-
സൗമ്യത—അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണംവീക്ഷാഗോപുരം—2003 | ഏപ്രിൽ 1
-
-
സൗമ്യത—അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണം
‘സൗമ്യത ധരിക്കുവിൻ.’—കൊലൊസ്സ്യർ 3:12.
1. സൗമ്യതയെ ഒരു ശ്രദ്ധേയ ഗുണമാക്കിത്തീർക്കുന്നത് എന്ത്?
സൗമ്യനായ ഒരാളോടൊത്ത് ആയിരിക്കുക എന്നത് ഹൃദ്യമായ ഒരു അനുഭവമാണ്. എങ്കിലും, “സൗമ്യമായ നാവ് എല്ലൊടിക്കും” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ് പറയുകയുണ്ടായി. (സദൃശവാക്യങ്ങൾ 25:15, ഓശാന ബൈബിൾ) ഹൃദ്യതയും ശക്തിയും ഒരുമിച്ചു കുടികൊള്ളുന്ന ഒരു ശ്രദ്ധേയ ഗുണമാണ് സൗമ്യത.
2, 3. സൗമ്യതയും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധമെന്ത്, ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
2 ഗലാത്യർ 5:22, 23-ൽ കാണുന്ന “ആത്മാവിന്റെ ഫല”ത്തിന്റെ പട്ടികയിൽ അപ്പൊസ്‌തലനായ പൗലൊസ് സൗമ്യതയെയും ഉൾപ്പെടുത്തി. ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരം ബൈബിളിൽ 23-ാം വാക്യത്തിൽ “സൗമ്യത” (mildness) എന്നു തർജ്ജമ ചെയ്‌തിരിക്കുന്ന ഗ്രീക്ക് പദത്തെ മിക്കപ്പോഴും മറ്റ് ഇംഗ്ലീഷ് ബൈബിളുകൾ “വിനയം” (meekness), “ശാന്തത” (gentleness) എന്നൊക്കെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വാസ്‌തവത്തിൽ, ഈ ഗ്രീക്ക് പദത്തിന് തത്തുല്യമായ ഒരു പദം ഒട്ടുമിക്ക ഭാഷകളിലും കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം, മൂല ഗ്രീക്കു പദം പുറമേയുള്ള സൗമ്യതയെ അല്ല അകമേയുള്ള സൗമ്യതയെയും ദയാപൂർവമായ കരുതലിനെയുമാണ് അർഥമാക്കുന്നത്. അത് ഒരുവന്റെ പെരുമാറ്റ രീതിയെ അല്ല ഹൃദയത്തിന്റെയും മനസ്സിന്റെയും അവസ്ഥയെ ആണു ചിത്രീകരിക്കുന്നത്.
3 സൗമ്യത എന്ന പദത്തിന്റെ അർഥവും അതിന്റെ മൂല്യവും കൂടുതൽ പൂർണമായി മനസ്സിലാക്കുന്നതിന് നാലു ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്കു പരിചിന്തിക്കാം. (റോമർ 15:4) ഈ ഗുണം എന്താണെന്നു മാത്രമല്ല അത് എങ്ങനെ ആർജിച്ചെടുക്കാമെന്നും നമ്മുടെ എല്ലാ ഇടപെടലുകളിലും എങ്ങനെ പ്രകടമാക്കാമെന്നും ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് നാം പഠിക്കും.
‘ദൈവസന്നിധിയിൽ വിലയേറിയത്’
4. യഹോവ സൗമ്യതയെ വിലമതിക്കുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
4 സൗമ്യത ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ യുക്തിസഹമായും അത് ദൈവത്തിന്റെ അതിശ്രേഷ്‌ഠ വ്യക്തിത്വവുമായി അടുത്തു ബന്ധപ്പെട്ടിരിക്കും. ‘സൗമ്യതയും സാവധാനതയുമുള്ള മനസ്സു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു’ എന്ന് അപ്പൊസ്‌തലനായ പത്രൊസ് എഴുതി. (1 പത്രൊസ് 3:4) സൗമ്യത ദൈവത്തിന്റെ ഒരു ഗുണമാണ്; യഹോവ അതിനെ വളരെയേറെ വിലമതിക്കുന്നു. തീർച്ചയായും, ഈ വസ്‌തുതതന്നെ എല്ലാ ദൈവദാസന്മാരും സൗമ്യത എന്ന ഗുണം നട്ടുവളർത്തേണ്ടതിനുള്ള മതിയായ കാരണമാണ്. എന്നാൽ, സർവശക്തനായ ദൈവം, പ്രപഞ്ചത്തിലെ പരമാധികാരി, എങ്ങനെയാണ് സൗമ്യത പ്രകടമാക്കുന്നത്?
