല്ലെങ്കിൽ താമസിയാതെ കല്യാണം കഴിക്കാൻ പോകുകയാണോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒരുപാടു സ്നേഹിക്കുന്ന വ്യക്തിയോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. എന്നാൽ വിവാഹജീവിതത്തിൽ നിങ്ങൾക്കു പല പ്രശ്നങ്ങളും ഉണ്ടായേക്കാം. മാത്രമല്ല, പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കേണ്ടിവന്നേക്കാം. നിങ്ങൾ ആ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു, എന്തു തീരുമാനമെടുക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള ജീവിതത്തിലെ സന്തോഷം. യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നിങ്ങൾക്കു ശരിയായ തീരുമാനങ്ങളെടുക്കാനാകും. നിങ്ങളുടെ വിവാഹബന്ധം കൂടുതൽ ശക്തമാകും. ജീവിതത്തിൽ കൂടുതൽ സന്തോഷവും കിട്ടും. എന്നാൽ നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നില്ലെങ്കിൽ വിവാഹബന്ധത്തിനു വിള്ളൽവീഴ്ത്തുന്ന തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം, അതോടെ നിങ്ങളുടെ സന്തോഷവും നഷ്ടപ്പെടും.—സങ്കീർത്തനം 37:3, 4 വായിക്കുക.
2 ഈ ലേഖനം പ്രധാനമായും പുതുതായി കല്യാണം കഴിച്ചവർക്കുവേണ്ടിയുള്ളതാണെങ്കിലും എല്ലാ ദമ്പതികൾക്കും ഇതിൽനിന്ന് പ്രയോജനം നേടാനാകും. ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തരായ ചില സ്ത്രീപുരുഷന്മാരുടെ ജീവിതത്തിൽനിന്ന് എന്തു പഠിക്കാമെന്നും നമ്മൾ കാണും. നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും വിവാഹജീവിതത്തിലും പ്രാവർത്തികമാക്കാൻ കഴിയുന്ന പാഠങ്ങളാണ് അവ. കൂടാതെ, ഇക്കാലത്തെ ചില ദമ്പതികളുടെ ജീവിതാനുഭവത്തിൽനിന്ന് പഠിക്കാനാകുന്ന ചില കാര്യങ്ങളും നമ്മൾ ചർച്ച ചെയ്യും.
പുതുതായി കല്യാണം കഴിച്ചവർ നേരിടുന്ന ചില പ്രശ്നങ്ങൾ
യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിൽനിന്ന് എങ്ങനെയുള്ള തീരുമാനങ്ങൾ നവദമ്പതികളെ തടഞ്ഞേക്കാം? (3-4 ഖണ്ഡികകൾ കാണുക)
3-4. പുതുതായി കല്യാണം കഴിക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്?
3 എല്ലാവരെയുംപോലെ ഒരു സാധാരണജീവിതം നയിക്കാൻ പുതുതായി കല്യാണം കഴിച്ചവരെ മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചേക്കാം. ഉദാഹരണത്തിന്, എത്രയും പെട്ടെന്നു കുട്ടികളൊക്കെ വേണമെന്നു മാതാപിതാക്കളോ ബന്ധുക്കളോ പറഞ്ഞേക്കാം. അതല്ലെങ്കിൽ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വീടൊക്കെ വാങ്ങി സന്തോഷത്തോടെ ജീവിക്കാനായിരിക്കാം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഉപദേശം.
4 അവരുടെ വാക്കുകൾ കേട്ട്, ദമ്പതികൾ ചിന്തിക്കാതെ ഓരോരോ തീരുമാനങ്ങളെടുത്താൽ ചിലപ്പോൾ വലിയ കടബാധ്യതകൾ വരുത്തിവെച്ചേക്കാം. എന്നിട്ട് ആ കടം വീട്ടാനായി ഭാര്യയും ഭർത്താവും പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ അവർക്കു കുടുംബാരാധനയ്ക്കും ശുശ്രൂഷയ്ക്കും സ്വന്തമായുള്ള ബൈബിൾപഠനത്തിനും ആവശ്യത്തിനു സമയം കിട്ടാതെവരും. കൂടുതൽ പണം വേണ്ടതുകൊണ്ടോ ജോലി പോകാതെ നോക്കേണ്ടതുകൊണ്ടോ മീറ്റിങ്ങുകൾ മുടക്കിപ്പോലും ഓവർടൈം ചെയ്യേണ്ടിവന്നേക്കാം. അതിലൂടെ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള നല്ലനല്ല അവസരങ്ങളാണ് അവർക്കു നഷ്ടമാകുന്നത്.
