വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!
    വീക്ഷാഗോപുരം—2013 | ജനുവരി 15
    • [12-ാം പേജിലെ ചിത്രം]

      യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!

      “നിങ്ങൾ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.”—യോശു. 24:15.

      ഉത്തരം പറയാമോ?

      • ജോലി ഉചിതമായ സ്ഥാനത്തു നിറുത്താൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

      • വിനോദത്തിന്റെ കാര്യത്തിൽ സന്തുലിതവീക്ഷണം പുലർത്താൻ എങ്ങനെ കഴിയും?

      • ഒരു കുടുംബാംഗം യഹോവയെ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന ദുഃഖവുമായി പൊരുത്തപ്പെടാൻ എങ്ങനെ കഴിയും?

      1-3. (എ) ജീവിതത്തിൽ ശരിയായ തീരുമാനം എടുക്കുന്നതിൽ യോശുവ ഒരു നല്ല മാതൃകയായിരിക്കുന്നത്‌ എങ്ങനെ? (ബി) തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നാം എന്തു മനസ്സിൽപ്പിടിക്കണം?

      ‘തിരഞ്ഞെടുപ്പ്‌.’ എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌? പല വഴികൾ ഉള്ളപ്പോഴാണ്‌ അതിലൊന്ന്‌ തിരഞ്ഞെടുക്കേണ്ടിവരുന്നത്‌. അത്തരം സാഹചര്യത്തിൽ ഒരാൾ എടുക്കുന്ന തീരുമാനം ഒരു പരിധിവരെ അയാളുടെ ജീവിതത്തിന്റെ ഗതി നിർണയിച്ചേക്കാം. ഇതിനെ ഇങ്ങനെ ഉദാഹരിക്കാം: ഒരു വഴിയിലൂടെ നടന്നുപോകുന്ന ഒരാൾ അത്‌ രണ്ടായി പിരിയുന്നതായി കാണുന്നു. അയാൾ എന്തു ചെയ്യും? തന്നെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുമെന്ന്‌ തോന്നുന്ന വഴി തിരഞ്ഞെടുക്കാനാണു സാധ്യത. കാരണം മറ്റേ വഴി അയാളെ ലക്ഷ്യസ്ഥാനത്തുനിന്ന്‌ അകറ്റിക്കളയുകയേ ഉള്ളൂ.

      2 ഇതുപോലെയുള്ള സാഹചര്യങ്ങളെ നേരിട്ട നിരവധി വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. ഉദാഹരണത്തിന്‌, കോപിക്കണോ അതോ കോപം നിയന്ത്രിക്കണോ എന്ന്‌ കയീൻ തീരുമാനിക്കണമായിരുന്നു. (ഉല്‌പ. 4:6, 7) സത്യദൈവത്തെ സേവിക്കണമോ അതോ വ്യാജദൈവങ്ങളെ ആരാധിക്കണമോ എന്ന്‌ യോശുവ തീരുമാനിക്കേണ്ടിയിരുന്നു. (യോശു. 24:15) യഹോവയോട്‌ അടുക്കുക എന്നതായിരുന്നു യോശുവയുടെ ലക്ഷ്യം; അതിനാൽ ആ ലക്ഷ്യത്തിലേക്കുള്ള പാതയാണ്‌ അവൻ തിരഞ്ഞെടുത്തത്‌. കയീന്‌ പക്ഷേ അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു; അതുകൊണ്ട്‌, തന്നെ യഹോവയിൽനിന്ന്‌ ദൂരെ അകറ്റുന്ന ഒരു പാതയാണ്‌ അവൻ തിരഞ്ഞെടുത്തത്‌.

      3 മുന്നിലുള്ള വഴികളിൽ ഏതു തിരഞ്ഞെടുക്കണം എന്ന തീരുമാനത്തെ ചിലപ്പോൾ നമ്മളും അഭിമുഖീകരിക്കേണ്ടിവന്നേക്കാം. അങ്ങനെ വരുമ്പോൾ, നിങ്ങളുടെ ലക്ഷ്യം മനസ്സിൽപ്പിടിക്കുക: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും യഹോവയെ മഹത്വപ്പെടുത്തുകയും ദൈവത്തിൽനിന്ന്‌ നിങ്ങളെ അകറ്റിക്കളയുന്ന സംഗതികളെല്ലാം ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം. (എബ്രായർ 3:12 വായിക്കുക.) ശ്രദ്ധിച്ചില്ലെങ്കിൽ നമ്മെ യഹോവയിൽനിന്ന്‌ അകറ്റിക്കളഞ്ഞേക്കാവുന്ന ഏഴു മേഖലകളെക്കുറിച്ച്‌ ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലുമായി നാം പരിചിന്തിക്കും.

      ജോലി

      4. ഒരു ജോലി ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

      4 തങ്ങൾക്കും കുടുംബത്തിനുമായി കരുതാനുള്ള ഉത്തരവാദിത്വം ക്രിസ്‌ത്യാനികൾക്കുണ്ട്‌. സ്വന്തകുടുംബത്തിനുവേണ്ടി കരുതാത്തവൻ അവിശ്വാസിയെക്കാൾ അധമനാണെന്നാണ്‌ ബൈബിൾ പറയുന്നത്‌. (2 തെസ്സ. 3:10; 1 തിമൊ. 5:8) ജീവിതത്തിൽ അനിവാര്യമായ ഒരു കാര്യമാണ്‌ ജോലി, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ അത്‌ നമ്മെ യഹോവയിൽ നിന്ന്‌ അകറ്റിക്കളയും. എങ്ങനെ?

      5. ഒരു ജോലി സ്വീകരിക്കുന്നതിനുമുമ്പ്‌ എന്തെല്ലാം ചിന്തിച്ചിരിക്കണം?

      5 നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെന്നിരിക്കട്ടെ; നാട്ടിൽ ജോലിസാധ്യതകൾ വളരെ കുറവാണെന്നും കരുതുക. അപ്പോൾ ആദ്യം കിട്ടുന്ന ജോലി, അത്‌ ഏതുമായിക്കൊള്ളട്ടെ, സ്വീകരിക്കാനുള്ള ഒരു പ്രേരണ നിങ്ങൾക്കുണ്ടാകും. എന്നാൽ ആ ജോലി ബൈബിൾ തത്ത്വങ്ങൾക്ക്‌ വിരുദ്ധമാണെങ്കിലോ? സമയത്തിന്റെ ഏറിയപങ്കും ആ ജോലിക്കായി ചെലവിടേണ്ടിവരുമെന്നതിനാൽ ക്രിസ്‌തീയപ്രവർത്തനങ്ങൾക്കും കുടുംബത്തിനുമായി നിങ്ങൾക്ക്‌ വേണ്ടത്ര സമയം കിട്ടാതെ വരുമോ? ‘ഒന്നുമില്ലാത്തതിലും നല്ലതല്ലേ’ എന്നു ചിന്തിച്ച്‌ ആ ജോലി നിങ്ങൾ കണ്ണുമടച്ച്‌ സ്വീകരിക്കുമോ? ഓർക്കുക, തെറ്റായ പാത തിരഞ്ഞെടുത്താൽ നിങ്ങൾ യഹോവയിൽനിന്ന്‌ അകന്നുപോകും. (എബ്രാ. 2:1) നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിലും ഇപ്പോഴുള്ള ജോലി മാറുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണെങ്കിലും ശരിയായ തീരുമാനമെടുക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

      6, 7. (എ) ഏതു ലക്ഷ്യങ്ങൾക്കുവേണ്ടിയാണ്‌ ആളുകൾ ജോലി ചെയ്യുന്നത്‌? (ബി) ഏതു ലക്ഷ്യമാണ്‌ നിങ്ങളെ യഹോവയോട്‌ അടുപ്പിക്കുന്നത്‌, എന്തുകൊണ്ട്‌?

      6 മുമ്പുപറഞ്ഞതുപോലെ, നിങ്ങളുടെ ലക്ഷ്യം എല്ലായ്‌പോഴും മനസ്സിലുണ്ടായിരിക്കണം. സ്വയം ചോദിക്കുക: ‘ഈ ജോലികൊണ്ട്‌ ഞാൻ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?’ ഒരു ഉപജീവനമാർഗം എന്ന നിലയിൽ, അതായത്‌ നിങ്ങൾക്കും കുടുംബത്തിനും യഹോവയുടെ സേവനം ചെയ്യാൻ ഉതകുന്ന ഒരു വരുമാനമാർഗം ആയിട്ടാണ്‌ നിങ്ങൾ അതിനെ കാണുന്നതെങ്കിൽ യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. (മത്താ. 6:33) നിങ്ങളുടെ ജോലി പെട്ടെന്നു നഷ്ടപ്പെടുകയോ അപ്രതീക്ഷിതമായി സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുകയോ ചെയ്യുന്ന സാഹചര്യത്തിൽ യഹോവയ്‌ക്ക്‌ വഴിമുട്ടുകയില്ലെന്ന്‌ ഓർക്കുക. (യെശ. 59:1) ‘തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്ന്‌’ അവന്‌ അറിയാം.—2 പത്രോ. 2:9.