5. യഹോവയുടെ സൗമ്യത നിമിത്തം നമുക്ക് ഏതു പ്രത്യാശയാണുള്ളത്?
5 നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത് എന്ന വ്യക്തമായ ദൈവകൽപ്പനയോട് ആദ്യ മനുഷ്യ ജോടിയായ ആദാമും ഹവ്വായും അനുസരണക്കേട് കാണിച്ചു. അവർ അത് മനഃപൂർവം ചെയ്‌തതായിരുന്നു. (ഉല്‌പത്തി 2:16, 17) അനുസരണക്കേടിന്റെ ആ മനഃപൂർവ പ്രവൃത്തി അവരെയും അവരുടെ ജനിക്കാനിരുന്ന സന്തതികളെയും പാപത്തിലേക്കും മരണത്തിലേക്കും നയിച്ചു. അവർ ദൈവത്തിൽനിന്ന് അന്യപ്പെട്ടുപോകാനും അത് ഇടയാക്കി. (റോമർ 5:12) ആ ന്യായവിധി അവരുടെമേൽ നടപ്പാക്കുന്നതിനു യഹോവയ്‌ക്ക് ഈടുറ്റ കാരണം ഉണ്ടായിരുന്നു. എന്നിരുന്നാലും, യാതൊരു വിധത്തിലും നേരെയാക്കാനും വീണ്ടെടുക്കാനും കഴിയാത്തവരായി അവൻ മനുഷ്യകുലത്തെ പരുഷമായി എഴുതിത്തള്ളിയില്ല. (സങ്കീർത്തനം 130:3) മറിച്ച്, തന്റെ ദയാപൂർവകമായ കരുതലും കാര്യങ്ങൾ നിർബന്ധപൂർവം ആവശ്യപ്പെടാതിരിക്കാനുള്ള അവന്റെ സന്നദ്ധതയും—സൗമ്യതയുടെ പ്രകടനങ്ങളാണ് ഇവ—നിമിത്തം യഹോവ, പാപികളായ മനുഷ്യവർഗത്തിന് തന്നിലേക്ക് വരാനും തന്റെ പ്രീതി സമ്പാദിക്കാനും ഉള്ള മാർഗം പ്രദാനം ചെയ്‌തു. അതേ, അവന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗമെന്ന ദാനത്തിലൂടെ യഹോവ നമുക്ക് അവന്റെ മഹോന്നതമായ സിംഹാസനത്തെ ഭയം കൂടാതെ സമീപിക്കുക സാധ്യമാക്കുന്നു.—റോമർ 6:23; എബ്രായർ 4:14-16; 1 യോഹന്നാൻ 4:9, 10, 18.
6. കയീനുമായി ദൈവം ഇടപെട്ടപ്പോൾ സൗമ്യത പ്രകടമായത് എങ്ങനെ?
6 യേശു ഭൂമിയിലേക്കു വന്നതിന് വളരെക്കാലം മുമ്പ്,
-
-
സൗമ്യത—അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണംവീക്ഷാഗോപുരം—2003 | ഏപ്രിൽ 1
-
-
യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്‌തെങ്കിൽ കൊള്ളായിരുന്നു.” (സംഖ്യാപുസ്‌തകം 11:26-29) സംഘർഷാത്മകമായ ആ സാഹചര്യത്തെ മയപ്പെടുത്താൻ സൗമ്യത എന്ന ഗുണം ഉപകരിച്ചു.
