വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g00 11/8 പേ. 6-11
  • പകര ചികിത്സകൾ—ഒരു അവലോകനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പകര ചികിത്സകൾ—ഒരു അവലോകനം
  • ഉണരുക!—2000
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പച്ചമരു​ന്നു​കൾ
  • ഭക്ഷ്യപൂ​ര​ക​ങ്ങൾ
  • ഹോമി​യോ​പ്പ​തി
  • കൈ​റോ​പ്രാ​ക്‌റ്റിക്‌
  • ഉഴിച്ചിൽ
  • അക്യൂ​പ​ങ്‌ചർ
  • തിര​ഞ്ഞെ​ടു​പ്പു​കൾ നിരവധി
  • പച്ചമരുന്നുകൾ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?
    ഉണരുക!—2004
  • മെച്ചപ്പെട്ട ആരോഗ്യം—ഒരു പുതിയ വഴിത്തിരിവോ?
    ഉണരുക!—2000
  • പകര ചികിത്സകൾ—പലരും അതിലേക്കു തിരിയുന്നതിന്റെ കാരണം
    ഉണരുക!—2000
  • കുഞ്ഞുങ്ങൾക്കും മസാജോ?
    ഉണരുക!—2006
കൂടുതൽ കാണുക
ഉണരുക!—2000
g00 11/8 പേ. 6-11

പകര ചികി​ത്സകൾ—ഒരു അവലോ​ക​നം

“പകര ചികി​ത്സകൾ തിര​ഞ്ഞെ​ടു​ക്കുന്ന രോഗി​കൾക്കു മെച്ചപ്പെട്ട ചികിത്സ ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ അലോ​പ്പതി ഡോക്‌ടർമാ​രും പകര ചികി​ത്സ​ക​രും തമ്മിൽ ഒരു തുറന്ന സംഭാ​ഷണം നടത്തേ​ണ്ടത്‌ ആവശ്യ​മാണ്‌.”

ഈ പ്രസ്‌താ​വന പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ 1998 നവംബർ 11 ലക്കത്തിലെ ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേ​ഷ​നിൽ ആണ്‌. ആ ലേഖനം ഇങ്ങനെ പറഞ്ഞു: “പകര ചികി​ത്സ​ക​ളു​ടെ പ്രചാരം വർധി​ക്കു​ന്തോ​റും ഈ [തുറന്ന സംഭാ​ഷണം ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ] ആവശ്യ​ക​ത​യും വർധി​ച്ചേ​ക്കും, വിശേ​ഷി​ച്ചും ആരോഗ്യ ഇൻഷ്വ​റൻസ്‌ പദ്ധതികൾ പകര ചികി​ത്സ​കൾക്കും ആനുകൂ​ല്യ​ങ്ങൾ നൽകാൻ തുടങ്ങി​യി​രി​ക്കുന്ന സ്ഥിതിക്ക്‌.”

അലോ​പ്പ​തി ചികി​ത്സ​യ്‌ക്കു വിധേ​യ​രാ​ക​വെ​തന്നെ പകര ചികി​ത്സ​യും സ്വീക​രി​ക്കുന്ന രോഗി​ക​ളു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌. എന്നാൽ ചില രോഗി​കൾ അതേക്കു​റിച്ച്‌ തങ്ങളുടെ ഡോക്‌ട​റോ​ടു പറയു​ന്നില്ല. അതു​കൊണ്ട്‌ ഏപ്രിൽ 2000-ത്തിലെ ടഫ്‌റ്റ്‌സ്‌ യൂണി​വേ​ഴ്‌സി​റ്റി ഹെൽത്ത്‌ & ന്യൂ​ട്രീ​ഷൻ ലെറ്റർ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “രഹസ്യ​മാ​യി കാര്യങ്ങൾ ചെയ്യാതെ ഡോക്‌ട​റു​മാ​യി ആലോ​ചി​ച്ചു പ്രവർത്തി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ ഏറെ ഗുണം ചെയ്യും.” അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “പകര ചികിത്സ സ്വീക​രി​ക്കാ​നുള്ള നിങ്ങളു​ടെ ആഗ്രഹ​ത്തോട്‌ ഡോക്‌ടർ യോജി​ച്ചാ​ലും ഇല്ലെങ്കി​ലും വിവരങ്ങൾ അദ്ദേഹ​വു​മാ​യി പങ്കു​വെ​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും.”

ഇംഗ്ലീഷ്‌ മരുന്നു​കൾക്കൊ​പ്പം ചില പച്ചമരു​ന്നു​കൾ കഴിക്കു​ന്നത്‌ ആരോ​ഗ്യ​ത്തിന്‌ അപകടം ചെയ്‌തേ​ക്കാ​മെ​ന്നു​ള്ള​തു​കൊ​ണ്ടാണ്‌ ഇങ്ങനെ പറഞ്ഞത്‌. രോഗി​ക​ളിൽ ചിലർ പകര ചികി​ത്സകൾ സ്വീക​രി​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്നു​വെന്ന കാര്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അലോ​പ്പതി ഡോക്‌ടർമാർ രോഗി​ക​ളു​ടെ പ്രയോ​ജ​നാർഥം പകര ചികി​ത്സ​ക​രു​മാ​യി സഹകരി​ച്ചു പ്രവർത്തി​ക്കാൻ ശ്രമി​ക്കു​ന്നു.

