-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ലോകം: സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ കോസ്മൊസ് എന്ന ഗ്രീക്കുപദം അർഥമാക്കുന്നത്, ദൈവത്തിൽനിന്ന് അകന്ന മനുഷ്യസമൂഹത്തെയാണ്. ക്രിസ്തീയസഭയിലെ അംഗങ്ങൾ അഥവാ ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ അല്ലാത്ത എല്ലാ മനുഷ്യരെയുമായിരിക്കാം ഈ പദം കുറിക്കുന്നത്.—യോഹ 15:19-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു: യേശുവിന്റെ അനുഗാമികൾക്ക് അതിനോടകം ദൈവത്തിന്റെ പേര് അറിയാമായിരുന്നു. അവർ അപ്പോൾത്തന്നെ അത് ഉപയോഗിച്ചിരുന്നതുമാണ്. അവരുടെ സിനഗോഗുകളിൽ ലഭ്യമായിരുന്ന എബ്രായതിരുവെഴുത്തുകളുടെ ചുരുളുകളിൽ അവർ അതു കണ്ടിട്ടുണ്ട്, അതിൽനിന്ന് ആ പേര് അവർ വായിച്ചിട്ടുമുണ്ട്. ആളുകളെ പഠിപ്പിക്കാൻ അന്ന് ഉപയോഗിച്ചിരുന്ന സെപ്റ്റുവജിന്റിലും (എബ്രായതിരുവെഴുത്തുകളുടെ ഒരു ഗ്രീക്കുപരിഭാഷ.) അവർ അതു കണ്ടിട്ടുണ്ടാകണം. (അനു. എ5-ഉം അനു. സി-യും കാണുക.) ബൈബിളിൽ “പേര്” എന്ന പദം, ആ പേര് വഹിക്കുന്ന വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള സത്പേരിനെയോ കുറിക്കാറുണ്ട്. ഇനി ആ പദത്തിന്, ആ വ്യക്തി തന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിക്കാനാകും. (മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക; വെളി 3:4, അടിക്കുറിപ്പ് താരതമ്യം ചെയ്യുക.) യേശു ദൈവത്തിന്റെ പേര് വെളിപ്പെടുത്തിയതു ദൈവനാമം ഉപയോഗിച്ചതിലൂടെ മാത്രമല്ല, ആ പേരിന്റെ ഉടമയായ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടും കൂടിയായിരുന്നു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ, പ്രവർത്തനങ്ങൾ, ഗുണങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾക്കു പറഞ്ഞുകൊടുത്തുകൊണ്ടാണു യേശു അതു ചെയ്തത്. യേശു ‘പിതാവിന്റെ അരികിലുള്ളവനായിരുന്നതുകൊണ്ട്’ പിതാവിനെക്കുറിച്ച് മറ്റാരെക്കാളും നന്നായി പറഞ്ഞുകൊടുക്കാൻ യേശുവിനാകുമായിരുന്നു. (യോഹ 1:18; മത്ത 11:27) യേശുവിന്റെ ആദ്യകാല അനുഗാമികളുടെ കാര്യത്തിൽ അങ്ങനെ ദൈവത്തിന്റെ ‘പേരിനു’ പുതിയൊരു മാനം കൈവന്നു.
അനുസരിച്ചിരിക്കുന്നു: ഈ വാക്യത്തിലെ പ്രയോഗരീതിവെച്ച് നോക്കുമ്പോൾ, റ്റേറേഓ എന്ന ഗ്രീക്കുപദത്തെ “എപ്പോഴും അനുസരിക്കുക; ചെവികൊടുക്കുക” എന്നൊക്കെയും നിർവചിക്കാം.
-