യുവജനങ്ങൾ ചോദിക്കുന്നു...
എന്റെ ശരീരത്തിന് ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?
കൗമാരം—ഇതിന് നിങ്ങളുടെ ജീവിതത്തിലെ പുളകപ്രദമായ ഒരു കാലമായിരിക്കാൻ കഴിയും. നിങ്ങൾ ക്രമേണ ശൈശവത്തിൽ നിന്നും പ്രായപൂർത്തിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്!
എങ്കിലും, ഒരു പക്ഷേ, നിങ്ങളുടെ മാതാപിതാക്കൾ എന്തെല്ലാം പ്രതീക്ഷിക്കേണ്ടതുണ്ട് എന്ന് മുന്നമേ നിങ്ങളുമായി ചർച്ച ചെയ്തിട്ടില്ലായിരിക്കാം. അഥവാ ചർച്ച ചെയ്തിട്ടുണ്ടെങ്കിൽതന്നെ കൗമാരത്തിന്റെ യാഥാർത്ഥ്യം നിങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരിക്കാം. നിങ്ങൾക്ക് എന്തോ ഗുരുതരമായ തകരാറുണ്ട് എന്ന് ആശങ്കയുണർത്തുന്ന തരത്തിൽ നിങ്ങളിൽ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. പക്ഷേ നേരെ മറിച്ചായിരിക്കും വാസ്തവം!
ആർത്തവ ചക്രം—ശാപമോ അനുഗ്രഹമോ?
കൗമാരം തുടങ്ങി ഏകദേശം രണ്ടുവർഷം കഴിയുമ്പോൾ ഒരു പെൺകുട്ടിക്ക് പ്രധാനപ്പെട്ട ഒരു വികാസം അനുഭവപ്പെടുന്നു—ആർത്തവത്തിന്റെ ആരംഭം. എന്നാൽ ആവശ്യമായ തയ്യാറെടുപ്പില്ലാത്തപക്ഷം ഈ നാഴികക്കല്ലായ സംഭവത്തിന് സംഭ്രമിപ്പിക്കുന്ന ഒന്ന്, ഞെട്ടിപ്പിക്കുന്ന ഒന്നായിരിക്കാൻ കഴിയും. “ഞാൻ ശരിക്കും പരിഭ്രാന്തയാണ്,”a പോളാ എന്ന ഒരു പെൺകുട്ടി എഴുതി. “മൂന്നുമാസം മുമ്പ് എനിക്ക് മാസത്തിൽ ഏതാനും ദിവസങ്ങളിലായി രക്തസ്രാവം തുടങ്ങി. എനിക്ക് കാൻസർ ഉണ്ടെന്നാണോ? ഈ രക്തസ്രാവത്തെക്കുറിച്ച് ഓർത്ത് ഞാൻ ആകെ തകർന്നിരിക്കുകയാണ്, എനിക്ക് കരച്ചിലും വിറയലും ഉണ്ടാകുന്നു.”
യുവാക്കളും യൗവനവും എന്ന പുസ്തകം ചില പെൺകുട്ടികൾക്ക് ആർത്തവചക്രം തുടങ്ങുമ്പോൾ ലജ്ജയും കുററബോധവും തോന്നുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്നു. അപ്പോൾ പിന്നെ പെൺകുട്ടികളിലനേകർ ഈ സംഭവം രഹസ്യമാക്കിവെക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഒരു പെൺകുട്ടി ഇങ്ങനെ പറയുകയുണ്ടായി: “എന്റെ അമ്മയോട് പറയാൻ എനിക്ക് പരിഭ്രമമായിരുന്നു. ഇതിനേക്കുറിച്ച് എന്റെ അമ്മ എന്നോട് ഒരിക്കലും സംസാരിച്ചിട്ടില്ല. ഞാൻ പേടിച്ചു മരിക്കുന്ന അവസ്ഥയിലെത്തി.”
