ഇത്രയധികം വെറുപ്പും വിദ്വേഷവും എന്തുകൊണ്ട്?
വെറുപ്പ് ഒരു പകർച്ചവ്യാധിപോലെ ഈ ലോകമാകെ പടരുകയാണ്. എന്തുകൊണ്ടാണത്? അതിന്റെ കാരണം അറിയാൻ വെറുപ്പ് എന്താണെന്നും എന്തുകൊണ്ടാണ് ആളുകൾ പരസ്പരം വെറുക്കുന്നതെന്നും അത് എങ്ങനെയാണ് പടരുന്നതെന്നും ആദ്യം നമ്മൾ മനസ്സിലാക്കണം.
വെറുപ്പ്
ഒരു വ്യക്തിയോടോ ഒരു കൂട്ടം ആളുകളോടോ ഉള്ള അങ്ങേയറ്റത്തെ അനിഷ്ടമോ കടുത്ത പകയോ ആണ് വെറുപ്പ്. കാലങ്ങളോളം ഉള്ളിൽ അത് ഇങ്ങനെ ആളിക്കത്തിക്കൊണ്ടിരിക്കും.
ആളുകളുടെ ഉള്ളിൽ വെറുപ്പ് വളരുന്നത് എങ്ങനെയാണ്?
പല കാരണങ്ങൾകൊണ്ട് ആളുകൾ പരസ്പരം വെറുക്കുന്നു. പലപ്പോഴും ഒരാൾ മറ്റുള്ളവരെ വെറുക്കുന്നത് അവർ എന്തെങ്കിലും തെറ്റു ചെയ്തിട്ടായിരിക്കില്ല. പകരം അവർ ഒരു പ്രത്യേക കൂട്ടത്തിൽപ്പെട്ടവരായിരിക്കുന്നതുകൊണ്ടാണ്. ആ കൂട്ടത്തിൽപ്പെട്ടവരെല്ലാം ദുഷ്ടന്മാരാണെന്നും ആളുകളെ ദ്രോഹിക്കാൻ നടക്കുന്നവരാണെന്നും അവരൊന്നും ഒരിക്കലും നന്നാകില്ലെന്നും ചിന്തിക്കുന്നതുകൊണ്ടാണ് അവരെ വെറുക്കുന്നത്. അവരെ വിലയില്ലാത്തവരായിട്ടോ സമൂഹത്തിന് ഒരു ഭീഷണിയായിട്ടോ കാണുന്നു. ഉള്ള കുഴപ്പങ്ങളുടെയെല്ലാം കാരണം അവരാണെന്നു ചിന്തിക്കുന്നു. അനീതിക്കോ അക്രമത്തിനോ ഒക്കെ ഇരയായവരുടെ ഉള്ളിലാണ് പൊതുവേ മറ്റുള്ളവരോടുള്ള വെറുപ്പ് വളരുന്നത്.
എങ്ങനെയാണ് വെറുപ്പ് പടരുന്നത്?
ഒരാളോടു വെറുപ്പ് തോന്നുന്നതിന് ആ വ്യക്തിയെ നേരിട്ട് അറിയണമെന്നുപോലുമില്ല. ഉദാഹരണത്തിന്, നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഒരു കൂട്ടത്തെക്കുറിച്ച് മോശമായ അഭിപ്രായങ്ങളാണ് ഉള്ളതെങ്കിൽ അറിയാതെ അത് നമ്മളിലേക്കും പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഒരു കൂട്ടത്തിലെ ഒരാൾക്ക് മറ്റൊരു കൂട്ടത്തോട് വെറുപ്പുണ്ടെങ്കിൽ അത് എളുപ്പം പടരും.
ഇങ്ങനെ എളുപ്പത്തിൽ പടരുന്നതുകൊണ്ടാണ് വെറുപ്പ് ഒരു പകർച്ചവ്യാധിപോലെ അനേകരെയും ബാധിച്ചിരിക്കുന്നത്. പക്ഷേ വെറുപ്പിന്റെ ഈ ചങ്ങല നമ്മൾ എവിടെയെങ്കിലും ഒന്നു മുറിക്കണ്ടേ? അതിന് ആദ്യം ആ ചങ്ങലയുടെ ആദ്യത്തെ കണ്ണി നമ്മൾ കണ്ടുപിടിക്കണം, വെറുപ്പ് എവിടെനിന്നാണ് തുടങ്ങിയതെന്നു മനസ്സിലാക്കണം. അതു ബൈബിൾ നമ്മളോടു പറയുന്നുണ്ട്.