5. ക്ലോസ്-മരീസ ദമ്പതികളുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
5 കൂടുതൽ വസ്തുവകകൾ വാരിക്കൂട്ടുന്നതല്ല സന്തോഷത്തിലേക്കു നയിക്കുന്നതെന്നു പലരുടെയും അനുഭവങ്ങൾ കാണിക്കുന്നു. ക്ലോസ്-മരീസ ദമ്പതികളുടെ അനുഭവം നോക്കാം.b നല്ല സുഖസൗകര്യങ്ങളോടെ ജീവിക്കാൻവേണ്ടി കല്യാണം കഴിഞ്ഞ ഉടനെ അവർ രണ്ടു പേരും മുഴുസമയവും ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഉള്ളിന്റെയുള്ളിൽ അവർക്ക് അത്ര സന്തോഷവും സംതൃപ്തിയും ഒന്നും തോന്നിയിരുന്നില്ല. ക്ലോസ് സഹോദരൻ പറയുന്നു: “ഞങ്ങൾക്ക് ഇഷ്ടംപോലെ വസ്തുവകകൾ വാരിക്കൂട്ടാനായി. പക്ഷേ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ജീവിതം ടെൻഷൻ നിറഞ്ഞതായിരുന്നു. എപ്പോഴും ഓരോരോ പ്രശ്നങ്ങൾ.” കുറെ വസ്തുവകകൾ ഉണ്ടായിട്ടും ജീവിതത്തിൽ ശരിക്കുള്ള സന്തോഷം കിട്ടുന്നില്ലെന്നു നിങ്ങളും ഒരുപക്ഷേ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. നിങ്ങൾ അങ്ങനെയുള്ള ഒരാളാണെങ്കിൽ വിഷമിക്കേണ്ടാ. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ പഠിക്കുന്നത് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങളെ സഹായിക്കും. ആദ്യംതന്നെ യഹോശാഫാത്ത് രാജാവിന്റെ മാതൃകയിൽനിന്ന് ഭർത്താക്കന്മാർക്ക് എന്തു പഠിക്കാമെന്നു നമുക്കു നോക്കാം.
യഹോശാഫാത്ത് രാജാവിനെപ്പോലെ യഹോവയിൽ ആശ്രയിക്കുക
6. വലിയൊരു സൈന്യം തന്റെ ജനത്തിനു നേരെ വന്നപ്പോൾ യഹോശാഫാത്ത് രാജാവ് എങ്ങനെയാണ് സുഭാഷിതങ്ങൾ 3:5, 6-നു ചേർച്ചയിൽ പ്രവർത്തിച്ചത്?
6 ഭർത്താക്കന്മാരേ, എത്ര വലിയ ഉത്തരവാദിത്വമാണു നിങ്ങൾക്കുള്ളത് എന്നോർത്ത് ചിലപ്പോഴൊക്കെ ഉത്കണ്ഠ തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ യഹോശാഫാത്ത് രാജാവിൽനിന്ന് നിങ്ങൾക്കു ചില കാര്യങ്ങൾ പഠിക്കാം. രാജാവെന്നനിലയിൽ യഹോശാഫാത്തിനു മുഴുജനതയും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള വലിയ ഉത്തരവാദിത്വം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം അദ്ദേഹം എങ്ങനെയാണു നിറവേറ്റിയത്? ജനത്തെ സംരക്ഷിക്കാൻ തനിക്കു ചെയ്യാൻ പറ്റുന്നത് യഹോശാഫാത്ത് ചെയ്തു. അദ്ദേഹം യഹൂദയിലെ നഗരങ്ങൾക്കു കോട്ടകൾ പണിതു. 11,60,000-ത്തിലധികം വരുന്ന വലിയൊരു സൈന്യത്തെ സംഘടിപ്പിച്ചു. (2 ദിന. 17:12-19) പിന്നീട് യഹോശാഫാത്ത് രാജാവിനു വലിയൊരു പ്രശ്നം നേരിട്ടു. അമ്മോന്യരും മോവാബ്യരും സേയീർ മലനാട്ടുകാരും അടങ്ങുന്ന വലിയൊരു സൈന്യം യഹോശാഫാത്ത് രാജാവിനും ജനത്തിനും നേരെ യുദ്ധത്തിനു വന്നു. (2 ദിന. 20:1, 2) രാജാവ് അപ്പോൾ എന്താണു ചെയ്തത്? സഹായത്തിനും ശക്തിക്കും വേണ്ടി അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. സുഭാഷിതങ്ങൾ 3:5, 6-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്ന ഉപദേശത്തിനു ചേർച്ചയിൽ ആയിരുന്നു അത്. 2 ദിനവൃത്താന്തം 20:5-12 വരെയുള്ള വാക്യങ്ങളിൽ യഹോശാഫാത്ത് രാജാവിന്റെ താഴ്മയോടെയുള്ള പ്രാർഥന കാണാം. തന്റെ സ്നേഹവാനായ സ്വർഗീയപിതാവിൽ അദ്ദേഹം എത്രമാത്രം ആശ്രയിച്ചെന്നു കാണിക്കുന്നതാണ് അതിലെ വാക്കുകൾ. യഹോവ ആ പ്രാർഥന കേട്ടോ?
