യഥാർഥ സ്നേഹം എങ്ങനെ നട്ടുവളർത്താം?
“ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് സ്നേഹം; സ്നേഹം ആണ് ജീവിതം.”—ജോസഫ് ജോൺസൺ എഴുതിയ ഉദ്ദേശ്യപൂർണമായ ജീവിതം നയിക്കൽ (ഇംഗ്ലീഷ്), 1871.
മനുഷ്യൻ എങ്ങനെയാണ് സ്നേഹിക്കാൻ പഠിക്കുന്നത്? മനശ്ശാസ്ത്ര പഠനത്തിലൂടെ? സഹായക നിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ വായിച്ചുകൊണ്ട്? അതല്ലെങ്കിൽ പ്രണയകഥകൾ പറയുന്ന സിനിമകൾ കണ്ടുകൊണ്ട്? ഒരിക്കലുമല്ല. സ്നേഹത്തെ കുറിച്ചുള്ള ആദ്യപാഠങ്ങൾ മനുഷ്യനു ലഭിക്കുന്നത് മാതാപിതാക്കളിൽനിന്നാണ്, അവരുടെ ജീവിതമാതൃകയിലൂടെ, അവർ നൽകുന്ന പരിശീലനത്തിലൂടെ. സ്നേഹോഷ്മളമായ ഒരു അന്തരീക്ഷത്തിൽ മാതാപിതാക്കൾ തങ്ങളെ പോറ്റിപ്പുലർത്തുമ്പോൾ, സംരക്ഷിക്കുമ്പോൾ, തങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ, വ്യക്തിപരമായി തങ്ങളിൽ ആഴമായ താത്പര്യം എടുക്കുമ്പോൾ എല്ലാം സ്നേഹം എന്താണെന്നു കുട്ടികൾ മനസ്സിലാക്കുന്നു. ശരിയും തെറ്റും സംബന്ധിച്ച ഈടുറ്റ തത്ത്വങ്ങൾ അനുസരിക്കാൻ മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കുമ്പോഴും അവർ സ്നേഹിക്കാൻ പഠിക്കുന്നു.
യഥാർഥ സ്നേഹം കേവലം ഒരു ഇഷ്ടം അല്ല, അത് പൊള്ളയായ ഒരു വികാരവുമല്ല. അത് എല്ലായ്പോഴും മറ്റുള്ളവരുടെ ഉത്തമ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു, ആ സമയത്ത് അവർ അതു പൂർണമായി വിലമതിച്ചില്ലെങ്കിൽ പോലും. കുട്ടികൾക്കു നൽകുന്ന സ്നേഹപൂർവകമായ ശിക്ഷണത്തിന്റെ കാര്യത്തിൽ ഇതു പലപ്പോഴും സത്യമാണ്. നിസ്വാർഥ സ്നേഹം പ്രകടിപ്പിക്കുന്നതിലെ തികവുറ്റ മാതൃക സ്രഷ്ടാവിന്റേതുതന്നെയാണ്. അപ്പൊസ്തലനായ പൗലൊസ് എഴുതി: “മകനേ, കർത്താവിന്റെ ശിക്ഷ [“ശിക്ഷണം,” NW] നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.”—എബ്രായർ 12:5, 6.
മാതാപിതാക്കളേ, കുടുംബത്തോടു സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ യഹോവയെ അനുകരിക്കാനാകും? ഭാര്യാഭർത്താക്കന്മാർ എന്നനിലയിൽ നിങ്ങൾ വെക്കുന്ന മാതൃക എത്ര പ്രധാനമാണ്?
