നിങ്ങളുടെ വിശുദ്ധസേവനത്തെ വിലമതിക്കുക
വിശിഷ്ടമായ ഏതെങ്കിലുമൊരു ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് ത്യാഗങ്ങൾ നടത്താൻ നാം സന്നദ്ധരായിരിക്കണം. ഒരു ഡോക്ടർ ആയിത്തീരുന്നതിന് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പഠനം, നിശ്ചയദാർഢ്യം, പണം എന്നിവ ആവശ്യമാണ്. വിജയിയായ ഒരു കായികാഭ്യാസിയുടെ ഉത്ക്കടമായ ഉദ്ദേശ്യം പരിപൂർണതക്കുവേണ്ടി കൂടുതൽ പ്രയാസമേറിയ ദിനചര്യകളിലൂടെ വിട്ടുവീഴ്ചയില്ലാത്ത പരിശീലനത്തിൽ തന്റെ യൗവനകാലം മുഴുവൻതന്നെ ചെലവഴിക്കുന്നു. സമാനമായി, ഒരു വിദഗ്ധനായ പിയാനോ വായനക്കാരനും വർഷങ്ങളോളം അർപ്പിത പരിശീലനം നടത്തിയ പശ്ചാത്തലമുണ്ടാവും.
എന്നിരുന്നാലും, ചെലവഴിക്കുന്നതിനെക്കാളേറെ ഫലം ചെയ്യുന്ന വേറൊരു ലക്ഷ്യമുണ്ട്. എന്താണത്? അത്യുന്നതനായ യഹോവയാം ദൈവത്തിന്റെ ദാസനായിരിക്കുക എന്ന പദവി. സമയം, പണം, ഊർജം എന്നീ രൂപത്തിൽ നാം എന്തു ത്യാഗങ്ങൾ നടത്തിയാലും നമ്മുടെ സ്രഷ്ടാവിനു വിശുദ്ധസേവനം അർപ്പിക്കുന്നതിനുള്ള പദവി അതുല്യമായ പ്രതിഫലങ്ങൾ കൈവരുത്തും. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ സത്യം തന്നെ: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ് 4:8) അത് എപ്രകാരം വാസ്തവമായിരിക്കുന്നുവെന്നു നമുക്കു കാണാം.
നാം ദൈവത്തെക്കുറിച്ച് ആദ്യമായി അറിയുമ്പോൾ
സുവാർത്തക്ക് അനുകൂലമായി പ്രതികരിക്കുകയും ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്യുന്ന മിക്കവരും തങ്ങളുടെ ജീവിതത്തിൽ അത് എത്രത്തോളം മാററങ്ങൾ വരുത്തുന്നുവെന്ന് സാധാരണമായി തിരിച്ചറിയുന്നില്ല. ഒന്നാമതായി, ഒരു പുതിയ ബൈബിൾ വിദ്യാർഥിക്ക് അയാളുടെ ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടെന്നു വരാം. കാരണം ദൈവത്തെ അപമാനിക്കുന്നതെന്ന് അയാൾ ഇപ്പോൾ തിരിച്ചറിയുന്ന ഉദ്യമങ്ങളെ പിന്തുടരുന്നതിന് അവരുമായി സഹകരിക്കാത്തതാവാം കാരണം. അയാൾ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അവർക്കു മനസ്സിലാകുന്നില്ല. (1 പത്രൊസ് 4:4) ചിലർക്ക് കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പിനെ നേരിടേണ്ടതായി വന്നേക്കാം. തങ്ങൾ സ്നേഹിക്കുന്നവർ യഹോവയോട് അനിഷ്ടം, വിദ്വേഷംപോലും പ്രകടിപ്പിക്കുന്നത് വേദനയോടെ അവർ കാണേണ്ടിവരുന്നു. (മത്തായി 10:36) അത് പ്രയാസമുള്ള സംഗതിയാണെന്നു വന്നേക്കാം.
