അംഗീകാരത്തിലൂടെ മമനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യത്തെ നിറവേററൽ
“കൊള്ളാം, ഉഗ്രനായിരിക്കുന്നു!” “അപാര നേട്ടംതന്നെ!” “നീ നിന്റെ പരമാവധി ചെയ്തു; നിന്നിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു!” എന്നിങ്ങനെയുള്ള ആത്മാർഥമായ അഭിപ്രായപ്രകടനങ്ങൾ ആത്മാഭിമാനം വർധിപ്പിക്കുന്നു, പ്രത്യേകിച്ചും അത് നിങ്ങൾ ആദരിക്കുന്ന ഒരുവനിൽനിന്നാകുമ്പോൾ. അംഗീകാരം ലഭിക്കുമ്പോൾ മനുഷ്യർ ഉന്നതിപ്രാപിക്കുന്നു. തൻമൂലം അവർ പുരോഗതി നേടുകയും സന്തുഷ്ടി അനുഭവിക്കുകയും ചെയ്യുന്നു. ശരീരത്തിന് ആരോഗ്യാവഹമായ ഭക്ഷണം ആവശ്യമുള്ളതുപോലെതന്നെ, അർഹിക്കുന്ന അംഗീകാരം മനസ്സിനും ഹൃദയത്തിനും അനിവാര്യമാണെന്നതാണു വാസ്തവം.
അംഗീകാരം എന്ന പദത്തിന് ഒരു നിഘണ്ടു നൽകുന്ന നിർവചനം, “ഒരു വ്യക്തി പരിഗണനയ്ക്കും ശ്രദ്ധയ്ക്കും അർഹനാണെന്നുള്ള അംഗീകരണം,” “പ്രത്യേക ശ്രദ്ധ അഥവാ ഗൗനം” എന്നാണ്. ഇതിന് ആദരവിനോട്, അഭിമാനം തോന്നുന്നതിനോട് അടുത്ത ബന്ധമുണ്ട്. ആ ആദരവ് ഒരാൾക്കു നൽകപ്പെടുമ്പോൾ ആ വ്യക്തിയെക്കുറിച്ചുള്ള മൂല്യനിർണയത്തെയും അയാൾക്ക് അർഹമായ അംഗീകാരത്തിന്റെ അളവിനെയുമാണ് അത് അർഥമാക്കുന്നത്.
അംഗീകാരം—ഒരു അടിസ്ഥാന ആവശ്യം
പ്രശംസ അർഹിക്കുന്നിടത്ത് അതു നൽകുന്നതു ന്യായവും ഉചിതവുമാണ്. യജമാനന്റെ വസ്തുവകകൾ ഏൽപ്പിച്ച ദാസൻമാരെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽ അവൻ ഇതിനു മാതൃക നൽകി. തന്റെ വസ്തുവകകൾ നന്നായി കൈകാര്യം ചെയ്തുവെന്ന് അംഗീകരിച്ചുകൊണ്ടു യജമാനൻ പറഞ്ഞു: “നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ.” (മത്തായി 25:19-23) എന്നിരുന്നാലും, ഒട്ടുമിക്കപ്പോഴും ഈ അർഹിക്കുന്ന ഉപചാരം അവഗണിക്കപ്പെടുകയാണ്. അംഗീകാരം നൽകുന്നതിലുള്ള പരാജയം ഉത്സാഹത്തെയും മുൻകയ്യെടുക്കലിനെയും കെടുത്തിക്കളയും. അയോണ ഇങ്ങനെ പറയുന്നു: “നമ്മെക്കൊണ്ട് ആവശ്യമുണ്ട്, നമ്മെ വേണം, നമ്മെ വിലമതിക്കുന്നു എന്നീ തോന്നലുകൾ നമ്മിൽ അംഗീകാരം ഉളവാക്കുന്നു . . . അതു മുൻകയ്യെടുക്കുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നു. അവഗണിക്കപ്പെടുന്നുവെങ്കിൽ നാം നിരസ്സിക്കപ്പെട്ടവരും പിന്തുണയില്ലാത്തവരുമായി നമുക്ക് അനുഭവപ്പെടും.” “അപ്പോൾ ഉയർന്ന ഗുണനിലവാരം പുലർത്തുന്നതും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതും പ്രയാസകരമാകുന്നു” എന്ന് പാട്രിക് പറയുന്നു. അതുകൊണ്ട്, എങ്ങനെ, എപ്പോൾ അംഗീകാരം നൽകണമെന്നു നാം പഠിക്കുന്നത് എത്ര മർമപ്രധാനമാണ്. ചുററുമുള്ളവരാൽ അംഗീകരിക്കപ്പെടുന്നുവെന്ന സുരക്ഷിതത്വ ബോധത്തിനുവേണ്ടി നാമെല്ലാം കാംക്ഷിക്കുന്നു. അത് ഒരു അടിസ്ഥാന മനുഷ്യ ആവശ്യമാണ്.