സ്നേഹം മാതൃകയിലൂടെ പഠിപ്പിക്കുക
നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ നിങ്ങളുടെ ഭാര്യയെ വളരെ വിലമതിക്കുകയും ആദരവോടും ബഹുമാനത്തോടുംകൂടെ അവളോട് ഇടപെടുകയും ചെയ്യുന്നുവോ? നിങ്ങൾ ഒരു ഭാര്യയാണെങ്കിൽ നിങ്ങൾ ഭർത്താവിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടോ? ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം എന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 5:28; തീത്തൊസ് 2:4) അങ്ങനെ ചെയ്യുമ്പോൾ ക്രിസ്തീയ സ്നേഹം പ്രവർത്തനത്തിലായിരിക്കുന്നത് അവരുടെ കുട്ടികൾ നേരിട്ടു കണ്ടു മനസ്സിലാക്കും. അത് എത്ര ശക്തമായ, മൂല്യവത്തായ ഒരു പാഠമായിരിക്കും!
വിനോദം, ധാർമികത, ലക്ഷ്യങ്ങൾ, മുൻഗണനകൾ എന്നീ കാര്യങ്ങളിൽ കുടുംബത്തിനായി ഉയർന്ന നിലവാരങ്ങൾ വെക്കുകയും അവയോടു പറ്റിനിൽക്കുകയും ചെയ്തുകൊണ്ട് മാതാപിതാക്കൾക്ക് ഭവനത്തിൽ സ്നേഹത്തിനു സംഭാവന ചെയ്യാനാകും. ഇങ്ങനെ കുടുംബത്തിനു വേണ്ടി നിലവാരങ്ങൾ സ്ഥാപിക്കുന്നതിൽ ബൈബിൾ വലിയ സഹായമാണെന്ന് ലോകവ്യാപകമായി ആളുകൾ കണ്ടെത്തിയിരിക്കുന്നു. ബൈബിൾ യഥാർഥത്തിൽ ‘ദൈവനിശ്വസ്തവും പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനപ്രദവും ആകുന്നു’ എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് അവർ. (2 തിമൊഥെയൊസ് 3:16, 17, NW) ഗിരിപ്രഭാഷണത്തിൽ അടങ്ങിയിരിക്കുന്ന ധാർമിക തത്ത്വങ്ങളുടെയും മാർഗനിർദേശങ്ങളുടെയും കാര്യം മാത്രം എടുക്കുകയാണെങ്കിൽത്തന്നെ അവ കിടയറ്റവ ആയിരിക്കുന്നതായി പരക്കെ കണക്കാക്കപ്പെടുന്നു.—മത്തായി 5-7 അധ്യായങ്ങൾ.
മുഴു കുടുംബവും മാർഗനിർദേശത്തിനായി ദൈവത്തിലേക്കു നോക്കുകയും അവന്റെ നിലവാരങ്ങൾ പിൻപറ്റുകയും ചെയ്യുമ്പോൾ ഓരോ വ്യക്തിക്കും കൂടുതൽ സുരക്ഷിതത്വബോധം അനുഭവപ്പെടും; കുട്ടികൾ മാതാപിതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരായി വളർന്നുവരാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. നേരെ മറിച്ച്, ഇരട്ട നിലവാരങ്ങൾ പുലർത്തുന്ന, കെട്ടഴിഞ്ഞതും ഉചിതമല്ലാത്തതുമായ നിലവാരങ്ങൾ പിൻപറ്റുന്ന ഒരു കുടുംബത്തിലെ കുട്ടികൾ മുൻകോപികളും മത്സരികളും ആയിത്തീർന്നേക്കാം.—റോമർ 2:21; കൊലൊസ്സ്യർ 3:21.