ജോലിസ്ഥലത്തോ സ്കൂളിലോ ആയാലും അവിടെയും ത്യാഗങ്ങൾ നടത്തേണ്ടിവരുന്നു. പുതിയ ബൈബിൾ വിദ്യാർഥി കാലക്രമേണ ലൗകിക പാർട്ടികളിലും മററ് ആഘോഷങ്ങളിലും പങ്കെടുക്കുന്നതിൽനിന്നു വിരമിക്കുന്നു. അയാൾ സഹപ്രവർത്തകരുടെയോ സഹപാഠികളുടെയോ വൃത്തികെട്ട സംസാരത്തിനു മേലാൽ ചെവികൊടുക്കുന്നില്ല. അവരോടൊപ്പം അസഭ്യമായ തമാശകളും പറയുന്നില്ല. മറിച്ച്, അയാൾ എഫെസ്യർ 5:3, 4-ൽ നൽകിയിരിക്കുന്ന പിൻവരുന്ന അനുശാസനം പ്രാവർത്തികമാക്കാൻ ശ്രമിക്കും: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധൻമാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.”
അത്തരം വ്യതിയാനങ്ങൾ ബൈബിൾ വിദ്യാർഥിയെ മററുള്ളവരിൽനിന്ന് അകററിനിർത്തിയേക്കാം. അത് ബുദ്ധിമുട്ടുള്ള സംഗതിയാകാം, പ്രത്യേകിച്ച് ഇപ്പോഴും സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം. കാരണം ഒന്നിനുപിറകെ ഒന്നായി അഭിമുഖീകരിക്കേണ്ടിവരുന്ന ആഘോഷദിനങ്ങൾ, പരിണാമംപോലുള്ള ദൈവ-വിരുദ്ധ പഠിപ്പിക്കലുകൾ, ബഹുജനത്തിന്റെ പിന്നാലെ പോകുന്നതിനുള്ള സമ്മർദം എന്നിവയുടെയെല്ലാം മധ്യേ യുവക്രിസ്ത്യാനിക്ക് വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനു നിരന്തര പോരാട്ടം നടത്തേണ്ടത് ആവശ്യമായി വരുന്നു. ദൈവമാർഗങ്ങൾ പിന്തുടരുന്നത് അവരെ വ്യത്യസ്തരാക്കിത്തീർക്കും. അത് അവരെ സഹപാഠികളുടെയും അധ്യാപകരുടെയും പരിഹാസപാത്രമാക്കിയേക്കാം. അതിനെ നേരിടുകയെന്നുപറയുന്നത് തൊട്ടാൽവാടുന്ന കൗമാരഘട്ടത്തിൽ പ്രത്യേകിച്ചും പ്രയാസകരമാണ്. ആ ത്യാഗത്തിനുതക്ക ദൈവാംഗീകാരവും ലഭിക്കും!
അവ വാസ്തവമായും ത്യാഗങ്ങളാണോ?
ആദ്യം ത്യാഗങ്ങളെന്നു തോന്നുന്ന മററു കാര്യങ്ങൾ പിന്നീട് അനുഗ്രഹങ്ങളായി പരിണമിക്കുന്നു. ചിലർക്ക് പുകയില ശീലം കൈവെടിയേണ്ടി വരുന്നു. (2 കൊരിന്ത്യർ 7:1) ഇത് ഒരു വെല്ലുവിളിതന്നെ ആയിരുന്നേക്കാം. എന്നാൽ ഹാനികരമായ ആ ദുശ്ശീലം ഒടുവിൽ മറികടക്കുമ്പോൾ, ഹാ, എന്തോരനുഗ്രഹം! മയക്കുമരുന്ന്-മദ്യാസക്തി തരണം ചെയ്യുന്നതു സംബന്ധിച്ചും വസ്തുത ഇതുതന്നെയെന്നു പറയാൻ കഴിയും. അത്തരം നാശകരമായ ശീലങ്ങളൊന്നുമില്ലാത്ത ജീവിതം എത്ര മെച്ചമാണ്! ഇനിയും വേറെ ചിലരെ സംബന്ധിച്ചാണെങ്കിൽ തങ്ങളുടെ വൈവാഹിക ക്രമീകരണങ്ങളെ നേരേചൊവ്വേ ആക്കേണ്ടതാവശ്യമായിട്ടുണ്ട്. വിവാഹം ചെയ്യാതെ ഒരുമിച്ചു പാർക്കുന്നവർ ഒന്നുകിൽ വിവാഹം ചെയ്യുന്നു അല്ലെങ്കിൽ ഒരുമിച്ചുള്ള വാസം അവസാനിപ്പിക്കുന്നു. (എബ്രായർ 13:4) അനേകം ഭാര്യമാരോടൊത്തു താമസിക്കുന്നവർ തങ്ങളുടെ യൗവനത്തിലെ ഭാര്യയോടൊപ്പംമാത്രം വസിക്കണം. (സദൃശവാക്യങ്ങൾ 5:18) അത്തരം ക്രമീകരണങ്ങളിൽ ത്യാഗം ഉൾപ്പെടുന്നുവെങ്കിലും അവ ഭവനത്തിൽ സമാധാനം കൈവരിക്കുന്നു.
പ്രതിഫലങ്ങളെക്കുറിച്ചു ചിന്തിക്കുക
യഹോവയുടെ നിയമങ്ങൾ പാലിക്കുന്ന ഏവനും തീർച്ചയായും പ്രയോജനങ്ങൾ അനുഭവിക്കുന്നു. ജീവിതത്തിൽ ആദ്യമായി ബൈബിൾ വിദ്യാർഥി സൃഷ്ടികർത്താവിനെ യഹോവ എന്ന അവന്റെ പേർചൊല്ലി വിളിക്കാൻ തുടങ്ങുന്നു. (സങ്കീർത്തനം 83:18) യഹോവ മനുഷ്യവർഗത്തിനുവേണ്ടി ചെയ്തിരിക്കുന്നതും ചെയ്യാൻപോകുന്നതുമായ അതിശയകരമായ കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ വിദ്യാർഥി യഹോവയെ സ്നേഹിക്കാൻ പ്രേരിതനാകുന്നു. മരിച്ചവരിലുള്ള ഭയം പ്രബലമായിരിക്കുന്ന രാജ്യങ്ങളിൽ അന്ധവിശ്വാസങ്ങളിൽ വേരൂന്നിയിരിക്കുന്ന ഈ ഭയം അയാൾ ഉപേക്ഷിക്കുന്നു. കാരണം മരിച്ചവർ പുനരുത്ഥാനവും പ്രതീക്ഷിച്ചുകൊണ്ട് ഗാഢനിദ്രയിലാണെന്ന് അയാൾ അറിയുന്നു. (സഭാപ്രസംഗി 9:5, 10) യഹോവ ആളുകളെ എന്നേക്കും നരകത്തിൽ പീഡിപ്പിക്കുന്നില്ല എന്നു തിരിച്ചറിയുന്നത് എത്ര ആശ്വാസജനകമാണ്! അതേ, സത്യം അയാളെ യഥാർഥത്തിൽ സ്വതന്ത്രനാക്കുന്നു.—യോഹന്നാൻ 8:32.
യഹോവയുടെ നിലവാരങ്ങൾക്ക് ഒത്തവിധം വിദ്യാർഥി ജീവിതം ക്രമപ്പെടുത്തുമ്പോൾ അയാൾ ഒരു ശുദ്ധ മനസ്സാക്ഷിയും ആത്മാഭിമാനവും നേടിയെടുക്കുന്നു. സത്യക്രിസ്ത്യാനി എന്നനിലയിൽ ജീവിക്കാൻ പഠിക്കുന്നതോടെ മെച്ചപ്പെട്ടരീതിയിൽ തന്റെ കുടുംബത്തിനുവേണ്ടി അയാൾ കരുതുന്നു. ഇതു വലിയ സംതൃപ്തിയും സന്തോഷവും കൈവരുത്തുന്നു. കൂടാതെ, രാജ്യഹാളിൽ യോഗങ്ങളിലും പങ്കെടുക്കുന്നു. എത്ര ആഹ്ലാദകരമായ അനുഭവമാണത്! ദൈവത്തിന്റെ ജനമെന്നു തിരിച്ചറിയിക്കുന്നതായി ബൈബിൾ പറയുന്നതരം ഊഷ്മള സ്നേഹം യഥാർഥത്തിൽ പങ്കിടുന്ന ജനങ്ങൾ ഇവിടെയാണ്. (സങ്കീർത്തനം 133:1; യോഹന്നാൻ 13:35) “ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്ന” അവരുടെ സംസാരം ശുദ്ധവും കെട്ടുപണിചെയ്യുന്നതുമാണ്. (പ്രവൃത്തികൾ 2:11) അതേ, “സഹോദരവർഗ്ഗത്തെ സ്നേഹി”ക്കുന്നവരുമായി ബന്ധപ്പെടുന്നത് സന്തോഷകാരണമാണ്. (1 പത്രൊസ് 2:17) അത്തരം മികച്ച സഹവാസം “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരി”ക്കുവാൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കുന്നു.—എഫെസ്യർ 4:24.