പുകഴ്ത്തിപ്പറഞ്ഞുകൊണ്ടുള്ള ഒരു വാക്കോ കൂടുതൽ ഉത്തരവാദിത്വമോ ഒരു ഭൗതിക സമ്മാനംപോലുമോ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിൽ തുടരാൻ നിങ്ങളെ പ്രചോദിപ്പിക്കും. നിങ്ങൾ ഒരു പിതാവോ മാതാവോ ഭർത്താവോ ഭാര്യയോ കുട്ടിയോ സഭാംഗമോ അല്ലെങ്കിൽ മേൽവിചാരകനോ ആരായിരുന്നാലും ശരി അതു വാസ്തവമാണ്. “അംഗീകാരം നൽകപ്പെടുമ്പോൾ എനിക്കു സന്തോഷം തോന്നുന്നു, എന്നെ ആവശ്യമുണ്ടെന്നുള്ള തോന്നലുണ്ടാകുന്നു, കൂടുതൽ ചെയ്യുന്നതിനുള്ള ആഗ്രഹവും ഉണ്ടാകുന്നു” എന്നു മാർഗരററ് പറയുന്നു. “എന്റെ ഉള്ളം കുളിർക്കുകയും കൂടുതൽ ചെയ്യുന്നതിനുള്ള ഉത്തേജനം അതെനിക്കു നൽകുകയും ചെയ്യുന്നു” എന്നു പറഞ്ഞുകൊണ്ട് ആൻഡ്രു അതിനോടു യോജിക്കുന്നു. എന്നിരുന്നാലും, ഒരുവന് അംഗീകാരവും ആദരവും നൽകുന്നതിനു ശ്രദ്ധാപൂർവകമായ ചിന്തയും ശരിയായ നിർണയവും ആവശ്യമാണ്.
അംഗീകാരം നൽകുന്നതിനു യഹോവയുടെ മാതൃക അനുകരിക്കുക
മററുള്ളവരുടെ മൂല്യം അംഗീകരിക്കുന്നതിന്റെ ഏററവും ഉത്തമ മാതൃക യഹോവയാം ദൈവമാണ്. അംഗീകാരം അർഹിക്കുന്നവരെ അവൻ തിരിച്ചറിയിക്കുന്നു. ഹാബേൽ, ഹാനോക്ക്, നോഹ എന്നിവർ അത്തരം ആളുകളാണെന്ന് അവൻ ശ്രദ്ധിക്കുകതന്നെ ചെയ്തു. (ഉല്പത്തി 4:4; 6:8; യൂദാ 14) ദാവീദിന്റെ മുന്തിയ വിശ്വസ്തതയെപ്രതി യഹോവ അവനെ അംഗീകരിച്ചു. (2 ശമൂവേൽ 7:16) യഹോവയെ വർഷങ്ങളോളം ആദരിച്ച പ്രവാചകനായിരുന്ന ശമൂവേൽ ഫെലിസ്ത്യരെ തോൽപ്പിക്കുന്നതിനുവേണ്ടി സഹായം അഭ്യർഥിച്ചപ്പോൾ അവന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളിക്കൊണ്ട് അവനെ യഹോവയും ആദരിച്ചു. (1 ശമൂവേൽ 7:7-13) അത്തരം ദിവ്യാംഗീകാരം ലഭിക്കുകയെന്നത് ഒരു പദവിയായി നിങ്ങൾ കരുതുകയില്ലേ?