കുട്ടികളെ ഒറ്റയ്ക്കു വളർത്തിക്കൊണ്ടു വരുന്ന ഒരു മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചെന്ത്? സ്നേഹം എന്താണെന്നു തങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണോ അവർ? അങ്ങനെ ആയിരിക്കണമെന്നില്ല. ഒരു നല്ല മാതാവും പിതാവും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനു തുല്യമാകില്ല അവരിൽ ഒരാൾ മാത്രമേ ഉള്ളുവെങ്കിൽ എന്നതു ശരിതന്നെ. എങ്കിലും കുടുംബബന്ധങ്ങൾ കെട്ടുറപ്പുള്ളതാണെങ്കിൽ മാതാപിതാക്കളിൽ ഒരാളുടെ അഭാവത്തെ ഒരളവോളം നികത്താൻ കഴിയുമെന്ന് അനുഭവങ്ങൾ കാണിക്കുന്നു. നിങ്ങൾ കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന ഒരു മാതാവോ പിതാവോ ആണെങ്കിൽ വീട്ടിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ പരിശ്രമിക്കുക. അതേ, ഒരു സദൃശവാക്യം നമ്മോടു പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” മാതാപിതാക്കൾ എന്നനിലയിൽ നിങ്ങൾ സഞ്ചരിക്കുന്ന പാതയുടെ കാര്യത്തിലും ഇതു സത്യമായിരിക്കും.—സദൃശവാക്യങ്ങൾ 3:5, 6; യാക്കോബ് 1:5.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ വളർന്നുവന്നിട്ടുള്ള സത്സ്വഭാവികളായ അനേകം യുവജനങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ ആയിരക്കണക്കിനു ക്രിസ്തീയ സഭകളിലായി ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്നു. അതു കാണിക്കുന്നത് സ്നേഹത്തെ കുറിച്ചു മക്കളെ പഠിപ്പിക്കുന്നതിൽ ഒറ്റക്കാരായ മാതാപിതാക്കൾക്കും വിജയിക്കാനാകും എന്നാണ്.
സകലർക്കും സ്നേഹം നട്ടുവളർത്താനാകുന്ന വിധം
“അന്ത്യനാളുകളിൽ” ‘സ്വാഭാവിക പ്രിയത്തിന്റെ,’—കുടുംബാംഗങ്ങൾക്ക് സ്വാഭാവികമായി പരസ്പരം ഉണ്ടായിരിക്കേണ്ട അടുപ്പത്തിന്റെ—അഭാവം പ്രകടമാകും എന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞു. (2 തിമൊഥെയൊസ് 3:1, 3, NW) എന്നിരുന്നാലും സ്നേഹശൂന്യമായ ഒരു അന്തരീക്ഷത്തിൽ വളർന്നുവന്നവർക്കും സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കാനാകും. എങ്ങനെ? സ്നേഹത്തിന്റെ ഉറവും പൂർണഹൃദയത്തോടെ തന്നിലേക്കു തിരിയുന്ന ഏവരുടെയുംമേൽ സ്നേഹവും വാത്സല്യവും കോരിച്ചൊരിയുന്നവനുമായ യഹോവയിൽനിന്നു പഠിക്കുന്നതിനാൽ. (1 യോഹന്നാൻ 4:7, 8) “അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ് [“യഹോവ,” NW] എന്നെ കൈക്കൊള്ളും” എന്ന് സങ്കീർത്തനക്കാരിൽ ഒരാൾ പറഞ്ഞു.—സങ്കീർത്തനം 27:10, പി.ഒ.സി. ബൈബിൾ.
നമ്മോടുള്ള സ്നേഹം യഹോവ പലവിധങ്ങളിൽ പ്രകടിപ്പിക്കുന്നു. ബൈബിളിലൂടെ നൽകുന്ന പിതൃനിർവിശേഷമായ മാർഗനിർദേശം, പരിശുദ്ധാത്മാവിന്റെ സഹായം, ക്രിസ്തീയ സഹോദരവർഗത്തിന്റെ ഊഷ്മളമായ പിന്തുണ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. (സങ്കീർത്തനം 119:97-105; ലൂക്കൊസ് 11:13; എബ്രായർ 10:24, 25) ഈ മൂന്നു കരുതലുകൾ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തിൽ വളരാൻ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു നോക്കാം.