വെറുപ്പിന്റെ തുടക്കം എവിടെയാണെന്നു ബൈബിൾ പറയുന്നു
അതു തുടങ്ങിയത് മനുഷ്യരിൽനിന്നല്ല. സ്വർഗത്തിൽ ഒരു ദൂതൻ ദൈവത്തിന് എതിരെ തിരിഞ്ഞു. അവിടെനിന്നാണ് എല്ലാം തുടങ്ങിയത്. ആ ദൂതന് പിന്നീട് പിശാചായ സാത്താൻ എന്ന പേര് വന്നു. ദൈവത്തിന് എതിരെ തിരിഞ്ഞതോടെ അവൻ “കൊലപാതകിയായി.” “നുണയനും നുണയുടെ അപ്പനും” ആയ സാത്താൻ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം ഇന്നോളം ആളുകളിൽ കുത്തിവെച്ചുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 8:44; 1 യോഹന്നാൻ 3:11, 12) ദ്രോഹബുദ്ധിയോടെ, ഉഗ്രകോപത്തോടെ ആളുകളെ ഉപദ്രവിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരാളായിട്ടാണ് ബൈബിൾ സാത്താനെ വർണിക്കുന്നത്.—ഇയ്യോബ് 2:7; വെളിപാട് 12:9, 12, 17.
മറ്റുള്ളവരെ വെറുക്കാനുള്ള ഒരു പ്രവണത മനുഷ്യർക്കുണ്ട്. ആദ്യമനുഷ്യനായ ആദാമും സാത്താനെപ്പോലെ പാപത്തിന്റെ വഴി തിരഞ്ഞെടുത്തു. ആദാമിന്റെ മക്കളായതുകൊണ്ട് നമ്മളെല്ലാം പാപികളും കുറവുകളുള്ളവരും ആയി. (റോമർ 5:12) ആദാമിന്റെ ആദ്യമകനായ കയീൻ സ്വന്തം അനിയനായ ഹാബേലിനോടുള്ള വെറുപ്പ് കാരണം അവനെ കൊന്നു. (1 യോഹന്നാൻ 3:12) ഈ പറഞ്ഞുവരുന്നത്, ഇന്നുള്ള ആർക്കും സ്നേഹവും അനുകമ്പയും ഒന്നും ഇല്ലെന്നല്ല. എങ്കിലും നമ്മളെല്ലാം പാപികളായി ജനിക്കുന്നതുകൊണ്ട് സ്വാർഥതയും അസൂയയും അഹങ്കാരവും ഒക്കെ കാണിക്കാൻ ചായ്വുള്ളവരാണ്. വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുന്ന ദുർഗുണങ്ങളാണ് ഇവ.—2 തിമൊഥെയൊസ് 3:1-5.
തങ്ങളിൽനിന്ന് വ്യത്യസ്തരായവരെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്. ‘ലോകം മുഴുവൻ ദുഷ്ടന്റെ, പിശാചായ സാത്താന്റെ നിയന്ത്രണത്തിലായതുകൊണ്ട്’ മുൻവിധിയും മുറിപ്പെടുത്തുന്ന സംസാരവും ഗുണ്ടായിസവും അക്രമവും എല്ലാം ഇവിടെ നിറഞ്ഞുനിൽക്കുകയാണ്. (1 യോഹന്നാൻ 5:19) അതുപോലെ തങ്ങളിൽനിന്ന് വ്യത്യസ്തരായ ആളുകളെ അംഗീകരിക്കാൻ ഇന്നു പലർക്കും ബുദ്ധിമുട്ടാണ്. ആളുകൾക്ക് ദോഷം ചെയ്യുന്ന ഇത്തരം മനോഭാവങ്ങളും പെരുമാറ്റവും നിറഞ്ഞുനിൽക്കുന്ന ഈ ലോകത്ത് വെറുപ്പ് വളർന്നുവന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ!
പക്ഷേ ബൈബിൾ വെറുപ്പിന്റെ കാരണങ്ങൾ നിരത്തുക മാത്രമല്ല ചെയ്യുന്നത്. അതിന്റെ പരിഹാരത്തെക്കുറിച്ചും പറയുന്നുണ്ട്.