കൃതജ്ഞതയും വിലമതിപ്പും അംഗീകാരത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെപ്രതി നാം “നന്ദിയുള്ളവരായി”രിക്കുന്നതിനും കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും ബൈബിൾ നമ്മെ പ്രേരിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:15; 1 തെസ്സലൊനീക്യർ 5:18) ഇതു വിശേഷിച്ചും യഹോവയോടുള്ള നന്ദിയെയാണ് അർഥമാക്കുന്നതെങ്കിലും ദൈനംദിന ജീവിതത്തിലെ സംഗതികളുടെ കാര്യത്തിലും ഇതു ശരിയാണ്. അപ്പോസ്തലനായ പൗലോസ് ഇതിനെ വിലമതിച്ചു. “സഹായം ചെയ്തിരിക്കുന്ന”വളെന്ന നിലയിൽ ഫേബയ്ക്ക് അവൻ അംഗീകാരം നൽകി. തന്നെയും മററുള്ളവരെയുംപ്രതി ‘കഴുത്തു വെച്ചുകൊടുത്തവർ’ എന്നനിലയിൽ പ്രിസ്കയ്ക്കും അക്വിലായ്ക്കും അവൻ അംഗീകാരം നൽകി. (റോമർ 16:1-4) ഇങ്ങനെ വെട്ടിത്തുറന്നുള്ള നന്ദിപ്രകടനം ലഭിച്ചപ്പോൾ അവർക്കുണ്ടായ മനോനില ഒന്നൂഹിച്ചുനോക്കൂ. അംഗീകാരം, ആദരവ്, പ്രോത്സാഹനം എന്നിവ നൽകുന്നതിലുള്ള സന്തോഷം പൗലോസിന് അനുഭവിക്കാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിനും നല്ല കാര്യമായിരുന്നു. ഉചിതമായ അംഗീകാരം അർഹിക്കുന്നവർക്ക് അതു നൽകിക്കൊണ്ടു യഹോവയെയും വിലമതിപ്പുള്ള അവന്റെ ആരാധകരെയും അനുകരിക്കാൻ നമുക്കും കഴിയും.—പ്രവൃത്തികൾ 20:35.
കുടുംബവൃത്തത്തിനുള്ളിൽ അംഗീകാരം
“ജീവിതം ആസ്വാദ്യമാക്കിത്തീർക്കുന്നതിന് അൽപ്പമൊരു അംഗീകാരം വളരെയേറെ സഹായിക്കുന്നു” എന്നു ഭർത്താവും ക്രിസ്തീയ മൂപ്പനുമായ മിററ്ച്ചെൽ പറയുന്നു. “നിങ്ങൾക്ക് അംഗീകാരം നൽകുന്ന ആളോട്, ഒരുപക്ഷേ ജീവിതകാലം മുഴുവൻ, പ്രിയം തോന്നാൻ അതു നിങ്ങളെ ഇടയാക്കുന്നു.” ദൃഷ്ടാന്തത്തിന്, ഉത്തരവാദിത്വങ്ങളുടെ ഭാരിച്ച ചുമടു ചുമക്കുകയും കുടുംബത്തിന്റെ ക്ഷേമം ഉൾപ്പെടുന്ന സുപ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നവനാണ് ഒരു ക്രിസ്തീയ ഭർത്താവ്. അദ്ദേഹം കുടുംബത്തിന്റെ ആത്മീയവും ഭൗതികവും വൈകാരികവുമായ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കേണ്ടതുണ്ട്. (1 തിമൊഥെയൊസ് 5:8) കുടുംബത്തിന്റെ ശിരസ്സ് എന്നനിലയിലുള്ള തന്റെ ദൈവദത്ത നിയമനത്തിന് ഉചിതമായ അംഗീകാരം നൽകപ്പെടുകയും ഭാര്യ അദ്ദേഹത്തിന് “ആഴമായ ബഹുമാനം” കൊടുക്കുകയും ചെയ്യുമ്പോൾ അദ്ദേഹം എത്രമാത്രം കൃതജ്ഞതയുള്ളവനാണ്!—എഫെസ്യർ 5:33.
