കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
നിയമപരമായ റിപ്പോർട്ടുകൾ
നമ്മുടെ സഹോദരീസഹോദരന്മാർ ബുദ്ധിമുട്ടേറിയ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. അതിലൊന്നാണു നിയമപരമായ പോരാട്ടങ്ങൾ. ആ സാഹചര്യങ്ങളിലെല്ലാം അവർ യഹോവയോടു വിശ്വസ്തരായി നിന്നിരിക്കുന്നു. അവരുടെ ഈ നല്ല മാതൃക വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമുക്കെല്ലാം ഒരു പ്രോത്സാഹനമാണ്. “യഹോവ തന്റെ വിശ്വസ്തനോടു പ്രത്യേകപരിഗണന കാണിക്കുമെന്ന്” നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—സങ്കീ. 4:3.
അർജന്റീന | മതപരമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാനുള്ള അവകാശം
രൂത്ത് യഹോവയുടെ സാക്ഷികളുടെ കുടുംബത്തിലാണു ജനിച്ചത്. എന്നാൽ ചെറുപ്പത്തിൽത്തന്നെ അവൾ നിഷ്ക്രിയയായിത്തീർന്നു. ഒരാളോടൊത്ത് ജീവിക്കാൻ തുടങ്ങിയ രൂത്ത് താമസിയാതെ ഒരു പെൺകുട്ടിക്കു ജന്മം നൽകി. ഒരിക്കൽ, ലാ പ്ളാറ്റ എന്ന പട്ടണത്തിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് അവൾ കാണാനിടയായി. സാക്ഷിയായിരുന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർമവന്ന അവൾ വീണ്ടും സഭയുമായി സഹവസിക്കാൻ ആഗ്രഹിച്ചു. മോളെ ബൈബിൾ പഠിപ്പിക്കാനും തുടങ്ങി. എന്നാൽ രൂത്ത് മതപരമായ കാര്യങ്ങളിൽ ഉൾപ്പെടുന്നതിനെ കുട്ടിയുടെ പിതാവ് ശക്തമായി എതിർത്തു. മീറ്റിങ്ങുകൾക്കു പോകുന്നതു തടയാനും മോളെ ബൈബിൾ പഠിപ്പിക്കുന്നതു നിറുത്താനും അയാൾ കോടതിയിൽ കേസ് കൊടുത്തു.
അപ്പനും അമ്മയ്ക്കും അവരുടെ മതവിശ്വാസങ്ങൾ കുട്ടിയെ പഠിപ്പിക്കാൻ അവകാശമുണ്ടെന്നും അത്തരത്തിലുള്ള പഠിപ്പിക്കലുകൾ കുട്ടിക്കു ദോഷം ചെയ്യാത്തിടത്തോളം കാലം കോടതി ആ അവകാശത്തിൽ കൈകടത്തരുതെന്നും രൂത്തിന്റെ വക്കീൽ വാദിച്ചു. കുട്ടിക്ക് അപ്പോൾ നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഏതു വിശ്വാസവും വെച്ചുപുലർത്താനുള്ള കുട്ടിയുടെ അവകാശത്തെ മാതാപിതാക്കൾ മാനിക്കണമെന്നു കോടതി വിധിച്ചു. കുട്ടിക്കു മതപരമായ കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായമായില്ലെന്നും അതുകൊണ്ട് അപ്പനും അമ്മയ്ക്കും അവളെ മതപരമായ കാര്യങ്ങൾ പഠിപ്പിക്കാൻ തുല്യമായ അവകാശമുണ്ടെന്നും അപ്പീൽക്കോടതി കൂട്ടിച്ചേർത്തു.