സമർപ്പണത്തിന്റെ പടി
ഒരു വ്യക്തി അറിവിൽ പുരോഗമിക്കവേ, തന്റെ ജീവൻ യഹോവക്കു സമർപ്പിക്കുന്നതിനും അതു ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്നതിനും അവനോടുള്ള സ്നേഹത്താൽ ക്രമേണ പ്രേരിതനാകുന്നു. (മത്തായി 28:19, 20) ഈ പടി സ്വീകരിക്കുന്നതിനു മുമ്പ് തന്റെ ശിഷ്യൻമാർ ‘കണക്കു നോക്കണം’ എന്നാണ് യേശുവിന്റെ ബുദ്ധ്യുപദേശം. (ലൂക്കൊസ് 14:28) ഒരു സമർപ്പിത ക്രിസ്ത്യാനി യഹോവയുടെ ഹിതം ഒന്നാം സ്ഥാനത്തു വയ്ക്കുകയും ജഡികകാര്യങ്ങൾ നിരാകരിക്കുകയും ചെയ്യുമെന്നത് അനുസ്മരിക്കുക. ‘ജഡത്തിന്റെ പ്രവൃത്തികൾ’ ഉപേക്ഷിക്കുന്നതിനും ‘ആത്മാവിന്റെ ഫലം’ നട്ടുവളർത്തുന്നതിനും അയാൾ കഠിനാധ്വാനം ചെയ്യുന്നു. (ഗലാത്യർ 5:19-24) റോമർ 12:2-ൽ നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം അയാളുടെ ജീവിതത്തിൽ പൂർണമായും ബാധകമാകുന്നു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നൻമയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” അങ്ങനെ, ഒരു സമർപ്പിത ക്രിസ്ത്യാനി പുതുക്കം വരുത്തിയ ഉദ്ദേശ്യത്തോടെ തന്റെ ജീവിതം നയിക്കുന്നു.
അയാൾ കരസ്ഥമാക്കുന്നത് എന്താണെന്നു പരിചിന്തിക്കുക. അഖിലാണ്ഡത്തിന്റെ സ്രഷ്ടാവുമായി അയാൾ ഇപ്പോൾ വ്യക്തിപരമായ ബന്ധത്തിലാണ് എന്നതാണ് ഒരു സംഗതി. ദൈവത്തിന്റെ സ്നേഹിതൻ ആയിരിക്കുന്നുവെന്ന കാരണത്താൽ അയാൾ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു! (യാക്കോബ് 2:23) വളരെയധികം അർഥത്തോടെ അയാൾ ദൈവത്തെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് അഭിസംബോധന ചെയ്യുന്നു. (മത്തായി 6:9) ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട് എന്നറിയുന്നതാണ് പുതുതായി സമർപ്പിതനായ ഒരുവനു ലഭിക്കുന്ന വേറൊരു അനുഗ്രഹം. അയാൾ തന്റെ ജീവിതം ആ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നയിക്കുന്നു. (സഭാപ്രസംഗി 12:13) യേശുവിന്റെ നേതൃത്വം പിന്തുടർന്നുകൊണ്ട് വിശ്വസ്തനായി നിലകൊള്ളുന്നതിലൂടെ പിശാച് നുണയനാണ് എന്ന് അയാൾക്കു തെളിയിക്കാനാവും. അത് യഹോവയുടെ ഹൃദയത്തിന് എത്രമാത്രം ആനന്ദം പകരും!—സദൃശവാക്യങ്ങൾ 27:11.
