വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒന്നു പത്രോസ് 2:9-ൽ ജയിംസ് രാജാവിന്റെ ഭാഷാന്തരം അഭിഷിക്ത ക്രിസ്ത്യാനികളെ “തിരഞ്ഞെടുക്കപ്പെട്ട ഒരു തലമുറ” എന്നു വിളിക്കുന്നു. ഇതു മത്തായി 24:34-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശു ഉപയോഗിച്ച “തലമുറ” സംബന്ധിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ ബാധിക്കണമോ?
ചില പരിഭാഷകളിൽ ആ രണ്ടിടങ്ങളിലും “തലമുറ” എന്ന വാക്കു കാണുന്നുണ്ട്. ജയിംസ് രാജാവിന്റെ ഭാഷാന്തരം പറയുന്നപ്രകാരം, അപ്പോസ്തലനായ പത്രോസ് എഴുതി: “നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരു തലമുറയും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും പ്രത്യേക ജനവുമാണ്; അതിനാൽ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സ്തുതികൾ നിങ്ങൾ പ്രകീർത്തിക്കണം.” യേശു മുൻകൂട്ടിപ്പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ സകല സംഗതികളും നിവർത്തിയേറുന്നതുവരെ ഈ തലമുറ ഒഴിഞ്ഞുപോകയില്ല.”—1 പത്രൊസ് 2:9; മത്തായി 24:34.
ആദ്യ ഭാഗത്ത്, അപ്പോസ്തലനായ പത്രോസ് ഉപയോഗിച്ച ഗ്രീക്കു പദം ജെനോസ് ആണ്. എന്നാൽ യേശുവിന്റെ പ്രസ്താവനയുള്ള വാക്യത്തിൽ ജെനെയാ എന്ന പദമാണു നാം കാണുന്നത്. ഒരുപോലെയുള്ളതാണെന്നു തോന്നിക്കുന്ന ഈ രണ്ടു ഗ്രീക്കു പദങ്ങളും വരുന്നത് ഒരേ മൂലപദത്തിൽനിന്നാണ്. എന്നാൽ അതേസമയം അവ വ്യത്യസ്ത അർഥങ്ങളുള്ള വ്യത്യസ്ത പദങ്ങളാണ്. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് 1 പത്രോസ് 2:9-നുള്ള അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “‘വംശം.’ ഗ്രീ., ജെനോസ്; മത്താ 24:34-ലെ ജെനെയാ, ‘തലമുറ’യിൽനിന്നു വ്യത്യാസമുള്ളത്. അനുരൂപമായ ഒരു അടിക്കുറിപ്പ് മത്തായി 24:34-നുമുണ്ട്.
ആ അടിക്കുറിപ്പുകൾ സൂചിപ്പിക്കുന്നതുപോലെ, ജെനോസ് എന്നത് ഇംഗ്ലീഷിലേക്ക് ഉചിതമായി പരിഭാഷപ്പെടുത്തുന്നത്, സാധാരണമായി ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്നതുപോലെ, “race” (“വംശം”) എന്ന പദം ഉപയോഗിച്ചാണ്. 1 പത്രൊസ് 2:9-ൽ, യെശയ്യാവു 61:6-ലെ പ്രവചനം പത്രോസ് സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്ത്യാനികൾക്കു ബാധകമാക്കി. അനേകം ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും വരുന്നവരാണവർ. എന്നാൽ അവർ ആത്മീയ ഇസ്രായേൽ എന്ന ജനതയുടെ ഭാഗമായിത്തീരുന്നതുകൊണ്ട് അവരുടെ സ്വാഭാവിക പശ്ചാത്തലങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നില്ല. (റോമർ 10:12; ഗലാത്യർ 3:28, 29; 6:16; വെളിപ്പാടു 5:9, 10) ആത്മീയ അർഥത്തിൽ, “തിരഞ്ഞെടുക്കപ്പെട്ട ഒരു വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും പ്രത്യേക സമ്പത്തായ ജന”വുമായ [NW] ഒരു വ്യതിരിക്ത സമൂഹമായിത്തീരുന്നതായി പത്രോസ് അവരെ തിരിച്ചറിയിച്ചു.
