ദൈവവചനം ഉപയോഗിക്കുക അത് ജീവനുള്ളതാണ്!
“ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്.”—എബ്രാ. 4:12.
1, 2. യഹോവ മോശയ്ക്ക് എന്ത് നിയമനമാണ് കൊടുത്തത്, അതോടൊപ്പം അവൻ എന്ത് ഉറപ്പും നൽകി?
ഭൂമിയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ സന്നിധിയിൽ യഹോവയുടെ ജനത്തെ പ്രതിനിധീകരിച്ച് നിങ്ങൾക്ക് സംസാരിക്കേണ്ടിവരുന്നതായി ഭാവനയിൽ കാണുക. അത് എങ്ങനെയുള്ള ഒരു അനുഭവമായിരിക്കും? ഉത്കണ്ഠയും ഭയവും അപര്യാപ്തതയും നിങ്ങളുടെ മേൽ പിടിമുറുക്കിയേക്കാം. എന്തു പറയണമെന്ന് നിങ്ങൾ എങ്ങനെ തയ്യാറാകും? സർവശക്തനായ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിൽ വാക്കുകൾക്ക് കനവും കരുത്തും പകരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
2 ശരിക്കും അങ്ങനെയൊരു സാഹചര്യത്തെ നേരിട്ട വ്യക്തിയാണ് മോശ. “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” അവൻ. ഈജിപ്റ്റിലെ അടിച്ചമർത്തലിൽനിന്നും അടിമത്തത്തിൽനിന്നും ദൈവജനത്തെ വിടുവിക്കേണ്ടതിന് ഫറവോന്റെ അടുക്കലേക്ക് താൻ അവനെ അയയ്ക്കാൻ പോകുകയാണെന്ന് യഹോവ മോശയോട് പറഞ്ഞു. (സംഖ്യാ. 12:3) പിന്നീട് അരങ്ങേറിയ സംഭവങ്ങളിൽ വ്യക്തമായതുപോലെ, ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ആൾരൂപമായിരുന്നു ഫറവോൻ. (പുറ. 5:1, 2) എന്നിട്ടും, ദശലക്ഷങ്ങൾ വരുന്ന അടിമകളെ വിട്ടയയ്ക്കാൻ മോശ ചെന്ന് ഫറവോനോട് കല്പിക്കണമെന്നാണ് യഹോവ ഉദ്ദേശിച്ചത്! “ഫറവോന്റെ അടുക്കൽപോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു” എന്ന് മോശ യഹോവയോട് ചോദിച്ചുപോയത് എന്തുകൊണ്ടെന്ന് നമുക്ക് ഊഹിക്കാനാകും. താൻ അപ്രാപ്തനും അപര്യാപ്തനും ആണെന്ന് മോശയ്ക്ക് തോന്നിയിരിക്കണം. എന്നാൽ അവൻ തനിച്ചായിരിക്കില്ലെന്ന് ദൈവം അവന് ഉറപ്പു കൊടുത്തു. “ഞാൻ നിന്നോടുകൂടെ ഇരിക്കും,” യഹോവ പറഞ്ഞു.—പുറ. 3:9-12.
3, 4. (എ) മോശയ്ക്ക് എന്തെല്ലാം ഭയാശങ്കകളുണ്ടായിരുന്നു? (ബി) മോശ അഭിമുഖീകരിച്ചതിനു സമാനമായ വെല്ലുവിളികൾ ഏതു സാഹചര്യത്തിൽ നമുക്ക് നേരിടേണ്ടിവന്നേക്കാം?
3 എന്തെല്ലാമായിരുന്നു മോശയുടെ ഭയാശങ്കകൾ? യഹോവയാം ദൈവത്തിന്റെ ഒരു പ്രതിനിധിയെ ഫറവോൻ ഒരിക്കലും സ്വീകരിക്കാനോ ശ്രദ്ധിക്കാനോ പോകുന്നില്ലെന്ന് അവൻ കരുതിയിട്ടുണ്ടാവണം. എന്തിന്, ഇസ്രായേല്യരെ മിസ്രയീമിന്റെ നുകത്തിൽനിന്ന് വിമോചനത്തിലേക്ക് നയിക്കാൻ യഹോവ തന്നെ നിയോഗിച്ചിരിക്കുകയാണെന്ന് സ്വന്തജനംപോലും വിശ്വസിക്കാനുള്ള സാധ്യതയില്ലെന്ന് മോശ ഭയന്നിരിക്കാം. അതുകൊണ്ട്, മോശ യഹോവയോട് ഇങ്ങനെ പറഞ്ഞു: “അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും.”—പുറ. 3:15-18; 4:1.