7. യഹോശാഫാത്ത് രാജാവിന്റെ പ്രാർഥനയ്ക്ക് യഹോവ എങ്ങനെയാണ് ഉത്തരം കൊടുത്തത്?
7 യഹസീയേൽ എന്നൊരു ലേവ്യനെ ഉപയോഗിച്ചുകൊണ്ട് യഹോവ യഹോശാഫാത്തിനോടു സംസാരിച്ചു. യഹോവ പറഞ്ഞു: “സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന് യഹോവ നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളുക.” (2 ദിന. 20:13-17) ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോൾ സാധാരണ ചെയ്യുന്ന ഒരു രീതിയായിരുന്നില്ല അത്. എന്നാൽ ആ നിർദേശങ്ങൾ വന്നത് ഏതെങ്കിലും മനുഷ്യരിൽ നിന്നായിരുന്നില്ല, മറിച്ച് യഹോവയിൽ നിന്നായിരുന്നു. ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് യഹോശാഫാത്ത് കിട്ടിയ നിർദേശങ്ങൾ അങ്ങനെതന്നെ അനുസരിച്ചു. അദ്ദേഹവും കൂട്ടരും ശത്രുക്കളെ നേരിടാൻ പോയപ്പോൾ വിദഗ്ധരായ സൈനികർക്കു പകരം ആയുധങ്ങളൊന്നുമില്ലാത്ത കുറെ പാട്ടുകാരെയാണു മുൻനിരയിൽ നിറുത്തിയത്. ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ട് യഹോവ യഹോശാഫാത്ത് രാജാവിനു കൊടുത്ത വാക്കു പാലിച്ചു.—2 ദിന. 20:18-23.
പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും ചെയ്യുന്നെങ്കിൽ പുതുതായി വിവാഹിതരായവർക്കു ദൈവസേവനത്തിന് ഒന്നാം സ്ഥാനം നൽകാനാകും (8, 10 ഖണ്ഡികകൾ കാണുക)
8. യഹോശാഫാത്തിന്റെ മാതൃകയിൽനിന്ന് ഭർത്താക്കന്മാർക്ക് എന്തു പഠിക്കാം?
8 ഭർത്താക്കന്മാരേ, യഹോശാഫാത്ത് രാജാവിന്റെ മാതൃകയിൽനിന്ന് നിങ്ങൾക്ക് എന്താണ് പഠിക്കാനാകുന്നത്? നിങ്ങളുടെ കുടുംബത്തെ പരിപാലിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. അതിനുവേണ്ടി നിങ്ങൾ നന്നായി അധ്വാനിക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അതു നിങ്ങൾക്കുതന്നെ കൈകാര്യം ചെയ്യാനാകുമെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ സ്വന്തം ശക്തിയിൽ ആശ്രയിക്കരുത്. മറിച്ച്, സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. നിങ്ങൾ തനിച്ചും ഭാര്യയോടൊപ്പവും ആത്മാർഥമായി അങ്ങനെ ചെയ്യുക. ബൈബിളും സംഘടന തരുന്ന പ്രസിദ്ധീകരണങ്ങളും പഠിച്ചുകൊണ്ട് യഹോവയ്ക്കു പറയാനുള്ളത് എന്താണെന്നു മനസ്സിലാക്കുക, അതനുസരിച്ച് പ്രവർത്തിക്കുക. ദൈവവചനത്തെ അടിസ്ഥാനമാക്കി നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അതു മണ്ടത്തരമാണെന്നുപോലും അവർ പറഞ്ഞേക്കാം. പണവും വസ്തുവകകളുമാണു ശരിക്കുള്ള സംരക്ഷണം തരുന്നതെന്നായിരിക്കാം അവരുടെ വാദം. എന്നാൽ യഹോശാഫാത്തിന്റെ മാതൃക ഓർക്കുക. അദ്ദേഹം ആശ്രയിച്ചത് യഹോവയിലാണ്. അതു തന്റെ പ്രവൃത്തികളിലൂടെ തെളിയിക്കുകയും ചെയ്തു. യഹോവ വിശ്വസ്തനായ ആ മനുഷ്യനെ കൈവിട്ടില്ല. യഹോവ നിങ്ങളെയും ഉപേക്ഷിക്കില്ല. (സങ്കീ. 37:28; എബ്രാ. 13:5) സന്തോഷത്തോടെ ജീവിക്കാൻ ഭാര്യാഭർത്താക്കന്മാർക്കു മറ്റ് എന്തുകൂടെ ചെയ്യാം?