എന്നാൽ ആർത്തവചക്രം എന്നു പറയുന്നത് ലജ്ജിക്കാനുള്ള എന്തെങ്കിലും ആയിരിക്കുന്നതിനു പകരം നിങ്ങളുടെ പ്രത്യുൽപാദനക്ഷമത പക്വമായി വരുന്നുവെന്നതിന്റെ തെളിവാണ്. നിങ്ങളുടെ ശരീരം ഇപ്പോൾ, ഗർഭം ധരിച്ച് ഒരു ശിശുവിനെ പ്രസവിക്കുന്നതിന് പ്രാപ്തമാണ്. എന്നാൽ യഥാർത്ഥത്തിൽ ഒരു അമ്മയാകാറാകുന്നതിന് വർഷങ്ങൾ തന്നെ വേണ്ടിവരും. എങ്കിലും ഇപ്പോഴിതാ നിങ്ങൾ സ്ത്രീത്വത്തിന്റെ വക്കിലെത്തി നിൽക്കുന്നു. ഇത് ലജ്ജിക്കാനും പരിഭ്രമിക്കാനും തക്ക എന്തെങ്കിലുമാണോ? ഒരിക്കലുമല്ല.
മാത്രവുമല്ല, ഇത് പ്രാപഞ്ചികമായി സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഒരു സംഗതിയാണ്. ബൈബിൾ ആർത്തവചക്രത്തെ “സ്ത്രീകൾക്കുള്ള മുറ” എന്നു പരാമർശിക്കുന്നു. (ഉല്പ്പത്തി 31:35) കൂടാതെ ചിലരുടെ അഭിപ്രായത്തിനു വിരുദ്ധമായി അതൊരു ശാപമല്ല.b ഈ പ്രതിഭാസം എന്തുകൊണ്ട്, എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കുകയാണെങ്കിൽ ഒരു പക്ഷേ നിങ്ങളുടെ ഭീതി അല്പ്പമൊക്കെ നീങ്ങിയേക്കും.
“പ്രതിമാസ അത്ഭുതം”
“പ്രതിമാസം” എന്നു അർത്ഥം വരുന്ന ഒരു ലാററിൻ പദത്തിൽ നിന്നാണ് “മെൻസ്ട്രുവെഷൻ” (“ആർത്തവം”) എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായിരിക്കുന്നത്. മാസത്തിലൊരിക്കൽ ഒരു ശിശുവിനെ ഗർഭം ധരിക്കാൻ നിങ്ങളുടെ ശരീരം പ്രാപ്തമാകുന്നു. ഒന്നാമതായി നിങ്ങളുടെ ശരീരത്തിന്റെ ഹോർമോൺമാനത്തിന്റെ വർദ്ധനവ് ഗർഭാശയത്തിന് സിഗ്നൽ നൽകുന്നു. ഇത് ബീജസങ്കലനം കഴിഞ്ഞ ഒരു അണ്ഡത്തെ സ്വീകരിച്ച് സംരക്ഷിക്കുന്നതിനു തക്കവണ്ണം അതിനെത്തന്നെ ഒരുക്കുന്നു; അതിന്റെ ഉൾഭിത്തി രക്തവും പോഷകങ്ങളുംകൊണ്ട് സംപുഷ്ടമായിത്തീരുന്നു. ഇതിനോട് ചേർന്നാണ് ബദാം കായുടെ ആകൃതിയിൽ അണ്ഡാശയങ്ങൾ എന്നറിയപ്പെടുന്ന രണ്ട് ഗ്രന്ഥികൾ സ്ഥിതിചെയ്യുന്നത്. ഇവയിലോരോന്നിലും ആയിരക്കണക്കിന് ചെറു അണ്ഡങ്ങൾ ഉണ്ടായിരിക്കും. ഓരോ അണ്ഡവും ഒരു ശിശുവായിത്തീരാൻ പ്രാപ്തമാണ്, ഒരു പുരുഷബീജത്താൽ സങ്കലനം ചെയ്യപ്പെട്ടാൽ മാത്രംമതി. മാസത്തിലൊരിക്കൽ ഒരു അണ്ഡം പാകതയെത്തി അണ്ഡാശയത്തിൽനിന്നും സ്വതന്ത്രമായി പുറത്തു വരുന്നു.
അപ്പോൾ മൃദുവായ “വിരലുകൾ” വന്ന് ഈ അണ്ഡത്തെ ഒരു ഫാലോപിയൻ കുഴലിലേക്ക് വഹിച്ചുകൊണ്ടുപോകുന്നു. അങ്ങനെ ഈ ചെറു അണ്ഡം ഈ കുഴലിലൂടെ ഗർഭാശയത്തിലേക്കുള്ള നാലു മുതൽ ആറു വരെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സഞ്ചാരം തുടങ്ങുന്നു. ഈ സമയത്ത് ഒരു സ്ത്രീ ഗർഭവതിയാകാത്ത പക്ഷം ഈ ചെറു അണ്ഡം ശിഥിലീഭവിക്കുന്നു. ഗർഭാശയത്തിന്റെ രക്തസമ്പുഷ്ടമായ ഉൾഭിത്തിയും തകരുന്നു. ഗർഭാശയം ചുരുങ്ങിത്തുടങ്ങുകയും സാവധാനം ഈ ഉൾഭിത്തിയെ യോനീനാളത്തിലൂടെ പുറംതള്ളുകയും ചെയ്യുന്നു.