പിതൃനിർവിശേഷമായ നിശ്വസ്ത മാർഗനിർദേശം
ഒരാളുമായി ഊഷ്മളമായ ഒരു ബന്ധം നട്ടുവളർത്തണമെങ്കിൽ നാം അയാളെ അടുത്തറിയേണ്ടതുണ്ട്. ബൈബിളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിത്തന്നുകൊണ്ട് തന്നോട് അടുത്തുവരാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. എന്നിരുന്നാലും ബൈബിൾ വായിച്ചാൽ മാത്രം പോരാ. നാം അതിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുകയും തത്ഫലമായി കൈവരുന്ന നല്ല ഫലങ്ങൾ ആസ്വദിക്കുകയും വേണം. (സങ്കീർത്തനം 19:7-10) “നിനക്ക് നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കർത്താവ് ഞാനാണ്” എന്ന് യെശയ്യാവു 48:17 (പി.ഒ.സി. ബൈ.) പറയുന്നു. അതേ, സ്നേഹത്തിന്റെ മൂർത്തിമദ്ഭാവം തന്നെയായ യഹോവ മാർഗനിർദേശങ്ങൾ നൽകുന്നത് നമ്മുടെ നന്മയ്ക്കാണ്—അല്ലാതെ അനാവശ്യ നിയമങ്ങളും ചട്ടങ്ങളും വെച്ച് നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനല്ല.
ബൈബിളിനെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം സഹമനുഷ്യരോടുള്ള സ്നേഹത്തിൽ വളരാനും നമ്മെ സഹായിക്കും. കാരണം, ബൈബിൾ സത്യം ദൈവം മനുഷ്യനെ എങ്ങനെ വീക്ഷിക്കുന്നുവെന്നു പഠിപ്പിക്കുകയും പരസ്പരമുള്ള ഇടപെടലുകളിൽ നാം പാലിക്കേണ്ട തത്ത്വങ്ങൾ കാണിച്ചുതരികയും ചെയ്യുന്നതുകൊണ്ടാണ് ഇത്. ഇത്തരം അറിവ് അയൽക്കാരനോടുള്ള സ്നേഹം നട്ടുവളർത്തുന്നതിനുള്ള ഉറച്ച അടിസ്ഥാനം പ്രദാനം ചെയ്യുന്നു. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: ‘നിങ്ങളുടെ സ്നേഹം മേൽക്കുമേൽ സൂക്ഷ്മ പരിജ്ഞാനത്തിലും തികവുള്ള വിവേകത്തിലും വർധിച്ചുവരാൻ ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.’—ഫിലിപ്പിയർ 1:9, 10, NW.
ശരിയായ രീതിയിൽ സ്നേഹം പ്രകടമാക്കാൻ ‘സൂക്ഷ്മ പരിജ്ഞാനത്തിന്’ നമ്മെ സഹായിക്കാനാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ പ്രവൃത്തികൾ 10:34, 35-ൽ പ്രസ്താവിച്ചിരിക്കുന്ന അടിസ്ഥാന സത്യം പരിചിന്തിക്കുന്നതു നന്നായിരിക്കും. അവിടെ നാം ഇങ്ങനെ വായിക്കുന്നു: ‘ദൈവത്തിന്നു മുഖപക്ഷമില്ല, ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’ ദൈവം ആളുകളെ വിലയിരുത്തുന്നത് വർഗത്തിന്റെയോ ദേശത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല, മറിച്ച് ദൈവിക ഭയത്തിന്റെയും നീതിപ്രവൃത്തികളുടെയും അടിസ്ഥാനത്തിലാണെങ്കിൽ നാമും സഹമനുഷ്യരെ മുഖപക്ഷം കൂടാതെ അങ്ങനെതന്നെ വീക്ഷിക്കേണ്ടതല്ലേ?—പ്രവൃത്തികൾ 17:26, 27; 1 യോഹന്നാൻ 4:7-11, 20, 21.
