“മരണ സംസ്കാര”ത്തിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കൽ
ഇന്നത്തെ യുവജനങ്ങൾക്കു മരണം എന്ന വിഷയത്തോട് ഒരു പ്രത്യേക ആകർഷണം തോന്നുന്നതിന്റെ കാരണമെന്താണ്? ഐക്യനാടുകളിലെ ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ജനപ്രതിനിധിയായ ഹെൻറി ഹൈഡ് ഇങ്ങനെ പറയുന്നു: “ഈ യുവജനങ്ങളുടെ ഉള്ളിൽ ഒരു ആത്മീയ ശൂന്യത ഉണ്ട്. ആ ശൂന്യത നികത്തുന്നതാകട്ടെ, അക്രമത്തിന്റെയും മരണത്തിന്റെയും സംസ്കാരവും.”
ടൈം മാസികയുടെ ഒരു വായനക്കാരൻ ഇങ്ങനെ എഴുതി: “അലസരായ മാതാപിതാക്കളും അക്രമത്തെ മഹത്വീകരിക്കുന്ന വിനോദങ്ങളും പിന്നെ ധാർമികവും ആത്മീയവുമായ കാര്യങ്ങളിൽ ശരിയായ ഒരു അടിസ്ഥാനമില്ലാത്തതും ആണ് ഇന്ന് നമ്മുടെ യുവജനങ്ങൾക്കിടയിൽ മരണത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഉപസംസ്കാരം രൂപംകൊള്ളാൻ ഇടയാക്കിയിരിക്കുന്നത്.”
കൗമാരപ്രായത്തിലുള്ള കുട്ടികൾ അഭിമുഖീകരിക്കുന്ന മറ്റൊരു മുഖ്യപ്രശ്നം ഏകാന്തതയാണ്. ചിലരുടെ കാര്യത്തിൽ മാതാപിതാക്കൾ രണ്ടുപേരും ജോലിചെയ്യുന്നവരായിരിക്കും. അതുകൊണ്ട്, ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും അവർ വീട്ടിൽ ഉണ്ടായിരിക്കുകയില്ല. മറ്റു ചിലരുടെ കാര്യത്തിൽ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഉറവിടം പറയുന്നത് അനുസരിച്ച്, ഐക്യനാടുകളിലെ കൗമാരപ്രായക്കാരായ കുട്ടികൾ ദിവസത്തിന്റെ ഏതാണ്ട് 3.5 മണിക്കൂർ ഒറ്റയ്ക്കാണു തള്ളിനീക്കുന്നത്. മാത്രമല്ല, അവർ ഒരാഴ്ചയിൽ മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്ന സമയം 60-കളിലെ കുട്ടികൾ മാതാപിതാക്കളോടൊപ്പം ചെലവഴിച്ചതിനെക്കാൾ 11 മണിക്കൂർ കുറവാണു താനും. ഇനിയും ചിലർക്ക്, മാതാപിതാക്കളിൽ നിന്നുള്ള വൈകാരിക പിന്തുണയും സഖിത്വവും അൽപ്പംപോലും ലഭിക്കുന്നില്ല.
മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്നത്
ഇന്നത്തെ യുവജനങ്ങൾക്ക് ഒരു “ആത്മീയ ശൂന്യത”യോടു മല്ലടിക്കേണ്ടതുണ്ട് എന്നു നാം കണ്ടുകഴിഞ്ഞു. ആ സ്ഥിതിക്ക് മാതാപിതാക്കളുടെ റോൾ എത്ര പ്രധാനമാണ്? കുട്ടികൾക്ക് ആരോഗ്യാവഹമായ വിനോദം വേണമെന്ന് ജ്ഞാനികളായ മാതാപിതാക്കൾക്ക് അറിയാം. അതേസമയംതന്നെ, ക്രമമായ അടിസ്ഥാനത്തിൽ വ്യക്തിപരമായ പിന്തുണയും അവർക്ക് ആവശ്യമാണെന്ന് അവർ തിരിച്ചറിയുന്നു. കുട്ടികളോടുള്ള സ്നേഹപുരസ്സരമായ താത്പര്യം സംഗീതം, ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ, നോവലുകൾ, വീഡിയോ ഗെയിമുകൾ, സിനിമകൾ തുടങ്ങിയവയുടെ കാര്യത്തിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അവരുമായി സംസാരിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കും. പുറമേ കാണിച്ചില്ലെങ്കിലും, മിക്ക യുവജനങ്ങളും തങ്ങളുടെ മാതാപിതാക്കളുടെ വാത്സല്യത്തിനും സ്നേഹനിർഭരമായ മാർഗനിർദേശങ്ങൾക്കുംവേണ്ടി കൊതിക്കുന്നവരാണ്. അനിശ്ചിതത്വം നിറഞ്ഞുനിൽക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്നതുകൊണ്ട് കാര്യങ്ങൾ സംബന്ധിച്ച് സ്പഷ്ടമായ ഉത്തരങ്ങളാണ് അവർക്ക് ആവശ്യം. തങ്ങളുടെ ചെറുപ്പകാലത്തെക്കാൾ വളരെയേറെ പ്രശ്നപൂരിതമായ ഒരു ലോകത്തെയാണ് ഇന്നത്തെ കുട്ടികൾ അഭിമുഖീകരിക്കുന്നത് എന്നു മുതിർന്നവർ മനസ്സിലാക്കേണ്ടതുണ്ട്.
