-
പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തയ്യാറാകൽദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
-
-
പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തയ്യാറാകൽ
വാരംതോറും, യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളും ഒരു തിരുവെഴുത്തു വിഷയത്തെ ആസ്‌പദമാക്കി പരസ്യപ്രസംഗം നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യുന്നു. നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണെങ്കിൽ, മികച്ച രീതിയിൽ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളാണെന്നു നിങ്ങൾ തെളിയിക്കുന്നുവോ? എങ്കിൽ, ഒരു പരസ്യപ്രസംഗം നടത്താൻ നിങ്ങൾക്കു ക്ഷണം ലഭിച്ചേക്കാം. ഈ സേവന പദവിക്കായി യോഗ്യത പ്രാപിക്കാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പതിനായിരക്കണക്കിനു സഹോദരന്മാരെ സഹായിച്ചിരിക്കുന്നു. ആകട്ടെ, ഒരു പരസ്യപ്രസംഗം നടത്താൻ നിയമനം ലഭിക്കുമ്പോൾ എവിടെയാണു തുടങ്ങേണ്ടത്?
ബാഹ്യരേഖ പഠിക്കുക
ഗവേഷണം ചെയ്‌തു തുടങ്ങുന്നതിനു മുമ്പായി ബാഹ്യരേഖ വായിക്കുക, അതിലെ വിവരങ്ങളുടെ പൊരുൾ മനസ്സിലാക്കുന്നതുവരെ അതേക്കുറിച്ചു ധ്യാനിക്കുക. പ്രതിപാദ്യവിഷയം അതായത് പ്രസംഗത്തിന്റെ ശീർഷകം മനസ്സിൽ ഉറപ്പിച്ചു നിറുത്തുക. നിങ്ങൾ സദസ്സിനെ എന്താണു പഠിപ്പിക്കാൻ പോകുന്നത്? എന്താണു നിങ്ങളുടെ ലക്ഷ്യം?
മുഖ്യ തലക്കെട്ടുകൾ ഏതെല്ലാം എന്ന് നോക്കുക. ആ മുഖ്യ പോയിന്റുകൾ അപഗ്രഥിക്കുക. അവയിൽ ഓരോന്നും പ്രതിപാദ്യവിഷയവുമായി ഏതു വിധത്തിലാണു ബന്ധപ്പെട്ടിരിക്കുന്നത്? ഓരോ മുഖ്യ പോയിന്റിനു കീഴിലും നിരവധി ഉപ പോയിന്റുകൾ കൊടുത്തിട്ടുണ്ട്, ആ ഉപ പോയിന്റുകളെ പിന്തുണയ്‌ക്കുന്ന പോയിന്റുകൾ അവയ്‌ക്കു കീഴിലും. ബാഹ്യരേഖയുടെ ഓരോ ഭാഗവും തൊട്ടു മുമ്പത്തെ ഭാഗത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്നതെങ്ങനെ, അത് തൊട്ടടുത്ത ഭാഗത്തേക്കു നയിക്കുന്നതെങ്ങനെ, പ്രസംഗത്തിന്റെ ലക്ഷ്യം കൈവരിക്കാൻ അത് സഹായകമായിരിക്കുന്നതെങ്ങനെ എന്നെല്ലാം പരിചിന്തിക്കുക. പ്രതിപാദ്യവിഷയം, പ്രസംഗത്തിന്റെ ലക്ഷ്യം, മുഖ്യ പോയിന്റുകൾ ആ ലക്ഷ്യം സാധിച്ചെടുക്കുന്ന വിധം എന്നിവ മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്കു പ്രസംഗം വികസിപ്പിച്ചു തുടങ്ങാവുന്നതാണ്.
ആദ്യം പ്രസംഗത്തെ ഓരോ മുഖ്യ പോയിന്റ് വീതമുള്ള നാലോ അഞ്ചോ ചെറിയ പ്രസംഗങ്ങളായി കാണുന്നതു സഹായകമായിരുന്നേക്കാം. ഇവ ഓരോന്നു വീതം തയ്യാറാകുക.
തന്നിരിക്കുന്ന ബാഹ്യരേഖ, പ്രസംഗം തയ്യാറാകാനുള്ള ഒരു ഉപകരണമാണ്. അല്ലാതെ പ്രസംഗം നടത്തുമ്പോൾ ഉപയോഗിക്കാനുള്ള നോട്ടല്ല. അതിനെ ഒരു അസ്ഥികൂടത്തോട് ഉപമിക്കാൻ കഴിയും. നിങ്ങൾ അതിൽ മാംസവും ഒരു ഹൃദയവും വെച്ചുപിടിപ്പിച്ച് അതിനു ജീവൻ പകരേണ്ടതുണ്ട്.
തിരുവെഴുത്തുകളുടെ ഉപയോഗം
യേശുക്രിസ്‌തുവും അവന്റെ ശിഷ്യന്മാരും തിരുവെഴുത്തുകളെ ആധാരമാക്കിയാണു പഠിപ്പിച്ചത്. (ലൂക്കൊ. 4:16-21; 24:27; പ്രവൃ. 17:2, 3) നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും. തിരുവെഴുത്തുകൾ ആയിരിക്കണം നിങ്ങളുടെ പ്രസംഗത്തിന്റെ അടിസ്ഥാനം. തന്നിരിക്കുന്ന ബാഹ്യരേഖയിലെ പ്രസ്‌താവനകൾ വെറുതെ വിശദീകരിച്ച് എങ്ങനെ ബാധകമാകുന്നു എന്നു പറയുന്നതിനു പകരം, തിരുവെഴുത്തുകൾ ആ പ്രസ്‌താവനകളെ പിന്താങ്ങുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക. എന്നിട്ട് തിരുവെഴുത്തുകളിൽനിന്നു പഠിപ്പിക്കുക.
പ്രസംഗം തയ്യാറാകുമ്പോൾ ബാഹ്യരേഖയിൽ കൊടുത്തിരിക്കുന്ന ഓരോ തിരുവെഴുത്തും പരിശോധിക്കുക. സന്ദർഭം മനസ്സിലാക്കുക. ചില വാക്യങ്ങൾ സഹായകമായ പശ്ചാത്തല വിവരങ്ങൾ മാത്രമായിരിക്കാം നൽകുന്നത്. പ്രസംഗത്തിന്റെ സമയത്ത് അവയെല്ലാം വായിക്കുകയോ അവയെ കുറിച്ച് അഭിപ്രായം പറയുകയോ ചെയ്യേണ്ടതില്ല. നിങ്ങളുടെ സദസ്സിന് ഏറ്റവും അനുയോജ്യമായ വാക്യങ്ങൾ തിരഞ്ഞെടുക്കുക. അച്ചടിച്ച ബാഹ്യരേഖയിലെ തിരുവെഴുത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം, ഒരുപക്ഷേ നിങ്ങൾക്കു കൂടുതലായ തിരുവെഴുത്തുകൾ ഉപയോഗിക്കേണ്ടി വരില്ല.
നിങ്ങളുടെ പ്രസംഗത്തിന്റെ വിജയം എത്ര തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു എന്നതിനെ അല്ല, പിന്നെയോ പഠിപ്പിക്കലിന്റെ ഗുണനിലവാരത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. തിരുവെഴുത്തുകൾ പരിചയപ്പെടുത്തുന്ന സമയത്ത് അവ എന്തിനാണ് ഉപയോഗിക്കുന്നത് എന്നു പറയുക. അവ എങ്ങനെ ബാധകമാകുന്നു എന്നു കാണിച്ചുകൊടുക്കുന്നതിനു സമയമെടുക്കുക. ഒരു തിരുവെഴുത്തു വായിച്ചു കഴിഞ്ഞ് അതിനെ കുറിച്ചു ചർച്ചചെയ്യുന്ന സമയത്ത് ബൈബിൾ തുറന്നുതന്നെ വെക്കുക. സദസ്സിലുള്ളവരും സാധ്യതയനുസരിച്ച് അതുതന്നെ ചെയ്യും. അവരുടെ താത്‌പര്യം ഉണർത്താനും ദൈവവചനത്തിൽനിന്നു കൂടുതൽ നന്നായി പ്രയോജനം നേടാൻ അവരെ സഹായിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? (നെഹെ. 8:8, 12) വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ബാധകമാകുന്നത് എങ്ങനെയെന്നു വ്യക്തമാക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് അതിനു കഴിയും.
വിശദീകരിക്കൽ. ഒരു മുഖ്യ തിരുവെഴുത്തു വിശദീകരിക്കാൻ തയ്യാറാകുന്ന സമയത്ത് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇതിന്റെ അർഥമെന്താണ്? ഞാൻ ഇത് എന്റെ പ്രസംഗത്തിൽ ഉപയോഗിക്കുന്നത് എന്തിനാണ്? ഈ വാക്യത്തെ കുറിച്ചു സദസ്യരുടെ മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾ എന്തെല്ലാം ആയിരിക്കാം?’ സന്ദർഭം, പശ്ചാത്തലം, എഴുതിയ ചുറ്റുപാട്, വാക്കുകളുടെ ശക്തി, നിശ്വസ്‌ത ലേഖകന്റെ ഉദ്ദേശ്യം ഇവ നിങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനു ഗവേഷണം ആവശ്യമാണ്. “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്‌തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ മൂല്യവത്തായ വളരെയേറെ വിവരങ്ങൾ നിങ്ങൾ കണ്ടെത്തും. (മത്താ. 24:45-47, NW) വാക്യത്തെ കുറിച്ചുള്ള സകല വിശദാംശങ്ങളും നൽകാൻ ശ്രമിക്കരുത്. എന്നാൽ ചർച്ചചെയ്യുന്ന പോയിന്റിനോടുള്ള ബന്ധത്തിൽ ആ വാക്യം പരിചിന്തിച്ചത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
ദൃഷ്ടാന്തീകരിക്കൽ. കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനോ നിങ്ങൾ ചർച്ചചെയ്‌ത ഒരു പോയിന്റ് അല്ലെങ്കിൽ തത്ത്വം ഓർത്തിരിക്കാനോ സദസ്സിനെ സഹായിക്കുക എന്നതാണു ദൃഷ്ടാന്തങ്ങളുടെ ഉദ്ദേശ്യം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഗ്രഹിക്കാനും ഇപ്പോൾത്തന്നെ അറിയാവുന്ന ഒരു സംഗതിയുമായി അവയെ ബന്ധിപ്പിക്കാനും ദൃഷ്ടാന്തങ്ങൾ ആളുകളെ സഹായിക്കുന്നു. യേശു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ അതാണു ചെയ്‌തത്. ‘ആകാശത്തിലെ പറവകൾ,’ “വയലിലെ താമര,” ‘ഇടുക്കുവാതിൽ,’ ‘പാറമേൽ പണിത വീട്’ ഇവയും മറ്റനേകം പദപ്രയോഗങ്ങളും അവന്റെ പഠിപ്പിക്കലിനെ മനസ്സിൽ തറയുന്നതും വ്യക്തവും അവിസ്‌മരണീയവും ആക്കിത്തീർത്തു.—മത്താ. 5-7 അധ്യാ.
ബാധകമാകുന്നത് എങ്ങനെയെന്നു വ്യക്തമാക്കൽ. തിരുവെഴുത്തു വിശദീകരിക്കുന്നതും ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു വ്യക്തമാക്കുന്നതും അറിവു പകരും. എന്നാൽ ആ അറിവു ബാധകമാക്കുമ്പോഴാണു ഫലങ്ങൾ ലഭിക്കുക. ബൈബിളിലെ സന്ദേശത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ടത് സദസ്സിലുള്ളവരുടെ ഉത്തരവാദിത്വമാണെന്നുള്ളതു ശരിതന്നെ. എന്നാൽ എന്താണു ചെയ്യേണ്ടതെന്നു തിരിച്ചറിയാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകും. ചർച്ച ചെയ്യുന്ന തിരുവെഴുത്ത് സദസ്സിനു മനസ്സിലാകുന്നുണ്ടെന്നും അവതരിപ്പിക്കുന്ന പോയിന്റിനോടുള്ള ബന്ധത്തിൽ അതിന്റെ പ്രസക്തി അവർ തിരിച്ചറിയുന്നുണ്ടെന്നും ഉറപ്പായി കഴിഞ്ഞാൽ, വിശ്വാസത്തിലും നടത്തയിലും അതിനുള്ള സ്വാധീനം വ്യക്തമാക്കാൻ സമയമെടുക്കുക. സത്യത്തിന്റെ ഏതു വശത്തെ കുറിച്ചാണോ ചർച്ചചെയ്യുന്നത് അതിനു നിരക്കാത്ത തെറ്റായ ആശയങ്ങളോ നടത്തയോ ഉപേക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ എടുത്തുകാട്ടുക.
തിരുവെഴുത്തുകൾ ബാധകമാകുന്നത് എങ്ങനെയെന്നു വിശദീകരിക്കാനായി തയ്യാറാകുമ്പോൾ, വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരും നാനാതരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരും ആയ ആളുകളാണു സദസ്സിലുള്ളത് എന്ന കാര്യം ഓർമിക്കുക. പുതിയ താത്‌പര്യക്കാരും യുവജനങ്ങളും പ്രായമായവരും വ്യക്തിപരമായ പലതരം പ്രശ്‌നങ്ങളുമായി മല്ലിടുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കാം. നിങ്ങളുടെ പ്രസംഗത്തെ പ്രായോഗികവും യഥാർഥ ജീവിതത്തിന് ഇണങ്ങുന്നതുമായ ഒന്ന് ആക്കിത്തീർക്കുക. ഏതാനും പേരെ മാത്രം മനസ്സിൽവെച്ചു നൽകുന്നതു പോലുള്ള ബുദ്ധിയുപദേശം ഒഴിവാക്കുക.
പ്രസംഗകന്റെ തീരുമാനങ്ങൾ
പ്രസംഗവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ ഇതിനോടകംതന്നെ നിങ്ങൾക്കായി എടുത്തുകഴിഞ്ഞിരിക്കുന്നു. മുഖ്യ പോയിന്റുകൾ ഏതൊക്കെയാണെന്നും ഓരോ മുഖ്യ തലക്കെട്ടും ചർച്ച ചെയ്യാൻ നിങ്ങൾ എത്രമാത്രം സമയം എടുക്കണമെന്നും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള തീരുമാനങ്ങൾ നിങ്ങളുടേതാണ്. ചില ഉപ പോയിന്റുകൾ കൂടുതൽ സമയം എടുത്തു ചർച്ചചെയ്യാനും മറ്റുള്ളവയ്‌ക്കു കുറച്ചു സമയം മാത്രം എടുക്കാനും നിങ്ങൾ തീരുമാനിച്ചേക്കാം. എല്ലാ ഉപ പോയിന്റുകളും തുല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതാണെന്നു കരുതരുത്. അങ്ങനെ ചെയ്യുന്ന പക്ഷം, കാര്യങ്ങൾ ഓടിച്ചു ചർച്ച ചെയ്‌തു തീർക്കേണ്ടി വന്നേക്കാം, ഇതാകട്ടെ, സദസ്യരിൽ വീർപ്പുമുട്ടൽ ഉളവാക്കുകയും ചെയ്‌തേക്കാം. കൂടുതൽ വികസിപ്പിക്കേണ്ട പോയിന്റേത്, ഹ്രസ്വമായി മാത്രം പരാമർശിക്കുകയോ മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ചെറുതായി ഒന്നു സൂചിപ്പിക്കുകയോ ചെയ്യേണ്ട പോയിന്റേത് എന്ന് നിങ്ങൾക്ക് എങ്ങനെ നിർണയിക്കാൻ കഴിയും? സ്വയം ഇങ്ങനെ ചോദിക്കുക: ‘ഏതെല്ലാം പോയിന്റുകൾ പ്രസംഗത്തിന്റെ കേന്ദ്ര ആശയം അവതരിപ്പിക്കാൻ എന്നെ സഹായിക്കും? എന്റെ സദസ്സിനു പ്രയോജനം ചെയ്യാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പോയിന്റുകൾ ഏതെല്ലാമാണ്? പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും തിരുവെഴുത്തും ബന്ധപ്പെട്ട പോയിന്റും വിട്ടുകളഞ്ഞാൽ അവതരിപ്പിച്ചുവരുന്ന തെളിവുകളുടെ കണ്ണി മുറിഞ്ഞുപോകുമോ?’
ഊഹാപോഹങ്ങളോ വ്യക്തിപരമായ അഭിപ്രായമോ കുത്തിത്തിരുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദൈവപുത്രനായ യേശുക്രിസ്‌തു പോലും ‘സ്വയമായിട്ട്’ ഒന്നും സംസാരിച്ചില്ല. (യോഹ. 14:10) ബൈബിൾ ചർച്ച ചെയ്യപ്പെടുന്നതു കേൾക്കാനാണ് ആളുകൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു വരുന്നത് എന്നു തിരിച്ചറിയുക. നിങ്ങൾ ഒരു മികച്ച പ്രസംഗകനായി കണക്കാക്കപ്പെടുന്നെങ്കിൽ, സാധ്യതയനുസരിച്ച് അതിന്റെ കാരണം നിങ്ങൾ നിങ്ങളിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം എല്ലായ്‌പോഴും ദൈവവചനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു എന്നതാണ്. ഇതു നിമിത്തം നിങ്ങളുടെ പ്രസംഗങ്ങൾ വിലമതിക്കപ്പെടുന്നു.—ഫിലി. 1:10, 11.
അസ്ഥികൂടത്തിൽ മാംസം വെച്ചുപിടിപ്പിക്കുന്നതു പോലെ, ലളിതമായ ഒരു ബാഹ്യരേഖയെ തിരുവെഴുത്തിന്റെ സമ്പുഷ്ടമായ വിശദീകരണംകൊണ്ടു നിറച്ചുകഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ഇനി ആ പ്രസംഗം പരിശീലിക്കുകയാണു വേണ്ടത്. ഉച്ചത്തിൽ പറഞ്ഞു പരിശീലിക്കുന്നതു പ്രയോജനകരമാണ്. എല്ലാ പോയിന്റുകളും മനസ്സിൽ വ്യക്തമായി ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതാണു പ്രധാനം. മാംസം പിടിപ്പിച്ച ആ അസ്ഥികൂടത്തിന് ഹൃദയം വെച്ചുപിടിപ്പിക്കുകയും ജീവൻ പകരുകയും ചെയ്യുന്നതുപോലെ, നിങ്ങളുടെ പരിപാടിയിലൂടെ ഹൃദയംഗമമായും ജീവസ്സുറ്റ വിധത്തിലും സത്യം ഉത്സാഹപൂർവം അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയണം. പ്രസംഗം നടത്തുന്നതിനു മുമ്പ് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ പ്രസംഗംകൊണ്ട് എന്തു സാധിക്കാനാണു ഞാൻ പ്രതീക്ഷിക്കുന്നത്?’ കൂടാതെ ഇങ്ങനെയും ചോദിക്കുക: ‘മുഖ്യ പോയിന്റുകൾ മുന്തിനിൽക്കുന്നുണ്ടോ? എന്റെ പ്രസംഗം ശരിക്കും തിരുവെഴുത്തുകളിൽ അധിഷ്‌ഠിതമാണോ? ഓരോ മുഖ്യ പോയിന്റും സ്വാഭാവികമായിത്തന്നെ അടുത്തതിലേക്കു നയിക്കുന്നുണ്ടോ? ഈ പ്രസംഗം യഹോവയോടും അവന്റെ കരുതലുകളോടും ഉള്ള വിലമതിപ്പു വളർത്തുന്നുവോ? ഉപസംഹാരം പ്രതിപാദ്യവിഷയവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുകയും എന്തു ചെയ്യണമെന്നു സദസ്യർക്കു കാണിച്ചു കൊടുക്കുകയും അതിന് അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടോ?’ ഈ ചോദ്യങ്ങൾക്ക് ഉവ്വ് എന്ന് ഉത്തരം പറയാൻ കഴിയുന്നെങ്കിൽ, സഭയുടെ പ്രയോജനത്തിനും യഹോവയുടെ സ്‌തുതിക്കുമായി ‘പരിജ്ഞാനംകൊണ്ട് നന്മ ചെയ്യാൻ’ പറ്റിയ ഒരു സ്ഥാനത്താണു നിങ്ങൾ.—സദൃ. 15:2, NW.
-
-
പഠിപ്പിക്കൽ പ്രാപ്‌തി വികസിപ്പിക്കുകദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
-
-
പഠിപ്പിക്കൽ പ്രാപ്‌തി വികസിപ്പിക്കുക
പഠിപ്പിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ ലക്ഷ്യമെന്താണ്? അടുത്തയിടെയാണു നിങ്ങൾ ഒരു രാജ്യപ്രസാധകനായതെങ്കിൽ, ശിഷ്യരെ ഉളവാക്കാൻ യേശു തന്റെ അനുഗാമികൾക്കു നൽകിയ നിയോഗത്തിനു ചേർച്ചയിൽ ഭവന ബൈബിളധ്യയനം നടത്തേണ്ടത് എങ്ങനെയെന്നു പഠിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാകും. (മത്താ. 28:19, 20) ശിഷ്യരാക്കൽ വേലയിൽ ഇപ്പോൾത്തന്നെ അനുഭവപരിചയമുള്ള വ്യക്തിയാണു നിങ്ങളെങ്കിൽ, ഒരുപക്ഷേ നിങ്ങളുടെ ലക്ഷ്യം ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ കൂടുതൽ കഴിവു നേടുക എന്നതായിരിക്കും. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, ദൈവത്തിനു തങ്ങളുടെ ജീവിതം സമർപ്പിക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുംവിധം പഠിപ്പിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. (3 യോഹ. 4) ഒരു മൂപ്പനോ ആ സേവനപദവി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയോ ആണു നിങ്ങളെങ്കിൽ ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത്, യഹോവയോടും അവന്റെ വഴികളോടും ഉള്ള ശ്രോതാക്കളുടെ വിലമതിപ്പിനെ ആഴമേറിയതാക്കാൻ കഴിവുള്ള ഒരു പരസ്യ പ്രസംഗകൻ ആയിത്തീരാനായിരിക്കും. നിങ്ങൾക്ക് എങ്ങനെ ഈ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയും?
വിദഗ്‌ധ ഗുരുവായ യേശുക്രിസ്‌തുവിൽനിന്ന് ഒരു പാഠം ഉൾക്കൊള്ളുക. (ലൂക്കൊ. 6:40) മലഞ്ചെരുവിൽ തടിച്ചുകൂടിയ വലിയൊരു ആൾക്കൂട്ടത്തോടു സംസാരിച്ചപ്പോഴായാലും, വഴിയേ നടന്നുപോയ ഏതാനും പേരോടു സംസാരിച്ചപ്പോഴായാലും, യേശു പറഞ്ഞ കാര്യങ്ങളും അവൻ അവ പറഞ്ഞ വിധവും അവരിൽ മായാത്ത മുദ്ര പതിപ്പിച്ചു. യേശു തന്റെ ശ്രോതാക്കളുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഉത്തേജിപ്പിക്കുകയും അവർക്കു മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാകുന്നു എന്നു വിശദീകരിക്കുകയും ചെയ്‌തു. നിങ്ങൾക്കും ഇതേപോലെ ചെയ്യാൻ കഴിയുമോ?
യഹോവയിൽ ആശ്രയിക്കുക
സ്വർഗീയ പിതാവുമായി യേശുവിന് ഉണ്ടായിരുന്ന ഉറ്റബന്ധവും ദൈവാത്മാവിന്റെ അനുഗ്രഹവും അവന്റെ പഠിപ്പിക്കൽ പ്രാപ്‌തിയുടെ മാറ്റുകൂട്ടി. മറ്റുള്ളവരെ ഫലപ്രദമായി ബൈബിൾ പഠിപ്പിക്കാൻ കഴിയേണ്ടതിനു നിങ്ങൾ യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുന്നുണ്ടോ? നിങ്ങൾക്കു കുട്ടികളുണ്ടെങ്കിൽ അവരെ പഠിപ്പിക്കുന്നതിൽ ദിവ്യ മാർഗനിർദേശത്തിനായി നിങ്ങൾ പതിവായി പ്രാർഥിക്കാറുണ്ടോ? പ്രസംഗങ്ങളോ യോഗങ്ങളോ നടത്തുന്നതിനു തയ്യാറാകുന്ന സമയത്ത് നിങ്ങൾ ഹൃദയംഗമമായി പ്രാർഥിക്കുന്നുവോ? യഹോവയിലുള്ള അത്തരം പ്രാർഥനാപൂർവകമായ ആശ്രയം കൂടുതൽ ഫലപ്രദമായി പഠിപ്പിക്കാൻ നിങ്ങളെ സഹായിക്കും.
യഹോവയിൽ ആശ്രയിക്കുന്നു എന്നു പ്രകടമാക്കാനുള്ള മറ്റൊരു മാർഗം അവന്റെ വചനമായ ബൈബിളിൽ ആശ്രയിക്കുന്നതാണ്. പൂർണ മനുഷ്യനെന്ന നിലയിലുള്ള യേശുവിന്റെ ജീവിതത്തിന്റെ അവസാന രാത്രിയിൽ അവൻ തന്റെ പിതാവിനോടു പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു.” (യോഹ. 17:14) യേശുവിനു വളരെയേറെ അനുഭവപരിചയം ഉണ്ടായിരുന്നെങ്കിലും, ഒരിക്കലും അവൻ സ്വയമായി അഥവാ തനിക്കു തോന്നിയതുപോലെ സംസാരിച്ചില്ല. എല്ലായ്‌പോഴും പിതാവു തന്നെ പഠിപ്പിച്ച കാര്യങ്ങൾ സംസാരിച്ചുകൊണ്ട് നമുക്കു പിൻപറ്റാൻ അവൻ ഒരു മാതൃക വെച്ചു. (യോഹ. 12:49, 50) ബൈബിളിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾക്ക് ആളുകളെ—അവരുടെ പ്രവർത്തനങ്ങളെയും ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും വികാരങ്ങളെയും—സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. (എബ്രാ. 4:12) നിങ്ങൾ ദൈവവചനത്തെ കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുകയും ആ പരിജ്ഞാനം ശുശ്രൂഷയിൽ നന്നായി ഉപയോഗിക്കാൻ പഠിക്കുകയും ചെയ്യുമ്പോൾ, ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന തരത്തിൽ പഠിപ്പിക്കാൻ അഥവാ ഉപദേശിക്കാൻ ഉള്ള പ്രാപ്‌തി വികസിപ്പിക്കുകയായിരിക്കും ചെയ്യുക.—2 തിമൊ. 3:16, 17.
യഹോവയെ മഹത്ത്വപ്പെടുത്തുക
പഠിപ്പിക്കുന്ന കാര്യത്തിൽ ക്രിസ്‌തുവിനെ അനുകരിക്കുന്നതിൽ രസകരമായ പ്രസംഗങ്ങൾ നടത്തുന്നതു മാത്രമല്ല ഉൾപ്പെടുന്നത്. ആളുകൾ യേശുവിന്റെ ‘ലാവണ്യവാക്കുകളിൽ’ ആശ്ചര്യപ്പെട്ടു എന്നതു ശരിതന്നെ. (ലൂക്കൊ. 4:22) എന്നാൽ ഭംഗിയായി സംസാരിച്ചതിന്റെ പിന്നിലെ യേശുവിന്റെ ഉദ്ദേശ്യമെന്തായിരുന്നു? യഹോവയെ മഹത്ത്വപ്പെടുത്തുക എന്നതായിരുന്നു, അല്ലാതെ തന്നിലേക്കു ശ്രദ്ധയാകർഷിക്കുക എന്നതായിരുന്നില്ല. (യോഹ. 7:16-18) അവൻ തന്റെ അനുഗാമികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (മത്താ. 5:16) ആ ബുദ്ധിയുപദേശം നാം പഠിപ്പിക്കുന്ന വിധത്തെ സ്വാധീനിക്കണം. ആ ലക്ഷ്യത്തിനു വിഘാതമാകുന്നതെന്തും ഒഴിവാക്കുക എന്നതു നമ്മുടെ ലക്ഷ്യമായിരിക്കണം. അതുകൊണ്ട് എന്തു പറയുമെന്നും അത് എങ്ങനെ പറയുമെന്നും തീരുമാനിക്കുന്ന സമയത്ത് നാം സ്വയം ഇങ്ങനെ ചോദിക്കുന്നതു നന്നായിരിക്കും: ‘ഇത് യഹോവയോടുള്ള ശ്രോതാക്കളുടെ വിലമതിപ്പിനെ ആഴമുള്ളതാക്കുമോ, അതോ ഇത് എന്നിലേക്കു ശ്രദ്ധ ആകർഷിക്കുമോ?’
ഉദാഹരണത്തിന്, ദൃഷ്ടാന്തങ്ങളും യഥാർഥ ജീവിത അനുഭവങ്ങളും പഠിപ്പിക്കലിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. എന്നാൽ, വളരെ വലിയ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുകയോ വേണ്ടാത്ത വിശദാംശങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു അനുഭവം വലിച്ചുനീട്ടി പറയുകയോ ചെയ്യുമ്പോൾ പഠിപ്പിക്കുന്ന മുഖ്യ ആശയത്തിൽനിന്നു ശ്രദ്ധ മാറിപ്പോയേക്കാം. അതുപോലെതന്നെ, രസിപ്പിക്കാൻ മാത്രമുള്ള കഥകൾ നമ്മുടെ ശുശ്രൂഷയുടെ ലക്ഷ്യത്തിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിക്കുന്നു. അങ്ങനെ, ദിവ്യാധിപത്യ വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നതിനു പകരം പഠിപ്പിക്കുന്ന വ്യക്തി ഫലത്തിൽ തന്നിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുകയാണു ചെയ്യുന്നത്.
‘വേർതിരിക്കുക’
ഒരു വ്യക്തി ശരിക്കും ഒരു ശിഷ്യൻ ആയിത്തീരണമെങ്കിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനു വ്യക്തമായി മനസ്സിലാകേണ്ടതുണ്ട്. അദ്ദേഹം സത്യം കേൾക്കുകയും അതു മറ്റു വിശ്വാസങ്ങളിൽനിന്ന് എങ്ങനെ വ്യത്യസ്‌തമായിരിക്കുന്നു എന്നു കാണുകയും വേണം. വ്യത്യാസം എടുത്തുകാട്ടുന്നത് ഇതിനു സഹായിക്കുന്നു.
ശുദ്ധവും അശുദ്ധവും തമ്മിൽ ‘വേർതിരിക്കാൻ’ യഹോവ തന്റെ ജനത്തെ ആവർത്തിച്ചാവർത്തിച്ച് ഉദ്‌ബോധിപ്പിച്ചു. (ലേവ്യ. 10:8-11, ഓശാന ബൈ.) തന്റെ വലിയ ആത്മീയ ആലയത്തിൽ സേവിക്കാനുള്ളവർ “വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം” ജനത്തിനു പഠിപ്പിച്ചുകൊടുക്കുമെന്ന് അവൻ പറഞ്ഞു. (യെഹെ. 44:23, പി.ഒ.സി. ബൈ.) സദൃശവാക്യങ്ങളുടെ പുസ്‌തകത്തിൽ ഉടനീളം നീതിയും ദുഷ്ടതയും തമ്മിലും ജ്ഞാനവും ഭോഷത്തവും തമ്മിലുമുള്ള വിപരീത താരതമ്യം കാണാവുന്നതാണ്. ഇനി, വിപരീതമല്ലാത്ത സംഗതികൾ പോലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു കാണിച്ചുകൊടുക്കാൻ കഴിയും. അപ്പൊസ്‌തലനായ പൗലൊസ് നീതിമാനും ഗുണവാനും (അഥവാ നല്ലവൻ) തമ്മിലുള്ള വ്യത്യാസം വരച്ചുകാട്ടുകയുണ്ടായി. റോമർ 5:7-ലാണു നമുക്ക് ഇതു കാണാൻ കഴിയുന്നത്. മഹാപുരോഹിതൻ എന്ന നിലയിലുള്ള ക്രിസ്‌തുവിന്റെ സേവനം അഹരോൻ അർപ്പിച്ച സേവനത്തെക്കാൾ ശ്രേഷ്‌ഠമായിരിക്കുന്നത് എങ്ങനെയെന്ന് എബ്രായർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് കാണിച്ചുതരുന്നു. വാസ്‌തവത്തിൽ, 17-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ പരിഷ്‌കർത്താവായ ജോൺ ആമോസ് കോമിനിയസ് പിൻവരുന്ന പ്രകാരം എഴുതുകയുണ്ടായി: “അധ്യാപനം എന്നു പറയുന്നത് വിവിധ ഉദ്ദേശ്യങ്ങളിലും രൂപങ്ങളിലും ഉത്ഭവങ്ങളിലും കാര്യാദികൾ പരസ്‌പരം വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നു കാണിച്ചുകൊടുക്കുന്നതല്ലാതെ മറ്റൊന്നുമല്ല. . . . അതുകൊണ്ട്, കാര്യാദികളുടെ വ്യത്യാസം നന്നായി വിശദീകരിക്കുന്നവൻ നന്നായി പഠിപ്പിക്കുന്നു.”
ദൈവരാജ്യത്തെ കുറിച്ച് ആരെയെങ്കിലും പഠിപ്പിക്കുന്ന കാര്യംതന്നെ എടുക്കുക. ദൈവരാജ്യം എന്താണെന്ന് ആ വ്യക്തിക്കു മനസ്സിലാകുന്നില്ലെങ്കിൽ, അതു കേവലം ഒരു വ്യക്തിയുടെ ഹൃദയത്തിലെ അവസ്ഥയാണെന്ന ആശയവും രാജ്യത്തെ കുറിച്ചു ബൈബിൾ പറയുന്നതും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾക്കു കാണിച്ചുകൊടുക്കാവുന്നതാണ്. അല്ലെങ്കിൽ ആ രാജ്യം മാനുഷിക ഗവൺമെന്റുകളിൽനിന്ന് ഏതു വിധത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾക്കു കാണിച്ചുകൊടുക്കാൻ കഴിയും. എന്നാൽ, ഈ അടിസ്ഥാന സത്യങ്ങൾ അറിയാവുന്നവരോടാണു സംസാരിക്കുന്നതെങ്കിൽ നിങ്ങൾ കൂടുതൽ വിശദാംശങ്ങളിലേക്കു കടക്കേണ്ടിവന്നേക്കാം. മിശിഹൈക രാജ്യം, സങ്കീർത്തനം 103:19-ൽ വർണിച്ചിരിക്കുന്ന യഹോവയുടെ സ്വന്തം സാർവത്രിക രാജത്വത്തിൽനിന്നോ കൊലൊസ്സ്യർ 1:13-ൽ പരാമർശിച്ചിരിക്കുന്ന ദൈവത്തിന്റെ “സ്‌നേഹസ്വരൂപനായ പുത്രന്റെ രാജ്യ”ത്തിൽനിന്നോ എഫെസ്യർ 1:10-ൽ (NW) പറഞ്ഞിരിക്കുന്ന “ഭരണ”ത്തിൽനിന്നോ ഭിന്നമായിരിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ അവർക്കു കാണിച്ചുകൊടുത്തേക്കാം. ഇപ്രകാരം വ്യത്യാസം എടുത്തുകാട്ടുന്നത് ഈ പ്രധാനപ്പെട്ട ബൈബിൾ പഠിപ്പിക്കൽ വ്യക്തമായി മനസ്സിലാക്കാൻ നിങ്ങളുടെ സദസ്സിനെ സഹായിക്കും.
യേശു ഈ പഠിപ്പിക്കൽ വിദ്യ കൂടെക്കൂടെ ഉപയോഗിക്കുകയുണ്ടായി. മോശൈക ന്യായപ്രമാണത്തെ കുറിച്ച് ആളുകൾക്കു പൊതുവേ ഉണ്ടായിരുന്ന ധാരണ, ന്യായപ്രമാണത്തിന്റെ യഥാർഥ അർഥവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അവൻ വ്യക്തമാക്കി. (മത്താ. 5:21-48) യഥാർഥ ദൈവികഭക്തിയെ പരീശന്മാരുടെ കപടഭക്തിപരമായ പ്രവൃത്തികളിൽനിന്ന് അവൻ വേർതിരിച്ചു കാട്ടി. (മത്താ. 6:1-18) മറ്റുള്ളവരുടെമേൽ “കർത്തൃത്വം ചെയ്യുന്ന”വരുടെ മനോഭാവത്തെ തന്റെ അനുഗാമികൾ പ്രകടിപ്പിക്കേണ്ട ആത്മത്യാഗ മനോഭാവവുമായി അവൻ വിപരീത താരതമ്യം ചെയ്‌തു. (മത്താ. 20:25-28) മത്തായി 21:28-32-ൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സന്ദർഭത്തിൽ സ്വയനീതിയും യഥാർഥ അനുതാപവും തമ്മിലുള്ള വ്യത്യാസം സ്വയം മനസ്സിലാക്കാൻ യേശു തന്റെ ശ്രോതാക്കളെ ക്ഷണിച്ചു. ഇത് നമ്മെ നല്ല പഠിപ്പിക്കലിന്റെ മൂല്യവത്തായ മറ്റൊരു വശത്തേക്കു നയിക്കുന്നു.
ശ്രോതാക്കളെ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക
മത്തായി 21:28-ൽ യേശു പിൻവരുന്ന പ്രകാരം ചോദിക്കുന്നതായി നാം വായിക്കുന്നു: “നിങ്ങൾക്കു എന്തു തോന്നുന്നു?” സമർഥമായി പഠിപ്പിക്കുന്ന ഒരാൾ കേവലം വസ്‌തുതകൾ നിരത്തുകയോ ഉത്തരങ്ങൾ നൽകുകയോ ചെയ്യുന്നതിനു പകരം, ചിന്താപ്രാപ്‌തി വളർത്തിയെടുക്കാൻ തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. (സദൃ. 3:21, NW; റോമ. 12:1, NW) ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഇതിനുള്ള ഒരു മാർഗം. മത്തായി 17:25-ൽ, യേശു ഇപ്രകാരം ചോദിക്കുന്നതായി നാം കാണുന്നു: ‘ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ?’ (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) യേശുവിന്റെ ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ആലയനികുതി അടയ്‌ക്കുന്നതു സംബന്ധിച്ച് ശരിയായ നിഗമനത്തിൽ സ്വയം എത്തിച്ചേരാൻ പത്രൊസിനെ സഹായിച്ചു. സമാനമായി, “എന്റെ കൂട്ടുകാരൻ [“അയൽക്കാരൻ,” NW] ആർ” എന്നു ചോദിച്ച മനുഷ്യനോടു മറുപടി പറയവേ, യേശു ഒരു പുരോഹിതനും ഒരു ലേവ്യനും ചെയ്‌ത കാര്യങ്ങളെ ഒരു ശമര്യക്കാരൻ ചെയ്‌ത സംഗതിയുമായി വിപരീത താരതമ്യം ചെയ്‌തു. എന്നിട്ട് അവൻ ഇങ്ങനെ ചോദിച്ചു: “കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു [“അയൽക്കാരനായിത്തീർന്നു,” NW] എന്നു നിനക്കു തോന്നുന്നു?” (ലൂക്കൊ. 10:29-36) ഇവിടെയും, ശ്രോതാവിനു വേണ്ടി ചിന്തിക്കുന്നതിനു പകരം സ്വന്തം ചോദ്യത്തിനു സ്വയം ഉത്തരം കണ്ടെത്താൻ യേശു അയാളെ പ്രോത്സാഹിപ്പിച്ചു.—ലൂക്കൊ. 7:41-43.
ഹൃദയത്തിൽ എത്തിച്ചേരാൻ പരിശ്രമിക്കുക
ചില വസ്‌തുതകൾ മനഃപാഠമാക്കുന്നതും ചില നിയമങ്ങൾ അനുസരിക്കുന്നതും മാത്രമല്ല സത്യാരാധനയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് ദൈവവചനത്തിന്റെ അർഥം മനസ്സിലാക്കുന്ന അധ്യാപകർക്ക് അറിയാം. സത്യാരാധന യഹോവയുമായുള്ള നല്ല ബന്ധത്തിലും അവന്റെ വഴികളോടുള്ള വിലമതിപ്പിലുമാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അത്തരം ആരാധനയിൽ ഹൃദയം ഉൾപ്പെടുന്നു. (ആവ. 10:12, 13; ലൂക്കൊ. 10:25-27) ‘ഹൃദയം’ എന്ന പദം തിരുവെഴുത്തുകളിൽ പലപ്പോഴും ഉപയോഗിച്ചിരിക്കുന്നത് മോഹങ്ങൾ, പ്രീതിവാത്സല്യങ്ങൾ, വികാരങ്ങൾ, പ്രചോദനങ്ങൾ തുടങ്ങിയ സംഗതികൾ ഉൾപ്പെടെ, മുഴു ആന്തരികവ്യക്തിയെയും കുറിക്കാനാണ്.
മനുഷ്യർ പുറമേയുള്ളതു നോക്കുമ്പോൾ ദൈവം ഹൃദയത്തെയാണു നോക്കുന്നത് എന്ന് യേശുവിന് അറിയാമായിരുന്നു. (1 ശമൂ. 16:7) ദൈവത്തോടുള്ള സ്‌നേഹത്താൽ പ്രചോദിതരായി വേണം നാം അവനെ സേവിക്കാൻ, അല്ലാതെ സഹ മനുഷ്യരെ കാണിക്കാൻ ആയിരിക്കരുത്. (മത്താ. 6:5-8) എന്നാൽ, പരീശന്മാർ ആളുകളെ കാണിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു. ന്യായപ്രമാണത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങളും സ്വയം കെട്ടിച്ചമച്ച നിയമങ്ങളും അനുസരിക്കുന്നതിന് അവർ വലിയ പ്രാധാന്യം കൽപ്പിച്ചു. എന്നാൽ, തങ്ങൾ ആരാധിക്കുന്നുവെന്ന് അവകാശപ്പെട്ട ദൈവത്തിന്റെ ജനമായി തങ്ങളെ തിരിച്ചറിയിക്കുമായിരുന്ന ഗുണങ്ങൾ സ്വന്തം ജീവിതത്തിൽ പ്രകടമാക്കാൻ അവർ പരാജയപ്പെട്ടു. (മത്താ. 9:13; ലൂക്കൊ. 11:42) ദൈവത്തിന്റെ നിബന്ധനകളോടുള്ള അനുസരണം പ്രധാനമായിരിക്കുമ്പോൾ തന്നെ, ആ അനുസരണത്തിന്റെ മൂല്യം നിർണയിക്കുന്നത് നമ്മുടെ ഹൃദയത്തിൽ ഉള്ളത് എന്താണോ അതാണ് എന്ന് യേശു പഠിപ്പിച്ചു. (മത്താ. 15:7-9; മർക്കൊ. 7:20-23; യോഹ. 3:36) നാം യേശുവിന്റെ മാതൃക അനുകരിക്കുന്ന പക്ഷം, നമ്മുടെ പഠിപ്പിക്കൽ ഏറ്റവും പ്രയോജനം കൈവരുത്തും. യഹോവ ആളുകളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്നു മനസ്സിലാക്കാൻ നാം അവരെ സഹായിക്കുന്നതു പ്രധാനമാണ്. എന്നാൽ അവർ യഹോവയെ ഒരു വ്യക്തിയായി അറിഞ്ഞ് സ്‌നേഹിക്കേണ്ടതും പ്രധാനമാണ്. അങ്ങനെ ചെയ്യുമ്പോൾ, സത്യദൈവവുമായുള്ള അംഗീകൃത ബന്ധത്തിന് അവർ കൽപ്പിക്കുന്ന മൂല്യത്തിന്റെ പ്രതിഫലനമായിത്തീരും അവരുടെ നടത്ത.
തീർച്ചയായും, അത്തരം പഠിപ്പിക്കലിൽനിന്നു പ്രയോജനം അനുഭവിക്കുന്നതിന് തങ്ങളുടെതന്നെ ഹൃദയത്തിൽ എന്താണ് ഉള്ളത് എന്ന് ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ ആന്തരങ്ങളെ അപഗ്രഥിക്കാനും വികാരങ്ങളെ പരിശോധിക്കാനും യേശു ആളുകളെ പ്രോത്സാഹിപ്പിച്ചു. തെറ്റായ ഒരു വീക്ഷണത്തെ തിരുത്തുന്ന സമയത്ത്, അവർ അങ്ങനെ ചിന്തിക്കുകയോ പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തത് എന്തുകൊണ്ടാണെന്ന് അവൻ തന്റെ ശ്രോതാക്കളോടു ചോദിക്കുമായിരുന്നു. എന്നാൽ അവിടംകൊണ്ട് അവസാനിപ്പിക്കാതെ, കാര്യങ്ങളെ ശരിയായ വിധത്തിൽ വീക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്‌താവനയോ ദൃഷ്ടാന്തമോ പ്രവൃത്തിയോ അവൻ ആ ചോദ്യത്തോടൊപ്പം ഉൾപ്പെടുത്തുകയും ചെയ്യുമായിരുന്നു. (മർക്കൊ. 2:8; 4:40; 8:17; ലൂക്കൊ. 6:41, 46) അതുപോലെതന്നെ നമുക്കും, ‘ഈ പ്രവർത്തന ഗതി എനിക്ക് ആകർഷകമായി തോന്നുന്നത് എന്തുകൊണ്ടാണ്? ഞാൻ ഈ സാഹചര്യത്തോട് ഈ രീതിയിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്?’ തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിക്കാൻ നമ്മുടെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരെ സഹായിക്കാൻ കഴിയും. തുടർന്ന് കാര്യങ്ങളെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ അവർക്കു പ്രചോദനം നൽകുക.
എങ്ങനെ ബാധകമാകുന്നുവെന്നു മനസ്സിലാക്കാൻ സഹായിക്കുക
“ജ്ഞാനംതന്നേ പ്രധാനം” എന്ന് ഒരു നല്ല അധ്യാപകന് അറിയാം. (സദൃ. 4:7) ജ്ഞാനം എന്നു പറയുന്നത്, പ്രശ്‌നങ്ങൾ പരിഹരിക്കാനും ആപത്തുകൾ ഒഴിവാക്കാനും ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനും മറ്റുള്ളവരെ സഹായിക്കാനും അറിവ് ഫലകരമായി ബാധകമാക്കുന്നതിനുള്ള കഴിവാണ്. അപ്രകാരം ചെയ്യാൻ പഠിക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാനുള്ള ഉത്തരവാദിത്വം പഠിപ്പിക്കുന്ന ആളിനുണ്ട്. എന്നാൽ അവർക്കുവേണ്ടി അദ്ദേഹം തീരുമാനങ്ങൾ എടുക്കരുത്. വിവിധ ബൈബിൾ തത്ത്വങ്ങൾ ചർച്ചചെയ്യുന്ന സമയത്ത്, നല്ല ചിന്താപ്രാപ്‌തി ഉപയോഗിക്കാൻ വിദ്യാർഥിയെ സഹായിക്കുക. അനുദിന ജീവിതത്തിലെ ഒരു സാഹചര്യത്തെ കുറിച്ചു പരാമർശിച്ചിട്ട് ആ സാഹചര്യത്തെ നേരിടുന്ന പക്ഷം ഇപ്പോൾ പഠിച്ച ബൈബിൾ തത്ത്വം അദ്ദേഹത്തെ എങ്ങനെ സഹായിക്കുമെന്നു നിങ്ങൾക്കു വിദ്യാർഥിയോടു ചോദിക്കാൻ കഴിയും.—എബ്രാ. 5:14.
ആളുകളുടെ ജീവിതത്തെ സ്‌പർശിക്കുന്ന വിധത്തിൽ തിരുവെഴുത്തുകൾ എങ്ങനെ ബാധകമാകുന്നുവെന്നു മനസ്സിലാക്കാൻ സഹായിച്ചതിന്റെ ഒരു ഉദാഹരണമായിരുന്നു പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ അപ്പൊസ്‌തലനായ പത്രൊസ് നടത്തിയ പ്രഭാഷണം. (പ്രവൃ. 2:14-36) കൂടിവന്ന ജനക്കൂട്ടം വിശ്വസിക്കുന്നതായി അവകാശപ്പെട്ട മൂന്നു തിരുവെഴുത്തു ഭാഗങ്ങൾ ചർച്ചചെയ്‌തശേഷം, അവരെല്ലാം സാക്ഷ്യം വഹിച്ച സംഭവങ്ങളുടെ വെളിച്ചത്തിൽ ഇവ എങ്ങനെ ബാധകമാകുന്നുവെന്നു പത്രൊസ് വ്യക്തമാക്കി. തത്‌ഫലമായി, കേട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ജനക്കൂട്ടത്തിനു തോന്നി. നിങ്ങളുടെ പഠിപ്പിക്കൽ ആളുകളുടെമേൽ സമാനമായ ഒരു ഫലം ഉളവാക്കുന്നുണ്ടോ? കേവലം വസ്‌തുതകൾ നിരത്തുന്നതിലുപരി, കാര്യങ്ങൾ എന്തുകൊണ്ട് അങ്ങനെ ആയിരിക്കുന്നു എന്നു മനസ്സിലാക്കാൻ നിങ്ങൾ ആളുകളെ സഹായിക്കുന്നുണ്ടോ? പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തെ ഏതു വിധത്തിൽ സ്വാധീനിക്കണമെന്നു കാണാൻ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? പെന്തെക്കൊസ്‌തു നാളിൽ കൂടിവന്ന ജനക്കൂട്ടം ചെയ്‌തതുപോലെ “ഞങ്ങൾ എന്തു ചെയ്യേണ്ടു” എന്ന് അവർ ഉച്ചത്തിൽ വിളിച്ചുചോദിക്കുകയില്ലായിരിക്കാം. എങ്കിലും തിരുവെഴുത്തുകൾ എങ്ങനെ ബാധകമാകുന്നുവെന്നു നിങ്ങൾ നന്നായി വ്യക്തമാക്കുന്ന പക്ഷം, ഉചിതമായ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ചിന്തിക്കാൻ അവർ പ്രേരിതരായിത്തീരും.—പ്രവൃ. 2:37.
കുട്ടികളോടൊത്തു ബൈബിൾ വായിക്കുന്ന സമയത്ത്, ബൈബിൾ തത്ത്വങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാക്കാം എന്നു ചിന്തിക്കുന്നതിന് അവരെ പരിശീലിപ്പിക്കാനുള്ള നല്ല അവസരം മാതാപിതാക്കൾക്കുണ്ട്. (എഫെ. 6:4) ഉദാഹരണത്തിന്, ആ വാരത്തേക്കു വേണ്ടി പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായനാ ഭാഗത്തുനിന്ന് ഏതാനും വാക്യങ്ങൾ തിരഞ്ഞെടുത്ത് അവയുടെ അർഥം ചർച്ച ചെയ്യാനും തുടർന്ന് പിൻവരുന്നതു പോലുള്ള ചോദ്യങ്ങൾ അവരോടു ചോദിക്കാനും നിങ്ങൾക്കു കഴിയും: ‘ഇത് നമുക്കു മാർഗനിർദേശം നൽകുന്നത് എങ്ങനെ? ഈ വാക്യങ്ങൾ നമുക്ക് ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയും? യഹോവയെ കുറിച്ചും അവൻ കാര്യങ്ങൾ ചെയ്യുന്ന വിധം സംബന്ധിച്ചും അവ എന്തു വെളിപ്പെടുത്തുന്നു, അത് അവനോടുള്ള നമ്മുടെ വിലമതിപ്പു കെട്ടുപണി ചെയ്യുന്നത് എങ്ങനെ?’ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ബൈബിൾ വിശേഷാശയങ്ങൾ ചർച്ച ചെയ്യുന്ന സമയത്ത് ഈ ആശയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ നിങ്ങളുടെ കുടുംബത്തെ പ്രോത്സാഹിപ്പിക്കുക. സാധ്യതയനുസരിച്ച് ഓർമയിലുള്ള വാക്യങ്ങളെ കുറിച്ചായിരിക്കും അവർ അഭിപ്രായങ്ങൾ പറയുക.
നല്ല മാതൃക വെക്കുക
നിങ്ങൾ വാക്കിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും പഠിപ്പിക്കുന്നു. നിങ്ങൾ പറയുന്ന കാര്യങ്ങൾ എങ്ങനെ ബാധകമാക്കണമെന്നു നിങ്ങളുടെ സ്വന്ത പ്രവൃത്തികൾ പ്രായോഗികമായ ഒരു വിധത്തിൽ കാണിച്ചുകൊടുക്കുന്നു. ഇങ്ങനെയാണ് കുട്ടികൾ ഓരോരോ കാര്യങ്ങൾ പഠിക്കുന്നത്. മാതാപിതാക്കളെ അനുകരിക്കുമ്പോൾ, തങ്ങൾ അവരെപ്പോലെ ആയിത്തീരാൻ ആഗ്രഹിക്കുന്നുവെന്നു കുട്ടികൾ തെളിയിക്കുകയാണു ചെയ്യുന്നത്. അച്ഛനും അമ്മയും ചെയ്യുന്നതുപോലെ ചെയ്‌താൽ എങ്ങനെയിരിക്കും എന്ന് അറിയാൻ അവർ ആഗ്രഹിക്കുന്നു. സമാനമായി, ‘നിങ്ങൾ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ’ നിങ്ങളുടെ വിദ്യാർഥികൾ ‘നിങ്ങളുടെ അനുകാരികൾ ആയി’ത്തീരുമ്പോൾ യഹോവയുടെ വഴികളിൽ നടക്കുന്നതിന്റെ അനുഗ്രഹങ്ങൾ അവർ ആസ്വദിച്ചു തുടങ്ങുന്നു. (1 കൊരി. 11:1) ദൈവത്തിന്റെ ഇടപെടലുകൾ അവർ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയാൻ ഇടവരും.
ഇത് ശരിയായ മാതൃക വെക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നമുക്കുള്ള ഗൗരവമായ ഒരു ഓർമിപ്പിക്കലാണ്. “വിശുദ്ധജീവനവും ഭക്തിയും [‘ദൈവിക ഭക്തിയുടേതായ പ്രവർത്തനങ്ങളും,’ NW] ഉള്ളവർ ആയിരി”ക്കുകവഴി നാം, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കേണ്ടത് എങ്ങനെയെന്നു നമ്മുടെ വിദ്യാർഥികൾക്ക് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരിക്കും ചെയ്യുക. (2 പത്രൊ. 3:12) ദൈവവചനം ക്രമമായി വായിക്കുന്നതിനു നിങ്ങൾ ഒരു ബൈബിൾ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നെങ്കിൽ നിങ്ങൾതന്നെ അതു വായിക്കുന്നതിൽ ശുഷ്‌കാന്തി കാട്ടുക. നിങ്ങളുടെ കുട്ടികൾ ബൈബിൾ തത്ത്വങ്ങൾ അനുസരിക്കാൻ പഠിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തികൾ ദൈവഹിതത്തിനു ചേർച്ചയിലായിരിക്കുന്നതായി അവർക്കു നിരീക്ഷിക്കാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുക. ശുശ്രൂഷയിൽ തീക്ഷ്‌ണത കാണിക്കാൻ നിങ്ങൾ സഭയെ പ്രബോധിപ്പിക്കുന്നെങ്കിൽ, ആ വേലയിൽ നിങ്ങൾക്കുതന്നെ പൂർണമായ ഒരു പങ്കുണ്ടായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങളുടെതന്നെ ജീവിതത്തിൽ ബാധകമാക്കുന്നെങ്കിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കൂടുതൽ പറ്റിയ ഒരു സ്ഥാനത്തായിരിക്കും നിങ്ങൾ.—റോമ. 2:21-23.
സ്വയം ഇങ്ങനെ ചോദിക്കുന്നത് പഠിപ്പിക്കൽ മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും: ‘ഞാൻ പ്രബോധനം നൽകുന്നത് അതു കേൾക്കുന്നവരുടെ മനോഭാവങ്ങളിലോ സംസാരത്തിലോ പ്രവർത്തനങ്ങളിലോ സ്വാധീനം ചെലുത്തുന്ന വിധത്തിലാണോ? കാര്യങ്ങൾ വ്യക്തമാക്കുന്നതിനു ഞാൻ ഒരു ആശയത്തെ അല്ലെങ്കിൽ പ്രവർത്തനഗതിയെ മറ്റൊന്നിൽനിന്നു വേർതിരിച്ചു കാണിക്കുന്നുണ്ടോ? ഞാൻ പറയുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ എന്റെ വിദ്യാർഥികളെ, കുട്ടികളെ, അല്ലെങ്കിൽ സദസ്സിനെ സഹായിക്കുന്നതിനു ഞാൻ എന്താണു ചെയ്യുന്നത്? പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ബാധകമാക്കേണ്ടത് എങ്ങനെയെന്നു ഞാൻ എന്റെ ശ്രോതാക്കൾക്കു വ്യക്തമായി കാണിച്ചുകൊടുക്കുന്നുണ്ടോ? ഞാൻ സ്വന്തം ജീവിതത്തിൽ അവ ബാധകമാക്കുന്നത് അവർക്കു കാണാൻ കഴിയുന്നുണ്ടോ? ചർച്ച ചെയ്യുന്ന സംഗതിയോടുള്ള അവരുടെ പ്രതികരണത്തിന് യഹോവയുമായുള്ള തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കാൻ കഴിയും എന്ന് അവർ മനസ്സിലാക്കുന്നുവോ?’ (സദൃ. 9:10) പഠിപ്പിക്കൽ പ്രാപ്‌തി വികസിപ്പിച്ചെടുക്കാൻ ശ്രമിക്കവേ, ഈ സംഗതികൾക്കു ശ്രദ്ധ നൽകുന്നതിൽ തുടരുക. “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക [“നിനക്കും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുക,” NW]; ഇതിൽ ഉറെച്ചുനില്‌ക്ക; അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊ. 4:16.
-