യശയ്യ പ്രവാചകനെയും ഭാര്യയെയും പോലെ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുക
9. യശയ്യ പ്രവാചകനെയും ഭാര്യയെയും കുറിച്ച് എന്തു പറയാം?
9 യശയ്യ പ്രവാചകനും ഭാര്യയും അവരുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നതു ദൈവസേവനത്തിനായിരുന്നു. യശയ്യയെപ്പോലെ ഭാര്യക്കും പ്രവചിക്കാനുള്ള നിയമനങ്ങൾ ലഭിച്ചിരുന്നു എന്നുവേണം കരുതാൻ. കാരണം യശയ്യയുടെ ഭാര്യയെ ബൈബിളിൽ “പ്രവാചിക” എന്നു വിളിച്ചിട്ടുണ്ട്. (യശ. 8:1-4) ദമ്പതികളെന്നനിലയിൽ ദൈവസേവനത്തിന് ഒന്നാം സ്ഥാനം കൊടുത്ത അവർ ഇന്നത്തെ ഭാര്യാഭർത്താക്കന്മാർക്ക് എത്ര നല്ല ഒരു മാതൃകയാണ്!
10. യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ ഭാര്യാഭർത്താക്കന്മാരെ എന്തു സഹായിക്കും, എന്തുകൊണ്ട്?
10 യഹോവയുടെ സേവനത്തിൽ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് ഇന്നത്തെ ദമ്പതികൾക്ക് യശയ്യയെയും ഭാര്യയെയും അനുകരിക്കാനാകും. ബൈബിൾപ്രവചനങ്ങളെക്കുറിച്ചും അവ കൃത്യമായി എങ്ങനെ നിറവേറുന്നു എന്നതിനെക്കുറിച്ചും ഒരുമിച്ച് പഠിക്കുന്നതിലൂടെ അവർക്ക് യഹോവയിലുള്ള തങ്ങളുടെ ആശ്രയം ശക്തിപ്പെടുത്താം.c (തീത്തോ. 1:2) ചില ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയോടുള്ള ബന്ധത്തിൽ തങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് അവർക്കു ചിന്തിക്കുകയും ചെയ്യാം. ഉദാഹരണത്തിന്, അവസാനം വരുന്നതിനു മുമ്പ് ഭൂലോകത്തെങ്ങും സന്തോഷവാർത്ത പ്രസംഗിക്കപ്പെടുമെന്ന യേശുവിന്റെ പ്രവചനം നിവർത്തിക്കുന്നതിൽ അവർക്കു പലതും ചെയ്യാനാകും. (മത്താ. 24:14) ബൈബിൾപ്രവചനങ്ങൾ നിറവേറുമെന്ന കാര്യത്തിൽ ദമ്പതികൾക്ക് എത്ര ഉറപ്പുണ്ടോ അതനുസരിച്ച് ദൈവസേവനത്തിൽ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ അവർ തയ്യാറാകും.
പ്രിസ്കില്ലയെയും അക്വിലയെയും പോലെ ദൈവരാജ്യപ്രവർത്തനങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുക
11. പ്രിസ്കില്ലയും അക്വിലയും ദൈവരാജ്യപ്രവർത്തനങ്ങൾക്ക് എപ്പോഴും ഒന്നാം സ്ഥാനം കൊടുത്തെന്നു നമുക്ക് എങ്ങനെ അറിയാം?
