ജൂലൈ 15 ചൊവ്വ
“എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.”—യോഹ. 21:16.
“ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക” എന്ന് അപ്പോസ്തലനായ പത്രോസ് സഹമൂപ്പന്മാരോടു പറഞ്ഞു. (1 പത്രോ. 5:1-4.) നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ സഹോദരങ്ങളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെന്നും അവർക്കു വേണ്ട സഹായവും പ്രോത്സാഹനവും നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പാണ്. പക്ഷേ തിരക്കും ക്ഷീണവും കാരണം ആ ഉത്തരവാദിത്വം ചെയ്യാൻ ചിലപ്പോഴെങ്കിലും നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അപ്പോൾ നിങ്ങളെ എന്തു സഹായിക്കും? നിങ്ങളുടെ ഉത്കണ്ഠകളെക്കുറിച്ച് യഹോവയോടു തുറന്നുപറയുക. പത്രോസ് എഴുതി: “ആരെങ്കിലും . . . ശുശ്രൂഷിക്കുന്നെങ്കിൽ ദൈവം നൽകുന്ന ശക്തിയിൽ ആശ്രയിച്ച് ശുശ്രൂഷിക്കട്ടെ.” (1 പത്രോ. 4:11) ഈ വ്യവസ്ഥിതിയിൽ പൂർണമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളായിരിക്കാം ചിലപ്പോൾ സഹോദരങ്ങൾ അനുഭവിക്കുന്നത്. എന്നാൽ മറ്റാരെക്കാളും നന്നായി അവരെ സഹായിക്കാൻ ‘മുഖ്യയിടയനായ’ യേശുക്രിസ്തുവിനു കഴിയുമെന്ന കാര്യം ഓർക്കുക. ഇപ്പോഴും പുതിയ ഭൂമിയിലും യേശു അങ്ങനെ ചെയ്യും. യഹോവ മൂപ്പന്മാരിൽനിന്ന് പ്രതീക്ഷിക്കുന്നതു സഹോദരങ്ങളെ സ്നേഹിക്കാനും അവർക്ക് ഇടയവേല ചെയ്യാനും ‘ആട്ടിൻപറ്റത്തിനു മാതൃകകളായിരിക്കാനും’ മാത്രമാണ്. w23.09 29–30 ¶13-14
ജൂലൈ 16 ബുധൻ
“ജ്ഞാനികളുടെ ചിന്തകൾ കഴമ്പില്ലാത്തതാണെന്ന് യഹോവയ്ക്ക് അറിയാം.”—1 കൊരി. 3:20.
നമ്മൾ മാനുഷികമായ ചിന്താരീതിക്കു വഴിപ്പെടരുത്. മാനുഷികമായ രീതിയിലാണു കാര്യങ്ങളെ കാണുന്നതെങ്കിൽ നമ്മൾ യഹോവയെയും യഹോവയുടെ നിലവാരങ്ങളെയും അവഗണിക്കാൻ തുടങ്ങിയേക്കാം. (1 കൊരി. 3:19) ‘ഈ ലോകത്തിന്റെ ജ്ഞാനത്തിനു’ ചേർച്ചയിൽ പ്രവർത്തിക്കാനായിരിക്കാം മിക്കപ്പോഴും നമ്മുടെ സ്വാഭാവികചായ്വ്. പെർഗമൊസിലെയും തുയഥൈരയിലെയും ചില ക്രിസ്ത്യാനികൾ ആ കെണിയിൽ വീണുപോയി. അവർ അവിടത്തെ ആളുകളുടെ അധാർമികപ്രവൃത്തികളും വിഗ്രഹാരാധനയും തങ്ങളെ സ്വാധീനിക്കാൻ അനുവദിച്ചു. ലൈംഗിക അധാർമികത വെച്ചുപൊറുപ്പിച്ചതിന്റെ പേരിൽ ആ രണ്ടു സഭകൾക്കും യേശു ശക്തമായ തിരുത്തൽ നൽകി. (വെളി. 2:14, 20) ഇന്നും തെറ്റായ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള സമ്മർദം നമുക്കും നേരിടാറുണ്ട്. നമ്മുടെ നിയമങ്ങൾ അങ്ങേയറ്റം കർക്കശമാണെന്നും ചിലതൊക്കെ അനുസരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും നമ്മളെ വിശ്വസിപ്പിക്കാൻ കുടുംബാംഗങ്ങളോ കൂട്ടുകാരോ ശ്രമിച്ചേക്കാം. ബൈബിളിന്റെ ധാർമികനിലവാരങ്ങൾ പഴഞ്ചനാണെന്നും നമ്മുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു ഒരു തെറ്റല്ലെന്നും ഒക്കെയായിരിക്കാം അവർ പറയുന്നത്. ഇനി, മറ്റു ചിലപ്പോൾ യഹോവ വേണ്ടത്ര നിർദേശങ്ങൾ തന്നിട്ടില്ലെന്നു നമുക്കു തോന്നിയേക്കാം. അതുകൊണ്ടുതന്നെ ‘എഴുതിയിരിക്കുന്നതിന് അപ്പുറം പോകാൻ’ നമുക്കൊരു പ്രവണത തോന്നാനിടയുണ്ട്.—1 കൊരി. 4:6. w23.07 16 ¶10-11
ജൂലൈ 17 വ്യാഴം
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാ. 17:17.
യേശുവിന്റെ അമ്മയായ മറിയയ്ക്ക് നല്ല ധൈര്യം ആവശ്യമായിരുന്നു. കല്യാണം കഴിക്കാത്ത മറിയയോട് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമെന്നു ഗബ്രിയേൽ ദൂതൻ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്തുമാത്രം ഉത്കണ്ഠ തോന്നിക്കാണും! ഇനി, കുട്ടികളെ വളർത്തി പരിചയമൊന്നും ഇല്ലാതിരുന്ന മറിയയ്ക്ക് ഭാവിയിൽ മിശിഹയാകുമായിരുന്ന കുഞ്ഞിനെ വളർത്തുന്നതിനുള്ള വലിയൊരു നിയമനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലൈംഗികബന്ധങ്ങളിലൊന്നും ഏർപ്പെടാതെയാണു താൻ ഇപ്പോൾ ഗർഭിണിയായിരിക്കുന്നതെന്ന കാര്യം, കല്യാണം കഴിക്കാൻ പോകുന്ന യോസേഫിനോടു പറയുന്നതും മറിയയ്ക്ക് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. (ലൂക്കോ. 1:26-33) മറിയയ്ക്ക് എങ്ങനെയാണു ധൈര്യം കിട്ടിയത്? മറിയ മറ്റുള്ളവരുടെ സഹായം തേടി. ഉദാഹരണത്തിന്, ആ നിയമനത്തെക്കുറിച്ചുള്ള കൂടുതലായ കാര്യങ്ങൾ മറിയ ഗബ്രിയേൽ ദൂതനോടു ചോദിച്ചറിഞ്ഞു. (ലൂക്കോ. 1:34) അതു കഴിഞ്ഞ് അധികം വൈകാതെ മറിയ ബന്ധുവായ എലിസബത്തിനെ കാണാൻ വളരെ ദൂരം യാത്ര ചെയ്ത് യഹൂദയിലെ “മലനാട്ടിലുള്ള” ഒരു നഗരത്തിലേക്കു പോയി. എലിസബത്ത് മറിയയെ അഭിനന്ദിക്കുകയും ദൈവാത്മാവ് പ്രചോദിപ്പിച്ചിട്ട്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് സന്തോഷം നൽകുന്ന ഒരു കാര്യം മറിയയോടു മുൻകൂട്ടി പറയുകയും ചെയ്തു. (ലൂക്കോ. 1:39-45) അപ്പോൾ യഹോവ “തന്റെ കൈകൊണ്ട് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു മറിയ പറഞ്ഞു. (ലൂക്കോ. 1:46-51) ഗബ്രിയേൽ ദൂതനിലൂടെയും എലിസബത്തിലൂടെയും യഹോവ മറിയയ്ക്കു വേണ്ട ധൈര്യം കൊടുത്തു. w23.10 14–15 ¶10-12