-
5 ആശയവിനിമയംഉണരുക!—2018 | നമ്പർ 2
-
-
നിങ്ങളെയും മക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമാണ് ആശയവിനിമയം
മാതാപിതാക്കൾക്ക്
5 ആശയവിനിമയം
അതിന്റെ അർഥം
നിങ്ങളും മക്കളും പരസ്പരം ചിന്തകളും വികാരങ്ങളും പങ്കുവെക്കുമ്പോഴാണ് യഥാർഥ ആശയവിനിമയം നടക്കുന്നത്.
അതിന്റെ പ്രാധാന്യം
കൗമാരപ്രായത്തിലുള്ള മക്കളുമായി ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമല്ല. മാറിവരുന്ന സമ്പ്രദായം എന്ന ഒരു ഇംഗ്ലീഷ് പുസ്തകം ഈ പ്രശ്നത്തെ ദൃഷ്ടാന്തീകരിക്കുന്നത് ഇങ്ങനെയാണ്: മക്കൾ ചെറുപ്പമായിരുന്നപ്പോൾ അവരുടെ പരിപാടികളിൽ സ്റ്റേജിനു പുറകിൽ ചെല്ലാൻ അനുവാദമുള്ളതുപോലെയായിരുന്നു മാതാപിതാക്കളുടെ അവസ്ഥ. “പക്ഷേ മുതിർന്നുകഴിയുമ്പോൾ മാതാപിതാക്കൾക്ക് ആകെ അനുവാദമുള്ളത് സദസ്സിലിരുന്നു പരിപാടി കാണാൻ മാത്രമാണ്. ഇനി കിട്ടുന്ന ഇരിപ്പിടമാകട്ടെ പലപ്പോഴും അത്ര സുഖമുള്ളതുമല്ല.” മക്കൾക്കു നിങ്ങളോടു സംസാരിക്കാൻ താത്പര്യമില്ലെന്നു തോന്നിയാലും ഈ സമയത്താണ് ആശയവിനിമയം ഏറ്റവും ആവശ്യമായിരിക്കുന്നത്!
നിങ്ങൾക്ക് ചെയ്യാനാകുന്നത്
കുട്ടി സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ ശ്രദ്ധിക്കുക, അത് എത്ര രാത്രിയാണെങ്കിൽക്കൂടിയും.
“ചിലപ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നുമായിരിക്കും, ‘ഈ ദിവസം മുഴുവൻ ഞാൻ ഇവിടെയുണ്ടായിട്ട് ഇപ്പോഴാണോ നിനക്കു സംസാരിക്കാൻ നേരം കിട്ടിയത്!’ മക്കൾ നമ്മളോടു മനസ്സു തുറക്കാൻ ആഗ്രഹിക്കുമ്പോൾ ‘വേണ്ട’ എന്നു പറയാൻ പറ്റുമോ? വാസ്തവത്തിൽ മക്കൾ കാര്യങ്ങൾ തുറന്നുപറയണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്?”—ലിസ.
“നേരത്തേ ഉറങ്ങാൻ കിടക്കണമെന്നാണ് എന്റെ ആഗ്രഹമെങ്കിലും കൗമാരത്തിലുള്ള എന്റെ മക്കളുമായി ഏറ്റവും നല്ല സംഭാഷണങ്ങൾ നടന്നിട്ടുള്ളത് പാതിരാത്രിയും കഴിഞ്ഞാണ്.”—ഹേർബർട്ട്.
ബൈബിൾതത്ത്വം: “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
നന്നായി ശ്രദ്ധിക്കുക. ഒരു അച്ഛൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “മക്കൾ സംസാരിക്കുമ്പോൾ ഞാൻ വേറെ എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കുകയായിരിക്കും. അവർക്കും അറിയാം ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന്.”
നിങ്ങൾക്കും ഇതുപോലെ തോന്നിയിട്ടുണ്ടോ? നിങ്ങളു ടെ ശ്രദ്ധ പതറിക്കുന്നത് ടിവി-യോ മൊബൈലോ മറ്റെന്തെങ്കിലും ആണോ? ആണെങ്കിൽ അത് ഓഫാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുക. മക്കൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. അത് നിസ്സാരമാണെന്നു തോന്നിയാൽപ്പോലും അതിൽ കാര്യമുണ്ടെന്നു കരുതിത്തന്നെ അവരെ ശ്രദ്ധിക്കുക.