11 റോമാനഗരത്തിൽ ജീവിച്ചിരുന്ന ഒരു ജൂതദമ്പതികളായിരുന്നു പ്രിസ്കില്ലയും അക്വിലയും. ചെറുപ്പക്കാരായ ഭാര്യാഭർത്താക്കന്മാർക്ക് അവരിൽനിന്ന് പലതും പഠിക്കാനാകും. അവർ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത കേട്ട് ക്രിസ്ത്യാനികളായിത്തീർന്നു. അവരുടേതു വളരെ സന്തോഷമുള്ള ഒരു ജീവിതമായിരുന്നു. എന്നാൽ പെട്ടെന്നാണ് അവരുടെ ജീവിതത്തിൽ മാറ്റം വന്നത്. ജൂതന്മാരെല്ലാം റോം വിട്ട് പോകണമെന്നു ക്ലൗദ്യൊസ് ചക്രവർത്തി ഉത്തരവിട്ടു. അത് പ്രിസ്കില്ലയുടെയും അക്വിലയുടെയും ജീവിതത്തിലുണ്ടാക്കിയ ബുദ്ധിമുട്ട് ഒന്ന് ആലോചിച്ചുനോക്കൂ. അവർക്കു പരിചയമുള്ള സ്ഥലവും ആളുകളെയും ഒക്കെ വിട്ട് പുതിയൊരു സ്ഥലത്ത് ചെന്ന് വീടു കണ്ടെത്തണമായിരുന്നു. കൂടാതെ, അവരുടെ ജോലിയായ കൂടാരപ്പണിയും ആ പുതിയ സ്ഥലത്ത് തുടങ്ങണമായിരുന്നു. ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായപ്പോൾ അവരുടെ ജീവിതത്തിൽ ദൈവസേവനത്തിനുണ്ടായിരുന്ന പ്രാധാന്യം കുറഞ്ഞുപോയോ? സാധ്യതയനുസരിച്ച് അതിന്റെ ഉത്തരം നിങ്ങൾക്ക് അറിയാം. കൊരിന്തിൽ എത്തിയ അവർ അവിടത്തെ സഭയുടെ പ്രവർത്തനങ്ങളിൽ തീക്ഷ്ണമായി ഏർപ്പെട്ടു. അവിടത്തെ സഹോദരങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിന് അപ്പോസ്തലനായ പൗലോസിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. പിന്നീടു പ്രസംഗപ്രവർത്തകരുടെ ആവശ്യം അധികമുള്ള മറ്റു സ്ഥലങ്ങളിലേക്കും അവർ മാറിത്താമസിച്ചു. (പ്രവൃ. 18:18-21; റോമ. 16:3-5) ദൈവസേവനത്തിൽ തിരക്കുള്ള എത്ര നല്ലൊരു ജീവിതമായിരുന്നു അവരുടേത്.
12. ഭാര്യാഭർത്താക്കന്മാർ ആത്മീയലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കേണ്ടത് എന്തുകൊണ്ടാണ്?
12 ദൈവരാജ്യപ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ഇന്നു ഭാര്യാഭർത്താക്കന്മാർക്ക് പ്രിസ്കില്ലയെയും അക്വിലയെയും അനുകരിക്കാനാകും. ദൈവസേവനത്തിൽ തങ്ങൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ഒരു സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പുതന്നെ ചർച്ച ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ദൈവസേവനത്തിൽ നല്ലനല്ല ലക്ഷ്യങ്ങൾവെച്ച് രണ്ടു പേരും അതിൽ എത്തിച്ചേരാൻ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ യഹോവ തങ്ങളെ സഹായിക്കുന്നത് അവർക്കു കാണാനാകും. (സഭാ. 4:9, 12) നമുക്ക് ഇപ്പോൾ റസ്സലിന്റെയും എലിസബത്തിന്റെയും അനുഭവം നോക്കാം. റസ്സൽ പറയുന്നു: “യഹോവയുടെ സേവനത്തിൽ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നെന്നു വിവാഹത്തിനു മുമ്പുതന്നെ ഞങ്ങൾ വിശദമായി ചർച്ച ചെയ്തു.” എലിസബത്ത് പറയുന്നു: “ഞങ്ങൾ അങ്ങനെ ചെയ്തതു നന്നായി. പിന്നീടു ജീവിതത്തിൽ ഓരോരോ തീരുമാനങ്ങളെടുത്തപ്പോഴും അതൊന്നും ഞങ്ങളുടെ ആത്മീയലക്ഷ്യങ്ങൾക്ക് ഒരു തടസ്സമാകില്ലെന്ന് ഉറപ്പുവരുത്താൻ അതു ഞങ്ങളെ സഹായിച്ചു.” അതുകൊണ്ടുതന്നെ പ്രചാരകരുടെ ആവശ്യം കൂടുതലുള്ള മൈക്രോനേഷ്യയിൽ പോയി പ്രവർത്തിക്കാൻ റസ്സലിനും എലിസബത്തിനും കഴിഞ്ഞു.