രണ്ടു മുതൽ ഏഴു വരെ ദിവസത്തേക്ക് (ഓരോ സ്ത്രീക്കും വ്യത്യസ്തമായിരിക്കും) ആർത്തവസ്രവം ഉണ്ടായിരിക്കും. അങ്ങനെ ഈ പ്രക്രിയ മാസാമാസം ആവർത്തിച്ചുകൊണ്ടിരിക്കും.c ഒരു എഴുത്തുകാരൻ ഇതിനെ “പ്രതിമാസ അത്ഭുതം” എന്ന് നന്നായിതന്നെ വർണ്ണിച്ചിരിക്കുന്നു. ഇത് ഒരു വിദഗ്ദ്ധ ശിൽപ്പിയുടെ കൈമുദ്ര വഹിക്കുന്ന ഒരു പ്രക്രിയ തന്നെയാണ്. “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു,” എന്ന് പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെ ഉദ്ഘോഷിക്കുന്നതിന് മറെറാരു കാരണം കൂടിയാണിത്.
സഹായം കണ്ടെത്തൽ
എന്നിരുന്നാലും, ആർത്തവചക്രം പ്രായോഗികമായി ധാരാളം ആശങ്കകൾ ഉളവാക്കുകതന്നെ ചെയ്യുന്നു. ഉദാഹരണത്തിന്, ‘ഞാൻ സ്കൂളിൽ ആയിരിക്കുമ്പോഴാണ് ഇത് ആരംഭിക്കുന്നതെങ്കിൽ എന്തു ചെയ്യും?’ എന്ന് പല പെൺകുട്ടികളും ഉൽക്കണ്ഠപ്പെടാറുണ്ട്. ഇത് നിങ്ങളുടെ വസ്ത്രം മലിനമാകുന്നതിനും അല്പമൊക്കെ പരിഭ്രാന്തി ഉണ്ടാകുന്നതിനും ഇട നൽകാറുണ്ടെന്നുള്ളത് വാസ്തവംതന്നെ. ഒരു ലൈംഗികവിദ്യാഭ്യാസ വിദഗ്ദ്ധനായ ലിണ്ട മഡറാസ്, പക്ഷേ, ഇങ്ങനെ ഉറപ്പു നൽകുന്നു: “മിക്ക പെൺകുട്ടികൾക്കും തുടക്കത്തിൽതന്നെ, വസ്ത്രത്തിലൂടെ പുറമെ കാണത്തക്കവണ്ണം രക്തസ്രാവം ഉണ്ടാകാറില്ല.” എങ്കിലും ന്യായമായ മുൻകരുതൽ എടുക്കാൻ നിങ്ങൾ ആഗ്രഹിക്കും.
അനവധി ഗ്രന്ഥങ്ങൾ വിദഗ്ദ്ധ വൈദ്യോപദേശം നൽകുന്നവയായിട്ടുണ്ട്. പക്ഷേ നിങ്ങളുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ അമ്മയോട് സംസാരിച്ചുകൂടാ? അമ്മക്ക് നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ ഉണ്ടായിരിക്കുമെന്നുള്ളതിന് സംശയമില്ല. ഒരു പെൺകുട്ടി പറഞ്ഞതുപോലെ, “എന്റെ അമ്മ എനിക്ക് ഒരു സ്നേഹിതയെപ്പോലെയായിരുന്നു. ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തുമായിരുന്നു, അമ്മ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരുകയും ചെയ്യുമായിരുന്നു.”
ചില അമ്മമാർക്ക് രഹസ്യ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടുളവാക്കുന്ന ഒരു സംഗതിയായി അനുഭവപ്പെട്ടേക്കാമെന്നതും ശരിയാണ്. എന്നാൽ നിങ്ങൾ അവരെ ബഹുമാനപുരസ്സരം സമീപിക്കുകയും ഈ കാര്യം യഥാർത്ഥത്തിൽ പ്രധാനപ്പെട്ടതാണ് എന്ന് അവരെ അറിയിക്കുകയുമാണെങ്കിൽ സംസാരിക്കുവാനുള്ള വൈമുഖ്യം തരണം ചെയ്യാൻ അവർക്ക് കഴിഞ്ഞേക്കാം. അതു പരാജയപ്പെടുന്നുവെങ്കിൽ നിങ്ങൾക്ക് ആശ്വാസപൂർവം സമീപിക്കാൻ കഴിയുന്ന പക്വതയുള്ള ഒരു ക്രിസ്തീയ സ്ത്രീയെ എന്തുകൊണ്ട് ആശ്രയിച്ചുകൂടാ?