പല രാജ്യ​ങ്ങ​ളി​ലെ​യും ആളുകൾ ഇപ്പോൾ ഉപയോ​ഗി​ക്കുന്ന പകര ചികി​ത്സ​കളെ കുറിച്ച്‌ ഞങ്ങളുടെ വായന​ക്കാർക്ക്‌ ഒരു ഏകദേശ രൂപം നൽകാ​നാ​യി അവയിൽ ചിലതി​നെ കുറിച്ച്‌ ഹ്രസ്വ​മായ ഒരു വിവരണം ഞങ്ങൾ ഈ ലേഖന​ത്തിൽ നൽകി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഉണരുക! യാതൊ​രു​വിധ ചികി​ത്സ​ക​ളും ശുപാർശ ചെയ്യു​ന്നി​ല്ലെന്ന കാര്യം മനസ്സിൽ പിടി​ക്കുക.

പച്ചമരു​ന്നു​കൾ

പകര ചികി​ത്സ​യു​ടെ ഏറ്റവും സാധാ​ര​ണ​മായ രൂപമാണ്‌ ഇത്‌. പച്ചമരു​ന്നു​കൾ വൈദ്യ​ശാ​സ്‌ത്ര​ത്തിൽ ഉപയോ​ഗി​ക്കാൻ തുടങ്ങി​യിട്ട്‌ നൂറ്റാ​ണ്ടു​ക​ളാ​യെ​ങ്കി​ലും താരത​മ്യേന വളരെ കുറച്ച്‌ സസ്യവർഗ​ങ്ങളെ കുറിച്ചു മാത്രമേ ശാസ്‌ത്ര​ജ്ഞർക്കു പഠിക്കാൻ കഴിഞ്ഞി​ട്ടു​ള്ളൂ. ഇവയിൽത്തന്നെ ഏതാനും ചെടി​ക​ളു​ടെ ഫലസി​ദ്ധി​യെ കുറിച്ചു മാത്രമേ വിവരങ്ങൾ ലഭ്യമാ​യി​ട്ടു​ള്ളൂ. പച്ചമരു​ന്നു​കളെ സംബന്ധിച്ച വിവര​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും പണ്ടത്തെ അനുഭ​വ​ങ്ങളെ ആസ്‌പ​ദ​മാ​ക്കി​യു​ള്ള​വ​യാണ്‌.

ചെറിയ തോതി​ലുള്ള വിഷാദം, വാർധക്യ സഹജമായ ഓർമ​ക്കു​റവ്‌, പ്രോ​സ്റ്റേറ്റ്‌ ഗ്രന്ഥി​യു​ടെ നിർദോ​ഷ​ക​ര​മായ വളർച്ച എന്നിവ ചികി​ത്സി​ക്കാൻ ഉപയോ​ഗി​ക്കുന്ന ചില പ്രത്യേക പച്ചമരു​ന്നു​ക​ളു​ടെ ഫലസി​ദ്ധി​യെ കുറിച്ച്‌ സമീപ വർഷങ്ങ​ളിൽ ഒട്ടേറെ പഠനങ്ങൾ നടത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. ഇവയിൽ ഒന്ന്‌ ബ്ലാക്ക്‌ സ്‌നേക്ക്‌ റൂട്ട്‌, ഹഗ്‌ബെയ്‌ൻ, റേറ്റിൽറൂട്ട്‌ എന്നിങ്ങ​നെ​യുള്ള പേരു​ക​ളിൽ അറിയ​പ്പെ​ടുന്ന ബ്ലാക്ക്‌ കൊ​ഹൊഷ്‌ ആണ്‌. അമേരി​ക്കൻ ഇൻഡ്യ​ക്കാർ അതിന്റെ വേര്‌ വേവിച്ച്‌ ആർത്തവ സംബന്ധ​മായ പ്രശ്‌ന​ങ്ങൾക്കും പ്രസവ​ശു​ശ്രൂ​ഷ​യ്‌ക്കും ഉപയോ​ഗി​ച്ചി​രു​ന്നു. ജർമൻ വിപണി​യിൽ ലഭിക്കുന്ന, ബ്ലാക്ക്‌ കൊ​ഹൊ​ഷി​ന്റെ നീര്‌ “ആർത്തവ​വി​രാ​മ​ത്തോട്‌ അനുബ​ന്ധി​ച്ചു​ണ്ടാ​കുന്ന പ്രശ്‌നങ്ങൾ ഭേദമാ​ക്കാൻ” സഹായി​ച്ചേ​ക്കും എന്ന്‌ സമീപ കാല പഠനങ്ങൾ സൂചി​പ്പി​ക്കു​ന്ന​താ​യി ഏപ്രിൽ 2000-ത്തിലെ ഹാർവാർഡ്‌ വിമൻസ്‌ ഹെൽത്ത്‌ വാച്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

പ്രകൃ​തി​ദ​ത്ത​മാ​യ അത്തരം പ്രതി​വി​ധി​കൾക്കു വേണ്ടി​യുള്ള ഡിമാ​ന്റിൽ അധിക​വും പച്ചമരു​ന്നു​കൾ കൃത്രിമ മരുന്നു​കളെ അപേക്ഷിച്ച്‌ സുരക്ഷി​ത​മാ​ണെന്ന ധാരണയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താണ്‌. മിക്ക​പ്പോ​ഴും ഇത്‌ ശരിയാ​യി​രി​ക്കാ​മെ​ങ്കി​ലും ചില പച്ചമരു​ന്നു​കൾക്ക്‌ പാർശ്വ​ഫ​ലങ്ങൾ ഉള്ളതായി തെളി​ഞ്ഞി​രി​ക്കു​ന്നു, വിശേ​ഷി​ച്ചും അവ മറ്റുതരം മരുന്നു​ക​ളു​ടെ കൂട്ടത്തിൽ കഴിക്കു​ക​യാ​ണെ​ങ്കിൽ. കഫക്കെട്ട്‌ ഇല്ലാതാ​ക്കാ​നും തൂക്കം കുറയ്‌ക്കാ​നും ഉപയോ​ഗി​ക്കുന്ന, പ്രചാ​ര​മേ​റിയ ഒരു പച്ചമരുന്ന്‌ രക്തസമ്മർദ​വും ഹൃദയ​മി​ടി​പ്പും വർധി​പ്പി​ക്കു​ന്ന​താ​യി തെളി​ഞ്ഞി​ട്ടുണ്ട്‌.