ആത്മീയലക്ഷ്യങ്ങൾ വെക്കുന്നെങ്കിൽ പുതുതായി വിവാഹിതരായവർക്കു ദൈവസേവനത്തിന് ഒന്നാം സ്ഥാനം നൽകാനാകും (13-ാം ഖണ്ഡിക കാണുക)
13. സങ്കീർത്തനം 28:7 പറയുന്നതനുസരിച്ച് യഹോവയിൽ ആശ്രയിക്കുന്നതിന്റെ ഫലം എന്താണ്?
13 റസ്സലിനെയും എലിസബത്തിനെയും പോലെ പല ദമ്പതികളും തങ്ങളുടെ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്തിരിക്കുന്നത്. ദമ്പതികൾ ദൈവസേവനത്തിൽ നല്ല ലക്ഷ്യങ്ങൾവെച്ച് അതിൽ എത്തിച്ചേരാൻ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ അവർക്ക് അതിന്റെ അനുഗ്രഹങ്ങൾ അനുഭവിച്ചറിയാനാകും. യഹോവ അവർക്കുവേണ്ടി കരുതുന്നത് എങ്ങനെയാണെന്ന് അവർക്കു കാണാനാകും. അത് യഹോവയിലുള്ള അവരുടെ ആശ്രയം വർധിപ്പിക്കും. അപ്പോൾ അവർക്കു ശരിക്കുള്ള സന്തോഷവും കിട്ടും.—സങ്കീർത്തനം 28:7 വായിക്കുക.
അപ്പോസ്തലനായ പത്രോസിനെയും ഭാര്യയെയും പോലെ യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുക
14. മത്തായി 6:25, 31-34 വരെയുള്ള വാക്യങ്ങളിൽ കാണുന്ന യഹോവയുടെ വാഗ്ദാനത്തിൽ ഉറച്ചുവിശ്വസിക്കുന്നെന്ന് പത്രോസ് അപ്പോസ്തലനും ഭാര്യയും തെളിയിച്ചത് എങ്ങനെ?
14 അപ്പോസ്തലനായ പത്രോസിന്റെയും ഭാര്യയുടെയും മാതൃകയിൽനിന്നും ഭാര്യാഭർത്താക്കന്മാർക്കു പലതും പഠിക്കാനാകും. യേശുവിനെ ആദ്യമായി കണ്ടുമുട്ടി ആറു മാസമോ ഏതാണ്ട് ഒരു വർഷമോ കഴിഞ്ഞ സമയത്ത് പത്രോസ് അപ്പോസ്തലനു വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടതായിവന്നു. മീൻപിടുത്തമായിരുന്നു പത്രോസിന്റെ ജോലി. അങ്ങനെയാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. അതുകൊണ്ട് യേശു പത്രോസിനോട്, തന്നെ മുഴുസമയം അനുഗമിക്കാൻ പറഞ്ഞപ്പോൾ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് പത്രോസ് തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചുകാണും. (ലൂക്കോ. 5:1-11) എന്നിട്ടും യേശുവിനോടൊപ്പം പ്രസംഗപ്രവർത്തനത്തിനു പോകാനാണു പത്രോസ് തീരുമാനിച്ചത്. പത്രോസിന്റേത് ശരിയായ തീരുമാനംതന്നെയായിരുന്നു. ആ തീരുമാനത്തെ ഭാര്യ പിന്തുണച്ചെന്നും നമുക്കു വിശ്വസിക്കാം. യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം ചിലപ്പോഴെങ്കിലും പത്രോസിന്റെ ഭാര്യ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നതായി ബൈബിൾ സൂചിപ്പിക്കുന്നുണ്ട്. (1 കൊരി. 9:5) പത്രോസിന്റെ ഭാര്യ ശരിക്കും നല്ലൊരു മാതൃകയായിരുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടാണല്ലോ പത്രോസിനു ധൈര്യത്തോടെ ക്രിസ്തീയ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും വേണ്ട ഉപദേശങ്ങൾ നൽകാനായത്. (1 പത്രോ. 3:1-7) ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയാൽ യഹോവ തങ്ങൾക്കുവേണ്ടി കരുതും എന്ന വാഗ്ദാനത്തിൽ പത്രോസും ഭാര്യയും ഉറച്ചുവിശ്വസിച്ചിരുന്നു എന്നു വ്യക്തം.—മത്തായി 6:25, 31-34 വായിക്കുക.