ഒരു കുടുംബിനിയുടെ വേല അധികമാരുടെയും ശ്രദ്ധയിൽപ്പെടാറില്ലെങ്കിലും അത് അവഗണിക്കാൻ പാടുള്ളതല്ല. ആധുനിക ചിന്താഗതി അത്തരം വേലയെ അവമതിക്കുകയും അതിന്റെ മാഹാത്മ്യത്തെയും മൂല്യത്തെയും തരംതാഴ്ത്തുകയും ചെയ്തേക്കാം. എങ്കിലും അത് ദൈവത്തിനു പ്രസാദകരമാണ്. (തീത്തൊസ് 2:4, 5) വിവേചനയുള്ള ഒരു ഭർത്താവ് ഭാര്യയെ പുകഴ്ത്തുന്നത്, വിശേഷിച്ചും തന്റെ ശിരഃസ്ഥാനത്തിനു കീഴിൽ ജീവിതത്തിലെ എല്ലാ തുറകളിലും അവൾ മികച്ചുനിൽക്കുമ്പോൾ, അത് എത്ര ഉൻമേഷദായകമാണ്. (സദൃശവാക്യങ്ങൾ 31:28) “ഞാൻ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹം അംഗീകരിക്കുമ്പോൾ അദ്ദേഹത്തിനു കീഴ്പെടുന്നതും അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതും എനിക്കു സുഗമമായി തോന്നാറുണ്ട്” എന്ന് റോവീന ഭർത്താവിനെപ്പററി പറയുന്നു.
അമേരിക്കൻ അധ്യാപകനായ ക്രിസ്ച്ചൻ ബോവീ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “പൂക്കൾക്കു സൂര്യപ്രകാശം പോലെയാണു കുട്ടികൾക്കു ന്യായമായ പ്രശംസ.” അതേ, തീർത്തും ചെറിയ ഒരു കുട്ടിക്കുപോലും താൻ കുടുംബത്തിലെ വിലപ്പെട്ട ഒരംഗമാണെന്നുള്ള നിരന്തര സ്ഥിരീകരണം ആവശ്യമാണ്. ശാരീരികമായ പുതിയ മാററങ്ങൾ സംഭവിക്കുന്ന കരുപ്പിടിക്കൽ കാലമായ കൗമാരപ്രായത്തിൽ വ്യക്തിപരമായ ആകാരം സംബന്ധിച്ചു വർധിച്ച അളവിൽ ആത്മബോധം ഉളവാകുന്നതോടൊപ്പംതന്നെ സ്വാതന്ത്ര്യത്തിനും അംഗീകാരത്തിനുംവേണ്ടിയുള്ള വാഞ്ഛയും ഉടലെടുക്കുന്നു. ഈ സമയത്തു പ്രത്യേകിച്ചും, കൗമാരപ്രായക്കാർ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കേണ്ടതുണ്ട്. സഹാനുഭൂതിയോടും മാനുഷിക ദയയോടുംകൂടെ അവരോടു പെരുമാറേണ്ടതുമുണ്ട്. അതുപോലെ, പ്രായാധിക്യംചെന്ന മാതാപിതാക്കൾക്കും വല്യമ്മവല്യപ്പൻമാർക്കും തങ്ങൾ ഇപ്പോഴും ഉപയോഗമുള്ളവരാണെന്നും സ്നേഹിക്കപ്പെടുന്നുവെന്നും ‘വാർദ്ധക്യകാലത്തു തങ്ങളെ തള്ളിക്കള’ഞ്ഞിട്ടില്ലെന്നും ആവർത്തിച്ച് ഉറപ്പു ലഭിക്കേണ്ടതുണ്ട്. (സങ്കീർത്തനം 71:9; ലേവ്യപുസ്തകം 19:32; സദൃശവാക്യങ്ങൾ 23:22) അംഗീകാരത്തിനുള്ള ആവശ്യത്തെ ഉചിതമായി തൃപ്തിപ്പെടുത്തുന്നതു കുടുംബവൃത്തത്തിൽ വർധിച്ച അളവിൽ സന്തുഷ്ടിയും വിജയവും കൈവരുത്തും.
ക്രിസ്തീയ സഭയ്ക്കുള്ളിൽ അംഗീകാരം
ക്രിസ്തീയ സഭയിലെ മററ് അംഗങ്ങളിൽ ആത്മാർഥമായ താത്പര്യം നട്ടുവളർത്തുന്നതും അവരുടെ വേലകളിലും ഉദ്യമങ്ങളിലും തുറന്ന വിലമതിപ്പു പ്രകടമാക്കുന്നതും അത്യധികം മൂല്യവത്താണ്. സഭയിലെ മററുള്ളവരുടെ നേട്ടങ്ങളെയും ശ്രമങ്ങളെയും അംഗീകരിക്കുന്നതിൽ ക്രിസ്തീയ മൂപ്പൻമാർ നേതൃത്വം വഹിക്കേണ്ടതാണ്. “പലപ്രാവശ്യം ഇടയസന്ദർശനം നടത്തിയതിനുശേഷം മാത്രമാണു പ്രോത്സാഹനം, സംതൃപ്തി, സന്തുഷ്ടി എന്നതുകൊണ്ട് അവർ എത്രമാത്രം അർഥമാക്കിയെന്നു ഞാൻ മനസ്സിലാക്കിയത്” എന്ന് മാർഗരററ് പറഞ്ഞു. “പൊതു അംഗീകാരം നൽകാത്തപ്പോൾ ഒരുവനു നഷ്ടമാകുന്നതെന്താണെന്നു ഞാൻ തിരിച്ചറിഞ്ഞു.” സഭയിലുള്ള എല്ലാവരിലും വ്യക്തിപരമായ ആത്മാർഥ താത്പര്യം കാണിക്കുന്നതിന് എത്ര നല്ല കാരണമാണിത്! അവരുടെ നല്ലവേലയെ അംഗീകരിക്കുക. തുറന്നു പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തങ്ങളുടെ കുട്ടികളിൽ ആത്മീയ മൂല്യം നട്ടുവളർത്തുന്നതിനു കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്ന ഒററയ്ക്കുള്ള മാതാവോ പിതാവോ പല സഭകളിലുമുണ്ട്. അത്തരം ആളുകൾ വിശേഷവിധമായ പുകഴ്ചയ്ക്ക് അർഹരാണ്. നിഷേധാത്മകമായ എന്തെങ്കിലും പറയാതെ ക്രിയാത്മകമായ വശങ്ങൾ പറയുക. മററുള്ളവരോടുള്ള നിങ്ങളുടെ സഹോദരപ്രീതി അവർ കാണട്ടെ. നിങ്ങൾ കരുതുന്നുവെന്ന് അവർ കാണട്ടെ. ഈ വിധത്തിൽ സ്നേഹപുരസ്സരായ മേൽവിചാരകൻമാർ സഭയെ കെട്ടുപണിചെയ്യുന്നതിനു ശ്രമിക്കുന്നു. (2 കൊരിന്ത്യർ 10:8) തങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിശ്വസ്തരായ അത്തരം ആളുകൾക്ക് അർഹിക്കുന്ന അംഗീകാരവും ആദരവും പകരം നൽകിക്കൊണ്ട് ഓരോ അംഗങ്ങളും പ്രതികരിക്കുന്നു.—1 തിമൊഥെയൊസ് 5:17; എബ്രായർ 13:17.
