യുവജനങ്ങൾ ചോദിക്കുന്നു
എല്ലാ കാര്യങ്ങളിലും പൂർണത പ്രതീക്ഷിക്കുന്ന ഒരാളാണോ ഞാൻ?
നിങ്ങൾ
എല്ലാ പരീക്ഷകളിലും ഒന്നാമനാകാൻ ആഗ്രഹിക്കുന്നെങ്കിൽ
തോറ്റുപോകും എന്നു പേടിച്ച് പുതിയ വെല്ലുവിളികൾ ഒഴിവാക്കുന്നെങ്കിൽ
എല്ലാ വിമർശനവും നിങ്ങളുടെ വ്യക്തിത്വത്തിന്മേലുള്ള ആക്രമണമായി കരുതുന്നെങ്കിൽ
. . . മുകളിലെ ചോദ്യത്തിനെല്ലാം ഉത്തരം ഉവ്വ് എന്നായിരിക്കും. അതിൽ കുഴപ്പമുണ്ടോ?
പൂർണത പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?
“ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല, അത് നല്ലതാണ്. എന്നാൽ അസാധ്യമായ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യണം എന്ന് ശഠിക്കുന്നത് ഹാനികരമാണ്”എന്ന് പൂർണതാവാദി—പരിപൂർണത പ്രതീക്ഷിക്കുന്നതിലെ അപകടം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “പരിപൂർണത പ്രതീക്ഷിക്കുന്നത് ഒരു ‘തലവേദന’ ആയി മാറാൻ സാധ്യതയുണ്ട്. കാരണം ആരും എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓർക്കുക.”
ഇതിനോട് ബൈബിൾ യോജിക്കുന്നു. “ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ” എന്നാണ് ബൈബിൾ പറയുന്നത്. (സഭാപ്രസംഗകൻ 7:20) നിങ്ങൾ എല്ലാം തികഞ്ഞ ഒരു ആളല്ലാത്തതിനാൽ ചിലപ്പോൾ നിങ്ങളുടെ നേട്ടങ്ങൾ പ്രതീക്ഷയ്ക്കൊത്ത് എത്തണമെന്നില്ല.
ഇതിനോട് നിങ്ങൾക്കു യോജിക്കാൻ ബുദ്ധിമുട്ടാണോ? എല്ലാത്തിലും പൂർണത പ്രതീക്ഷിക്കുന്നത് നിങ്ങൾക്ക് എങ്ങനെ ദോഷം ചെയ്യുമെന്ന് കാണിക്കുന്ന നാലു കാര്യങ്ങൾ നോക്കാം.
നിങ്ങൾ നിങ്ങളെത്തന്നെ വീക്ഷിക്കുന്ന വിധം. എത്തിച്ചേരാനായി വളരെ ഉയർന്ന ഒരു നിലവാരമാണ് പൂർണത പ്രതീക്ഷിക്കുന്നവർ തങ്ങൾക്കുവേണ്ടി വെക്കുന്നത്. നിരാശയ്ക്കുള്ള ‘നല്ലൊരു’ അടിസ്ഥാനം! “എല്ലാ കാര്യത്തിലും നമ്മൾ ഒന്നാം സ്ഥാനത്തെത്തില്ല എന്നതാണ് യാഥാർഥ്യം. പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരുമ്പോഴെല്ലാം സ്വയം ഇടിച്ചുതാഴ്ത്തുന്നത് നമ്മുടെ ആത്മാഭിമാനം നഷ്ടപ്പെടാൻ കാരണമായേക്കാം. അത് നമ്മളെ നിരാശയിലാഴ്ത്തും.”—അലീഷ.
നിർദേശങ്ങളെ നിങ്ങൾ വീക്ഷിക്കുന്ന വിധം. സഹായിക്കുക എന്ന ലക്ഷ്യത്തിൽ കുറവുകൾ ചൂണ്ടിക്കാണിക്കുന്നത് പൂർണതാവാദികൾക്ക് ഇഷ്ടപ്പെടില്ല. കരിവാരിത്തേക്കാനുള്ള ശ്രമമായി അവർ അതിനെ കണ്ടേക്കാം. ജെറമി എന്നു പേരുള്ള ഒരു യുവാവ് പറയുന്നത് “തിരുത്തൽ എനിക്കു സഹിക്കാനേ പറ്റില്ല” എന്നാണ്. “പൂർണത പ്രതീക്ഷിക്കുന്ന ഒരു വ്യക്തി സ്വന്തം കുറവുകൾ അംഗീകരിക്കാനോ സഹായം സ്വീകരിക്കാനോ മനസ്സുകാണിക്കില്ല” എന്നും ജെറമി പറയുന്നു.