സ്നേഹം—ദൈവാത്മാവിന്റെ ഒരു ഫലം
കൃത്യസമയത്തു പെയ്യുന്ന മഴ ഒരു തോട്ടത്തിലെ വൃക്ഷങ്ങൾ നന്നായി ഫലം കായ്ക്കാൻ ഇടയാക്കുന്നതുപോലെ, ദൈവാത്മാവ് ദൈവിക നിർദേശങ്ങൾ സ്വീകരിക്കാൻ മനസ്സൊരുക്കമുള്ള ആളുകളിൽ, ബൈബിളിൽ പറഞ്ഞിരിക്കുന്ന ‘ആത്മാവിന്റെ ഫലം’ ഉത്പാദിപ്പിക്കുന്നു. (ഗലാത്യർ 5:22, 23) ഈ ഫലത്തിൽ പ്രമുഖമായത് സ്നേഹമാണ്. (1 കൊരിന്ത്യർ 13:13) എന്നാൽ നമുക്ക് എങ്ങനെ ദൈവാത്മാവ് ലഭിക്കും? പ്രാർഥനയാണ് ഒരു മുഖ്യ വിധം. ദൈവാത്മാവിനായി പ്രാർഥിച്ചാൽ അവൻ അതു നമുക്കു തരും. (ലൂക്കൊസ് 11:9-13, NW) നിങ്ങൾ പരിശുദ്ധാത്മാവിനായി ‘പ്രാർഥിച്ചുകൊണ്ടേയിരിക്കുന്നുണ്ടോ?’ അങ്ങനെ ചെയ്യുന്നെങ്കിൽ സ്നേഹം ഉൾപ്പെടെയുള്ള അതിന്റെ വിലയേറിയ ഫലം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രകടമായിത്തീരും.
എന്നിരുന്നാലും ദൈവാത്മാവിനു വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റൊരു തരം ആത്മാവുണ്ട്. ബൈബിൾ അതിനെ ‘ലോകത്തിന്റെ ആത്മാവ്’ എന്നു വിളിക്കുന്നു. (1 കൊരിന്ത്യർ 2:12; എഫെസ്യർ 2:2) അത് ഒരു ദുഷ്ട സ്വാധീനശക്തിയാണ്, അതിന്റെ ഉറവ് ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ സമുദായമാകുന്ന ‘ലോകത്തിന്റെ, ഭരണാധിപനായ’ പിശാചായ സാത്താനാണ്. (യോഹന്നാൻ 12:31, NW) ചപ്പുചവറും പൊടിയും അടിച്ചുയർത്തുന്ന ഒരു കാറ്റുപോലെ ‘ലോകത്തിന്റെ ആത്മാവ്’ സ്നേഹത്തെ ഇല്ലാതാക്കുകയും ജഡത്തിന്റെ ബലഹീനതകളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ദോഷകരമായ ആഗ്രഹങ്ങൾ ഉയർന്നുവരാൻ ഇടയാക്കുന്നു.—ഗലാത്യർ 5:19-21.
ഭൗതികത്വപരവും സ്വാർഥപരവുമായ ചിന്ത, അക്രമ മനോഭാവങ്ങൾ, ലോകത്തിൽ സർവസാധാരണമായിരിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള വികലമായ വീക്ഷണം എന്നിവയുമായി സമ്പർക്കത്തിൽ വരാൻ ആളുകൾ തങ്ങളെത്തന്നെ അനുവദിക്കുമ്പോൾ അവർ ആ ദുഷ്ട ആത്മാവിനാൽ സ്വാധീനിക്കപ്പെടുന്നു. യഥാർഥ സ്നേഹം നട്ടുവളർത്താൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ലോകത്തിന്റെ ആത്മാവിനെ ദൃഢമായി ചെറുക്കണം. (യാക്കോബ് 4:7) എന്നാൽ നിങ്ങൾ സ്വന്തം ശക്തിയിൽ ആശ്രയിക്കരുത്; യഹോവയോടു സഹായത്തിനായി അപേക്ഷിക്കുക. അവന്റെ ആത്മാവിന്—അഖിലാണ്ഡത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണ് അത്—നിങ്ങളെ ശക്തീകരിക്കാനും നിങ്ങൾക്കു വിജയം പ്രദാനം ചെയ്യാനും കഴിയും.—സങ്കീർത്തനം 121:2.
