-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കണ്ണു നിറഞ്ഞൊഴുകി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡാക്രിയോ എന്ന ഗ്രീക്കുപദം, ലൂക്ക 7:38; പ്രവൃ 20:19, 31; എബ്ര 5:7; വെളി 7:17; 21:4 എന്നതുപോലുള്ള തിരുവെഴുത്തുകളിൽ “കണ്ണീർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാരൂപമാണ്. കരയുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെക്കാൾ സാധ്യതയനുസരിച്ച് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നതു കണ്ണു നിറഞ്ഞൊഴുകുന്നതിനാണ്. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കുക്രിയ കാണുന്നുള്ളൂ. എന്നാൽ മറിയയും ജൂതന്മാരും കരയുന്നതായി പറയുന്ന യോഹ 11:33-ൽ (പഠനക്കുറിപ്പു കാണുക.) മറ്റൊരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. താൻ ലാസറിനെ ഉയിർപ്പിക്കാൻപോകുകയാണെന്നു യേശുവിന് അറിയാമായിരുന്നെങ്കിലും തന്റെ പ്രിയസ്നേഹിതരുടെ ദുഃഖം കണ്ടപ്പോൾ യേശുവിന് ആകെ സങ്കടമായി. തന്റെ സുഹൃത്തുക്കളോട് ആഴമായ സ്നേഹവും അനുകമ്പയും തോന്നിയ യേശുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽവെച്ചാണു യേശു കണ്ണീരൊഴുക്കിയത്. ഈ വിവരണം ഒരു കാര്യം വ്യക്തമാക്കുന്നു: ആദാമിൽനിന്ന് കൈമാറിക്കിട്ടിയ മരണം നമ്മുടെ പ്രിയപ്പെട്ടവരെ കവർന്നെടുക്കുമ്പോൾ നമുക്ക് എത്രത്തോളം ദുഃഖം തോന്നുന്നുണ്ടെന്നു യേശുവിനു നന്നായി മനസ്സിലാകും.
-