യുവജനങ്ങൾ ചോദിക്കുന്നു
അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് അത്രയ്ക്കു മോശമാണോ?
കേൾക്കുന്നതിനാൽ എനിക്ക് അസ്വസ്ഥതയോ അസ്വാഭാവികതയോ തോന്നാറില്ല.”—ക്രിസ്റ്റഫർ, 17.
“കുട്ടിക്കാലത്ത് ഞാൻ ഒരുപാട് അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. പഠിക്കാൻ വളരെ എളുപ്പവും വിട്ടുകളയാൻ വളരെ ബുദ്ധിമുട്ടുള്ളതും ആയ ഒരു ശീലമായിരുന്നു അത്.”—റിബേക്ക, 19.
ചോദ്യങ്ങൾ
മറ്റുള്ളവർ മോശമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്?
ഞാൻ അത് ശ്രദ്ധിക്കാറേ ഇല്ല—ഇതൊക്കെ സാധാരണമല്ലേ?
കുറച്ചൊക്കെ അസ്വസ്ഥത തോന്നും—എന്നാലും ഞാൻ അത് കാര്യമാക്കാറില്ല.
അത് വളരെ മോശമാണെന്ന് എനിക്ക് തോന്നുന്നു—എനിക്ക് അതിനോട് യോജിക്കാനേ കഴിയില്ല.
നിങ്ങൾ എത്ര കൂടെക്കൂടെ അസഭ്യവാക്കുകൾ ഉപയോഗിക്കാറുണ്ട്?
ഒരിക്കലും ഇല്ല
വല്ലപ്പോഴും
കൂടെക്കൂടെ
തരംതാണ സംസാരത്തെ നിങ്ങൾ എങ്ങനെയാണു കാണുന്നത്?
നിസ്സാരം
ഗുരുതരം
അതിൽ എന്താണ് ഇത്ര കുഴപ്പം?
അസഭ്യസംസാരത്തെ നിങ്ങൾ ഗുരുതരമായ പ്രശ്നമായിട്ടാണോ കാണുന്നത്? ‘ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ‘ഇതിനെക്കാൾ ഗൗരവമേറിയ മറ്റെന്തെല്ലാം പ്രശ്നങ്ങളുണ്ട്. പിന്നെ, ഇതൊക്കെ മിക്കവരും ഉപയോഗിക്കുന്നതല്ലേ? ഇത്തരം ന്യായവാദങ്ങൾ ശരിയാണോ?
വിശ്വസിച്ചാലും ഇല്ലെങ്കിലും, മോശമായ ഭാഷ ഉപയോഗിക്കാത്ത അനേകരുണ്ട് എന്നതാണു വാസ്തവം! അവർ അത്തരം വാക്കുകൾ ഉപയോഗിക്കാത്തതിന് ചില കാരണങ്ങളുമുണ്ട്. ഉദാഹരണത്തിന്:
അസഭ്യവാക്കുകളുടെ ഉപയോഗം മാത്രമാണോ പ്രശ്നം? നിങ്ങളുടെ സംസാരം നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തും. മോശമായ ഭാഷ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്ത ഒരാളാണ് നിങ്ങളെന്ന് അത് സൂചിപ്പിക്കും. വാസ്തവത്തിൽ നിങ്ങൾ അങ്ങനെയുള്ള ഒരാളാണോ?
ബൈബിൾ പറയുന്നു: “വായിൽനിന്ന് വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്.”—മത്തായി 15:18.
അസഭ്യസംസാരം വാക്കുകൾകൊണ്ടുള്ള മലിനീകരണമാണ്. നിങ്ങളോ മറ്റുള്ളവരോ അതിന്റെ ഇരകളാകുന്നത് എന്തിന്?
മറ്റുള്ളവർ നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കാൻ അസഭ്യവാക്കുകൾ ഇടയാക്കും. വാക്കുകൾ നിയന്ത്രിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ആരൊക്കെ നമ്മുടെ സുഹൃത്തുക്കൾ ആകും, വീട്ടുകാരും സഹജോലിക്കാരും എത്രത്തോളം നമ്മളെ ആദരിക്കും, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ എങ്ങനെയുള്ളതായിരിക്കും, നമ്മുടെ വാക്കുകൾക്ക് ആളുകൾ എത്രത്തോളം വില തരും, നമുക്ക് ജോലിയോ സ്ഥാനക്കയറ്റമോ കിട്ടുമോ, അപരിചിതർ നമ്മളോട് എങ്ങനെ ഇടപെടും തുടങ്ങിയ കാര്യങ്ങൾ നമ്മുടെ സംസാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുന്നത്. സഭ്യമായ വാക്കുകൾ ഉപയോഗിച്ചിരുന്നെങ്കിൽ നിങ്ങളുടെ ബന്ധങ്ങൾ ഒരുപക്ഷേ, കൂടുതൽ മെച്ചപ്പെടുമായിരുന്നോ എന്ന് സ്വയം ചോദിക്കാനും” ആ പുസ്തകം ആവശ്യപ്പെടുന്നു.
ബൈബിൾ പറയുന്നു: “എല്ലാ തരം ... അസഭ്യസംസാരവും” ... നിങ്ങളിൽനിന്ന് നീക്കിക്കളയുക.”—എഫെസ്യർ 4:31.