അതു​പോ​ലെ ചില പച്ചമരു​ന്നു​കൾ രക്തവാർച്ച വർധി​പ്പി​ക്കു​ന്ന​വ​യാണ്‌. ഈ പച്ചമരു​ന്നു​കൾ “രക്തത്തിന്റെ സാന്ദ്രത കുറയ്‌ക്കുന്ന” മരുന്നു​കൾക്കൊ​പ്പം കഴിക്കു​ന്ന​പക്ഷം ഗുരു​ത​ര​മായ പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം. പ്രമേഹം, ഉയർന്ന രക്ത സമ്മർദം തുടങ്ങിയ സ്ഥായി​യായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും മറ്റു മരുന്നു​കൾ കഴിക്കു​ന്ന​വ​രും പച്ചമരു​ന്നു​കൾ കഴിക്കു​ന്നതു സംബന്ധിച്ച്‌ ജാഗ്രത പാലി​ക്കേ​ണ്ട​തുണ്ട്‌.—കൂടെ​യുള്ള ചതുരം കാണുക.

പച്ചമരു​ന്നു​ക​ളു​മാ​യി ബന്ധപ്പെട്ട്‌ ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കുന്ന മറ്റൊരു സംഗതി അതിന്റെ ഉത്‌പ​ന്ന​ങ്ങ​ളു​ടെ ഗുണമേന്മ സ്ഥിരത​യു​ള്ളതല്ല എന്നതാണ്‌. ചില പച്ചമരുന്ന്‌ ഉത്‌പ​ന്ന​ങ്ങ​ളിൽ ഘന ലോഹ​ങ്ങ​ളും മറ്റു കലർപ്പു​ക​ളും ഉള്ളതായി സമീപ വർഷങ്ങ​ളിൽ റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. മറ്റു ചില പച്ചമരുന്ന്‌ ഉത്‌പ​ന്ന​ങ്ങ​ളിൽ ലേബലിൽ നൽകി​യി​രി​ക്കുന്ന ചേരു​വകൾ ഒന്നും​തന്നെ ഇല്ലെന്നു കണ്ടുപി​ടി​ക്കു​ക​യു​ണ്ടാ​യി. പച്ചമരു​ന്നു​കൾ ഉൾപ്പെ​ടെ​യുള്ള എല്ലാ ഔഷധ​ങ്ങ​ളും പേരു​കേ​ട്ട​തും ആശ്രയ​യോ​ഗ്യ​വു​മായ കേന്ദ്ര​ങ്ങ​ളിൽനി​ന്നു വാങ്ങേ​ണ്ട​താ​ണെന്ന്‌ മേൽപ്പറഞ്ഞ ഉദാഹ​ര​ണങ്ങൾ വ്യക്തമാ​ക്കു​ന്നു.

ഭക്ഷ്യപൂ​ര​ക​ങ്ങൾ

വിറ്റാ​മി​നു​ക​ളും ധാതു​ക്ക​ളും പോലുള്ള പോഷക വർധകങ്ങൾ വിളർച്ച​യും അസ്ഥിക്ഷ​യ​വും പോലുള്ള ഒട്ടേറെ പ്രശ്‌നങ്ങൾ തടയു​ന്ന​തി​ലും ചികി​ത്സി​ച്ചു മാറ്റു​ന്ന​തി​ലും ചില ജനന വൈക​ല്യ​ങ്ങൾ തടയു​ന്ന​തിൽ പോലും സഹായ​ക​മാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌. ഗവൺമെ​ന്റി​ന്റെ ആരോ​ഗ്യ​വ​കുപ്പ്‌ ശുപാർശ ചെയ്യുന്ന അളവിൽ വിറ്റാ​മി​നു​ക​ളും ധാതു​ക്ക​ളും ദിവസേന കഴിക്കു​ന്നത്‌ താരത​മ്യേന സുരക്ഷി​ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു.

എന്നിരു​ന്നാ​ലും, ചില രോഗങ്ങൾ ഭേദമാ​ക്കാ​നാ​യി ഇവ കൂടിയ അളവിൽ നൽകു​മ്പോൾ അത്‌ ആരോ​ഗ്യ​ത്തിന്‌ അപകട​ക​ര​മാ​യി​രു​ന്നേ​ക്കാം. മറ്റു പോഷ​കങ്ങൾ ശരീര​ത്തിൽ ആഗിരണം ചെയ്യ​പ്പെ​ടു​ന്ന​തി​നോ പ്രവർത്തി​ക്കു​ന്ന​തി​നോ അവ തടസ്സം സൃഷ്ടി​ച്ചേ​ക്കു​മെന്നു മാത്രമല്ല, മറ്റു പാർശ്വ​ഫ​ലങ്ങൾ ഉളവാ​ക്കു​ക​യും ചെയ്യുന്നു. ഈ വസ്‌തു​ത​ക​ളും വിറ്റാ​മി​ന്റെ കൂടിയ അളവി​ലുള്ള ഉപയോ​ഗത്തെ അനുകൂ​ലി​ക്കുന്ന മതിയായ തെളി​വു​കൾ ഇല്ല എന്ന വസ്‌തു​ത​യും അവഗണി​ക്ക​രുത്‌.