15. റ്റിയാഗോയുടെയും എസ്ഥേറിന്റെയും അനുഭവത്തിൽനിന്ന് നമ്മൾ എന്താണു പഠിച്ചത്?
15 ഇനി, വിവാഹം കഴിച്ച് വർഷങ്ങൾ കഴിഞ്ഞവർക്കും യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനാകും. മറ്റു ദമ്പതികളുടെ അനുഭവങ്ങൾ പഠിക്കുന്നത് അങ്ങനെയൊരു തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, “ആത്മാർപ്പണത്തിന്റെ മാതൃകകൾ” എന്ന പരമ്പരയിലെ അനുഭവങ്ങൾ നിങ്ങൾക്കു വായിക്കാം. അതിലെ ലേഖനങ്ങൾ വായിച്ചതാണു ബ്രസീലിൽനിന്നുള്ള ദമ്പതികളായ റ്റിയാഗോയെയും എസ്ഥേറിനെയും സഹായിച്ചത്. ആവശ്യം അധികമുള്ള സ്ഥലത്ത് പോയി പ്രവർത്തിക്കാനുള്ള ശക്തമായ ആഗ്രഹം അത് അവരിൽ വളർത്തി. റ്റിയാഗോ സഹോദരൻ പറയുന്നു: “നമ്മുടെ നാളുകളിലും യഹോവ തന്റെ ദാസന്മാരെ സഹായിക്കുകയും വഴിനയിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള നല്ലനല്ല അനുഭവങ്ങൾ വായിച്ചപ്പോൾ ഞങ്ങളുടെ ജീവിതത്തിലും അതൊന്നു നേരിട്ട് അനുഭവിച്ചറിയണമെന്നു ഞങ്ങൾക്കു തോന്നി.” അങ്ങനെ അവർ പരാഗ്വേയിലേക്കു മാറിത്താമസിച്ചു. 2014 മുതൽ അവിടെ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ പ്രവർത്തിക്കുന്നു. എസ്ഥേർ സഹോദരി പറയുന്നു: “ഞങ്ങൾക്കു രണ്ടു പേർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വാക്യമാണ് എഫെസ്യർ 3:20. ഞങ്ങളുടെ ജീവിതത്തിൽ ആ വാക്കുകൾ സത്യമായിത്തീരുന്നതു ഞങ്ങൾ പല തവണ അനുഭവിച്ചറിഞ്ഞു.” അവിടെ പൗലോസ് പറയുന്നത്, നമ്മൾ ചോദിക്കുന്നതിനെക്കാളെല്ലാം വളരെയധികമായി യഹോവ നമുക്കു ചെയ്തുതരും എന്നാണ്. ആ വാക്കുകൾ എത്ര സത്യമാണ്!
അനുഭവപരിചയമുള്ളവരോട് ഉപദേശം ചോദിക്കുന്നെങ്കിൽ പുതുതായി വിവാഹിതരായവർക്കു ദൈവസേവനത്തിന് ഒന്നാം സ്ഥാനം നൽകാനാകും (16-ാം ഖണ്ഡിക കാണുക)
16. നിങ്ങൾ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുമ്പോൾ ആരുടെ ഉപദേശം തേടാം?
16 യഹോവയിൽ ആശ്രയിക്കാൻ പഠിച്ച മറ്റുള്ളവരുടെ അനുഭവത്തിൽനിന്ന് ചെറുപ്പക്കാരായ ദമ്പതികൾക്കും പ്രയോജനം നേടാം. ചില ദമ്പതികൾ വർഷങ്ങളായി മുഴുസമയസേവനം ചെയ്യുന്നവരായിരിക്കാം. നിങ്ങൾ നല്ല ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവരോടു സഹായം ചോദിക്കാവുന്നതാണ്. അവരുടെ മാതൃക അനുകരിക്കുന്നത് യഹോവയിൽ ആശ്രയിക്കുന്നെന്നു തെളിയിക്കാനുള്ള മറ്റൊരു മാർഗവുമാണ്. (സുഭാ. 22:17, 19) നല്ല ആത്മീയലക്ഷ്യങ്ങൾ വെക്കാനും അതിൽ എത്തിച്ചേരാനും ചെറുപ്പക്കാരായ ദമ്പതികളെ മൂപ്പന്മാർക്കും സഹായിക്കാം.
