സത്യത്തെക്കാൾ മെച്ചമായ യാതൊന്നുമില്ല
ജി. എൻ. ഫാൻ ഡെർ ബേൽ പറഞ്ഞപ്രകാരം
1941 ജൂണിൽ എന്നെ ഗസ്റ്റപ്പോയ്ക്കു കൈമാറി. അവരെന്നെ ജർമനിയിലെ ബെർലിന് അടുത്തുള്ള സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. 1945 ഏപ്രിലിലെ കുപ്രസിദ്ധമായ മരണ പ്രയാണംവരെ ഞാനവിടെ 38190-ാം നമ്പർ തടവുകാരനായി കഴിഞ്ഞുകൂടി. എന്നാൽ ആ സംഭവങ്ങളെക്കുറിച്ചു വിവരിക്കുന്നതിനുമുമ്പ്, ഞാനൊരു തടവുകാരനായത് എങ്ങനെയെന്നു വിശദീകരിക്കട്ടെ.
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിൽ നെതർലൻഡ്സിലെ റോട്ടർഡാമിലായിരുന്നു എന്റെ ജനനം. ഒന്നാം ലോകമഹായുദ്ധം തുടങ്ങി അധികനാളായിരുന്നില്ല. പിതാവിന് റെയിൽവേയിലായിരുന്നു ജോലി. റെയിൽപ്പാളത്തിനു സമീപമായിരുന്നു ഞങ്ങളുടെ ചെറിയ അപ്പാർട്ടുമെൻറ്. 1918-ൽ യുദ്ധം അവസാനിക്കാറായപ്പോൾ, ആംബുലൻസ് ട്രെയിനുകൾ എന്ന് വിളിക്കപ്പെട്ട അനേകം ട്രെയിനുകൾ ഇരമ്പിപ്പാഞ്ഞുപോകുന്നത് ഞാൻ കണ്ടു. അതിൽ നിറയെ യുദ്ധമേഖലയിൽനിന്നു താമസസ്ഥലത്തേക്കു കൊണ്ടുപോകുന്ന പരിക്കേറ്റ പട്ടാളക്കാരായിരുന്നുവെന്നതിൽ സംശയമില്ല.
എനിക്ക് 12 വയസ്സുള്ളപ്പോൾ ഒരു ജോലി തരപ്പെടുത്താനായി ഞാൻ സ്കൂൾ വിട്ടു. എട്ടു വർഷം കഴിഞ്ഞ് ഞാൻ ഒരു യാത്രാ കപ്പലിലെ ഭക്ഷണ വിതരണക്കാരനായുള്ള ജോലി സ്വീകരിച്ചു. തുടർന്നുള്ള നാല് വർഷം ഞാൻ നെതർലൻഡ്സിനും ഐക്യനാടുകൾക്കുമിടയിൽ സമുദ്രയാത്ര നടത്തി.
1939-ലെ വേനൽക്കാലത്ത് ഞങ്ങൾ ന്യൂയോർക്ക് തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ, മറ്റൊരു ലോകമഹായുദ്ധം ആസന്നമായിരുന്നു. അതുകൊണ്ട്, ഒരു മനുഷ്യൻ ഞങ്ങളുടെ കപ്പലിൽ വന്ന് നീതിനിഷ്ഠമായ ഒരു ലോകത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗവൺമെൻറ് എന്ന പുസ്തകം എനിക്കു തന്നപ്പോൾ ഞാൻ അതു സന്തോഷപൂർവം സ്വീകരിച്ചു. റോട്ടർഡാമിൽ തിരിച്ചെത്തിയപ്പോൾ, സമുദ്ര ജീവിതം മേലാൽ സുരക്ഷിതമല്ലെന്നു കണ്ട ഞാൻ കരയിൽ ജോലിതേടി. സെപ്റ്റംബർ 1-ന് ജർമനി പോളണ്ടിനെ ആക്രമിച്ചു. രാഷ്ട്രങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിലേക്കു കൂപ്പുകുത്തി.
