ആഗസ്റ്റ് 30 ശനി
‘ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട് ആശ്വസിപ്പിക്കുക.’—2 കൊരി. 1:4.
കഷ്ടതയിലായിരിക്കുന്ന ഒരാൾക്ക് യഹോവ ഉന്മേഷവും ആശ്വാസവും പകരുന്നു. മറ്റുള്ളവരോട് അനുകമ്പ തോന്നുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? ആളുകളോട് അനുകമ്പ തോന്നാനും അവരെ ആശ്വസിപ്പിക്കാനും നമ്മളെ സഹായിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കുന്നതാണ് അതിനുള്ള ഒരു മാർഗം. അത്തരം ചില ഗുണങ്ങൾ ഏതൊക്കെയാണ്? എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കാനും ‘പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കാനും’ നമ്മളെ എന്തു സഹായിക്കും? (1 തെസ്സ. 4:18) അതിനുവേണ്ടി സഹാനുഭൂതി, സഹോദരപ്രിയം, ദയ എന്നിവപോലുള്ള ഗുണങ്ങൾ നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. (കൊലോ. 3:12; 1 പത്രോ. 3:8) ഈ ഗുണങ്ങൾ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? അനുകമ്പയും അതുമായി ബന്ധപ്പെട്ട മറ്റു ഗുണങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുമ്പോൾ കഷ്ടതയിലായിരിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം നമുക്കുണ്ടാകും. യേശു പറഞ്ഞതുപോലെ “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്! നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു.” (മത്താ. 12:34, 35) കഷ്ടതയിലായിരിക്കുന്ന സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതു ശരിക്കും അവരോടുള്ള സ്നേഹം തെളിയിക്കാനുള്ള ഒരു പ്രധാന വഴിയാണ്. w23.11 10 ¶10-11
ആഗസ്റ്റ് 31 ഞായർ
“ഉൾക്കാഴ്ചയുള്ളവർക്കു കാര്യം മനസ്സിലാകും.”—ദാനി. 12:10.
ബൈബിൾപ്രവചനങ്ങൾ മനസ്സിലാക്കണമെങ്കിൽ നമ്മൾ സഹായം ചോദിക്കണം. ഉദാഹരണത്തിന്, നിങ്ങൾ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കു പോകുകയാണെന്നിരിക്കട്ടെ. പക്ഷേ നിങ്ങളുടെ കൂടെയുള്ള കൂട്ടുകാരന് ആ സ്ഥലമൊക്കെ നന്നായി അറിയാം. നിങ്ങൾ ഇപ്പോൾ എവിടെയാണു നിൽക്കുന്നതെന്നും ഓരോ വഴിയും എങ്ങോട്ടുള്ളതാണെന്നും അദ്ദേഹത്തിനു കൃത്യമായി പറയാനാകും. അദ്ദേഹം കൂടെയുള്ളതിൽ നിങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നും, ശരിയല്ലേ? ആ കൂട്ടുകാരനെപ്പോലെതന്നെയാണ് യഹോവയും. നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്നും ഇനിയങ്ങോട്ട് എന്താണു സംഭവിക്കാൻ പോകുന്നതെന്നും യഹോവയ്ക്കു കൃത്യമായി അറിയാം. അതുകൊണ്ട് ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മൾ താഴ്മയോടെ യഹോവയുടെ സഹായം ചോദിക്കണം. (ദാനി. 2:28; 2 പത്രോ. 1:19, 20) സ്നേഹമുള്ള ഒരു അപ്പനെപ്പോലെ യഹോവയും ആഗ്രഹിക്കുന്നതു തന്റെ മക്കൾക്കു നല്ലൊരു ഭാവിയുണ്ടായിരിക്കാനാണ്. (യിരെ. 29:11) പക്ഷേ, ഭാവിയിൽ എന്തു നടക്കുമെന്നു പറയാൻ മനുഷ്യർക്കാകില്ല. എന്നാൽ അതു കൃത്യമായി പറയാൻ യഹോവയ്ക്കു കഴിയും. ആ പ്രവചനങ്ങളെല്ലാം യഹോവ തന്റെ വചനത്തിൽ എഴുതിച്ചിട്ടുമുണ്ട്. (യശ. 46:10) പ്രധാനപ്പെട്ട പല സംഭവങ്ങളും അവ നടക്കുന്നതിനു മുമ്പുതന്നെ നമ്മൾ അറിയാൻവേണ്ടിയാണ് യഹോവ അങ്ങനെ ചെയ്തത്. w23.08 8 ¶3-4
സെപ്റ്റംബർ 1 തിങ്കൾ
“ഉന്നതങ്ങളിൽനിന്ന് പ്രഭാതകിരണങ്ങൾ നമ്മുടെ മേൽ പ്രകാശിക്കും.”—ലൂക്കോ. 1:78.
മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ശക്തി ദൈവം യേശുവിനു കൊടുത്തിരിക്കുന്നു. സ്വന്തമായി നമുക്കു പരിഹരിക്കാൻ കഴിയാത്ത എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ യേശുവിനു കഴിയുമെന്നാണു യേശുവിന്റെ അത്ഭുതങ്ങൾ തെളിയിക്കുന്നത്. ഉദാഹരണത്തിന്, മനുഷ്യന്റെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമായ പാപത്തെയും അതിന്റെ ഫലമായുള്ള രോഗത്തെയും മരണത്തെയും ഒക്കെ നീക്കംചെയ്യാനുള്ള ശക്തി യേശുവിനുണ്ട്. (മത്താ. 9:1-6; റോമ. 5:12, 18, 19) “എല്ലാ തരം” രോഗങ്ങൾ സുഖപ്പെടുത്താനും മരിച്ചവരെ ഉയിർപ്പിക്കാൻപോലും യേശുവിനു കഴിയുമെന്നു യേശു ചെയ്ത അത്ഭുതങ്ങൾ തെളിയിച്ചു. (മത്താ. 4:23; യോഹ. 11:43, 44) വലിയ കൊടുങ്കാറ്റുകൾ ശമിപ്പിക്കാനും ദുഷ്ടാത്മാക്കളെ തോൽപ്പിക്കാനും ഉള്ള ശക്തിയും യേശുവിനുണ്ട്. (മർക്കോ. 4:37-39; ലൂക്കോ. 8:2) ഇത്തരത്തിലുള്ള ശക്തി യഹോവ തന്റെ മകനു നൽകിയിട്ടുണ്ടെന്ന് അറിയുന്നതു ശരിക്കും ആശ്വാസമാണ്, അല്ലേ? ദൈവരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ കിട്ടുമെന്ന ഉറപ്പു നമുക്കു ലഭിക്കുന്നു. ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ താൻ മുഴുഭൂമിയിലും എന്തെല്ലാം ചെയ്യുമെന്നു മനുഷ്യനായിരുന്നപ്പോൾ യേശു ചെയ്ത അത്ഭുതങ്ങൾ പഠിപ്പിക്കുന്നു. w23.04 3 ¶5-7