ഒരു ക്രിസ്ത്യാനി വിശ്വസ്തതയുടെ പന്ഥാവിലൂടെ നീങ്ങവേ അനേകം ത്യാഗങ്ങൾ ചെയ്യേണ്ടതായിവരും എന്നതു തീർച്ചയാണ്. ദൈവവചനത്തിന്റെ അർഥവത്തായ വ്യക്തിപരമായ പഠനം, സഭാ അധ്യയനം എന്നിവയിൽ ഏർപ്പെടുന്നതിന് സമയം ആവശ്യമാണ്. (സങ്കീർത്തനം 1:1-3; എബ്രായർ 10:25) വയൽശുശ്രൂഷക്കുള്ള സമയം മററുള്ള കാര്യങ്ങളിൽനിന്നു കണ്ടെത്തേണ്ടതുണ്ട്. (എഫേസ്യർ 5:16) യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്നതിനും സമ്മേളനങ്ങളും കൺവെൻഷനുകളും നടക്കുന്നിടത്തേക്കു യാത്രചെയ്യുന്നതിനും സമയവും ശ്രമവും ആവശ്യമായി വരുന്നു. രാജ്യഹാളിനും ലോകവ്യാപകമായ പ്രസംഗവേലയ്ക്കും സാമ്പത്തിക പിന്തുണ നൽകുന്നതിന് ത്യാഗം ചെയ്യേണ്ടിവന്നേക്കാം. എന്നിരുന്നാലും, മുഴു ഹൃദയത്തോടെ അത്തരം കാര്യങ്ങളിൽ പങ്കെടുക്കുന്നത് സന്തുഷ്ടി കൈവരുത്തുന്നു. അതിനു ലക്ഷക്കണക്കിനു ക്രിസ്ത്യാനികൾക്ക് സാക്ഷ്യം നൽകാൻ കഴിയും. “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ അധികം സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്” എന്ന് യേശു പറഞ്ഞു.—പ്രവൃത്തികൾ 20:35, NW.
യഹോവയുടെ വേലക്കു പിന്തുണ നൽകുന്നതിനായി ചെലവഴിക്കുന്ന ഏതു മൂല്യങ്ങളെക്കാളും വളരെയധികം മുന്തിയതാണ് പ്രതിഫലങ്ങൾ. നാം പക്വത പ്രാപിച്ചവരായി വളരുന്തോറും നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദവും ആഹ്ലാദകരവുമായിത്തീരും. ഒരാളെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുകയും അയാൾ യഹോവയുടെ ആരാധനയിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സംതൃപ്തിപോലെ വേറൊന്നും ഇല്ല. പുതിയ ആരാധകൻ ഒരു കുടുംബാംഗമാണ്, ഒരുപക്ഷേ, “കർത്താവിന്റെ [യഹോവയുടെ, NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” അഭ്യസിപ്പിക്കപ്പെട്ട ഒരു കുട്ടിയാണെങ്കിൽ അത് പ്രത്യേക സന്തോഷം കൈവരുത്തുന്നു. (എഫെസ്യർ 6:4) ദൈവത്തിന്റെ “കൂട്ടുവേലക്കാർ” ആയിരിക്കുന്നതിനുള്ള നമ്മുടെ ശ്രമത്തിന്റെമേൽ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ നാം കാണുന്നു.—1 കൊരിന്ത്യർ 3:9.
വിശ്വസ്ത സേവനത്തിനുള്ള മററു പ്രതിഫലങ്ങൾ
ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം നമുക്കു പ്രശ്നങ്ങൾ ഉണ്ടാകുമെന്നതു ശരിയാണ്. സാത്താന്റെ സമയം ചുരുങ്ങി വരുന്നതിനാൽ പ്രശ്നങ്ങൾ കൂടുതൽ ശക്തിയാർജിക്കാൻ സാധ്യതയുണ്ട്. പീഡനങ്ങൾ അനുഭവിക്കുകയോ പ്രലോഭനങ്ങൾ നേരിടുകയോ ചെയ്യേണ്ടതായി വന്നേക്കാം. എന്നാൽ, ദൈവം നമ്മോടുകൂടെ ഉണ്ടെന്നുള്ള അറിവ് നമുക്കു സാന്ത്വനം പകരുകയും സഹിക്കുന്നതിനുള്ള ബലം നൽകുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 10:13; 2 തിമൊഥെയൊസ് 3:12) ചില സഹ ക്രിസ്ത്യാനികൾ വർഷങ്ങളോളം കഠിനമായ പരിശോധനകൾ സഹിച്ചിട്ടുണ്ട്. എന്നാൽ ദൈവത്തോടുള്ള തങ്ങളുടെ സ്നേഹം നിമിത്തം അവർ സ്ഥിരോത്സാഹം കാട്ടുന്നു. അടിയേററശേഷം വിടുവിക്കപ്പെട്ട അപ്പോസ്തലൻമാർക്കുണ്ടായ അതേ വികാരം വ്യത്യസ്ത വിധത്തിലുള്ള പീഡനം വിജയകരമായി സഹിക്കുന്നവർക്ക് ഉണ്ടാകുന്നു. “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി” എന്ന് പ്രവൃത്തികൾ 5:41 വിവരിക്കുന്നു.
സഹിഷ്ണുതക്കുള്ള പ്രതിഫലം ഇപ്പോൾപോലും ഏതു വിലയെക്കാളും മുന്തിയതാണ്. എന്നാൽ, ദൈവഭക്തി “ഇപ്പോഴത്തെ ജീവന്റെ” മാത്രമല്ല “വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാ”ണെന്ന് ഓർമിക്കുക. (1 തിമൊഥെയൊസ് 4:8) എത്ര മഹത്തായ പ്രത്യാശകളാണു സഹിച്ചുനിൽക്കുന്ന ഒരുവനുള്ളത്! നിങ്ങൾ വിശ്വസ്തനായി നിലകൊണ്ടാൽ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിന് അടയാളം കുറിക്കുന്ന മഹോപദ്രവത്തെ നിങ്ങൾ അതിജീവിക്കും. അതല്ല, നിർണായകമായ ആ സംഭവത്തിനുമുമ്പു നിങ്ങൾ മരിക്കുന്നപക്ഷം ആ സംഭവത്തെത്തുടർന്നുണ്ടാകുന്ന പുതിയ ലോകത്തിലേക്കു നിങ്ങൾ ഉയിർപ്പിക്കപ്പെടും. (ദാനീയേൽ 12:1; യോഹന്നാൻ 11:23-25) “യഹോവയുടെ സഹായത്താൽ എനിക്കതിനു കഴിഞ്ഞു” എന്നു നിങ്ങൾക്കു പറയാൻ കഴിയുമ്പോഴുള്ള ജയഘോഷത്തിന്റെ അനുഭൂതി ഭാവനയിൽ കാണുക! “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ . . . യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കുന്ന ഭൂമിയിൽ അവകാശം പങ്കിടുകയെന്നത് എത്ര പുളകപ്രദമാണ്.—യെശയ്യാവു 11:9.
അതേ, ദൈവത്തെ സേവിക്കുന്നതിനു ചില ത്യാഗങ്ങൾ നടത്തേണ്ടി വരുന്നു. എന്നാൽ പ്രതിഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വില വളരെ തുച്ഛമാണ്. (ഫിലിപ്പിയർ 3:7, 8) തന്റെ സേവകർക്കുവേണ്ടി ദൈവം ഇപ്പോൾ ചെയ്യുന്നതും ഭാവിയിൽ ചെയ്യാൻപോകുന്നതുമായ കാര്യങ്ങളുടെ വീക്ഷണത്തിൽ നാം സങ്കീർത്തനക്കാരന്റെ വാക്കുകൾ ആവർത്തിക്കുന്നു: “യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?”—സങ്കീർത്തനം 116:12.