എന്നാൽ മത്തായി 24:34-ലെ യേശുവിന്റെ വാക്കുകളുള്ള ഗ്രീക്കു പാഠത്തിൽ, ജെനെയാ എന്ന പദമാണു നാം കാണുന്നത്. യേശു പരാമർശിച്ചത് ആളുകളുടെ ഏതെങ്കിലുമൊരു “വംശ”ത്തെയല്ല, മറിച്ച് ഒരു നിശ്ചിത കാലഘട്ടത്തു ജീവിക്കുന്ന ആളുകളെയായിരുന്നുവെന്നതു പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു സംഗതിയാണ്.
ഏതാണ്ട് ഒരു നൂറു വർഷംമുമ്പ്, വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡൻറായിരുന്ന ചാൾസ് റ്റി. റസ്സൽ ഇതു വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം എഴുതി: “‘തലമുറ,’ ‘വംശം’ എന്നീ പദങ്ങൾ ഒരു പൊതുവായ മൂലപദത്തിൽനിന്ന്, അല്ലെങ്കിൽ ഒരു ഉത്ഭവസ്ഥാനത്തുനിന്നു വരുന്നുവെന്നു പറയുന്നുണ്ടെങ്കിലും, അവ ഒന്നല്ല; തിരുവെഴുത്തുപരമായ ഉപയോഗത്തിൽ രണ്ടു വാക്കുകളും തികച്ചും വ്യത്യസ്തമാണ്. . . . നമ്മുടെ കർത്താവിന്റേതായ ഈ പ്രവചനമുൾക്കൊള്ളുന്ന മൂന്നു വ്യത്യസ്ത രേഖകളിൽ വംശമെന്ന് അർഥമില്ലാത്ത തികച്ചും വ്യത്യസ്തമായ ഗ്രീക്കു പദമാണ് (ജെനെയാ) ഉപയോഗിച്ചത്. ഇംഗ്ലീഷിൽ ജനറേഷൻ (തലമുറ) എന്ന പദത്തിനുള്ള അർഥംതന്നെയാണ് അതിനുള്ളത്. വംശം എന്ന അർഥത്തിൽ ഈ ഗ്രീക്കു പദം (ജെനെയാ) ഉപയോഗിക്കപ്പെടുന്നില്ലെന്നും എന്നാൽ സമകാലികമായി ജീവിക്കുന്ന ആളുകളെയാണു പരാമർശിക്കുന്നതെന്നും അതിന്റെ മറ്റ് ഉപയോഗങ്ങൾ തെളിയിക്കുന്നു.”—പ്രതികാരദിവസം (ഇംഗ്ലീഷ്), 602-3 പേജുകൾ.
കുറേക്കൂടി അടുത്തകാലത്ത്, ബൈബിൾ പരിഭാഷകർക്കുവേണ്ടിയുള്ള എ ഹാൻഡ്ബുക്ക് ഓൺ ദ ഗോസ്പൽ ഓഫ് മാത്യു (1988) ഇങ്ങനെ പ്രസ്താവിച്ചു: “[ദ ന്യൂ ഇൻറർനാഷണൽ വേർഷൻ] ഈ തലമുറ എന്ന് അക്ഷരീയമായി പരിഭാഷപ്പെടുത്തിയിട്ട്, ‘അഥവാ വംശം’ എന്ന് അടിക്കുറിപ്പ് കൊടുക്കുന്നു. ‘യേശുവിനുശേഷമുള്ള ആദ്യ തലമുറയെ മാത്രമല്ല, അവനെ തള്ളിക്കളയുന്ന യഹൂദമതത്തിലെ സകല തലമുറകളെയുമാണു മത്തായി അർഥമാക്കുന്നതെ’ന്നാണ് ഒരു പുതിയ നിയമ പണ്ഡിതൻ വിശ്വസിക്കുന്നത്. എന്നാൽ ഈ രണ്ടു നിഗമനങ്ങളെയും ന്യായീകരിക്കാൻ ഭാഷാപരമായ തെളിവുകളൊന്നുമില്ല. വ്യക്തമായ അർഥത്തെ പാറ്റിക്കളയാനുള്ള ശ്രമങ്ങൾ എന്നനിലയിൽ അവയെ നിരാകരിക്കണം. അതിന്റെ മൂലപശ്ചാത്തലത്തിൽ യേശുവിന്റെ സ്വന്തം സമകാലികരെ മാത്രമേ പരാമർശിക്കുന്നുള്ളു.”
