Comstock Images/Stockbyte via Getty Images
ഉണർന്നിരിക്കുക!
നിങ്ങൾ ഏതു നേതാവിനെ തിരഞ്ഞെടുക്കും?—ബൈബിളിനു പറയാനുള്ളത്
ആളുകൾ തങ്ങളുടെ നേതാവായി ആരെ തിരഞ്ഞെടുക്കണമെന്ന പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നു.
ഇതെക്കുറിച്ച് ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?
മനുഷ്യനേതാക്കന്മാർക്കു പരിമിതികളുണ്ട്
എല്ലാ മനുഷ്യനേതാക്കന്മാർക്കും ഉള്ള ഒരു പരിമിതിയെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്.
“പ്രഭുക്കന്മാരെ ആശ്രയിക്കരുത്; രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്. അവരുടെ ശ്വാസം പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു; അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.”—സങ്കീർത്തനം 146:3, 4.
വളരെ പ്രാപ്തിയുള്ള നേതാക്കന്മാർ ആണെങ്കിൽപ്പോലും അവർ ഒരു സമയം കഴിയുമ്പോൾ മരിച്ചുപോകും. മാത്രമല്ല, തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ പിന്നീട് വരുന്ന നേതാക്കന്മാരും ചെയ്യുമെന്ന് ഉറപ്പുതരാനും അവർക്കു പറ്റില്ല.—സഭാപ്രസംഗകൻ 2:18, 19.
ശരിക്കും പറഞ്ഞാൽ മനുഷ്യർക്കുതന്നെ മനുഷ്യരെ ഭരിക്കാൻ ഒരിക്കലും കഴിയില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു.
‘സ്വന്തം കാലടികളുടെ നിയന്ത്രണംപോലും മനുഷ്യനുള്ളതല്ലല്ലോ.’—യിരെമ്യ 10:23.
നല്ലൊരു നേതാവാകാൻ പറ്റുന്ന ആരെങ്കിലും ഇന്നുണ്ടോ?
ദൈവം അംഗീകരിച്ച ഒരു നേതാവ്
ഏറ്റവും പ്രാപ്തനായ, വിശ്വസിക്കാൻ കഴിയുന്ന ഒരു നേതാവിനെ ദൈവം നിയമിച്ചിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു. ആ നേതാവാണ് യേശുക്രിസ്തു. (സങ്കീർത്തനം 2:6) സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ദൈവരാജ്യഗവൺമെന്റിന്റെ രാജാവാണ് യേശു.—മത്തായി 6:10.
നിങ്ങളുടെ നേതാവായി നിങ്ങൾ യേശുവിനെ തിരഞ്ഞെടുക്കുമോ? ആ തീരുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബൈബിൾ പറയുന്നു:
“ദൈവപുത്രനെ (യേശുക്രിസ്തുവിനെ) ആദരിക്കൂ! അല്ലെങ്കിൽ ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവെച്ച് നശിച്ചുപോകും. ദൈവത്തിന്റെ കോപം ക്ഷണത്തിൽ ജ്വലിക്കുമല്ലോ. ദൈവത്തെ അഭയമാക്കുന്നവരെല്ലാം സന്തുഷ്ടർ.”—സങ്കീർത്തനം 2:12.
നിങ്ങൾ തീരുമാനമെടുക്കേണ്ടത് ഇപ്പോഴാണ്. യേശു 1914-ൽ ഭരണം തുടങ്ങിയെന്നും ദൈവരാജ്യം ഉടൻതന്നെ എല്ലാ മനുഷ്യഗവൺമെന്റുകളെയും നീക്കിയിട്ട് ഭൂമിയെ ഭരിക്കുമെന്നും ബൈബിൾപ്രവചനം വ്യക്തമാക്കുന്നു.—ദാനിയേൽ 2:44.
യേശുവിന്റെ നേതൃത്വത്തെ നിങ്ങൾക്ക് എങ്ങനെ പിന്തുണയ്ക്കാമെന്നു കൂടുതൽ മനസ്സിലാക്കാൻ “ദൈവരാജ്യത്തിന് ഇപ്പോൾ പിന്തുണ കൊടുക്കാം!” എന്ന ലേഖനം വായിക്കുക.