ബൈബിൾ സത്യം പഠിക്കുന്നു
1940 മാർച്ചിലെ ഒരു ഞായറാഴ്ച രാവിലെ ഞാൻ വിവാഹിതനായ ജ്യേഷ്ഠന്റെ വീട്ടിലിരിക്കുമ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ വന്ന് കോളിങ് ബെൽ അടിച്ചു. ഗവൺമെൻറ് എന്ന പുസ്തകം എന്റെ കൈവശമുണ്ടെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നിട്ട് സ്വർഗത്തെക്കുറിച്ചും അവിടെ ആര് പോകുമെന്നതിനെക്കുറിച്ചും ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ‘ഇതാണു സത്യം’ എന്ന് ആത്മഗതം നടത്താൻ എന്നെ പ്രേരിപ്പിക്കത്തക്കവിധം അത്ര വ്യക്തവും ന്യായയുക്തവുമായ ഉത്തരം എനിക്കു ലഭിച്ചു. ഞാൻ അദ്ദേഹത്തിന് എന്റെ മേൽവിലാസം കൊടുത്തിട്ട് എന്നെ വീട്ടിൽ വന്നു കാണാൻ ക്ഷണിച്ചു.
ആഴമായ ബൈബിൾ ചർച്ചകൾ നടന്ന വെറും മൂന്നു സന്ദർശനങ്ങൾക്കു ശേഷം, വീടുതോറുമുള്ള പ്രസംഗവേലയ്ക്കായി ഞാൻ ആ സാക്ഷിയോടൊപ്പം പോകാൻ തുടങ്ങി. ഞങ്ങൾ പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ എവിടെ തുടങ്ങണമെന്ന് അദ്ദേഹം എനിക്കു കാണിച്ചു തന്നു, ഞാൻ ഒറ്റയ്ക്കു പ്രസംഗിച്ചു. ആ കാലത്ത് മിക്ക പുതിയവരെയും പ്രസംഗവേല പരിചയപ്പെടുത്തിയിരുന്നത് അപ്രകാരമാണ്. സാഹിത്യം കൊടുക്കുമ്പോൾ എല്ലായ്പോഴും ഇടനാഴിക്ക് ഉള്ളിലായിരിക്കണമെന്നും തെരുവിൽ കാണപ്പെടരുതെന്നും എനിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ജാഗ്രതപാലിക്കേണ്ട ആവശ്യമുണ്ടായിരുന്നു.
മൂന്നാഴ്ച കഴിഞ്ഞ്, 1940 മേയ് 10-ന് ജർമൻ സൈന്യം നെതർലൻഡ്സിനെ ആക്രമിച്ചു. മേയ് 29-ന്, യഹോവയുടെ സാക്ഷികളുടെ സംഘടനയെ നിരോധിച്ചിരിക്കുന്നതായി റൈക്ക് കമ്മീഷണറായ സ്വിസിങ്ക്വാർട്ട് പ്രഖ്യാപിച്ചു. ചെറിയ കൂട്ടങ്ങളായി മാത്രം ഞങ്ങൾ യോഗം ചേർന്നു. യോഗസ്ഥലങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തി. സഞ്ചാരമേൽവിചാരകന്മാരുടെ സന്ദർശനം ഞങ്ങളെ വിശേഷാൽ ശക്തീകരിച്ചിരുന്നു.
ഞാൻ ഒരു കടുത്ത പുകവലിക്കാരനായിരുന്നു. എന്നെ ബൈബിൾ പഠിപ്പിച്ച സാക്ഷിക്ക് ഞാൻ ഒരു സിഗരറ്റു കൊടുത്തപ്പോൾ അദ്ദേഹം പുകവലിക്കില്ലെന്ന് എനിക്കു മനസ്സിലായി. ഞാൻ പറഞ്ഞു: “എനിക്ക് ഒരിക്കലും പുകവലി നിർത്താനാവില്ല!” എന്നാൽ കുറച്ചു കഴിഞ്ഞ്, തെരുവിലൂടെ നടന്നുപോകവേ ഞാൻ വിചാരിച്ചു, ‘ഞാൻ ഒരു സാക്ഷിയാകാൻ പോകുകയാണെങ്കിൽ, ഒരു യഥാർഥ സാക്ഷിയായിരിക്കണം.’ പിന്നീടൊരിക്കലും ഞാൻ പുകവലിച്ചിട്ടില്ല.