10 മുതൽ 15 വരെയുള്ള പേജുകളിൽ ചർച്ചചെയ്തിരിക്കുന്നതുപോലെ, തന്റെ നാളിലെ യഹൂദന്മാരുടെ തലമുറയെ, തന്നെ തള്ളിക്കളഞ്ഞ തന്റെ സമകാലികരെ, യേശു കുറ്റംവിധിച്ചു. (ലൂക്കൊസ് 9:41; 11:32; 17:25) “ദോഷവും വ്യഭിചാരവുമുള്ള,” “അവിശ്വാസവും കോട്ടവുമുള്ള,” “വ്യഭിചാരവും പാപവുമുള്ള” എന്നിങ്ങനെയുള്ള വിശേഷണങ്ങൾകൊണ്ടാണു പലപ്പോഴും അവൻ ആ തലമുറയെ വർണിച്ചത്. (മത്തായി 12:39; 17:17; മർക്കൊസ് 8:38) യേശു “തലമുറ” എന്ന പദം അവസാനമായി ഉപയോഗിച്ചപ്പോൾ, അവൻ നാല് അപ്പോസ്തലന്മാരോടൊപ്പം ഒലിവ് മലയിലായിരുന്നു. (മർക്കൊസ് 13:3) അപ്പോഴും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയോ ക്രിസ്തീയ സഭയുടെ ഭാഗമാകുകയോ ചെയ്തിരുന്നില്ലാത്ത ആ മനുഷ്യർ തീർച്ചയായും ഒരു “തലമുറ”യോ ആളുകളുടെ ഒരു വംശമോ ആയില്ല. എന്നാൽ തന്റെ സമകാലികരെ പരാമർശിച്ച് “തലമുറ” എന്ന പദം യേശു ഉപയോഗിക്കുന്നതിനോട് അവർ സുപരിചിതരായിരുന്നു. അതുകൊണ്ട് അവൻ “ഈ തലമുറ” എന്ന് അവസാനമായി പരാമർശിച്ചപ്പോൾ അവന്റെ മനസ്സിലെന്തായിരുന്നുവെന്ന് അവർ യുക്തിപൂർവം മനസ്സിലാക്കുമായിരുന്നു.a അവിടെ സന്നിഹിതനായിരുന്ന പത്രോസ് പിന്നീടു യഹൂദന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ.”—പ്രവൃത്തികൾ 2:40.
ഇതേ ചർച്ചയിൽ യേശു മുൻകൂട്ടിപ്പറഞ്ഞ (യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, ക്ഷാമങ്ങൾപോലുള്ള) അനേകം സംഗതികൾ അവൻ പ്രവചനം ഉച്ചരിച്ച സമയത്തിനും പൊ.യു. 70-ലെ യെരുശലേമിന്റെ നാശത്തിനും ഇടയിൽ നിവൃത്തിയേറി എന്നതിനുള്ള തെളിവുകൾ ഞങ്ങൾ പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാമൊന്നുമല്ലെങ്കിലും പലതും നിവൃത്തിയേറി. ഉദാഹരണത്തിന്, റോമാക്കാർ യെരുശലേമിനെ ആക്രമിച്ചശേഷം (പൊ.യു. 66-70) “ഭൂമിയിലെ സകലഗോത്രങ്ങളും” വിലപിക്കാനിടയാക്കിക്കൊണ്ട് “മനുഷ്യപുത്രന്റെ അടയാളം” പ്രത്യക്ഷമായി എന്നതിനു തെളിവൊന്നുമില്ല. (മത്തായി 24:30) അതുകൊണ്ട്, പൊ.യു. 33-നും 70-നും ഇടയ്ക്കുള്ള നിവൃത്തി കേവലമൊരു പ്രാരംഭനിവൃത്തി ആയിരുന്നിരിക്കണം, അല്ലാതെ യേശു ചൂണ്ടിക്കാണിക്കുകയായിരുന്ന പൂർണമായ, വലിയ നിവൃത്തിയല്ലായിരുന്നു.
