നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് JW ഉപഗ്രഹചാനൽ
2021 ഏപ്രിൽ 1
ഓരോ മാസവും JW പ്രക്ഷേപണത്തിലൂടെ വരുന്ന വീഡിയോകളും മറ്റു പരിപാടികളും കാണാൻ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. എന്നാൽ ആഫ്രിക്കയിലെ മിക്ക സഹോദരങ്ങൾക്കും നമ്മളെപ്പോലെ അത്ര എളുപ്പത്തിൽ അവ കാണാനാകുന്നില്ല. എന്തുകൊണ്ട്?
ആഫ്രിക്കയിലെ മിക്ക സ്ഥലങ്ങളിലും ഇന്റർനെറ്റ് സൗകര്യം കുറവാണ്. ഉണ്ടെങ്കിൽത്തന്നെ കുറഞ്ഞ സ്പീഡിലായിരിക്കും ഇന്റർനെറ്റ് കിട്ടുന്നത്, അതിനാണെങ്കിൽ വളരെ ചെലവും. മഡഗാസ്കറിലെ ഒരു സംഭവം നോക്കാം. ഒരിക്കൽ ഒരു സർക്കിട്ട് മേൽവിചാരകൻ ഒരു മാസത്തെ JW പ്രക്ഷേപണം ഒരു ഇന്റർനെറ്റ് കഫേയിൽവെച്ച് ഡൗൺലോഡ് ചെയ്തു. അതിനുവന്ന ബില്ലോ? 16 ഡോളർ! ഏകദേശം 1,200 രൂപ. അവിടത്തെ ചില ആളുകളുടെ ഒരാഴ്ചത്തെ വരുമാനത്തെക്കാൾ അധികമായിരുന്നു അത്!a
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും ആഫ്രിക്കയിലെ ലക്ഷക്കണക്കിന് ആളുകൾ ഇന്ന് JW പ്രക്ഷേപണം ഇന്റർനെറ്റ് ഒന്നുമില്ലാതെ കാണുന്നു. അത് എങ്ങനെയാണ്?
2017 മുതൽ ആഫ്രിക്കയിലെ സഹാറയുടെ തെക്കുഭാഗത്തുള്ളവർക്കുവേണ്ടി JW പ്രക്ഷേപണം സാറ്റലൈറ്റ് ചാനൽ വഴി ലഭ്യമാകാൻ തുടങ്ങി. ആഴ്ചയിലെ എല്ലാ ദിവസവും 24 മണിക്കൂറും ഈ ചാനൽ സംപ്രേഷണം ചെയ്യുന്നു. 16 ഭാഷകളിൽ ലഭ്യമായ ഈ ചാനൽ സൗജന്യവുമാണ്.
മൊസാമ്പിക്കിലെ സഹോദരങ്ങൾ രാജ്യഹാളിൽ JW ഉപഗ്രഹചാനലിനുവേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കുന്നു, 2018
ഇതിനെല്ലാംവേണ്ടി യഹോവയുടെ സാക്ഷികൾ ഒരു ടെലിവിഷൻ സംപ്രേഷണ സർവീസുമായി കരാറുണ്ടാക്കി. അങ്ങനെ ഒരു ഉപഗ്രഹചാനൽ വഴി ഈ പരിപാടികളെല്ലാം സംപ്രേഷണം ചെയ്യാൻ തുടങ്ങി. സഹാറയുടെ തെക്കുഭാഗത്തുള്ള ഏതാണ്ട് 35 രാജ്യങ്ങളിലുള്ളവർക്ക് ഇതിൽനിന്ന് പ്രയോജനം കിട്ടി. ഈ കരാറിനുവേണ്ടി ഏകദേശം 8,70,000 രൂപയാണ് മാസംതോറും ചെലവാകുന്നത്. ചില അവസരങ്ങളിൽ കൺവെൻഷനുകളോ ബ്രാഞ്ച് സന്ദർശനമോ പോലുള്ള തത്സമയപരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനായി നമ്മൾ മറ്റൊരു ചാനൽകൂടി ഉപയോഗിക്കാറുണ്ട്. അതിനു കൂടുതലായി പണം നൽകേണ്ടിവരും.
മലാവിയിലെ പ്രാദേശിക ഡിസൈൻ/നിർമാണ വിഭാഗത്തിലെ സഹോദരങ്ങൾ JW ഉപഗ്രഹചാനൽ വഴി പരിപാടികൾ കാണുന്നു, 2018
അനേകം ആളുകൾ, യഹോവയുടെ സാക്ഷികൾ അല്ലാത്തവർപോലും വീട്ടിലിരുന്ന് ടിവിയിലൂടെ ഈ JW ഉപഗ്രഹചാനൽ കാണാറുണ്ട്. എന്നാൽ പല സഹോദരങ്ങൾക്കും ഇതിനുവേണ്ട ഉപകരണങ്ങൾ സ്വന്തമായി വാങ്ങുന്നതിന് ആവശ്യമായ പണം കൈയിലില്ല. അതുകൊണ്ട് 3,670-ലധികം രാജ്യഹാളുകളിൽ ഈ ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. അങ്ങനെയാകുമ്പോൾ സഹോദരങ്ങൾക്ക് രാജ്യഹാളിലിരുന്ന് JW പ്രക്ഷേപണം ആസ്വദിക്കാനാകും. രാജ്യഹാളിൽ ടിവിയോ പ്രൊജക്ടറോ ഇല്ലെങ്കിൽ ഈ ഉപകരണങ്ങൾക്ക് ഡെലിവറി ചാർജ് ഉൾപ്പെടെ 38,000 രൂപയോളം വരും. ഉണ്ടെങ്കിൽ ഏകദേശം 5,000 രൂപ മതി.