“മക്കളുടെ വികാരങ്ങൾ നമുക്കു പ്രധാനമാണെന്ന് അവർക്ക് ഉറപ്പുകൊടുക്കുക. അവർക്ക് അങ്ങനെ തോന്നുന്നില്ലെങ്കിൽ അവരുടെ ആകുലതകൾ അവർ ഉള്ളിൽ ഒതുക്കുകയോ സഹായത്തിനായി മറ്റെവിടേക്കെങ്കിലും തിരിയുകയോ ചെയ്യും.”—മറാൻഡ.
“മക്കളുടെ ചിന്താഗതി ഒട്ടും ശരിയല്ലെന്നു തോന്നിയാൽക്കൂടി ശാന്തത കൈവിടരുത്.”—ആന്തണി.
ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക.”—ലൂക്കോസ് 8:18.
അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ചിലപ്പോൾ മുഖാമുഖം സംസാരിക്കുമ്പോൾ കുട്ടികൾ കാര്യങ്ങൾ തുറന്നുപറയില്ല. അത്തരക്കാരുടെ കാര്യത്തിൽ മറ്റു വഴികൾ കണ്ടെത്തണം.
“കാറിൽ പോകുമ്പോൾ കുട്ടികൾക്ക് ഉള്ളുതുറന്ന് സംസാരിക്കുന്നത് എളുപ്പമാണെന്നു തോന്നുന്നു. മുഖാമുഖം ഇരിക്കാതെ അരികിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ പല കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്.”—നിക്കോൾ.
സൗഹൃദസംഭാഷണങ്ങൾക്ക് പറ്റിയ മറ്റൊരു സമയമാണ് ഭക്ഷണവേളകൾ.
“അത്താഴത്തിന്റെ സമയത്ത്, ആ ദിവസം നടന്ന നല്ലതും ചീത്തയും ആയ എല്ലാ കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട്. ഇത് ഞങ്ങൾക്ക് ഇടയിലെ അടുപ്പം വർധിപ്പിക്കുകയും പ്രശ്നങ്ങളെ ഒറ്റയ്ക്കു നേരിടേണ്ട കാര്യമില്ലെന്ന് ഞങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.”—റോബിൻ.
ബൈബിൾതത്ത്വം: “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.”—യാക്കോബ് 1:19.
-
-
6 ശിക്ഷണംഉണരുക!—2018 | നമ്പർ 2
-
-
ബോട്ടിനെ ശരിയായ ദിശയിലേക്കു പോകാൻ സഹായിക്കുന്ന ചുക്കാൻപോലെ ശിക്ഷണം ഒരു കുട്ടിയെ നേർവഴിയേ നടത്തും
മാതാപിതാക്കൾക്ക്
6 ശിക്ഷണം
അതിന്റെ അർഥം
ശിക്ഷണം എന്ന വാക്കിനു പഠിപ്പിക്കൽ, അഭ്യസിപ്പിക്കൽ എന്നൊക്കെ അർഥമുണ്ട്. ചിലപ്പോൾ ഒരു കുട്ടിയുടെ മോശമായ പെരുമാറ്റം തിരുത്തുന്നതും അതിൽ ഉൾപ്പെടുന്നു. എങ്കിലും, നല്ല തീരുമാനങ്ങളെടുക്കാൻ കുട്ടിയെ സഹായിക്കുന്ന വിധത്തിലുള്ള ധാർമികപരിശീലനം നൽകുന്നതാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
അതിന്റെ പ്രാധാന്യം
അടുത്ത കാലത്തായി ചില കുടുംബങ്ങളിൽ ശിക്ഷണം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ തിരുത്തിയാൽ അവരുടെ ആത്മവിശ്വാസം പോകുമെന്നാണ് മാതാപിതാക്കളുടെ പേടി. എങ്കിലും ജ്ഞാനത്തോടെ പ്രവർത്തിക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് ന്യായമായ നിയമങ്ങൾ വെക്കുകയും അത് അനുസരിക്കാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
“മുതിർന്നുവരുമ്പോൾ കുട്ടികൾ കാര്യപ്രാപ്തിയുള്ളവർ ആയിത്തീരണമെങ്കിൽ അവർക്ക് ചില പരിധികൾ വെക്കണം. ശിക്ഷണം കിട്ടാത്ത കുട്ടികൾ ചുക്കാൻ ഇല്ലാത്ത ബോട്ടുപോലെയായിരിക്കും. അത് പതിയെപ്പതിയെ വഴിതെറ്റിപ്പോകുകയോ കീഴ്മേൽ മറിയുകയോ ചെയ്തേക്കാം.”—പമേല.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
പറയുന്നത് ചെയ്യുക. നിങ്ങൾ വെക്കുന്ന നിയമങ്ങൾ നിങ്ങളുടെ കുട്ടി അനുസരിക്കുന്നില്ലെങ്കിൽ പറഞ്ഞതുപോലെതന്നെ ശിക്ഷണം കൊടുക്കുക. എന്നാൽ അനുസരിക്കുകയാണെങ്കിൽ അവരെ അഭിനന്ദിക്കാനും മടികാണിക്കരുത്.