നിങ്ങൾ വിചാരിച്ചേക്കാവുന്നതുപോലെ അത് നിങ്ങളെ സ്വീകാര്യനാക്കിത്തീർക്കില്ല. എത്ര പരുഷം! (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. അലക്സ് പാക്കർ ഇങ്ങനെ പറയുന്നു: “വായെടുത്താൽ അസഭ്യം മാത്രം പറയുന്നവരെ കേട്ടിരിക്കുക വളരെ ബുദ്ധിമുട്ടാണ്. അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പദസമ്പത്ത്, നമ്മൾ ഉൾക്കാഴ്ചയുള്ളവനാണെന്നോ രസികനാണെന്നോ ബുദ്ധിമാനാണെന്നോ സഹാനുഭൂതിയുള്ളവനാണെന്നോ ഉള്ള ഒരു ധാരണയും മറ്റുള്ളവർക്ക് കൊടുക്കില്ല. നിങ്ങളുടെ സംസാരം അലസവും അവ്യക്തവും ചിന്താശൂന്യവും ആണെങ്കിൽ നിങ്ങളുടെ മനസ്സും അങ്ങനെതന്നെയായിരിക്കും.”
ബൈബിൾ പറയുന്നു: “ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്.”—എഫെസ്യർ 4:29.
നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ലക്ഷ്യം വെക്കുക. ഒരു മാസമോ അതിൽ കുറവ് സമയമോ എടുത്തുകൊണ്ട് മോശമായ സംസാരരീതി നിറുത്താൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ? ഒരു ചാർട്ടിലോ കലണ്ടറിലോ നിങ്ങളുടെ പുരോഗതി അടയാളപ്പെടുത്തുകയും ചെയ്യുക. എങ്കിലും എടുത്ത തീരുമാനത്തോട് പറ്റിനിൽക്കാൻ മറ്റു ചില പടികൾ കൂടി സ്വീകരിക്കേണ്ടതുണ്ടായിരിക്കാം. ഉദാഹരണത്തിന്:
നിങ്ങളുടെ മനസ്സിൽ അസഭ്യസംസാരം നിറയ്ക്കുന്ന എല്ലാ വിനോദങ്ങളും ഒഴിവാക്കുക. “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്നാണ് ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്) ചീത്ത കൂട്ടുകെട്ടിൽ ആളുകൾ മാത്രമല്ല വിനോദങ്ങളും ഉൾപ്പെടുന്നു. കാണുന്ന സിനിമ, കളിക്കുന്ന ഗെയിമുകൾ, കേൾക്കുന്ന പാട്ടുകൾ അങ്ങനെയെല്ലാം. 17 വയസ്സുള്ള കെന്നത്ത് പറയുന്നു: “ഒരു പാട്ടിലെ വരികൾ തീരെ മോശമാണെന്ന് അറിഞ്ഞിട്ടുപോലും നല്ല ഈണവും താളവും ഉള്ളതുകൊണ്ട് പലരും അത് ഏറ്റുപാടാറുണ്ട്.”
പക്വതയുണ്ടെന്ന് തെളിയിക്കുക. അസഭ്യവാക്കുകൾ ഉപയോഗിച്ചാൽ താൻ ഒരു മുതിർന്ന വ്യക്തിയാണെന്ന് മറ്റുള്ളവർക്ക് തോന്നിക്കൊള്ളും എന്നാണു ചിലരുടെ ചിന്ത. എന്നാൽ സത്യം നേരെ മറിച്ചാണ്. പക്വതയുള്ളവർ, “ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച മുതിർന്ന” ആളുകളാണെന്നാണ് ബൈബിൾ പറയുന്നത്. (എബ്രായർ 5:14) മറ്റുള്ളവരുടെ മുന്നിൽ ആളാകാൻവേണ്ടി അവർ തങ്ങളുടെ നിലവാരം വിട്ടുകളയില്ല.
വാസ്തവത്തിൽ, തരംതാണ ഭാഷ ഉപയോഗിക്കുന്നത് നമ്മുടെ മനസ്സിനെ മോശമായ ചിന്തകൾകൊണ്ട് മലീമസമാക്കാനേ ഉപകരിക്കൂ. അങ്ങനെ ചെയ്യുന്ന ആളുകളാണ് ഇന്ന് കൂടുതലായുള്ളത്. “ആ ഓടയിലേക്കു ചേർന്നുകൊണ്ട് അതിനെ വലിയ അഴുക്കുചാലാക്കരുത്” എന്ന് വാക്കുകൾ നിയന്ത്രിക്കുക എന്ന പുസ്തകം നിർദേശിക്കുന്നു. “അസഭ്യവാക്കുകൾ നിറഞ്ഞ ആ പരിസ്ഥിതി വൃത്തിയാക്കുന്നതിൽ നിങ്ങളുടെ പങ്ക് നിർവഹിക്കുക. അത് ആത്മാഭിമാനം വർധിപ്പിക്കുമെന്നു മാത്രമല്ല മറ്റുള്ളവർക്ക് നിങ്ങളോടുള്ള മതിപ്പ് വളരാൻ ഇടയാക്കുകയും ചെയ്യും” എന്നും ആ പുസ്തകം കൂട്ടിച്ചേർക്കുന്നു.