മിക്ക സ്ത്രീകൾക്കും ആർത്തവ സമയത്ത് തങ്ങളുടെ ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാൻ കഴിയുമെങ്കിലും ചിലർക്ക് തലവേദന, പുറംവേദന, ത്വക്രോഗങ്ങൾ, ഭാവമാററം, ഉൻമേഷക്കുറവ്, കോച്ചിവലിച്ചിൽ, ഛർദ്ദി, നീരിറക്കം എന്നിവ അനുഭവപ്പെടുന്നു എന്ന് ചെയ്ഞ്ചിംഗ് ബോഡീസ്, ചെയ്ഞ്ചിംഗ് ലിവ്സ് എന്ന ഗ്രന്ഥം അനുസ്മരിപ്പിക്കുന്നു. ലഘുവായ ആസ്പിരിൻ സംയുക്തങ്ങൾകൊണ്ട് ഇവക്ക് ആശ്വാസം കാണാൻ കഴിയും. (കുറേക്കൂടെ ശക്തമായ മരുന്നു വേണോ എന്ന് നിങ്ങളുടെ ഡോക്ടർക്ക് നിശ്ചയിക്കാൻ കഴിയും.) മാത്രമല്ല, സാദ്ധ്യമെങ്കിൽ ആർത്തവ കാലത്തിനനുസരിച്ച് നിങ്ങളുടെ കാര്യാദികൾ ക്രമീകരിച്ചുകൊണ്ട് ആ സമയത്തെ അധിക സമ്മർദ്ദം ഒഴിവാക്കാൻ കഴിയുന്നതാണ്.
നിശാസ്ഖലനം
ചെറുപ്പക്കാരായ ആൺകുട്ടികൾക്കും തങ്ങളുടെ പുനരുൽപ്പാദന വ്യവസ്ഥ വികാസം പ്രാപിച്ചു വരുന്നതോടെ അനവധി പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ ലൈംഗികാവയവങ്ങൾ ശുക്ലം എന്നു വിളിക്കപ്പെടുന്ന ഒരു ദ്രാവകം നിർമ്മിക്കാൻ തുടങ്ങുന്നു. ഈ ദ്രാവകത്തിൽ ദശലക്ഷക്കണക്കിന് സൂക്ഷ്മ ബീജങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയോരോന്നും ലൈംഗിക സംയോഗത്തിലൂടെ പുറത്തു വിട്ടാൽ ഒരു അണ്ഡത്തെ സങ്കലനം നടത്തി ഒരു ശിശുവിനെ ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാണ്.
നിങ്ങൾ അവിവാഹിതനായിരിക്കുന്നതുകൊണ്ട് ബീജങ്ങൾ അങ്ങനെ വെറുതെ ഉണ്ടായിക്കൊണ്ടിരിക്കും. കുറേയൊക്കെ നിങ്ങളുടെ ശരീരം ക്രമേണ ആഗിരണം ചെയ്യും. പക്ഷേ, അൽപ്പമൊക്കെ ഇടക്കിടെ നിങ്ങൾ ഉറങ്ങുന്ന സമയത്ത് രാത്രിയിൽ പുറത്തേക്ക് തള്ളപ്പെടുന്നു. ഇതിനെ സ്വപ്നസ്ഖലനം എന്നു പൊതുവേ വിളിക്കപ്പെടുന്നു. പക്ഷേ ഇതിന് ഏറെ നന്നായി നിശാസ്ഖലനം എന്നു പറയാം, കാരണം, ഈ സ്ഖലനം സ്വയമായി ഉണ്ടാകുന്നതാണ്, ഇതോടൊപ്പം ഒരു ഇക്കിളി സ്വപ്നം ഉണ്ടായിരിക്കുകയൊ ഉണ്ടാകാതിരിക്കുകയൊ ചെയ്തേക്കാം.