“അനുസരണംകെട്ട ഈ ലോകത്ത് എന്റെ മക്കൾ എന്നെ അനുസരിക്കുമ്പോഴെല്ലാം ഞാൻ അവരെ അഭിനന്ദിക്കാറുണ്ട്. അതുകൊണ്ട്, ശിക്ഷണം കൊടുക്കുമ്പോൾ അത് സ്വീകരിക്കാൻ അവർക്ക് ബുദ്ധിമുട്ട് തോന്നാറില്ല.”—ക്രിസ്റ്റീൻ.
ബൈബിൾതത്ത്വം: “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
ന്യായബോധം കാണിക്കുക. കുട്ടിയുടെ പ്രായവും കഴിവും തെറ്റിന്റെ ഗൗരവവും കണക്കിലെടുത്തിട്ടു വേണം കുട്ടിയെ ശിക്ഷിക്കാൻ. തെറ്റിനു ചേരുന്ന രീതിയിലുള്ള ശിക്ഷണമായിരിക്കും മിക്കപ്പോഴും ഏറ്റവും ഗുണം ചെയ്യുന്നത്. ഉദാഹരണത്തിന്, ഫോൺ ദുരുപയോഗം ചെയ്യുകയാണെങ്കിൽ കുറച്ച് കാലത്തേക്ക് ഫോൺ ഉപയോഗിക്കാൻ ചില മാതാപിതാക്കൾ അനുവദിക്കില്ലായിരിക്കും. അതേസമയം ചെറിയ കാര്യത്തെ വലിയ സംഭവമാക്കി മാറ്റാനും പാടില്ല.
“എന്റെ കുട്ടി മനഃപൂർവം അനുസരണക്കേടു കാണിച്ചതാണോ അതോ അറിയാതെ പറ്റിപ്പോയ ഒരു തെറ്റാണോ എന്ന കാര്യം ഉറപ്പാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ചില പ്രവണതകൾ പിഴുതുകളയേണ്ട ഗുരുതരമായ സ്വഭാവവൈകല്യമായിരിക്കും. മറ്റു ചിലത് ചെറിയൊരു പിശകായിരിക്കും. അത് കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ആവശ്യമേ കാണൂ.”—വെൻഡൽ.
ബൈബിൾതത്ത്വം: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്, അവരുടെ മനസ്സിടിഞ്ഞുപോകും.”—കൊലോസ്യർ 3:21.
സ്നേഹം കാണിക്കുക. മാതാപിതാക്കൾ മക്കൾക്ക് ശിക്ഷണം കൊടുക്കുന്നത് അവരോടുള്ള സ്നേഹംകൊണ്ടാണെന്ന് മക്കൾ മനസ്സിലാകുന്നെങ്കിൽ അത് സ്വീകരിക്കാനും അനുസരിക്കാനും അവർക്ക് എളുപ്പമായിരിക്കും.
“ഞങ്ങളുടെ മകനു ചില തെറ്റുകൾ പറ്റിയപ്പോൾ, മുമ്പ് അവൻ എടുത്ത നല്ല തീരുമാനങ്ങളെക്കുറിച്ച് ഓർമിപ്പിക്കുകയും അവനെ അഭിനന്ദിക്കുകയും ചെയ്തു. ആവശ്യമായ തിരുത്തലുകൾ വരുത്തിയാൽ സത്പേര് പോകില്ലെന്നും തിരുത്താൻ ഞങ്ങൾ അവനെ സഹായിക്കാമെന്നും പറഞ്ഞു.”—ഡാനിയേൽ.
