‘ജീവന്റെ പുസ്തകത്തിൽ’ ആരുടെ പേരുകളാണ് എഴുതുന്നത്?
ബൈബിളിന്റെ ഉത്തരം
“ജീവന്റെ ചുരുൾ” അഥവാ ‘ഓർമപ്പുസ്തകം’ എന്ന് വിളിച്ചിരിക്കുന്ന “ജീവന്റെ പുസ്തകത്തിൽ” നിത്യജീവൻ എന്ന സമ്മാനം ലഭിക്കാൻ പ്രത്യാശയുള്ളവരുടെ പേരുകളുണ്ട്. (വെളിപാട് 3:5; 20:12; മലാഖി 3:16) തന്നോടുള്ള വിശ്വസ്തമായ അനുസരണത്തിന്റെ അടിസ്ഥാനത്തിൽ എഴുതേണ്ട പേരുകൾ തീരുമാനിക്കുന്നത് ദൈവമാണ്.—യോഹന്നാൻ 3:16; 1 യോഹന്നാൻ 5:3.
ഒരു പുസ്തകത്തിൽ എഴുതിയാലെന്നപോലെ ‘ലോകാരംഭംമുതലുള്ള’ തന്റെ വിശ്വസ്തദാസരുടെ പേരുകൾ ദൈവം ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്. (വെളിപാട് 17:8) ജീവന്റെ പുസ്തകത്തിൽ പേരുള്ള ആദ്യത്തെ വ്യക്തി, തെളിവനുസരിച്ച് വിശ്വസ്തനായ ഹാബേൽ ആയിരുന്നു. (എബ്രായർ 11:4) ‘തനിക്കുള്ളവരെ അറിയുന്ന’ സ്നേഹനിധിയായ ദൈവമാണ് യഹോവയെന്ന് ജീവന്റെ പുസ്തകം തെളിവു നൽകുന്നു.—2 തിമൊഥെയൊസ് 2:19; 1 യോഹന്നാൻ 4:8.
‘ജീവന്റെ പുസ്തകത്തിൽനിന്ന്’ പേര് മായ്ച്ചുകളയാനാകുമോ?
കഴിയും. പുരാതന ഇസ്രായേലിലെ അനുസരണമില്ലാത്ത ആളുകളെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: “ആരാണോ എനിക്ക് എതിരെ പാപം ചെയ്തത് അവന്റെ പേര് എന്റെ പുസ്തകത്തിൽനിന്ന് ഞാൻ മായ്ച്ചുകളയും.” (പുറപ്പാട് 32:33) എന്നാൽ വിശ്വസ്തരാണെന്ന് തെളിയിച്ചാൽ ‘ജീവന്റെ ചുരുളിൽനിന്ന്’ നമ്മുടെ പേര് മായ്ച്ചുകളയില്ല.