17. ക്ലോസ് സഹോദരനും മരീസ സഹോദരിക്കും എന്ത് അനുഭവം ഉണ്ടായി, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
17 യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലായ്പോഴും നമ്മൾ ആഗ്രഹിക്കുന്നതുപോലെതന്നെ കാര്യങ്ങൾ നടക്കണമെന്നില്ല. തുടക്കത്തിൽ പറഞ്ഞ ക്ലോസ് സഹോദരന്റെയും മരീസ സഹോദരിയുടെയും കാര്യംതന്നെയെടുക്കാം. കല്യാണത്തിനു ശേഷം മൂന്നു വർഷം കഴിഞ്ഞ് അവർ വീട്ടിൽനിന്ന് അകലെയുള്ള ഫിൻലൻഡ് ബ്രാഞ്ചിന്റെ നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടി പോയി. എന്നാൽ ആ നിയമനം ആറു മാസത്തേക്കേ ഉള്ളൂ എന്നു പിന്നീട് അവരോടു പറഞ്ഞു. അതു കേട്ടപ്പോൾ അവർക്കു ശരിക്കും സങ്കടം തോന്നി. എന്നാൽ പെട്ടെന്നുതന്നെ അവരെ അറബിക്ക് ഭാഷാപഠന ക്ലാസിലേക്കു ക്ഷണിച്ചു. അവർ ഇപ്പോൾ മറ്റൊരു രാജ്യത്ത് വളരെ സന്തോഷത്തോടെ അറബിക്ക് ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിൽ പ്രവർത്തിക്കുന്നു. അതെക്കുറിച്ച് ഓർത്തുകൊണ്ട് മരീസ സഹോദരി പറയുന്നു: “ഒരു പരിചയവുമില്ലാത്ത പുതിയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ ശരിക്കും പേടി തോന്നി. ഞങ്ങൾ യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലാണ് യഹോവ ഞങ്ങളെ സഹായിച്ചത്. ഞങ്ങൾക്ക് അതു ശരിക്കും അനുഭവിച്ചറിയാനായി. അങ്ങനെ യഹോവയിലുള്ള എന്റെ വിശ്വാസം കൂടുതൽ ശക്തമായി.” ഈ അനുഭവം കാണിക്കുന്നതുപോലെ നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ യഹോവ എല്ലായ്പോഴും നമ്മളെ സഹായിക്കുമെന്ന് ഉറപ്പാണ്.
18. യഹോവയിൽ തുടർന്നും ആശ്രയിക്കാൻ ദമ്പതികളെ എന്തു സഹായിക്കും?
18 വിവാഹം യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്. (മത്താ. 19:5, 6) ദമ്പതികൾ ആ ജീവിതം ശരിക്കും ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (സുഭാ. 5:18) ചെറുപ്പക്കാരായ ദമ്പതികളേ, നിങ്ങളുടെ ജീവിതത്തിൽ എന്താണ് ഏറ്റവും പ്രധാനം? യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന അനുഗ്രഹങ്ങൾക്കു നന്ദിയുള്ളവരാണെന്നു കാണിക്കാൻ നിങ്ങളാലാകുന്നതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ? ഈ ചോദ്യങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കുകയും പ്രാർഥനയിൽ അതെക്കുറിച്ച് യഹോവയോടു പറയുകയും ചെയ്യുക. നിങ്ങളുടെ സാഹചര്യങ്ങൾക്കു യോജിച്ച ബൈബിൾതത്ത്വങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. എന്നിട്ട് യഹോവ തരുന്ന ഉപദേശം അനുസരിക്കുക. ദമ്പതികളേ, ജീവിതത്തിൽ യഹോവയുടെ സേവനത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ നിങ്ങളുടെ ജീവിതം സന്തോഷമുള്ളതായിരിക്കും, യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.
ഗീതം 132 ഇപ്പോൾ നമ്മൾ ഒന്നാണ്
a നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ ദൈവസേവനത്തെ ബാധിച്ചേക്കാം. കാരണം, ദൈവസേവനത്തിനുവേണ്ടി എത്ര സമയവും ഊർജവും ചെലവഴിക്കാനാകുമെന്നതു പലപ്പോഴും ആ തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പ്രത്യേകിച്ച് പുതുതായി കല്യാണം കഴിക്കുന്നവർക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്ന ധാരാളം തീരുമാനങ്ങളെടുക്കേണ്ടിവന്നേക്കാം. അവർക്കു സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന നല്ല തീരുമാനങ്ങളെടുക്കാൻ ഈ ലേഖനം സഹായിക്കും.
b ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
c ഉദാഹരണത്തിന്, യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന പുസ്തകത്തിന്റെ 6, 7, 19 അധ്യായങ്ങൾ പഠിക്കുക.