ജോസീഫസിന്റെ കൃതിയായ യഹൂദ യുദ്ധത്തിന്റെ (ഇംഗ്ലീഷ്) പരിഭാഷയുടെ ആമുഖത്തിൽ ജി. എ. വില്യംസൻ എഴുതുന്നു: “ആലയത്തിന്റെ നാശവും തന്റെ അവസാന വരവും ഉൾപ്പെടുന്ന ഒരു ഇരട്ട ചോദ്യം ശിഷ്യന്മാർ [യേശുവിനോടു] ചോദിച്ചുവെന്നും അവൻ അവർക്ക് ഒരു ഇരട്ട ഉത്തരം കൊടുത്തുവെന്നും മത്തായി നമ്മോടു പറയുന്നു. ജോസീഫസ്തന്നെ മുഴുവനായി വർണിക്കേണ്ടിയിരുന്ന സംഭവങ്ങൾ അങ്ങേയറ്റം വ്യക്തമായി മുൻകൂട്ടിപ്പറയുന്നതായിരുന്നു ഉത്തരത്തിന്റെ ആദ്യഭാഗം.”
അതേ, ആദ്യ നിവൃത്തിയിൽ “ഈ തലമുറ”യുടെ അർഥം മറ്റെല്ലാ സമയങ്ങളിലെയുംപോലെതന്നെ ആയിരുന്നു—വിശ്വസിക്കാതിരുന്ന യഹൂദന്മാരുടെ സമകാലിക തലമുറ. യേശു മുൻകൂട്ടിപ്പറഞ്ഞത് അനുഭവിക്കാതെ ആ “തലമുറ” ഒഴിഞ്ഞുപോകുകയില്ലായിരുന്നു. വില്യംസൻ അഭിപ്രായപ്പെട്ടതുപോലെ, യെരുശലേമിന്റെ നാശത്തിലേക്കു നയിച്ച പതിറ്റാണ്ടുകളിൽ, ഒരു ദൃക്സാക്ഷിയായ ചരിത്രകാരനായ ജോസീഫസ് വർണിച്ചതുപോലെ, ഇതു സത്യമാണെന്നു തെളിഞ്ഞു.
രണ്ടാമത്തെ, അഥവാ വലിയ നിവൃത്തിയിൽ, “ഈ തലമുറ” യുക്തിസഹമായും സമകാലിക ജനങ്ങൾതന്നെ ആയിരിക്കും. 16-ാം പേജിൽ ആരംഭിക്കുന്ന ലേഖനം സ്ഥാപിക്കുന്നതുപോലെ, യേശു ഒരു “തലമുറ”യിലെ വർഷങ്ങളുടെ ക്ളിപ്തസംഖ്യയെ പരാമർശിക്കുകയായിരുന്നുവെന്നു നാം നിഗമനം ചെയ്യേണ്ടതില്ല.
നേരേമറിച്ച്, “തലമുറ”യാൽ അർഥമാക്കുന്ന സമയത്തെക്കുറിച്ചു രണ്ടു സംഗതികൾ പറയാനാവും. (1) (പതിറ്റാണ്ടോ നൂറ്റാണ്ടോ പോലുള്ള) കൃത്യമായ വർഷങ്ങളുള്ള കാലദൈർഘ്യ സൂചകങ്ങളുടെ കാര്യത്തിലെന്നപോലെ, ആളുകളുടെ ഒരു തലമുറയെ ക്ളിപ്ത എണ്ണം വർഷങ്ങളുടെ ഒരു കാലഘട്ടമായി വീക്ഷിക്കാനാവില്ല. (2) വളരെ ദീർഘമായ കാലഘട്ടത്തിലേതിൽനിന്നു വ്യത്യസ്തമായി, ഒരു തലമുറയിലെ ആളുകൾ ആപേക്ഷികമായ ഒരു ഹ്രസ്വ കാലയളവോളം ജീവിക്കുന്നു.
ആയതിനാൽ, യേശു “ഈ തലമുറ”യെന്നു പരാമർശിക്കുന്നതു കേട്ട അപ്പോസ്തലന്മാർ അതേക്കുറിച്ച് എന്തു വിചാരിച്ചിരിക്കും? 37 വർഷം കഴിഞ്ഞുള്ള “മഹോപദ്രവ”ത്തിലായിരുന്നു യെരുശലേമിന്റെ നാശമെന്നു സംഭവം നടന്നുകഴിഞ്ഞതിനാൽ നമുക്കറിയാം. എന്നാൽ യേശുവിനെ ശ്രദ്ധിച്ച ശിഷ്യന്മാർക്ക് അത് അറിയാനൊക്കുമായിരുന്നില്ല. മറിച്ച്, വലിയ ദൈർഘ്യമുള്ള ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഒരു ധാരണയല്ല, എന്നാൽ ആപേക്ഷികമായി ഹ്രസ്വമായ ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന ആളുകളെക്കുറിച്ചുള്ള ആശയമായിരിക്കും “തലമുറ” എന്ന പരാമർശത്തിൽനിന്ന് അവർക്കു ലഭിച്ചിരിക്കുക. അതു നമ്മുടെ കാര്യത്തിലും സത്യമാണ്. അപ്പോൾപ്പിന്നെ യേശു പറഞ്ഞ വാക്കുകൾ എത്ര ഉചിതമാണ്: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. . . . നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”—മത്തായി 24:36, 44.
[അടിക്കുറിപ്പുകൾ]
a “ഈ തലമുറ” എന്ന പ്രയോഗത്തിൽ, വിവേചകസർവനാമത്തിന്റെ ഒരു രൂപമായ ഹൗറ്റൊസ് “this” (ഈ) എന്ന ഇംഗ്ലീഷ് പദത്തോടു നന്നായി ഒക്കുന്നു. അതിന് പറയുന്ന ആളിന്റെ അതേ കാലഘട്ടത്തിലുള്ളതോ അയാളുടെ മുമ്പാകെയുള്ളതോ ആയ എന്തിനെയെങ്കിലും പരാമർശിക്കാനാവും. എന്നാൽ അതിനു വേറെയും അർഥങ്ങളുണ്ട്. ദി എക്സിജെറ്റിക്കൽ ഡിക്ഷനറി ഓഫ് ദ ന്യൂ ടെസ്റ്റമെൻറ് (1991) പറയുന്നു: “പ്രസ്തുത പദം [ഹൗറ്റൊസ്] നേരേ മുന്നിലുള്ള സംഗതിയെ സൂചിപ്പിക്കുന്നു. അങ്ങനെ [ഏയോൻ ഹൗറ്റൊസ്] എന്നത് ‘ഇപ്പോൾ നിലനിൽക്കുന്ന ലോക’മാണ്. . . . [ജെനെയാ ഹൗറ്റെ] എന്നത് ‘ഇപ്പോൾ ജീവിക്കുന്ന തലമുറ’യാണ് (ഉദാ. മത്താ. 12:41f., 45; 24:34).” ജോർജ് ബി. വൈനർ ഇങ്ങനെ എഴുതുന്നു: “പ്രസ്തുത സർവനാമം [ഹൗറ്റൊസ്] ചിലപ്പോൾ പരാമർശിക്കുന്നത്, സ്ഥലപരമായി ഏറ്റവും അടുത്ത നാമത്തെയല്ല, എന്നാൽ മുഖ്യവിഷയം എന്നനിലയിൽ മാനസികമായി ഏറ്റവും അടുത്ത, എഴുത്തുകാരന്റെ ചിന്തകളോട് ഏറ്റവും സമീപസ്ഥമായ, അതേസമയം കൂടുതൽ വിദൂരമായ ഒന്നിനെയാണ്.”—ഏ ഗ്രാമർ ഓഫ് ദി ഇഡിയം ഓഫ് ദ ന്യൂ ടെസ്റ്റമെൻറ്, 7-ാം പതിപ്പ്, 1897.