ജോഷ്വയുടെ വിശ്വാസം—കുട്ടികളുടെ അവകാശങ്ങൾക്ക് ഒരു വിജയം
കാനഡയിലെ ഉണരുക! ലേഖകൻ
“പക്വതയെത്തിയ മൈനർ എന്ന ആശയഗതി അപ്പീൽക്കോടതി തലത്തിൽ പരിഗണനാവിധേയമാകുന്നത് ഇത് ആദ്യമായിരുന്നു. ന്യൂ ബ്രുൺസ്വിക്കിലുള്ള ഡോക്ടർമാർക്കും ആശുപത്രികൾക്കും മാത്രമല്ല, ഒരുപക്ഷേ കാനഡയിലെ മററു പ്രദേശങ്ങളിലുമുള്ളവർക്ക് ഈ വിധി വ്യക്തമായ മാർഗരേഖകൾ നൽകുന്നുവെന്ന് ചിലർ പറയുന്നു.”—കനേഡിയൻ മെഡിക്കൽ അസ്സോസ്സിയേഷൻ ജേണൽ.
ന്യൂ ബ്രുൺസ്വിക്ക്സിലുള്ള മൈനർമാരുടെ വൈദ്യ സമ്മത നിയമം ഉൾപ്പെട്ട ഒരു കേസിനെയാണ് മേൽപ്പറഞ്ഞ ജേണൽ പരാമർശിക്കുന്നത്. 16 വയസ്സിനു താഴെ പ്രായമുള്ള ഒരു മൈനറെ രണ്ടു ഡോക്ടർമാർ പക്വതയുള്ളവനായി പ്രഖ്യാപിക്കുകയും തന്റെ രോഗത്തെക്കുറിച്ചും രോഗത്തിനു നിർദേശിക്കപ്പെടുന്ന ചികിത്സയെക്കുറിച്ചും അവനു ഗ്രാഹ്യമുണ്ടായിരിക്കുകയും ചെയ്യുന്നപക്ഷം വൈദ്യ ചികിത്സ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള നിയമാവകാശം മുതിർന്ന ഏതൊരാളെയുംപോലെ അവനുണ്ടായിരിക്കുമെന്ന് ആ നിയമം പറയുന്നു. അക്യൂട്ട് മൈയലോയ്ഡ് രക്താർബുദമുണ്ടായിരുന്ന 15 വയസ്സുകാരൻ ജോഷ്വ വോക്കെറിനെ സംബന്ധിച്ച് ന്യൂ ബ്രുൺസ്വിക്ക് അപ്പീൽക്കോടതിയിലെ ചീഫ് ജസ്ററിസ് ഡബ്ലിയു. എൽ. ഹൊയ്ററ് ഇപ്രകാരം എഴുതി: “ജോഷ്വയ്ക്ക് മതിയായ പക്വതയുണ്ടെന്നും പ്രസ്തുത സാഹചര്യങ്ങളിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ അവന്റെ അത്യുത്തമ താത്പര്യപ്രകാരമുള്ളതും തുടർന്നുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും പററിയതാണെന്നുമുള്ളതിന് ധാരാളം തെളിവുകളുണ്ട്. . . . [പക്വതയെത്തിയ മൈനറായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള] അപേക്ഷയുടെ ആവശ്യമില്ലായിരുന്നു എന്നാണ് എന്റെ വീക്ഷണം.” കാനഡയിലെ പൊതുനിയമം “പക്വതയെത്തിയ മൈനർ എന്ന ആശയഗതി അംഗീകരിക്കുന്നതാ”യും ചീഫ് ജസ്ററിസ് ഹൊയ്ററ് തന്റെ വിധിയിൽ സൂചിപ്പിച്ചു.
അപ്പീൽക്കോടതിയുടെ ലിഖിത തീരുമാനം “കാനഡയിലുടനീളം ഒരു മുഖ്യ കേസായിത്തീരാൻ പോകുക”യാണെന്ന് ജോഷ്വയുടെ അഭിഭാഷകരിൽ ഒരാളായ ഡാനിയേൽ പോൾ പറഞ്ഞു. എന്തുകൊണ്ടെന്നാൽ അതൊരു അസാധാരണ കേസായിരുന്നു. സാധാരണ ഇരിക്കാറുള്ള മൂന്നു ജഡ്ജിമാർക്കു പകരം അഞ്ചു ജഡ്ജിമാരാണ് അതിന്റെ വിചാരണയ്ക്കിരുന്നത്. “സുപ്രധാന സാഹചര്യങ്ങളിൽ കോടതിയിൽ മുഴു ബഞ്ചും വിചാരണയ്ക്കിരിക്കും. കാനഡയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നായി അവർ ആ തീരുമാനത്തെ കണക്കാക്കിക്കാണും,” പോൾ പറഞ്ഞു. കീഴ്വഴക്കം സൃഷ്ടിക്കുന്ന ഈ വിധി പക്വതയെത്തിയ മൈനർമാരെ സ്വയം തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നു. “അത് വീണ്ടും കോടതിയിൽ വരേണ്ട ഒരു കാര്യവുമില്ല. അത് മററു യുവജനങ്ങൾക്ക് വൻ നേട്ടം കൈവരുത്തിയിരിക്കുന്നു.” ഈ കോടതി വിജയത്തിന്റെ വ്യാപകമായ മൂല്യം ഊന്നിപ്പറഞ്ഞുകൊണ്ട് പോൾ ഇപ്രകാരം പ്രഖ്യാപിച്ചു: “അത് കുട്ടികളുടെ, തങ്ങളുടെ ശരീരത്ത് എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ കഴിവുള്ള ചെറുപ്പക്കാരായ സ്ത്രീപുരുഷൻമാരുടെ, അവകാശങ്ങളുടെ ഒരു വൻ സമർഥനമാണ്.”
