ഗീതം 96
ദൈവത്തിന്റെ സ്വന്തം പുസ്തകം—ഒരു നിധി
1. ആശ്ചര്യമേറും ഒരു മഹദ്ഗ്രന്ഥം
പ്രത്യാശ നമ്മിൽ ഉണർത്തിടുന്നു.
‘മൃതർ’ക്കതിൻ സന്ദേശം നൽകും ജീവൻ,
‘അന്ധർ’ക്കരുളും കാഴ്ച ഗ്രഹിപ്പാൻ.
ആ മഹദ്ഗ്രന്ഥം പരിശുദ്ധ ബൈബിൾ.
യാഹിന്റെ ദാസർ എഴുതിയതിൽ.
വിശുദ്ധാത്മാവാൽ എഴുതിയതെല്ലാം
ജീവനെ കാക്കും മൊഴികളല്ലോ.
2. വിശ്വം യഹോവ ചമച്ചതിൻ രേഖ
വിശദമായ് നാം കാൺമൂ ഗ്രന്ഥത്തിൽ.
ആദിനരർ പാപത്തിൽ വീണതോടെ
പർദീസ നഷ്ടമായ വിധവും.
ദിവ്യാംഗീകാരം ത്യജിച്ചൊരു ദൂതൻ
ദുഃഖത്തിലാഴ്ത്തി മർത്യരെയെല്ലാം.
ദൈവം തൻ സ്നേഹാൽ ഒരുക്കിടും രക്ഷ
ദിവ്യഗ്രന്ഥത്തിൽ ജ്വലിച്ചു നിൽപ്പൂ.
3. സ്വർഗത്തിൽ യേശു തുടങ്ങി തൻ വാഴ്ച;
പർദീസ കാൺമൂ നാം കൺമുന്നിലായ്.
പാരിൽ വരും അനുഗ്രഹങ്ങൾ നമ്മൾ
സർവരേം അറിയിക്കാൻ പോയിടാം.
സ്വാദിഷ്ഠമായ നൽവിരുന്നുപോലെ
ആസ്വദിക്കാം ഈ വിശുദ്ധഗ്രന്ഥം.
ഹൃദയശാന്തി പകരുമീ ഗ്രന്ഥം;
വായിക്ക നാം ഈ ജീവന്റെ നിധി.
(2 തിമൊ. 3:16; 2 പത്രോ. 1:21 കൂടെ കാണുക.)