      7 എന്നാൽ പണസമ്പാദനം മാത്രമാണു നിങ്ങളുടെ ലക്ഷ്യമെങ്കിലോ? നിങ്ങൾ അതിൽ വിജയിച്ചേക്കാം. പക്ഷേ ആ ‘വിജയത്തിന്‌’ ഒരു വിലയൊടുക്കേണ്ടിവരുമെന്ന്‌ ഓർക്കുക; അത്‌ നിങ്ങൾക്ക്‌ താങ്ങാനായെന്നുവരില്ല. (1 തിമൊഥെയൊസ്‌ 6:9, 10 വായിക്കുക.) ജോലിക്കും സമ്പത്തിനും കണക്കിലേറെ പ്രാധാന്യം കൊടുക്കുന്നത്‌ യഹോവയിൽനിന്നു നിങ്ങളെ അകറ്റിക്കളയുകയേ ഉള്ളൂ.

      8, 9. ജോലിയോടുള്ള മനോഭാവം സംബന്ധിച്ച്‌ മാതാപിതാക്കൾ എന്തു ചിന്തിക്കണം? വിശദീകരിക്കുക.

      8 നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ മാതൃക മക്കളെ എങ്ങനെ സ്വാധീനിക്കുമെന്നു ചിന്തിക്കുക. നിങ്ങൾ ഏതു കാര്യത്തിനു പ്രഥമപ്രാധാന്യം നൽകുന്നതായാണ്‌ കുട്ടികൾ കാണുന്നത്‌, ജോലിക്കോ യഹോവയുമായുള്ള സൗഹൃദത്തിനോ? സ്ഥാനമാനങ്ങൾ, പദവികൾ, സമ്പത്ത്‌ എന്നിവയ്‌ക്കൊക്കെയാണ്‌ നിങ്ങൾ പ്രാമുഖ്യത കൽപ്പിക്കുന്നതെങ്കിൽ അവരും നാശത്തിലേക്കുള്ള അതേ പാത പിന്തുടരാനുള്ള സാധ്യതയില്ലേ? രക്ഷകർത്താവെന്നനിലയിൽ മക്കൾക്കു നിങ്ങളോടുള്ള ആദരവിന്‌ കുറവു സംഭവിക്കാൻ സാധ്യതയില്ലേ? യുവപ്രായത്തിലുള്ള ഒരു ക്രിസ്‌ത്യാനി പറയുന്നു: “ഓർമവെച്ച നാൾമുതൽ ഡാഡി ജോലികാര്യങ്ങളുമായി എപ്പോഴും തിരക്കിലായിരിക്കുന്നതാണ്‌ ഞാൻ കാണുന്നത്‌. ഞങ്ങൾക്ക്‌ ഒരു കുറവും വരാതിരിക്കാൻ ഡാഡി കഠിനാധ്വാനം ചെയ്യുന്നതായിത്തന്നെയാണ്‌ ആദ്യമൊക്കെ എനിക്കു തോന്നിയത്‌. പക്ഷേ, അടുത്തകാലത്തായി ചില മാറ്റങ്ങൾ വന്നുതുടങ്ങി. എപ്പോഴും ജോലിതന്നെ ജോലി, ആഡംബരവസ്‌തുക്കൾക്കൊണ്ട്‌ വീടുനിറഞ്ഞു. എന്നിട്ടെന്തായി, ആത്മീയലക്ഷ്യങ്ങളുള്ളവർ ആയല്ല, ‘വല്യ പണക്കാർ’ ആയിട്ടാണ്‌ ഞങ്ങൾ അറിയപ്പെടുന്നത്‌. സുഖസൗകര്യങ്ങൾ നൽകാനായി ഡാഡി ചെയ്‌ത അധ്വാനമത്രയും കുടുംബത്തിന്റെ ആത്മീയ ഉന്നമനത്തിനായി ചെലവഴിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.”

      9 മാതാപിതാക്കളേ, ജോലിക്ക്‌ കണക്കിലധികം പ്രാധാന്യം നൽകിക്കൊണ്ട്‌ യഹോവയിൽനിന്ന്‌ നിങ്ങളെത്തന്നെ അകറ്റിക്കളയരുത്‌. ഭൗതികധനത്തെയല്ല ആത്മീയധനത്തെയാണ്‌ ഏറ്റവും വലിയ സ്വത്തായി നിങ്ങൾ കരുതുന്നതെന്ന്‌ മാതൃകയാൽ മക്കൾക്ക്‌ കാണിച്ചുകൊടുക്കുക.—മത്താ. 5:3.

      10. ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാവോ യുവതിയോ മുന്നമേ എന്തു ചിന്തിക്കണം?

      10 ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്ന ഒരു യുവാവോ യുവതിയോ ആണ്‌ നിങ്ങളെങ്കിൽ, ശരിയായ പാത എങ്ങനെ തിരഞ്ഞെടുക്കാം? മുമ്പു പരിചിന്തിച്ചതുപോലെ, നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം മനസ്സിൽപ്പിടിക്കണം. നിങ്ങളുടെ മനസ്സിലുള്ള തൊഴിൽമേഖലയിലെ പരിശീലനവും ജോലിയും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ സഹായിക്കുമോ? അതോ യഹോവയിൽനിന്ന്‌ നിങ്ങളെ അകറ്റിക്കളയുമോ? (2 തിമൊ. 4:10) ബാങ്ക്‌ നിക്ഷേപങ്ങളുടെയും ഓഹരികളുടെയും ഉയർച്ചതാഴ്‌ചകൾക്കനുസരിച്ച്‌ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആളുകളുടെ ജീവിതരീതി പകർത്താനാണോ നിങ്ങൾ ലക്ഷ്യംവെക്കുന്നത്‌? അതോ ദാവീദിന്റെ ദൃഢവിശ്വാസം പകർത്താനാണോ? അവൻ എഴുതി: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീ. 37:25) ഓർക്കുക, നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയുന്നതാണ്‌ ഒരു പാത; മറ്റേ പാതയാകട്ടെ നിത്യസൗഭാഗ്യങ്ങളേകുന്ന ഒരു ജീവിതം സമ്മാനിക്കുന്നതും. (സദൃശവാക്യങ്ങൾ 10:22; മലാഖി 3:10 വായിക്കുക.) നിങ്ങൾ ഏതു പാത തിരഞ്ഞെടുക്കും?a

      വിനോദം

      11. വിനോദത്തെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്‌? നാം ഏതു കാര്യം മനസ്സിൽപ്പിടിക്കണം?

      11 ബൈബിൾ ഉല്ലാസങ്ങൾക്ക്‌ എതിരല്ല; വിനോദത്തെയും കളികളെയും അത്‌ സമയംകൊല്ലികളായി ചിത്രീകരിക്കുന്നുമില്ല. പൗലോസ്‌ തിമൊഥെയൊസിന്‌ എഴുതിയപ്പോൾ, ‘കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണെന്ന്‌’ പറയുകയുണ്ടായി. (1 തിമൊ. 4:8) “ചിരിപ്പാൻ ഒരു കാലം; നൃത്തംചെയ്‌വാൻ ഒരു കാലം” എന്നുപോലും ബൈബിൾ പറയുന്നു. മതിയായ വിശ്രമം എടുക്കുന്നതിനെ ബൈബിൾ പിന്തുണച്ചു സംസാരിക്കുന്നു. (സഭാ. 3:4; 4:6) എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ കളികളും വിനോദവും നമ്മെ യഹോവയിൽനിന്ന്‌ അകറ്റിക്കളഞ്ഞേക്കാം. എങ്ങനെ? മുഖ്യമായും രണ്ടു ഘടകങ്ങളാണ്‌ ആ അപകടത്തിന്‌ ഇടയാക്കുന്നത്‌: ഏതുതരം വിനോദം തിരഞ്ഞെടുക്കുന്നു എന്നതും എത്രമാത്രം സമയം വിനിയോഗിക്കുന്നു എന്നതും.

      [14-ാം പേജിലെ ചിത്രം]

      ശരിയായ വിനോദം ശരിയായ അളവിൽ ആസ്വദിക്കുന്നത്‌ ഉന്മേഷം പകരും

      12. വിനോദം തിരഞ്ഞെടുക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ പരിഗണിക്കണം?