മറ്റുള്ളവരെ നിങ്ങൾ വീക്ഷിക്കുന്ന വിധം. പൂർണത പ്രതീക്ഷിക്കുന്നവർ മറ്റുള്ളവരെ എപ്പോഴും വിമർശിക്കാൻ ചായ്വുള്ളവരാണ്. ഇതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. 18 വയസ്സുകാരിയായ അന്ന പറയുന്നത് ഇങ്ങനെ: “നിങ്ങളിൽനിന്ന് നിങ്ങൾ പൂർണത പ്രതീക്ഷിക്കുന്നെങ്കിൽ മറ്റുള്ളവരിൽനിന്നും നിങ്ങൾ അതുതന്നെ പ്രതീക്ഷിക്കും.” അന്ന ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “മറ്റുള്ളവർ നിങ്ങളുടെ ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരുമ്പോഴെല്ലാം നിങ്ങൾക്ക് അവരോട് ദേഷ്യം തോന്നും.”
മറ്റുള്ളവർ നിങ്ങളെ വീക്ഷിക്കുന്ന വിധം. മറ്റുള്ളവരെക്കുറിച്ച് ന്യായമല്ലാത്ത പ്രതീക്ഷകളാണ് നിങ്ങൾക്കുള്ളതെങ്കിൽ, ആളുകൾ നിങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്നതിൽ അതിശയിക്കരുത്. “ആരെയും തളർത്തിക്കളയുന്നതാണ് ഒരു പൂർണതാവാദിയുടെ എത്തിപ്പിടിക്കാനാകാത്ത ഉയർന്ന നിലവാരങ്ങൾ” എന്ന് ബെത്ത് പറയുന്നു. “അത്തരത്തിലുള്ള ഒരാളുടെ കൂടെയായിരിക്കാൻ ആരും ഇഷ്ടപ്പെടില്ല.”
ഇതിലും മെച്ചമായ വഴിയുണ്ടോ?
ബൈബിൾ പറയുന്നു: “വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.” (ഫിലിപ്പിയർ 4:5) വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടുള്ളവർ തങ്ങളിൽനിന്നും മറ്റുള്ളവരിൽനിന്നും ന്യായമായ കാര്യങ്ങളേ പ്രതീക്ഷിക്കൂ.
“ഇപ്പോൾത്തന്നെ പല പ്രശ്നങ്ങളുണ്ട്. അതിന്റെകൂടെ ഒരു പൂർണതാവാദി ആയിക്കൊണ്ട് എന്തിന് അത് കൂട്ടണം? അത് താങ്ങാവുന്നതിലും അധികമായിരിക്കും.”—നൈല.
‘ദൈവത്തോടൊപ്പം എളിമയോടെ നടക്കുക’ എന്ന് ബൈബിൾ പറയുന്നു. (മീഖ 6:8) എളിമയുള്ളവർ തങ്ങളുടെ പരിമിതികൾ തിരിച്ചറിയുന്നു. ചെയ്യാവുന്നതിലും അധികം കാര്യങ്ങൾ അവർ ഏറ്റെടുക്കില്ല. അങ്ങനെയുള്ള കാര്യങ്ങൾക്കായി വളരെയധികം സമയം ചെലവഴിക്കുകയുമില്ല.
“എന്റെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യുന്നെന്ന് എനിക്കു തോന്നണമെങ്കിൽ എനിക്കു കഴിയുന്നത്ര കാര്യങ്ങളേ ഞാൻ ഏറ്റെടുക്കാവൂ. എന്റെ പരിമിതി ഞാൻ മനസ്സിലാക്കണം.”—ഹെയ്ലി.
“ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 9:10) അതുകൊണ്ട് പൂർണതാവാദത്തിനുള്ള പരിഹാരം മടിയല്ല, കഠിനാധ്വാനമാണ്. എന്നാൽ മേൽപ്പറഞ്ഞിരിക്കുന്ന ഗുണങ്ങൾ നമുക്ക് ആവശ്യമാണ്. വിട്ടുവീഴ്ച കാണിക്കാനുള്ള സന്നദ്ധതയും എളിമയും.
“ഒരു കാര്യം ചെയ്യുമ്പോൾ അത് ഏറ്റവും നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കുന്നു, എന്റെ കഴിവിന്റെ പരമാവധി. ഒരു കുറവുമില്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല എന്ന് എനിക്കറിയാം. എന്നാൽ എന്റെ പരമാവധി ചെയ്തെന്ന് ഓർക്കുമ്പോൾ എനിക്കു സന്തോഷമാണ്.” —ജോഷ്വ.