യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനംനേടാൻ കുട്ടികളെ സഹായിക്കുക
നിങ്ങളുടെ കുട്ടികൾ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ അവർ യഥാർത്ഥത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? അവർ ഓരോ യോഗത്തിൽനിന്നും പഠിച്ചത് പിന്നീട് നിങ്ങളോടു പറയാൻ അവർക്കു കഴിയുമോ? ശ്രദ്ധിക്കാനും അവധാനപൂർവകമായ നിരീക്ഷണത്തിൽനിന്നു പഠിച്ച അറിവു വിനിയോഗിക്കാനും നിങ്ങൾ അവരെ പ്രോൽസാഹിപ്പിച്ചിട്ടുണ്ടോ? അവർക്കു കേൾക്കാനും കാണാനും അനുകരിക്കാനും കഴിയത്തക്കവണ്ണം നിങ്ങൾ യോഗങ്ങളിൽ നടത്തുന്ന ആശയപ്രകടനങ്ങളാൽ നിങ്ങൾ അവർക്ക് ഒരു സജീവ ദൃഷ്ടാന്തം വെക്കുന്നുവോ? നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ വിശ്വാസത്തെ അനുകരിക്കുന്നുണ്ടോ? കുട്ടികൾ യഹോവയുടെ അർപ്പിതരായ ദാസരെന്ന നിലയിൽ വളരണമെങ്കിൽ ഈ ചോദ്യങ്ങൾക്ക് ക്രിയാത്മകമായ ഉത്തരങ്ങൾ മർമ്മപ്രധാനമാണ്.
യോഗഹാജരിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുക
2 ഒരു കുട്ടിക്ക് നിത്യജീവൻ ലഭിക്കണമെങ്കിൽ അവന് ബൈബിൾപ്രബോധനം ആവശ്യമാണ്. (യോഹന്നാൻ 17:3) ഒരു കുട്ടി ആത്മീയ കാര്യങ്ങളെ വിലമതിക്കാൻ പഠിക്കണമെങ്കിൽ യോഗങ്ങളിലെ ഹാജരാകൽ ആവശ്യമാണ്. ചില സമയങ്ങളിൽ, കുട്ടികൾ മററുളളവരെ ശല്യപ്പെടുത്തുമെന്നു ഭയപ്പെടുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ യോഗങ്ങൾക്കു കൊണ്ടുവരാൻ മടിക്കുന്നു. ചിലർ കുട്ടികളുടെ ഗൃഹപാഠംചെയ്യാൻ അവരെ വീട്ടിൽ വിട്ടേക്കുന്നു. എന്നാൽ ജ്ഞാനിയായ പിതാവ് തന്റെ മക്കളെ യോഗങ്ങൾക്കു കൊണ്ടുവരുന്നു.—ആവർത്തനം 31:12.
3 ഒരു കുട്ടി ശൈശവംമുതൽ പഠിക്കേണ്ട പ്രഥമ സംഗതി അവൻ ശ്രദ്ധിക്കാൻ രാജ്യഹാളിൽ പോകുന്നുവെന്നതാണ്. എന്നാൽ കളിപ്പാട്ടമോ ഭക്ഷണമോ പോലെ അവനെ വ്യാപൃതനാക്കിനിർത്തുന്ന മററു വസ്തുക്കൾ അവനു കൊടുക്കുകയാണെങ്കിൽ, അല്ലെങ്കിൽ അവന്റെ ഇരിപ്പിടത്തിൽ കളിക്കാൻ അവനെ അനുവദിക്കുകയാണെങ്കിൽ, അവൻ ശ്രദ്ധിക്കാനും രാജ്യഹാളിൽ നാം ഹാജരാകുന്നതിന്റെ കാരണം വിലമതിക്കാനും പഠിക്കുമോ? ചില കുട്ടികൾ മററുളളവരെക്കാൾ ശ്രദ്ധയുളളവരാണെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, ഒരു കുട്ടി ശരിയായി പെരുമാറാത്തപ്പോൾ ജ്ഞാനിയായ പിതാവ് അല്ലെങ്കിൽ മാതാവ് അവനെ തിരുത്തുകയും ശ്രദ്ധിക്കാൻ അവനെ സ്നേഹപുരസ്സരം പരിശീലിപ്പിക്കുകയുംചെയ്യും, മിഠായിയോ കളിപ്പാട്ടങ്ങളോ അവനു കൈക്കൂലികൊടുക്കുന്നതിനാലല്ല, പിന്നെയോ ദൈവവചനത്തിലെ ശിക്ഷണം ബാധകമാക്കുന്നതിനാൽ.—സദൃ. 13:24; എഫേ. 6:4.