      12 ആദ്യം നമുക്ക്‌ ഒന്നാമത്തെ ഘടകത്തെക്കുറിച്ചു ചിന്തിക്കാം: ഏതുതരം വിനോദമാണ്‌ നാം തിരഞ്ഞെടുക്കുന്നത്‌. ആരോഗ്യകരമായ നല്ല കളികളും വിനോദവും ഉണ്ടെന്നുള്ളതിനു സംശയമില്ല. എന്നാൽ, ഇന്നുള്ള വിനോദങ്ങളിൽ നല്ലൊരുപങ്കും അക്രമം, ഭൂതവിദ്യ, ലൈംഗികാധാർമികത എന്നിങ്ങനെ ദൈവം വെറുക്കുന്ന കാര്യങ്ങളെ വാഴ്‌ത്തിപ്പാടുന്നതാണ്‌. അതുകൊണ്ട്‌, ഏതുതരം വിനോദത്തിലും കളികളിലും ആണ്‌ നിങ്ങൾ ഏർപ്പെടുന്നതെന്ന്‌ വിവേചിക്കണം. അത്‌ നിങ്ങളെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നത്‌? അക്രമവാസനയോ മത്സരാത്മാവോ ദേശീയവികാരമോ അത്‌ നിങ്ങളിലുണർത്തുന്നുണ്ടോ? (സദൃ. 3:31) അത്‌ നിങ്ങളുടെ സാമ്പത്തികസ്ഥിതി അവതാളത്തിലാക്കുമോ? മറ്റുള്ളവരെ ഇടറിക്കുമോ? (റോമ. 14:21) അതിലൂടെ എങ്ങനെയുള്ള ആളുകളുമായിട്ടാണ്‌ നിങ്ങൾ സൗഹൃദത്തിലാകുന്നത്‌? (സദൃ. 13:20) അതു നിങ്ങളിൽ തെറ്റ്‌ ചെയ്യാനുള്ള ആഗ്രഹമുണർത്തുന്നുണ്ടോ?—യാക്കോ. 1:14, 15.

      13, 14. വിനോദത്തിന്‌ എത്ര സമയം ചെലവിടണം എന്ന കാര്യത്തിൽ നിങ്ങൾ എന്തൊക്കെ പരിഗണിക്കണം?

      13 ഇനി, വിനോദത്തിനായി ചെലവിടുന്ന സമയത്തെക്കുറിച്ചു ചിന്തിക്കാം. സ്വയം ചോദിക്കുക: ‘വിനോദത്തിനായി ഞാൻ ധാരാളം സമയം ചെലവിടുന്നതു മൂലം ആത്മീയ പ്രവർത്തനങ്ങൾക്ക്‌ തീരെ സമയം കിട്ടാതെ വരുന്നുണ്ടോ?’ വിനോദകാര്യങ്ങൾക്ക്‌ കണക്കിലധികം സമയം ചെലവിട്ടാൽ ഉദ്ദേശിച്ചത്ര ആസ്വാദനം ലഭിക്കില്ല. വിനോദത്തെ ഉചിതമായ സ്ഥാനത്തു നിറുത്തുന്നവർ അത്‌ കൂടുതൽ ആസ്വദിക്കും എന്നതാണു വാസ്‌തവം. കാരണം, “പ്രാധാന്യമേറിയ കാര്യങ്ങൾ” ചെയ്‌തുതീർത്തതിനാൽ മനസ്സാക്ഷിക്കുത്തില്ലാതെ വിശ്രമവേളകൾ ആസ്വദിക്കാൻ അവർക്കു സാധിക്കും.—ഫിലിപ്പിയർ 1:10, 11 വായിക്കുക.

      14 വിനോദങ്ങളിലും ഉല്ലാസങ്ങളിലും മുഴുകിയിരിക്കുന്നത്‌ രസകരമാണെന്നു തോന്നിയേക്കാമെങ്കിലും ആ പാത നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളഞ്ഞേക്കാം. 20 വയസ്സുള്ള കിം എന്ന സഹോദരി സ്വന്തം അനുഭവത്തിൽനിന്നു പറയുന്നു: “എവിടെ പാർട്ടിയുണ്ടോ ഞാൻ പോയിരിക്കും, അതായിരുന്നു എന്റെയൊരു രീതി. വാരാന്തം മുഴുവൻ, വെള്ളിയും ശനിയും ഞായറും, പാർട്ടിതന്നെ പാർട്ടി! എന്നാൽ ഇപ്പോൾ, പ്രധാനപ്പെട്ട പലതും ചെയ്യാനുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. ഞാനൊരു പയനിയറാണ്‌. വയൽസേവനത്തിനുപോകാൻ എനിക്ക്‌ രാവിലെ ആറുമണിക്ക്‌ എഴുന്നേൽക്കണം. അതിനാൽ വെളുക്കുവോളം സുഹൃത്തുക്കളോടൊപ്പം ആയിരിക്കാൻ എനിക്കാവില്ല. സാമൂഹിക കൂടിവരവുകൾ എല്ലാം മോശമല്ല, എങ്കിലും അവ വലിയൊരു തടസ്സംതന്നെയാണ്‌. മറ്റ്‌ എന്തിനെയും പോലെ അതിനെ അതിന്റെ സ്ഥാനത്തു നിറുത്തണം.”

      15. ഉന്മേഷദായകമായ വിനോദം തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക്‌ മക്കളെ എങ്ങനെ സഹായിക്കാനാകും?

      15 തങ്ങൾക്കും മക്കൾക്കും വേണ്ടി വൈകാരികവും ആത്മീയവും ഭൗതികവുമായി കരുതാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്‌. അതിൽ വിനോദവും ഉൾപ്പെടുന്നു. മാതാപിതാക്കളേ, വിനോദത്തെ അടച്ചാക്ഷേപിച്ചുകൊണ്ട്‌ രസംകൊല്ലികളാകരുത്‌. അതേസമയം, ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾക്കെതിരെ ജാഗ്രതപാലിക്കുകയും വേണം. (1 കൊരി. 5:6) വേണ്ടത്ര ആസൂത്രണമുണ്ടെങ്കിൽ കുടുംബത്തിന്‌ ഉന്മേഷംപകരുന്ന നല്ല വിനോദങ്ങൾ കണ്ടെത്താനാകും.b അതുവഴി, നിങ്ങളെയും മക്കളെയും യഹോവയോടു കൂടുതൽ അടുപ്പിക്കുന്ന പാത തിരഞ്ഞെടുക്കാം.

      കുടുംബബന്ധങ്ങൾ

      16, 17. പല മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന ഒരു സാഹചര്യം ഏതാണ്‌, യഹോവ അവരുടെ വേദന മനസ്സിലാക്കുന്നുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

      16 തന്റെ ജനത്തോട്‌ തനിക്കുള്ള സ്‌നേഹത്തെ കുറിക്കാൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെയാണ്‌ യഹോവ ഉപയോഗിച്ചിരിക്കുന്നത്‌; കാരണം ആ ബന്ധം അത്ര ഇഴയടുപ്പമുള്ളതാണ്‌. (യെശ. 49:15) അതുകൊണ്ടുതന്നെ നമ്മുടെ പ്രിയപ്പെട്ട ഒരു കുടുംബാംഗം യഹോവയെ ഉപേക്ഷിച്ചുപോകുമ്പോൾ നമുക്ക്‌ കടുത്ത മനോവേദന തോന്നും. മകൾ സഭയിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ ഒരു സഹോദരി പറഞ്ഞത്‌ ഇതാണ്‌: “ഞാൻ ആകെ തളർന്നുപോയി. ‘എന്തിനാണ്‌ അവൾ യഹോവയെ ഉപേക്ഷിച്ചത്‌?’ എന്നു ഞാൻ ചിന്തിച്ചു. അത്‌ എന്റെ കുഴപ്പംകൊണ്ടാണെന്ന്‌ എനിക്കു തോന്നി. ഞാൻ സ്വയം കുറ്റപ്പെടുത്തി.”

      17 യഹോവ നിങ്ങളുടെ വേദന മനസ്സിലാക്കുന്നു. മനുഷ്യകുടുംബത്തിലെ ആദ്യത്തെയാൾതന്നെ യഹോവയ്‌ക്കെതിരെ മത്സരിച്ചു; പിന്നീട്‌, ജലപ്രളയത്തിനുമുമ്പ്‌ ജീവിച്ചിരുന്ന മിക്കയാളുകളും അങ്ങനെതന്നെ ചെയ്‌തു. അവരുടെ പ്രവൃത്തി യഹോവയുടെ ‘ഹൃദയത്തെ ദുഃഖിപ്പിച്ചു.’ (ഉല്‌പ. 6:5, 6) അത്തരമൊരു നഷ്ടം അനുഭവിച്ചിട്ടില്ലാത്തവർക്ക്‌ അതിന്റെ വേദന പൂർണമായി മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കാം. എന്നുവരികിലും, പുറത്താക്കപ്പെട്ട കുടുംബാംഗത്തിന്റെ തെറ്റായ ഗതി നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റാൻ നിങ്ങൾ അനുവദിക്കുന്നത്‌ അവിവേകമാണ്‌. ഇങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾക്കുണ്ടാകുന്ന ഹൃദയവേദനയുമായി പൊരുത്തപ്പെട്ടു മുന്നോട്ടുപോകാൻ എങ്ങനെ കഴിയും?

      18. മകനോ മകളോ യഹോവയെ ഉപേക്ഷിച്ചുപോകുമ്പോൾ മാതാപിതാക്കൾ സ്വയം പഴിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

      18 നിങ്ങളുടെ കുറ്റംകൊണ്ടാണ്‌ അതു സംഭവിച്ചത്‌ എന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ മനുഷ്യർക്ക്‌ നൽകിയിട്ടുണ്ട്‌. കുടുംബത്തിലെ സമർപ്പിച്ചു സ്‌നാനമേറ്റ ഓരോ അംഗവും “താന്താന്റെ ചുമട്‌,” അതായത്‌ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടതാണ്‌. (ഗലാ. 6:5) പാപം ചെയ്‌ത വ്യക്തിയെയായിരിക്കും യഹോവ കുറ്റക്കാരനായി ഗണിക്കുക; അല്ലാതെ നിങ്ങളെയല്ല. (യെഹെ. 18:20) അതുപോലെ, മറ്റുള്ളവരെ പഴിചാരുകയും അരുത്‌. ശിക്ഷണത്തിനായി യഹോവ വെച്ചിരിക്കുന്ന ക്രമീകരണത്തെ ആദരിക്കുക. സഭയെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഇടയന്മാരോട്‌ ‘എതിർത്തുനിൽക്കാതെ’ പിശാചിനോട്‌ എതിർത്തുനിൽക്കുക.—1 പത്രോ. 5:8, 9.

      [16-ാം പേജിലെ ചിത്രം]

      പ്രിയപ്പെട്ടയാൾ ഒരുനാൾ യഹോവയിങ്കലേക്കു മടങ്ങിവരുമെന്നു പ്രത്യാശിക്കുന്നതിൽ തെറ്റില്ല

      19, 20. (എ) മക്കൾ പുറത്താക്കപ്പെടുമ്പോഴുണ്ടാകുന്ന ദുഃഖവുമായി പൊരുത്തപ്പെടാൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും? (ബി) എന്തു പ്രത്യാശിക്കുന്നതിൽ തെറ്റില്ല?

      19 എന്നാൽ, യഹോവയോടു മുഷിയുകയാണെങ്കിൽ യഹോവയിൽനിന്നു സ്വയം അകറ്റിക്കളയുകയായിരിക്കും നിങ്ങൾ. കുടുംബബന്ധത്തെക്കാളും മറ്റെന്തിനെക്കാളും ജീവിതത്തിൽ പ്രമുഖസ്ഥാനം യഹോവയ്‌ക്ക്‌ നൽകാനാണ്‌ നിങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന്‌ നിങ്ങളുടെ കുടുംബാംഗം തിരിച്ചറിയാനിടയാകണം. അതുകൊണ്ട്‌, ഈ സങ്കടാവസ്ഥയിൽ പിടിച്ചുനിൽക്കാൻ നിങ്ങളുടെ ആത്മീയത മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുക. വിശ്വസ്‌തരായ സഹോദരീസഹോദരന്മാരുമൊത്തുള്ള സഹവാസം ഒരിക്കലും ഉപേക്ഷിക്കരുത്‌. (സദൃ. 18:1) യഹോവയുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. (സങ്കീ. 62:7, 8) പുറത്താക്കപ്പെട്ട കുടുംബാംഗവുമായി ബന്ധം പുലർത്താൻ പഴുതുകൾ തേടരുത്‌, ഇ-മെയിലിലൂടെയും മറ്റും. (1 കൊരി. 5:11) ആത്മീയ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുക. (1 കൊരി. 15:58) മുമ്പു കണ്ട സഹോദരി പറയുന്നു: “യഹോവയുടെ സേവനത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ട്‌ ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കണമെന്ന്‌ എനിക്കറിയാം. അങ്ങനെയാകുമ്പോൾ എന്റെ മകൾ യഹോവയിങ്കലേക്കു മടങ്ങിവരുമ്പോൾ അവളെ സഹായിക്കാൻ എനിക്കു കഴിയുമല്ലോ?”

      20 സ്‌നേഹം “എല്ലാം പ്രത്യാശിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരി. 13:4, 7) നിങ്ങളുടെ പ്രിയപ്പെട്ടയാൾ ഒരുനാൾ മടങ്ങിവരും എന്നു പ്രത്യാശിക്കുന്നതിൽ തെറ്റില്ല. വർഷന്തോറും, പുറത്താക്കപ്പെട്ടവരിൽ നിരവധിപ്പേരാണ്‌ അനുതപിച്ച്‌ യഹോവയുടെ സംഘടനയിലേക്ക്‌ മടങ്ങിയെത്തുന്നത്‌. യഹോവ അവരോട്‌ നീരസം വെച്ചുകൊണ്ടിരിക്കുകയില്ല; അവൻ ‘ക്ഷമിക്കാൻ മനസ്സുള്ളവനാണ്‌.’—സങ്കീ. 86:5.

      തിരഞ്ഞെടുപ്പുകൾ ജ്ഞാനപൂർവമായിരിക്കട്ടെ!

      21, 22. ഇച്ഛാസ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കാനാണ്‌ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌?

      21 ഇച്ഛാസ്വാതന്ത്ര്യത്തോടെയാണ്‌ യഹോവ മനുഷ്യരെ സൃഷ്ടിച്ചത്‌. (ആവർത്തനപുസ്‌തകം 30:19, 20 വായിക്കുക.) എന്നാൽ ആ സ്വാതന്ത്ര്യത്തോടൊപ്പം ഗൗരവാവഹമായ ഒരു ഉത്തരവാദിത്വവും വന്നുചേരുന്നു. ഓരോ ക്രിസ്‌ത്യാനിയും സ്വയം ഇങ്ങനെ ചോദിക്കണം: ‘ഞാൻ ഏതു പാതയിലാണ്‌? ജോലിയോ വിനോദമോ കുടുംബബന്ധങ്ങളോ എന്നെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാൻ ഞാൻ അനുവദിച്ചിട്ടുണ്ടോ?’

      22 യഹോവയ്‌ക്കു തന്റെ ജനത്തോടുള്ള സ്‌നേഹത്തിന്‌ ഒരിക്കലും മാറ്റമില്ല. നമ്മൾ തെറ്റായ പാത തിരഞ്ഞെടുക്കുന്നുവെങ്കിൽ മാത്രമേ നമ്മൾ അവനിൽനിന്ന്‌ അകന്നുപോകുകയുള്ളൂ. (റോമ. 8:38, 39) യഹോവയിൽനിന്ന്‌ നമ്മെ അകറ്റാൻ യാതൊന്നിനെയും അനുവദിക്കുകയില്ലെന്ന്‌ മനസ്സിൽ നിശ്ചയിച്ചുറയ്‌ക്കുന്നെങ്കിൽ അങ്ങനെ സംഭവിക്കണമെന്നില്ല! നമ്മുടെ തീരുമാനങ്ങൾ സംബന്ധിച്ച്‌ ശ്രദ്ധ പുലർത്തേണ്ട വേറെ നാലു മേഖലകളെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ നാം ചിന്തിക്കും.

      a ജീവിതം എങ്ങനെ വിനിയോഗിക്കും എന്ന വിഷയത്തോടു ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ സഹായകമായ വിവരങ്ങൾക്ക്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 -ന്റെ (ഇംഗ്ലീഷ്‌) 38-ാം അധ്യായം കാണുക.

      b ചില നിർദേശങ്ങൾക്ക്‌ 2012 ഏപ്രിൽ-ജൂൺ ഉണരുക!-യുടെ 23-25 പേജുകൾ കാണുക.

  • യഹോവയോട്‌ അടുത്തുചെല്ലുക
    വീക്ഷാഗോപുരം—2013 | ജനുവരി 15
    • [17-ാം പേജിലെ ചിത്രം]

      യഹോവയോട്‌ അടുത്തുചെല്ലുക

      “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.”—യാക്കോ. 4:8.

      വിശദീകരിക്കാമോ?

      • സാങ്കേതികവിദ്യയും ആരോഗ്യപരിരക്ഷയും സംബന്ധിച്ച്‌ ഉചിതമായ വീക്ഷണം പുലർത്താൻ എങ്ങനെ കഴിയും?

      • പണം, അഭിമാനം എന്നീക്കാര്യങ്ങളിൽ ശരിയായ കാഴ്‌ചപ്പാടുള്ളവരായിരിക്കാൻ എങ്ങനെ കഴിയും?

      • യഹോവയോടു പറ്റിനിൽക്കാൻ എങ്ങനെ കഴിയും?

      1, 2. (എ) സാത്താന്റെ “തന്ത്രങ്ങൾ” ഏവയാണ്‌? (ബി) ദൈവത്തോട്‌ അടുത്തുചെല്ലാൻ നമ്മെ എന്തു സഹായിക്കും?

      ദൈവത്തോട്‌ അടുക്കുക. അങ്ങനെ ഒരു ആവശ്യം സഹിതമാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌. എന്നാൽ സാത്താൻ ആഗ്രഹിക്കുന്നത്‌ നാം അവനെപ്പോലെ ചിന്തിക്കണമെന്നാണ്‌. അതായത്‌ യഹോവയാംദൈവത്തെ നമുക്ക്‌ ആവശ്യമില്ലെന്ന്‌ നാം ചിന്തിക്കണം. ഏദെൻതോട്ടത്തിൽവെച്ച്‌ ഹവ്വായെ വഞ്ചിച്ചതു മുതൽ അവൻ ഈ നുണ പ്രചരിപ്പിക്കുകയാണ്‌. (ഉല്‌പ. 3:4-6) ചരിത്രത്തിലുടനീളം, മനുഷ്യവർഗത്തിൽ നല്ലൊരു പങ്കും ആ നുണ വിശ്വസിച്ചിരിക്കുന്നു.

      2 എന്നാൽ, സാത്താന്റെ ആ കെണിയിൽപ്പെടാതിരിക്കാൻ നമുക്കു കഴിയും. കാരണം, “നാം അവന്റെ തന്ത്രങ്ങൾ അറിയാത്തവരല്ലല്ലോ.” (2 കൊരി. 2:11) യഹോവയിൽനിന്നു നമ്മെ അകറ്റിക്കളഞ്ഞേക്കാവുന്ന തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്താൻ സാത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ജോലി, വിനോദം, കുടുംബബന്ധങ്ങൾ എന്നീ മേഖലകളിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമുക്കു കഴിയുമെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടല്ലോ. സാങ്കേതികവിദ്യ, ആരോഗ്യം, പണം, അഭിമാനം എന്നിവയെ ഉചിതമായ സ്ഥാനത്തു നിറുത്തുന്നത്‌ ‘ദൈവത്തോട്‌ അടുത്തുചെല്ലാൻ’ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണെന്ന്‌ ഈ ലേഖനത്തിൽ നാം മനസ്സിലാക്കും.—യാക്കോ. 4:8.

      സാങ്കേതികവിദ്യ

      3. സാങ്കേതികവിദ്യയുടെ നല്ലതും തീയതും ആയ വശങ്ങൾ ദൃഷ്ടാന്തീകരിക്കുക.

      3 ലോകമെങ്ങും നൂതന ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഇന്ന്‌ സർവസാധാരണമാണ്‌. ഉചിതമായി ഉപയോഗിച്ചാൽ ഇവ പലവിധങ്ങളിൽ ഉപകാരപ്രദമാണ്‌. ഉചിതമായല്ല ഉപയോഗിക്കുന്നതെങ്കിൽ സ്വർഗീയ പിതാവിൽനിന്നു നമ്മെ വേർപെടുത്താൻ ഇവയ്‌ക്കു കഴിയും. കമ്പ്യൂട്ടറുകളുടെ കാര്യമെടുക്കാം. നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന മാസിക തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിരിക്കുന്നത്‌ കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ്‌. ഗവേഷണങ്ങൾക്കും ആശയവിനിമയത്തിനും ഉപകരിക്കുന്ന ഫലകരമായ ഒരു ഉപാധിയാണ്‌ കമ്പ്യൂട്ടർ. അതുപോലെ നല്ല ചില വിനോദങ്ങളും അതു മുഖേന ആസ്വദിക്കാം. എന്നാൽ ഈ സാങ്കേതികവിദ്യയോട്‌ ഒരുതരം ആസക്തി വളർന്നുവരാൻ സാധ്യതയുണ്ട്‌. ഏറ്റവും നൂതനമായ ഉത്‌പന്നംതന്നെ സ്വന്തമാക്കണം എന്ന ചിന്താഗതി വളരെ സമർഥമായി ആളുകളിൽ കുത്തിവെക്കുകയാണ്‌ ഇന്ന്‌ വ്യാപാരലോകം. ഒരു പ്രത്യേകതരം ടാബ്‌ലറ്റ്‌ കമ്പ്യൂട്ടറിൽ കമ്പംമൂത്ത്‌ അത്‌ വാങ്ങാനായി ഒരു യുവാവ്‌ രഹസ്യമായി തന്റെ ഒരു വൃക്ക വിൽക്കുകപോലും ചെയ്‌തു. എത്ര ബുദ്ധിശൂന്യം!

      4. കമ്പ്യൂട്ടറിന്റെ അമിതോപയോഗത്തെ ഒരു ക്രിസ്‌ത്യാനി നിയന്ത്രിച്ചത്‌ എങ്ങനെ?

      4 സാങ്കേതികവിദ്യയുടെ ദുരുപയോഗമോ അമിതോപയോഗമോ മൂലം യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ബലികഴിക്കേണ്ടിവരുന്നതാണ്‌ അതിലും ദാരുണം. 28 വയസ്സുള്ള യോൺa പറയുന്നു: “ആത്മീയകാര്യങ്ങൾക്കു വേണ്ടി സമയം ‘വിലയ്‌ക്കുവാങ്ങണമെന്ന്‌’ എനിക്കറിയാം. പക്ഷേ കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ഞാൻ അതെല്ലാം മറക്കും.” രാവേറെച്ചെന്നാലും യോൺ മിക്കവാറും ഇന്റർനെറ്റിലായിരിക്കും. “ക്ഷീണിതനാകുന്തോറും വിട്ടുപോരുക എനിക്കു കൂടുതൽ ബുദ്ധിമുട്ടായിതോന്നും. ചാറ്റിങ്ങിൽ മുഴുകിയും വീഡിയോകൾ കണ്ടും അങ്ങനെയങ്ങ്‌ ഇരുന്നുപോകും. ചിലപ്പോഴൊക്കെ അത്ര നല്ല വീഡിയോകളൊന്നും ആയിരിക്കില്ല,” യോൺ പറയുന്നു. ഈ ദുശ്ശീലത്തിൽനിന്നു പുറത്തുകടക്കാൻ, ഒരു നിശ്ചിതസമയം കഴിഞ്ഞാൽ തനിയെ ഓഫാകുന്ന വിധത്തിൽ യോൺ കമ്പ്യൂട്ടർ ക്രമീകരിച്ചുവെച്ചു.—എഫെസ്യർ 5:15, 16 വായിക്കുക.

      [18-ാം പേജിലെ ചിത്രം]

      ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കാൻ കുട്ടികളെ സഹായിക്കുക

      5, 6. (എ) മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക്‌ എന്ത്‌ ഉത്തരവാദിത്വങ്ങളുണ്ട്‌? (ബി) കുട്ടികൾക്ക്‌ നല്ല സഹവാസത്തിനുള്ള അവസരങ്ങളുണ്ടെന്ന്‌ മാതാപിതാക്കൾക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

      5 മാതാപിതാക്കളേ, കുട്ടികളുടെ ഓരോ ചലനവും നിയന്ത്രിക്കേണ്ടതില്ലെങ്കിലും അവർ കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ എപ്പോഴും അവരുടെമേൽ ഒരു കണ്ണുണ്ടായിരിക്കണം. നിങ്ങളുടെ ജോലി തടസ്സപ്പെടാതിരിക്കാൻ കുട്ടികളെ കമ്പ്യൂട്ടറിനു മുമ്പിൽ തനിയെ വിട്ടിട്ടുപോന്നാൽ ചില അപകടങ്ങളുണ്ട്‌. ഇന്റർനെറ്റിലൂടെ അധാർമികകാര്യങ്ങൾ, ഭൂതവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ അക്രമാസക്ത വീഡിയോ ഗെയിമുകൾ കളിക്കാനോ മോശക്കാരായ ആളുകളുമായി സമ്പർക്കത്തിൽവരാനോ ഇടയായേക്കാം. യാതൊരു നിയന്ത്രണവും വെക്കുന്നില്ലെങ്കിൽ, ഇതെല്ലാം കുഴപ്പമില്ലാത്ത കാര്യങ്ങളാണെന്ന്‌ കുട്ടികൾ ചിന്തിച്ചേക്കാം. നിങ്ങളുടെ മക്കളെ—കുട്ടികളാണെങ്കിലും കൗമാരപ്രായത്തിലുള്ളവരാണെങ്കിലും—സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കളായ നിങ്ങൾക്കാണ്‌. അവരെ യഹോവയിൽനിന്ന്‌ അകറ്റിക്കളയുന്ന എല്ലാറ്റിൽനിന്നും സംരക്ഷിക്കുക. മൃഗങ്ങൾപോലും അവയുടെ കുഞ്ഞുങ്ങൾ അപകടത്തിൽപ്പെടാതെ കാക്കാറുണ്ട്‌. കുഞ്ഞുങ്ങളെ ആക്രമിച്ചാൽ തള്ളക്കരടി എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചുനോക്കൂ.—ഹോശേ. 13:8 താരതമ്യംചെയ്യുക.

      6 ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ, നല്ല മാതൃകകളായിരിക്കുന്ന ക്രിസ്‌ത്യാനികളുമായി നിങ്ങളുടെ കുട്ടികൾക്ക്‌ ആരോഗ്യകരമായ സഹവാസത്തിനുള്ള അവസരം ഒരുക്കണം. എന്നാൽ ഒരു കാര്യം ഓർക്കുക: നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ചിരിക്കാനും കളിക്കാനും ഒരുമിച്ചു ജോലിചെയ്യാനും സമയം കണ്ടെത്തുക. അങ്ങനെ ഒരുമിച്ച്‌ ‘ദൈവത്തോട്‌ അടുത്തുചെല്ലുക.’b

      ആരോഗ്യം

      7. നാമെല്ലാം ആരോഗ്യം പരിരക്ഷിക്കാനാഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

      7 “എങ്ങനെയുണ്ട്‌, സുഖമാണോ?” ആളുകൾ തമ്മിൽ കാണുമ്പോൾ ചോദിക്കുന്ന ഈ കുശലാന്വേഷണം പക്ഷേ സങ്കടകരമായ ഒരു യാഥാർഥ്യം വെളിപ്പെടുത്തുന്നു. നമ്മുടെ ആദ്യമാതാപിതാക്കൾ യഹോവയിൽനിന്നു തങ്ങളെ അകറ്റാൻ സാത്താനെ അനുവദിച്ചതു മൂലം നാമെല്ലാം രോഗത്തിന്‌ അധീനരാകേണ്ടിവന്നു. നമ്മുടെ രോഗാവസ്ഥ സാത്താന്റെ ഉദ്ദേശ്യം നിറവേറാൻ ഇടയാക്കുന്നു. കാരണം, രോഗാവസ്ഥയിലായിരിക്കുമ്പോൾ യഹോവയെ സേവിക്കുന്നത്‌ നമുക്കു ബുദ്ധിമുട്ടായി തോന്നും; മാത്രമല്ല, മരിച്ചുകഴിഞ്ഞാൽ, നമുക്ക്‌ യഹോവയെ സേവിക്കാനേ കഴിയില്ല. (സങ്കീ. 115:17) അതുകൊണ്ട്‌, ആരോഗ്യമുള്ളവരായിരിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നാം ചെയ്യണം.c അതുപോലെതന്നെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നാം തത്‌പരരായിരിക്കണം.

      8, 9. (എ) ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം പോകാതിരിക്കാൻ എങ്ങനെ കഴിയും? (ബി) സന്തോഷം വളർത്തിയെടുക്കുന്നതിന്റെ പ്രയോജനങ്ങളേവ?

      8 എന്നാൽ ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം പോകുന്നത്‌ ഒഴിവാക്കേണ്ടതുണ്ട്‌. ചിലർ ചില പ്രത്യേക ആഹാരക്രമങ്ങൾ, ചികിത്സകൾ, ഉത്‌പന്നങ്ങൾ എന്നിവ വളരെ ശുഷ്‌കാന്തിയോടെ ആളുകൾക്കു ശുപാർശ ചെയ്യാറുണ്ട്‌. സുവാർത്ത അവതരിപ്പിക്കുന്നതിനെക്കാൾ ശുഷ്‌കാന്തിയോടെയാണ്‌ അവർ ഇതു പ്രചരിപ്പിക്കുന്നത്‌. മറ്റുള്ളവരെ സഹായിക്കുകയാണ്‌ എന്ന്‌ അവർ ആത്മാർഥമായി വിശ്വസിക്കുന്നുമുണ്ടായിരിക്കാം. എന്തായിരുന്നാലും, ആരോഗ്യപരിരക്ഷയ്‌ക്കോ സൗന്ദര്യവർധനയ്‌ക്കോ ഉള്ള ഉത്‌പന്നങ്ങളും ചികിത്സാവിധികളും യോഗങ്ങൾക്കു മുമ്പോ ശേഷമോ പരസ്യപ്പെടുത്തുകയും വിൽക്കുകയും ചെയ്യുന്നത്‌ ഉചിതമല്ല; രാജ്യഹാളിലോ സമ്മേളനഹാളിലോ കൺവെൻഷൻ സ്ഥലത്തോ ഒന്നും. എന്തുകൊണ്ട്‌?

      9 ആത്മീയകാര്യങ്ങൾ സംസാരിക്കാനും പരിശുദ്ധാത്മാവിന്റെ ഉത്‌പന്നമായ സന്തോഷം വർധിപ്പിക്കാനും ആയിട്ടാണ്‌ നാം യോഗങ്ങൾക്കു കൂടിവരുന്നത്‌. (ഗലാ. 5:22) ഇത്തരം സന്ദർഭങ്ങളിൽ, ആരോഗ്യരക്ഷയ്‌ക്കുള്ള ഉത്‌പന്നങ്ങളോ ഉപദേശങ്ങളോ, അത്‌ ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണെങ്കിലും അല്ലെങ്കിലും, നൽകുന്നത്‌ നമ്മുടെ കൂടിവരവിന്റെ ഉദ്ദേശ്യത്തിൽനിന്നു വ്യതിചലിക്കാനും മറ്റുള്ളവരുടെ സന്തോഷം കവർന്നെടുക്കാനും ഇടയാക്കും. (റോമ. 14:17) ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌. മാത്രമല്ല, എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധി ആരുടെയും പക്കലില്ല. അതിസമർഥരായ ഡോക്‌ടർമാർപോലും വാർധക്യം പ്രാപിക്കുകയും രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെക്കുറിച്ച്‌ അമിതമായി ആകുലപ്പെടുന്നതുകൊണ്ട്‌ ആയുസ്സുകൂട്ടാൻ നമുക്കു കഴിയുമോ? (ലൂക്കോ. 12:25) എന്നാൽ, “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സദൃ. 17:22.

      10. (എ) യഹോവ മനോഹരമായി കാണുന്ന ഗുണങ്ങളേവ? (ബി) പൂർണ ആരോഗ്യം പ്രാപിക്കാനാകുന്നത്‌ എങ്ങനെ?

      10 നമ്മുടെ ആകാരത്തെയും സൗന്ദര്യത്തെയും കുറിച്ച്‌ ചിന്തയുള്ളവരായിരിക്കുന്നത്‌ ഉചിതമാണ്‌. എന്നാൽ പ്രായമാകുന്നതിന്റെ എല്ലാ അടയാളങ്ങളും മായ്‌ച്ചുകളയാൻ വ്യഗ്രത കാണിക്കേണ്ടതില്ല. ആ അടയാളങ്ങൾക്ക്‌ പക്വതയും അന്തസ്സും ആന്തരികസൗന്ദര്യവും വിളിച്ചോതാനാകും. ഉദാഹരണത്തിന്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” (സദൃ. 16:31) യഹോവ നമ്മെ വീക്ഷിക്കുന്ന വിധമാണ്‌ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്‌. നമ്മളും സ്വയം അങ്ങനെ വീക്ഷിക്കാൻ പഠിക്കണം. (1 പത്രോസ്‌ 3:3, 4 വായിക്കുക.) അങ്ങനെയാണെങ്കിൽ, ശാരീരികസൗന്ദര്യം വർധിപ്പിക്കാൻ മാത്രമായി അനാവശ്യവും അപകടസാധ്യതയുള്ളതും ആയ ശസ്‌ത്രക്രിയകൾക്കും ചികിത്സാരീതികൾക്കും വിധേയരാകുന്നത്‌ ബുദ്ധിയായിരിക്കുമോ? ‘യഹോവയിങ്കലെ സന്തോഷമാണ്‌’ യഥാർഥ സൗന്ദര്യത്തിന്റെ ഉറവിടം. അത്‌ ഉള്ളിൽനിന്നു സ്‌ഫുരിക്കുന്നതാണ്‌. പ്രായമോ ആരോഗ്യസ്ഥിതിയോ അതിനൊരു തടസ്സമല്ല. (നെഹെ. 8:10) പുതിയ ലോകത്തിൽ മാത്രമേ പൂർണമായ ആരോഗ്യം ആസ്വദിക്കാനും യൗവനചൈതന്യം വീണ്ടെടുക്കാനും സാധിക്കൂ. (ഇയ്യോ. 33:25; യെശ. 33:24) ആ കാലം വരുന്നതുവരെ, ജ്ഞാനത്തോടെയുള്ള തീരുമാനങ്ങളെടുക്കുകയും യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുക. ഇപ്പോഴത്തെ ജീവിതം ആസ്വദിക്കാനും ആരോഗ്യകാര്യങ്ങളെക്കുറിച്ച്‌ പരിധിവിട്ട്‌ ആകുലപ്പെടാതിരിക്കാനും അതു സഹായിക്കും.—1 തിമൊ. 4:8.

      പണം

      11. പണം ഒരു കെണിയായിത്തീരുന്നത്‌ എങ്ങനെ?

      11 പണമുണ്ടായിരിക്കുന്നത്‌ തെറ്റല്ല; സത്യസന്ധമായ വ്യാപാരങ്ങളിൽ ഏർപ്പെടുന്നതിലും കുഴപ്പമില്ല. (സഭാ. 7:12; ലൂക്കോ. 19:12, 13) എന്നാൽ ഉള്ളിൽ “പണസ്‌നേഹം” വളർന്നുതുടങ്ങിയാൽ അത്‌ യഹോവയിൽനിന്നു നമ്മെ അകറ്റിക്കളയും, തീർച്ച! (1 തിമൊ. 6:9, 10) ‘ഈ ലോകത്തിന്റെ ആകുലതകൾ’ അതായത്‌, ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ചുള്ള വേവലാതി നമ്മുടെ ആത്മീയതയെ ഞെരുക്കിക്കളഞ്ഞേക്കാം. “ധനത്തിന്റെ വഞ്ചകശക്തി”ക്കും, അതായത്‌ ശാശ്വതസന്തോഷവും സുരക്ഷിതത്വവും നൽകാൻ ധനത്തിനു കഴിയുമെന്നുള്ള മിഥ്യാധാരണയ്‌ക്കും അതുതന്നെ ചെയ്യാനാകും. (മത്താ. 13:22) ഒരേസമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ “ആർക്കും” കഴിയില്ലെന്ന്‌ യേശു സുവ്യക്തമായി പ്രസ്‌താവിച്ചു.—മത്താ. 6:24.

      12. ഏതു വിധങ്ങളിലുള്ള കെണികൾ ഇന്നു സാധാരണമാണ്‌, അവയെ എങ്ങനെ ഒഴിവാക്കാം?

      12 പണത്തെക്കുറിച്ചുള്ള തെറ്റായ കാഴ്‌ചപ്പാട്‌ തെറ്റായ നടപടികൾ സ്വീകരിക്കുന്നതിലേക്കു നയിക്കും. (സദൃ. 28:20) ചിലർ ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും അധികം അധ്വാനിക്കാതെ പെട്ടെന്നു പണക്കാരാകാമെന്ന്‌ മോഹനവാഗ്‌ദാനങ്ങൾ നൽകുന്ന സംരംഭങ്ങളിൽ ചെന്നുചാടുകയും ചെയ്‌തിട്ടുണ്ട്‌. സഭയിലെ ചില സഹോദരങ്ങളെക്കൂടെ അവർ പറഞ്ഞു വശത്താക്കിയിരിക്കുന്നു. തങ്ങളുടെ നിക്ഷേപങ്ങൾക്ക്‌ ഭീമമായ ലാഭവിഹിതം കിട്ടുമെന്ന വാഗ്‌ദാനങ്ങൾ വിശ്വസിച്ചാണ്‌ വേറെ ചിലർ കബളിപ്പിക്കപ്പെട്ടത്‌. സൂക്ഷിക്കുക! അത്യാർത്തി നിങ്ങളെ അബദ്ധത്തിൽ ചാടിക്കും. സുബോധത്തോടെ ചിന്തിക്കുക. അവിശ്വസനീയമാംവിധം ‘നല്ല’ വാഗ്‌ദാനമാണ്‌ നിങ്ങൾക്കു ലഭിക്കുന്നതെങ്കിൽ, അത്‌ തട്ടിപ്പായിരിക്കാനുള്ള സാധ്യതയേറെയാണ്‌.

      13. നാം പണത്തെ എങ്ങനെ വീക്ഷിക്കണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

      13 “ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കു”മ്പോൾ അവശ്യകാര്യങ്ങൾ നിറവേറ്റാനായി നാം സമനിലയോടെ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. (മത്താ. 6:33; എഫെ. 4:28) എങ്ങനെ പണം കണ്ടെത്തുമെന്ന്‌ ആവലാതിപ്പെട്ടുകൊണ്ട്‌ നാം രാജ്യഹാളിലിരിക്കുന്നതോ ജോലിഭാരത്താൽ ക്ഷീണിതരായി നാം യോഗങ്ങൾക്കിടയിൽ ഉറക്കംതൂങ്ങുന്നതോ കാണാൻ യഹോവ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ രാപകലില്ലാതെ കഷ്ടപ്പെട്ട്‌ കുറച്ചു പണമുണ്ടാക്കിയാലേ ഭാവി ഭദ്രമാകൂ, ശിഷ്ടകാലം അല്ലലില്ലാതെ കഴിയാനാകൂ എന്ന ധാരണയാണ്‌ ലോകത്തിൽ പലർക്കുമുള്ളത്‌. പലപ്പോഴും അവർ തങ്ങളുടെ മക്കളെയും അതേ പാതയിലേക്കാണ്‌ തള്ളിവിടുന്നത്‌. അത്തരം ചിന്താഗതി മൗഢ്യമാണെന്ന്‌ യേശു വ്യക്തമാക്കി. (ലൂക്കോസ്‌ 12:15-21 വായിക്കുക.) യഹോവയുമായുള്ള നല്ല ബന്ധം നിലനിറുത്തിക്കൊണ്ടുതന്നെ തന്റെ അത്യാഗ്രഹം തൃപ്‌തിപ്പെടുത്താം എന്നു വിചാരിച്ച ഒരാളാണ്‌ ഗേഹസി.—2 രാജാ. 5:20-27.

      14, 15. സുരക്ഷിതത്വത്തിനായി ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ നോക്കരുതാത്തത്‌ എന്തുകൊണ്ട്‌? ഉദാഹരിക്കുക.

      14 വളരെ ഭാരമുള്ള മത്സ്യത്തെ നഖത്തിൽ കൊരുത്ത്‌ പൊങ്ങാൻ ശ്രമിച്ച ചില കഴുകന്മാർ ഇരയുടെ ഭാരത്താൽ മുങ്ങിപ്പോയിട്ടുണ്ട്‌. ഇരയെ വിട്ടുകളയാൻ അവ കൂട്ടാക്കിയില്ല. ഒരു ക്രിസ്‌ത്യാനിക്ക്‌ ഇതുപോലെ സംഭവിക്കാൻ സാധ്യതയുണ്ടോ? അലക്‌സിന്റെ അനുഭവം നോക്കാം. ഒരു മൂപ്പനായ അദ്ദേഹം പറയുന്നു: “ഒന്നും വെറുതെ ചെലവാക്കിക്കളയാത്ത സ്വഭാവക്കാരനാണ്‌ ഞാൻ. ഷാംപൂ എടുത്തത്‌ ഒരൽപ്പം കൂടിപ്പോയാൽ ഞാൻ അത്‌ കുപ്പിയിൽ തിരിച്ച്‌ ഒഴിക്കും.” പക്ഷേ, അലക്‌സ്‌ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനെസിൽ ചെന്നുപെട്ടു; ജോലി രാജിവെച്ച്‌ താമസിയാതെ പയനിയറിങ്ങ്‌ തുടങ്ങാൻ ഇതു സഹായിക്കും എന്ന്‌ അദ്ദേഹം ചിന്തിച്ചു. ഓഹരിവിപണിയുടെ ഏറ്റിറക്കങ്ങളെയും ഓഹരിയുടെ ക്രയവിക്രയത്തെയും കുറിച്ചുള്ള വിവരങ്ങൾ സമ്പാദിക്കുന്നതിൽ അദ്ദേഹം മുഴുകി. സ്വന്തം സമ്പാദ്യങ്ങളും ഇടനിലക്കാർവഴി കടം വാങ്ങിയ പണവും ഉപയോഗിച്ച്‌ അദ്ദേഹം ഓഹരികൾ വാങ്ങിക്കൂട്ടി. ചില ഓഹരികളുടെ വില കുത്തനെ ഉയരുമെന്ന വിദഗ്‌ധരുടെ അഭിപ്രായം കേട്ടിട്ടാണ്‌ അദ്ദേഹം ഇതു ചെയ്‌തത്‌. പക്ഷേ, പ്രവചനം പാളി, ഓഹരിവില കുത്തനെ ഇടിഞ്ഞു. “എങ്ങനെയും പണം തിരിച്ചുപിടിക്കണമെന്നായി എനിക്ക്‌,” അലക്‌സ്‌ പറയുന്നു. “അൽപ്പം കാത്തിരുന്നാൽ വിപണി മെച്ചപ്പെടുമെന്നു ഞാൻ വിചാരിച്ചു.”

      15 പിന്നെ കുറെ മാസത്തേക്ക്‌ ഇതുതന്നെയായി അലക്‌സിന്റെ ചിന്ത. ആത്മീയകാര്യങ്ങളിൽ മനസ്സുകേന്ദ്രീകരിക്കാൻ കഴിയാതെയായി, ഉറക്കം നഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം വാങ്ങിയ ഓഹരികളുടെ വില മെച്ചപ്പെട്ടില്ല. അലക്‌സിന്‌ സമ്പാദ്യം നഷ്ടപ്പെട്ടു, വീടും വിൽക്കേണ്ടിവന്നു. “എന്റെ കുടുംബത്തിന്‌ വലിയ ഹൃദയവേദനയാണ്‌ ഞാൻ വരുത്തിവെച്ചത്‌,” അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹം വലിയൊരു പാഠം പഠിച്ചു. “സാത്താന്റെ വ്യവസ്ഥിതിയിൽ ആശ്രയംവെക്കുന്നവർക്കെല്ലാം കടുത്ത നിരാശയായിരിക്കും ഫലം എന്നു ഞാൻ മനസ്സിലാക്കി.” (സദൃ. 11:28) സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും പണമുണ്ടാക്കാനുള്ള നമ്മുടെ സ്വന്തം കഴിവിലും ആശ്രയിക്കുന്നത്‌ ‘ഈ ലോകത്തിന്റെ ദൈവമായ’ സാത്താനിൽ ആശ്രയംവെക്കുന്നതിനു തുല്യമാണ്‌. (2 കൊരി. 4:4; 1 തിമൊ. 6:17) അതിനു ശേഷം അലക്‌സ്‌ ‘സുവിശേഷത്തെ പ്രതി’ ജീവിതം ലളിതമാക്കി. അങ്ങനെ ചെയ്‌തത്‌ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സന്തോഷം വർധിപ്പിച്ചെന്നും അവരെ യഹോവയോട്‌ കൂടുതൽ അടുപ്പിച്ചെന്നും അദ്ദേഹം പറയും.—മർക്കോസ്‌ 10:29, 30 വായിക്കുക.

      അഭിമാനം

      16. അഭിമാനം നല്ലതായിരിക്കുന്നത്‌ എപ്പോൾ? നമ്മെക്കുറിച്ച്‌ വേണ്ടതിലധികം ഭാവിച്ചാൽ എന്തു സംഭവിക്കാം?

      16 ശരിയായ കാര്യങ്ങളെപ്രതി അഭിമാനംകൊള്ളുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന്‌, യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിൽ നാം എല്ലായ്‌പോഴും അഭിമാനിക്കണം. (യിരെ. 9:24) ഉചിതമായ അളവിലുള്ള ആത്മാഭിമാനം നല്ല തീരുമാനങ്ങളെടുക്കാനും നമ്മുടെ ധാർമികനിലവാരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും സഹായിക്കും. എന്നാൽ നമ്മുടെ സ്ഥാനത്തിനോ വീക്ഷണങ്ങൾക്കോ അളവിൽക്കവിഞ്ഞ ശ്രേഷ്‌ഠത കൽപ്പിക്കുന്നത്‌ യഹോവയിൽനിന്നു നമ്മളെ അകറ്റിക്കളഞ്ഞേക്കാം —സങ്കീ. 138:6; റോമ. 12:3.

      [21-ാം പേജിലെ ചിത്രം]

      പദവികൾ ലഭിക്കാത്തതിൽ ആശങ്കപ്പെടാതെ ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുക

      17, 18. (എ) അഹങ്കാരത്തിന്റെയും താഴ്‌മയുടെയും ഏതു ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌? (ബി) യഹോവയിൽനിന്ന്‌ തന്നെ അകറ്റിക്കളയാൻ ഒരു സഹോദരൻ ദുരഭിമാനത്തെ അനുവദിക്കാതിരുന്നത്‌ എങ്ങനെ?

      17 അഹങ്കാരികളുടെയും താഴ്‌മയുള്ളവരുടെയും ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. ദാവീദുരാജാവ്‌ താഴ്‌മയോടെ മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കി, യഹോവ അവനെ അനുഗ്രഹിച്ചു. (സങ്കീ. 131:1-3) ഗർവികളായ രാജാക്കന്മാരായിരുന്ന നെബൂഖദ്‌നേസരിനെയും ബേൽശസ്സരിനെയും യഹോവ താഴ്‌ത്തി. (ദാനീ. 4:30-37; 5:22-30) നമ്മുടെ താഴ്‌മ പരിശോധിക്കപ്പെടുന്ന സന്ദർഭങ്ങൾ ഇന്നും ഉയർന്നുവന്നേക്കാം. 32 വയസ്സുള്ള റയൻ പുതിയൊരു സഭയിലേക്ക്‌ മാറി, അപ്പോൾ അദ്ദേഹം ഒരു ശുശ്രൂഷാദാസനായിരുന്നു. റയൻ പറയുന്നു: “പെട്ടെന്നുതന്നെ മൂപ്പനാകുമെന്നാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. പക്ഷേ ഒരുവർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.” മൂപ്പന്മാർ തന്നോട്‌ വേണ്ടത്ര ബഹുമാനം കാണിച്ചില്ല എന്നു ചിന്തിച്ച്‌ റയൻ നീരസപ്പെടുകയോ കുപിതനാകുകയോ ചെയ്‌തോ? യോഗങ്ങൾക്കു പോകുന്നതു നിറുത്തിക്കൊണ്ട്‌ യഹോവയിൽനിന്നും അവന്റെ ജനത്തിൽനിന്നും അകന്നുനിൽക്കാൻ അദ്ദേഹം ദുരഭിമാനത്തെ അനുവദിച്ചോ? നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?

      18 “പ്രതീക്ഷകൾ സഫലമാകാൻ വൈകുമ്പോൾ എന്താണു ചെയ്യേണ്ടത്‌ എന്നതിനെക്കുറിച്ച്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ കിട്ടാവുന്ന വിവരങ്ങളത്രയും ഞാൻ വായിച്ചു,” റയൻ ഓർക്കുന്നു. (സദൃ. 13:12) “ക്ഷമയും താഴ്‌മയും പഠിക്കേണ്ടതുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കി. എന്നെ പരിശീലിപ്പിക്കാൻ ഞാൻ യഹോവയെ അനുവദിക്കേണ്ടതുണ്ടായിരുന്നു.” തന്നെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനുപകരം, സഭയിലുള്ളവരെയും ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെയും സേവിക്കുന്നതിൽ റയൻ ശ്രദ്ധകേന്ദ്രീകരിച്ചു. താമസിയാതെ അദ്ദേഹത്തിന്‌ നിരവധി നല്ല അധ്യയനങ്ങൾ ലഭിച്ചു. റയൻ പറയുന്നു: “ഒന്നരവർഷത്തിനുശേഷം എന്നെ മൂപ്പനാക്കിക്കൊണ്ടുള്ള നിയമനം വന്നു. എന്നെ സംബന്ധിച്ചിടത്തോളം അതു തികച്ചും അപ്രതീക്ഷിതമായിരുന്നു! കാരണം അതേക്കുറിച്ചുള്ള ചിന്തയെല്ലാം ഞാൻ പണ്ടേ വിട്ടുകളഞ്ഞിരുന്നു, ശുശ്രൂഷ ഞാൻ അത്രയ്‌ക്ക്‌ ആസ്വദിക്കുകയായിരുന്നു!”—സങ്കീർത്തനം 37:3, 4 വായിക്കുക.

      യഹോവയോടു പറ്റിനിൽക്കുക!

      19, 20. (എ) അനുദിനകാര്യാദികളൊന്നും യഹോവയിൽനിന്ന്‌ നമ്മെ അകറ്റിക്കളയുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പാക്കാം? (ബി) യഹോവയോടു പറ്റിനിന്ന ആരുടെയെല്ലാം ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്‌?

      19 ഈ ലേഖനത്തിലും കഴിഞ്ഞ ലേഖനത്തിലും നാം പരിചിന്തിച്ച കാര്യങ്ങൾക്ക്‌ നമ്മുടെ ജീവിതത്തിൽ ഉചിതമായ സ്ഥാനമുണ്ട്‌. യഹോവയുടെ ദാസന്മാരായിരിക്കുന്നതിൽ നാം അഭിമാനംകൊള്ളുന്നു. സന്തുഷ്ടകുടുംബവും നല്ല ആരോഗ്യവും യഹോവയിൽനിന്നുള്ള മഹത്തായ അനുഗ്രഹങ്ങൾതന്നെയാണ്‌. ജോലിയും പണവും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ഉതകുമെന്ന്‌ നമുക്കറിയാം. വിനോദം നമുക്ക്‌ ഉന്മേഷം പകരുമെന്നതും സാങ്കേതികവിദ്യ പല വിധങ്ങളിൽ നമുക്ക്‌ ഉപകരിക്കുമെന്നതും വാസ്‌തവമാണ്‌. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ പരിധിവിട്ടോ സമയബോധമില്ലാതെയോ നമ്മുടെ ആരാധനയെ ബാധിക്കുന്ന വിധത്തിലോ ആയിത്തീരുമ്പോൾ അവയ്‌ക്ക്‌ നമ്മെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാനാകും.

      യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!

      20 സാത്താൻ അതാണ്‌ ആഗ്രഹിക്കുന്നത്‌. എന്നാൽ അങ്ങനെയൊരു ദുരന്തം നിങ്ങൾക്കും കുടുംബത്തിനും വന്നുഭവിക്കാതെ തടയാൻ മാർഗമുണ്ട്‌. (സദൃ. 22:3) യഹോവയോട്‌ അടുത്തുചെല്ലുക, അവനോടു പറ്റിനിൽക്കുക. ഇക്കാര്യത്തിൽ നമുക്ക്‌ മാതൃകയാക്കാൻ നിരവധി ബൈബിൾ ദൃഷ്ടാന്തങ്ങളുണ്ട്‌. ഹാനോക്കും നോഹയും “ദൈവത്തോടുകൂടെ നടന്നു.” (ഉല്‌പ. 5:22; 6:9) മോശ “അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു.” (എബ്രാ. 11:27) യേശു എല്ലായ്‌പോഴും പിതാവിനു പ്രസാദകരമായതു ചെയ്‌തതിനാൽ പിതാവിന്റെ പിന്തുണ എപ്പോഴും അവനുണ്ടായിരുന്നു. (യോഹ. 8:29) ഇങ്ങനെയുള്ള മാതൃകകൾ പകർത്തുക. “എപ്പോഴും സന്തോഷിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ. എല്ലാറ്റിനും കൃതജ്ഞതാസ്‌തോത്രം അർപ്പിക്കുവിൻ.” (1 തെസ്സ. 5:16-18) അതെ, യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!

      a പേരുകൾ മാറ്റിയിരിക്കുന്നു.

      b “വളർച്ചയുടെ പടവുകളിൽ മക്കളെ കൈപിടിച്ചു നടത്താം” എന്ന 2011 ഒക്‌ടോബർ-ഡിസംബർ ലക്കം ഉണരുക! കാണുക.

      c 2011 ജൂലൈ-സെപ്‌റ്റംബർ ഉണരുക!-യിലെ “നല്ല ആരോഗ്യത്തിന്‌ അഞ്ചുവഴികൾ” എന്ന ലേഖനപരമ്പര കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക