ഘോരമായ പരിശോധനകളിലുടനീളം പരിപാലിക്കപ്പെട്ടു
ഇവാ യൂസഫ്സൻ പറഞ്ഞപ്രകാരം
ക്രിസ്തീയ ശുശ്രൂഷയ്ക്കു പോകുന്നതിനു മുമ്പ് ഒരു ഹ്രസ്വയോഗത്തിനായി ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള യിപ്ഷെറ്റ് ജില്ലയിൽ ഞങ്ങൾ ഒരു ചെറിയ കൂട്ടമായി കൂടിവന്നിരുന്നു. അത് 1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു തൊട്ടു മുമ്പായിരുന്നു. ഹംഗറിയിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല നിരോധനത്തിലായിരുന്നു. ആ കാലത്ത് ബൈബിൾ പരസ്യമായി പഠിപ്പിക്കുന്നതിൽ പങ്കെടുത്തിരുന്നവർ മിക്കപ്പോഴും അറസ്റ്റുചെയ്യപ്പെട്ടിരുന്നു.
ആ വേലയിൽ ആദ്യമായി പങ്കെടുക്കുകയായിരുന്നതുകൊണ്ട് ഞാൻ കുറെയൊക്കെ ആകുലചിത്തയായും വിളറിയും കാണപ്പെട്ടിരിക്കണം. പ്രായമുള്ള ഒരു ക്രിസ്തീയ സഹോദരൻ എന്റെ നേർക്കു തിരിഞ്ഞ് പറഞ്ഞു: “ഇവാ, നീ ഒരിക്കലും പേടിക്കേണ്ട കാര്യമില്ല. യഹോവയെ സേവിക്കുന്നത് ഒരു മനുഷ്യന് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതിയാണ്.” പരിഗണനയോടെയുള്ള, ശക്തീകരിക്കുന്ന ആ വാക്കുകൾ ഘോരമായ അനേകം പരിശോധനകളിൽ ഉടനീളം സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു.
യഹൂദ പശ്ചാത്തലം
അഞ്ചു കുട്ടികളുള്ള ഒരു യഹൂദ കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു ഞാൻ. അമ്മ യഹൂദമതത്തിൽ തൃപ്തയായിരുന്നില്ല. അതുകൊണ്ട് അവർ മറ്റു മതങ്ങൾ പരിശോധിക്കാൻ തുടങ്ങി. അങ്ങനെയാണ് ബൈബിൾ സത്യം തേടിക്കൊണ്ടിരുന്ന മറ്റൊരു യഹൂദ സ്ത്രീയായിരുന്ന എർഷെബെത്ത് സ്ലെൻസിങ്ങറെ അമ്മ കണ്ടുമുട്ടിയത്. എർഷെബെത്ത് അമ്മയെ യഹോവയുടെ സാക്ഷികളുമായി പരിചയപ്പെടുത്തി. തത്ഫലമായി എനിക്കും ബൈബിൾ പഠിപ്പിക്കലുകളിൽ ആഴമായ താത്പര്യം ഉളവായി. ഉടൻതന്നെ ഞാൻ പഠിച്ചതു മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി.
1941 വസന്തകാലത്ത്, എനിക്കു 18 വയസ്സുള്ളപ്പോൾ ഡാന്യൂബ് നദിയിലെ ജലസ്നാപനത്താൽ ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം പ്രതീകപ്പെടുത്തി. അമ്മയും എന്നോടൊപ്പം സ്നാപനമേറ്റു. എന്നാൽ ഞങ്ങൾ പുതുതായി കണ്ടെത്തിയ ക്രിസ്തീയ വിശ്വാസം പിതാവു സ്വീകരിച്ചില്ല. സ്നാപനത്തിനുശേഷം ഉടൻതന്നെ ഞാൻ പയനിയറിങ് നടത്താൻ, അതായത് മുഴുസമയ ശുശ്രൂഷയിൽ പങ്കുപറ്റാൻ പദ്ധതിയിട്ടു. എനിക്ക് ഒരു സൈക്കിൾ വാങ്ങേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഒരു വലിയ തുണിമില്ലിലെ പരീക്ഷണശാലയിൽ ഞാൻ ജോലിചെയ്യാൻ തുടങ്ങി.