ഒരു പിതാവെന്ന നിലയിൽ നിങ്ങളുടെ ദൃഷ്ടാന്തം
4 ജനുവരി 15, 1982-ലെ വാച്ച്ററവർ ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചോ ദിച്ചു: “നിങ്ങൾ ബൈബിളദ്ധ്യയനയോഗങ്ങളെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് നിങ്ങളുടെ കുട്ടികൾക്കറിയാമോ? ഹാജരാകാൻ മാത്രമല്ല, ആവശ്യപ്പെടുമ്പോൾ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് അതിൽ പങ്കുപററാൻ തക്കവണ്ണം ഈ യോഗങ്ങൾ പ്രധാനമാണെന്ന് നിങ്ങൾ പരിഗണിക്കുന്നതായി അവർ കാണുന്നുണ്ടോ?” നിങ്ങൾ യോഗസമയങ്ങളിൽ അനാവശ്യമായി വർത്തമാനം പറയുന്നതായി കുട്ടികൾ കാണുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളോ മററുളളവരോ കുട്ടികളുമായി കളിക്കുകയാണെങ്കിൽ അത് അവരിൽ എന്തു ധാരണ ഉളവാക്കും? അവർ യോഗസമയങ്ങളെ എങ്ങനെ വീക്ഷിക്കും? കുട്ടികൾ നല്ല അനുകരണശീലമുളളവരായതിനാൽ നിങ്ങളുടെ ദൃഷ്ടാന്തത്തിന് അവരുടെമേൽ ഗംഭീരമായ ഒരു ഫലം ഉണ്ടായിരിക്കാൻ കഴിയും.
5 യോഗസമയങ്ങളിൽ ഉപയോഗിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ സ്വന്തം പ്രതികൾ കൊച്ചുകുട്ടികൾക്കുപോലും കൊടുക്കുന്നത് സഹായകമാണെന്ന് ചില മാതാപിതാക്കൾ കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ കുടുംബാദ്ധ്യയനസമയത്ത് അവർ ഉചിതമായ അഭിപ്രായങ്ങൾ തയ്യാറാകാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നു. കൂടാതെ, യോഗത്തിൽ ചർച്ചചെയ്യപ്പെട്ട കാര്യങ്ങൾ പുനരവലോകനംചെയ്തുകൊണ്ടും അവർക്കുണ്ടായിരുന്നേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ടും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ പ്രോൽസാഹിപ്പിക്കാവുന്നതാണ്. യോഗങ്ങളിലെ പങ്കുപററലിന് തങ്ങളുടെ കുട്ടികളെ അഭിനന്ദിക്കാനും മാതാപിതാക്കൾ ജാഗ്രതയുളളവരായിരിക്കണം.
6 ഈ പരിശീലനം മാതാപിതാക്കൾക്ക് കഠിനവേലയാണെന്നുളളത് സത്യമാണ്. എന്നിരുന്നാലും, ദൈവികവിധത്തിൽ കാര്യങ്ങൾ ചെയ്യുന്നത് സദ്ഫലങ്ങൾ ഉളവാക്കുന്നു. തിരുവെഴുത്തുകൾ പറയുന്നതുപോലെ: “നീതിമാൻ തന്റെ നിർമ്മലതയിൽ നടക്കുന്നു. അവനുശേഷം അവന്റെ പുത്രൻമാർ സന്തുഷ്ടരാകുന്നു.”—സദൃ. 20:7.