“ഒരു ‘മൈനറി’ന്റെ വിജയം” എന്ന തലക്കെട്ടിൻ കീഴിൽ ടെലഗ്രാഫ് ജേണലിലെ ഒരു മുഖപ്രസംഗം ഇപ്രകാരം പറഞ്ഞു: “15 വയസ്സുകാരൻ ജോഷ്വ വോക്കെറിന് വൈദ്യചികിത്സ സമ്മതിക്കാനോ നിരസിക്കാനോ അവകാശം ഉണ്ടെന്നുള്ള ന്യൂ ബ്രുൺസ്വിക്ക് അപ്പീൽക്കോടതിയുടെ തീരുമാനം യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല, നമുക്കെല്ലാമുള്ള ഒരു വിജയമാണ്. . . . ചിലപ്പോൾ ഒരു വ്യക്തിയെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ സമൂഹത്തിനു വല്ലാത്ത വിഷമം തോന്നും, പ്രത്യേകിച്ച് ഒരു യുവാവിന്റെ ജീവൻ അപകടത്തിലായിരിക്കുമ്പോൾ. എന്നാൽ പൗരൻമാരുടെ ശരീരങ്ങളെയും മനസ്സുകളെയും പതിവായി അതിക്രമിക്കുന്ന ഒരു സമൂഹത്തെ അംഗീകരിക്കുക അതിലും പ്രയാസമാണ്. നമ്മെ അതിൽനിന്നു സംരക്ഷിക്കാൻ ജോഷ്വ വോക്കെർ അവന്റെ പങ്കു നിർവഹിച്ചിരിക്കുന്നു.”
ധീരയായ ഒരു ഡോക്ടർ
രോഗാരംഭംമുതൽ ജോഷ്വയുടെ രോഗനിർണയവും ചികിത്സയുമെല്ലാം നടത്തിയത് ഡോ. മേരി ഫ്രാൻസെസ് സ്കലി ആയിരുന്നു. രക്തശാസ്ത്രത്തിലും കുട്ടികളിലുണ്ടാകുന്ന അധിമാംസവളർച്ചയെക്കുറിച്ചുള്ള ശാസ്ത്രത്തിലും അവർ വിദഗ്ധയാണ്. കുട്ടികളിലെ കാൻസർ രോഗനിർണയവും ചികിത്സയും അവരുടെ ജോലിയിൽ ഉൾപ്പെടുന്നു.
ജോഷ്വയുടേതുപോലുള്ള രക്താർബുദത്തിന് സാധാരണമായുള്ള ചികിത്സ കീമോതെറാപ്പിയും രക്തപ്പകർച്ചകളുമാണ്. ജോഷ്വയുടെ കുടുംബം യഹോവയുടെ സാക്ഷികളാണ്. തിരുവെഴുത്തുപരമായ കാരണങ്ങളാൽ അവർ രക്തപ്പകർച്ചകൾ നിരസിക്കുന്നു. ക്രിസ്ത്യാനികളോടുള്ള ദിവ്യ കൽപ്പന ഇതാണ്: “വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജി”ക്കുക. (പ്രവൃത്തികൾ 15:20, 29) ‘രക്തം വർജിക്കുക’ എന്നുള്ള യഹോവയുടെ നിയമത്തോടു പററിനിൽക്കുമെന്നു ജോഷ്വ തുടക്കം മുതലേ ദൃഢതീരുമാനമെടുത്തിരുന്നു.
ഇക്കാര്യത്തിൽ ജോഷ്വ “ഒട്ടും വിട്ടുവീഴ്ച കാണിച്ചില്ലെ”ന്ന് ഡോ. സ്കലി ആശുപത്രി ചാർട്ടിൽ സൂചിപ്പിച്ചു. മുതിർന്നവരിലുണ്ടാകുന്ന മുഴകൾ ചികിത്സിക്കുന്ന ആശുപത്രിയിലെ ചികിത്സാവിഭാഗത്തിന്റെ തലവൻ ഡോ. ഡോലൻ ജോഷ്വയോടു നേരിട്ടു സംസാരിച്ചു. അദ്ദേഹവും ഡോ. സ്കലിയും ജോഷ്വ പക്വതയെത്തിയ ഒരു മൈനറാണെന്ന നിഗമനത്തിലെത്തി. വോക്കേഴ്സിന്റെ കുടുംബ ഡോക്ടറായ ഡോ. ലൊർഡനും ജോഷ്വയെ പക്വതയെത്തിയ ഒരു മൈനറായി വീക്ഷിച്ചു. രണ്ടു ഡോക്ടർമാർക്കു പകരം മൂന്നു പേർ ജോഷ്വയെ പക്വതയെത്തിയ മൈനറായി പ്രഖ്യാപിച്ച സ്ഥിതിക്ക് അവന് മൈനർമാരുടെ വൈദ്യസമ്മത നിയമം അനുസരിച്ച് ചികിത്സ തിരഞ്ഞെടുക്കാൻ വേണ്ടതിലധികം യോഗ്യതയുണ്ടായിരുന്നു. ഒരു കേസിന്റെയും ആവശ്യമില്ലായിരുന്നു.
നിർഭാഗ്യകരമെന്നു പറയട്ടെ, സാഹചര്യം ആ നിലയിൽത്തന്നെ തുടർന്നില്ല. ആശുപത്രിയധികാരികൾ ജോഷ്വയെ പക്വതയെത്തിയ ഒരു മൈനറായി വീക്ഷിച്ചെങ്കിലും സ്വസംരക്ഷണത്തിനായി ഒരു നീതിന്യായ തീരുമാനത്താൽ ഈ സംഗതി ഉറപ്പാക്കിക്കിട്ടാൻ അവർ ആഗ്രഹിച്ചു. നീണ്ടതും പരിശോധനാകരവുമായ കോടതി അന്വേഷണം നടന്നു. ഫലമോ, ജോഷ്വയ്ക്ക് ചികിത്സ നിരസിക്കാനുള്ള അവകാശമില്ലെന്ന വിധിയും. ഉടൻതന്നെ ഈ തീരുമാനം സംബന്ധിച്ച് മേൽക്കോടതിക്ക് അപ്പീൽ സമർപ്പിക്കപ്പെട്ടു, പ്രാരംഭ ഖണ്ഡികയിൽ പരാമർശിച്ച ഫലങ്ങളോടെ.
ജോഷ്വ മനസ്സു മാററി സമ്മതിക്കാത്തപക്ഷം ഒരു സാഹചര്യത്തിലും താൻ അവന് രക്തം കൊടുക്കുകയില്ലെന്നുള്ള തീരുമാനത്തോടു ഡോ. സ്കലി ജോഷ്വയുടെ അഗ്നിപരീക്ഷയിലുടനീളം പററിനിന്നു. അവരുടെ നിലപാടു റിപ്പോർട്ടു ചെയ്യവേ കനേഡിയൻ മെഡിക്കൽ അസ്സോസ്സിയേഷൻ ജേണൽ അവർ ഇങ്ങനെ പറയുന്നതായി ഉദ്ധരിച്ചു: “ഇതരമാർഗമില്ലാതെ ജോഷ്വയും കുടുംബവും ആകെ വിഷമിച്ച് സ്ഥലം വിടുമല്ലോ എന്നതായിരുന്നു എന്റെ ഏററവും വലിയ ചിന്ത.” ലേഖനം ഇപ്രകാരം തുടരുന്നു: “തങ്ങൾ [ജോഷ്വയെ] ചികിത്സിക്കുന്നതു പാടെ നിരസിക്കുമായിരുന്നെന്ന് മററു ഡോക്ടർമാർ പിന്നീട് അവരോടു പറയുകയുണ്ടായി. എന്നാൽ അങ്ങനെയൊരു ചിന്തയേ അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടില്ല.” അവരുടെ ന്യായയുക്തവും അന്തസ്സുററതുമായ നിലപാട് ജോഷ്വയ്ക്കും കുടുംബത്തിനും വളരെ പ്രോത്സാഹജനകമായിരുന്നു.
ജോഷ്വ ജീവനെ സ്നേഹിച്ചു, കരളലിയിച്ചു
ജോഷ്വ വോക്കെർ ജീവനെ സ്നേഹിച്ചു; അവൻ മരിക്കാനാഗ്രഹിച്ചില്ല. അവൻ മരിച്ചുപോകാൻ അവന്റെ കുടുംബവും ആഗ്രഹിച്ചില്ല. അവൻ സുഖം പ്രാപിച്ച് തുടർന്നു ജീവിക്കുമെന്നാണ് പല രാജ്യങ്ങളിലെയും അവന്റെ ആത്മീയ സഹോദരങ്ങളായ യഹോവയുടെ സാക്ഷികളും പ്രത്യാശിച്ചത്. തന്റെ സ്ഥിതി മനസ്സിലാക്കാൻ ജോഷ്വ ഒരുക്കമുള്ളവനായിരുന്നു; പുനരുത്ഥാനത്തിൽ താൻ തിരികെ വരുമെന്ന് ദൈവത്തിലുള്ള അവന്റെ വിശ്വാസം അവനെ ബോധ്യപ്പെടുത്തി. യേശുവിന്റെ ഈ വാക്കുകളിൽ അവൻ പിന്തുണ കണ്ടെത്തി: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [ദൈവപുത്രന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:25, 28, 29.
അവന് അനേക സ്ഥലങ്ങളിൽനിന്നു പിന്തുണ ലഭിച്ചു. ഈവനിങ് ടൈംസ് ഗ്ലോബ് ഇപ്രകാരം പറഞ്ഞു: “തങ്ങൾ ജോഷ്വയെ അവഗണിക്കുകയല്ല ചെയ്യുന്നതെന്നു മാതാപിതാക്കൾ രണ്ടുപേരും കഴിഞ്ഞദിവസം ഊന്നിപ്പറഞ്ഞു. രക്തം കൂടാതെ സാധ്യമായ ഏററവും നല്ല വൈദ്യ ചികിത്സ ലഭിക്കാൻവേണ്ടിയാണ് അവർ അവനെ മേഖലാ ആശുപത്രിയിലേക്കു (Regional Hospital) കൊണ്ടുവന്നത്. ‘അവൻ മരിക്കുന്നതായിരുന്നു ഞങ്ങൾക്കിഷ്ടമെങ്കിൽ ഞങ്ങൾ അവനെ വീട്ടിൽത്തന്നെ ഇട്ടേക്കുമായിരുന്നു,’ പിതാവ് ന്യായവാദം ചെയ്തു. ‘ജോഷ് മരിച്ചുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവന്റെ ജീവൻ നിലനിർത്താനായി വൈദ്യപരമായി വേണ്ടതെല്ലാം ഞങ്ങൾ ചെയ്തുകൊണ്ടാണിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി ഏതൊരാളും ചെയ്യുന്നത് അതാണ്. അവൻ മരിക്കുന്നതു നോക്കിനിൽക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. അവന് പുറത്തിറങ്ങി നടക്കാനും വീണ്ടും തീവണ്ടി കളിക്കാനും യോഗങ്ങൾക്കായി രാജ്യഹാളിലേക്കും സേവനത്തിനുവേണ്ടിയും വീണ്ടും പോകാനും ഒരുപക്ഷേ വീണ്ടും ബാസ്കററ്ബോൾ കളിക്കാനും തക്കവണ്ണം കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു കിട്ടാൻ വേണ്ടിയാണു ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്.’”
അവന്റെ കുടുംബം വാസ്തവമായും അവനുവേണ്ടി അവിടെത്തന്നെ ഉണ്ടായിരുന്നു. ഒരു പത്രം അത് ഇപ്രകാരം സൂചിപ്പിച്ചു: “കുടുംബാംഗങ്ങളിൽ ഓരോരുത്തർ മാറിമാറി ജോഷ്വയുടെ അടുത്തു നിൽക്കുമ്പോൾ മററുള്ളവർ അടുത്തുള്ള ശാന്തമായ ഒരു ചെറിയ മുറിയിൽ തിങ്ങിക്കൂടുമായിരുന്നു. അവരിൽ ചിലർ അപ്പോഴും ഗൗണുകൾ ധരിച്ചിരുന്നു; കഴുത്തിൽ മാസ്കുകൾ തൂങ്ങിക്കിടക്കുന്നതും കാണാമായിരുന്നു. മാർച്ച് 31-ന് ജോഷ്വ ആദ്യമായി ആശുപത്രിയിൽ വന്നപ്പോൾമുതൽ ഞങ്ങൾ ഇതേ കാഴ്ച കാണുന്നതാണ്. ഗൗണോ മാസ്ക്കോ ധരിച്ച ഒരു കുടുംബാംഗമെങ്കിലുമില്ലാതെ അവൻ ആശുപത്രി മുറിയിൽ ഈ മൂന്നാഴ്ചയിൽ ഒരു നിമിഷം പോലും ചെലവഴിച്ചിട്ടില്ല. . . . തങ്ങളുടെ ഏററവും ഇളയ മകൻ കിടക്കുന്നതിനടുത്തുതന്നെയുള്ള കട്ടിലിൽക്കിടന്നുറങ്ങിക്കൊണ്ട് മാതാപിതാക്കൾ ഇരുവരും മിക്കപ്പോഴും ജോഷ്വയോടൊപ്പം രാത്രികാലം മുഴുവൻ ചെലവഴിച്ചു. [അമ്മ പറഞ്ഞു,] ‘ഇവിടെ ഞങ്ങളുടെ ആവശ്യമുണ്ട്. ജോഷിനുവേണ്ടിയോ എന്റെ കുട്ടികളിൽ മററാർക്കുംവേണ്ടിയോ ഞാൻ എന്തും ചെയ്യും.’ ‘വേണ്ടിവന്നാൽ ഞാൻ വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്ത് പുറത്തിരിക്കും,’ പിതാവ് പറഞ്ഞു.”
ഉള്ളറിയിക്കലും സംഭാഷണങ്ങളും
വൈകുന്നേരങ്ങളിൽ മാതാവോ പിതാവോ അവനോടൊപ്പമുണ്ടായിരുന്നപ്പോൾ ഉററ സംഭാഷണങ്ങൾ നടന്നിരുന്നു. ഒരു രാത്രിയിൽ അവൻ പറഞ്ഞു: “മമ്മീ, ദയവായി ഇതെഴുതിവെക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുന്നപക്ഷം യഹോവയോടു നിർമലത പാലിക്കാൻ കഴിയത്തക്കവണ്ണം നിങ്ങൾ കുട്ടികളെല്ലാവരും ദയവായി യഹോവയോട് അടുത്തു ചെല്ലുക. ആരോഗ്യം മെച്ചപ്പെടുമ്പോൾ ഞാൻ യഹോവയുടെ നാമ പ്രഖ്യാപനത്തിൽ കൂടുതൽ ചെയ്തുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. നല്ല ആരോഗ്യമുള്ള കുട്ടികളായ നിങ്ങൾ കഴിയുമെങ്കിൽ കൂടുതൽ ചെയ്യുക.”
ആശുപത്രിയിലായിരിക്കെ ഒരു രാത്രി ജോഷ് പറഞ്ഞു: “മമ്മീ, കുളിമുറിയിലും ഡാഡിയുടെ അടുത്തേക്കും ഒക്കെ മമ്മി പോകുമ്പോൾ പലതവണയായി ഡോക്ടർമാർ അകത്തുവന്നു പറയുന്നു: ‘ജോഷ്, നിനക്കു രക്തപ്പകർച്ച ആവശ്യമാണ്. അതില്ലെങ്കിൽ നീ മരിച്ചുപോകും. ഞങ്ങൾ നിന്നെ സഹായിക്കാൻ ആഗ്രഹിക്കുന്നു.’ ‘അങ്ങനെയെങ്കിൽ ദയവായി രക്തം സംബന്ധിച്ച എന്റെ ആഗ്രഹങ്ങളെ മാനിക്കുക’ എന്ന് ഞാൻ മറുപടി പറയുകയും ചെയ്യും. എനിക്കു നിർബന്ധിച്ചു രക്തം തരാൻ ശ്രമിച്ച ഒരു ഡോക്ടറോടു ഞാൻ പറഞ്ഞു: ‘എനിക്കു ഭ്രാന്താണെന്നു നിങ്ങൾ വിചാരിക്കുമായിരിക്കാം. എന്നാൽ എനിക്കു സകല ചിന്താപ്രാപ്തികളുമുണ്ട്. രക്തം സംബന്ധിച്ച യഹോവയുടെ നിയമമനുസരിച്ചു ഞാൻ ജീവിക്കാനാഗ്രഹിക്കുന്നുവെന്നു മാത്രം. നമുക്ക് ഏററവും നല്ലത് എന്തെന്ന് അവനറിയാം. ജീവന്റെ പവിത്രത ആദരിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏററവും നല്ല സംഗതി. മരിച്ചുപോകുന്നെങ്കിൽ ഞാൻ വീണ്ടും ജീവിക്കും.’”
ശിശുരോഗചികിത്സയുടെ തലവൻ ഡോ. ഗാരി ജോഷിന്റെ മാതാപിതാക്കളോട് ഇപ്രകാരം പറഞ്ഞു: “ജോഷിനെക്കുറിച്ച് അഭിമാനം കൊള്ളുക. അവന്റെ വിശ്വാസം പോലെയൊന്ന് ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.” അദ്ദേഹം അവരെ രണ്ടുപേരെയും പുണർന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങളൊരു ധീരകുടുംബമാണ്.”
ജോഷിന്റെ അവസ്ഥ സംബന്ധിച്ച് കുടുംബത്തിനു കുറെ ദുർവാർത്തകൾ ലഭിച്ച ആശുപത്രിയിലെ ഒരു വൈകുന്നേരം. അവന്റെ സഹോദരൻ ജെഫും സഹോദരി ജാനിസും അവന്റെയടുത്തുണ്ടായിരുന്നു. ജെഫ് കരയുകയായിരുന്നു, ജോഷ് അവനോട് ഇപ്രകാരം പറഞ്ഞു: “ജെഫ്റി, നീ കരയാതിരിക്കൂ. എങ്ങനെനോക്കിയാലും ഞാനൊരു വിജയിയാണ്. എന്നെയോർത്തു വിഷമിക്കാതിരിക്കൂ.” അവൻ പറഞ്ഞതിന്റെ അർഥം ഇതായിരുന്നു: രോഗത്തിൽനിന്നു സുഖം പ്രാപിച്ചാൽ അവനൊരു വിജയി; ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽത്തന്നെയും മരിച്ച് പറുദീസാ ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുമ്പോൾ, അപ്പോഴും നിസ്സംശയമായും അവനൊരു വിജയിതന്നെ!
അസ്ഥിമജ്ജ മാററിവയ്ക്കുന്നതിനെക്കുറിച്ചു സംസാരമുണ്ടായപ്പോൾ അതു കൊടുക്കാൻ ആദ്യം മുന്നോട്ടു വന്നത് അവന്റെ സഹോദരൻ ജെറിയായിരുന്നു. മുമ്പ്, അവന്റെ സഹോദരങ്ങളായ ജോണും ജോയും കിടക്കാൻപോകുന്ന സമയത്ത് ജോഷിനെ ചുംബിക്കുക പതിവായിരുന്നു. അവന് 13 വയസ്സു കഴിഞ്ഞപ്പോൾ അവനതിനുള്ള പ്രായം കഴിഞ്ഞെന്ന് അമ്മയെക്കൊണ്ട് അവൻ അവരോടു പറയിപ്പിച്ചു. എന്നാൽ അവൻ രോഗിയായതിനുശേഷം, അവന് 15 വയസ്സുണ്ടായിരുന്നെങ്കിലും അവർ അവനെ വീണ്ടും കെട്ടിപ്പിടിക്കാനും അവനോടൊപ്പമിരുന്നു പ്രാർഥിക്കാനും തുടങ്ങിയപ്പോൾ, ഇപ്പോൾ അതു സാരമില്ലെന്ന് ജോഷ് അമ്മയോടു പറഞ്ഞു. അവർ അപ്പോഴും അവനെ സ്നേഹിച്ചിരുന്നുവെന്ന് അതു കാണിച്ചു.
സമൂഹത്തിന്റെ പിന്തുണ
സമൂഹത്തിന്റെ പിന്തുണ അത്യധികവും വ്യാപകവുമായിരുന്നെന്ന് ജോഷ്വയുടെ മാതാപിതാക്കളായ ജെറിയും സാന്ദ്രയും പറയുന്നു. 1994 മേയിൽ ഒരു പത്രം ഇപ്രകാരം പറഞ്ഞു: “ജോഷ്വയ്ക്ക് ഒരു ദിവസം ശരാശരി 20 കാർഡ് ലഭിക്കുന്നുണ്ട്. റൊമാനിയയും മെക്സിക്കോയും പോലെയുള്ള വിദൂരസ്ഥലങ്ങളിൽനിന്നുപോലുമാണ് അവ വന്നിരിക്കുന്നത്. ആൽബെർട്ടയും വാഷിങ്ടണും പോലുള്ള വിദൂരസ്ഥലങ്ങളിൽനിന്നുള്ള ഫോൺ, ഫാക്സ് സന്ദേശങ്ങളും ആശുപത്രിയിൽ അവനു ലഭിച്ചിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട്, ഏതാണ്ട് അര ഡസൻ പഴക്കൊട്ടകളും ഡസൻ കണക്കിനു പൂക്കളും അവന് അയച്ചുകൊടുത്തിരിക്കുന്നു. . . . അവന്റെ ആരോഗ്യം . . . മെച്ചപ്പെട്ടപ്പോൾ നഴ്സുമാർ അവന്റെ ബഹുമാനാർഥം ഹവായി ലൂവൗ വിരുന്നിനുവേണ്ടി ആഘോഷപൂർവം ക്രമീകരണം ചെയ്തു. അവർ ചപ്പുചവറുകളിടുന്ന ബാഗുകൾകൊണ്ട് പുൽപ്പാവാടകൾ ഉണ്ടാക്കി അവന്റെ മുറിയിൽ ഹൂല നൃത്തം ചവിട്ടി. ‘അവൻ ഭയങ്കര ചിരിയായിരുന്നു, അവൻ കരയാൻ പോകുകയാണെന്നാണു ഞാൻ വിചാരിച്ചത്,’ സാന്ദ്ര പറഞ്ഞു.”
ജോഷിന്റെ പിതാവ് ജെറി രസകരമായ ചില നുറുങ്ങുകൾകൂടി നിരത്തി: “സ്കൂളിലെ എല്ലാ കുട്ടികളെയും ആശുപത്രി മുറിയിലേക്കു വരാനനുവദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അതുകൊണ്ട് പ്രിൻസിപ്പൽ വന്ന് ജോഷിനെ സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുമായിരുന്നു. തീവണ്ടിപ്പാതയുടെ 1,000 ഭാഗങ്ങളുള്ള ഒരു പദപ്രശ്നം വിദ്യാർഥികൾ ജോഷിന് അയച്ചുകൊടുത്തു—തീവണ്ടികൾ എന്നു പറഞ്ഞാൽ ജോഷിനു ഭ്രമമായിരുന്നു. ചില ചെലവുകളിൽ അവനെ സഹായിക്കത്തക്കവണ്ണം ഫണ്ടു പിരിക്കാനായി ഒരു നൃത്തമേളം ക്രമീകരിക്കാൻ പൊലീസുകാർ ആഗ്രഹിച്ചു. എന്നാൽ ആ പദ്ധതിക്കു ഞങ്ങൾ സമ്മതിച്ചില്ല. സ്കൂളിലെ സാമൂഹ്യപാഠ ക്ലാസ്സിൽ ആളുകളുടെ അവകാശങ്ങളെക്കുറിച്ചു പഠിപ്പിച്ചപ്പോൾ തന്റെ വികാരങ്ങൾ വിശദമാക്കിക്കൊണ്ട് ആ വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കിക്കൊടുക്കണമെന്നു പറഞ്ഞ് ആ ക്ലാസ്സിലെ കുട്ടികളെല്ലാവരും ജോഷിന് എഴുതി.”
ഈ സമയത്തെല്ലാം പത്രവിവരണം പ്രാതിഭാസികമായിരുന്നു. പല ദിനപ്പത്രങ്ങളുടെയും ആദ്യ പേജുകളിൽ ചിത്രങ്ങളോടുകൂടി റിപ്പോർട്ടുകൾ വന്നു. ജോഷ്വയുടെ ആരോഗ്യം സംബന്ധിച്ച അതാതു സമയത്തെ വാർത്തകൾ സ്കൂൾ പ്രിൻസിപ്പൽമാർ കൈമാറി. സുഖം പ്രാപിച്ചുവരുമ്പോൾ പ്രസംഗിക്കുന്നതിനുള്ള ക്ഷണങ്ങൾ അവനു ലഭിച്ചു. കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് സ്കൂളുകൾ യോഗങ്ങൾ നടത്തി.
“രോഗം ബാധിച്ച് ജോഷ്വയുടെ ജീവൻ ഭീഷണിയിലായപ്പോൾ നിങ്ങൾക്ക് അവനിൽ വലിയ മാററം വല്ലതും കാണാൻ കഴിഞ്ഞോ?” ഉണരുക! ചോദിച്ചു. ജോഷിന്റെ പിതാവ് ജെറി ഇപ്രകാരം അഭിപ്രായം പറഞ്ഞു: “അവനിൽ വലിയ മാററം തന്നെയുണ്ടായി, അതും ഏതാണ്ടൊരൊററ രാത്രികൊണ്ട്. മുമ്പൊക്കെ ജോഷ് ഒരു തണുപ്പൻ, അശ്രദ്ധൻ പയ്യനായിരുന്നു. 15 വയസ്സുകാർക്ക് സാധാരണ ആവശ്യമുള്ള ബുദ്ധ്യുപദേശമൊക്കെ ചിലപ്പോൾ അവന് ആവശ്യമായിരുന്നു. ഞാൻ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നുപോയിട്ടുണ്ട്. ഏതാണ്ടൊരൊററ രാത്രികൊണ്ട് അവൻ വളർന്നതുപോലെയുണ്ട്. ഒരു വൈകുന്നേരം അവന്റെ വക്കീലിന് അവനോടു സംസാരിക്കണമെന്നു പറഞ്ഞു. മുറിവിടാൻ ജോഷ്വ എന്നോടു പറഞ്ഞു. ഒരുനാൾ ക്ലാസ്സ് കോമാളിയായിരുന്നവൻ പെട്ടെന്നു പക്വമതി, അഭിഭാഷകരോടും ജഡ്ജിമാരോടുമൊക്കെ സംസാരിക്കുന്നു. ഹൃദയത്തിന്റെ ആഴത്തിൽ ഉണ്ടെന്ന് ഒരിക്കലും സംശയംപോലും തോന്നാത്ത കാര്യങ്ങളാണ് വിഷമഘട്ടത്തിൽ പുറത്തു വരുന്നത്.”
ഡോ. സ്കലി ജോഷ്വയെ ഇപ്രകാരം ഭംഗിയായി പ്രശംസിച്ചു. അവർ അവന്റെ അമ്മയോട് ഇപ്രകാരം പറഞ്ഞു: “ഞാൻ ഇതുവരെ ചികിത്സിച്ചിട്ടുള്ളതിൽവെച്ച് ഏററവും സൗഹാർദമനസ്കനാണ് ഇവൻ. ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏററവും പരിഗണനയും മര്യാദയും അനുകമ്പയുമുള്ളവനും. അവൻ ആൾ വളരെ ധീരനാണ്. ഈ പയ്യനെ ഞങ്ങൾ ഒരിക്കലും മറക്കില്ല. അവൻ വളരെ സ്നേഹമതിയാണ്. ശ്രീമതി വോക്കെർ, നിങ്ങൾക്ക് അവനെക്കുറിച്ചു വളരെയധികം അഭിമാനം കൊള്ളാം.”
ഏതാനും ആഴ്ചകൾക്കുള്ളിൽ രക്താർബുദത്തിനു വ്യതിയാനം സംഭവിച്ചു. രോഗശാന്തിയുടെ ഹ്രസ്വ കാലഘട്ടങ്ങൾ പൊയ്പോയി; കാൻസർ തിരിച്ചെത്തി. ജോഷ് ഇനി അധികംനാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന്—ചിലപ്പോൾ ആഴ്ചകളോ, സാധ്യതയനുസരിച്ച് ഏതാനും മാസങ്ങളോ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്ന്—ഡോ. സ്കലി കുടുംബത്തോടു പറഞ്ഞു. കാൻസർ തിരിച്ചെത്തിയിട്ടുണ്ടെന്നും അതിനോടകം അത് വയററിലേക്കും വ്യാപിച്ചിരിക്കുമെന്നും പിറേറ ദിവസം വൈകുന്നേരം ഡോ. സ്കലി മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ജോഷ്വയോടു പറഞ്ഞു. ജോഷ്വ ഇപ്രകാരം പറഞ്ഞു: “ഓ, ഇല്ല, അത് തിരിച്ചെത്തിയിട്ടില്ല—നിങ്ങൾക്കുറപ്പാണോ?” ഡോ. സ്കലി പറഞ്ഞു: “ജോഷ്, നിന്റെ രക്തപരിശോധനയുടെ ഫലം അത്ര നല്ലതല്ല.” അതുകഴിഞ്ഞയുടനെ ജെറി മുറിയിൽനിന്നു പോയി, പുറകെ ഡോ. സ്കലിയും.
സമാധാനം കണ്ടെത്തുന്ന രണ്ടു വിങ്ങുന്ന ഹൃദയങ്ങൾ
ജോഷ്വയുടെ അമ്മ രംഗം ഇപ്രകാരം വിശദമാക്കുന്നു: “അവിടം ശാന്തമായിരുന്നു. ഞാൻ അവന്റെ കട്ടിലിനരികത്തേക്ക് ഒരു കസേര വലിച്ചിട്ടിരുന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു. ഡോക്ടർ പറഞ്ഞതു കേട്ട് അവന് വിഷമമോ നിരാശയോ തോന്നുന്നുണ്ടോ എന്ന് ഞാൻ അവനോടു ചോദിച്ചു. അവൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘ഇത്ര പെട്ടെന്ന് മരിച്ച് ഇവിടംവിട്ടു പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. പക്ഷേ, മമ്മീ, വിഷമിക്കേണ്ട. എനിക്കു മരിക്കാൻ ഭയമൊന്നുമില്ല, മരണത്തെക്കുറിച്ചും ഇല്ല ഭയം. ഞാൻ മരിക്കുമ്പോൾ മമ്മി എന്നോടൊപ്പം കാണുമോ? മരിക്കുമ്പോൾ ഞാൻ ഒററയ്ക്കായിരിക്കാനാഗ്രഹിക്കുന്നില്ല.’ ഞാൻ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അവനും കരഞ്ഞു, എന്നിട്ടു പറഞ്ഞു: ‘മമ്മീ, ഞാൻ യഹോവയുടെ കൈകളിലാണ്.’ അതുകൊണ്ട്, ‘നിങ്ങൾക്ക് എന്നെ പുനരുത്ഥാനത്തിൽ തിരികെ സ്വാഗതം ചെയ്യാൻ കഴിയത്തക്കവണ്ണം നിങ്ങളെല്ലാവരും സത്യത്തിൽ നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം. മമ്മീ, എനിക്കിതു നല്ല ഉറപ്പോടെ പറയാൻ കഴിയും: യഹോവയെന്നെ തീർച്ചയായും പുനരുത്ഥാനത്തിൽ തിരികെകൊണ്ടുവരാൻ പോകുകയാണെന്ന് എനിക്കറിയാം. അവൻ എന്റെ ഹൃദയം വായിച്ചിരിക്കുന്നു, ഞാൻ അവനെ യഥാർഥത്തിൽ സ്നേഹിക്കുന്നു.’
“ഞാൻ വീണ്ടും കരയാൻ തുടങ്ങി. ഞങ്ങൾ അവനെ എത്രമാത്രം സ്നേഹിച്ചുവെന്നും 16 വർഷമായി അവൻ ഞങ്ങളോടു കൂടെയുണ്ടായിരുന്നതിൽ ഞങ്ങൾ അവനെക്കുറിച്ച് എത്ര അഭിമാനമുള്ളവരായിരുന്നുവെന്നും—ഏററവുമുപരിയായി, യഹോവ അംഗീകാരത്തോടെ അവനെ നോക്കി എങ്ങനെ പുഞ്ചിരി തൂകിയെന്നും—ഞാൻ അവനോടു പറഞ്ഞു. അവൻ പറഞ്ഞു, ‘മമ്മീ, എനിക്കറിയാം.’ ഞാൻ അവനോടു പറഞ്ഞു: ‘നീ മരണത്തിൽ ഞങ്ങളെ വിട്ടുപോകാൻ പോകുന്നുവെന്നുള്ള വസ്തുതയ്ക്കു കീഴടങ്ങാൻ ഞാൻ ഇഷ്ടപ്പെടാത്തതുപോലെ തന്നെ നീ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നതും ഞങ്ങളുടെ ഭാഗത്തെ കേവലം സ്വാർഥതയായിരിക്കും.’ അവൻ പറഞ്ഞു: ‘മമ്മീ, എനിക്കറിയാം, യഥാർഥത്തിൽ ഞാൻ മല്ലിട്ടു മടുത്തു.’”
നിയമപരമായ ഫലങ്ങൾ
ജോഷ്വയുടെ അഭിഭാഷകരിൽ ഒരാളായ ഡാനിയേൽ പോളും മററ് അറേറാർണിമാരും ജോഷ്വ വോക്കെറിന്റെ കേസ് ഉന്നയിച്ച ചോദ്യങ്ങൾ കൈകാര്യം ചെയ്തു. മൈനർമാരുടെ വൈദ്യ സമ്മത നിയമപ്രകാരം പക്വതയെത്തിയ ഒരു മൈനർ ആരാണ്? ചികിത്സയ്ക്കുള്ള സമ്മതത്തിൽ അതു നിരസിക്കാനുള്ള അവകാശം ഉൾപ്പെടുന്നുണ്ടോ? സ്വയം വേണ്ടുംവിധത്തിൽ പ്രവർത്തിക്കാൻ കഴിവില്ലാത്തവർക്കുവേണ്ടി ഗവൺമെൻറു പ്രവർത്തിക്കുന്ന പാരെൻസ് പാട്രിയൈ വാദം ഇവിടെ ബാധകമാണോ? തന്റെ ശരീരത്ത് എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ വ്യക്തികൾക്കു നിയമാവകാശമുണ്ടോ? അവന്റെ ശാരീരിക നിർമലതയെ അതിക്രമിക്കാമോ? കാനഡയിലെ പൊതുനിയമം സംബന്ധിച്ചെന്ത്? അത് ഈ കേസിൽ ബാധകമാണോ? അവസാനമായി, ജോഷ്വ വോക്കെറിന്റെ കേസ് കോടതിയിൽ വരേണ്ടകാര്യം തന്നെയുണ്ടായിരുന്നോ?
അപ്പീൽക്കോടതിയുടെ ലിഖിത വിധി ഈ ചോദ്യങ്ങൾക്കൊക്കെ പരിഹാരമായോ? ഉവ്വ്, ആയി. വിചാരണ കഴിഞ്ഞപ്പോൾ അഞ്ചു ജഡ്ജിക്കോടതി പിരിഞ്ഞുപോകുകയും പിന്നീട് കോടതിമുറിയിലേക്കു മടങ്ങിവന്ന് ജഡ്ജിമാരുടെ ഐകകണ്ഠ്യേനയുള്ള തീരുമാനം വാമൊഴിയായി ഇപ്രകാരം നൽകുകയും ചെയ്തു:
“അപ്പീൽ സ്വീകരിച്ചിരിക്കുന്നു. [കീഴ്ക്കോടതി ജഡ്ജി] ററൺബുൾ, ജെ.യുടെ വിധി തള്ളിയിരിക്കുന്നു. മൈനർമാരുടെ വൈദ്യ സമ്മത നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച് ജോഷ്വ വോക്കെർ പക്വതയെത്തിയ ഒരു മൈനറായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അവന്റെ ചികിത്സ സംബന്ധിച്ച് മാതാപിതാക്കളുടെ സമ്മതം വേണ്ട. വ്യവഹാരച്ചെലവിന്റെ പ്രശ്നം ഞങ്ങളുടെ ലിഖിത വിധിയിൽ ചർച്ചചെയ്യപ്പെടുന്നതായിരിക്കും.”
ഈ കേസിൽ കാനഡയിലെ പൊതുനിയമം ബാധകമാണോ? അതേ. വിചാരണയുടെ അച്ചടിച്ച രേഖ ഇപ്രകാരം പ്രസ്താവിക്കുന്നു: “പക്വതയെത്തിയ മൈനർ—അതായത്, നിർദേശിക്കപ്പെട്ട ചികിത്സയുടെ സ്വഭാവവും പരിണതഫലങ്ങളും മനസ്സിലാക്കാൻ പ്രാപ്തനായ ഒരുവൻ—എന്ന ആശയഗതി കാനഡയിലെ പൊതുനിയമം അംഗീകരിക്കുന്നു. . . . മൈനർമാരുടെ വൈദ്യ സമ്മത നിയമത്തിൽ വിശദമാക്കപ്പെടത്തക്കവണ്ണം ന്യൂ ബ്രുൺസ്വിക്ക് പൊതുനിയമത്തെ അത്രത്തോളം ക്രോഡീകരിച്ചിരിക്കുന്നു.”
അവസാനമായി, രക്തപ്പകർച്ചകൾ നിരസിക്കാൻ ജോഷ്വയെ നിയമപരമായി പ്രാപ്തനാക്കിത്തീർക്കാൻ തക്കവണ്ണം അവന്റെ കേസ് കോടതിയിൽ ചെല്ലേണ്ടതുണ്ടായിരുന്നോ? ഇല്ല. “നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ചു പ്രവർത്തിക്കുന്നിടത്തോളം കാലം അങ്ങനെയൊരു അപേക്ഷയുടെ ആവശ്യമില്ല.”
ചീഫ് ജസ്ററിസ് ഡബ്ലിയു. എൽ. ഹൊയ്ററ് ഇപ്രകാരം നിഗമനം ചെയ്തു: “ഉത്തമവിശ്വാസത്തോടെയും വളരെ ജാഗ്രതയോടെയും ആണ് അപേക്ഷ നൽകിയത്. എന്നിരുന്നാലും, അപേക്ഷയുടെ ഫലമായി ജോഷ്വയെയും കുടുംബത്തെയും അനാവശ്യമായ വ്യവഹാരങ്ങളിൽ ഉൾപ്പെടുത്തി. അക്കാരണത്താൽ, ആശുപത്രിയിൽനിന്നു വ്യവഹാരച്ചെലവു ലഭിക്കാനുള്ള അവകാശം എന്റെ കാഴ്ചപ്പാടിൽ അവർക്കുണ്ട്.”
ജോഷ്വ 1994, ഒക്ടോബർ 4-ന് മരിച്ചു.
[12-ാം പേജിലെ ആകർഷകവാക്യം]
“ഡോക്ടർമാർക്കും ആശുപത്രികൾക്കും . . . വിധി വ്യക്തമായ മാർഗരേഖകൾ നൽകുന്നു.”—കനേഡിയൻ മെഡിക്കൽ അസ്സോസ്സിയേഷൻ ജേണൽ
[13-ാം പേജിലെ ആകർഷകവാക്യം]
“യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല, നമുക്കെല്ലാമുള്ള ഒരു വിജയമാണ്.”—ടെലഗ്രാഫ് ജേണൽ
[14-ാം പേജിലെ ആകർഷകവാക്യം]
“രക്തം സംബന്ധിച്ച യഹോവയുടെ നിയമമനുസരിച്ചു ഞാൻ ജീവിക്കാനാഗ്രഹിക്കുന്നുവെന്നു മാത്രം.”—ജോഷ്വ വോക്കെർ
[15-ാം പേജിലെ ആകർഷകവാക്യം]
“അവന്റെ വിശ്വാസം പോലെയൊന്ന് ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.”—ഡോ. ഗാരി