ഇങ്ങനെയൊരു ചാനൽ ക്രമീകരിച്ചതിന് സംഘടനയോട് നമ്മുടെ സഹോദരങ്ങൾക്ക് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. കാമറൂണിലുള്ള ഒരു മേൽവിചാരകൻ പറയുന്നു: “ഞങ്ങളുടെ കുടുംബത്തിന് മരുഭൂമിയുടെ നടുവിലായിരുന്നപ്പോൾ കിട്ടിയ മന്ന പോലെയാണിത്.” നൈജീരിയയിലെ ഒരു സഹോദരനായ ഓഡെബോഡിയുടെ അഭിപ്രായം ഇങ്ങനെയാണ്: “ആഴ്ചയിൽ മൂന്നു പ്രാവശ്യം ഞങ്ങളുടെ കുടുംബം ഈ ചാനൽ കാണാറുണ്ട്. ആ ദിവസം വരാൻ ഞങ്ങളുടെ കുട്ടികൾ നോക്കിയിരിക്കും. മറ്റു ദിവസങ്ങളിലും കുട്ടികൾ ചോദിക്കും, ‘JW ചാനൽ വെക്കാമോ’ എന്ന്.” നൈജീരിയയിൽനിന്നുള്ള റോസ് പറയുന്നു: “എപ്പോഴും ന്യൂസ് ചാനൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു രീതിയായിരുന്നു എനിക്ക്. എന്നാൽ JW ഉപഗ്രഹചാനൽ വന്നതോടെ ആ ശീലമൊന്ന് മാറ്റാൻ പറ്റി. ന്യൂസിൽ ഓരോന്നും കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട്, ബിപിയും കൂടും. എന്നാൽ JW പ്രക്ഷേപണം ശരിക്കും സന്തോഷം തരും, മനസ്സൊന്ന് ശാന്തമാകും. ഇപ്പോൾ ഈ ചാനലാണ് എനിക്ക് ഏറ്റവും ഇഷ്ടം. ശരിക്കും യഹോവയുടെ വലിയൊരു അനുഗ്രഹംതന്നെ!”
JW ഉപഗ്രഹചാനൽ വഴി മലാവിയിലെ ഒരു കുടുംബം കുട്ടികൾക്കുവേണ്ടിയുള്ള ഒരു വീഡിയോ കാണുന്നു
ഈ ഉപഗ്രഹചാനലിനുവേണ്ട എല്ലാ ഉപകരണങ്ങളും തന്റെ സർക്കിട്ടിലുള്ള രാജ്യഹാളുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് മൊസാമ്പിക്കിലെ ഒരു സർക്കിട്ട് മേൽവിചാരകൻ പറയുന്നു. ഈ ഉപഗ്രഹചാനൽ വഴി JW പ്രക്ഷേപണം കാണാൻ അവിടെയുള്ള സഹോദരങ്ങൾ മീറ്റിങ്ങിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും രാജ്യഹാളിൽ എത്തും.
എത്യോപ്യയിലെ ഒരു സഭ ഇന്റർനെറ്റിന്റെ സഹായമില്ലാതെ JW പ്രക്ഷേപണം കണ്ടതിനു ശേഷം, 2018
2019-ൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽവെച്ച് ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടന്നു. അവിടെ നടന്ന ഒരു ഭരണസംഘാംഗത്തിന്റെ പ്രസംഗവും മറ്റു മുഖ്യപ്രസംഗങ്ങളും ഒൻപതു സ്ഥലങ്ങളിലേക്കു പ്രക്ഷേപണം ചെയ്യുന്നതിനുവേണ്ടി ഈ ചാനലാണ് ഉപയോഗിച്ചത്. സൗത്ത് ആഫ്രിക്ക ബ്രാഞ്ചിലെ പ്രാദേശിക പ്രക്ഷേപണ ഡിപ്പാർട്ടുമെന്റിൽ സേവിക്കുന്ന സ്പുനിലേലെ സഹോദരൻ പറയുന്നു: “മുമ്പൊക്കെ പ്രസംഗങ്ങൾ പ്രക്ഷേപണം ചെയ്യാൻ ഇന്റർനെറ്റ് വേണമായിരുന്നു. അതിനു പണച്ചെലവുണ്ട്. പോരാത്തതിന് ഇന്റർനെറ്റിന് നല്ല സ്പീഡും വേണം. എന്നാൽ JW ഉപഗ്രഹചാനൽ ചെലവ് കുറഞ്ഞതാണ്. ധൈര്യമായിട്ട് ഉപയോഗിക്കാൻ പറ്റും.”
ലോകവ്യാപകവേലയ്ക്കുവേണ്ടി നിങ്ങൾ ഓരോരുത്തരും തരുന്ന സംഭാവനകൾക്ക് വളരെവളരെ നന്ദി. അതുകൊണ്ട് ആഫ്രിക്കയിലുള്ള നമ്മുടെ സഹോദരങ്ങൾക്ക് ഈ ഉപഗ്രഹചാനൽ ഉപയോഗിച്ച് JW പ്രക്ഷേപണം കാണാനാകുന്നു. donate.jw.org-ൽ കാണുന്ന വ്യത്യസ്തരീതികളിലൂടെ നിങ്ങൾ നൽകിയ സംഭാവനകളെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.
a ഈ ലേഖനത്തിലെ ഡോളർ യുഎസ് ഡോളറാണ്.