4 യഹോവ മോശയ്ക്കു കൊടുത്ത മറുപടിയും തുടർന്നു നടന്ന സംഭവങ്ങളും നമുക്കോരോരുത്തർക്കും ശക്തമായ ഒരു പാഠം പകർന്നുനൽകുന്നു. നിങ്ങൾക്ക് ഒരിക്കലും ഒരു ഉന്നതാധികാരിയുടെ മുമ്പാകെ നിൽക്കേണ്ടിവരില്ലായിരിക്കാം. എന്നാൽ നിത്യേന കണ്ടുമുട്ടുന്ന സാധാരണക്കാരോടുപോലും ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ മോശയുടെ അനുഭവരേഖയിൽനിന്ന് എന്തു പഠിക്കാനാകുമെന്നു ചിന്തിക്കുക.
“നിന്റെ കയ്യിൽ ഇരിക്കുന്നതു എന്ത്?”
5. യഹോവ മോശയുടെ കയ്യിൽ എന്തു നൽകി, അത് അവന്റെ ഭയാശങ്കകൾ ലഘൂകരിച്ചത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 ഫറവോനും ഇസ്രായേൽജനവും തന്റെ വാക്കുകൾ ഗൗരവമായി എടുക്കാൻ സാധ്യതയില്ലെന്ന ഭയം മോശ പ്രകടിപ്പിച്ചപ്പോൾ വരാനിരുന്ന സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടുന്നതിനായി ദൈവം അവനെ ഒരുക്കി. പുറപ്പാടിലെ വിവരണം ഇങ്ങനെ പറയുന്നു: “യഹോവ അവനോടു (മോശയോട്): നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു. അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി. യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു. ഇതു . . . യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു” എന്ന് ദൈവം അവനോടു പറഞ്ഞു. (പുറ. 4:2-5) അതെ, തന്റെ സന്ദേശം യഹോവയിൽനിന്നുള്ളതാണെന്ന് മറ്റുള്ളവരുടെ മുന്നിൽ മോശയ്ക്ക് തെളിയിക്കാൻ ഉതകുമായിരുന്ന ഒരു ഉപാധി ദൈവം മോശയുടെ കയ്യിൽ വെച്ചു. മറ്റുള്ളവരുടെ കണ്ണിലെ കേവലമൊരു മരക്കമ്പ് യഹോവയുടെ ശക്തിയാൽ ജീവനുള്ളതായി! അത്തരം ഒരു അത്ഭുതം, മോശയെ അയച്ചത് യഹോവതന്നെയാണെന്ന് അസന്ദിഗ്ധമായി തെളിയിച്ചുകൊണ്ട് മോശയുടെ വാക്കുകൾക്ക് വീര്യം പകരുമായിരുന്നു! അതുകൊണ്ട്, യഹോവ അവനോട് പറഞ്ഞു: “അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.” (പുറ. 4:17) ദൈവാംഗീകാരത്തിന്റെ ആ ദൃശ്യസാക്ഷ്യവുമായി മോശയ്ക്ക് സധൈര്യം യാത്രയാകാനും സ്വജനത്തിന്റെയും ഫറവോന്റെയും മുമ്പാകെ ആത്മവിശ്വാസത്തോടെ സത്യദൈവത്തെ പ്രതിനിധീകരിക്കാനും കഴിയുമായിരുന്നു.—പുറ. 4:29-31; 7:8-13.
6. (എ) പ്രസംഗവേലയിലായിരിക്കുമ്പോൾ നമ്മുടെ കയ്യിൽ എന്തുണ്ടായിരിക്കണം, എന്തുകൊണ്ട്? (ബി) “ദൈവത്തിന്റെ വചനം ജീവനു”ള്ളതായിരിക്കുന്നത് എങ്ങനെ, അത് “ശക്തി” ചെലുത്തുന്നത് എങ്ങനെ?
