നിങ്ങൾക്ക് ഏതുതരം പേരാണ് ഉള്ളത്?
ബൈബിളിൽ, “പേര്” എന്ന പദം ചിലപ്പോൾ ഒരാളുടെ ഖ്യാതിയെ പരാമർശിക്കുന്നു. ഉദാഹരണത്തിന്, ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി: “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.” (സഭാപ്രസംഗി 7:1; സദൃശവാക്യങ്ങൾ 22:1 താരതമ്യം ചെയ്യുക.) ശലോമോന്റെ വാക്കുകൾ അനുസരിച്ച് ഒരു വ്യക്തി ജനിക്കുന്നത് സത്പേരോടെയല്ല. മറിച്ച്, അയാൾ ജീവിക്കുന്ന കാലയളവിലാണ് യഥാർഥത്തിൽ അർഥവത്തായ ഒരു പേര് അയാൾ നേടുന്നത്. അയാളുടെ പേര് അയാളെ ഔദാര്യമനസ്കനോ സ്വാർഥനോ, അനുകമ്പയുള്ളവനോ നിർവികാരനോ, താഴ്മയുള്ളവനോ അഹങ്കാരിയോ, അല്ലെങ്കിൽ നീതിനിഷ്ഠനോ ദുഷ്ടനോ ആയി തിരിച്ചറിയിക്കുന്നു.
ദാവീദിന്റെ കാര്യമെടുക്കാം. രാജാവ് ആയിരുന്ന കാലത്ത്, അവൻ ശക്തനും അചഞ്ചലനും ആണെന്നു തെളിയിച്ചു. അതേസമയം, ദാവീദ് താഴ്മയോടെ തന്റെ തെറ്റുകൾ സമ്മതിക്കുകയും തന്റെ കൊടിയ പാപങ്ങളെ കുറിച്ച് അനുതപിക്കുകയും ചെയ്തു. നല്ല കാരണത്തോടെ, “[ദൈവത്തിന്റെ] ഹൃദയത്തിന് സമ്മതനായ ഒരു പുരുഷൻ” ആണ് ദാവീദ് എന്ന് യഹോവയുടെ പ്രവാചകൻ ചൂണ്ടിക്കാട്ടി. (1 ശമൂവേൽ 13:14, NW] യുവാവായിരുന്ന ദാവീദിന് അപ്പോൾത്തന്നെ ദൈവമുമ്പാകെ ഒരു നല്ല പേര് ഉണ്ടായിരുന്നു.
ഇതിനു നേർവിപരീതമായി, യഹൂദ്യ രാജാവ് ആയിരുന്ന യെഹോരാം ചീത്തപ്പേര് ഉണ്ടാക്കി. അവൻ തന്റെ പ്രജകളെ യഹോവയുടെ ആരാധനയിൽനിന്നു വഴിതെറ്റിച്ചു, തന്റെ ആറു സഹോദരന്മാരെയും ചില യഹൂദാ രാജകുമാരന്മാരെയും വധിച്ചു. അവസാനം, യഹോവ അവന് ഒരു വേദനാകരമായ രോഗം വരുത്തുകയും അത് അവന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ബൈബിൾ പറയുന്നപ്രകാരം യെഹോരാം “ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി,” അല്ലെങ്കിൽ ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ പറയുന്നതുപോലെ, “അവൻ മരിച്ചപ്പോൾ ആരും ദുഃഖിച്ചില്ല.”—2 ദിനവൃത്താന്തം 21:20.
ദാവീദിന്റെയും യെഹോരാമിന്റെയും ജീവിതഗതി പിൻവരുന്ന ബൈബിൾ സദൃശവാക്യത്തിന്റെ സത്യത ദൃഷ്ടാന്തീകരിക്കുന്നു: “നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.” (സദൃശവാക്യങ്ങൾ 10:7) അതുകൊണ്ട് ‘ദൈവത്തിന്റെയും സഹമനുഷ്യരുടെയും മുമ്പാകെ ഞാൻ ഏതുതരം പേരാണ് ഉണ്ടാക്കുന്നത്?’ എന്ന ചോദ്യം നാം ഓരോരുത്തരും ഗൗരവമായി പരിചിന്തിക്കേണ്ടതാണ്.