15. മോശെ അപൂർണനായിരുന്നെങ്കിലും, അവന്റെ മാതൃക അനുകരണാർഹമായിരിക്കുന്നത് എന്തുകൊണ്ട്?
15 ഒരു സന്ദർഭത്തിൽ മോശെയ്‌ക്ക് തന്റെ സൗമ്യത നഷ്ടമായെന്നു തോന്നുന്നു. കാദേശിനടുത്തുള്ള മെരീബയിൽവെച്ച്, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനായ യഹോവയ്‌ക്ക് അവൻ മഹത്വം നൽകാതിരുന്നു. (സംഖ്യാപുസ്‌തകം 20:1, 9-13) മോശെ അപൂർണനായിരുന്നെങ്കിലും അചഞ്ചല വിശ്വാസം ജീവിതത്തിൽ ഉടനീളം അവനെ പുലർത്തി. അവന്റെ ശ്രദ്ധേയമായ സൗമ്യത ഇക്കാലത്തും നമ്മെ ആകർഷിക്കുന്നു.—എബ്രായർ 11:23-28.
നിഷ്‌ഠുരതയും സൗമ്യതയും
16, 17. നാബാലിനെയും അബീഗയിലിനെയും കുറിച്ചുള്ള വിവരണത്തിൽ നമുക്കുള്ള ഏതു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു?
16 ദൈവത്തിന്റെ പ്രവാചകനായ ശമൂവേൽ മരിച്ചശേഷം ദാവീദിന്റെ കാലത്തു നടന്ന ഒരു സംഭവത്തിൽനിന്നുള്ള ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം നമുക്കു പരിചിന്തിക്കാം. നാബാലും അദ്ദേഹത്തിന്റെ ഭാര്യ അബീഗയിലും ഉൾപ്പെട്ടതാണ് അത്. ഇവർ തമ്മിൽ എത്ര വലിയ അന്തരമാണ് ഉണ്ടായിരുന്നത്! അബീഗയിൽ “നല്ല വിവേകമുള്ളവളും” അവളുടെ ഭർത്താവ് “നിഷ്‌ഠുരനും ദുഷ്‌കർമ്മിയും ആയിരുന്നു.” നാബാലിന്റെ വലിയ ആട്ടിൻകൂട്ടത്തെ കള്ളന്മാരിൽനിന്നു സംരക്ഷിച്ച ദാവീദിന്റെ ആളുകൾ നാബാലിനോട് ആഹാരം ചോദിച്ചപ്പോൾ അവൻ പരുഷമായി അവരുടെ അപേക്ഷ തള്ളിക്കളഞ്ഞു. ധാർമികരോഷംപൂണ്ട ദാവീദും അവന്റെ ആളുകളും നാബാലുമായി ഏറ്റുമുട്ടാനായി വാൾ അരയ്‌ക്കുകെട്ടി പുറപ്പെട്ടു.—1 ശമൂവേൽ 25:2-13.
17 വിവരമറിഞ്ഞ അബീഗയിൽ, ഉടനെതന്നെ അപ്പവും വീഞ്ഞും മാംസവും ഉണക്കമുന്തിരി അടയും അത്തിയടയും എടുത്തുകൊണ്ട് ദാവീദിനെ എതിരേൽക്കാനായി യാത്രതിരിച്ചു. അവനെ കണ്ടപ്പോൾ അവൾ ഇങ്ങനെ യാചിച്ചു: “യജമാനനേ, കുററം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.” സൗമ്യതയോടെയുള്ള അബീഗയിലിന്റെ അഭ്യർഥന ദാവീദിന്റെ ഹൃദയത്തെ മയപ്പെടുത്തി. അവളുടെ വിശദീകരണം കേട്ടശേഷം ദാവീദ് പ്രഖ്യാപിച്ചു: “എന്നെ എതിരേല്‌പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്‌തോത്രം. നിന്റെ വിവേകം സ്‌തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.” (1 ശമൂവേൽ 25:18, 24, 32, 33) നാബാലിന്റെ നിഷ്‌ഠുരത ഒടുവിൽ അവനെ മരണത്തിൽ കൊണ്ടെത്തിച്ചു. അബീഗയിലിന്റെ നല്ല ഗുണങ്ങൾ നിമിത്തം ദാവീദിന്റെ ഭാര്യ ആയിത്തീരുകയെന്ന സന്തോഷകരമായ പദവി അവൾക്ക് ലഭിച്ചു. ഇന്ന് യഹോവയെ സേവിക്കുന്ന സകലർക്കും അവളുടെ സൗമ്യത ഒരു മാതൃകയാണ്.—1 ശമൂവേൽ 25:36-42.