ബൈബിൾതത്ത്വം: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്.”—1 കൊരിന്ത്യർ 13:4.
-
-
7 മൂല്യങ്ങൾഉണരുക!—2018 | നമ്പർ 2
-
-
നല്ല മൂല്യങ്ങൾ ഒരു വടക്കുനോക്കിയന്ത്രംപോലെയാണ്. ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ അതു നിങ്ങളുടെ കുട്ടിയെ സഹായിക്കും
മാതാപിതാക്കൾക്ക്
7 മൂല്യങ്ങൾ
അതിന്റെ അർഥം
ജീവിതത്തിൽ നിങ്ങൾ പിൻപറ്റുന്ന നിലവാരങ്ങളാണ് മൂല്യങ്ങൾ. ഉദാഹരണത്തിന്, എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, സാധ്യതയനുസരിച്ച് ഇതേ ഗുണം മക്കളിൽ വളർത്തിയെടുക്കാനും നിങ്ങൾ ആഗ്രഹിക്കും.
കഠിനാധ്വാനം ചെയ്യാനും ശരിയായ രീതിയിൽ പെരുമാറാനും മറ്റുള്ളവരോടു പരിഗണന കാണിക്കാനും നിങ്ങൾ മക്കളെ പഠിപ്പിക്കും. ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ ഏറ്റവും പറ്റിയ സമയം ചെറുപ്പമാണ്.
ബൈബിൾതത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.
അതിന്റെ പ്രാധാന്യം
സാങ്കേതികയുഗത്തിൽ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. “മൊബൈലോ ടാബോ ഉപയോഗിച്ച് മോശമായ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കാണാനും കേൾക്കാനും കഴിയും. മക്കൾ നമ്മുടെ അടുത്താണ് ഇരിക്കുന്നതെങ്കിലും, അവർ കാണുന്നത് എന്തെങ്കിലും മോശമായ കാര്യങ്ങളായിരിക്കാം” എന്ന് ക്യാരൻ എന്ന് പേരുള്ള ഒരു അമ്മ പറയുന്നു.
ബൈബിൾതത്ത്വം: ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ചവരാണ് മുതിർന്നവർ.’—എബ്രായർ 5:14.
നല്ല പെരുമാറ്റരീതികളും പ്രധാനമാണ്. “ദയവായി,” “നന്ദി” എന്നൊക്കെ പറയുന്നതുപോലുള്ള, പെരുമാറ്റത്തിൽ കാണിക്കേണ്ട മര്യാദകളും മറ്റുള്ളവരോടുള്ള പരിഗണനയും ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവരോടുള്ള പരിഗണന ഇന്നു കുറഞ്ഞുവരുകയാണ്. കാരണം, പൊതുവെ ആളുകൾക്ക് ഇന്ന് മനുഷ്യരോടുള്ളതിനെക്കാൾ താത്പര്യം ഇലക്ട്രോണിക് ഉപകരണങ്ങളോടാണ്.
ബൈബിൾതത്ത്വം: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്തുകൊടുക്കുക.”—ലൂക്കോസ് 6:31.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
മൂല്യങ്ങൾ വ്യക്തമാക്കുക. ഉദാഹരണത്തിന്, വിവാഹത്തിനു മുമ്പുള്ള ലൈംഗികത തെറ്റാണെന്ന് യുവപ്രായത്തിലുള്ളവർക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുത്താൽ അവർ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള സാധ്യത കൂടുതലാണ്. അതാണ് പഠനങ്ങൾ കാണിക്കുന്നത്.
നുറുങ്ങ്: മൂല്യങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് അടുത്ത കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തെക്കുറിച്ച് പറയാം. ഉദാഹരണത്തിന്, ഏതെങ്കിലും ക്രൂരകൃത്യത്തെക്കുറിച്ച് ഒരു വാർത്ത വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: “ആളുകൾ ഈ വിധത്തിലൊക്കെ ദേഷ്യം തീർക്കുന്നത് എന്തൊരു കഷ്ടമാണല്ലേ? എന്തുകൊണ്ടായിരിക്കും ആളുകൾ ഇങ്ങനെ ആയിപ്പോയത്? മോന്/മോൾക്ക് എന്ത് തോന്നുന്നു?”