ഹോമി​യോ​പ്പ​തി

1700-കളിലാണ്‌ ഹോമി​യോ​പ്പതി വികാസം പ്രാപി​ച്ചത്‌. അക്കാലത്ത്‌ നിലവി​ലി​രുന്ന ചികി​ത്സ​കളെ അപേക്ഷിച്ച്‌ കൂടുതൽ സൗമ്യ​മായ സമീപ​ന​മാ​യി​രു​ന്നു ഹോമി​യോ ചികി​ത്സ​യു​ടേത്‌. ഹോമി​യോ​പ്പ​തിക്ക്‌ അടിസ്ഥാ​ന​പ​ര​മാ​യി രണ്ട്‌ തത്ത്വങ്ങൾ ഉണ്ട്‌. “സമാനം സമാന​ത്താൽ ഭേദമാ​ക്ക​പ്പെ​ടു​ന്നു” എന്നതാണ്‌ ആദ്യ​ത്തേത്‌. മിനിമം ഡോസ്‌ തിയറി​യാണ്‌ രണ്ടാമ​ത്തേത്‌. രോഗ​ശമന വസ്‌തു​വി​ന്റെ വീര്യം തീരെ കുറച്ച്‌ അതിന്റെ ഒരു മാത്ര പോലും അവശേ​ഷി​ക്കാത്ത വിധത്തി​ലാണ്‌ ഹോമി​യോ​പ്പ​തി​യിൽ മരുന്നു​കൾ തയ്യാറാ​ക്കു​ന്നത്‌.

എന്തായാ​ലും, പ്ലാസി​ബോ സിദ്ധാ​ന്ത​ത്തി​ന്റെ ഉപയോ​ഗ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ, ഹോമി​യോ മരുന്നു​കൾ ആസ്‌തമ, അലർജി​കൾ, കുട്ടി​കൾക്ക്‌ ഉണ്ടാകുന്ന അതിസാ​രം എന്നിവ​യ്‌ക്ക്‌ ഒരു പരിധി​വരെ ഫലപ്ര​ദ​മാ​ണെന്നു തെളിഞ്ഞു. ഹോമി​യോ​പ്പതി ഉത്‌പ​ന്നങ്ങൾ തീരെ വീര്യം കുറച്ചാണ്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ എന്നുള്ള​തു​കൊണ്ട്‌ അവ സുരക്ഷി​ത​മാ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. ജാമയു​ടെ 1998 മാർച്ച്‌ 4 ലക്കത്തിലെ ഒരു ലേഖനം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “കൃത്യ​മായ രോഗ​നിർണയം സാധ്യ​മ​ല്ലാത്ത സ്ഥായി​യായ പ്രശ്‌നങ്ങൾ ഉള്ളവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഹോമി​യോ​പ്പതി സുപ്ര​ധാ​ന​വും ഉപകാ​ര​പ്ര​ദ​വു​മായ ഒരു പകര ചികിത്സ ആയിരി​ക്കാം. ഹോമി​യോ​പ്പതി അതിന്റെ പരിമി​തി​കൾക്ക്‌ ഉള്ളിൽനി​ന്നു​കൊണ്ട്‌ ഉപയോ​ഗി​ക്കുന്ന പക്ഷം അത്‌ ‘മറ്റൊരു ചികി​ത്സോ​പാ​ധി’ എന്ന നിലയ്‌ക്ക്‌ ആധുനിക വൈദ്യ​ശാ​സ്‌ത്ര​ത്തിന്‌ ഒരു പൂരക​മാ​യി വർത്തി​ക്കും.” എന്നിരു​ന്നാ​ലും, ജീവൻ അപകട​ത്തി​ലാ​യി​രി​ക്കുന്ന നിർണാ​യക സാഹച​ര്യ​ങ്ങ​ളിൽ അലോ​പ്പതി പോലുള്ള പതിവു​ചി​കി​ത്സകൾ തന്നെ പിൻപ​റ്റു​ന്ന​താ​യി​രി​ക്കും ബുദ്ധി.

കൈ​റോ​പ്രാ​ക്‌റ്റിക്‌

ശരീര​ഭാ​ഗ​ങ്ങ​ളിൽ തിരുമ്മൽ നടത്തുന്ന ചികി​ത്സാ​രീ​തി​കൾ ഉണ്ട്‌. വിശേ​ഷി​ച്ചും ഐക്യ​നാ​ടു​ക​ളിൽ ഏറ്റവും സാധാ​ര​ണ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പകര ചികി​ത്സ​യാണ്‌ കൈ​റോ​പ്രാ​ക്‌റ്റിക്‌. നട്ടെല്ലി​ലുള്ള സ്ഥാനച​ല​നങ്ങൾ നേരെ​യാ​ക്കു​ക​വഴി രോഗ​സൗ​ഖ്യം വരുത്താൻ കഴിയും എന്നതാണ്‌ ഈ ചികി​ത്സ​യു​ടെ അടിസ്ഥാന തത്ത്വം. അതു​കൊ​ണ്ടാണ്‌ രോഗി​ക​ളു​ടെ നട്ടെല്ലു തിരുമ്മി കശേരു​ക്കൾ നേരെ​യാ​ക്കു​ന്ന​തിൽ കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സകർ പ്രത്യേക പഠനം നടത്തു​ന്നത്‌.

അലോ​പ്പ​തി മരുന്നിന്‌ എപ്പോ​ഴും നടു​വേദന ശമിപ്പി​ക്കാൻ കഴി​ഞ്ഞെന്നു വരില്ല. എന്നാൽ കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സ​യ്‌ക്കു വിധേ​യ​രായ ചില രോഗി​കൾ തങ്ങൾക്കു വലിയ ആശ്വാസം ലഭിക്കു​ക​യു​ണ്ടാ​യെന്നു പറയുന്നു. വേദന ഒഴിച്ചുള്ള പ്രശ്‌ന​ങ്ങൾക്ക്‌ കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികിത്സ ഫലപ്ര​ദ​മാ​യി​രി​ക്കു​മോ എന്നതിന്‌ വേണ്ടത്ര തെളി​വു​കൾ ഇല്ല.

വിദഗ്‌ധ​നാ​യ ഒരു കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സകൻ തിരുമ്മൽ നടത്തി​യ​ശേഷം പാർശ്വ​ഫ​ലങ്ങൾ ഉണ്ടായി​ട്ടുള്ള കേസുകൾ നന്നേ വിരള​മാണ്‌. കഴുത്തിൽ തിരുമ്മൽ നടത്തു​ന്നത്‌ മസ്‌തി​ഷ്‌കാ​ഘാ​ത​വും പക്ഷാഘാ​ത​വും പോലെ ഗുരു​ത​ര​മായ പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചേ​ക്കാ​മെന്ന വസ്‌തുത വിസ്‌മ​രി​ക്ക​രുത്‌. അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത കുറയ്‌ക്കാ​നാ​യി, ചെയ്യാൻ ഉദ്ദേശി​ക്കുന്ന ആ പ്രത്യേക തിരുമ്മൽ രീതി തന്റെ കാര്യ​ത്തിൽ സുരക്ഷി​ത​മാ​ണോ എന്നറി​യു​ന്ന​തിന്‌ രോഗി സമഗ്ര​മായ പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​നാ​ക​ണ​മെന്നു ചില വിദഗ്‌ധർ നിർദേ​ശി​ക്കു​ന്നു.

ഉഴിച്ചിൽ

ഉഴിച്ചിൽ കൊണ്ടുള്ള പ്രയോ​ജ​നങ്ങൾ മിക്കവാ​റും എല്ലാ സംസ്‌കാ​ര​ങ്ങ​ളി​ലും പണ്ടേ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താണ്‌. ബൈബിൾ കാലങ്ങ​ളിൽ പോലും അത്‌ നിലവി​ലു​ണ്ടാ​യി​രു​ന്നു. (എസ്ഥേർ 2:12, NW) “ചൈന​യി​ലെ​യും ഇന്ത്യയി​ലെ​യും പരമ്പരാ​ഗത ചികി​ത്സ​യിൽ ഉഴിച്ചിൽ ഒരു സുപ്ര​ധാന പങ്കു വഹിക്കു​ന്നുണ്ട്‌,” 1999 നവംബർ 6-ലെ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണൽ പറയുന്നു. “യൂറോ​പ്പിൽ ഉഴിച്ചി​ലി​നു രൂപം​നൽകി​യത്‌ പാർ ഹെൻഡ്രിക്ക്‌ ലിങ്‌ ആണ്‌, 19-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ. ഇന്ന്‌ അത്‌ സ്വീഡിഷ്‌ ഉഴിച്ചിൽ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌.”

ഉഴിച്ചിൽ പേശി​കൾക്ക്‌ അയവു വരുത്തു​മെ​ന്നും രക്തപ്ര​വാ​ഹം മെച്ച​പ്പെ​ടു​ത്തു​മെ​ന്നും കലകളിൽ അടിഞ്ഞു​കൂ​ടി​യി​രി​ക്കുന്ന വിഷവ​സ്‌തു​ക്കൾ നീക്കം ചെയ്യു​മെ​ന്നും പറയ​പ്പെ​ടു​ന്നു. പുറം​വേദന, തലവേദന, ദഹനവ്യ​വ​സ്ഥ​യു​മാ​യി ബന്ധപ്പെട്ട തകരാ​റു​കൾ എന്നിവ​യ്‌ക്ക്‌ ഡോക്‌ടർമാർ ഇപ്പോൾ ഉഴിച്ചിൽ നിർദേ​ശി​ക്കു​ന്നുണ്ട്‌. ഉഴിച്ചി​ലി​നു വിധേ​യ​രായ പലരും അതിനു​ശേഷം തങ്ങൾക്ക്‌ വളരെ സുഖം തോന്നി​യ​താ​യി അഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. സാൻഡ്ര മക്ലന്നഹൻ പറയു​ന്ന​പ്ര​കാ​രം “എൺപതു ശതമാനം രോഗ​ങ്ങ​ളും പിരി​മു​റു​ക്ക​വു​മാ​യി ബന്ധപ്പെ​ട്ട​താണ്‌, ഉഴിച്ചിൽ പിരി​മു​റു​ക്കം കുറയ്‌ക്കു​ന്നു.”

“ഉഴിച്ചിൽ വിദ്യ​ക​ളിൽ പലതി​നും പാർശ്വ​ഫ​ലങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത വളരെ കുറവാണ്‌,” ബിഎംജെ പറയുന്നു. “സാമാ​ന്യ​ബു​ദ്ധി ഉപയോ​ഗി​ക്കു​ന്ന​പക്ഷം (ഉദാഹ​ര​ണ​ത്തിന്‌ പൊള്ള​ലേറ്റ ഭാഗങ്ങ​ളിൽ ഉരസാതെ നോക്കു​ക​യും കൈയി​ലോ കാലി​ലോ ഉള്ള സിരക​ളിൽ രക്തം കട്ടപി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അവിടെ ഉഴിച്ചിൽ നടത്താ​തി​രി​ക്കു​ക​യും ചെയ്‌താൽ) ഉഴിച്ചി​ലു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വലിയ അളവു​വരെ ഒഴിവാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ . . . അർബുദം ബാധി​ച്ച​വ​രിൽ ഉഴിച്ചിൽ നടത്തി​യാൽ അത്‌ പടരു​മെ​ന്ന​തിന്‌ തെളി​വു​ക​ളൊ​ന്നും ഇല്ല.”

