സെപ്റ്റംബർ 2 ചൊവ്വ
“ആത്മാവ് എല്ലാ കാര്യങ്ങളും, എന്തിന്, ഗഹനമായ ദൈവകാര്യങ്ങൾപോലും അന്വേഷിച്ചറിയുന്നു.”—1 കൊരി. 2:10.
ഒരു വലിയ സഭയിൽ കൈ പൊക്കിയാലും മിക്കപ്പോഴും നിങ്ങൾക്ക് അവസരം കിട്ടിയില്ലെന്നുവരാം. അപ്പോൾ ‘ഇനി ഉത്തരമൊന്നും പറയുന്നില്ല’ എന്നു തീരുമാനിക്കാൻ തോന്നിയേക്കാം. പക്ഷേ അഭിപ്രായം പറയാനുള്ള ശ്രമം ഉപേക്ഷിക്കരുത്. ഓരോ മീറ്റിങ്ങിനുവേണ്ടിയും പല അഭിപ്രായങ്ങൾ തയ്യാറാകുക. അപ്പോൾ, തുടക്കത്തിൽ ഉത്തരമൊന്നും പറയാൻ പറ്റിയില്ലെങ്കിലും നിങ്ങൾക്ക് ഒരു അവസരം കിട്ടാതെ പോകില്ല. വീക്ഷാഗോപുരപഠനത്തിനുവേണ്ടി തയ്യാറാകുന്ന സമയത്ത് ഓരോ ഖണ്ഡികയും ലേഖനത്തിന്റെ പ്രധാനവിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു ചിന്തിക്കുക. അങ്ങനെയാകുമ്പോൾ നിങ്ങൾക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നല്ല ആശയങ്ങൾ പറയാനുണ്ടാകും; പഠനസമയത്ത് എപ്പോഴെങ്കിലും അതു പറയാനുള്ള അവസരം ലഭിക്കുകയും ചെയ്യും. കൂടാതെ, വിശദീകരിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഖണ്ഡികകളിൽ അഭിപ്രായം പറയാനും നിങ്ങൾക്ക് ഒരുങ്ങിയിരിക്കാം. പലപ്പോഴും ആ ഖണ്ഡികകൾക്ക് ഉത്തരം പറയാൻ അധികം പേരൊന്നും കാണില്ല. തുടർച്ചയായി പല മീറ്റിങ്ങുകളിലും നിങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരം കിട്ടാതെ വരുന്നെങ്കിലോ? പരിപാടി നടത്തുന്ന സഹോദരനോട് ഏതു ചോദ്യത്തിനുള്ള ഉത്തരം പറയാനാണ് ആഗ്രഹിക്കുന്നതെന്നു മീറ്റിങ്ങിനു മുമ്പുതന്നെ പറയാനാകും. w23.04 21–22 ¶9-10
സെപ്റ്റംബർ 3 ബുധൻ
“യഹോവയുടെ ദൂതൻ നിർദേശിച്ചതുപോലെ യോസേഫ് ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.”—മത്താ. 1:24.
യഹോവ നൽകിയ നിർദേശങ്ങൾ യോസേഫ് മനസ്സോടെ അനുസരിച്ചു. അതാണ് അദ്ദേഹത്തെ നല്ലൊരു ഭർത്താവാക്കിയത്. കുടുംബത്തോടുള്ള ബന്ധത്തിൽ അദ്ദേഹത്തിനു കുറഞ്ഞത് മൂന്ന് തവണയെങ്കിലും ദൈവത്തിൽനിന്നുള്ള നിർദേശങ്ങൾ കിട്ടി. അവ അനുസരിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നെങ്കിലും ഓരോ തവണയും അദ്ദേഹം കിട്ടിയ നിർദേശംപോലെ പെട്ടെന്നു പ്രവർത്തിച്ചു. (മത്താ. 1:20; 2:13-15, 19-21) ദൈവം പറഞ്ഞതനുസരിച്ച് യോസേഫ് മറിയയെ സംരക്ഷിച്ചു, പിന്തുണച്ചു, അവൾക്കായി കരുതുകയും ചെയ്തു. യോസേഫ് ഇങ്ങനെയൊക്കെ ചെയ്തത് മറിയയ്ക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ കൂടാൻ എത്രയധികം സഹായിച്ചിരിക്കുമെന്ന് ചിന്തിക്കുക. ഭർത്താക്കന്മാരേ, യോസേഫിനെ അനുകരിച്ചുകൊണ്ട് കുടുംബത്തെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് ബൈബിൾ നൽകുന്ന നിർദേശങ്ങൾ എന്തൊക്കെയാണെന്നു കണ്ടെത്തുക. അവ അനുസരിക്കുക. അത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. പക്ഷേ, നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ ഭാര്യയോടുള്ള നിങ്ങളുടെ സ്നേഹം തെളിയിക്കുകയായിരിക്കും. അതോടൊപ്പം നിങ്ങളുടെ വിവാഹബന്ധം ശക്തമാകുകയും ചെയ്യും. വിവാഹം കഴിഞ്ഞിട്ട് 20-ലേറെ വർഷമായ, വന്വാട്ടുവിലുള്ള ഒരു സഹോദരി പറയുന്നു: “എന്റെ ഭർത്താവ് യഹോവ തരുന്ന നിർദേശങ്ങൾക്കുവേണ്ടി അന്വേഷിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതു കാണുമ്പോൾ എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് കൂടും. അദ്ദേഹത്തിന്റെ തീരുമാനത്തിൽ വിശ്വാസമർപ്പിക്കാനും സുരക്ഷിതത്വം തോന്നാനും അത് എന്നെ സഹായിക്കുന്നു.” w23.05 21 ¶5
സെപ്റ്റംബർ 4 വ്യാഴം
“അവിടെ ഒരു പ്രധാനവീഥിയുണ്ടായിരിക്കും, വിശുദ്ധവഴി എന്നായിരിക്കും അതിന്റെ പേര്.”—യശ. 35:8.
ബാബിലോണിൽനിന്ന് തിരിച്ചുവരുന്ന ജൂതന്മാർ തങ്ങളുടെ ദൈവത്തിന് ‘ഒരു വിശുദ്ധജനം’ ആയിരിക്കുമായിരുന്നു. (ആവ. 7:6) എന്നാൽ അതിന്റെ അർഥം അവർ യഹോവയെ സന്തോഷിപ്പിക്കാൻ ഒരു മാറ്റവും വരുത്തേണ്ടതില്ലായിരുന്നു എന്നാണോ? അല്ല. മിക്ക ജൂതന്മാരും ജനിച്ചതു ബാബിലോണിലായിരുന്നു. അതുകൊണ്ടുതന്നെ ബാബിലോൺകാരുടെ ചിന്തയും നിലവാരങ്ങളും ഒക്കെയായിരുന്നു അവർക്കു കൂടുതൽ പരിചയം. ആദ്യകൂട്ടം ജൂതന്മാർ ഇസ്രായേലിലേക്കു മടങ്ങിവന്ന് കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗവർണറായ നെഹമ്യ അതിശയിപ്പിക്കുന്ന ഒരു കാര്യം അറിയാനിടയായി. ഇസ്രായേലിൽ ജനിച്ച പല കുട്ടികൾക്കും ജൂതന്മാരുടെ ഭാഷപോലും അറിയില്ലായിരുന്നു. (ആവ. 6:6, 7; നെഹ. 13:23, 24) എബ്രായഭാഷ അറിയാതെ ആ കുട്ടികൾ എങ്ങനെ യഹോവയെ സ്നേഹിക്കാനും ആരാധിക്കാനും പഠിക്കുമായിരുന്നു? കാരണം ആ ഭാഷയിലായിരുന്നല്ലോ ദൈവവചനം പ്രധാനമായും എഴുതിയിരുന്നത്. (എസ്ര 10:3, 44) അതുകൊണ്ട് ആ ജൂതന്മാർ വലിയ പല മാറ്റങ്ങളും വരുത്തണമായിരുന്നു. എന്നാൽ ഇസ്രായേലിലായതുകൊണ്ട് അവർക്ക് അതു കൂടുതൽ എളുപ്പമായിരുന്നു. കാരണം അവിടെ ശുദ്ധാരാധന പടിപടിയായി പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു.—നെഹ. 8:8, 9. w23.05 15 ¶6-7