തങ്ങളുടെ കുട്ടികൾക്കു സംരക്ഷണമേകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവരുമായി ക്രമമായി ആശയവിനിമയം നടത്തും, അവർ പറയുന്നതെല്ലാം ആത്മാർഥമായി ശ്രദ്ധിക്കും, ഒപ്പം ആധുനിക സംസ്കാരത്തിന്റെ അപകടങ്ങളെക്കുറിച്ച് അവർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്യും. കുട്ടികൾക്കായി ദൃഢമായ പരിധികൾ വെക്കുകയും അവയോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾത്തന്നെ ന്യായബോധത്തോടും വാത്സല്യത്തോടും കൂടെ അവരോട് ഇടപെടുകയും ചെയ്യുന്നെങ്കിൽ മാതാപിതാക്കൾക്ക് സാധാരണഗതിയിൽ നല്ല ഫലങ്ങൾ കൊയ്യാൻ കഴിയും.—മത്തായി 5:37.
യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വീഡിയോകളുംa ഒക്കെ ഉപയോഗിച്ച് തങ്ങളുടെ കുട്ടികളുമായി ക്രമമായ ഒരു അടിസ്ഥാനത്തിൽ ചർച്ചകൾ നടത്താൻ ശ്രമിക്കുന്നു. കുട്ടികളെ കുടുംബസദസ്സിന്റെ മുമ്പാകെ വിളിച്ചുവരുത്തി ശാസിക്കുന്നതിനു വേണ്ടിയല്ല, അവരെ ആത്മീയമായി കെട്ടുപണി ചെയ്യുന്നതിനു വേണ്ടിയാണ് അവർ ഇത്തരം സന്ദർഭങ്ങൾ ഉപയോഗിക്കുന്നത്. കുടുംബം ഒരുമിച്ചു കൂടുന്ന ഇത്തരം വേളകളിൽ, കുട്ടികളിൽ ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവർ ശ്രദ്ധാപൂർവം കേൾക്കുന്നു. ഈ വിധത്തിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നു.
മാതാപിതാക്കളിൽനിന്ന് ആത്മീയമായ മാർഗനിർദേശമൊന്നും ലഭിക്കാത്ത യുവജനങ്ങൾക്ക് സങ്കീർത്തനം 27:10 ശക്തി പകരും. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” മനസ്സലിവുള്ള പിതാവായ യഹോവ എങ്ങനെയാണ് യുവജനങ്ങളെ സഹായിക്കുന്നത്? യഹോവയുടെ സാക്ഷികളുടെ സഭകൾ അനേകർക്കും ഒരു അഭയസ്ഥാനമായിരുന്നിട്ടുണ്ട്. അവിടെ അവർക്കു മറ്റുള്ളവരിൽനിന്നുള്ള സ്നേഹവും തങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരവും ലഭിക്കുന്നു. ഇത് അനുഭവിച്ചറിഞ്ഞ ഹോസിയാസ് എന്ന ചെറുപ്പക്കാരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യഹോവയുടെ സംഘടന വളരെ പ്രധാനപ്പെട്ട ഒരു റോൾ വഹിക്കുന്നു. ജീവിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നെനിക്കു തോന്നിയിരുന്നു. ഒരു ഉദ്ദേശ്യവുമില്ലാത്ത, ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുമില്ലാത്ത ജീവിതമായിരുന്നു എന്റേത്. എന്നാൽ ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന അറിവ് എന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. എനിക്കു നഷ്ടമായ എന്റെ കുടുംബത്തെ സഭയിലെ സഹോദരങ്ങളിൽ ഞാൻ കണ്ടെത്തി. സഭയിലെ മൂപ്പന്മാരും കുടുംബങ്ങളും വൈകാരികമായ അർഥത്തിൽ ഒരു നങ്കൂരം പോലെയാണ് എനിക്ക്.”
യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നതുകൊണ്ട് അനേകം യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ മാനസികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു കഴിഞ്ഞിട്ടുണ്ട്. ഈ നല്ല ഫലത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞയായ പട്രീഷ്യ ഫോർറ്റൂണി, ലോസ് ടെസ്റ്റിഗോസ് ഡി ഹേയോവ: യൂനാ ആൾട്ടെർനേറ്റീവ റെലിച്യോസാ പാരാ എൻഫ്രെൻടാർ എൽ ഫിൻ ഡെൽ മിലെന്യോ (യഹോവയുടെ സാക്ഷികൾ: സഹസ്രാബ്ദത്തിന്റെ അന്ത്യത്തെ നേരിടുന്നതിന് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു മതം) എന്ന തന്റെ ഉപന്യാസത്തിൽ ഇങ്ങനെ എഴുതി: “ദൈനംദിന ജീവിതത്തിൽ ബാധകമാക്കുന്നതിന് വ്യക്തവും സ്പഷ്ടവുമായ ഒരു ക്രമം, ചിന്തകളെയും പ്രവർത്തനങ്ങളെയും നയിക്കുന്നതിന് വേണ്ട ഏറ്റവും ശരിയായ ഒരു തത്ത്വസംഹിത യഹോവയുടെ സാക്ഷികൾ വാഗ്ദാനം ചെയ്യുന്നു.” ഇവിടെ പരാമർശിച്ചിരിക്കുന്ന “ക്രമവും” “തത്ത്വസംഹിത”യും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. തങ്ങൾക്കു ചുറ്റുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന അതേ തരത്തിലുള്ള പ്രശ്നങ്ങളും സമ്മർദങ്ങളുമൊക്കെ യഹോവയുടെ സാക്ഷികൾക്കുമുണ്ടെങ്കിലും ഈ പുരാതന ഗ്രന്ഥത്തിൽ കാണുന്ന അതുല്യ ജ്ഞാനം അവയെ നേരിടാനുള്ള ശക്തി അവർക്കു നൽകുന്നു. അതേ, ബൈബിളിലെ വ്യക്തമായ ഉപദേശങ്ങളിലും തത്ത്വങ്ങളിലും സാക്ഷികൾ അഭയം കണ്ടെത്തുന്നു.
‘മരണം ഉണ്ടായിരിക്കുകയില്ലാത്തപ്പോൾ’
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന, “നീതി വസിക്കുന്ന” ഒരു പുതിയ ഭൂമിയെക്കുറിച്ച് അതേ, “ആരും . . . ഭയപ്പെടുത്താ”നില്ലാത്ത, ആസന്നമായിരിക്കുന്ന ഒരു പുതിയ ലോകത്തെക്കുറിച്ച് യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹാളുകളിൽ ആവർത്തിച്ചു പഠിപ്പിക്കുന്നു. (2 പത്രൊസ് 3:13; മീഖാ 4:4) ദൈവം അന്ന് “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും” ചെയ്യും എന്ന് പ്രവാചകനായ യെശയ്യാവു രേഖപ്പെടുത്തുന്നു. ആദ്യ മനുഷ്യനായ ആദാമിന്റെ പാപത്തിന്റെ ഫലമായാണു മരണം മനുഷ്യവർഗത്തിലേക്കു കടന്നുവന്നത്. എന്നാൽ “മരണം ഉണ്ടായിരിക്കുകയില്ലാ”ത്ത ഒരു നാൾ പെട്ടെന്നുതന്നെ ആഗതമാകുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 25:8; വെളിപ്പാടു 21:3-5, ഓശാന ബൈബിൾ; റോമർ 5:12.
സഹായം അന്വേഷിക്കുന്ന ഒരു യുവാവോ യുവതിയോ ആണു നിങ്ങളെങ്കിൽ, ബൈബിളിന്റെ താളുകളിലൂടെ ജീവിതത്തിന് ഒരു പ്രത്യാശയും ജീവിക്കുന്നതിന് ഒരു കാരണവും കണ്ടുപിടിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിൽ ഏറ്റവും ശോഭനമായ ഒരു ഭാവി ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യാശ ഉണ്ടായിരിക്കാൻ യഹോവയുടെ സാക്ഷികൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.
[അടിക്കുറിപ്പ്]
a യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? എന്ന വീഡിയോ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചതാണ്. ഇപ്പോൾ ഇംഗ്ലീഷിൽ മാത്രം ലഭ്യമായിരിക്കുന്ന ഈ വീഡിയോ യുവജനങ്ങൾക്കു പ്രായോഗിക സഹായം നൽകുന്നതിനു വേണ്ടിയുള്ളതാണ്.
[9-ാം പേജിലെ ചിത്രം]
കുട്ടികൾക്കു പറയാനുള്ളത് ആത്മാർഥമായി ശ്രദ്ധിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും മാതാപിതാക്കൾ സമയം നീക്കിവെക്കണം
[10-ാം പേജിലെ ചിത്രങ്ങൾ]
“ദൈനംദിന ജീവിതത്തിൽ ബാധകമാക്കുന്നതിന് വ്യക്തവും സ്പഷ്ടവുമായ ഒരു ക്രമം യഹോവയുടെ സാക്ഷികൾ വാഗ്ദാനം ചെയ്യുന്നു”