സത്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കൽ
1940 ജൂണിൽ, എന്റെ ജ്യേഷ്ഠന്റെ വീട്ടുവാതിൽക്കൽ ഞാൻ ആ സാക്ഷിയെ കണ്ടുമുട്ടിയ ശേഷം മൂന്നുമാസത്തിനുള്ളിൽ, യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തിക്കൊണ്ട് ഞാൻ സ്നാപനമേറ്റു. ഏതാനും മാസങ്ങൾ കഴിഞ്ഞ് 1940 ഒക്ടോബറിൽ ഒരു പയനിയർ എന്നനിലയിൽ ഞാൻ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. അന്ന് എനിക്ക് ഒരു പയനിയർ ജാക്കറ്റ് ലഭിച്ചു. പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ഇടാനായി അതിന് അനേകം പോക്കറ്റുകൾ ഉണ്ടായിരുന്നു. അത് കോട്ടിനുള്ളിൽ ധരിക്കുന്നതായിരുന്നു.
ജർമൻ അധിനിവേശത്തിന്റെ ഏതാണ്ട് തുടക്കം മുതൽത്തന്നെ യഹോവയുടെ സാക്ഷികളെ ആസൂത്രിതമായി പിന്തുടർന്ന് അറസ്റ്റു ചെയ്തിരുന്നു. 1941 ഫെബ്രുവരിയിലെ ഒരു പ്രഭാതത്തിൽ ഏതാനും ചില സാക്ഷികളോടൊപ്പം ഞാൻ വയൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒരു കെട്ടിടസമുച്ചയത്തിന്റെ ഒരു വശത്തുള്ള ആളുകളെ അവർ സന്ദർശിച്ചുകൊണ്ടിരുന്നപ്പോൾ, അവരുമായി കൂടിക്കാണത്തക്കവണ്ണം ഞാൻ മറ്റേ വശത്തുനിന്നും പ്രവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ, അവർ വൈകുന്നത് എന്തുകൊണ്ടാണെന്നറിയാൻ ചെന്നപ്പോൾ ഒരാൾ എന്നോടു ചോദിച്ചു, “ഈ ചെറുപുസ്തകങ്ങൾ ഏതെങ്കിലും താങ്കളുടെ കൈവശവുമുണ്ടോ?”
“ഉണ്ട്,” ഞാൻ മറുപടി പറഞ്ഞു. അയാൾ ഉടനടി എന്നെ അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഏകദേശം നാല് ആഴ്ച എന്നെ കസ്റ്റഡിയിൽ സൂക്ഷിച്ചു. മിക്ക ഓഫീസർമാരും സൗഹൃദ ഭാവമുള്ളവരായിരുന്നു. ഒരു വ്യക്തിയെ ഗസ്റ്റപ്പോയ്ക്കു കൈമാറുന്നതിനുമുമ്പായി, താൻ മേലാൽ ബൈബിൾ സാഹിത്യം വിതരണം ചെയ്യില്ലെന്നുള്ള ഒരു ലിഖിത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുക മാത്രം ചെയ്തുകൊണ്ട് അയാൾക്കു ജയിൽ മോചിതനാകാൻ കഴിയുമായിരുന്നു. അത്തരമൊരു പ്രഖ്യാപനത്തിൽ ഒപ്പുവെക്കാൻ എന്നോടു പറഞ്ഞപ്പോൾ ഞാൻ മറുപടിയായി പറഞ്ഞു: “നിങ്ങൾ എനിക്ക് 20 ലക്ഷം ഗിൽഡർ വാഗ്ദാനം ചെയ്താൽപ്പോലും ഞാൻ ഒപ്പുവെക്കില്ല.”
കുറച്ചുനാൾ തടവിൽസൂക്ഷിച്ച ശേഷം എന്നെ ഗസ്റ്റപ്പോയ്ക്കു കൈമാറി. അതിനുശേഷം എന്നെ ജർമനിയിലെ സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി.
സാക്സൻഹൗസനിലെ ജീവിതം
1941 ജൂണിൽ ഞാൻ സാക്സൻഹൗസനിൽ എത്തിച്ചേർന്നപ്പോൾ അവിടെ അപ്പോൾത്തന്നെ ഏകദേശം 150 സാക്ഷികൾ ഉണ്ടായിരുന്നു. അവരിൽ മിക്കവരും ജർമൻകാരായിരുന്നു. പുതിയ തടവുകാരായ ഞങ്ങളെ ക്യാമ്പിലെ ഐസൊലേഷൻ എന്നു വിളിക്കപ്പെട്ട ഭാഗത്തേക്കു കൊണ്ടുപോയി. അവിടെ ഞങ്ങളുടെ ക്രിസ്തീയ സഹോദരന്മാർ ഞങ്ങളെ പരിപാലിക്കുകയും വരാനിരുന്ന കാര്യങ്ങൾക്കായി ഞങ്ങളെ ഒരുക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് നെതർലൻഡ്സിൽനിന്ന് മറ്റൊരു കൂട്ടം സാക്ഷികൾ എത്തിച്ചേർന്നു. പാളയത്തിനു മുന്നിൽ രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെ ഒരേ സ്ഥലത്തുതന്നെ നിൽക്കാൻ ഞങ്ങളോട് ആദ്യം ആവശ്യപ്പെട്ടു. ചിലപ്പോൾ ഒന്നോ അതിലധികമോ ആഴ്ച എല്ലാ ദിവസവും തടവുകാർ അപ്രകാരം ചെയ്യേണ്ടതുണ്ടായിരുന്നു.
ഈ ക്രൂരമായ പെരുമാറ്റം ഗണ്യമാക്കാതെ സംഘടിതരായി തുടരുകയും ആത്മീയ പോഷണം സ്വീകരിക്കുകയും ചെയ്യേണ്ട അടിയന്തിര ആവശ്യമുണ്ടെന്ന് സഹോദരന്മാർ തിരിച്ചറിഞ്ഞു. ബൈബിൾ വാക്യത്തെക്കുറിച്ചുള്ള ആശയങ്ങൾ തയ്യാറാകാൻ ദിവസേന ആരെയെങ്കിലും നിയമിക്കുമായിരുന്നു. പിന്നീട്, മുറ്റത്ത് ആളുകൾ സമ്മേളിക്കുന്നിടത്തുവെച്ച് ഓരോ സാക്ഷിയും ആ വ്യക്തിയെ സമീപിച്ച് അദ്ദേഹം തയ്യാറായിട്ടുള്ളത് കേൾക്കും. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്യാമ്പിലേക്കു സാഹിത്യങ്ങൾ പതിവായി ഒളിച്ചു കടത്തിയിരുന്നു. വാസ്തവത്തിൽ എല്ലാ ഞായറാഴ്ചയും ഞങ്ങൾ ഒരുമിച്ചുകൂടി ഈ ബൈബിൾ സാഹിത്യങ്ങൾ പഠിച്ചിരുന്നു.
1941-ലെ വേനൽക്കാലത്ത് ഐക്യനാടുകളിലെ സെൻറ് ലൂയിസ് കൺവെൻഷനിൽവെച്ച് പ്രകാശനം ചെയ്ത ചിൽഡ്രൻ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി എങ്ങനെയോ സാക്സൻഹൗസനിലേക്ക് ഒളിച്ചു കടത്തി. പുസ്തകം കണ്ടെത്തി നശിപ്പിക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിനായി ഞങ്ങളത് വേർപെടുത്തി ഓരോ ഭാഗങ്ങൾ സഹോദരന്മാർക്കിടയിൽ വിതരണം ചെയ്തു. അങ്ങനെ ഊഴമനുസരിച്ച് എല്ലാവർക്കും വായിക്കാൻ കഴിഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞ്, ഞങ്ങൾ യോഗങ്ങൾ നടത്തുന്ന വിവരം ക്യാമ്പ് നടത്തിപ്പുകാർ മനസ്സിലാക്കി. അതുകൊണ്ട് അവർ സാക്ഷികളെ വേർപിരിച്ച് വ്യത്യസ്ത പാളയങ്ങളിലാക്കി. മറ്റു തടവുകാരോട് പ്രസംഗിക്കാൻ ഞങ്ങൾക്കത് നല്ലൊരവസരം പ്രദാനം ചെയ്തു. തത്ഫലമായി അനേകം പോളണ്ടുകാരും യൂക്രെയിൻകാരും മറ്റുള്ളവരും സത്യം സ്വീകരിച്ചു.
ബൈബൽഫോഷറുകളുടെ—യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത്—നിർമലത തകർക്കുകയോ അവരെ കൊല്ലുകയോ ചെയ്യുക എന്ന തങ്ങളുടെ ലക്ഷ്യം നാസികൾ മറച്ചുവെച്ചില്ല. തത്ഫലമായി ഞങ്ങൾ അതികഠിനമായ സമ്മർദമനുഭവിച്ചു. വിശ്വാസം ത്യജിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനത്തിൽ ഒപ്പിട്ടാൽ സ്വതന്ത്രരാക്കാമെന്ന് അവർ ഞങ്ങളോടു പറഞ്ഞു. ചില സഹോദരങ്ങൾ ന്യായീകരണം കണ്ടെത്താൻ തുടങ്ങി, “ഞാൻ സ്വതന്ത്രനായാൽ എനിക്ക് യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയും.” ഏതാനും പേർ ഒപ്പിട്ടെങ്കിലും ദാരിദ്ര്യവും അവഹേളനവും ദുഷ്പെരുമാറ്റവും ഉണ്ടായിരുന്നിട്ടും സഹോദരങ്ങളിൽ ഭൂരിപക്ഷവും വിശ്വസ്തരായി നിലകൊണ്ടു. വിട്ടുവീഴ്ചയ്ക്കു തയ്യാറായ ചിലരെക്കുറിച്ച് പിന്നീടൊരിക്കലും കേട്ടിട്ടില്ല. സന്തോഷകരമെന്നു പറയട്ടെ, മറ്റുചിലർ പിന്നീട് പിന്തിരിഞ്ഞുവരികയും ഇപ്പോഴും സജീവ സാക്ഷികളായി തുടരുകയും ചെയ്യുന്നു.
വടികൊണ്ട് 25 തവണ പ്രഹരിക്കുന്നതുപോലെയുള്ള, ശാരീരിക ദണ്ഡനത്തിന് തടവുകാരെ വിധേയരാക്കുന്നത് നോക്കിനിൽക്കാൻ ഞങ്ങളെ പതിവായി നിർബന്ധിച്ചിരുന്നു. ഒരിക്കൽ, നാല് പുരുഷന്മാരെ തൂക്കിക്കൊല്ലുന്നത് നോക്കിനിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി. അത്തരം അനുഭവങ്ങൾ ഒരു വ്യക്തിയിൽ ശരിക്കും സ്വാധീനം ചെലുത്തുമായിരുന്നു. ഞാൻ പാർത്തിരുന്ന പാളയത്തിൽതന്നെയുള്ള, ഉയരമുള്ള, സുമുഖനായ ഒരു സഹോദരൻ എന്നോടു പറഞ്ഞു: “ഇവിടെ വരുന്നതിനുമുമ്പ് രക്തം കണ്ടാലുടനെ ഞാൻ ബോധംകെട്ടുവീഴുമായിരുന്നു. എന്നാൽ എനിക്കിപ്പോൾ നല്ല മനക്കരുത്തുണ്ട്.” ഞങ്ങൾ മനക്കരുത്തുള്ളവരായിത്തീർന്നെങ്കിലും, ഹൃദയശൂന്യരായിത്തീർന്നില്ല. ഞങ്ങളെ പീഡിപ്പിക്കുന്നവരോട് എനിക്ക് ഒരിക്കലും വിരോധമോ വിദ്വേഷമോ തോന്നിയിട്ടില്ലെന്ന് എനിക്കു പറയാൻ കഴിയും.
കൊമാൻഡോയോടൊപ്പം (തൊഴിലാളി ഗണത്തോടൊപ്പം) കുറച്ചുകാലം ജോലിചെയ്തു കഴിഞ്ഞപ്പോൾ ചുട്ടുപൊള്ളുന്ന പനി നിമിത്തം എന്നെ ആശുപത്രിയിലാക്കി. ദയാലുവായ ഒരു നോർവീജിയൻ ഡോക്ടറും ചെക്കോസ്ലോവാക്യൻ നേഴ്സും എനിക്കു സഹായമേകി, സാധ്യതയനുസരിച്ച് അവരുടെ ദയയാണ് എന്റെ ജീവൻ രക്ഷിച്ചത്.
മരണ പ്രയാണം
1945 ഏപ്രിൽ ആയപ്പോഴേക്കും ജർമനി യുദ്ധത്തിൽ പരാജയപ്പെടാൻ പോകുകയാണെന്ന് വ്യക്തമായിരുന്നു. പടിഞ്ഞാറുനിന്ന് പാശ്ചാത്യ സഖ്യം അതിവേഗം മുന്നേറുകയായിരുന്നു, സോവിയറ്റുകാർ കിഴക്കുനിന്നും. തടങ്കൽപ്പാളയങ്ങളിലുള്ള പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്ത് യാതൊരു തെളിവും ശേഷിപ്പിക്കാതെ ഏതാനും ദിവസങ്ങൾകൊണ്ട് അവരുടെ മൃതദേഹങ്ങൾ മറവുചെയ്യാൻ നാസികൾക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് രോഗികളെ എല്ലാം കൊന്നിട്ട് ശേഷിക്കുന്ന തടവുകാരെ ഏറ്റവും അടുത്തുള്ള തുറമുഖങ്ങളിലേക്കു നീക്കാൻ അവർ തീരുമാനിച്ചു. അവിടെവെച്ച് അവരെ കപ്പലുകളിൽ കുത്തിനിറച്ചിട്ട് ആ കപ്പലുകൾ കടലിൽ മുക്കാൻ അവർ പദ്ധതിയിട്ടു.
ഏപ്രിൽ 20-നു രാത്രിയിൽ സാക്സൻഹൗസനിൽനിന്ന് ഏകദേശം 26,000 തടവുകാരുടെ പ്രയാണം ആരംഭിച്ചു. ഞങ്ങൾ ക്യാമ്പ് വിട്ടുപോകുന്നതിനു മുമ്പ് രോഗികളായ സഹോദരന്മാരെ ആതുരാലയത്തിൽനിന്നു രക്ഷപ്പെടുത്തി. അവരെ കൊണ്ടുപോകാനായി ഒരു വണ്ടി സംഘടിപ്പിച്ചു. ആറ് വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി ഞങ്ങൾ മൊത്തം 230 പേരുണ്ടായിരുന്നു. നെതർലൻഡ്സിലെ വേലയുടെ വികസനത്തിന് വളരെയേറെ സഹായം ചെയ്ത ആർതർ വിങ്ക്ളർ സഹോദരനും രോഗികളായിരുന്നവരിൽ ഉൾപ്പെട്ടിരുന്നു. സാക്ഷികളായ ഞങ്ങൾ പിൻനിരയിലായിരുന്നു. നടത്തം തുടരാൻ ഞങ്ങൾ അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
തുടക്കമെന്ന നിലയിൽ, വിശ്രമമില്ലാതെ ഞങ്ങൾ 36 മണിക്കൂർ നടന്നു. അങ്ങേയറ്റത്തെ ദുരിതവും ക്ഷീണവും നിമിത്തം നടന്നുകൊണ്ടിരിക്കെ ഞാൻ അക്ഷരാർഥത്തിൽ ഉറങ്ങിപ്പോയി. എന്നാൽ പിന്നോക്കം നിൽക്കുകയോ വിശ്രമിക്കുകയോ ചെയ്യാൻ സാധിക്കില്ലായിരുന്നു, കാരണം ഗാർഡുകൾ വെടിവെക്കാൻ സാധ്യതയുണ്ടായിരുന്നു. രാത്രിയിൽ ഞങ്ങൾ വെളിമ്പ്രദേശത്തോ കാട്ടിലോ കിടന്നുറങ്ങി. വളരെക്കുറച്ച് ആഹാരമേ ഉണ്ടായിരുന്നുള്ളൂ, ചിലപ്പോൾ ഒട്ടുമുണ്ടായിരുന്നില്ല. വിശപ്പ് തീർത്തും അസഹനീയമായപ്പോൾ, ഞാൻ സ്വീഡിഷ് റെഡ് ക്രോസ് ഞങ്ങൾക്കു തന്ന ടൂത്ത്പേസ്റ്റ് നക്കിത്തിന്നു.
റഷ്യൻ-യു.എസ്. സൈന്യങ്ങൾ എവിടെയാണെന്ന് ജർമൻ ഗാർഡുകൾക്ക് നിശ്ചയമില്ലാതെ വന്നതുനിമിത്തം ഒരു ഘട്ടത്തിൽ ഞങ്ങൾ നാല് ദിവസം കാട്ടിൽ കഴിഞ്ഞുകൂടി. അതു ഭാഗ്യമായി. കാരണം ഞങ്ങളെ ജലശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള കപ്പലുകളിൽ കയറാൻ തക്കവണ്ണം ഞങ്ങൾ നിശ്ചിത സമയത്ത് ലൂബെക്ക് ഉൾക്കടലിൽ എത്തിച്ചേർന്നില്ല. ഒടുവിൽ, 12 ദിവസമെടുത്ത ആ 200 കിലോമീറ്റർ പ്രയാണത്തിനുശേഷം ഞങ്ങൾ ക്രിവിറ്റ്സ് വനത്തിൽ എത്തിച്ചേർന്നു. ലൂബെക്കിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഷഫറിനിൽനിന്ന് ദൂരത്തായിരുന്നില്ല അത്.
സോവിയറ്റുകാർ ഞങ്ങളുടെ വലത്തും അമേരിക്കക്കാർ ഇടത്തുമായിരുന്നു. കൂറ്റൻ പീരങ്കികളുടെ ഇരമ്പലും തുടർച്ചയായ വെടിയൊച്ചയും കേട്ടപ്പോൾ, യുദ്ധനിരയ്ക്ക് അടുത്താണു ഞങ്ങളെന്നു മനസ്സിലായി. ജർമൻ ഗാർഡുകൾ സംഭ്രാന്തരായി. ചിലർ പേടിച്ചോടി. മറ്റുള്ളവർ തങ്ങളുടെ സൈനിക യൂണിഫോം മാറ്റി മരിച്ചവരിൽനിന്ന് ഉരിഞ്ഞെടുത്ത ജയിൽവേഷം ധരിച്ചു, തങ്ങളെ തിരിച്ചറിയുകയില്ലെന്ന പ്രതീക്ഷയോടെ. അതിനിടയിലും സാക്ഷികളായ ഞങ്ങൾ മാർഗനിർദേശത്തിനായി പ്രാർഥിക്കാൻ ഒന്നിച്ചുകൂടി.
അടുത്ത ദിവസം രാവിലെ യു.എസ്. സൈനിക നിരയുടെ ദിശയിലേക്കു ഞങ്ങൾ നീങ്ങണമെന്ന് നേതൃത്വം വഹിച്ച സഹോദരന്മാർ തീരുമാനിച്ചു. മരണ പ്രയാണം തുടങ്ങിയ തടവുകാരിൽ ഏതാണ്ട് പകുതിയും വഴിമധ്യേ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തെങ്കിലും സാക്ഷികൾ എല്ലാവരും അതിജീവിച്ചു.
എന്റെ പെങ്ങൾ താമസിച്ചിരുന്ന നിംമഗെൻ നഗരത്തിലേക്ക് കാനഡക്കാരായ ചില സൈനികരോടൊപ്പം വാഹനത്തിൽ യാത്രചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. എന്നാൽ ഞാൻ ആ സ്ഥലത്ത് എത്തിയപ്പോൾ അവൾ അവിടെനിന്ന് താമസംമാറിയെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഞാൻ റോട്ടർഡാമിലേക്കു നടക്കാൻ തുടങ്ങി. ഭാഗ്യവശാൽ, വഴിമധ്യേ ഒരു സ്വകാര്യ വാഹനത്തിൽ യാത്രചെയ്യാൻ എനിക്ക് അവസരം കിട്ടി. അത് എന്നെ നേരേ എന്റെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
സത്യം എനിക്കു ജീവനായിരുന്നു
റോട്ടർഡാമിൽ എത്തിച്ചേർന്ന അതേ ദിവസംതന്നെ പയനിയർ വേലയ്ക്കുവേണ്ടി ഞാൻ വീണ്ടും അപേക്ഷിച്ചു. മൂന്നാഴ്ച കഴിഞ്ഞ് സറ്റ്ഫെൻ നഗരത്തിൽ എനിക്കു നിയമനം ലഭിച്ചു. തുടർന്നുവന്ന ഒന്നര വർഷം ഞാൻ അവിടെ സേവിച്ചു. ആ സമയത്ത് ഞാൻ കുറെയൊക്കെ ആരോഗ്യം വീണ്ടെടുത്തു. തുടർന്ന് സർക്കിട്ട് മേൽവിചാരകനായി—സഞ്ചാര ശുശ്രൂഷകരെ അങ്ങനെയാണ് വിളിക്കുന്നത്—ഞാൻ നിയമിക്കപ്പെട്ടു. ഏതാനും മാസം കഴിഞ്ഞ് ന്യൂയോർക്കിലെ ദക്ഷിണ ലാൻസിങിലുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്ക് എനിക്കു ക്ഷണം ലഭിച്ചു. 1949 ഫെബ്രുവരിയിൽ ആ സ്കൂളിന്റെ 12-ാമത്തെ ക്ലാസ്സിൽനിന്ന് ബിരുദം നേടിയ ശേഷം എനിക്കു ബെൽജിയത്തിലേക്കു നിയമനം ലഭിച്ചു.