സൗമ്യത പിന്തുടരുക
18, 19. (എ) നാം സൗമ്യത ധരിക്കുമ്പോൾ പ്രകടമായിത്തീരുന്ന മാറ്റങ്ങൾ ഏവ? (ബി) ഫലകരമായ ആത്മപരിശോധന നടത്താൻ നമ്മെ എന്തു സഹായിക്കും?
18 അതുകൊണ്ട് സൗമ്യത എന്ന ഗുണം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേവലം മൃദുവായ പെരുമാറ്റം ഉണ്ടായിരിക്കുന്നതിലധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്ക് നവോന്മേഷം പകരുന്ന ആകർഷകമായ ഒരു വൈകാരികഭാവമാണ് അത്. കഴിഞ്ഞ കാലങ്ങളിൽ, പരുഷമായി സംസാരിക്കുകയും ദയാരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ശീലം നമുക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ബൈബിൾ സത്യം പഠിച്ചപ്പോൾ, നമുക്കു മാറ്റംവരികയും നമ്മുടെ സംസാരവും പ്രവൃത്തിയും ഏറെ ഹൃദ്യമായിത്തീരുകയും ചെയ്‌തു. സഹക്രിസ്‌ത്യാനികളെ പിൻവരുന്ന പ്രകാരം ഉദ്‌ബോധിപ്പിച്ചപ്പോൾ പൗലൊസ് ഈ മാറ്റത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി: ‘മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുക.’ (കൊലൊസ്സ്യർ 3:12) ബൈബിൾ ഈ പരിവർത്തനത്തെ ഉപദ്രവകാരികളായ വന്യജന്തുക്കളിൽനിന്ന്—ചെന്നായ്, പുള്ളിപ്പുലി, സിംഹം, കരടി, മൂർഖൻ എന്നിവ—ശാന്തരായ വളർത്തുമൃഗങ്ങളിലേക്കുള്ള—ചെമ്മരിയാട്ടിൻകുട്ടി, കോലാട്ടിൻകുട്ടി, പശുക്കിടാവ്, പശു എന്നിവ—മാറ്റത്തോട് ഉപമിച്ചിരിക്കുന്നു. (യെശയ്യാവു 11:6-9; 65:25) നിരീക്ഷകർ അത്ഭുതംകൂറത്തക്കവിധം ശ്രദ്ധേയമാണ് അത്തരം വ്യക്തിത്വമാറ്റങ്ങൾ. എന്നിരുന്നാലും, ഈ പരിവർത്തനത്തിന് നിദാനം ദൈവാത്മാവിന്റെ പ്രവർത്തനമാണെന്നു നാം മനസ്സിലാക്കുന്നു. എന്തെന്നാൽ, ആത്മാവിന്റെ അതിശ്രേഷ്‌ഠ ഫലത്തിൽ സൗമ്യതയെയും പട്ടികപ്പെടുത്തിയിരിക്കുന്നു.
