വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
2 ശമുവേൽ 21:7-9-ൽ ദാവീദ് രാജാവ് ‘മെഫിബോശെത്തിനോട് അനുകമ്പ’ കാണിച്ചു എന്നു പറഞ്ഞിട്ട് പിന്നീട് മെഫിബോശെത്തിനെ കൊല്ലാൻ വിട്ടുകൊടുത്തു എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ ഭാഗം പെട്ടെന്നു വായിച്ചുപോയ ചിലർക്ക് അങ്ങനെയൊരു സംശയം തോന്നിയിട്ടുണ്ട്. എന്നാൽ ഈ വാക്യങ്ങളിൽ മെഫിബോശെത്ത് എന്നു പേരുള്ള രണ്ട് ആളുകളുടെ കാര്യമാണു പറഞ്ഞിരിക്കുന്നത്. ആ വിവരണത്തിൽനിന്ന് നമുക്കു ചില കാര്യങ്ങൾ പഠിക്കാനാകും.
ഇസ്രായേലിലെ ശൗൽ രാജാവിന് ഏഴ് ആൺമക്കളും രണ്ടു പെൺമക്കളും ഉണ്ടായിരുന്നു. യോനാഥാനായിരുന്നു മൂത്ത മകൻ. പിന്നീട് ശൗലിന് ഉപപത്നിയായ രിസ്പയിൽ ഒരു മകൻ ജനിച്ചു. മെഫിബോശെത്ത് എന്നായിരുന്നു ആ മകന്റെ പേര്. എന്നാൽ രസകരമായ സംഗതി, ശൗലിന്റെ മകനായ യോനാഥാനും മെഫിബോശെത്ത് എന്നു പേരുള്ള ഒരു മകനുണ്ടായിരുന്നു. അങ്ങനെ ശൗൽ രാജാവിന് മെഫിബോശെത്ത് എന്നു പേരുള്ള ഒരു മകനും അതേ പേരിലുള്ള ഒരു കൊച്ചുമകനും ഉണ്ടായിരുന്നു.
ഇസ്രായേല്യരോടൊപ്പം താമസിച്ചിരുന്ന ഗിബെയോന്യരോട് ഒരു സമയത്ത് ശൗൽ രാജാവിനു കടുത്ത വെറുപ്പായി. അദ്ദേഹം അവരെ ഒന്നടങ്കം ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങി. സാധ്യതയനുസരിച്ച് പലരെയും കൊല്ലുകയും ചെയ്തു. അതു ശരിക്കും തെറ്റായിരുന്നു. കാരണം യോശുവയുടെ കാലത്ത് ഇസ്രായേലിലെ തലവന്മാർ ഗിബെയോന്യരുമായി ഒരു സമാധാനയുടമ്പടി ചെയ്തിരുന്നതാണ്.—യോശു. 9:3-27.
ശൗൽ രാജാവിന്റെ ഭരണകാലത്തും ആ ഉടമ്പടി നിലവിലുണ്ടായിരുന്നു. എന്നിട്ടാണു ഗിബെയോന്യരെ ഇല്ലാതാക്കാൻ ശൗൽ ശ്രമിച്ചത്. അങ്ങനെ ചെയ്തതിലൂടെ ‘ശൗലും ശൗലിന്റെ ഗൃഹവും രക്തം ചൊരിഞ്ഞ കുറ്റമുള്ളവരായി.’ (2 ശമു. 21:1) എന്നാൽ ചില ഗിബെയോന്യർ രക്ഷപ്പെട്ടിരുന്നു. ദാവീദ് ഇസ്രായേലിൽ രാജാവായപ്പോൾ അവർ വന്ന് അദ്ദേഹത്തോട് ശൗൽ കാണിച്ച ക്രൂരതയെക്കുറിച്ച് പറഞ്ഞു. ശൗലിന്റെ തെറ്റിന് എന്തു പ്രായശ്ചിത്തമാണു ചെയ്യേണ്ടതെന്നു ദാവീദ് അവരോടു ചോദിച്ചു. കാരണം യഹോവ വീണ്ടും ദേശത്തെ അനുഗ്രഹിക്കണമെങ്കിൽ അതു ചെയ്യണമായിരുന്നു. ഗിബെയോന്യർക്കു വേണ്ടതു പണമായിരുന്നില്ല. പകരം തങ്ങളെ ‘ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ട’ ആ മനുഷ്യന്റെ ഏഴ് ആൺമക്കളെ കൊല്ലാൻ വിട്ടുതരണം എന്നാണ് അവർ പറഞ്ഞത്. ദാവീദ് അങ്ങനെ ചെയ്തു.—2 ശമു. 21:2-6; സംഖ്യ 35:30, 31.