എന്നാൽ ഇക്കാര്യത്തിൽ വേറൊരു വശം അല്ലെങ്കിൽ വീക്ഷണഗതിയുണ്ട്. അംഗീകരിക്കപ്പെടുന്നതിനുള്ള ആഗ്രഹം വളരെ ശക്തമായ ഒന്നാണെന്നതു സമ്മതിക്കുന്നു. യേശുവിന്റെ നാളിൽ മത നേതാക്കൻമാരുടെ ഇടയിൽ ഇത് അമിതമായ സ്വാധീനം ചെലുത്തിയിരുന്നു. ഇക്കാര്യത്തിൽ തന്റെ ശിഷ്യൻമാരുടെ തെററായ വീക്ഷണത്തെ യേശുവിനു തിരുത്തേണ്ടിവന്നു. (മർക്കൊസ് 9:33-37; ലൂക്കൊസ് 20:46) ക്രിസ്ത്യാനികൾക്കു ന്യായയുക്തതയും സമനിലയും ഉണ്ടായിരിക്കണം. നിയന്ത്രിക്കാതെ വിട്ടാൽ അംഗീകാരത്തിനുള്ള ആഗ്രഹം ആത്മീയമായി ആപത്കരമായിത്തീർന്നേക്കും. (യാക്കോബ് 3:14-16) ദൃഷ്ടാന്തത്തിന് ഒരു മൂപ്പൻ ഗർവിഷ്ഠനായിത്തീരുകയും താൻ കണക്കാക്കുന്നപ്രകാരം മററുള്ളവർ തന്നെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ സംഗതി എത്രമാത്രം പരിതാപകരമായിരിക്കും!—റോമർ 12:3.
“സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന് അപ്പോസ്തലനായ പൗലോസ് റോമിലെ സഹക്രിസ്ത്യാനികളെ ജ്ഞാനപൂർവം ബുദ്ധ്യുപദേശിച്ചു. (റോമർ 12:10) ക്രിസ്തുവിനെ സഭയുടെ ശിരസ്സായി സദാ അംഗീകരിക്കേണ്ട മൂപ്പൻമാരുടെ കാര്യത്തിലാണ് ഈ വാക്കുകൾ പ്രധാനമായും ബാധമാകുന്നത്. പരിശുദ്ധാത്മാവ്, ബൈബിൾ തത്ത്വങ്ങൾ, “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ഭരണസംഘം നൽകുന്ന നേതൃത്വം എന്നിവയിലൂടെ അവർ ക്രിസ്തുവിന്റെ മാർഗനിർദേശം പിൻപററുന്നു. അങ്ങനെ അവന്റെ അധികാരത്തോടുള്ള കീഴ്പെടൽ പ്രകടമാക്കുന്നു.—മത്തായി 24:45-47; കാണുക: വെളിപ്പാടു 1:16, 20; 2:1.
തൻമൂലം, മൂപ്പൻമാർ യോഗം കൂടുകയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നതിനു യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുകയും ചെയ്യുമ്പോൾ അവർ തിരുവെഴുത്തുപരമായി ഉചിതമായി തീരുമാനിക്കാൻ ശ്രമിക്കും. ക്രിസ്തീയ സൗമ്യതയും എളിമയും വിനയവും ഈ യോഗങ്ങളിൽ തന്നെ സ്വയം ഉയർത്തുകയും മററു സഹോദരൻമാരുടെമേൽ ആധിപത്യം സ്ഥാപിക്കുകയും തന്റെ അഭിപ്രായം മററുള്ളവരുടെമേൽ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നതിൽനിന്ന് ഏതൊരു മൂപ്പനേയും തടയും. (മത്തായി 20:25-27; കൊലൊസ്സ്യർ 3:12) സാധ്യമാകുമ്പോഴെല്ലാം മൂപ്പൻമാരുടെ സംഘത്തിന്റെ അധ്യക്ഷൻ സഹമൂപ്പൻമാരിൽനിന്ന് നേരത്തെതന്നെ അഭിപ്രായങ്ങൾ ആരായുകയും അത് അജൻഡയിലാക്കി ഓരോ ആശയത്തെക്കുറിച്ചും പ്രാർഥനാപൂർവം പരിചിന്തിക്കുന്നതിന് ആവശ്യമായ സമയം മററുള്ളവർക്കു നൽകുകയും ചെയ്യുന്നതു നന്നായിരിക്കും. മൂപ്പൻമാരുടെ യോഗത്തിൽ ചർച്ചചെയ്യുന്ന വിഷയങ്ങൾ സംബന്ധിച്ച് അദ്ദേഹം മൂപ്പൻമാരുടെ അഭിപ്രായത്തെ രൂപപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം “സംസാരസ്വാതന്ത്ര്യം” ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കും. (1 തിമൊഥെയൊസ് 3:13) അതേസമയം സഹമൂപ്പൻമാർ പരസ്പരാഭിപ്രായങ്ങൾക്കു ശ്രദ്ധാപൂർവം ചെവിനൽകുകയും വർഷങ്ങളോളം ക്രിസ്തീയ അനുഭവമുള്ള മൂപ്പൻമാരുടെ ഉൾക്കാഴ്ചയിൽനിന്നു സന്തോഷപൂർവം പ്രയോജനമനുഭവിക്കുകയും വേണം.—പുറപ്പാടു 18:21, 22.