19 ഒരിക്കൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നാം യഹോവയ്‌ക്കു നമ്മെത്തന്നെ സമർപ്പിച്ചുകഴിഞ്ഞാൽ സൗമ്യതയുള്ളവർ ആയിരിക്കാൻ നാം കൂടുതലായ ശ്രമമൊന്നും ചെയ്യേണ്ടതില്ലെന്നാണോ അതിന്റെ അർഥം? ഒരിക്കലുമല്ല. ഉദാഹരണത്തിന്, പുതിയ വസ്‌ത്രം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കാൻ നമ്മുടെ ഭാഗത്ത് നിരന്തര ശ്രദ്ധ ആവശ്യമാണ്. ദൈവവചനത്തിലേക്ക് ചുഴിഞ്ഞുനോക്കി അതിൽ അടങ്ങിയിരിക്കുന്ന ദൃഷ്ടാന്തങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് നമ്മെക്കുറിച്ചുതന്നെ നവീനവും വസ്‌തുനിഷ്‌ഠവുമായ ഒരു വീക്ഷണം കൈക്കൊള്ളാൻ നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെ നിശ്വസ്‌ത വചനമാകുന്ന കണ്ണാടി നിങ്ങളെ കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത്?—യാക്കോബ് 1:23-25.
20. സൗമ്യത കാണിക്കുന്നതിൽ നമുക്ക് എങ്ങനെ വിജയിക്കാം?
20 ആളുകളുടെ പ്രകൃതം സ്വതവേ വ്യത്യാസപ്പെട്ടിരിക്കുന്നു. ചില ദൈവദാസന്മാർ മറ്റുചിലരെ അപേക്ഷിച്ച് സൗമ്യത പ്രകടമാക്കുക എളുപ്പമാണെന്നു കണ്ടെത്തുന്നു. എന്നിരുന്നാലും, ക്രിസ്‌ത്യാനികളായ എല്ലാവരും സൗമ്യത ഉൾപ്പെടെയുള്ള ദൈവാത്മാവിന്റെ ഫലം നട്ടുവളർത്തേണ്ടതുണ്ട്. പൗലൊസ് സ്‌നേഹപുരസ്സരം തിമൊഥെയൊസിനെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.” (1 തിമൊഥെയൊസ് 6:11) “പിന്തുടരുക” എന്ന പദം ശ്രമം ആവശ്യമാണെന്നു സൂചിപ്പിക്കുന്നു. ഒരു ബൈബിൾ പരിഭാഷ ഈ ഉദ്‌ബോധനത്തെ “ഉന്നംവയ്‌ക്കുക” എന്നു വിവർത്തനം ചെയ്യുന്നു. (പി.ഒ.സി. ബൈബിൾ) ദൈവവചനത്തിലെ ഉത്തമ ദൃഷ്ടാന്തങ്ങളെ കുറിച്ചു ധ്യാനിക്കാൻ നിങ്ങൾ ശ്രമിക്കുന്നെങ്കിൽ അവ നിങ്ങളിൽ ഉൾനട്ടാലെന്നപോലെ നിങ്ങളുടെ ഭാഗമായിത്തീരും. അവ നിങ്ങളെ കരുപ്പിടിപ്പിക്കുകയും വഴിനടത്തുകയും ചെയ്യും.—യാക്കോബ് 1:21.
21. (എ) നാം സൗമ്യത പിന്തുടരേണ്ടത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനം എന്തു ചർച്ച ചെയ്യും?
21 മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം നാം ഏതളവോളം സൗമ്യത ഉള്ളവരാണെന്നു പ്രകടമാക്കുന്നു. ശിഷ്യനായ യാക്കോബ് ചോദിച്ചു: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.” (യാക്കോബ് 3:13) ഭവനത്തിലും ക്രിസ്‌തീയ ശുശ്രൂഷയിലും സഭയിലും നമുക്ക് ഈ ക്രിസ്‌തീയ ഗുണം എങ്ങനെ പ്രകടമാക്കാനാകും? അടുത്ത ലേഖനം സഹായകമായ നിർദേശങ്ങൾ നൽകും.
പുനരവലോകനം
• പിൻവരുന്നവരുടെ മാതൃകയിൽനിന്ന് സൗമ്യതയെ കുറിച്ച് നിങ്ങൾ എന്തു പഠിച്ചു?
• യഹോവ
• യേശു
• മോശെ
• അബീഗയിൽ
• നാം സൗമ്യത പിന്തുടരേണ്ടത് എന്തുകൊണ്ട്?
-