6 ബൈബിൾസന്ദേശം പങ്കുവെക്കാനായി പോകുമ്പോൾ അതേ ചോദ്യം നാം ഇന്നും കേട്ടേക്കാം: ‘നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് എന്താണ്?’ മിക്കപ്പോഴും, വയലിൽ ഉപയോഗിക്കാനായി നമ്മുടെ കൈയിലുണ്ടാകുന്നത് ബൈബിളായിരിക്കും.a ബൈബിളിനെ സാധാരണ ഒരു പുസ്തകം മാത്രമായി ചിലർ കണ്ടേക്കാമെങ്കിലും യഹോവ തന്റെ നിശ്ശ്വസ്തവചനമായ ബൈബിളിലൂടെ നമ്മോട് സംസാരിക്കുന്നു. (2 പത്രോ. 1:21) ദൈവരാജ്യഭരണത്തിൻകീഴിൽ നിറവേറാനിരിക്കുന്ന അവന്റെ വാഗ്ദാനങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ്, “ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്” എന്ന് പൗലോസ് അപ്പൊസ്തലന് എഴുതാൻ കഴിഞ്ഞത്. (എബ്രായർ 4:12 വായിക്കുക.) തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാനായി യഹോവ സദാ കർമനിരതനായിരിക്കുന്നതുകൊണ്ട് അവന്റെ വാഗ്ദാനങ്ങളെല്ലാം കുതിച്ചൊഴുകുന്ന നദിപോലെ നിവൃത്തിയിലേക്ക് മുന്നേറുന്നവയാണ്, കെട്ടിക്കിടക്കുന്ന വെള്ളംപോലെ നിശ്ചലമല്ല. (യെശ. 46:10; 55:11) യഹോവയുടെ വചനത്തെക്കുറിച്ച് ഒരു വ്യക്തി ഇത് തിരിച്ചറിയുമ്പോൾ ബൈബിളിൽനിന്ന് വായിക്കുന്ന കാര്യങ്ങൾക്ക് ആ വ്യക്തിയുടെ ജീവിതത്തിൽ ശക്തമായ പ്രഭാവം ചെലുത്താനാകും.
7. “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യം” ചെയ്യാൻ നമുക്ക് എങ്ങനെ കഴിയും?
7 അതെ, തന്റെ ജീവനുള്ള ലിഖിതവചനം യഹോവ നമ്മുടെ കയ്യിൽ വെച്ചിരിക്കുന്നു. നമ്മുടെ സന്ദേശം വിശ്വസനീയവും ദൈവത്തിൽനിന്നുള്ളതും ആണെന്ന് അതു മുഖാന്തരം നമുക്കു തെളിയിക്കാൻ കഴിയും. എബ്രായലേഖനം എഴുതിയശേഷം തന്റെ ആത്മീയശിഷ്യനായ തിമൊഥെയൊസിനോട് ‘സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്യാൻ നിന്നാലാവോളം ശ്രമിക്കുക’ എന്ന് പൗലോസ് പറഞ്ഞതിൽ അതിശയിക്കാനില്ല. (2 തിമൊ. 2:15) പൗലോസിന്റെ ബുദ്ധിയുപദേശം ഇന്ന് നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും? ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുന്ന തിരഞ്ഞെടുത്ത തിരുവെഴുത്തുകൾ വായിച്ചുകേൾപ്പിക്കുകവഴി നമുക്ക് അതിനു സാധിക്കും. നമ്മെ അതിന് സഹായിക്കുക എന്ന ലക്ഷ്യത്തിൽ വിശേഷാൽ തയ്യാറാക്കിയിട്ടുള്ളവയാണ് 2013-ൽ പ്രകാശനം ചെയ്ത ലഘുലേഖകൾ.
തിരഞ്ഞെടുത്ത ഒരു വാക്യം വായിക്കുക
8. പുതിയ ലഘുലേഖകളെക്കുറിച്ച് ഒരു സേവന മേൽവിചാരകൻ എന്തു പറഞ്ഞു?
8 ഈ പുതിയ ലഘുലേഖകൾക്കെല്ലാം ഒരേ രൂപഘടനയാണുള്ളത്. അതുകൊണ്ടുതന്നെ, അതിൽ ഒരെണ്ണം ഉപയോഗിക്കാൻ പഠിച്ചാൽ ബാക്കിയെല്ലാം ഉപയോഗിക്കാൻ പഠിച്ചു എന്നു പറയാം. അവ ഉപയോഗിക്കാൻ എളുപ്പമാണോ? യു.എസ്.എ-യിലെ ഹവായിയിലുള്ള ഒരു സേവന മേൽവിചാരകൻ ഇങ്ങനെ എഴുതി: “വീടുതോറുമുള്ള വേലയിലും പരസ്യസാക്ഷീകരണത്തിലും ഈ പുതിയ ഉപകരണം ഇത്രത്തോളം ഉപകാരപ്രദമായിരിക്കുമെന്ന് ഞങ്ങൾ ഒട്ടും കരുതിയില്ല.” ഈ ലഘുലേഖകൾ എഴുതിയിരിക്കുന്ന വിധം എളുപ്പം മറുപടി പറയാൻ ആളുകളെ സഹായിക്കുന്നു. അതാകട്ടെ, മിക്കപ്പോഴുംതന്നെ രസകരമായ സംഭാഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ലഘുലേഖകളുടെ പുറന്താളിലുള്ള ചോദ്യങ്ങളും അവയ്ക്ക് കൊടുത്തിരിക്കുന്ന തിരഞ്ഞെടുക്കാവുന്ന ഉത്തരങ്ങളും ആണ് അതിന് കാരണമെന്ന് അദ്ദേഹം കരുതുന്നു. ഉത്തരം തെറ്റിപ്പോകുമോ എന്ന് ഓർത്ത് വീട്ടുകാരന് വിഷമം തോന്നേണ്ട കാര്യമില്ല.
9, 10. (എ) പുതിയ ലഘുലേഖകൾ ബൈബിൾ ഉപയോഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത് എങ്ങനെ? (ബി) ഏറ്റവും ഫലപ്രദമായി നിങ്ങൾ കണ്ട ലഘുലേഖകൾ ഏതൊക്കെയാണ്, എന്തുകൊണ്ട്?
9 ഓരോ ലഘുലേഖയും തിരഞ്ഞെടുത്ത ഒരു തിരുവെഴുത്തു വായിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഉദാഹരണത്തിന്, ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ എടുക്കുക. വീട്ടുകാരൻ “ഉവ്വ്,” “ഇല്ല,” “ഒരുപക്ഷേ” എന്നിവയിൽ ഏത് ഉത്തരം തിരഞ്ഞെടുത്താലും ഉൾപ്പേജിലേക്കു മറിച്ച് കൂടുതലൊന്നും പറയാതെതന്നെ, “ബൈബിൾ പറയുന്നത്” എന്ന ഭാഗം കാണിക്കുക. തുടർന്ന് വെളിപാട് 21:3, 4 വായിക്കുക.
10 സമാനമായി, ബൈബിൾ ഏതുതരം പുസ്തകമാണ്? എന്ന ലഘുലേഖ ഉപയോഗിക്കുമ്പോൾ പുറന്താളിൽ കൊടുത്തിരിക്കുന്ന മൂന്ന് അഭിപ്രായങ്ങളിൽ വീട്ടുകാരൻ ഏതു തിരഞ്ഞെടുത്താലും ഉൾപ്പേജിലേക്ക് മറിച്ച് ഇങ്ങനെ പറയുക: “ബൈബിൾ പറയുന്നത് ഇതാണ്: ‘മുഴുതിരുവെഴുത്തും ദൈവനിശ്വസ്തമാണ്.’” അതിനു ശേഷം ഇങ്ങനെ പറയാം: “ആ വേദഭാഗത്ത് കുറച്ചുകൂടി കാര്യങ്ങൾ പറയുന്നുണ്ട്.” എന്നിട്ട്, ബൈബിൾ തുറന്ന് 2 തിമൊഥെയൊസ് 3:16, 17 മുഴുവൻ വായിക്കുക.
11, 12. (എ) ശുശ്രൂഷയിൽനിന്ന് നിങ്ങൾക്ക് എന്തു സംതൃപ്തി ലഭിക്കുന്നു? (ബി) മടക്കസന്ദർശനങ്ങൾക്കായി തയ്യാറാകാൻ ലഘുലേഖകൾ സഹായിക്കുന്നത് എങ്ങനെ?
11 ലഘുലേഖയുടെ ബാക്കിഭാഗം എത്രത്തോളം വായിച്ച് ചർച്ച ചെയ്യണമെന്ന് വീട്ടുകാരന്റെ പ്രതികരണം അനുസരിച്ച് നിങ്ങൾക്ക് തീരുമാനിക്കാനാകും. സാഹചര്യം എന്തായാലും, ആളുകളുടെ പക്കൽ ലഘുലേഖ എത്തിക്കാൻ സാധിച്ചു എന്നതിനു പുറമേ, ഒന്നോ രണ്ടോ വാക്യമാണെങ്കിൽക്കൂടി ദൈവത്തിന്റെ വചനത്തിൽനിന്ന് ആദ്യസന്ദർശനത്തിൽത്തന്നെ കുറച്ചു ഭാഗം വായിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യവും നിങ്ങൾക്കുണ്ടായിരിക്കും. അടുത്ത സന്ദർശനത്തിൽ നിങ്ങൾക്ക് ചർച്ച തുടരാൻ കഴിയും.
12 ഓരോ ലഘുലേഖയുടെയും പുറകിൽ, “നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന ശീർഷകത്തിനു താഴെ ഒരു ചോദ്യവും മടങ്ങിച്ചെല്ലുമ്പോൾ ചർച്ച ചെയ്യാനുള്ള തിരുവെഴുത്തുകളും കൊടുത്തിട്ടുണ്ട്. ലോകത്തിന്റെ ഭാവി എന്തായിത്തീരും? എന്ന ലഘുലേഖയിലെ മടക്കസന്ദർശനത്തിനുള്ള ചോദ്യം, “ദൈവം ഈ ലോകത്തിലെ അവസ്ഥകൾക്കു മാറ്റം വരുത്തുന്നത് എങ്ങനെ?” എന്നതാണ്. മത്തായി 6:9, 10; ദാനീയേൽ 2:44 എന്നീ വാക്യങ്ങൾ അവിടെ നൽകിയിരിക്കുന്നു. മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖയിലെ ചോദ്യമാകട്ടെ, “നാം പ്രായമാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?” എന്നാണ്. ഉല്പത്തി 3:17-19; റോമർ 5:12 എന്നിവയാണ് പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ.
13. ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ലഘുലേഖകൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു വിശദീകരിക്കുക.
13 ബൈബിളധ്യയനങ്ങൾ തുടങ്ങാനുള്ള ചവിട്ടുപടികളായി ലഘുലേഖകൾ ഉപയോഗിക്കുക. ലഘുലേഖയുടെ പുറകിൽ ഒരു ക്യൂആർ (quick response) കോഡ്b നൽകിയിട്ടുണ്ട്. ആരെങ്കിലും ആ കോഡ് സ്കാൻ ചെയ്യുമ്പോൾ, അത് നേരെ അവരെ നമ്മുടെ വെബ്സൈറ്റിലുള്ള, “ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?” എന്ന വീഡിയോയിലേക്ക് കൊണ്ടുപോകുന്നു. ബൈബിൾ പഠിക്കാൻ അവരെ ക്ഷണിച്ചുകൊണ്ടുള്ളതാണ് ആ വീഡിയോ. കൂടാതെ, ഈ ലഘുലേഖകൾ ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക പരിചയപ്പെടുത്തുകയും അതിലെ ഒരു നിർദിഷ്ട പാഠം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ആരാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്? എന്ന ലഘുലേഖ പ്രസ്തുത ലഘുപത്രികയുടെ 5-ാം അധ്യായത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു; കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്? എന്ന ലഘുലേഖയാകട്ടെ 9-ാം അധ്യായത്തിലേക്കും. ലഘുലേഖകൾ ഉദ്ദിഷ്ടവിധത്തിൽ ഉപയോഗിക്കുകവഴി പ്രഥമസന്ദർശനത്തിലും മടക്കസന്ദർശനങ്ങളിലും ബൈബിൾ ഉപയോഗിക്കുന്ന നല്ല രീതി നാം പിൻപറ്റുകയായിരിക്കും. അതാകട്ടെ, കൂടുതൽ അധ്യയനങ്ങൾ ആരംഭിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാം. ദൈവവചനം ശുശ്രൂഷയിൽ ഫലകരമായി ഉപയോഗിക്കാൻ ഇനിയും കൂടുതലായി മറ്റെന്തെങ്കിലും നിങ്ങൾക്ക് ചെയ്യാനാകുമോ?
ആളുകളുടെ മനസ്സിനെ അലട്ടുന്ന ഒരു വിഷയം ചർച്ച ചെയ്യുക
14, 15. പൗലോസിന് ശുശ്രൂഷയോടുണ്ടായിരുന്ന മനോഭാവം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
14 ശുശ്രൂഷയിൽ “അധികംപേരെ” നേടേണ്ടതിന് കഴിയുന്നത്ര ആളുകളുമായി ഇണങ്ങിച്ചേരാൻ പൗലോസിന് ആത്മാർഥമായ ആഗ്രഹമുണ്ടായിരുന്നു. (1 കൊരിന്ത്യർ 9:19-23 വായിക്കുക.) ‘യഹൂദന്മാരെയും ന്യായപ്രമാണത്തിൻകീഴിലുള്ളവരെയും ന്യായപ്രമാണം ഇല്ലാത്തവരെയും ബലഹീനരെയും നേടാൻ’ പൗലോസ് ആഗ്രഹിച്ചു എന്നത് ശ്രദ്ധിക്കുക. അതെ, “ഏതുവിധേനയും ചിലരെ നേടേണ്ടതിന് (അവൻ) എല്ലാവർക്കും” സാക്ഷ്യം നൽകാൻ യത്നിച്ചു. (പ്രവൃ. 20:21) നമ്മുടെ പ്രദേശത്തുള്ള “സകലതരം മനുഷ്യരു”മായും സത്യം പങ്കുവെക്കാനുള്ള ലക്ഷ്യത്തിൽ തയ്യാറാകുമ്പോൾ നമുക്ക് എങ്ങനെ പൗലോസിന്റെ മനോഭാവം അനുകരിക്കാനാകും?—1 തിമൊ. 2:3, 4.
15 നമ്മുടെ രാജ്യ ശുശ്രൂഷയിൽ മാസന്തോറും മാതൃകാവതരണങ്ങൾ മാറിമാറി വരാറുണ്ട്. അവ പരീക്ഷിച്ചുനോക്കുക. എന്നാൽ നിങ്ങളുടെ പ്രദേശത്തെ ആളുകളെ അലട്ടുന്നത് വേറെ ചില പ്രശ്നങ്ങളാണെങ്കിൽ അവയ്ക്കു യോജിക്കുന്ന താത്പര്യജനകമായ മറ്റ് അവതരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കുക. നിങ്ങൾ ജീവിക്കുന്ന ചുറ്റുപാടിനെയും അവിടെ താമസിക്കുന്ന ആളുകളെയും അവരെ ഏറ്റവും അധികം ബാധിക്കുന്ന പ്രശ്നങ്ങളെയും കുറിച്ച് ചിന്തിക്കുക. തുടർന്ന്, അവരെ സഹായിക്കുന്ന ഒരു തിരുവെഴുത്ത് കണ്ടെത്തുക. താനും ഭാര്യയും ബൈബിൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നത് എങ്ങനെയാണെന്ന് ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ വിശദീകരിക്കുന്നു: “വലിച്ചുവാരി പറയാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നെങ്കിൽ മിക്ക വീട്ടുകാരും ഒരു വാക്യം വായിക്കാൻ നമ്മെ അനുവദിക്കും. ബൈബിൾ കയ്യിൽ തുറന്നുപിടിച്ചുകൊണ്ടുതന്നെ വീട്ടുകാരനെ അഭിവാദനം ചെയ്ത് പരിചയപ്പെട്ടശേഷം ഞങ്ങൾ തിരുവെഴുത്ത് വായിക്കും.” ഇതിനോടകംതന്നെ പലരും വയലിൽ ഉപയോഗിച്ച് ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ചില വിഷയങ്ങളും ചോദ്യങ്ങളും തിരുവെഴുത്തുകളും നമുക്കു പരിചിന്തിക്കാം. നിങ്ങളുടെ പ്രദേശത്ത് അവ പരീക്ഷിച്ചുനോക്കാവുന്നതാണ്.
ശുശ്രൂഷയിൽ ബൈബിളും ലഘുലേഖകളും നിങ്ങൾ ഫലകരമായി ഉപയോഗിക്കുന്നുണ്ടോ? (8-13 ഖണ്ഡികകൾ കാണുക)
16. യെശയ്യാവു 14:7 ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുക.
16 കൂടെക്കൂടെ സമാധാനം തകരാറുള്ള ഒരു പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, വീട്ടുകാരനോട് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനാകും: “‘ലോകമെങ്ങും സമാധാനം കളിയാടുന്നു; ആളുകളെല്ലാം ആനന്ദിച്ചാർക്കുന്നു’ എന്നുംമറ്റുമുള്ള തലക്കെട്ടുകൾ പത്രമാധ്യമങ്ങളിൽ വരുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്നെങ്കിലും സങ്കല്പിക്കാനാകുമോ? പക്ഷേ, യെശയ്യാവു 14:7-ൽ ബൈബിൾ പറയുന്നത് അതാണ്. വാസ്തവത്തിൽ, ഭാവിയിൽ വരാൻപോകുന്ന സമാധാനകാലത്തെക്കുറിച്ച് ഒട്ടനവധി ദൈവികവാഗ്ദാനങ്ങൾ ബൈബിളിലുണ്ട്.” തുടർന്ന്, ആ വാഗ്ദാനങ്ങളിൽ ഒരെണ്ണം ബൈബിളിൽനിന്ന് വായിക്കാമെന്ന് പറയുക.
17. മത്തായി 4:4 വായിക്കാൻ കഴിയുംവിധം ഒരു സംഭാഷണം എങ്ങനെ ആരംഭിക്കാനാകും?
17 നിങ്ങളുടെ പ്രദേശത്തെ പുരുഷന്മാർക്ക് ഉപജീവനത്തിനായി ഒരുപാട് കഷ്ടപ്പെടേണ്ടിവരുന്നുണ്ടോ? അത്തരം സാഹചര്യത്തിലുള്ള ഒരാളെ കണ്ടുമുട്ടുമ്പോൾ, ഇങ്ങനെ ചോദിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു സംഭാഷണം ആരംഭിക്കാനായേക്കും: “ഒരു ചെറിയ കുടുംബത്തിന് സന്തോഷത്തോടെ കഴിയാൻ കുടുംബനാഥന് മാസം കുറഞ്ഞത് എന്തു വരുമാനം വേണമായിരിക്കും, നിങ്ങൾക്കെന്തു തോന്നുന്നു?” വീട്ടുകാരന്റെ മറുപടി കേട്ടശേഷം ഇങ്ങനെ പറയുക: “അനേകം കുടുംബനാഥന്മാർ അതിലും കൂടുതൽ സമ്പാദിക്കുന്നുണ്ട്, എന്നിട്ടും അവരുടെ കുടുംബങ്ങൾക്ക് സംതൃപ്തി ആസ്വദിക്കാനാകുന്നില്ല. അപ്പോൾപ്പിന്നെ ശരിക്കും എന്താണ് ആവശ്യമായിരിക്കുന്നത്?” തുടർന്ന്, മത്തായി 4:4 വായിച്ച് ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ച് പറയുക.
18. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ യിരെമ്യാവു 29:11 ഉപയോഗിക്കാനാകും?
18 അടുത്തകാലത്തുണ്ടായ ഏതെങ്കിലും ഒരു ദുരന്തത്തിന്റെ ഫലമായി യാതന അനുഭവിക്കുന്നവരാണോ നിങ്ങളുടെ അയൽവാസികൾ? അങ്ങനെയെങ്കിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് സംഭാഷണം ആരംഭിക്കാനാകും: “അല്പം ആശ്വാസം പകരുന്ന ചില കാര്യങ്ങൾ പറയാനാണ് ഞാൻ വന്നത്. (യിരെമ്യാവു 29:11 വായിക്കുക.) നമുക്കുവേണ്ടി ദൈവം ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? നമുക്ക് ‘നന്മ’ വരണമെന്നും ‘പ്രത്യാശ’ ഉണ്ടായിരിക്കണമെന്നും നാം ‘ശുഭകരമായ ഒരു ഭാവി’ ആസ്വദിക്കണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്. നമുക്ക് ഒരു നല്ല ജീവിതമുണ്ടായിരിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് അറിയുന്നതുതന്നെ സന്തോഷകരമല്ലേ? പക്ഷേ, അത് എങ്ങനെ സാധ്യമാകും?” തുടർന്ന്, സുവാർത്താ ലഘുപത്രികയുടെ അനുയോജ്യമായ ഒരു പാഠത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക.
19. ക്രൈസ്തവരോട് സംസാരിക്കുമ്പോൾ വെളിപാട് 14:6, 7 എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുക.
19 നിങ്ങളുടെ പ്രദേശത്തെ ആളുകൾ മതഭക്തരാണോ? ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ഒരാളോട് ഇങ്ങനെ ചോദിച്ചുകൊണ്ട് നിങ്ങൾക്ക് സംഭാഷണം ആരംഭിക്കാനാകും: “ഒരു മാലാഖ, അഥവാ ഒരു ദൈവദൂതൻ, നിങ്ങളോട് സംസാരിക്കുകയാണെങ്കിൽ നിങ്ങൾ അത് താത്പര്യപൂർവം ശ്രദ്ധിക്കില്ലേ? (വെളിപാട് 14:6, 7 വായിക്കുക.) ഈ തിരുവെഴുത്തിൽ കാണുന്ന ദൈവദൂതൻ നമ്മോട്, ‘ദൈവത്തെ ഭയപ്പെടുവിൻ’ എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഏതു ദൈവത്തെക്കുറിച്ചാണ് ഈ മാലാഖ പറയുന്നത് എന്ന് തിരിച്ചറിയുന്നത് പ്രധാനമല്ലേ? ആ ദൈവത്തെക്കുറിച്ച് ‘ആകാശവും ഭൂമിയും ഉണ്ടാക്കിയവൻ’ എന്നൊരു സൂചന അവൻ നമുക്ക് തരുന്നുണ്ട്. അത് ആരാണ്?” തുടർന്ന് സങ്കീർത്തനം 124:8 വായിക്കുക. അവിടെ ഇങ്ങനെ പറയുന്നു: “നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.” യഹോവയാം ദൈവത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാനായി വീണ്ടും വരാമെന്നു പറഞ്ഞുകൊണ്ട് മടക്കസന്ദർശനം ക്രമീകരിക്കുക.
20. (എ) ദൈവത്തിന്റെ പേര് പഠിപ്പിക്കാൻ സദൃശവാക്യങ്ങൾ 30:4 നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും? (ബി) നിങ്ങൾ ഉപയോഗിച്ച് ഫലംകണ്ട ചില വാക്യങ്ങൾ പറയുക.
20 ചെറുപ്പക്കാരോട് സംഭാഷണം തുടങ്ങുന്നതിന് ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ പറയാം: “വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം അടങ്ങിയ ഒരു ബൈബിൾവാക്യം ഞാൻ വായിച്ചുകേൾപ്പിക്കാം. (സദൃശവാക്യങ്ങൾ 30:4 വായിക്കുക.) ഈ വിവരണത്തിനു ചേരുന്ന ഒരു മനുഷ്യനുമില്ല, അതുകൊണ്ട് തീർച്ചയായും അത് നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചുതന്നെയാണ് പറയുന്നത്.c പക്ഷേ, അവന്റെ പേര് നമുക്ക് എങ്ങനെ കണ്ടുപിടിക്കാനാകും? ബൈബിളിൽ അതുണ്ട്. ഞാൻ കാണിച്ചുതരട്ടേ?”
ദൈവവചനം നിങ്ങളുടെ ശുശ്രൂഷയെ ശക്തമാക്കട്ടെ
21, 22. (എ) ചിന്തിച്ച് തിരഞ്ഞെടുത്ത ഒരു തിരുവെഴുത്തിന് ഒരാളുടെ ജീവിതത്തിൽ മാറ്റം വരുത്താനാകുന്നത് എങ്ങനെ? (ബി) ശുശ്രൂഷ നിർവഹിക്കവെ എന്താണ് നിങ്ങളുടെ ദൃഢനിശ്ചയം?
21 വാക്യങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുമ്പോൾ നാം ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ അത് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചേക്കാം. ഉദാഹരണത്തിന്, ഓസ്ട്രേലിയയിലെ രണ്ടു സാക്ഷികൾ വീടുതോറുമുള്ള വേലയിൽ ഒരു യുവതിയെ കണ്ടുമുട്ടി. അവരിൽ ഒരാൾ അവളോട് ചോദിച്ചു: “ദൈവത്തിന്റെ പേര് എന്താണെന്ന് അറിയാമോ?” എന്നിട്ട്, സങ്കീർത്തനം 83:18 വായിച്ചുകേൾപ്പിച്ചു. “ഞാൻ തരിച്ചുനിന്നുപോയി!” ആ യുവതി പറയുന്നു. “അവർ പോയ ഉടനെ ഞാൻ 56 കിലോമീറ്റർ വണ്ടിയോടിച്ച് ഒരു പുസ്തകശാലയിൽ ചെന്ന് മറ്റു ബൈബിൾ ഭാഷാന്തരങ്ങൾ എടുത്തുനോക്കി. ഒരു നിഘണ്ടുവിലും ഞാൻ ആ പേര് പരിശോധിച്ചു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ബോധ്യംവന്നപ്പോൾ, അങ്ങനെയെങ്കിൽ എനിക്ക് അറിയില്ലാത്ത എന്തെല്ലാം ഇനിയും കണ്ടേക്കാം എന്ന് ഞാൻ അതിശയിച്ചു.” താമസിയാതെ അവളും പ്രതിശ്രുതവരനും ബൈബിൾ പഠിക്കാൻ തുടങ്ങി, പിന്നീട് സ്നാനമേൽക്കുകയും ചെയ്തു.
22 ദൈവവചനം വായിക്കുകയും യഹോവയുടെ ജീവനുള്ള വാഗ്ദാനങ്ങളിൽ വിശ്വാസം നട്ടുവളർത്തുകയും ചെയ്യുന്നവരുടെ ജീവിതത്തിൽ അത് മാറ്റങ്ങൾ വരുത്തുന്നു. (1 തെസ്സലോനിക്യർ 2:13 വായിക്കുക.) മറ്റൊരാളുടെ ഹൃദയത്തിൽ എത്തിച്ചേരാനായി നാം പറയാൻ ശ്രമിച്ചേക്കാവുന്ന എന്തിനെക്കാളും ശക്തമാണ് ബൈബിളിലെ സന്ദേശം. അതുകൊണ്ട്, സാധ്യമായ അവസരങ്ങളിലെല്ലാം നാം ദൈവത്തിന്റെ വചനം ഉപയോഗിക്കണം. അത് ജീവനുള്ളതാണ്!
a നിങ്ങളുടെ പ്രദേശത്തെ സാഹചര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്, ഈ ലേഖനത്തിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കുമ്പോൾ വിവേചനയുള്ളവരായിരിക്കുക.
b ഡെൻസോ വേവ് ഇൻകോർപറേറ്റഡ് എന്ന കമ്പനിയുടെ അംഗീകൃത ട്രേഡ്മാർക്കാണ് ക്യൂആർ കോഡ്.
c 1987 ജൂലൈ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) 31-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.