ഇപ്പോൾ രൂത്തിന്റെ മകൾ എല്ലാ ദിവസവും ബൈബിൾ വായിക്കുന്നുണ്ട്, അമ്മയോടൊപ്പം നമ്മുടെ മീറ്റിങ്ങുകൾക്കും പോകുന്നു. ബ്യൂണസ് ഐറീസിലുള്ള ബഥേൽ സന്ദർശിക്കാനും അവൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അസർബൈജാൻ | മതവിശ്വാസം ആചരിക്കാനുള്ള അവകാശം
സത്യക്രിസ്തീയ സഭയെക്കുറിച്ച് എഴുതിയപ്പോൾ, “ഒരു അവയവം കഷ്ടപ്പെടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടപ്പെടുന്നു” എന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (1 കൊരി. 12:26) അസർബൈജാനിലെ ഈറീന സഖർകംഗ, വലീഡ ജബ്രൊയിലോവ എന്നീ സഹോദരിമാർ ജയിലിൽ കിടക്കുന്നെന്നു കേട്ടപ്പോൾ ലോകത്തെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾക്കും ഇതുതന്നെയാണു തോന്നിയത്. ഈ രണ്ടു സഹോദരിമാർ നിയമവിരുദ്ധമായ മതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് 2015 ഫെബ്രുവരിയിൽ അധികാരികൾ കുറ്റം ചുമത്തി. വിചാരണ ചെയ്യുന്നതിനുവേണ്ടി ജഡ്ജി അവരെ തടവിൽ വെച്ചു. പക്ഷേ, വിചാരണ പല പ്രാവശ്യം മാറ്റിവെച്ചതിനാൽ അവർ ഒരു വർഷത്തോളം തടവിൽ കഴിയേണ്ടിവന്നു. മാത്രമല്ല അധികാരികൾ അവരോടു മോശമായി പെരുമാറുകയും അവരെ വല്ലാതെ കഷ്ടപ്പെടുത്തുകയും ചെയ്തു.
അസർബൈജാൻ: വലീഡ ജബ്രൊയിലോവയും ഈറീന സഖർകംഗയും
അവസാനം 2016 ജനുവരിയിൽ കേസിന്റെ വിചാരണ നടന്നു. അവർ കുറ്റക്കാരാണെന്നു കണ്ട കോടതി പിഴയൊടുക്കാൻ വിധിച്ചു. എന്നാൽ അവർ കുറെക്കാലം തടവിൽ കഴിഞ്ഞതിനാൽ പിഴയൊടുക്കേണ്ടതില്ലെന്നും അവർക്കു വീട്ടിൽ പോകാമെന്നും ജഡ്ജി പറഞ്ഞു. അവർ ക്രിമിനൽകുറ്റം ചെയ്തെന്ന വിധിക്കെതിരെ ബക്കു കോടതിയിൽ അപ്പീൽ കൊടുത്തെങ്കിലും കോടതി അതു തള്ളി. അതുകൊണ്ട് അവർ സുപ്രീംകോടതിയെ സമീപിച്ചു. അതു കൂടാതെ, അനുഭവിച്ച ദുഷ്പെരുമാറ്റത്തിനും മതവിശ്വാസം ആചരിക്കാനുള്ള അവകാശം നിഷേധിച്ചതിനും എതിരെ അവർ യു.എൻ. മനുഷ്യാവകാശ കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.
ഇപ്പോൾ സഹോദരിമാർ അവരുടെ വിഷമങ്ങളൊക്കെ സാവധാനം മറന്നുവരുകയാണ്. അവർക്കുവേണ്ടി ധാരാളം സഹോദരങ്ങൾ പ്രാർഥിച്ചതിനും അവരോടു താത്പര്യം കാണിച്ചതിനും സഹോദരിമാർ വിലമതിപ്പ് അറിയിച്ചു. ജബ്രൊയിലോവ സഹോദരി ഭരണസംഘത്തിന് ഇങ്ങനെ എഴുതി: “നിങ്ങളുടെ പ്രാർഥനകൾ എല്ലാ യാതനകളും സഹിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചു. എനിക്ക് അതു ശരിക്കും അനുഭവപ്പെട്ടു. നിങ്ങളും യഹോവയും ലോകത്തെമ്പാടുമുള്ള എന്റെ സഹോദരങ്ങളും കാണിച്ച സ്നേഹവും കരുതലും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല.”
എറിട്രിയ | വിശ്വാസത്തെപ്രതി തടവിൽ
എറിട്രിയ ഗവൺമെന്റ് 2016 ജൂലൈ വരെ 55 സഹോദരങ്ങളെ അവരുടെ വിശ്വാസത്തെപ്രതി തടവിലാക്കിയിട്ടുണ്ട്. പൗലോസ് ഇയാസു, ഇസക് മോഗോസ്, നെഗെഡെ ടെക്ലമാരിയാം എന്നീ സഹോദരന്മാർ 1994 സെപ്റ്റംബർ മുതൽ ജയിലിലാണ്. മറ്റ് ഒൻപതു സഹോദരങ്ങൾ പത്തു വർഷമായി ജയിലിൽ കഴിയുകയാണ്.
ആസ്മാരയിൽ 2014 ഏപ്രിൽ മാസത്തിൽ സ്മാരകത്തിനു വന്ന സഹോദരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2016 ജനുവരിയിൽ അവരെ കോടതിയിൽ വിചാരണയ്ക്കു ഹാജരാക്കി. ഇങ്ങനെയൊക്കെ സംഭവിച്ചതു നമ്മുടെ നിയമപോരാട്ടത്തിനു ഗുണം ചെയ്തു. യഹോവയുടെ സാക്ഷികളുടെ മേൽ ഇപ്രാവശ്യം നിയമപ്രകാരം ‘കുറ്റം’ ചുമത്തിയതിനാൽ ആദ്യമായി അവരുടെ ഭാഗം വാദിക്കാൻ അവസരം കിട്ടി. വിചാരണ ചെയ്യപ്പെട്ട മിക്ക സഹോദരീസഹോദരന്മാരും ‘നിയമവിരുദ്ധമായ’ മീറ്റിങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ കുറ്റക്കാരാണെന്നു കോടതി വിധിച്ചു. ഇതു പ്രതീക്ഷിച്ചതുതന്നെയായിരുന്നു. അവസാനം പിഴ ഈടാക്കിയശേഷം അവരെ വിട്ടയച്ചു. പക്ഷേ പിഴയൊടുക്കാൻ വിസമ്മതിച്ച സെരോൻ ഗിബ്രു സഹോദരിക്ക് ആറു മാസത്തേക്കു ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. ആഴ്ചയിൽ ഒരിക്കൽ സഹോദരിക്കു സന്ദർശകരെ സ്വീകരിക്കാൻ അനുവാദമുണ്ട്. അധികാരികൾ നല്ല രീതിയിലാണു പെരുമാറുന്നതെന്നു സഹോദരി പറഞ്ഞു. ‘ജയിലിൽ കിടക്കുന്നവരെ, നമ്മളും അവരോടൊപ്പം ജയിലിലാണെന്നപോലെ ഓർക്കുന്നതുകൊണ്ട്’ സഹോദരിയും ജയിലിൽ കഴിയുന്ന മറ്റ് 54 സഹോദരങ്ങളും നമ്മുടെയെല്ലാം പ്രാർഥനകൾ വിലമതിക്കുന്നു.—എബ്രാ. 13:3.
ജർമനി | മതസ്വാതന്ത്ര്യം—നിയമാംഗീകാരം
2015 ഡിസംബർ 21-നു ബ്രെമൻ സംസ്ഥാനം ജർമനിയിലെ യഹോവയുടെ സാക്ഷികളുടെ മതസംഘടനയ്ക്കു നിലവിലുള്ളതിനെക്കാൾ കുറച്ചുകൂടി ആനുകൂല്യങ്ങൾ നൽകി. ജർമൻ കോടതികളിൽ നാലു വർഷമായി നടന്നുവന്ന ഒരു നിയമപോരാട്ടത്തിന് അങ്ങനെ അന്ത്യം കുറിച്ചു. ബർലിനിലെ ഉയർന്ന അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ ഒരു തീരുമാനത്തെ തുടർന്ന് ജർമനിയിലുള്ള 16 സംസ്ഥാനങ്ങളിൽ മിക്കതും നമ്മൾ ആഗ്രഹിച്ച തരം നിയമാംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രെമൻ അധികാരികൾ യഹോവയുടെ സാക്ഷികൾക്ക് ഈ നിയമാംഗീകാരം നൽകുന്നതിന് എതിരായിരുന്നു. പ്രധാനമായും എതിരാളികൾ പ്രചരിപ്പിച്ച കെട്ടിച്ചമച്ച ആരോപണങ്ങളാണ് അതിന് അവരെ പ്രേരിപ്പിച്ചത്.
2015-ൽ ജർമനിയിലെ കേന്ദ്ര ഭരണഘടനാകോടതി ബ്രെമന്റെ ഈ നിലപാട് യഹോവയുടെ സാക്ഷികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നു കണ്ടെത്തി. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ബ്രെമനിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനും സംരക്ഷണമേകേണ്ടതാണെന്നു കോടതി നിരീക്ഷിച്ചു. ഇപ്പോൾ നികുതിയിളവും പ്രമുഖ മതസംഘടനകൾക്കുള്ള മറ്റ് ആനുകൂല്യങ്ങളും അവിടെയുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾക്കും ലഭിക്കുന്നു.
കിർഗിസ്ഥാൻ | മതവിശ്വാസം ആചരിക്കാനുള്ള അവകാശം
കിർഗിസ്ഥാനിലുള്ള ഒക്സാന കര്യക്കീനയ്ക്കും അമ്മ നെടിയെഷ്ക സാർഗീൻകയ്ക്കും എതിരെ 2013 മാർച്ചിൽ ഓഷ് നഗരത്തിലെ അധികാരികൾ ക്രിമിനൽ കുറ്റം മെനഞ്ഞുണ്ടാക്കി. ബൈബിൾകാര്യങ്ങൾ പറയാൻ ചെല്ലുമ്പോൾ യഹോവയുടെ സാക്ഷികൾ അയൽക്കാരെ പറഞ്ഞുപറ്റിക്കുകയാണെന്നു വാദിഭാഗം വക്കീൽ ആരോപിച്ചു. വിചാരണ തുടങ്ങുന്നതുവരെ അവർ വീട്ടുതടങ്കലിൽ കഴിയണമെന്നായിരുന്നു കോടതിവിധി. എന്നാൽ തെളിവുകൾ കെട്ടിച്ചമച്ചവയാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും സഹോദരിമാർ കുറ്റക്കാരല്ലെന്നും 2014 ഒക്ടോബറിൽ വിചാരണക്കോടതി കണ്ടെത്തി. പിന്നീട് 2015 ഒക്ടോബറിൽ അപ്പീൽക്കോടതിയും ഈ തീരുമാനം ശരിവെച്ചു.
എന്നിട്ടും ഓഷ് നഗരത്തിന്റെ വക്കീൽ അടങ്ങിയില്ല. അദ്ദേഹം വീണ്ടും അപ്പീൽ കൊടുത്തു. ഇപ്രാവശ്യം കിർഗിസ്ഥാന്റെ സുപ്രീംകോടതിയെയാണ് അദ്ദേഹം സമീപിച്ചത്. സഹോദരിമാരെ വിട്ടയച്ച കീഴ്ക്കോടതിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും പുതുതായി വിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തു. 2016 ഏപ്രിലിൽ കേസ് കേൾക്കാൻ തുടങ്ങിയപ്പോൾത്തന്നെ, സഹോദരിമാരുടെ വക്കീലന്മാർ കേസിന്റെ സമയപരിധി കഴിഞ്ഞതാണെന്നും അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും അപേക്ഷിച്ചു. ജഡ്ജിക്കു മറ്റൊരു മാർഗവുമില്ലായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം ക്രിമിനൽ നടപടികൾ അവസാനിപ്പിച്ച് കേസ് തീർപ്പാക്കി.