“ഉഴിച്ചിൽ മുഖ്യ​ധാ​രാ ചികി​ത്സ​ക​ളു​ടെ നിരയി​ലേക്കു വന്നിരി​ക്കുന്ന ഇന്നത്തെ സാഹച​ര്യ​ത്തിൽ ഉഴിച്ചിൽ നടത്തു​ന്ന​യാ​ളു​ടെ യോഗ്യ​ത​യെ​ക്കു​റിച്ച്‌ അറിയാൻ ഉപഭോ​ക്താ​ക്കൾ താത്‌പ​ര്യം കാണിച്ചു തുടങ്ങി​യി​രി​ക്കു​ന്നു, അത്‌ അങ്ങനെ​യാ​യി​രി​ക്ക​ണം​താ​നും” എന്ന്‌ അമേരി​ക്കൻ മസാജ്‌ തെറാപ്പി അസ്സോ​സി​യേ​ഷന്റെ മുൻ പ്രസി​ഡന്റ്‌ ഇ. യൂസ്റ്റൻ ലെബ്രൻ പറഞ്ഞു. കബളി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ തടയാ​നാ​യി “ചികി​ത്സ​കർക്ക്‌ അറിയ​പ്പെ​ടുന്ന ഒരു സംഘട​ന​യു​ടെ അംഗീ​കാ​രം ഉണ്ടോ​യെന്ന്‌ ഉറപ്പു​വ​രു​ത്തണം” എന്ന്‌ ബിഎംജെ നിർദേ​ശി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ 28 സംസ്ഥാ​ന​ങ്ങ​ളിൽ ചികി​ത്സ​കർക്ക്‌ ലൈസൻസ്‌ ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി കഴിഞ്ഞ വർഷത്തെ റിപ്പോർട്ടു പറയുന്നു.

അക്യൂ​പ​ങ്‌ചർ

ലോക​ത്തി​ലു​ട​നീ​ളം വലിയ അളവിൽ പ്രചാരം സിദ്ധി​ച്ചി​രി​ക്കുന്ന ഒരു ചികി​ത്സാ​രൂ​പ​മാണ്‌ അക്യൂ​പ​ങ്‌ചർ. “അക്യൂ​പ​ങ്‌ചർ” എന്നതിൽ വിവിധ ചികി​ത്സാ​രീ​തി​കൾ ഉൾപ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഏറ്റവും സാധാ​ര​ണ​മായ രീതി നേരിയ സൂചികൾ ചികി​ത്സാർഥം ശരീര​ത്തി​ന്റെ പ്രത്യേക ഭാഗങ്ങ​ളിൽ കയറ്റു​ന്ന​താണ്‌. വേദന​യും പഴുപ്പും ശമിപ്പി​ക്കുന്ന എൻഡോർഫിൻ പോലുള്ള നാഡീ​രാ​സ​വ​സ്‌തു​ക്കൾ ഉത്‌പാ​ദി​പ്പി​ച്ചു​കൊണ്ട്‌ ചില സാഹച​ര്യ​ങ്ങ​ളിൽ അക്യൂ​പ​ങ്‌ചർ ഫലം ചെയ്‌തേ​ക്കാം എന്ന്‌ കഴിഞ്ഞ ദശകങ്ങ​ളിൽ നടത്തി​യി​ട്ടുള്ള ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു.

അക്യൂ​പ​ങ്‌ചർ ഒട്ടേറെ രോഗങ്ങൾ ഭേദമാ​ക്കു​ന്ന​തിൽ ഫലപ്ര​ദ​മാ​ണെ​ന്നും അനസ്‌തേ​ഷ്യ​യ്‌ക്കു പകരമുള്ള സുരക്ഷി​ത​മായ ഒരു നടപടി​യാ​ണെ​ന്നും ചില ഗവേഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു. വ്യത്യ​സ്‌ത​മായ 104 രോഗാ​വ​സ്ഥ​കൾക്ക്‌ അക്യൂ​പ​ങ്‌ചർ ചികി​ത്സാ​രീ​തി ഉപയോ​ഗി​ക്കാ​മെന്ന്‌ ലോകാ​രോ​ഗ്യ സംഘടന പറയുന്നു. ശസ്‌ത്ര​ക്രി​യയെ തുടർന്നു​ണ്ടാ​കുന്ന വേദന​യും പേശി​കൾക്കു​ണ്ടാ​കുന്ന വേദന​യും ആർത്തവ സംബന്ധ​മായ വയറു​വേ​ദ​ന​യും കീമോ​തെ​റാ​പ്പി​യെ തുടർന്നോ ഗർഭകാ​ല​ത്തോ ഉണ്ടാകുന്ന മനംപി​ര​ട്ട​ലും ഛർദി​യും ഭേദമാ​ക്കാൻ അക്യൂ​പ​ങ്‌ചർ ഫലപ്ര​ദ​മാ​ണെ​ന്നു​ള്ള​തിന്‌ യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂ​ട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌ തിര​ഞ്ഞെ​ടുത്ത ഒരു കമ്മിറ്റി തെളി​വു​കൾ നിരത്തു​ക​യു​ണ്ടാ​യി.