ക്രിസ്തീയ സഹോദരവർഗത്തോടു സഹവസിച്ചുകൊണ്ട് സ്നേഹിക്കാൻ പഠിക്കുക
വീട്ടിൽനിന്ന് സ്നേഹം ലഭിക്കുമ്പോൾ കുട്ടികൾ സ്നേഹിക്കാൻ പഠിക്കുന്നതുപോലെ മറ്റു ക്രിസ്ത്യാനികളോടു സഹവസിച്ചുകൊണ്ട് പ്രായഭേദമന്യേ നമുക്ക് എല്ലാവർക്കും സ്നേഹത്തിൽ വളരാൻ സാധിക്കും. (യോഹന്നാൻ 13:34, 35) ക്രിസ്തീയ സഭയുടെ മുഖ്യ ധർമങ്ങളിൽ ഒന്നുതന്നെ “സ്നേഹത്തിനും സൽപ്രവൃത്തികൾക്കുംവേണ്ടി പരസ്പരം പ്രേരിപ്പിക്കുവാൻ” പറ്റിയ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ്.—എബ്രായർ 10:24, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
നമുക്കു ചുറ്റുമുള്ള സ്നേഹശൂന്യമായ ലോകത്തിൽ ‘കുഴഞ്ഞവരും ചിന്നിയവരുമായിരുന്ന’ ആളുകൾ ഇത്തരം സ്നേഹം വിശേഷിച്ചും വിലമതിക്കുന്നു. (മത്തായി 9:36) സ്നേഹം എന്താണെന്ന് അറിയാതെ കടന്നുപോയ ഒരു ബാല്യത്തിന്റെ ദോഷഫലങ്ങളിൽ ഏറെയും ഇല്ലാതാക്കാൻ, മുതിർന്നശേഷം വളർത്തിയെടുക്കുന്ന സ്നേഹബന്ധങ്ങൾക്ക് ഒരുവനെ സഹായിക്കാൻ കഴിയുമെന്ന് അനുഭവങ്ങൾ കാണിച്ചിരിക്കുന്നു. അതുകൊണ്ട് എല്ലാ സമർപ്പിത ക്രിസ്ത്യാനികളും തങ്ങളുമായി സഹവസിക്കാൻ തുടങ്ങുന്ന പുതിയവരെ ഹൃദയംഗമമായി സ്വാഗതം ചെയ്യേണ്ടത് എത്ര പ്രധാനമാണ്!
“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല”
“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:8) അത് എങ്ങനെയാണ്? അപ്പൊസ്തലനായ പൗലൊസ് പറയുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) വ്യക്തമായും ഈ സ്നേഹം ഒരു സാങ്കൽപ്പിക ആശയമോ പൊള്ളയായ വികാരമോ അല്ല. നേരെ മറിച്ച് അതു പ്രകടമാക്കുന്നവർ ജീവിതത്തിലെ നിരാശകളെയും വേദനകളെയും കുറിച്ച് ബോധവാന്മാരാണ്, അവർ അവ പൂർണമായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ സഹമനുഷ്യരോടുള്ള തങ്ങളുടെ സ്നേഹത്തെ തകർക്കാൻ അവർ അവയെ അനുവദിക്കുന്നില്ല. അത്തരം സ്നേഹത്തെ യഥാർഥത്തിൽ ‘സമ്പൂർണതയുടെ ബന്ധം’ എന്നു വിശേഷിപ്പിക്കാനാകും.—കൊലൊസ്സ്യർ 3:12-14.