നിശാസ്ഖലനമുണ്ടാകുന്ന ഒരു ആൺകുട്ടിയുടെ ആദ്യത്തെ അനുഭവം അസ്വസ്ഥതയുളവാക്കിയേക്കാം. ഒരു കൗമാരപ്രായക്കാരൻ ഇങ്ങനെ അനുസ്മരിക്കുന്നു: “എനിക്ക് പന്ത്രണ്ടര വയസ്സുള്ളപ്പോൾ ആയിരുന്നു ആദ്യത്തെ സ്വപ്നസ്ഖലനം ഉണ്ടായത്. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയാൻ വയ്യായിരുന്നു. ഞാൻ ഉണർന്നുനോക്കിയപ്പോൾ കിടക്കയാകെ നനഞ്ഞിരുന്നു. ഞാൻ അറിയാതെ എങ്ങാനും കിടക്ക നനയ്ക്കുകയോ മറേറാ ചെയ്തിരിക്കുമെന്ന് ഞാൻ വിചാരിച്ചു.” അത്തരം സ്ഖലനം തികച്ചും സാധാരണമാണെന്ന് മനസ്സിലാക്കുക. (ലേവ്യർ 15:16, 17) അത്, നിങ്ങളുടെ പുനരുൽപ്പാദനവ്യവസ്ഥ പ്രവർത്തനക്ഷമമാണെന്നും നിങ്ങൾ പുരുഷത്വത്തിലേക്കുള്ള പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നും ഉള്ളതിന്റെ സൂചനയാണ്.
നിങ്ങളുടെ അമ്മ നനഞ്ഞ കിടക്ക വിരി കണ്ടുപിടിക്കുമെന്നുള്ള ചിന്ത നിങ്ങളെ സംഭീതരാക്കിയേക്കാമെന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇത് അവരെ ഞെട്ടിക്കുകയോ അമ്പരപ്പിക്കുകയോ ചെയ്യാൻ സാധ്യത തീരെയില്ല. പകരം അതൊരുപക്ഷേ, കാര്യങ്ങൾ നിങ്ങളുടെ പിതാവുമായിട്ടോ മറെറാരു പക്വതയുള്ള വ്യക്തിയുമായിട്ടോ സംസാരിക്കാൻ സഹായിച്ചേക്കും. ഇത് നിങ്ങളുടെ ഉള്ളിൽ തങ്ങി നിന്നേക്കാവുന്ന ഉത്ക്കണ്ഠകളെ നീക്കം ചെയ്യും. ഈ കാര്യത്തിൽ നിങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടു പിടിക്കുന്നതിനും നിങ്ങൾക്ക് കഴിഞ്ഞേക്കും.
ഉത്തേജനത്തോട് പൊരുത്തപ്പെടൽ
പുനരുത്പ്പാദന വ്യവസ്ഥ വികാസം പ്രാപിച്ചുവരുന്നതോടെ ആൺകുട്ടികളും പെൺകുട്ടികളും മിക്കപ്പോഴും ലൈംഗിക ഉത്തേജനത്തിന് അതീവ സംവേദനത്വം ഉള്ളവരായിരിക്കും. ഇത് ഒരു ആൺകുട്ടിക്ക് സംഭവിക്കുമ്പോൾ പുരുഷലിംഗം രക്തംകൊണ്ട് ചീർക്കുകയും അത് ദൃഢമായി നിവർന്നു നിൽക്കുകയും ചെയ്യുന്നു. “എന്നാൽ ലിംഗോദ്ധാരണം പലപ്പോഴും ലൈംഗികമല്ലാത്ത കാരണങ്ങൾകൊണ്ടും ഉണ്ടാകുന്നു, ഒരു കാരണവുമില്ലാതെയായിരിക്കും ചിലപ്പോഴൊക്കെ! ബസ്സിന്റെ കുലുക്കം, ഇറുകിപ്പിടിച്ച വസ്ത്രം, തണുപ്പ്, ഭയം എന്നിവപോലെയുള്ള കാര്യങ്ങൾക്ക് ഉദ്ധാരണമുളവാക്കാൻ കഴിയും,” എന്ന് ദ ന്യൂ ററീനേജ് ബോഡി ബുക്ക് ഓർമ്മിപ്പിക്കുന്നു. പെൺകുട്ടികൾക്കും സമാനമായി, പ്രത്യക്ഷമായ യാതൊരു കാരണവും കൂടാതെ ഉത്തേജനം ഉണ്ടാകാം.
ആഗ്രഹിക്കാതെ ഉണ്ടാകുന്ന ലൈംഗിക ഉത്തേജനത്തിന് പരിഭ്രാന്തിയുളവാക്കുന്ന, അമ്പരപ്പിക്കുന്ന ഒന്നായിരിക്കാൻ കഴിയും. പക്ഷേ അത് വളർച്ചയുടെ ഒരു ഭാഗമാണ്, ആവർത്തിച്ച് ഉണ്ടാകുകയും ചെയ്തേക്കാം. ചില യുവാക്കൾ ലൈംഗിക സംതൃപ്തി നേടുന്നതിന് തങ്ങളുടെ ലൈംഗികാവയവങ്ങൾ കൊണ്ട് പല വിക്രിയകൾ ചെയ്യാറുണ്ട്. ഇത് തെററാണ്. കാലക്രമത്തിൽ ഇതിന് മററ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും.d ഏറെ നല്ല സംഗതി, ശാന്തരായിരുന്ന് മനസ്സിനെ ഈ ചിന്തയിൽനിന്ന് തിരിച്ചുവിടുക എന്നതാണ്. അപ്പോൾ ഉത്തേജനം പെട്ടെന്ന് മാറിപ്പൊയ്ക്കൊള്ളും. നിങ്ങൾക്ക് പ്രായമേറി വരുകയും നിങ്ങളുടെ ഹോർമോൺ നില സ്ഥിരമാകുകയും ചെയ്യുമ്പോൾ, പെട്ടെന്നുള്ള ഉത്തേജനം അപൂർവമായേ ഉണ്ടാകുന്നുള്ളൂ എന്ന് നിങ്ങൾ കണ്ടെത്തും.
കൗമാരം എക്കാലവും നിലനിൽക്കുകയില്ല. ഒരു പക്ഷേ, ഇപ്പോൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചില കാര്യങ്ങളെയോർത്ത് ചിരിക്കാൻ ഒരിക്കൽ നിങ്ങൾക്കു കഴിഞ്ഞേക്കും. അതുവരേക്കും നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്ന വസ്തുതയിൽ ആശ്വാസം കൊള്ളുക. (g90 2⁄8)
[അടിക്കുറിപ്പുകൾ]
a ഒരു പഠനത്തിൽ, അഭിപ്രായം രേഖപ്പെടുത്തിയ അമ്മമാരിൽ 20 ശതമാനം പേർ തങ്ങളുടെ പെൺമക്കളോട് ആർത്തവം സംബന്ധിച്ച് യാതൊന്നും സംസാരിച്ചിരുന്നില്ല. മറെറാരു 10 ശതമാനം തീരെ പരിമിതമായ വിവരമേ നൽകിയിരുന്നുള്ളു.
b മോശൈക നിയമം ഋതുവായ സ്ത്രീയെ “അശുദ്ധ” എന്നു മുദ്രകുത്തിയിരുന്നു എന്നതു സത്യംതന്നെ. (ലേവ്യർ 15:1-17; ലേവ്യർ 19-33) പക്ഷേ ഇത് ഒരു ആചാരപരമായ അർത്ഥത്തിൽ മാത്രമായിരുന്നു. പ്രകടമായും, ഈ നിയമങ്ങൾ രക്തത്തിന്റെ പവിത്രതയോട് ആദരവ് പഠിപ്പിക്കുന്നതിന് ഉതകി. അതേസമയം തന്നെ മനുഷ്യവർഗ്ഗം ഒരു പാപാവസ്ഥയിൽ പിറന്നിരിക്കുന്നുവെന്നും അവർക്ക് ഒരു വിമോചകന്റെ ആവശ്യമുണ്ടെന്നും യഹൂദ ജനതയെ അനുസ്മരിപ്പിക്കുന്നതിനും ആ നിയമങ്ങൾ ഉതകുകയുണ്ടായി.
c ആർത്തവചക്രം ഒരു സ്ഥിരക്രമീകരണത്തിൽ വരുന്നതിന് മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം.
d ഹസ്തമൈഥുനത്തെക്കുറിച്ചുള്ള എവേക്ക്! മാസികയുടെ പിൻവരുന്ന ലക്കങ്ങളിലെ ലേഖനങ്ങൾ കാണുക. സെപ്ററംബർ 8, 1987, നവംബർ 8, 1987, മാർച്ച് 8, 1988.
[20-ാം പേജിലെ ചിത്രം]
കൗമാരത്തിന്റെ മാററങ്ങളുമായി പൊരുത്തപ്പെടുന്നതിന് മാതാപിതാക്കൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും