ചോദ്യം 7
ലൈംഗികബന്ധത്തിനു നിർബന്ധിച്ചാൽ?
നിങ്ങൾ എന്തു ചെയ്തേനേ?
ഈ രംഗമൊന്നു സങ്കൽപ്പിക്കുക: ഹർഷ, ജിത്തുവിനെ പരിചയപ്പെട്ടിട്ട് വെറും രണ്ടു മാസം ആകുന്നതേ ഉള്ളൂ. പക്ഷേ, അവർ തമ്മിൽ വളരെക്കാലത്തെ പരിചയം ഉള്ളതായിട്ടാണു ഹർഷയ്ക്കു തോന്നുന്നത്. എപ്പോഴും മെസേജുകൾ! മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണങ്ങൾ! എന്തിന്, ഒരാൾ എന്തെങ്കിലും പറഞ്ഞുതുടങ്ങിയാൽ ആ വാചകം പൂർത്തിയാക്കാൻപോലും മറ്റേയാൾക്കു കഴിയുന്നു! പക്ഷേ, ജിത്തുവിന് ഇപ്പോൾ സംസാരം മാത്രം പോരാ എന്നായിരിക്കുന്നു.
തമ്മിൽ പരിചയപ്പെട്ടതിൽപ്പിന്നെ അവർ കൈകോർത്തുപിടിക്കുകയും വല്ലപ്പോഴും ചെറുതായി ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അപ്പുറത്തേക്കു പോകാൻ ഹർഷ ആഗ്രഹിക്കുന്നില്ല. പക്ഷേ, അവൾക്കു ജിത്തുവിനെ വിട്ടുകളയാനും തോന്നുന്നില്ല. കാരണം ഇന്നുവരെ ജിത്തു മാത്രമേ, തനിക്ക് എന്തൊക്കെയോ പ്രത്യേകതകളുണ്ടെന്നും താൻ ഒരു സുന്ദരിയാണെന്നും തോന്നാൻ ഇടയാക്കിയിട്ടുള്ളൂ. ‘അതെ, ജിത്തുവും ഞാനും പ്രണയത്തിലാണ് . . . ’ അവൾ സ്വയം പറഞ്ഞു.
പ്രേമിക്കുന്നയാളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്കു പ്രായമായെന്നു കരുതുക. ഹർഷയുടെ അതേ സാഹചര്യം നിങ്ങൾക്കുണ്ടായാൽ, നിങ്ങൾ എന്തു ചെയ്യും?
ഒരു നിമിഷം ചിന്തിക്കുക!
വിവാഹിതർക്കു മാത്രമായി ദൈവം നൽകിയിരിക്കുന്ന ഒരു സമ്മാനമാണു ലൈംഗികാസ്വാദനം. വിവാഹത്തിനു മുമ്പേ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ആ സമ്മാനം ദുരുപയോഗം ചെയ്യുകയാണ്; നമുക്ക് ഒരാൾ സമ്മാനിച്ച മനോഹരമായ വസ്ത്രം അഴുക്കു തുടയ്ക്കാൻ ഉപയോഗിക്കുന്നതുപോലെ!
ഗുരുത്വാകർഷണം പോലുള്ള ഒരു നിയമം ലംഘിച്ചാൽ അതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടിവരും. “സകലവിധ ലൈംഗിക ദുർനടപ്പിൽനിന്നും അകന്നിരിക്കണം” എന്നതുപോലുള്ള ഒരു നിയമം ലംഘിച്ചാലും ഫലം അതുതന്നെയായിരിക്കും.—1 തെസ്സലോനിക്യർ 4:3, വിശുദ്ധ സത്യവേദ പുസ്തകം, മോഡേൺ മലയാളം വേർഷൻ (MMV).
ആ കല്പന ലംഘിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ബൈബിൾ പറയുന്നു: “പരസംഗംചെയ്യുന്നവൻ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.” (1 കൊരിന്ത്യർ 6:18) ഇതു ശരിയാണോ?
വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള അനേകം യുവജനങ്ങൾ, പിൻവരുന്ന അനന്തരഫലങ്ങളിൽ ഒന്നോ അതിലധികമോ അനുഭവിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയവേദന. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിലേർപ്പെട്ട മിക്ക യുവജനങ്ങൾക്കും പിന്നീട് അതിൽ വിഷമം തോന്നിയിട്ടുണ്ടെന്നാണു പറയുന്നത്.
സംശയം. ലൈംഗികബന്ധത്തിലേർപ്പെട്ടതിനു ശേഷം, രണ്ടുപേരും ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഇവൾ/ഇവൻ ഇതിനു മുമ്പും മറ്റൊരാളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടാകില്ലേ?’
അതൃപ്തി. ഉള്ളിന്റെ ഉള്ളിൽ മിക്ക പെൺകുട്ടികളും ആഗ്രഹിക്കുന്നതു തന്നെ സംരക്ഷിക്കുന്ന ഒരാളെയാണ്, അല്ലാതെ മുതലെടുക്കുന്നവനെയല്ല. തങ്ങളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിത്തന്ന പെൺകുട്ടിയോടു പിന്നീടു മുമ്പത്തെ അത്രയും ആകർഷണം തോന്നാറില്ല എന്നാണു മിക്ക ആൺകുട്ടികളുടെയും അഭിപ്രായം.
ചുരുക്കത്തിൽ: വിവാഹത്തിനു മുമ്പേ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അമൂല്യമായ ഒന്നു കളഞ്ഞുകുളിച്ചുകൊണ്ട് നിങ്ങൾതന്നെ നിങ്ങളുടെ വില കളയുകയാണ്. (റോമർ 1:24) ഓർക്കുക, ആർക്കെങ്കിലുമൊക്കെ കാഴ്ചവെക്കാനുള്ളതല്ല നിങ്ങളുടെ ശരീരം, അതു വിലപ്പെട്ടതാണ്!
‘ലൈംഗിക ദുർനടപ്പിൽനിന്ന് അകന്നിരിക്കാൻ’ ശേഷിയുള്ള കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണു നിങ്ങൾ എന്നു തെളിയിക്കുക. (1 തെസ്സലോനിക്യർ 4:3, MMV) നിങ്ങൾ വിവാഹം കഴിക്കുകയാണെങ്കിൽ, അപ്പോൾ നിങ്ങൾക്കു ലൈംഗികബന്ധം ആസ്വദിക്കാം; വിവാഹത്തിനു മുമ്പുള്ള ലൈംഗികതയുടെ ഫലമായ ആകുലതയോ ഖേദമോ ഭയമോ ഒന്നുമില്ലാതെ, അത് അപ്പോൾ നന്നായി ആസ്വദിക്കാം.—സദൃശവാക്യങ്ങൾ 7:22, 23; 1 കൊരിന്ത്യർ 7:3.
നിങ്ങൾക്ക് എന്തു തോന്നുന്നു?
നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾ നിങ്ങളുടെ ശാരീരികവും വൈകാരികവും ആയ ക്ഷേമം അപകടത്തിലാക്കുമോ?
നിങ്ങളെക്കുറിച്ച് യഥാർഥത്തിൽ ചിന്തയുള്ള ഒരാൾ നിങ്ങളെ പ്രലോഭിപ്പിച്ച് ദൈവവുമായുള്ള ബന്ധം തകരാറിലാക്കാൻ നോക്കുമോ?—എബ്രായർ 13:4.