“ശരിയും തെറ്റും എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിൽ ശരിയേതാണ് തെറ്റേതാണ് എന്നു മനസ്സിലാക്കാൻ മക്കൾക്ക് വളരെ പ്രയാസമായിരിക്കും.”—ബ്രാൻഡൻ.
മൂല്യങ്ങൾ പഠിപ്പിക്കുക. ചെറിയ കുട്ടികൾക്കുപോലും “ദയവായി,” “നന്ദി” എന്നൊക്കെ പറഞ്ഞുകൊണ്ട് മറ്റുള്ളവരോട് ആദരവ് കാണിക്കാൻ കഴിയും. “തങ്ങൾ ഒരു വലിയ കൂട്ടത്തിന്റെ—കുടുംബത്തിന്റെയോ സ്കൂളിന്റെയോ സമൂഹത്തിന്റെയോ—ചെറിയൊരു ഭാഗം മാത്രമാണെന്ന കാര്യം എത്ര നന്നായി കുട്ടികൾ മനസ്സിലാക്കുന്നുവോ അവർ അത്ര കൂടുതൽ മറ്റുള്ളവരോടു ദയയോടെ ഇടപെടാനുള്ള സാധ്യതയുണ്ട്” എന്ന് കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു.
നുറുങ്ങ്: മറ്റുള്ളവർക്കു സേവനം ചെയ്യുന്നതിന്റെ മൂല്യം മക്കളെ പഠിപ്പിക്കാൻ അവർക്ക് ചെറിയ വീട്ടുജോലികൾ കൊടുക്കുക.
“വീട്ടുജോലികൾ ചെയ്യാൻ നമ്മുടെ മക്കൾ ഇപ്പോൾത്തന്നെ പഠിക്കുന്നെങ്കിൽ സ്വന്തമായി ജീവിക്കാൻ തുടങ്ങുമ്പോൾ അവർക്ക് അതൊരു ഭാരമാകില്ല. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കും.”—താര.
-
-
8 മാതൃകഉണരുക!—2018 | നമ്പർ 2
-
-
കുട്ടികൾക്ക് നിങ്ങൾ കാണിച്ചുകൊടുക്കുന്ന വഴി ഏതാണ്?
മാതാപിതാക്കൾക്ക്
8 മാതൃക
അതിന്റെ അർഥം
മാതൃകാപരമായി ജീവിക്കുന്ന മാതാപിതാക്കൾ അവർ പഠിപ്പിക്കുന്നതിനു ചേർച്ചയിൽ ജീവിക്കുന്നവരായിരിക്കും. ഉദാഹരണത്തിന്, നിങ്ങളെ കാണാൻ വന്ന ഒരാളെ ഒഴിവാക്കുന്നതിനുവേണ്ടി “ഞാൻ വീട്ടിലില്ലെന്ന് പറഞ്ഞേക്ക്” എന്ന് നിങ്ങൾ പറയുന്നത് കുട്ടി കേൾക്കുന്നെങ്കിൽ നിങ്ങളുടെ കുട്ടി സത്യസന്ധത കാണിക്കാനുള്ള സാധ്യത വളരെ കുറവാണ്.
“‘ഞാൻ ചെയ്യുന്നത് നോക്കേണ്ട, പറയുന്നത് ചെയ്താൽ മതി’ എന്നു ചിലർ പറയാറുണ്ട്. പക്ഷേ കുട്ടികളുടെ കാര്യത്തിൽ അത് വിലപ്പോകില്ല. അവർ സ്പോഞ്ചുപോലെയാണ്, നമ്മൾ പറയുന്നതും ചെയ്യുന്നതും എല്ലാം പിടിച്ചെടുക്കും. നമ്മൾ പഠിപ്പിക്കുന്നതൊന്നും ചെയ്യുന്നത് വേറൊന്നും ആയിപ്പോയാൽ കുട്ടികൾ അത് ചൂണ്ടിക്കാണിക്കും.”—ഡേവിഡ്.
ബൈബിൾതത്ത്വം: ‘“മോഷ്ടിക്കരുത്” എന്നു പ്രസംഗിച്ചിട്ട് നീതന്നെ മോഷ്ടിക്കുന്നോ?’—റോമർ 2:21.
അതിന്റെ പ്രാധാന്യം
കുട്ടികളെയും കൗമാരപ്രായത്തിലുള്ളവരെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് മാതാപിതാക്കളാണ്, അല്ലാതെ സമപ്രായക്കാരല്ല. അതു കാണിക്കുന്നത്, മക്കളെ ശരിയായ വഴിയേ നടത്താൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത് മാതാപിതാക്കളായ നിങ്ങളാണ് എന്നാണ്. അതുകൊണ്ട് നിങ്ങൾ പറയുന്നത് ചെയ്യുകതന്നെ വേണം.
“ഒരു കാര്യം കുട്ടിയോടു പല തവണ പറയുമ്പോൾ കുട്ടി അത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ നമ്മൾ അക്കാര്യം ഒരു തവണയെങ്ങാനും ചെയ്യാതിരുന്നാൽ കുട്ടി അപ്പോൾ അത് ചൂണ്ടിക്കാണിക്കും. നമ്മൾ ചെയ്യുന്നതെല്ലാം കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്, അവർ ശ്രദ്ധിക്കുന്നില്ലെന്നു നമ്മൾ വിചാരിച്ചാൽപ്പോലും.”—നിക്കോൾ
ബൈബിൾതത്ത്വം: ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം കാപട്യം ഇല്ലാത്തതാണ്.’—യാക്കോബ് 3:17.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നിങ്ങളുടെ നിലവാരങ്ങൾ പരിശോധിക്കുക. ഏതു തരത്തിലുള്ള വിനോദപരിപാടികളാണ് നിങ്ങൾ കാണുന്നത്? ഇണയോടും മക്കളോടും നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത്? നിങ്ങളുടെ കൂട്ടുകാർ ഏതു തരക്കാരാണ്? മറ്റുള്ളവരെക്കുറിച്ച് നിങ്ങൾക്ക് ചിന്തയുണ്ടോ? ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളുടെ മക്കൾ എങ്ങനെയായിത്തീരാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അങ്ങനെയുള്ള ഒരു വ്യക്തിയാണോ നിങ്ങൾ?
“ഞങ്ങൾ പിൻപറ്റാത്ത നിലവാരങ്ങൾ മക്കൾ പിൻപറ്റണമെന്നു ഞാനും ഭർത്താവും പ്രതീക്ഷിക്കാറില്ല.”—ക്രിസ്റ്റീൻ
തെറ്റുപറ്റിയാൽ ക്ഷമ ചോദിക്കുക. നിങ്ങൾക്കും തെറ്റുപറ്റാമെന്ന കാര്യം നിങ്ങളുടെ കുട്ടികൾക്ക് അറിയാം. നിങ്ങളുടെ ഇണയോടും കുട്ടികളോടും “സോറി” പറയുമ്പോൾ സത്യസന്ധതയുടെയും താഴ്മയുടെയും ഒരു പാഠം നിങ്ങൾ മക്കളെ പഠിപ്പിക്കുകയായിരിക്കും.
“നമുക്കു തെറ്റുപറ്റിയാൽ, അതു സമ്മതിക്കുന്നതും അതിനു ക്ഷമ ചോദിക്കുന്നതും നമ്മുടെ കുട്ടികൾ കേൾക്കണം. അങ്ങനെയല്ലെങ്കിൽ സ്വന്തം തെറ്റുകൾ മൂടിവെക്കാനേ അവർ പഠിക്കൂ.”—റോബിൻ.
“നമ്മുടെ കുട്ടികളിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് മാതാപിതാക്കളായ നമ്മളാണ്. നമ്മുടെ മാതൃകയാണ് അവരെ പരിശീലിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപകരണം. ഈ മാതൃക കണ്ടാണ് അവർ വളരുന്നത്. ഒരിക്കലും അടയ്ക്കാത്ത ഒരു പുസ്തകംപോലെയാണ് ഇത്. ഇത് എപ്പോഴും അവരെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.”—വെൻഡൽ.
-