ഈ അഗ്നിപരീക്ഷയുടെ സമയത്തെല്ലാം സഹോദരിമാർ സന്തോഷം കൈവിട്ടില്ല. സാർഗീൻക സഹോദരി പറയുന്നു: “മറ്റുള്ളവർ മോശമായി പെരുമാറുമ്പോൾ ആളുകൾ പരുക്കൻ സ്വഭാവമുള്ളവരായിത്തീരാറുണ്ട്. പക്ഷേ, എനിക്കു സഹോദരങ്ങളിലൂടെ യഹോവയുടെ സ്നേഹവും കരുതലും അനുഭവപ്പെട്ടു. ഞങ്ങൾ ഒരിക്കലും ഒറ്റയ്ക്കായിപ്പോയിട്ടില്ല!” യശയ്യ 41:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന പിൻവരുന്ന വാഗ്ദാനം യഹോവ പാലിക്കുന്നത് എങ്ങനെയെന്ന് ഈ സഹോദരിമാർ കണ്ണാലേ കണ്ടിരിക്കുന്നു. അവിടെ ഇങ്ങനെ പറയുന്നു: “പേടിക്കേണ്ടാ, . . . എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.”
കിർഗിസ്ഥാൻ | മതസ്വാതന്ത്ര്യം—നിയമാംഗീകാരം
2015 ആഗസ്റ്റ് 9-നു കിർഗിസ്ഥാനിലെ ഓഷ് നഗരത്തിലുള്ള നമ്മുടെ ഒരു മീറ്റിങ്ങ് സ്ഥലത്തേക്കു പത്തു പോലീസുകാർ ഇരച്ചുകയറി. അവിടെ നടക്കുന്ന ‘നിയമവിരുദ്ധമായ’ മീറ്റിങ്ങ് ഉടനെ നിറുത്തണമെന്ന് ആജ്ഞാപിച്ചു. അവിടെയുണ്ടായിരുന്ന 40-ലധികം പേർക്കു നേരെ വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. സഹോദരങ്ങളിൽ പത്തു പേരെ പിടിച്ച് അവർ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി, അതിൽ ഒൻപതു പേരെ ക്രൂരമായി മർദിച്ചശേഷം അവരെയെല്ലാം വിട്ടയച്ചു. മർദനമേറ്റ സഹോദരങ്ങളിൽ ഒരാളെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പോലീസ് അറസ്റ്റു ചെയ്തു. നുർലാൻ ഉസുബൈവ് എന്ന ആ സഹോദരൻ മീറ്റിങ്ങ് നടത്തിയെന്നും അങ്ങനെ നിയമവിരുദ്ധമായ മതപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും ആയിരുന്നു കേസ്.
ഉസുബൈവ് സഹോദരന് എതിരെയുള്ള കേസ് ഓഷ് സിറ്റി കോടതിയിൽ എത്തി. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും കാണാഞ്ഞതിനാൽ കേസ് തള്ളിപ്പോയി. വാദിഭാഗം വക്കീൽ ഓഷ് റീജിയണൽ കോടതിയിൽ അപ്പീൽ കൊടുത്തെങ്കിലും കോടതി അതു പരിഗണിക്കാൻ തയ്യാറായില്ല. യഹോവയുടെ സാക്ഷികളുടെ സംഘടന കിർഗിസ്ഥാനിൽ നിയമപരമായി രജിസ്റ്റർ ചെയ്തതായതുകൊണ്ട് ഉസുബൈവ് സഹോദരന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാകില്ല എന്ന് കോടതി വിശദീകരിച്ചു.
തോൽവി സമ്മതിക്കാൻ തയ്യാറാകാതെ ആ വക്കീൽ കിർഗിസ്ഥാൻ സുപ്രീംകോടതിയെ സമീപിച്ചു. ആശ്വാസകരമെന്നു പറയട്ടെ 2016 മാർച്ചിൽ കേസിനു തീർപ്പായി. കീഴ്ക്കോടതിയുടെയും അപ്പീൽക്കോടതിയുടെയും വിധികൾ ശരിവെച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾക്കു കിർഗിസ്ഥാനിൽ യോഗങ്ങൾ നടത്താൻ അവകാശമുണ്ടെന്നു കോടതി വിധിച്ചു. ഓഷ് നഗരത്തിലെ പോലീസുകാർക്കെതിരെ മർദനമേറ്റ സഹോദരങ്ങൾ കൊടുത്ത ഒരു കേസ് ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
റഷ്യ | മതസ്വാതന്ത്ര്യം
റഷ്യൻ മനുഷ്യാവകാശ അധികാരികളുടെ എതിർപ്പുണ്ടെങ്കിലും യഹോവയുടെ സാക്ഷികൾക്കും അവരുടെ മതപരമായ പ്രവർത്തനങ്ങൾക്കും എതിരെ റഷ്യൻ ഗവൺമെന്റ് ആക്രമണം തുടരുകയാണ്. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ 88 എണ്ണം ‘തീവ്രവാദപരം’ എന്ന് അധികാരികൾ മുദ്രകുത്തി, നമ്മുടെ ഔദ്യോഗിക വെബ്സൈറ്റായ jw.org നിരോധിക്കുകയും ചെയ്തു. പുതിയ ലോക ഭാഷാന്തരം ബൈബിൾ ഇറക്കുമതി ചെയ്യാൻ കസ്റ്റംസ് അധികാരികൾ 2015-ൽ അനുമതി നിഷേധിച്ചു. വൈബോർഗിലുള്ള ഒരു കോടതി ഈ ആധുനിക ബൈബിൾപരിഭാഷ ‘തീവ്രവാദപരം’ ആണോ എന്നു പരിശോധിച്ചുവരുകയാണ്. 2016 മാർച്ചിൽ പ്രോസിക്യൂട്ടർ ജനറൽ ഒരു പടികൂടെ കടന്ന്, സെന്റ് പീറ്റേഴ്സ്ബർഗിനു വെളിയിലുള്ള സോൽനിഷ്നെയിലെ യഹോവയുടെ സാക്ഷികളുടെ പ്രധാനപ്പെട്ട ഓഫീസുകൾ ‘തീവ്രവാദപ്രവർത്തനം’ ആരോപിച്ച് അടച്ചുപൂട്ടുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്നു.
യഹോവയുടെ സാക്ഷികൾക്കെതിരെ ഗവൺമെന്റുപോലും പകയോടെ പ്രവർത്തിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതിനിടയിൽ ചില നല്ല വാർത്തകളും കേൾക്കാനുണ്ട്. 2015 ഒക്ടോബറിൽ മോസ്കോ നഗരത്തിന് 2,000 കി.മീ. കിഴക്കു റ്റ്യൂമനിലുള്ള യഹോവയുടെ സാക്ഷികളുടെ പ്രാദേശിക മതസംഘടന (Local Religious Organization) അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ കേസ് കൊടുത്തു. തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അറിയാമായിരുന്നിട്ടും ട്യൂമൻ റീജിയണൽ കോടതി ട്യൂമനിലെ നമ്മുടെ മതസംഘടനക്കെതിരെ വിധി പ്രസ്താവിച്ചു. എന്നാൽ 2016 ഏപ്രിൽ 15-നു റഷ്യയിലെ സുപ്രീംകോടതി കീഴ്ക്കോടതിയുടെ വിധി റദ്ദാക്കുകയും “ട്യൂമൻ നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ മതസംഘടന അടച്ചുപൂട്ടാൻ ഒരു കാരണവുമില്ല” എന്നു വിധിക്കുകയും ചെയ്തു. അധ്യക്ഷനായ ജഡ്ജി വിധിന്യായം വായിച്ചുകേൾപ്പിച്ചപ്പോൾ കോടതിമുറിയിൽ ഉണ്ടായിരുന്ന 60 സഹോദരീസഹോദരന്മാരും സന്തോഷം അടക്കാനാകാതെ കൈയടിച്ചു.
റഷ്യയിലെ യഹോവയുടെ ജനത്തിന് യശയ്യ പ്രവാചകന്റെ പിൻവരുന്ന വാക്കുകളിൽ പൂർണബോധ്യമുള്ളതുകൊണ്ട് അവർ യഹോവയെ തുടർന്നും ആരാധിക്കാൻ തീരുമാനിച്ചുറച്ചിരിക്കുന്നു. അവിടെ ഇങ്ങനെ പറയുന്നു: “നിനക്ക് എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല”—യശ. 54:17.
റുവാണ്ട | മതപരമായ വിവേചനം കൂടാതെ വിദ്യാഭ്യാസം നേടാനുള്ള അവകാശം
മതപരമോ ദേശീയമോ ആയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ, അടുത്ത കാലത്ത് റുവാണ്ടയിലെ സാക്ഷികളുടെ കുട്ടികൾക്കു സ്കൂളിൽനിന്ന് പുറത്താക്കൽഭീഷണി നേരിട്ടു. ഇതിനൊരു പരിഹാരമായി, 2015 ഡിസംബർ 14-നു സ്കൂളുകളിലെ മതവിവേചനം അവസാനിപ്പിക്കാൻ ഗവൺമെന്റ് ഉത്തരവിറക്കി. വിദ്യാർഥികളുടെ ആരാധനാസ്വാതന്ത്ര്യത്തെ മാനിക്കാൻ ഈ ഉത്തരവിലൂടെ സ്കൂളുകളോട് ആവശ്യപ്പെട്ടു.
“സ്കൂളുകളിലെ മതവിവേചനത്തിന് എതിരെ റുവാണ്ട പ്രവർത്തിക്കുന്നു” എന്ന പേരിൽ 2016 ജൂൺ 9-ലെ jw.org വാർത്താജാലകത്തിൽ ഒരു ലേഖനം വന്നു. രസകരമെന്നു പറയട്ടെ, റുവാണ്ടയിലെ ജനപ്രീതിയുള്ള ഒരു ഓൺലൈൻ പത്രം ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചു. പത്രത്തിന്റെ ഈ ഓൺലൈൻ പതിപ്പ് 3,000-ത്തിലധികം ആളുകളാണ് ഉടൻതന്നെ വായിച്ചത്. അനേകരും ഗവൺമെന്റിന്റെ ഈ നടപടിയെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി. തങ്ങളുടെ കുട്ടികൾക്കു മതവിവേചനം കൂടാതെയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഉത്തരവുണ്ടായതിൽ റുവാണ്ടയിലെ സാക്ഷികൾ വളരെ സന്തുഷ്ടരാണ്.
റുവാണ്ട: ഇവർ വീണ്ടും സ്കൂളിലേക്ക്
ദക്ഷിണ കൊറിയ | മനസ്സാക്ഷി സ്വാതന്ത്ര്യം—സൈനികസേവനം ചെയ്യാൻ വിസമ്മതിക്കുന്നു
60 വർഷത്തിലേറെയായി ദക്ഷിണ കൊറിയയിലെ 19-നും 35-നും ഇടയിൽ പ്രായമുള്ള സാക്ഷികളായ പുരുഷന്മാർക്കു സൈനികസേവനം ചെയ്യാൻ സമ്മർദം നേരിട്ടിട്ടുണ്ട്. സൈനികസേവനം ചെയ്യാൻ മനസ്സാക്ഷിപരമായ കാരണങ്ങളാൽ വിസമ്മതിക്കുന്നതിനുള്ള അവകാശം ഗവൺമെന്റ് അംഗീകരിക്കുന്നില്ല. സൈനികസേവനത്തിനു പകരമായുള്ള ജോലികൾ നൽകുകയും ചെയ്യുന്നില്ല. ചിലരുടെ കാര്യത്തിൽ സൈനികസേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ വല്ല്യപ്പനും മകനും മകന്റെ മകനും വരെ ജയിലിൽ പോകേണ്ടതായിവന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ ഭരണഘടനാകോടതി സൈനികസേവന നിയമം ഭരണഘടനാപരമാണെന്നു രണ്ടു തവണ വിധിച്ചിട്ടുള്ളതാണ്. എന്നാൽ കീഴ്ക്കോടതികളും ഈ നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ടിട്ടുള്ള പുരുഷന്മാരും വീണ്ടും ഈ പ്രശ്നം ഭരണഘടനാകോടതിയുടെ മുമ്പാകെ കൊണ്ടുവന്നു. അതിന്റെ ഫലമായി 2015 ജൂലൈ 9-നു കോടതി ഈ കേസിന്റെ വാദം കേട്ടു. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികപരിശീലനം സ്വീകരിക്കാഞ്ഞതിന് 18 മാസം ജയിലിൽ കിടക്കേണ്ടിവന്ന മിൻ ഹ്വാൻ കിൻ സഹോദരൻ സാഹചര്യങ്ങൾ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ശിക്ഷിക്കപ്പെടുകയും ജയിൽമോചിതനാകുകയും ചെയ്തു. സൈനികസേവനത്തിനു പകരമുള്ള ജോലികൾ ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ എന്നെപ്പോലുള്ള മറ്റ് അനേകർക്കും ശിക്ഷ അനുഭവിക്കേണ്ടിവരില്ല. അവർക്കു സമൂഹത്തിനു നല്ല സേവനം നൽകാൻ കഴിയുകയും ചെയ്യും.” ഭരണഘടനാകോടതി വൈകാതെ അതിന്റെ തീരുമാനം പ്രഖ്യാപിക്കും.
തുർക്ക്മനിസ്ഥാൻ | ബാരം ഹെംദെമോവ്
53 വയസ്സുള്ള ഹെംദെമോവ് സഹോദരനു നാലു മക്കളുണ്ട്. ദൈവഭയമുള്ള, ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന, സമൂഹത്തിൽ ആദരണീയനായ ഒരു വ്യക്തിയാണ് ഈ സഹോരൻ. 2015 മെയ് മാസത്തിൽ അദ്ദേഹത്തെ കോടതി നാലു വർഷം കഠിനജോലികൾ ചെയ്യാൻ ശിക്ഷിച്ച് ജയിലിലേക്ക് അയച്ചു. വീട്ടിൽവെച്ച് ‘നിയമവിരുദ്ധമായ’ മീറ്റിങ്ങ് നടത്തി എന്നതായിരുന്നു കുറ്റം. സെയ്തി പട്ടണത്തിലെ കുപ്രസിദ്ധമായ ഒരു പാളയത്തിലാണു സഹോദരനെ പാർപ്പിച്ചത്. അധികാരികൾ അദ്ദേഹത്തെ പല പ്രാവശ്യം ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹവും കുടുംബവും യഹോവയോടു വിശ്വസ്തരായി ഇപ്പോഴും തുടരുന്നു. ഇടയ്ക്കിടയ്ക്കു ഭാര്യ ഗുൽസിറയ്ക്കു സഹോദരനെ കാണാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്.
യഹോവയുടെ ജനം പരിശോധനകൾക്കു മധ്യേ വിശ്വസ്തരായി തുടരാൻ നമ്മളെല്ലാം പ്രാർഥിക്കുന്നു. അവരുടെ ഈ വിശ്വസ്തത, ദൈവത്തോടു പറ്റിനിൽക്കാൻ നമുക്കൊരു പ്രചോദനമാണ്, മാതൃകയാണ്. സങ്കീർത്തനം 37:28-ലെ “ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല” എന്ന വാഗ്ദാനത്തിൽ നമ്മൾ ഉറച്ചുവിശ്വസിക്കുന്നു.