കൊറിയയിലെ 17 വയസ്സുള്ള ഒരു ക്രിസ്തീയ പെൺകുട്ടിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. യഹോവയാം ദൈവത്തെ സേവിക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് കുടുംബത്തിൽനിന്ന് എതിർപ്പ് നേരിട്ടു, തുടർന്ന് അവൾക്കു വീട്ടിൽനിന്ന് മാറിത്താമസിക്കേണ്ടി വന്നു. എന്നിരുന്നാലും ഇതിൽ കുപിതയാകുന്നതിനു പകരം അവൾ ഈ കാര്യത്തെ കുറിച്ചു പ്രാർഥിക്കുകയും തന്റെ ചിന്തയെ രൂപപ്പെടുത്താൻ ദൈവവചനത്തെയും ദൈവാത്മാവിനെയും അനുവദിക്കുകയും ചെയ്തു. അതിനുശേഷം അവൾ ഇടയ്ക്കിടെ വീട്ടിലേക്കു കത്തുകൾ അയച്ചുകൊണ്ടിരുന്നു. കുടുംബത്തോട് അവൾക്കുണ്ടായിരുന്ന യഥാർഥമായ ഊഷ്മള സ്നേഹം പ്രതിഫലിപ്പിക്കുന്ന കത്തുകളായിരുന്നു അവ. അതിന്റെ ഫലമായി അവളുടെ രണ്ടു ജ്യേഷ്ഠന്മാർ ബൈബിൾ പഠിക്കാൻ തുടങ്ങി. അവർ ഇപ്പോൾ സമർപ്പിത ക്രിസ്ത്യാനികളാണ്. പിന്നീട് അവളുടെ അമ്മയും അനുജനും ബൈബിൾ സത്യം സ്വീകരിച്ചു. അവസാനം, അങ്ങേയറ്റം എതിർപ്പു പ്രകടമാക്കിയിരുന്ന പിതാവിനും മനംമാറ്റം ഉണ്ടായി. ആ പെൺകുട്ടി എഴുതുന്നു: “ഞങ്ങൾ എല്ലാവരും ഞങ്ങളുടെ അതേ മതവിശ്വാസം പങ്കിടുന്നവരെത്തന്നെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ 23 പേർ അടങ്ങുന്ന സത്യാരാധകരുടെ ഒരു ഏകീകൃത കുടുംബമാണു ഞങ്ങളുടേത്.” സ്നേഹത്തിനു ലഭിച്ച എത്ര വലിയ വിജയം!
യഥാർഥ സ്നേഹം നട്ടുവളർത്താനും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ വിലയേറിയ ആ ഗുണത്തിന്റെ ഉറവായ യഹോവയിലേക്കു തിരിയുക. അതേ, അവന്റെ വചനത്തിനു ചെവികൊടുക്കുക, പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക, ക്രിസ്തീയ സഹോദരവർഗത്തോട് ക്രമമായി സഹവസിക്കുക. (യെശയ്യാവു 11:9; മത്തായി 5:5) പെട്ടെന്നുതന്നെ സകല ദുഷ്ടന്മാരും തുടച്ചുനീക്കപ്പെടുമെന്നും, പിന്നെ യഥാർഥ ക്രിസ്തീയ സ്നേഹം പ്രകടിപ്പിക്കുന്നവർ മാത്രമേ ഇവിടെ അവശേഷിക്കുകയുള്ളൂ എന്നും അറിയുന്നത് എത്ര ഹൃദയോഷ്മളമായ സംഗതിയാണ്! തീർച്ചയായും, സ്നേഹമാണ് സന്തുഷ്ടിയുടെയും ജീവന്റെയും താക്കോൽ.—സങ്കീർത്തനം 37:10, 11; 1 യോഹന്നാൻ 3:14.
[6 -ാം പേജിലെ ചിത്രങ്ങൾ]
പ്രാർഥനയും ദൈവവചനത്തിന്റെ പഠനവും യഥാർഥ സ്നേഹം നട്ടുവളർത്താൻ നമ്മെ സഹായിക്കും