എന്നിരുന്നാലും സാഹചര്യത്തെ തരണം ചെയ്യുന്നതിനോ ഒരു സുപ്രധാന തീരുമാനമെടുക്കുന്നതിനോ സംഘത്തിലെ ഏതൊരു മൂപ്പനെയും ഉപയോഗിക്കുന്നതിനു ക്രിസ്തുവിനു കഴിയുമെന്നു മേൽവിചാരകൻമാർ മനസ്സിലാക്കുന്നു. സഭയുടെ ആത്മീയ താത്പര്യങ്ങൾക്കുവേണ്ടി മൂപ്പൻമാരിൽ ഓരോരുത്തരും നൽകിയ പങ്കിന് ഉചിതമായ അംഗീകാരം നൽകുമ്പോൾ മൂപ്പൻമാരുടെ സംഘത്തിൽ ഒരു നല്ല അവസ്ഥ നിലനിൽക്കും.—പ്രവൃത്തികൾ 15:6-15; ഫിലിപ്പിയർ 2:19, 20.
അർഹിക്കുന്ന അംഗീകാരം നൽകുന്നതിനും നേടുന്നതിനുംവേണ്ടി യത്നിക്കുക
അംഗീകാരം കെട്ടുപണിചെയ്യുന്നു. അത് പ്രോത്സാഹനം പകരുന്നതോടൊപ്പം പ്രീതിജനകവുമാണ്. “നാം വെറും സാധാരണക്കാരാണ് എന്നു നമുക്കു തോന്നുന്നെങ്കിൽപ്പോലും നമ്മുടെ ആത്മാഭിമാനത്തിനു പ്രോത്സാഹനം ആവശ്യമാണ്” എന്നു മേരി പറയുന്നു. മററുള്ളവരുടെ ദിനന്തോറുമുള്ള ശ്രമങ്ങളെ ആത്മാർഥതയോടെ അംഗീകരിക്കുക. അവരെ സംബന്ധിച്ചിടത്തോളം അതു ജീവിതത്തെ കൂടുതൽ അർഥപൂർണവും ആസ്വാദ്യവുമാക്കിത്തീർക്കും. മാതാപിതാക്കളേ, കുട്ടികളേ, മേൽവിചാരകൻമാരേ, ക്രിസ്തീയ സഭയിലെ അംഗങ്ങളേ, നിങ്ങൾക്കു നിങ്ങളുടെ സംസാരരീതിയിലൂടെയും പ്രവർത്തനരീതിയിലൂടെയും അംഗീകാരം നേടിയെടുക്കാൻ കഴിയും. അധ്വാനശീലവും സൗമ്യതയും വിനയവുമുള്ള ആളുകളെക്കുറിച്ചു ബൈബിൾ അനുകൂലമായി സംസാരിക്കുന്നു. (സദൃശവാക്യങ്ങൾ 11:2; 29:23; എബ്രായർ 6:1-12) മററുള്ളവരുടെ മൂല്യം അനുകമ്പാപൂർവം തിരിച്ചറിയാൻ പഠിക്കുക. മററുള്ളവരോടൊപ്പം വേലചെയ്യുമ്പോൾ അവരുടെ വികാരങ്ങൾ പരിഗണനയിലെടുക്കുക. “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ” എന്ന് അപ്പോസ്തലനായ പത്രോസ് ബുദ്ധ്യുപദേശം നൽകി. (1 പത്രൊസ് 3:8) മററുള്ളവർക്ക് അംഗീകാരം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ മമനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യത്തെ നിറവേററാൻ കഴിയും.