അക്യൂ​പ​ങ്‌ച​റിന്‌ ഗുരു​ത​ര​മായ പാർശ്വ​ഫ​ലങ്ങൾ ഉണ്ടാകു​ന്നത്‌ വിരള​മാ​ണെ​ങ്കി​ലും ചിലർക്ക്‌ അതു നടത്തിയ ഭാഗത്ത്‌ വേദന​യോ മരവി​പ്പോ ഇക്കിളി​യോ അനുഭ​വ​പ്പെ​ട്ടേ​ക്കാം. ചികി​ത്സ​യ്‌ക്ക്‌ ഉപയോ​ഗി​ക്കുന്ന സൂചികൾ വേണ്ടവി​ധ​ത്തിൽ അണുവി​മു​ക്ത​മാ​ക്കു​ക​യോ ഡിസ്‌പോ​സി​ബിൾ സൂചികൾ (ഉപയോ​ഗ​ശേഷം ഉപേക്ഷി​ക്കാ​വു​ന്നവ) ഉപയോ​ഗി​ക്കു​ക​യോ ചെയ്യു​ന്ന​പക്ഷം അണുബാധ ഒഴിവാ​ക്കാ​വു​ന്ന​താണ്‌. പല അക്യൂ​പ​ങ്‌ചർ ചികി​ത്സ​കർക്കും ശരിയാ​യി രോഗ​നിർണയം നടത്താ​നോ കൂടുതൽ ഉചിത​മായ ചികി​ത്സകൾ നിർദേ​ശി​ക്കാ​നോ ആവശ്യ​മായ വൈദ്യ​ശാ​സ്‌ത്ര വൈദ​ഗ്‌ധ്യം ഇല്ല. വിട്ടു​മാ​റാത്ത അസുഖ​ങ്ങ​ളു​ടെ ലക്ഷണങ്ങ​ളിൽനി​ന്നു ശമനം നേടാ​നാ​യി അക്യൂ​പ​ങ്‌ചർ ഉപയോ​ഗി​ക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ മേൽപ്പറഞ്ഞ വസ്‌തുത അവഗണി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കില്ല.

തിര​ഞ്ഞെ​ടു​പ്പു​കൾ നിരവധി

ചില സ്ഥലങ്ങളിൽ ഇന്ന്‌ സാധാ​ര​ണ​ഗ​തി​യിൽ പകര ചികി​ത്സ​ക​ളാ​യി കണക്കാ​ക്ക​പ്പെ​ടുന്ന നിരവധി ചികി​ത്സാ​രീ​തി​ക​ളിൽ ഏതാനും എണ്ണത്തെ കുറിച്ചു മാത്ര​മാണ്‌ ഇവിടെ പരാമർശി​ച്ചി​രി​ക്കു​ന്നത്‌. ഭാവി​യിൽ ഇവയിൽ ചിലതും അതു​പോ​ലെ ഈ ലേഖന​ങ്ങ​ളിൽ പരാമർശി​ച്ചി​ട്ടി​ല്ലാത്ത പല ചികി​ത്സ​ക​ളും പ്രധാ​ന​പ്പെട്ട ചികി​ത്സ​ക​ളാ​യി മാറി​യേ​ക്കാം, ഇപ്പോൾത്തന്നെ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും അവ അങ്ങനെ​യാ​യി കഴിഞ്ഞി​രി​ക്കു​ന്നു. മറ്റു ചിലവ​യു​ടെ ഉപയോ​ഗം​തന്നെ നിന്നു​പോ​യേ​ക്കാം.

സങ്കടക​ര​മെ​ന്നു പറയട്ടെ, വേദന​യും രോഗ​വു​മെ​ല്ലാം ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌. ബൈബിൾ കൃത്യ​ത​യോ​ടെ ഇപ്രകാ​രം പറയുന്നു: “സർവ്വസൃ​ഷ്ടി​യും ഇന്നുവരെ ഒരു​പോ​ലെ ഞരങ്ങി ഈററു​നോ​വോ​ടി​രി​ക്കു​ന്നു എന്നു നാം അറിയു​ന്നു​വ​ല്ലോ.” (റോമർ 8:22) മനുഷ്യർ അതിൽനി​ന്നു മോചനം നേടാൻ ആഗ്രഹി​ക്കു​ന്നതു സ്വാഭാ​വി​കം മാത്രം. എന്നാൽ നമുക്ക്‌ എങ്ങോട്ടു തിരി​യാൻ കഴിയും? വൈദ്യ​ചി​കിത്സ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നിങ്ങളെ സഹായി​ച്ചേ​ക്കാ​വുന്ന ചില നിർദേ​ശങ്ങൾ പരിചി​ന്തി​ക്കുക.

[8-ാം പേജിലെ ചതുരം/ചിത്രം]

അലോപ്പതി മരുന്നു​കൾക്കൊ​പ്പം പച്ചമരു​ന്നു​കൾ കഴിക്കൽ—അപകടങ്ങൾ എന്തെല്ലാം?

ചില ഇംഗ്ലീഷ്‌ മരുന്നു​ക​ളു​ടെ കാര്യ​ത്തിൽ, രണ്ടു വ്യത്യ​സ്‌ത​തരം മരുന്നു​കൾ ഒരേ സമയത്ത്‌ കഴിക്കു​ന്ന​തിന്‌ എതിരെ അല്ലെങ്കിൽ ചില മരുന്നു​കൾ കഴിക്കു​മ്പോൾ ലഹരി​പാ​നീ​യങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ എതിരെ മിക്ക​പ്പോ​ഴും ആളുകൾക്കു മുന്നറി​യി​പ്പു ലഭിക്കാ​റുണ്ട്‌. എന്നാൽ അത്തരം മരുന്നു​കൾക്കൊ​പ്പം പച്ചമരു​ന്നു​കൾ കഴിക്കു​ന്ന​തിൽ അപകട​മു​ണ്ടോ? ഈ സമ്പ്രദാ​യം എത്ര​ത്തോ​ളം വ്യാപ​ക​മാണ്‌?