ബെൽജിയത്തിൽ ഞാൻ ശുശ്രൂഷയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ സേവിച്ചിരിക്കുന്നു. ഏകദേശം എട്ടു വർഷം ബ്രാഞ്ച് ഓഫീസിൽ സേവിച്ചതും സർക്കിട്ട് മേൽവിചാരകനും ഡിസ്ട്രിക്റ്റ് മേൽവിചാരകനും എന്ന നിലയിൽ പതിറ്റാണ്ടുകളോളം സഞ്ചാര വേലയിലായിരുന്നതും അതിൽ ഉൾപ്പെടുന്നു. 1958-ൽ ഞാൻ ഷുസ്റ്റിനെ വിവാഹം കഴിച്ചു, അവളെന്റെ സഞ്ചാര കൂട്ടാളിയായിത്തീർന്നു. ഇപ്പോൾ, എന്റെ വാർധക്യത്തിലും, ഒരു പകരം സഞ്ചാരമേൽവിചാരകൻ എന്നനിലയിൽ പരിമിതമായ അളവിൽ സേവിക്കാൻ കഴിയുന്നത് എന്നെ സന്തുഷ്ടനാക്കുന്നു.
ശുശ്രൂഷയിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സത്യസന്ധമായും ഇങ്ങനെ പറയാൻ കഴിയും: “സത്യത്തെക്കാൾ മെച്ചമായ യാതൊന്നുമില്ല.” തീർച്ചയായും അത് എല്ലായ്പോഴും സുകരമായിരുന്നിട്ടില്ല. എന്റെ തെറ്റുകളിൽനിന്നും പിഴവുകളിൽനിന്നും പാഠം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ചെറുപ്പക്കാരോടു സംസാരിക്കുമ്പോൾ ഞാൻ മിക്കപ്പോഴും പറയും: “നിങ്ങളും തെറ്റുകൾ ചെയ്യും. ഒരുപക്ഷേ ഗുരുതരമായി പാപം ചെയ്തെന്നുപോലും വരാം. എന്നാൽ അതെക്കുറിച്ച് നുണ പറയരുത്. പ്രസ്തുത സംഗതി നിങ്ങളുടെ മാതാപിതാക്കളുമായോ ഒരു മൂപ്പനുമായോ ചർച്ചചെയ്യുക. എന്നിട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുക.”
ബെൽജിയത്തിലെ എന്റെ 50 വർഷത്തെ മുഴുസമയ ശുശ്രൂഷക്കാലത്ത്, കുട്ടികളായിരിക്കെ ഞാൻ അറിയുന്ന ചിലർ മൂപ്പന്മാരും സർക്കിട്ട് മേൽവിചാരകന്മാരുമായി സേവിക്കുന്നത് കാണാനുള്ള പദവി എനിക്കു ലഭിച്ചിരിക്കുന്നു. 1,700-ഓ മറ്റോ ആയിരുന്ന ഇവിടുത്തെ രാജ്യഘോഷകർ 27,000-ത്തിലധികമായി വർധിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു.
ഞാൻ ചോദിക്കുന്നു, “യഹോവയെ സേവിക്കുന്നതിനെക്കാൾ അനുഗൃഹീതമായ ഒരു മാർഗമുണ്ടായിരിക്കാൻ കഴിയുമോ?” അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല, ഇപ്പോഴുമില്ല, ഒരിക്കലും ഉണ്ടാകുകയുമില്ല. എനിക്കും ഭാര്യയ്ക്കും എന്നേക്കും യഹോവയെ സേവിക്കാൻ കഴിയേണ്ടതിന് ഞങ്ങളെ തുടർന്നും അനുഗ്രഹിക്കേണമേയെന്ന് ഞാൻ അവനോടു പ്രാർഥിക്കുന്നു.
[26-ാം പേജിലെ ചിത്രം]
1958-ൽ, വിവാഹശേഷം അധികനാൾ കഴിയുന്നതിനുമുമ്പ് ഭാര്യയോടൊപ്പം