അപ്പോഴേക്കും ശൗലും യോനാഥാനും യുദ്ധത്തിൽ മരിച്ചിരുന്നു. എന്നാൽ യോനാഥാന്റെ മകനായ മെഫിബോശെത്ത് ജീവനോടെയുണ്ടായിരുന്നു. കുഞ്ഞുന്നാളിൽത്തന്നെ വീണ് മുടന്തനായിത്തീർന്ന ആളാണു മെഫിബോശെത്ത്. ഗിബെയോന്യരെ ആക്രമിക്കാൻ അദ്ദേഹം മുത്തച്ഛനായ ശൗലിന്റെകൂടെ ചേർന്നിട്ടുമില്ല. ദാവീദും യോനാഥാനും അടുത്ത കൂട്ടുകാരായിരുന്നതുകൊണ്ട് അവർ തമ്മിൽ ഒരു ഉടമ്പടി ചെയ്തിരുന്നു. അതിന്റെ പ്രയോജനം യോനാഥാന്റെ മകനായ മെഫിബോശെത്തിനും കിട്ടുമായിരുന്നു. (1 ശമു. 18:1; 20:42) അതെക്കുറിച്ച് വിവരണം പറയുന്നു: “ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫിബോശെത്തിനോടു രാജാവ് അനുകമ്പ കാണിച്ചു. . . . യഹോവയുടെ നാമത്തിൽ ചെയ്തിരുന്ന ആണ നിമിത്തമാണ് അങ്ങനെ ചെയ്തത്.”—2 ശമു. 21:7.
എന്നാൽ ഗിബെയോന്യർ ആവശ്യപ്പെട്ട കാര്യം ചെയ്യാൻ ദാവീദ് തയ്യാറായി. അങ്ങനെ ദാവീദ് ശൗലിന്റെ രണ്ട് ആൺമക്കളെയും അഞ്ച് കൊച്ചുമക്കളെയും ഗിബെയോന്യർക്കു കൊടുത്തു. ശൗലിന്റെ ആ രണ്ട് ആൺമക്കളിൽ ഒരാളുടെ പേര് മെഫിബോശെത്ത് എന്നായിരുന്നു. (2 ശമു. 21:8, 9) ദാവീദ് അങ്ങനെ ചെയ്തതുകൊണ്ട് രക്തം ചൊരിഞ്ഞ കുറ്റം ദേശത്തുനിന്ന് ഇല്ലാതെയായി.
വെറുമൊരു ചരിത്ര സംഭവമായി കാണേണ്ട ഒരു വിവരണമല്ല ഇത്. ‘പിതാക്കന്മാരുടെ പ്രവൃത്തികൾക്കു മക്കൾ മരണശിക്ഷ അനുഭവിക്കരുത്’ എന്നു വ്യക്തമായ ദൈവനിയമമുണ്ടായിരുന്നു. (ആവ. 24:16) അതുകൊണ്ടുതന്നെ ശൗലിന്റെ ആ രണ്ട് ആൺമക്കളും അഞ്ച് കൊച്ചുമക്കളും നിരപരാധികളായിരുന്നെങ്കിൽ ഈ പ്രവൃത്തിയെ യഹോവ ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല. “ഓരോരുത്തനും ചെയ്ത പാപത്തിന് അവനവൻതന്നെ മരണശിക്ഷ അനുഭവിക്കണം” എന്നും നിയമത്തിൽ പറഞ്ഞിരുന്നു. സാധ്യതയനുസരിച്ച് ഗിബെയോന്യരെ ഇല്ലാതാക്കാൻവേണ്ടി ശൗൽ തുനിഞ്ഞിറങ്ങിയപ്പോൾ ആ ഏഴു പേർക്കും അതിൽ ഒരു പങ്കുണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം തെറ്റിന്റെ ഫലമാണ് അവർ അനുഭവിച്ചത്.
ഈ വിവരണത്തിൽനിന്ന് നമുക്ക് ഒരു പാഠം പഠിക്കാം: ഒരു തെറ്റു ചെയ്തിട്ട്, ‘കിട്ടിയ നിർദേശങ്ങൾ അനുസരിച്ചെന്നേ ഉള്ളൂ’ എന്നു പറഞ്ഞ് ആർക്കും അതിനെ ന്യായീകരിക്കാനാകില്ല. ഓരോരുത്തരും ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അവരവർതന്നെ ഏറ്റെടുക്കണം. ഒരു ജ്ഞാനമൊഴി പറയുന്നു: “നീ നടക്കുന്ന പാത നിരപ്പാക്കുക; അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും. നീ ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്.”—സുഭാ. 4:24-27; എഫെ. 5:15.