പരിശോധനകളുടെ തുടക്കം
നാസികൾ ഹംഗറിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഞാൻ ജോലിചെയ്തിരുന്ന മില്ല് ജർമൻകാരുടെ നടത്തിപ്പിൻ കീഴിലായി. നാസികളോടു കൂറു പ്രഖ്യാപിക്കുന്ന ഒരു പ്രതിജ്ഞ ചൊല്ലാനായി സൂപ്പർവൈസർമാരുടെ മുമ്പാകെ വരാൻ ഒരു ദിവസം എല്ലാ ജോലിക്കാരോടും ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യാതിരുന്നാൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്നു ഞങ്ങളോടു പറഞ്ഞു. ഹിറ്റ്ലറെ വാഴ്ത്താൻ ഞങ്ങളോട് ആവശ്യപ്പെട്ട ആ ചടങ്ങിൽ ഞാൻ ആദരപൂർവം എഴുന്നേറ്റുനിന്നു, എന്നാൽ ആവശ്യപ്പെട്ട ക്രിയ ചെയ്തില്ല. അന്നുതന്നെ എന്നെ ഓഫീസിൽ വിളിച്ച് ശമ്പളം തന്ന് പിരിച്ചുവിട്ടു. തൊഴിലവസരങ്ങൾ വിരളമായിരുന്നതിനാൽ പയനിയറിങ് ചെയ്യാനുള്ള എന്റെ പദ്ധതിക്ക് എന്തു സംഭവിക്കുമെന്ന് ഞാൻ അതിശയിച്ചു. എന്നാൽ അടുത്ത ദിവസം കൂടുതൽ ശമ്പളമുള്ള ഒരു പുതിയ ജോലി എനിക്കു ലഭിച്ചു.
പയനിയറിങ്ങ് നടത്താനുള്ള എന്റെ ആഗ്രഹം ഇപ്പോൾ യാഥാർഥ്യമാകുകയായിരുന്നു. എനിക്ക് അനേകം പയനിയർ പങ്കാളികൾ ഉണ്ടായിരുന്നു. ഏറ്റവും അവസാനം യൂലിഷ്കാ ഓസ്റ്റാലോഷ് ആയിരുന്നു എന്നോടൊപ്പം പ്രവർത്തിച്ചത്. ശുശ്രൂഷയിൽ ഞങ്ങൾ ബൈബിൾ മാത്രം ഉപയോഗിച്ചു, സമർപ്പിക്കാനായി പ്രസിദ്ധീകരണമൊന്നും എടുത്തിരുന്നില്ല. താത്പര്യക്കാരെ കണ്ടുമുട്ടുമ്പോൾ ഞങ്ങൾ മടക്ക സന്ദർശനങ്ങൾ നടത്തുകയും പ്രസിദ്ധീകരണങ്ങൾ കടം കൊടുക്കുകയും ചെയ്തിരുന്നു.
എനിക്കും യൂലിഷ്കായ്ക്കും ഞങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശം ഇടയ്ക്കിടെ മാറേണ്ടതുണ്ടായിരുന്നു. കാരണം ഞങ്ങൾ ‘തന്റെ ആടുകളെ’ സന്ദർശിക്കുന്നുവെന്നു മനസ്സിലാക്കി ഒരു പുരോഹിതൻ, യഹോവയുടെ സാക്ഷികൾ സന്ദർശിച്ചാൽ തന്നെയോ പൊലീസിനെയോ അറിയിക്കണമെന്നു പള്ളിയിൽ വിളിച്ചുപറയുമായിരുന്നു. സൗഹൃദമുള്ള ആളുകൾ അത്തരമൊരു അറിയിപ്പിനെക്കുറിച്ച് ഞങ്ങളോടു പറയുമ്പോൾ ഞങ്ങൾ മറ്റൊരു പ്രദേശത്തേക്കു പോകുമായിരുന്നു.
ഒരു ദിവസം ഞാനും യൂലിഷ്കായും താത്പര്യം കാണിച്ച ഒരു ബാലനെ സന്ദർശിച്ചു. വായിക്കാനായി അവന് എന്തെങ്കിലും കൊടുക്കാൻ വേണ്ടി ഞങ്ങൾ ഒരു മടക്കസന്ദർശനം ക്രമീകരിച്ചു. എന്നാൽ ഞങ്ങൾ മടങ്ങിച്ചെന്നപ്പോൾ അവിടെ പൊലീസുണ്ടായിരുന്നു. അവർ ഞങ്ങളെ അറസ്റ്റുചെയ്ത് ഡണാവെഷി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങളെ പിടികൂടാനുള്ള ഒരു ഉപാധിയായി ആ ബാലനെ ഉപയോഗിക്കുകയായിരുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു പുരോഹിതനെ അവിടെ കണ്ടു, അദ്ദേഹവും അതിൽ ഉൾപ്പെട്ടിരുന്നു എന്ന് ഞങ്ങൾക്കു മനസ്സിലായി.
എനിക്കുണ്ടായ ഏറ്റവും നികൃഷ്ടമായ പരിശോധന
പൊലീസ് സ്റ്റേഷനിൽവെച്ച് എന്റെ തലമുടിയെല്ലാം വടിച്ചുകളഞ്ഞു. ഏതാണ്ട് ഒരു ഡസൻ പൊലീസുകാരുടെ മുന്നിൽ ഞാൻ നഗ്നയായി നിൽക്കണമായിരുന്നു. അവരെന്നെ ചോദ്യം ചെയ്തു. ഹംഗറിയിലെ ഞങ്ങളുടെ നേതാവ് ആരാണെന്ന് അവർക്ക് അറിയണമായിരുന്നു. ഞങ്ങൾക്ക് യേശുക്രിസ്തുവല്ലാതെ മറ്റൊരു നേതാവില്ലെന്നു ഞാൻ വിശദീകരിച്ചു. അപ്പോൾ അവരെന്നെ ലാത്തികൊണ്ടു നിർദയം പ്രഹരിച്ചു. പക്ഷേ ഞാൻ എന്റെ ക്രിസ്തീയ സഹോദരന്മാരെ ഒറ്റിക്കൊടുത്തില്ല.
അതിനുശേഷം അവരെന്റെ പാദങ്ങൾ കൂട്ടിക്കെട്ടി. കൈകൾ തലയ്ക്കുമീതെ കൂട്ടിക്കെട്ടി. തുടർന്ന്, ഒരു പൊലീസുകാരൻ ഒഴികെ മറ്റെല്ലാവരും ഒന്നിനുപിറകെ ഒന്നായി എന്നെ ബലാൽസംഗം ചെയ്തു. മൂന്നുവർഷം കഴിഞ്ഞും കൈക്കുഴയിൽ പാടുകൾ ശേഷിക്കത്തക്കവിധം അത്ര ബലമായി എന്നെ വരിഞ്ഞുമുറുക്കിയിരുന്നു. ഞാൻ അത്യധികം മൃഗീയ പെരുമാറ്റത്തിനു വിധേയയായി. അതിനാൽ, ഏറ്റവും ഗുരുതരമായ പരിക്കുകൾ കുറെയൊക്കെ ഭേദമാകുന്നതുവരെ എന്നെ രണ്ടാഴ്ചത്തേക്ക് തറനിരപ്പിനു താഴെയുള്ള ഒരു അറയിലിട്ടു.
ഒരു ആശ്വാസകാലം
പിന്നീട് അനേകം യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്ന നാജിക്കോണിഷോ ജയിലിലേക്ക് എന്നെ കൊണ്ടുപോയി. തടവിലായിരുന്നെങ്കിലും തുടർന്നുള്ള രണ്ടു വർഷങ്ങൾ താരതമ്യേന സന്തോഷപ്രദമായിരുന്നു. യോഗങ്ങളെല്ലാം ഞങ്ങൾ രഹസ്യമായി നടത്തി. മിക്കവാറും ഒരു സഭപോലെതന്നെ ഞങ്ങൾ പ്രവർത്തിച്ചു. അനൗപചാരിക സാക്ഷീകരണത്തിനുള്ള അനേകം അവസരങ്ങളും ഞങ്ങൾക്കുണ്ടായിരുന്നു. അമ്മയ്ക്കും എനിക്കും ബൈബിൾ സത്യം പരിചയപ്പെടുത്തിയ എർഷെബെത്ത് സ്ലെൻസിങ്ങറുടെ ജഡിക സഹോദരിയായ ഓൾഗാ സ്ലെൻസിങ്ങറെ ഞാൻ കണ്ടുമുട്ടിയത് ഈ ജയിലിൽ വെച്ചായിരുന്നു.
തങ്ങൾ കൈവശപ്പെടുത്തിയ മറ്റു സ്ഥലങ്ങളിലെ യഹൂദന്മാരെ വ്യവസ്ഥാപിതമായ രീതിയിൽ കൊന്നൊടുക്കിയതുപോലെതന്നെ ഹംഗറിയിലെ യഹൂദന്മാരെയും വകവരുത്താൻ 1944-ഓടെ നാസികൾ തീരുമാനിച്ചു. ഒരു ദിവസം എന്നെയും ഓൾഗായെയും തേടി അവർ എത്തി. കന്നുകാലികളെ കൊണ്ടുപോകുന്ന തീവണ്ടിയുടെ കമ്പാർട്ടുമെന്റിൽ ഞങ്ങളെ തിക്കിനിറച്ചു. ചെക്കോസ്ലോവാക്യയിലൂടെയുള്ള വളരെ ദുരിതപൂർണമായ യാത്രയ്ക്കു ശേഷം ഞങ്ങൾ ദക്ഷിണ പോളണ്ടിലെ ലക്ഷ്യസ്ഥാനത്ത്—ഓഷ്വിറ്റ്സ് എന്ന മരണത്താവളത്തിൽ—എത്തിച്ചേർന്നു.
ഓഷ്വിറ്റ്സിനെ അതിജീവിക്കുന്നു
ഓൾഗായോടൊപ്പം ആയിരുന്നപ്പോൾ എനിക്കു സുരക്ഷിതത്ത്വം തോന്നി. വളരെ ദുസ്സഹമായ സാഹചര്യങ്ങളിൽപ്പോലും അവർക്ക് നർമബോധം നിലനിർത്താൻ കഴിഞ്ഞിരുന്നു. ഓഷ്വിറ്റ്സിൽ എത്തിയപ്പോൾ, കുപ്രസിദ്ധനായ ഡോ. മെൻഗെളിയുടെ മുമ്പാകെ ഞങ്ങൾ വരുത്തപ്പെട്ടു. പുതുതായി എത്തിച്ചേർന്നവരിൽ അരോഗദൃഢഗാത്രരായവരെ ജോലിക്കു കൊള്ളാത്തവരിൽനിന്നു വേർതിരിക്കുക എന്നതായിരുന്നു അയാളുടെ കർത്തവ്യം. ജോലിക്കു കൊള്ളാത്തവരെ ഗ്യാസ് ചേമ്പറുകളിലേക്ക് അയച്ചിരുന്നു. ഞങ്ങളുടെ ഊഴം വന്നപ്പോൾ മെൻഗെളി ഓൾഗായോടു ചോദിച്ചു, “നിനക്കെത്ര വയസ്സുണ്ട്?”
ധൈര്യപൂർവം, കണ്ണുകളിൽ കുസൃതിയോടെ അവർ പറഞ്ഞു, “20.” വാസ്തവത്തിൽ അവർക്കതിന്റെ ഇരട്ടി പ്രായമുണ്ടായിരുന്നു. എന്നാൽ മെൻഗെളി ചിരിച്ചുകൊണ്ട് അവരെ വലതുവശത്തേക്കു പോകാനും അങ്ങനെ രക്ഷപ്പെടാനും അനുവദിച്ചു.
ഓഷ്വിറ്റ്സിൽ ഉണ്ടായിരുന്ന എല്ലാ തടവുപുള്ളികളുടെയും ജയിൽ വേഷത്തിൽ അടയാളം പതിച്ചിരുന്നു—യഹൂദന്മാർക്കു ദാവീദിന്റെ നക്ഷത്രവും യഹോവയുടെ സാക്ഷികൾക്കു പർപ്പിൾ ട്രയാങ്കിളും. അവർ ഞങ്ങളുടെ വസ്ത്രത്തിൽ ദാവീദിന്റെ നക്ഷത്രം തുന്നിച്ചേർക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്നും പർപ്പിൾ ട്രയാങ്കിൾ വേണമെന്നും ഞങ്ങൾ വിശദീകരിച്ചു. അത് യഹൂദ പൈതൃകം സംബന്ധിച്ച് ഞങ്ങൾ ലജ്ജിതർ ആയിരുന്നതുകൊണ്ടല്ല മറിച്ച് അപ്പോൾ ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആയിരുന്നതുകൊണ്ടാണ്. ഞങ്ങളെ തൊഴിക്കുകയും പ്രഹരിക്കുകയുമൊക്കെ ചെയ്തുകൊണ്ട് യഹൂദ അടയാളം സ്വീകരിക്കാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. എങ്കിലും യഹോവയുടെ സാക്ഷികളായി അവർ ഞങ്ങളെ അംഗീകരിക്കുന്നതുവരെ ഞങ്ങൾ ഉറച്ചുനിന്നു.
ഒടുവിൽ, എന്നെക്കാൾ മൂന്നു വയസ്സ് കുറഞ്ഞ എന്റെ അനുജത്തി എൽവിറയെ ഞാൻ കണ്ടെത്തി. ഞങ്ങളുടെ കുടുംബത്തിലെ ഏഴുപേരേയും ഓഷ്വിറ്റ്സിൽ കൊണ്ടുവന്നിരുന്നു. എന്നെയും എൽവിറയെയും മാത്രമേ ജോലിചെയ്യാൻ കൊള്ളാവുന്നവരായി അംഗീകരിച്ചുള്ളൂ. പിതാവും അമ്മയും മൂന്നു കൂടെപ്പിറപ്പുകളും ഗ്യാസ് ചേമ്പറിൽ മരിച്ചു. എൽവിറ അന്ന് സാക്ഷിയായിരുന്നില്ല, ഞങ്ങൾ താമസിച്ചിരുന്നത് ക്യാമ്പിന്റെ ഒരേ ഭാഗത്ത് ആയിരുന്നുമില്ല. അവൾ അതിജീവിച്ച് ഐക്യനാടുകളിലേക്കു കുടിയേറി. പെൻസിൽവേനിയയിലെ പിറ്റ്സ്ബെർഗിൽവെച്ച് ഒരു സാക്ഷിയായിത്തീർന്ന അവൾ പിന്നീട് 1973-ൽ അവിടെവെച്ച് മരണമടഞ്ഞു.
മറ്റു ക്യാമ്പുകളെ അതിജീവിക്കൽ
റഷ്യക്കാർ അടുത്തുവരുക ആയിരുന്നതിനാൽ 1944/45-ലെ ശിശിരകാലത്തോടെ ഓഷ്വിറ്റ്സ് കാലിയാക്കാൻ ജർമൻകാർ തീരുമാനിച്ചു. അതുകൊണ്ട് ഞങ്ങളെ ജർമനിയുടെ വടക്കുഭാഗത്തുള്ള ബെർഗൻ-ബെൽസനിലേക്കു മാറ്റി. അവിടെ എത്തിച്ചേർന്ന് അധികം താമസിയാതെ എന്നെയും ഓൾഗായെയും ബ്രൗൺഷ്വിക്കിലേക്ക് അയച്ചു. അവിടെ ഞങ്ങൾ, സഖ്യശക്തികൾ നടത്തിയ കടുത്ത ബോംബിങ്ങിന്റെ നാശാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഞാനും ഓൾഗായും ആ വിഷയം ചർച്ചചെയ്തു. ഈ ജോലി ക്രിസ്തീയ നിഷ്പക്ഷതയുടെ ലംഘനമാകുമോ എന്നു ഞങ്ങൾക്ക് ഉറപ്പില്ലാതിരുന്നതിനാൽ ഞങ്ങൾ ഇരുവരും അതിൽ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
ഞങ്ങളുടെ തീരുമാനം ക്യാമ്പിനെയാകെ ഇളക്കിമറിച്ചു. തുകൽ ചമ്മട്ടികൊണ്ട് പ്രഹരിച്ചശേഷം ഞങ്ങളെ ഫയറിങ് സ്ക്വാഡിന്റെ മുമ്പാകെ കൊണ്ടുപോയി. തീരുമാനം പുനഃപരിശോധിക്കാൻ ഞങ്ങൾക്ക് ഒരു മിനിറ്റു സമയം തന്നു. നിലപാടു മാറ്റുന്നില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നും ഞങ്ങളോടു പറയപ്പെട്ടു. തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നതിനാൽ അതിനെക്കുറിച്ചു ചിന്തിക്കാൻ ഞങ്ങൾക്കിനി സമയമൊന്നും വേണ്ടെന്ന് ഞങ്ങൾ പറഞ്ഞു. എന്നാൽ ക്യാമ്പിന്റെ കമാൻഡർ സന്നിഹിതൻ അല്ലായിരുന്നതിനാൽ ഞങ്ങളുടെ വധനിർവഹണം നീട്ടിവെക്കേണ്ടി വന്നു. കാരണം വധനിർവഹണ ഉത്തരവ് പുറപ്പെടുവിക്കാൻ അദ്ദേഹത്തിനു മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ.
അതിനിടയ്ക്കുള്ള സമയത്ത്, ദിവസം മുഴുവനും ക്യാമ്പിന്റെ മുറ്റത്തു നിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി. രണ്ട് സായുധ ഭടന്മാർ ഞങ്ങൾക്കു കാവൽനിന്നു, ഓരോ രണ്ടു മണിക്കൂറിലും അവർ മാറിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് ആഹാരമൊന്നും തന്നില്ല. ഫെബ്രുവരി ആയിരുന്നതിനാൽ തണുപ്പു നിമിത്തം ഞങ്ങൾ വല്ലാതെ യാതന അനുഭവിച്ചു. ഈ പെരുമാറ്റം ഒരാഴ്ച ദീർഘിച്ചെങ്കിലും കമാൻഡർ വന്നില്ല. അതുകൊണ്ട്, അതിശയകരമെന്നേ പറയേണ്ടൂ, ഞങ്ങളെ ഒരു ട്രക്കിന്റെ പിന്നിൽ കയറ്റി ബെർഗെൻ-ബെൽസനിൽ തിരിച്ചെത്തിച്ചു.
അപ്പോഴേക്കും എന്റെയും ഓൾഗായുടെയും സ്ഥിതി വളരെ ദയനീയമായിത്തീർന്നു. എന്റെ തലമുടിയെല്ലാം മിക്കവാറും കൊഴിഞ്ഞുപോയിരുന്നു, ചുട്ടുപൊള്ളുന്ന പനിയുമുണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് എനിക്ക് അൽപ്പം ജോലിചെയ്യാൻ കഴിഞ്ഞത്. ഓരോ ദിവസവും തന്നിരുന്ന വെള്ളംപോലത്തെ കാബേജ് സൂപ്പും ചെറിയൊരു കഷണം റൊട്ടിയും മതിയാകുമായിരുന്നില്ല. എന്നാൽ ഞങ്ങൾ ജോലിചെയ്യേണ്ടത് അത്യാവശ്യമായിരുന്നു, കാരണം അതിനു കഴിയാത്തവരെ കൊന്നുകളഞ്ഞിരുന്നു. അടുക്കളയിൽ എന്നോടൊപ്പം ജോലിചെയ്തിരുന്ന ജർമൻ സഹോദരിമാർ അൽപ്പം വിശ്രമിക്കാൻ എന്നെ സഹായിച്ചു. അന്വേഷണം നടത്തുന്ന ഗാർഡുകൾ വന്നപ്പോൾ ആ സഹോദരിമാർ എനിക്കു സൂചന നൽകിയതിനാൽ വർക്ക് ബെഞ്ചിനടുത്ത് എഴുന്നേറ്റുനിന്ന് ജോലിയിൽ ഉത്സാഹപൂർവം ഏർപ്പെട്ടിരിക്കുന്നു എന്ന ധാരണ നൽകാൻ എനിക്കു കഴിഞ്ഞു.
ഒരു ദിവസം ഓൾഗായ്ക്ക് തന്റെ ജോലിസ്ഥലത്തു പോകാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. അതിനുശേഷം ഞങ്ങൾ ഒരിക്കലും അവരെ കണ്ടിട്ടില്ല. ക്യാമ്പിലെ ആ ക്ലേശപൂർണമായ മാസങ്ങളിൽ എനിക്കു വലിയൊരു സഹായമായിരുന്ന, സുധീര സുഹൃത്തും സഹകാരിയും ആയിരുന്ന അവരെ എനിക്കു നഷ്ടമായി. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരു ആത്മാഭിഷിക്ത അനുഗാമിയെന്ന നിലയിൽ അവർക്ക് ഉടനടി തന്റെ സ്വർഗീയ പ്രതിഫലം ലഭിച്ചിട്ടുണ്ടാകണം.—വെളിപ്പാടു 14:13.
വിടുതലും തുടർന്നുള്ള ജീവിതവും
1945 മേയിൽ യുദ്ധം അവസാനിക്കുകയും വിടുതൽ ലഭിക്കുകയും ചെയ്തപ്പോൾ, മർദകരുടെ നുകം ഒടുവിൽ തകർക്കപ്പെട്ടതിൽ സന്തോഷിക്കാൻപോലും കഴിയാതവണ്ണം ഞാനത്ര ക്ഷീണിതയായിരുന്നു. വിടുവിക്കപ്പെട്ടവരെ സ്വീകരിക്കാൻ സന്നദ്ധമായിരുന്ന രാജ്യങ്ങളിലേക്ക് അവരെ കൊണ്ടുപോയിരുന്ന രക്ഷാസൈനികരോടു ചേരാനും എനിക്കു കഴിഞ്ഞില്ല. ആരോഗ്യം വീണ്ടെടുക്കാനായി ഞാൻ ഒരു ആശുപത്രിയിൽ മൂന്നു മാസം കിടന്നു. അതിനുശേഷം എന്നെ സ്വീഡനിലേക്കു കൊണ്ടുപോയി. അത് എന്റെ പുതിയ ഭവനമായിത്തീർന്നു. ഉടൻതന്നെ ഞാൻ എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാരുമായി ബന്ധപ്പെട്ടു. തുടർന്ന് വയൽ ശുശ്രൂഷയെന്ന അമൂല്യ വേലയിൽ ഞാൻ ഏർപ്പെട്ടു.
1949-ൽ ഞാൻ, യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനായി വർഷങ്ങളോളം സേവിച്ചിട്ടുള്ള ലെന്നാർട്ട് യൂസഫ്സനെ വിവാഹം കഴിച്ചു. വിശ്വാസം കാത്തുകൊണ്ടതിന്റെ ഫലമായി അദ്ദേഹവും രണ്ടാം ലോകമഹായുദ്ധകാലത്ത് തടവിലാക്കപ്പെട്ടിരുന്നു. 1949 സെപ്റ്റംബർ 1-ന് പയനിയർമാർ എന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചു ജീവിതം ആരംഭിച്ചു. ബോറസ് നഗരത്തിൽ സേവിക്കാൻ ഞങ്ങളെ നിയമിച്ചു. അവിടുത്തെ പ്രാരംഭ വർഷങ്ങളിൽ ഓരോ ആഴ്ചയും താത്പര്യക്കാരുമായി ഞങ്ങൾ പത്തു ബൈബിളധ്യയനങ്ങൾ വീതം പതിവായി നടത്തിയിരുന്നു. ഒമ്പതു വർഷത്തിനുള്ളിൽ ബോറസിലെ സഭ മൂന്നായിത്തീരുന്നതു കാണുന്നതിലെ സന്തോഷം ഞങ്ങൾ അനുഭവിച്ചു, ഇപ്പോൾ അവിടെ അഞ്ചു സഭകളുണ്ട്.
എനിക്ക് അധികകാലം ഒരു പയനിയറായി തുടരാൻ കഴിഞ്ഞില്ല. കാരണം 1950-ൽ ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചു, രണ്ടു വർഷം കഴിഞ്ഞ് ഒരു ആൺകുട്ടിയും. അങ്ങനെ, എനിക്കു 16 വയസ്സു മാത്രമുള്ളപ്പോൾ ഹംഗറിയിലെ ആ പ്രിയപ്പെട്ട സഹോദരൻ എന്നെ പഠിപ്പിച്ച, “യഹോവയെ സേവിക്കുന്നത് ഒരു മനുഷ്യന് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതിയാണ്” എന്ന അമൂല്യ സത്യം ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനുള്ള സന്തോഷകരമായ പദവി എനിക്കു ലഭിച്ചു.
ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ച് നമ്മെ ഓർമിപ്പിക്കയിൽ ശിഷ്യനായ യാക്കോബ് എഴുതിയ പിൻവരുന്ന വാക്കുകളിലെ സത്യത ഞാൻ അനുഭവിച്ചിരിക്കുന്നു എന്ന് എന്റെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു: “കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” (യാക്കോബ് 5:11) ഞാനും ഘോരമായ പരിശോധനകൾ സഹിച്ചെങ്കിലും, രണ്ടു മക്കളാലും അവരുടെ ഇണകളാലും ആറു കൊച്ചുമക്കളാലും—അവരെല്ലാം യഹോവയുടെ ആരാധകരാണ്—സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതിനുപുറമേ, ഒട്ടനവധി ആത്മീയ മക്കളും കൊച്ചുമക്കളുമുണ്ട്. അവരിൽ ചിലർ പയനിയർമാരായും മിഷനറിമാരായും സേവിക്കുന്നു. മരണത്തിൽ ഉറങ്ങുന്ന പ്രിയപ്പെട്ടവരെ കാണുകയും അവർ തങ്ങളുടെ സ്മാരക കല്ലറകളിൽനിന്നു ഉയർത്തെഴുന്നേൽക്കുമ്പോൾ അവരെ പുണരുകയും ചെയ്യുക എന്നതാണ് എന്റെ ഇപ്പോഴത്തെ വലിയ ആഗ്രഹം.—യോഹന്നാൻ 5:28, 29.
[31-ാം പേജിലെ ചിത്രം]
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സ്വീഡനിൽ മുഴുസമയ ശുശ്രൂഷയിൽ
[31-ാം പേജിലെ ചിത്രം]
ഭർത്താവിനോടൊപ്പം