“അലോ​പ്പതി മരുന്നു​കൾക്കൊ​പ്പം പച്ചമരു​ന്നു​കൾ കഴിക്കുന്ന”തിനെ കുറിച്ച്‌ ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേ​ഷ​നി​ലെ ഒരു ലേഖനം പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. അത്‌ ഇപ്രകാ​രം പറഞ്ഞു: “ഡോക്ട​റു​ടെ നിർദേ​ശ​പ്ര​കാ​രം അലോ​പ്പതി മരുന്നു​കൾ ക്രമമാ​യി കഴിച്ചു​കൊ​ണ്ടി​രുന്ന 44 ശതമാനം മുതിർന്ന വ്യക്തി​ക​ളിൽ ഏതാണ്ട്‌ 5-ൽ ഒരാൾ വീതം (18%) തങ്ങൾ ആ മരുന്നു​കൾക്കു പുറമേ ചുരു​ങ്ങി​യത്‌ ഒരു പച്ചമരുന്ന്‌ ഉത്‌പ​ന്ന​മോ കൂടിയ ഡോസി​ലുള്ള വിറ്റാ​മിൻ ഗുളി​ക​ക​ളോ അല്ലെങ്കിൽ രണ്ടും ഒരുമി​ച്ചോ കഴിക്കു​ന്നു​ണ്ടെന്നു പറഞ്ഞു.” അത്തരം രീതി നിമി​ത്ത​മുള്ള അപകടങ്ങൾ അറിഞ്ഞി​രി​ക്കു​ന്നതു പ്രധാ​ന​മാണ്‌.

ചില പ്രത്യേക പച്ചമരുന്ന്‌ ഉത്‌പ​ന്നങ്ങൾ കഴിക്കു​ന്നവർ അനസ്‌തേഷ്യ ആവശ്യ​മുള്ള എന്തെങ്കി​ലും ചികിത്സാ നടപടി​കൾക്കു വിധേ​യ​മാ​കു​മ്പോൾ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. അമേരി​ക്കൻ സൊ​സൈറ്റി ഓഫ്‌ അനസ്‌തേ​ഷ്യോ​ള​ജി​സ്റ്റ്‌സി​ന്റെ പ്രസി​ഡ​ന്റായ ഡോ. ജോൺ നീൽഡ്‌ ഇപ്രകാ​രം പറഞ്ഞു: “ജിൻസെങ്‌, സെന്റ്‌ ജോൺസ്‌ വോർട്ട്‌ എന്നിവ​യുൾപ്പെടെ പ്രചാരം സിദ്ധിച്ച ചില പച്ചമരു​ന്നു​കൾ രക്തസമ്മർദ​ത്തിൽ കാര്യ​മായ വ്യതി​യാ​നങ്ങൾ വരുത്തി​യേ​ക്കാം എന്ന്‌ ചിലരു​ടെ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നു. അനസ്‌തേ​ഷ്യ​യു​ടെ സമയത്ത്‌ അത്‌ വലിയ അപകടം ചെയ്യും.”

അദ്ദേഹം ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ജിങ്കോ ബൈ​ലോബ, ഇഞ്ചി, ഫീവർഫ്യൂ എന്നിവ​പോ​ലുള്ള മറ്റു ചിലതാ​കട്ടെ രക്തം കട്ടപി​ടി​ക്കു​ന്ന​തി​നു തടസ്സം സൃഷ്ടി​ച്ചേ​ക്കാം. എപ്പിഡൂ​റൽ അനസ്‌തേഷ്യ നൽകു​മ്പോ​ഴാണ്‌ ഇത്‌ വിശേ​ഷി​ച്ചും അപകടം ചെയ്യു​ന്നത്‌. സുഷു​മ്‌നാ നാഡിക്കു സമീപം രക്തസ്രാ​വം ഉണ്ടെങ്കിൽ അതു തളർച്ച​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാം. സെന്റ്‌ ജോൺസ്‌ വോർട്ട്‌ ചില മയക്കു മരുന്നു​ക​ളു​ടെ​യോ അനസ്‌തെ​റ്റിക്‌ മരുന്നു​ക​ളു​ടെ​യോ ഫലങ്ങളു​ടെ തീവ്രത വർധി​പ്പി​ച്ചേ​ക്കാം.

അതു​കൊണ്ട്‌ നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, പച്ചമരു​ന്നു​ക​ളും മറ്റു മരുന്നു​ക​ളും ഒരുമി​ച്ചു കഴിക്കു​ന്ന​തു​കൊ​ണ്ടുള്ള അപകട​ങ്ങളെ കുറിച്ച്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാണ്‌. മറ്റു മരുന്നു​കൾ കഴിക്കുന്ന കൂട്ടത്തിൽ ചില പച്ചമരു​ന്നു​കൾ കഴിക്കു​ന്നത്‌ തങ്ങളുടെ കുഞ്ഞു​ങ്ങൾക്ക്‌ അപകടം ചെയ്‌തേ​ക്കാ​മെന്ന്‌ ഗർഭി​ണി​ക​ളും മുലയൂ​ട്ടുന്ന അമ്മമാ​രും വിശേ​ഷിച്ച്‌ അറിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ തങ്ങൾ കഴിക്കുന്ന മരുന്ന്‌ എന്തായാ​ലും ചികി​ത്സി​ക്കുന്ന ഡോക്‌ട​റു​മാ​യി അതേക്കു​റി​ച്ചു സംസാ​രി​ക്കാൻ രോഗി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

[7-ാം പേജിലെ ചിത്രങ്ങൾ]

ആരോഗ്യപ്രശ്‌നങ്ങൾ ചികി​ത്സി​ക്കു​ന്ന​തിൽ ചില പച്ചമരു​ന്നു​കൾ ഫലപ്ര​ദ​മാണ്‌

ബ്ലാക്ക്‌ കൊ​ഹൊഷ്‌

സെന്റ്‌- ജോൺസ്‌-വോർട്ട്‌

[കടപ്പാട്‌]

© Bill Johnson/Visuals Unlimited

[7-ാം പേജിലെ ചിത്രം]

ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കാൻ രോഗി​ക​ളും ചികി​ത്സ​ക​രും സഹകരി​ച്ചു പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക