-
വിട്ടുമാറാത്ത രോഗം കുടുംബത്തെ പ്രഹരിക്കുമ്പോൾഉണരുക!—2000 | മേയ് 22
-
-
വിട്ടുമാറാത്ത രോഗം കുടുംബത്തെ പ്രഹരിക്കുമ്പോൾ
ഡെ റ്റോയി കുടുംബത്തിലെ സ്നേഹം ഒന്നു കാണേണ്ടതു തന്നെയാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം കണ്ടാൽ ആർക്കും അസൂയ തോന്നിപ്പോകും. എന്നാൽ പറഞ്ഞറിയിക്കാനാവാത്തത്ര ദുരിതങ്ങൾ അവർ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്ന് അവരെ പരിചയപ്പെട്ടാൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല.
മൂത്തകുട്ടിയായ മിഷെലിന് വെറും രണ്ടുവയസ്സുള്ളപ്പോഴാണ് ബ്രാമും ആനും അതു മനസ്സിലാക്കിയത്, പേശികളെ തളർത്തിക്കളയുന്ന, ചികിത്സിച്ചു മാറ്റാനാവാത്ത ഒരുതരം പാരമ്പര്യരോഗത്തിന് അടിമയാണു തങ്ങളുടെ മകളെന്ന്. അതായിരുന്നു തുടക്കം.
“ആളെ ആകെ തളർത്തിക്കളയുന്ന ഒരു മാറാരോഗവുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് ഓർക്കാപ്പുറത്ത് ഒരു ദിവസം നിങ്ങൾക്കു പഠിക്കേണ്ടി വരുന്നു. കുടുംബജീവിതം മേലാൽ പഴയപടി ആയിരിക്കില്ലെന്നു നിങ്ങൾ തിരിച്ചറിയുന്നു,” ആൻ വിശദീകരിക്കുന്നു.
എന്നാൽ, ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ആ കുടുംബത്തിന്മേൽ പ്രഹരിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ബ്രാമിനും ആനിനും ഒരു മകനും മകളും കൂടെ ജനിച്ചു. ഒരു ദിവസം, കുട്ടികൾ മൂന്നുപേരും വെളിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പെൺകുട്ടികൾ രണ്ടുപേരും വീട്ടിലേക്ക് ഓടിക്കിതച്ചെത്തി. അവർ ഉറക്കെ വിളിച്ചു: “മമ്മീ! മമ്മീ! ഒന്ന് ഓടി വന്നേ. നീലിന് എന്തോ പറ്റി!”
കേട്ടപാതി കേൾക്കാത്തപാതി വെളിയിലേക്കു പാഞ്ഞു ചെന്ന ആൻ കണ്ടത്, തന്റെ മൂന്നുവയസ്സുള്ള മകന്റെ തല ഒരു വശത്തേക്കു ചെരിഞ്ഞുകിടക്കുന്നതാണ്. അവനു തല നേരെ പിടിക്കാൻ കഴിയുന്നില്ലായിരുന്നു.
“എന്റെ സപ്തനാഡികളും തളർന്നുപോയി,” ആൻ ഓർമിക്കുന്നു. “അടുത്ത നിമിഷംതന്നെ ആ നടുക്കുന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു. ആരോഗ്യത്തോടിരുന്ന ഈ കുഞ്ഞിനും അവന്റെ മൂത്തചേച്ചിയുടെ അതേ രോഗംതന്നെ പിടിപെട്ടിരിക്കുന്നു.”
“വീട്ടിൽ എല്ലാവരും നല്ല ആരോഗ്യത്തോടെ കഴിഞ്ഞിരുന്നതിന്റെ സന്തോഷമൊക്കെ എങ്ങോ പോയ്മറഞ്ഞു,” ബ്രാം ഓർമിക്കുന്നു. “ജീവിതത്തിൽ ഞങ്ങൾ അനുഭവിച്ചിട്ടുള്ളതിൽ വെച്ചേറ്റവും കഠിനമായ പരീക്ഷകളുടെ തുടക്കമായിരുന്നു അത്.”
സാധ്യമാകുന്നതിലേക്കുംവെച്ച് ഏറ്റവും നല്ല ചികിത്സ കൊടുത്തിട്ടും മിഷെലിന്റെ ജീവൻ രക്ഷിക്കാനായില്ല. മരിക്കുമ്പോൾ അവൾക്കു 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. നീലാണെങ്കിൽ, ഇപ്പോഴും തന്റെ രോഗവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്.
ഇത് ഒരു ചോദ്യമുയർത്തുന്നു: ഡെ റ്റോയി കുടുംബത്തിന്റെ കാര്യത്തിലെന്ന പോലെ, വീട്ടിൽ ആർക്കെങ്കിലും ഒരു മാറാരോഗം പിടിപെട്ടാൽ അതുമായി എങ്ങനെയാണു പൊരുത്തപ്പെടാൻ കഴിയുക? ഉത്തരം കണ്ടുപിടിക്കുന്നതിനായി മാറാരോഗം കുടുംബങ്ങളെ പ്രഹരിക്കുന്ന ചില വിധങ്ങൾ നമുക്കു വിശകലനം ചെയ്യാം.
-
-
വിട്ടുമാറാത്ത രോഗം—കുടുംബം ഒത്തൊരുമിച്ചു കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നംഉണരുക!—2000 | മേയ് 22
-
-
വിട്ടുമാറാത്ത രോഗം—കുടുംബം ഒത്തൊരുമിച്ചു കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം
വിട്ടുമാറാത്ത രോഗം എന്നുവെച്ചാൽ എന്താണ്? ഒരു പ്രൊഫസർ അതിനെ വിശദീകരിക്കുന്നത് “ഒരു ചെറിയ ശസ്ത്രക്രിയകൊണ്ടോ കുറച്ചുകാലത്തെ മരുന്നുകൊണ്ടോ ഭേദമാക്കാൻ പറ്റാത്ത വിധം തകരാറിലായ ആരോഗ്യനില” എന്നാണ്. വിട്ടുമാറാത്ത രോഗങ്ങൾ അല്ലെങ്കിൽ അവയുടെ ഫലങ്ങൾ ഇത്രയധികം വെല്ലുവിളിപരമാക്കിത്തീർക്കുന്നത് രോഗത്തിന്റെയോ ചികിത്സാരീതിയുടെയോ സ്വഭാവമല്ല, മറിച്ച് ആ പേരിൽ നിന്നു മനസ്സിലാക്കാവുന്നതുപോലെ അതു വളരെക്കാലം സഹിക്കണം എന്ന സംഗതിയാണ്.
ഇത്തരം രോഗങ്ങളുടെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് രോഗികൾ മാത്രമല്ല. “മിക്ക ആളുകളും ഒരു കുടുംബത്തിന്റെ ഭാഗമാണ്. [രോഗിയായ] നിങ്ങൾ അനുഭവിക്കുന്ന ക്ഷോഭവും ഉത്കണ്ഠയും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുമുണ്ടാകും” എന്ന് മോട്ടോർ ന്യൂറോൺ രോഗം—കുടുംബം ഒത്തൊരുമിച്ചു കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു. ഇത് തികച്ചും ശരിയാണെന്ന് കാൻസർ രോഗിയായിരുന്ന ഒരു പെൺകുട്ടിയുടെ അമ്മ സമ്മതിക്കുന്നു. അവർ പറയുന്നു: “വീട്ടിലുള്ള എല്ലാവരെയും അതു ബാധിക്കും. ഒരുപക്ഷേ അവർ അതു തിരിച്ചറിയുന്നില്ലായിരിക്കാം അല്ലെങ്കിൽ മനഃപൂർവം അതു പുറത്തുകാണിക്കാത്തതായിരിക്കാം.”
വീട്ടിൽ ഒരാൾക്ക് അസുഖം വന്നാൽ അത് എല്ലാവരെയും ഒരുപോലെയായിരിക്കില്ല ബാധിക്കുന്നത് എന്നതു ശരിതന്നെ. എന്നാൽ, ഇത് പൊതുവെ ആളുകളെ എങ്ങനെയാണു ബാധിക്കുന്നത് എന്നു വീട്ടിലുള്ളവർക്ക് അറിയാമെങ്കിൽ, അവരുടെ പ്രത്യേക സാഹചര്യത്തെയും അതിന്റേതായ വെല്ലുവിളികളെയും ഏറെ നന്നായി നേരിടാൻ അവർ സജ്ജരായിരിക്കും. കൂടാതെ, ഇത്തരം രോഗങ്ങൾ വന്നുപെടുന്നത് വീട്ടിലുള്ളവരെ എത്രയധികം ബാധിക്കുമെന്ന് മനസ്സിലാക്കാൻ മറ്റുള്ളവർക്ക്—സഹജീവനക്കാർ, സഹപാഠികൾ, അയൽക്കാർ, സുഹൃത്തുക്കൾ എന്നിവർക്ക്— കഴിഞ്ഞാൽ, കൂടുതൽ സമാനുഭാവത്തോടെ, കൂടുതൽ അർഥവത്തായ പിന്തുണ നൽകാൻ അവർക്കു സാധിക്കും. ഇതു മനസ്സിൽപിടിച്ചുകൊണ്ട്, ഇത്തരം രോഗങ്ങൾ കുടുംബങ്ങളെ ബാധിക്കുന്ന ചില വിധങ്ങൾ നമുക്കു പരിശോധിക്കാം.
അപരിചിതമായ ഒരു ദേശത്തുകൂടെയുള്ള യാത്ര
വീട്ടിലാർക്കെങ്കിലും വിട്ടുമാറാത്ത രോഗം വരുന്ന അവസ്ഥയെ ആ കുടുംബം ഒരു വിദേശരാജ്യത്തുകൂടെ നടത്തുന്ന യാത്രയോടു താരതമ്യപ്പെടുത്താവുന്നതാണ്. പുതിയ രാജ്യത്തെ ചില കാര്യങ്ങൾ അവരുടെ മാതൃരാജ്യത്തേതുപോലെ തന്നെയായിരുന്നേക്കാം, മറ്റു ചിലവ അവർക്കു വലിയ പരിചയമില്ലാത്തവയായിരുന്നേക്കാം. വേറെ ചിലത് തികച്ചും വ്യത്യസ്തങ്ങളായിരുന്നേക്കാം. വീട്ടിൽ ആർക്കെങ്കിലും ഒരു മാറാരോഗം പിടിപെടുന്നത് കുടുംബത്തിന്റെ ജീവിതശൈലിയെ പാടേ മാറ്റിമറിക്കില്ലായിരിക്കാമെങ്കിലും ചില കാര്യങ്ങളിലെങ്കിലും വലിയ മാറ്റങ്ങൾ വരുമെന്നത് ഉറപ്പാണ്.
കുടുംബത്തിന്റെ ദിനചര്യയിൽ വരുന്ന മാറ്റങ്ങളായിരുന്നേക്കാം അവയിലൊന്ന്. ഒപ്പം, പുതിയ സാഹചര്യവുമായി ചേർന്നുപോകുന്നതിന് കുടുംബാംഗങ്ങൾ വ്യക്തിപരമായും പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടി വന്നേക്കാം. ഇതിനോടു യോജിച്ചുകൊണ്ട് 14-കാരിയായ ഹെലൻ—അവളുടെ അമ്മ സ്ഥായിയായ വിഷാദരോഗത്തിന് അടിമയാണ്—പറയുന്നു: “ഓരോ ദിവസവും അമ്മയ്ക്ക് എന്തുചെയ്യാൻ പറ്റും, പറ്റില്ല എന്നു നോക്കിയിട്ടാണ് ഞങ്ങൾ വീട്ടിലെ കാര്യങ്ങളെല്ലാം ക്രമീകരിക്കുന്നത്.”
പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ വിഷമിക്കുന്ന കുടുംബത്തിന്റെമേൽ ചികിത്സപോലും കൂടുതലായ ഭാരം വരുത്തിവെച്ചേക്കാം. മുൻലേഖനത്തിൽ പരാമർശിച്ച ബ്രാമിന്റെയും ആനിന്റെയും കാര്യംതന്നെയെടുക്കുക. ബ്രാം പറയുന്നു: “കുട്ടികളുടെ ചികിത്സ കാരണം ദിനചര്യയിൽ ഞങ്ങൾക്കു വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നു.” അതു വിശദമാക്കിക്കൊണ്ട് ആൻ കൂട്ടിച്ചേർക്കുന്നു: “ദിവസവും ആശുപത്രിയിൽ പോകണം. കൂടാതെ, ഈ അസുഖം മൂലം കുട്ടികൾക്കുണ്ടാകുന്ന പോഷകക്കുറവ് പരിഹരിക്കാനായി ഡോക്ടർ പറഞ്ഞതനുസരിച്ച് ദിവസത്തിൽ ആറുതവണ ലഘുവായ ആഹാരം ഉണ്ടാക്കിക്കൊടുക്കണം. തികച്ചും പുതിയ പാചകരീതികൾ പഠിച്ചെടുക്കേണ്ടിവന്നു എനിക്ക്.” പേശികൾ ഉറയ്ക്കുന്നതിനായി കുട്ടികളെക്കൊണ്ട് വ്യായാമം ചെയ്യിക്കുക ആയിരുന്നു മറ്റൊരു ബുദ്ധിമുട്ടുപിടിച്ച പണി. “എന്നും അവരുമായി ഗുസ്തിപിടിച്ചാലേ അവർ വ്യായാമം ചെയ്യുമായിരുന്നുള്ളൂ,” ആൻ ഓർമിക്കുന്നു.
ചികിത്സയുടെയും വൈദ്യപരിശോധനയുടെയും അസ്വാസ്ഥ്യങ്ങളോട്—ചിലപ്പോൾ അത് ഉണ്ടാക്കിയേക്കാവുന്ന വേദനയോടും—പൊരുത്തപ്പെട്ടുവരുന്ന ആ കാലയളവിൽ സഹായത്തിനും വൈകാരിക പിന്തുണയ്ക്കുമായി രോഗി തന്റെ വീട്ടിലുള്ളവരെ കൂടുതലായി ആശ്രയിക്കും. അതുകൊണ്ട്, രോഗിയെ പരിപാലിക്കുന്നതിനുവേണ്ട പുതിയ മാർഗങ്ങൾ പഠിച്ചെടുക്കേണ്ടിവരുമ്പോൾതന്നെ കുടുംബാംഗങ്ങൾക്ക് തങ്ങളുടെ മനോഭാവങ്ങൾ, വികാരങ്ങൾ, ചര്യകൾ, ജീവിതശൈലി എന്നിവയിലും പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവരുന്നു.
തീർച്ചയായും, ഇതെല്ലാം വീട്ടുകാരുടെ ഭാഗത്ത് കൂടുതൽ കൂടുതൽ സഹനം ആവശ്യമാക്കിത്തീർക്കുന്ന സംഗതികളാണ്. ഇത് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരമ്മ—കാൻസർ ബാധിച്ച അവരുടെ മകൾ ചികിത്സാർഥം ആശുപത്രിയിൽ കിടന്നിട്ടുണ്ട്—പറയുന്നത് ആ സാഹചര്യം “നിങ്ങൾക്ക് ഒരുപക്ഷേ ഊഹിക്കാൻ പോലും കഴിയാത്തത്ര പ്രയാസകരമാണ്” എന്നാണ്.
നീളുന്ന അനിശ്ചിതത്വം
“രോഗം എപ്പോഴാണു കുറയുക, കൂടുക എന്നൊന്നും തീർത്തു പറയാൻ പറ്റാത്തതുകൊണ്ട് കുടുംബാംഗങ്ങൾ എപ്പോഴും ഒരു അനിശ്ചിതാവസ്ഥയുടെ നിഴലിലായിരിക്കും” എന്ന് കോപ്പിങ് വിത്ത് ക്രോണിക് ഇൽനെസ്—ഓവർകമിങ് പവർലെസ്നസ്സ് എന്ന പുസ്തകം പറയുന്നു. ഒരു പ്രത്യേക സാഹചര്യവുമായി ഒരുവിധം പൊരുത്തപ്പെട്ടു വരുമ്പോഴായിരിക്കും തികച്ചും വ്യത്യസ്തവും ഏറെ ബുദ്ധിമുട്ടുപിടിച്ചതുമായ മറ്റൊരു സാഹചര്യം സംജാതമാകുന്നത്. രോഗലക്ഷണങ്ങൾ ചിലപ്പോൾ കൂടിയും കുറഞ്ഞുമിരുന്നേക്കാം. ചിലപ്പോൾ അത് ഓർക്കാപ്പുറത്തു മൂർച്ഛിച്ചേക്കാം. ചികിത്സകൊണ്ട് ഉദ്ദേശിച്ച ഫലവും കിട്ടുന്നില്ലായിരിക്കാം. ഇനി ഒരുപക്ഷേ, ചികിത്സ സമയാസമയങ്ങളിൽ മാറ്റേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, സ്വപ്നത്തിൽപോലും വിചാരിക്കാത്ത കുഴപ്പങ്ങൾ ചികിത്സകൊണ്ട് ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളുടെ മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന വീട്ടുകാർ, രോഗിക്ക് ആവശ്യമായ പിന്തുണ നൽകാൻ നന്നേ കഷ്ടപ്പെട്ടുപോകുന്നത് സ്വാഭാവികമാണ്. ഇതേസമയം പിന്തുണയ്ക്കായി രോഗി കുടുംബാംഗങ്ങളെ കൂടുതലായി ആശ്രയിക്കുക കൂടെ ചെയ്യുമ്പോൾ അമർത്തിവെച്ചിരുന്ന വികാരങ്ങൾ അപ്രതീക്ഷിതമായി കെട്ടുപൊട്ടിച്ചു പുറത്തു ചാടിയേക്കാം.
മിക്ക മാറാരോഗങ്ങളുടെയും കാര്യത്തിൽ, ചികിത്സ ഫലിക്കുമോ ഇല്ലയോ എന്നുള്ളത് കൃത്യമായി മുൻകൂട്ടി പറയാനാകില്ല. അതുകൊണ്ട് ആളുകൾ ഇങ്ങനെ ചോദിച്ചുപോകാറുണ്ട്: “ഇനിയും എത്ര നാൾ കൂടി ഇങ്ങനെ തള്ളിനീക്കേണ്ടിവരും? രോഗിയുടെ നില ഇനിയും വഷളാകുമോ? എത്രകാലം കൂടി ഇങ്ങനെ പിടിച്ചുനിൽക്കാൻ നമുക്കാകും?” രോഗം മാരകമാണെങ്കിൽ കൂടെക്കൂടെ ഇങ്ങനെയും ചിന്തിച്ചുപോകും: “ജീവനോടെ ഇനി എത്ര നാൾ കൂടെ കാണാൻ പറ്റും?”
രോഗം, ചികിത്സാവിധികൾ, തളർച്ച, അനിശ്ചിതാവസ്ഥ ഇവ എല്ലാംകൂടെ ചേരുമ്പോൾ തികച്ചും അപ്രതീക്ഷിതമായ മറ്റൊരു പ്രത്യാഘാതം കൂടെ ഉണ്ടാകുന്നുണ്ട്.
സാമൂഹിക ജീവിതത്തിന്മേൽ ഉള്ള ഫലങ്ങൾ
“ഒറ്റപ്പെട്ടു എന്ന തോന്നലായിരുന്നു മനസ്സുനിറയെ. ഒപ്പം, ഒന്നും ചെയ്യാനാകില്ലല്ലോ എന്ന നിസ്സഹായതാബോധവും. ഉള്ളിൽ സദാ ഇരമ്പിമറിഞ്ഞുകൊണ്ടിരുന്ന ഈ തോന്നലുകളെ തരണംചെയ്യേണ്ടിയിരുന്നു എനിക്ക്,” കാത്ലീൻ പറയുന്നു. സ്ഥായിയായ വിഷാദരോഗത്തിന് അടിമയായിരുന്നു അവരുടെ ഭർത്താവ്. “ആ അവസ്ഥയെക്കുറിച്ച് എനിക്കോർക്കാൻ കൂടെ വയ്യ. വീട്ടിലേക്ക് ആരെയെങ്കിലും വിരുന്നിനു ക്ഷണിക്കാനോ മറ്റുള്ളവരുടെ ക്ഷണം സ്വീകരിക്കാനോ ഒരിക്കലും ഞങ്ങൾക്കു കഴിയുമായിരുന്നില്ല. വന്നുവന്ന് അവസാനം സമൂഹത്തിൽ ആരുമായും ഒരു ബന്ധവുമില്ലാത്ത സ്ഥിതിയായിത്തീർന്നു.” കാത്ലീനെ പോലെ പലർക്കും, മറ്റുള്ളവരോട് അതിഥിപ്രിയം കാട്ടാനോ അവരുടെ ക്ഷണം സ്വീകരിക്കാനോ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധത്തോടും പോരാടേണ്ടിവരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
രോഗമോ ചികിത്സയുടെ പാർശ്വഫലങ്ങളോ നിമിത്തം സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കുക ഒന്നുകിൽ ബുദ്ധിമുട്ടായിരിക്കാം അല്ലെങ്കിൽ സാധിക്കില്ലായിരിക്കാം. രോഗമുള്ളതുകൊണ്ട് മറ്റുള്ളവർ അകൽച്ച കാണിക്കുമെന്നോ നാണംകെടുത്തുമെന്നോ ഒക്കെ രോഗിയും വീട്ടുകാരും ഭയന്നേക്കാം. സുഹൃത്തുക്കളുടെ മനസ്സിൽ തനിക്ക് ഇനി പഴയ സ്ഥാനമൊന്നും ഉണ്ടായിരിക്കില്ലെന്ന് വിഷാദത്തിലാണ്ടുപോയ രോഗികൾ ചിന്തിച്ചേക്കാം. അതുമല്ലെങ്കിൽ, സാമൂഹിക ചടങ്ങുകളിലൊന്നും പങ്കെടുക്കാൻ പറ്റിയ ഒരു മാനസികനിലയിൽ ആയിരിക്കില്ല വീട്ടുകാർ. ഇതുപോലുള്ള നിരവധി കാരണങ്ങൾകൊണ്ട് വളരെയെളുപ്പം ആ മുഴുകുടുംബവും സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട്, ഏകാന്തമായ ഒരു തുരുത്തിൽ അകപ്പെട്ടതുപോലെ ആയിത്തീർന്നേക്കാം.
ഒരു രോഗിയുടെ മുന്നിൽവെച്ച് എങ്ങനെ പെരുമാറണം എന്തു പറയണം എന്നൊക്കെ എല്ലാവർക്കും വലിയ നിശ്ചയമുണ്ടാകില്ല. (11-ാം പേജിലെ “നിങ്ങൾക്ക് പിന്തുണയേകാൻ കഴിയുന്ന വിധം” എന്ന ചതുരം കാണുക.) “നിങ്ങളുടെ കുട്ടി മറ്റു കുട്ടികളിൽ നിന്നു വ്യത്യസ്തനാണെങ്കിൽ ഒരു അപൂർവ ജീവിയെ കാണുന്നതുപോലെ ആയിരിക്കും പലരും അവനെ നോക്കുന്നത്. വീണ്ടുവിചാരമില്ലാതെ അവർ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നും വരാം,” ആൻ പറയുന്നു. “അല്ലെങ്കിൽത്തന്നെ, നിങ്ങളുടെ കുട്ടിക്ക് ഇങ്ങനെയൊരു രോഗം വന്നുപെട്ടതുകൊണ്ട് സ്വയം പഴിക്കാനായിരിക്കും നിങ്ങളുടെ സ്വാഭാവിക ചായ്വ്. അതിന്റെകൂടെ ഇങ്ങനെയും കേൾക്കുമ്പോൾ ഉള്ളിലെ കുറ്റബോധത്തിന്റെ തീവ്രത കൂടുകയേ ഉള്ളൂ.” ആനിന്റെ വാക്കുകൾ മറ്റൊരു കാര്യവും കൂടെ വെളിപ്പെടുത്തുന്നു.
നീറിപ്പടരുന്ന വികാരങ്ങൾ
“മിക്കപ്പോഴും, കുടുംബത്തിൽ ഒരാൾക്കു രോഗമുണ്ടെന്നു പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുമ്പോൾ ബാക്കിയുള്ളവർ നടുങ്ങിപ്പോകും. അതു വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയാതെ പകച്ചുപോകും അവർ” എന്ന് ഒരു ഗവേഷക പ്രസ്താവിക്കുന്നു. “അവർക്കതു താങ്ങാൻ കഴിയില്ല.” അതേ, പ്രിയപ്പെട്ട ഒരാൾക്ക് തളർത്തിക്കളയുന്ന അല്ലെങ്കിൽ മാരകമായ ഒരു രോഗം പിടിപെട്ടിരിക്കുന്നുവെന്ന് അറിയുമ്പോൾ മറ്റുള്ളവർ ആകെ തകർന്നുപോകും. തങ്ങൾ കെട്ടിപ്പടുത്ത സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം കൺമുന്നിൽ വീണുടയുന്നതു പോലെ അവർക്ക് അനുഭവപ്പെട്ടേക്കാം. അനിശ്ചിതമായ ഭാവിയും കനത്ത നഷ്ടബോധവും ആഴമായ ഹൃദയവേദനയുമാകും പിന്നെ അവർക്കു കൂട്ടിന്.
കുടുംബത്തിൽ ഒരാൾ, ഏതോ ഒരു രോഗത്തിന്റെ ലക്ഷണങ്ങളാൽ വളരെക്കാലം കഷ്ടപ്പെടുന്നതു കണ്ടിട്ട് അവസാനം ആ രോഗം എന്താണെന്നു കണ്ടുപിടിക്കുമ്പോൾ ശേഷമുള്ളവർക്ക് ഒരുപരിധിവരെ ആശ്വാസംതോന്നും. പലരുടെയും കാര്യത്തിൽ ഇതു സത്യമാണെങ്കിലും എല്ലാവരുടെയും കാര്യത്തിലല്ല. ദക്ഷിണാഫ്രിക്കക്കാരിയായ ഒരു അമ്മ ഇങ്ങനെ സമ്മതിക്കുന്നു: “ഞങ്ങളുടെ കുട്ടികളുടെ രോഗമെന്തായിരുന്നു എന്ന് ഒടുവിൽ മനസ്സിലാക്കിയപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. അത് ഒരിക്കലും അറിയാതിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.”
“ഈ പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടുമ്പോൾ . . . വൈകാരികമായി തികച്ചും പ്രക്ഷുബ്ധമായ ഒരു അവസ്ഥയിലൂടെ നിങ്ങൾ കടന്നുപോകേണ്ടിവരുന്നത് സ്വാഭാവികം മാത്രമാണ്” എന്ന് വീട്ടിലെ പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടി—രോഗിയായ അല്ലെങ്കിൽ വികലാംഗനായ നിങ്ങളുടെ കുട്ടിയുമൊത്ത് ജീവിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “ഇനി ഇതു താങ്ങാൻ നിങ്ങളെക്കൊണ്ടാവില്ല എന്നു തോന്നിപ്പിക്കുമാറ് ചിലപ്പോൾ ഈ വികാരങ്ങൾ അത്രയ്ക്കു ശക്തമായിത്തീരും.” പുസ്തകത്തിന്റെ എഴുത്തുകാരിയായ ഡയാന കിംപ്റ്റൺ—അവരുടെ രണ്ട് ആൺമക്കൾക്ക് സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗമുണ്ടായിരുന്നു—പറയുന്നു: “എന്റെ വികാരങ്ങളെ വാസ്തവത്തിൽ ഞാൻ ഭയപ്പെട്ടു. എനിക്കിത്രയും വേദന തോന്നുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.”
വീട്ടുകാർക്ക് ഭയം തോന്നുന്നതും അസാധാരണമല്ല. അകാരണമായ ഭീതിയും രോഗത്തെയും ചികിത്സയെയും വേദനയെയും മരണത്തെയും കുറിച്ചു തോന്നുന്ന ഭയവുമെല്ലാം എല്ലാം ഇക്കൂട്ടത്തിൽപ്പെടും. കുട്ടികളെ പ്രത്യേകിച്ചും, പറഞ്ഞറിയിക്കാനാകാത്ത തരം ഭയം പിടികൂടും. വീട്ടിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ശരിയായ വിശദീകരണങ്ങൾ അവർക്കു നൽകുന്നില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട.
കോപമാണ് മറ്റൊരു സർവസാധാരണമായ വികാരം. ടിഎൽസി എന്ന ദക്ഷിണാഫ്രിക്കൻ മാസിക ഇങ്ങനെ വിശദീകരിക്കുന്നു: “മിക്കപ്പോഴും കുടുംബാംഗങ്ങളുടെമേൽ ആയിരിക്കും രോഗി തന്റെ ദേഷ്യം മുഴുവൻ തീർക്കുക.” കുടുംബാംഗങ്ങൾക്കാണെങ്കിൽ, രോഗം നേരത്തെ കണ്ടുപിടിക്കാഞ്ഞതുകൊണ്ട് ഡോക്ടറോടും ഒരു പാരമ്പര്യരോഗം പിടിപെടാൻ ഇടയായതിനാൽ തങ്ങളോടുതന്നെയും തന്റെ ആരോഗ്യം ശരിക്കും സൂക്ഷിക്കാഞ്ഞതുകൊണ്ട് രോഗിയോടും ഇത്തരം കഷ്ടപ്പാടുകൾ വരുത്തിവെച്ചതുകൊണ്ട് പിശാചായ സാത്താനോടും എന്തിന്, ഈ രോഗത്തിന് ദൈവമാണ് ഉത്തരവാദിയെന്നു ചിന്തിച്ചുകൊണ്ട് അവനോടു പോലും ദേഷ്യം തോന്നും. ഇനി, സാധാരണഗതിയിൽ അനുഭവപ്പെടുന്ന മറ്റൊരു വികാരം കുറ്റബോധമാണ്. “കാൻസർ ബാധിച്ച മിക്കവാറും എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും കുറ്റബോധം തോന്നാറുണ്ട്” എന്ന് കാൻസർ ബാധിച്ച കുട്ടികൾ—മാതാപിതാക്കൾക്കുള്ള ഒരു സമ്പൂർണ റഫറൻസ് ഗൈഡ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ഇത്തരം വികാരങ്ങളുടെ ശക്തമായ തിരത്തള്ളലിൽ പെടുന്നവർ മിക്കപ്പോഴും വീഴുന്നത് നിരാശയുടെ നിലയില്ലാക്കയത്തിലേക്കാണ്. “ആളുകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന പരിണതഫലം ഇതാണ്,” ഒരു ഗവേഷക എഴുതുന്നു. “ഇതു തെളിയിക്കാൻ എന്റെ കൈവശം കത്തുകളുടെ ഒരു കൂമ്പാരംതന്നെയുണ്ട്.”
കുടുംബങ്ങൾക്കു തീർച്ചയായും പൊരുത്തപ്പെടാനാകും
എന്നാൽ ആശ്വാസകരമെന്നു പറയട്ടെ, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നത് തങ്ങൾ തുടക്കത്തിൽ വിചാരിച്ചിരുന്നത്ര പ്രയാസകരമല്ലെന്ന് പല കുടുംബങ്ങളും കണ്ടെത്തിയിരിക്കുന്നു. “യാഥാർഥ്യം ഒരിക്കലും നിങ്ങൾ ആദ്യം വിചാരിച്ച അത്ര ഭീകരമാവില്ല” എന്ന് ഡയാനാ കിംപ്റ്റൺ ഉറപ്പിച്ചു പറയുന്നു. “ആ ആദ്യകാല ഭയങ്ങളൊന്നും മിക്കപ്പോഴും യാഥാർഥ്യമാകാറില്ല എന്നതാണു സത്യം,” തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് അവർ പറയുന്നു. അപരിചിതമായ ദേശത്തുകൂടെയുള്ള യാത്ര വിജയകരമായി പൂർത്തിയാക്കാൻ അഥവാ ഒരു മാറാരോഗം സൃഷ്ടിക്കുന്ന പുതിയ സ്ഥിതിവിശേഷങ്ങളുമായി പൊരുത്തപ്പെടാൻ മറ്റു കുടുംബങ്ങൾക്കു സാധിച്ചിട്ടുണ്ടെന്നും നിങ്ങൾക്കും അതിനു സാധിക്കുമെന്നും ഉറപ്പുണ്ടായിരിക്കുക. മറ്റുള്ളവർക്ക് ഇത്തരമൊരു അവസ്ഥയോട് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്ന അറിവുതന്നെ ചിലരെ സംബന്ധിച്ചിടത്തോളം വളരെയേറെ ആശ്വാസകരമായിരുന്നിട്ടുണ്ട്, ഒപ്പം പ്രത്യാശാജനകവും.
എന്നിരുന്നാലും, കുടുംബാംഗങ്ങൾ ന്യായമായും ഇങ്ങനെ ചോദിച്ചേക്കാം ‘ഞങ്ങൾക്ക് എങ്ങനെയാണ് പൊരുത്തപ്പെടാൻ കഴിയുക?’ ചില കുടുംബങ്ങൾ ഇത്തരമൊരു അവസ്ഥയോട് പൊരുത്തപ്പെട്ടത് എങ്ങനെയെല്ലാമാണെന്ന് അടുത്ത ലേഖനത്തിലൂടെ നമുക്കു പരിശോധിക്കാം.
[5-ാം പേജിലെ ആകർഷക വാക്യം]
രോഗിയെ പരിചരിക്കുന്നതോടൊപ്പം കുടുംബാംഗങ്ങൾക്ക് തങ്ങളുടെ മനോഭാവങ്ങളിലും വികാരങ്ങളിലും ജീവിതശൈലിയിലും പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്
[6-ാം പേജിലെ ആകർഷക വാക്യം]
രോഗിക്കും വീട്ടുകാർക്കും തീവ്രമായ വികാരങ്ങൾ അനുഭവപ്പെടും
[7-ാം പേജിലെ ആകർഷക വാക്യം]
വിഷമിക്കേണ്ട. മറ്റു കുടുംബങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടുണ്ട്, നിങ്ങൾക്കും അതിനു കഴിയും
വിട്ടുമാറാത്ത രോഗം ഉയർത്തുന്ന ചില വെല്ലുവിളികൾ
•രോഗത്തെയും അതിനോടു പൊരുത്തപ്പെടാൻ കഴിയുന്ന വിധത്തെയും കുറിച്ചു മനസ്സിലാക്കുന്നത്
•ഒരുവന്റെ ജീവിതശൈലിയിലും ദിനചര്യയിലും പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത്
•സമൂഹത്തിലെ തങ്ങളുടെ ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നത്
•മാനസിക സമനില കാത്തുസൂക്ഷിക്കുന്നത്
•രോഗം വരുത്തിവെക്കുന്ന നഷ്ടത്തെക്കുറിച്ചുള്ള ദുഃഖം
•പ്രയാസകരമായ വികാരങ്ങളുമായി പൊരുത്തപ്പെടുന്നത്
•ഒരു ശോഭനമായ കാഴ്ചപ്പാടു നിലനിറുത്തുന്നത്
-
-
വിട്ടുമാറാത്ത രോഗത്തോട് കുടുംബങ്ങൾ പൊരുത്തപ്പെടുന്ന വിധംഉണരുക!—2000 | മേയ് 22
-
-
വിട്ടുമാറാത്ത രോഗത്തോട് കുടുംബങ്ങൾ പൊരുത്തപ്പെടുന്ന വിധം
“സമ്മർദങ്ങളെ ഫലപ്രദമായി നേരിടാനും കൈകാര്യം ചെയ്യാനും ഉള്ള കഴിവ്” എന്നു പൊരുത്തപ്പെടലിനെ നിർവചിക്കാവുന്നതാണ്. (റ്റേബഴ്സ് സൈക്ലോപെഡിക് മെഡിക്കൽ ഡിക്ഷനറി) രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം മനസ്സിന്റെ നിയന്ത്രണവും സമാധാനവും ഒരളവുവരെ നിലനിറുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. മാറാരോഗങ്ങൾ, കുടുംബത്തെ ആകമാനം ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് വീട്ടിലെ ഓരോ അംഗത്തിന്റെയും സ്നേഹപൂർവകവും വിശ്വസ്തവുമായ പിന്തുണ ഉണ്ടെങ്കിലേ അതിനോടു നന്നായി പൊരുത്തപ്പെടാനാകൂ. വിട്ടുമാറാത്ത രോഗത്തോട് കുടുംബങ്ങൾ പൊരുത്തപ്പെട്ടിരിക്കുന്ന ചില വിധങ്ങൾ നമുക്കു പരിശോധിക്കാം.
അറിവിന്റെ മൂല്യം
രോഗം ഒരുപക്ഷേ സുഖപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ, അതിനോട് എങ്ങനെ പൊരുത്തപ്പെടണം എന്നറിയാമെങ്കിൽ രോഗം ഏൽപ്പിക്കുന്ന മാനസികവും വൈകാരികവുമായ ആഘാതം ലഘൂകരിക്കാൻ സാധിക്കുമെന്നുള്ളതാണു വസ്തുത. ഒരു പുരാതന പഴമൊഴി പറയുന്നതും അതു തന്നെയാണ്: “പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 24:5) എന്നാൽ, പൊരുത്തപ്പെടേണ്ട വിധം സംബന്ധിച്ച് വീട്ടുകാർക്ക് എങ്ങനെയാണ് അറിവുനേടാൻ കഴിയുക?
സഹായമനസ്കനും സമയമെടുത്ത് രോഗിക്കും കുടുംബാംഗങ്ങൾക്കും കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുക്കാൻ ഒരുക്കമുള്ളവനുമായ ഒരു ഡോക്ടറെ കണ്ടുപിടിക്കുകയാണ് ആദ്യപടി. “വൈദ്യശാസ്ത്രപരമായ വൈദഗ്ധ്യങ്ങൾ ഉണ്ടായിരിക്കുകയും ഒപ്പം [രോഗിയുടെ] കുടുംബത്തിലെ എല്ലാവരിലും താത്പര്യമെടുക്കുകയും ചെയ്യുന്നവനാണ് ഒരു ഉത്തമ ഡോക്ടർ” എന്ന് വീട്ടിലെ പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടി എന്ന പുസ്തകം പറയുന്നു.
അടുത്തതായി ചെയ്യേണ്ടത്, സാഹചര്യം ശരിക്കും മനസ്സിലാക്കാൻ കഴിയുന്നതുവരെ കൃത്യമായ ചോദ്യങ്ങൾ അദ്ദേഹത്തോടു ചോദിക്കുകയാണ്. എന്നിരുന്നാലും, ഒരു കാര്യം ഓർക്കുന്നതു നന്നായിരിക്കും. ഡോക്ടറുടെ മുന്നിലിരിക്കുമ്പോഴുള്ള വെപ്രാളവും പേടിയും നിമിത്തം ചോദിക്കണമെന്നു വിചാരിച്ച ചില കാര്യങ്ങൾ നിങ്ങൾ മറന്നുപോയേക്കാം. അതുകൊണ്ട്, നിങ്ങൾക്കുള്ള ചോദ്യങ്ങളെല്ലാം നേരത്തെത്തന്നെ എഴുതിവെക്കുന്നതു നല്ലതായിരിക്കും. വിശേഷിച്ച്, ഈ രോഗവും ചികിത്സയും എന്തെല്ലാം ഭവിഷ്യത്തുകൾ ഉളവാക്കുമെന്നും അതിനെ നേരിടാൻ എന്താണു ചെയ്യേണ്ടതെന്നും അറിയാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.—“കുടുംബാംഗങ്ങൾക്ക് ഡോക്ടറോട് ചോദിക്കാവുന്ന ചോദ്യങ്ങൾ” എന്ന ചതുരം കാണുക.
കുട്ടികളിൽ ഒരാൾക്കാണ് മാറാരോഗം പിടിപെടുന്നതെങ്കിൽ, കൂടപ്പിറപ്പുകൾക്ക് ആ രോഗം സംബന്ധിച്ച് മതിയായ വിവരങ്ങൾ പറഞ്ഞുകൊടുക്കേണ്ടതു പ്രധാനമാണ്. “തുടക്കത്തിലേ കാര്യങ്ങൾ അവർക്കു വിശദീകരിച്ചു കൊടുക്കണം,” ഒരമ്മ അഭിപ്രായപ്പെടുന്നു. “എന്താണു സംഭവിക്കുന്നത് എന്ന് അവർക്കു മനസ്സിലാകുന്നില്ലെങ്കിൽ തങ്ങളെ വേണ്ടാതായി എന്ന ചിന്ത എളുപ്പം അവരുടെ മനസ്സിൽ കടന്നുകൂടും.”
ചിലർ വീടിന് അടുത്തുള്ള ഗ്രന്ഥശാലയിലോ ബുക്ക്സ്റ്റോറിലോ ഇന്റർനെറ്റിലോ ഒക്കെ സഹായകമായ വിവരങ്ങൾക്കുവേണ്ടി പരതാറുണ്ട്. ഒട്ടു മിക്കപ്പോഴും ആവശ്യമായ വിശദവിവരങ്ങൾ ഇങ്ങനെ കിട്ടാറുണ്ട് എന്നതാണു വസ്തുത.
ഒരളവുവരെ ജീവിതം ആസ്വദിക്കുക
രോഗി ഒരളവുവരെ ജീവിതം ആസ്വദിക്കണമെന്ന് വീട്ടുകാർ സ്വാഭാവികമായും ആശിക്കും. ആദ്യ ലേഖനത്തിൽ പരാമർശിച്ച നീലിന്റെ കാര്യം തന്നെയെടുക്കുക. തന്റെ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക വിഷമതകൾ നിമിത്തം അദ്ദേഹത്തിന് ഇപ്പോഴും കടുത്ത നിരാശ തോന്നാറുണ്ട്. പക്ഷേ, താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംഗതിക്ക്, തന്റെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ച് പ്രദേശത്തുള്ളവരോടു സംസാരിക്കുന്നതിന്, ഓരോ മാസവും അദ്ദേഹം 70 മണിക്കൂർ ചെലവഴിക്കുന്നു. “സഭയിൽ ബൈബിൾ പ്രസംഗങ്ങൾ നടത്തുന്നതും എനിക്ക് ഏറെ ആന്തരിക സംതൃപ്തി പകരുന്നു,” അദ്ദേഹം പറയുന്നു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉല്ലാസപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രത്യാശ നിലനിറുത്താനുമുള്ള കഴിവുകളെല്ലാം ജീവിതം ആസ്വദിക്കുന്നതിൽ ഉൾപ്പെടുന്നു. രോഗവും ചികിത്സയും മൂലമുള്ള നിയന്ത്രണങ്ങൾക്കുള്ളിൽനിന്നുകൊണ്ട് ജീവിതം ആസ്വദിക്കാൻ രോഗികൾക്ക് അപ്പോഴും താത്പര്യമുണ്ടായിരുന്നേക്കാം. വിട്ടുമാറാത്ത രോഗത്തോട് 25-ലേറെ വർഷം പൊരുത്തപ്പെട്ട ഒരു കുടുംബത്തിലെ പിതാവ് ഇങ്ങനെ പറയുന്നു: “വീടിനു വെളിയിലുള്ള വിനോദങ്ങൾ ഞങ്ങൾക്കിഷ്ടമാണ്. എന്നാൽ മകന്റെ പരിമിതികൾ കാരണം ദീർഘദൂര നടത്തമൊന്നും ഞങ്ങൾക്കു സാധിക്കുന്നില്ല. അതുകൊണ്ട്, മറ്റു പ്രവർത്തനങ്ങളിലാണു ഞങ്ങൾ ഏർപ്പെടുന്നത്, അത്ര ക്ഷീണിപ്പിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളിൽ.”
ഒരളവുവരെ ജീവിതത്തിൽനിന്നു സംതൃപ്തി നേടാൻ രോഗികൾക്ക് എപ്പോഴും കഴിയും. പലർക്കും മനോഹരമായ കാഴ്ചകളും ശബ്ദങ്ങളും ആസ്വദിക്കാൻ കഴിയും, രോഗത്തിന്റെ സ്വഭാവമനുസരിച്ച് അതിൽ വ്യത്യാസമുണ്ടായിരിക്കുമെന്നു മാത്രം. ജീവിതത്തിലെ പല കാര്യങ്ങളും ഇപ്പോഴും തങ്ങളുടെ കൈപ്പിടിയിലാണെന്നു വിചാരിക്കുന്തോറും അവർ ജീവിതം ആസ്വദിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.
പ്രയാസകരമായ വികാരങ്ങളെ കൈകാര്യം ചെയ്യൽ
ഹാനികരമായ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നതു പൊരുത്തപ്പെടൽ പ്രക്രിയയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. അക്കൂട്ടത്തിലുള്ള ഒരു വികാരം കോപമാണ്. കോപിക്കാൻ ഒരുവന് കാരണങ്ങൾ ഉണ്ടായിരുന്നേക്കാം എന്നു ബൈബിൾ അംഗീകരിക്കുന്നു. എന്നാലും, “കോപത്തിനു താമസമുള്ളവർ” ആയിരിക്കാൻ അതു ശക്തമായി ബുദ്ധിയുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 14:29, NW) എന്തുകൊണ്ടാണ് അത് ജ്ഞാനപൂർവകമായിരിക്കുന്നത്? കോപത്തിന് “നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയും. നിങ്ങളുടെ ഉള്ളിൽ വിദ്വേഷം നിറയ്ക്കാനോ പിന്നീട് നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുന്ന തരം ദ്രോഹകരമായ കാര്യങ്ങൾ പറയാനോ അതിന് ഇടയാക്കാൻ കഴിയും” എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. കോപംമൂത്തുള്ള ഒരു പൊട്ടിത്തെറി ബന്ധങ്ങളിൽ വീഴ്ത്തുന്ന പോറലുകൾ മായ്ക്കാൻ ഒരുപാടു കാലം വേണ്ടിവന്നേക്കാം.
ബൈബിൾ ഇങ്ങനെ നിർദേശിക്കുന്നു: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു [“കോപിഷ്ഠമായ അവസ്ഥയിൽ തുടരരുത്”, NW].” (എഫെസ്യർ 4:26) സൂര്യന്റെ അസ്തമയം വൈകിക്കാൻ ഏതായാലും നമുക്കൊന്നും ചെയ്യാനാകില്ല. എന്നാൽ നമ്മോടും മറ്റുള്ളവരോടും തുടർന്നും ദ്രോഹം ചെയ്യാതിരിക്കാനായി നമ്മുടെ “കോപിഷ്ഠമായ അവസ്ഥ” മാറ്റിയെടുക്കുന്നതിന് വേണ്ടതെല്ലാം വേഗത്തിൽ ചെയ്യാൻ നമുക്കു സാധിക്കും. എന്നുമാത്രമല്ല, കോപമടങ്ങിക്കഴിഞ്ഞാൽ പ്രസ്തുത സാഹചര്യത്തെ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും.
എല്ലാ കുടുംബത്തിന്റെയും കാര്യത്തിലെന്ന പോലെ നിങ്ങളുടെ വീട്ടിലും പ്രശ്നങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. എന്നാൽ ഒന്നുകിൽ ആർദ്രതയോടെയും സമാനുഭാവത്തോടെയും ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാട്ടുന്ന ഒരു സുഹൃത്തിനോട് അല്ലെങ്കിൽ കുടുംബാംഗങ്ങൾ തമ്മിൽ കാര്യങ്ങളെല്ലാം തുറന്നു പറയുമ്പോൾ കൂടുതൽ നന്നായി പൊരുത്തപ്പെടാൻ സാധിക്കുന്നതായി ചിലർ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. കാത്ലീന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നു. ആദ്യം, കാൻസർ രോഗിയായിരുന്ന തന്റെ അമ്മയെ അവർ ശുശ്രൂഷിച്ചു. പിന്നീട്, കടുത്ത വിഷാദരോഗവും തുടർന്ന് അൽസൈമേഴ്സ് രോഗവും പിടിപെട്ട ഭർത്താവിനെയും. അവർ ഇങ്ങനെ സമ്മതിക്കുന്നു: “സഹാനുഭൂതിയുള്ള സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത സമാധാനവും ആശ്വാസവും തോന്നിയിരുന്നു എനിക്ക്.” രണ്ടു വർഷം തന്റെ അമ്മയെ പരിചരിച്ച റോസ്മേരിയും അതിനോടു യോജിക്കുന്നു. “മാനസികമായും വൈകാരികമായും പിടിച്ചുനിൽക്കാൻ എനിക്കു കഴിഞ്ഞത് വിശ്വസ്തയായ ഒരു സുഹൃത്തിനോട് എല്ലാം തുറന്നു സംസാരിച്ചതുകൊണ്ടാണ്.”
സംസാരിക്കുന്നതിനിടയിൽ നിങ്ങൾ ഒരുപക്ഷേ കരഞ്ഞുപോയേക്കാം. “കരയുമ്പോൾ മനസ്സിന്റെ പിരിമുറുക്കങ്ങളും നൊമ്പരങ്ങളുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതെയാകും. ഒപ്പം, അതു നിങ്ങളുടെ സങ്കടം കുറയ്ക്കാനും ഉപകരിക്കും” എന്ന് വീട്ടിലെ പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടി എന്ന പുസ്തകം പറയുന്നു.a
ശുഭാപ്തി വിശ്വാസത്തോടു കൂടിയ ഒരു കാഴ്ചപ്പാടു നിലനിറുത്തുക
“ജീവിക്കാനുള്ള ആഗ്രഹം രോഗിയായിരിക്കുമ്പോൾ നിന്നെ താങ്ങിനിറുത്തും” എന്ന് ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. (സദൃശവാക്യങ്ങൾ 18:14, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ചികിത്സയെക്കുറിച്ചു രോഗിക്കുള്ള പ്രതീക്ഷകൾ—അത് ക്രിയാത്മകമോ നിഷേധാത്മകമോ ആയിക്കൊള്ളട്ടെ—പോലെയാണ് മിക്കപ്പോഴും ചികിത്സയുടെ ഫലങ്ങളും വരിക എന്നകാര്യം ഇന്നത്തെ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ, ഏറെക്കാലം നീണ്ടുനിൽക്കുന്ന ഒരു രോഗം കുടുംബത്തെ ഉലയ്ക്കുമ്പോൾ കുടുംബാംഗങ്ങൾക്ക് എങ്ങനെയാണു ശുഭാപ്തി വിശ്വാസം നിലനിറുത്താനാകുക?
രോഗമെന്ന യാഥാർഥ്യത്തെ അംഗീകരിക്കുമ്പോൾതന്നെ, തങ്ങൾക്ക് അപ്പോഴും ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയാണെങ്കിൽ കുടുംബങ്ങൾക്കു കൂടുതൽ നന്നായി പൊരുത്തപ്പെടാൻ കഴിയും. “സാഹചര്യങ്ങൾ നിങ്ങളെ അങ്ങേയറ്റം നിഷേധാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കും,” ഒരു പിതാവ് സമ്മതിക്കുന്നു. “പക്ഷേ, ജീവിതത്തിൽ അപ്പോഴും നിങ്ങൾക്കു പലതും ഉണ്ടെന്ന കാര്യം മറക്കരുത്—നിങ്ങളുടെ ജീവൻ, കുടുംബാംഗങ്ങൾ പിന്നെ സുഹൃത്തുക്കൾ.”
വിട്ടുമാറാത്ത രോഗങ്ങളെ നിസ്സാരമായി എടുക്കാൻ പാടില്ലെങ്കിലും, ഒരു ഇരുളടഞ്ഞ കാഴ്ചപ്പാട് ഒഴിവാക്കാൻ ആരോഗ്യാവഹമായ നർമബോധംകൊണ്ടു കഴിയും. എപ്പോൾ വേണമെങ്കിലും തമാശ പറയാനുള്ള ഡെ റ്റോയി കുടുംബാംഗങ്ങളുടെ കഴിവുതന്നെ അതിന് ഉദാഹരണമാണ്. നീലിന്റെ ഏറ്റവും ഇളയ അനുജത്തിയായ കോളറ്റ് പറയുന്നതു കേൾക്കൂ: “ചില പ്രത്യേക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിച്ചിട്ടുള്ളതുകൊണ്ട്, സംഭവിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ ഞങ്ങൾക്കു ചിരിച്ചുതള്ളാനാകും. മറ്റുള്ളവർക്ക് ഒരുപക്ഷേ അതിനെ ആ രീതിയിൽ കാണാനാവില്ലായിരിക്കാം. എന്നാൽ, അങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതെയാക്കാൻ എന്തുമാത്രമാണു സഹായിക്കുന്നതെന്നു പറഞ്ഞറിയിക്കാനാകില്ല.” “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” എന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു.—സദൃശവാക്യങ്ങൾ 17:22.
അതിപ്രധാനമായ ആത്മീയ മൂല്യങ്ങൾ
സത്യ ക്രിസ്ത്യാനികളുടെ ആത്മീയ ക്ഷേമത്തിന് ഏറ്റവും ആവശ്യമായിരിക്കുന്ന സംഗതികളിലൊന്നാണ് ‘പ്രാർത്ഥനയാലും അപേക്ഷയാലും അവരുടെ ആവശ്യങ്ങൾ ദൈവത്തോട് അറിയിക്കുക’ എന്നത്. അതിന്റെ ഫലം എന്തായിരിക്കുമെന്ന് ബൈബിൾ ഈ വാക്കുകളിൽ വിവരിക്കുന്നു: “എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) മാറാരോഗം ബാധിച്ച തന്റെ രണ്ടു കുട്ടികളെ ഏകദേശം 30 വർഷത്തോളം പരിചരിച്ച ഒരമ്മ പറയുന്നു: “പൊരുത്തപ്പെടാൻ യഹോവ നമ്മെ സഹായിക്കുമെന്ന് ഞങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. അവൻ തീർച്ചയായും നമ്മെ താങ്ങും.”
കൂടാതെ, വേദനയും കഷ്ടപ്പാടും ഒന്നുമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനങ്ങൾ അനേകരുടെയും ഉള്ളിൽ ആശ്വാസത്തിന്റെ ഒരു കുളിർമഴയായി പെയ്തിറങ്ങിയിരിക്കുന്നു. (വെളിപ്പാടു 21:3-5) “ഒരു മാറാരോഗത്തിന്റെ തിക്തഫലങ്ങൾ ഞങ്ങളുടെ കുടുംബം അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട്, ‘മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും’ എന്ന ബൈബിൾ വാഗ്ദാനങ്ങൾ കൂടുതൽ അർഥവത്തായി ഞങ്ങൾക്കു തോന്നുന്നു,” ബ്രാം പറയുന്നു. ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറയുകയില്ലാത്ത’ ഒരു പറുദീസാവസ്ഥയ്ക്കായി മറ്റു പലരെയും പോലെ ഡെ റ്റോയി കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.—യെശയ്യാവു 33:24; 35:6.
ധൈര്യപ്പെടുക. വാസ്തവത്തിൽ, മനുഷ്യവർഗത്തെ ഭാരപ്പെടുത്തുന്ന ഈ വേദനയും കഷ്ടപ്പാടുകളുമെല്ലാം ഒരു ശോഭനമായ ഭാവി തൊട്ടുമുന്നിൽ ഉണ്ടെന്നുള്ളതിന്റെ തെളിവുകളാണ്. (ലൂക്കൊസ് 21:7, 10, 11) എന്നാൽ ഇപ്പോൾ, വിട്ടുമാറാത്ത തരം രോഗങ്ങൾകൊണ്ടു കഷ്ടപ്പെടുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും ഒരുകാര്യം അനുഭവിച്ചറിയാൻ കഴിയും, ‘നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്’ യഹോവ എന്ന്.—2 കൊരിന്ത്യർ 1:3, 4.
[അടിക്കുറിപ്പുകൾ]
a രോഗം ഏൽപ്പിക്കുന്ന വൈകാരിക ആഘാതവുമായി പൊരുത്തപ്പെടേണ്ട വിധം സംബന്ധിച്ച കൂടുതലായ വിവരങ്ങൾക്കു വേണ്ടി ദയവായി 1997 ഫെബ്രുവരി 8 ഉണരുക!യുടെ 3 മുതൽ 13 വരെയുള്ള പേജുകളിലെ “പരിചരണം—വെല്ലുവിളിയെ നേരിടൽ” എന്ന ലേഖനപരമ്പര കാണുക.
[8-ാം പേജിലെ ചതുരം/ചിത്രം]
കുടുംബാംഗങ്ങൾക്കു ഡോക്ടറോടു ചോദിക്കാവുന്ന ചോദ്യങ്ങൾ
•രോഗത്തിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം പ്രതീക്ഷിക്കണം?
•എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടായിരിക്കും, എങ്ങനെയാണ് അവ നിയന്ത്രിക്കാൻ കഴിയുക?
•എന്തെല്ലാം പകരചികിത്സകളാണ് ലഭ്യമായിരിക്കുന്നത്?
•വ്യത്യസ്ത ചികിത്സാരീതികളുടെ പാർശ്വഫലങ്ങളും അപകടസാധ്യതകളും പ്രയോജനങ്ങളും എന്തൊക്കെയാണ്?
•സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തു ചെയ്യാൻ കഴിയും, എന്നാൽ എന്തെല്ലാം ഒഴിവാക്കണം?
[11-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾക്കു പിന്തുണയേകാൻ കഴിയുന്ന വിധം
എന്തു പറയണമെന്നോ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ വലിയ നിശ്ചയമില്ലാത്തതുകൊണ്ട് ചിലർക്കു രോഗികളെ സന്ദർശിക്കാൻ അല്ലെങ്കിൽ അവർക്കു സഹായം വാഗ്ദാനം ചെയ്യാൻ മടിയായിരുന്നേക്കാം. ഇനി മറ്റുചിലരാണെങ്കിൽ, ആവശ്യത്തിലേറെ ഉപദേശവും മറ്റും കൊടുത്ത് അവരെ ബുദ്ധിമുട്ടിച്ചേക്കാം. രോഗിക്കു ഗുണം ചെയ്യുമെന്ന വിചാരത്തോടെയാണെങ്കിലും അത്തരം നിർദേശങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വാസ്തവത്തിൽ അവർ ആ കുടുംബത്തെ സമ്മർദത്തിലാഴ്ത്തുകയായിരിക്കും ചെയ്യുന്നത്. മാറാരോഗവുമായി കഴിയുന്ന ഒരാളുടെ വീട്ടുകാർക്ക് എങ്ങനെ പിന്തുണയേകാം, അതും അവരുടെ സ്വകാര്യതയുടെമേൽ കടന്നാക്രമണം നടത്താതെ?
സമാനുഭാവത്തോടെ ശ്രദ്ധിക്കുക. “കേൾപ്പാൻ വേഗത”യുള്ളവരായിരിക്കുക എന്ന് യാക്കോബ് 1:19 പറയുന്നു. നിങ്ങളുടെ മുമ്പിൽ മനസ്സിന്റെ ഭാരങ്ങളെല്ലാം ഇറക്കിവെക്കാൻ രോഗിയുടെ വീട്ടുകാർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് അവരോടു കരുതൽ പ്രകടമാക്കുക. നിങ്ങൾക്കു “സഹാനുഭൂതി” ഉണ്ടെന്നു മനസ്സിലാക്കുമ്പോൾ, നിങ്ങളോടു സംസാരിക്കാൻ അവർ കൂടുതൽ താത്പര്യം കാട്ടിയേക്കാം. (1 പത്രൊസ് 3:8, NW) എന്നാലും ഒരു കാര്യം മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും. വിട്ടുമാറാത്ത രോഗം പിടിപെടുമ്പോൾ എല്ലാവരും ഒരുപോലെയായിരിക്കില്ല പ്രതികരിക്കുന്നത്. അതുകൊണ്ട്, “രോഗത്തെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ ഉള്ള മുഴുവിശദാംശങ്ങളും മനസ്സിലാക്കുന്നതിനു മുമ്പേ ഉപദേശം കൊടുക്കാതിരിക്കുകയാകും നല്ലത്” എന്ന് കാത്ലീൻ പറയുന്നു. (സദൃശവാക്യങ്ങൾ 10:19) വിട്ടുമാറാത്ത രോഗം ബാധിച്ച തന്റെ അമ്മയെയും ഭർത്താവിനെയും പരിചരിച്ച അനുഭവമുണ്ട് കാത്ലീന്. ഇനി ഈ വിഷയത്തെക്കുറിച്ചു നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽത്തന്നെ, ഒരുപക്ഷേ നിങ്ങളുടെ ഉപദേശം ആരായാനോ സ്വീകരിക്കാനോ രോഗിയോ വീട്ടുകാരോ ആഗ്രഹിക്കുന്നില്ലായിരിക്കാം എന്ന കാര്യവും മനസ്സിൽ പിടിക്കുക.
പ്രായോഗിക സഹായം നൽകുക. രോഗിയുടെ കുടുംബാംഗങ്ങൾക്കു സ്വകാര്യത ആവശ്യമാണെന്ന് തിരിച്ചറിയുക. അതേസമയംതന്നെ, അവർക്കു നിങ്ങളുടെ സഹായം ആവശ്യമായി വരുമ്പോൾ അതു നൽകാൻ തയ്യാറായിരിക്കുകയും ചെയ്യുക. (1 കൊരിന്ത്യർ 10:24) ഈ ലേഖനപരമ്പരയിൽ ഉടനീളം പരാമർശിച്ചിരിക്കുന്ന ബ്രാം ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ക്രിസ്തീയ സുഹൃത്തുക്കൾ എന്തുമാത്രമാണു ഞങ്ങളെ സഹായിച്ചതെന്നു വാക്കുകളിലൂടെ വിവരിക്കാനാവില്ല. മിഷെലിനു രോഗം കൂടി ഞങ്ങൾ ആശുപത്രിയിൽ ആയിരുന്നപ്പോൾ അഞ്ചാറു സുഹൃത്തുക്കളെങ്കിലും എന്നും രാത്രി മുഴുവൻ ഞങ്ങൾക്കു കൂട്ടിരിക്കുമായിരുന്നു. ഞങ്ങൾക്കു സഹായം ആവശ്യമായി വന്നപ്പോഴെല്ലാം അതിനു തയ്യാറായി അവരവിടെ ഉണ്ടായിരുന്നു.” അദ്ദേഹത്തിന്റെ ഭാര്യ ആൻ കൂട്ടിച്ചേർക്കുന്നു: “മരംകോച്ചുന്ന തണുപ്പുള്ള ഒരു ശിശിരകാലമായിരുന്നു അത്. ഓരോ ദിവസവും ഓരോ തരത്തിലുള്ള സൂപ്പ്, രണ്ടാഴ്ചത്തേക്ക് അവർ ഞങ്ങൾക്കു നൽകി. ആവി പറക്കുന്ന സൂപ്പും പിന്നെ നിർലോഭമായി ലഭിച്ച ഊഷ്മളമായ സ്നേഹവും ഞങ്ങളെ പരിപോഷിപ്പിച്ചു.”
അവരോടൊപ്പം പ്രാർഥിക്കുക. ചിലപ്പോൾ, കാര്യമായ പ്രായോഗിക സഹായമൊന്നും നിങ്ങൾ നൽകേണ്ടതില്ലായിരുന്നേക്കാം. അല്ലെങ്കിൽ തീരെ നിസ്സാരമായ എന്തെങ്കിലും ചെയ്യാനേ ഉണ്ടായിരിക്കുകയുള്ളൂ. അങ്ങനെയുള്ളപ്പോൾ, രോഗികളുമായോ അവരുടെ കുടുംബാംഗങ്ങളുമായോ കെട്ടുപണി ചെയ്യുന്ന എന്തെങ്കിലും തിരുവെഴുത്താശയങ്ങൾ പങ്കുവെക്കുകയോ അവരോടൊപ്പം ഹൃദയംഗമമായി പ്രാർഥിക്കുകയോ ചെയ്യുന്നത് വളരെയധികം പ്രോത്സാഹനമേകും. (യാക്കോബ് 5:16) “മാറാരോഗങ്ങൾ ഉള്ളവർക്കും വീട്ടുകാർക്കും വേണ്ടി—അവരോടൊപ്പമിരുന്നും—പ്രാർഥിക്കുന്നതിന്റെ ശക്തി ഒരിക്കലും വിലകുറച്ചു കാണരുത്” എന്ന് 18-കാരനായ നിക്കോളാസ് പറയുന്നു. അവന്റെ അമ്മ സ്ഥായിയായ വിഷാദരോഗത്തിന് അടിമയാണ്.
അതേ, വിട്ടുമാറാത്ത രോഗം ഉളവാക്കുന്ന സമ്മർദത്തോടു പൊരുത്തപ്പെടുന്നതിന് ശരിയായ തരം പിന്തുണ വീട്ടുകാർക്കു വളരെയധികം സഹായകമാകും. ബൈബിൾ അത് ഈ വാക്കുകളിൽ പ്രസ്താവിക്കുന്നു: “ഒരു സുഹൃത്ത് എക്കാലവും സ്നേഹവാനായ ഒരു സഹചാരിയാണ്, ഒരു സഹോദരൻ പ്രശ്നങ്ങൾ പങ്കുവെക്കാനായി ജനിച്ചവനും.”—സദൃശവാക്യങ്ങൾ 17:17, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
[12-ാം പേജിലെ ചതുരം/ചിത്രം]
രോഗം മാരകമായിരിക്കുമ്പോൾ
മാരകമായ രോഗം ബാധിച്ച പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ആസന്നമായ മരണത്തെക്കുറിച്ചു സംസാരിക്കാൻ ചില വീട്ടുകാർ വിമുഖത കാട്ടിയേക്കാം. എന്നിരുന്നാലും, “എന്തു പ്രതീക്ഷിക്കണമെന്നും എന്തെല്ലാം ചെയ്യണമെന്നും ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കുന്നത് പെട്ടെന്നുള്ള സംഭ്രമാവസ്ഥ കുറയ്ക്കാൻ സഹായിക്കും” എന്ന് പരിചരണം നൽകൽ—പൊരുത്തപ്പെടേണ്ട വിധം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. സ്വീകരിക്കേണ്ട പടികൾ പ്രാദേശിക നിയമങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാമെങ്കിലും മാരകമായ രോഗം പിടിപെട്ടിരിക്കുന്ന ഒരു കുടുംബാംഗത്തെ വീട്ടിൽവെച്ച് പരിചരിക്കുമ്പോൾ മറ്റുള്ളവർ മനസ്സിൽ പിടിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു:
മുൻകൂട്ടി ചെയ്യേണ്ടത്
1.അവസാന നിമിഷങ്ങളിൽ എന്തെല്ലാം സംഭവിച്ചേക്കാമെന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. മരണം സംഭവിക്കുന്നത് രാത്രിയിൽ ആണെങ്കിൽ എന്തുചെയ്യണമെന്നും.
2.മരണവിവരം അറിയിക്കേണ്ടവരുടെയെല്ലാം പേരുകൾ നേരത്തെതന്നെ എഴുതിവെക്കുക.
3.ശവസംസ്കാരത്തെക്കുറിച്ചുള്ള കാര്യങ്ങളും പരിചിന്തിക്കേണ്ടതുണ്ട്:
•രോഗിയുടെ ആഗ്രഹങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചറിയുക.
•മൃതദേഹം അടക്കുകയാണോ വൈദ്യുതി ഉപയോഗിച്ച് ദഹിപ്പിക്കുകയാണോ വേണ്ടത്?
•ശവസംസ്കാര ചടങ്ങുകൾ എപ്പോഴാണു നടത്തേണ്ടത്? ദൂരസ്ഥലങ്ങളിൽനിന്ന് ആരെങ്കിലും വരേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്കുള്ള സമയം കൂടെ കണക്കിലെടുക്കണം.
•ശവസംസ്കാര ചടങ്ങുകൾ ആരാണു നടത്തേണ്ടത്?
•അത് എവിടെവെച്ചു നടത്തണം?
4.മരുന്നുകൊടുത്തു മയക്കിക്കിടത്തിയിരിക്കുകയാണെങ്കിലും, തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും സംഭാഷണങ്ങളെക്കുറിച്ചുമെല്ലാം രോഗിക്ക് അപ്പോഴും ബോധമുണ്ടായിരുന്നേക്കാം. അതുകൊണ്ട്, കേൾക്കരുതാത്ത കാര്യങ്ങൾ രോഗിയുടെ സമീപത്തുവെച്ച് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയുടെ കൈയിൽ പിടിച്ച്, ശാന്തമായി സംസാരിച്ചുകൊണ്ട് അയാൾക്കു ധൈര്യം പകരാവുന്നതാണ്.
മരണത്തെ തുടർന്ന് . . .
വീട്ടുകാരെ സഹായിക്കുന്നതിന് മറ്റുള്ളവർക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു:
1.പ്രിയപ്പെട്ട ആൾ മരിച്ചുവെന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതിന് മൃതദേഹത്തോടൊപ്പം ന്യായമായ സമയം ചെലവഴിക്കാൻ വീട്ടുകാരെ അനുവദിക്കണം.
2.വീട്ടുകാരോടൊപ്പം പ്രാർഥിക്കുക.
3.കുടുംബാംഗങ്ങൾ മാനസികമായി തയ്യാറായിക്കഴിയുമ്പോൾ, താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അവരെ സഹായിക്കാവുന്നതാണ്:
•മരണവിവരം സ്ഥിരീകരിക്കാനും മരണ സർട്ടിഫിക്കറ്റ് നൽകാനും ഡോക്ടറെ വിവരമറിയിക്കുന്നത്.
•മൃതദേഹം സൂക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മോർച്ചറിയെക്കുറിച്ചുള്ള വിവരവും അത് അടക്കാനുള്ള ശ്മശാനത്തെക്കുറിച്ചുള്ള വിവരവും ശേഖരിച്ചുനൽകുന്നത്.
•ബന്ധുമിത്രാദികളെ വിവരമറിയിക്കുന്നത്. (നിങ്ങൾക്ക് നയപൂർവം ഇങ്ങനെ എന്തെങ്കിലും പറയാവുന്നതാണ്: “ഞാൻ [രോഗിയുടെ പേര്] കുറിച്ചുള്ള വിവരം അറിയിക്കാനാണു ഫോൺ ചെയ്യുന്നത്. ദുഃഖകരമായ ഒരു വാർത്തയാണ് എനിക്കു പറയാനുള്ളത്. [രോഗി] കുറച്ചുകാലമായി [രോഗത്തിന്റെ പേര്] കൊണ്ടു കഷ്ടപ്പെടുകയായിരുന്നല്ലോ. അദ്ദേഹം മരിച്ചുപോയി. [എവിടെവെച്ചെന്നും എങ്ങനെയെന്നും കൂടെ പറയുക.]
•വീട്ടുകാർ താത്പര്യപ്പെടുന്നുവെങ്കിൽ വിവരം ഒരു പത്രമാഫീസിലും അറിയിക്കുക.
4.ശവസംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന് വീട്ടുകാർക്ക് ആരുടെയെങ്കിലും സഹായം വേണമെങ്കിൽ ചെയ്തുകൊടുക്കുക.
[9-ാം പേജിലെ ചിത്രം]
ഒരളവുവരെ ജീവിതം ആസ്വദിക്കുന്നതിനു രോഗിയെ സഹായിക്കാൻ കുടുംബാംഗങ്ങൾ കഴിവിന്റെ പരമാവധി ചെയ്യണം
[10-ാം പേജിലെ ചിത്രം]
കുടുംബത്തോടൊപ്പം പ്രാർഥിക്കുന്നത് സാഹചര്യവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കും
-