സഭ നമുക്കാവശ്യമാണ്
1 “നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ” എന്നു പറഞ്ഞുകൊണ്ട് കോരഹ്പുത്രന്മാർ ഒരിക്കൽ യഹോവയുടെ സഭയോടുള്ള തങ്ങളുടെ വിലമതിപ്പു പ്രകടമാക്കി. (സങ്കീ. 84:10) അതിനു സമാനമായി അവർക്കു കൊടുക്കാൻ ലോകത്തിന് ഒന്നുമില്ലായിരുന്നു. നിങ്ങൾക്കും അതേ വികാരങ്ങളാണുള്ളതെങ്കിൽ നിങ്ങൾ സഭയെ നിങ്ങളുടെ ജീവിതത്തിന്റെ പ്രവർത്തനകേന്ദ്രമാക്കണം.
2 ആരംഭംമുതലേ ക്രിസ്തീയ സഭ അതിനു യഹോവയുടെ അനുഗ്രഹമുണ്ടെന്നു പ്രകടമാക്കിയിട്ടുണ്ട്. (പ്രവൃ. 16:4, 5) നമ്മിലാരും സഭയെ നിസ്സാരമായെടുക്കുകയോ അതു നമ്മെ കേവലം ശാരീരികമായി കൂട്ടിവരുത്താനുള്ള ഒരു മാർഗമാണെന്നു വിചാരിക്കുകയോ ചെയ്യരുത്. എല്ലാ സമൂഹത്തിലെയും യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനത്തിനുള്ള ഉറവിടം സഭയാണ്. യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനും രാജ്യവേലക്കായി സംഘടിപ്പിക്കപ്പെടുന്നതിനുമാവശ്യമായ ഐക്യത്തോടെയുള്ള സഹവാസത്തിന് അത് അവസരമൊക്കുന്നു.—യെശ. 2:2.
3 നമ്മെ സത്യം പഠിപ്പിക്കുന്നതിനുള്ള ഒരു അടസ്ഥാന സരണിയാണു ക്രിസ്തീയ സഭ. (1 തിമൊ. 3:15) യേശുവിന്റെ അനുഗാമികൾ ‘എല്ലാവരും’ ദൈവത്തോടും ക്രിസ്തുവിനോടും പരസ്പരവുമുള്ള ഐക്യത്തിൽ ‘ഒന്നാ’യിരിക്കണം.’ (യോഹ. 17:20, 21; യെശയ്യാവു 54:13 താരതമ്യം ചെയ്യുക.) നമ്മൾ ലോകത്തിലെവിടെ പോയാലുംശരി, നമ്മുടെ സഹോദരന്മാർ ബൈബിളിലെ പഠിപ്പിക്കലുകളും തത്ത്വങ്ങളും വിശ്വസിക്കുകയും അവയോടുള്ള ചേർച്ചയിൽ നടക്കുകയും ചെയ്യുന്നു.
4 ശിഷ്യരെ ഉളവാക്കാനുള്ള നമ്മുടെ നിയോഗം നിവർത്തിക്കാൻ നാം പരിശീലിതരും സജ്ജരുമാണ്. ഓരോ മാസവും വീക്ഷാഗോപുരവും ഉണരുക!യും നമ്മുടെ രാജ്യ ശുശ്രൂഷയും തിരുവെഴുത്തു ചർച്ചകൾ ആരംഭിക്കാൻ നമ്മെ സഹായിക്കുന്ന വിവരങ്ങൾ തരുന്നു. താത്പര്യം എങ്ങനെ കണ്ടെത്താമെന്നും അതെങ്ങനെ വികസിപ്പിക്കാമെന്നും നമുക്കു കാട്ടിത്തരാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണു നമ്മുടെ യോഗങ്ങൾ. നാം ലോകവ്യാപകമായി കാണുന്ന പുരോഗതി ഈ വേലയുടെമേൽ നമുക്കു സ്വർഗീയ പിന്തുണയുണ്ടെന്നു തെളിയിക്കുന്നു.—മത്താ. 28:18-20.
5 ‘സ്നേഹത്തിനും സൽപ്രവൃത്തികൾക്കും നമ്മെ പ്രചോദിപ്പിക്കുന്ന’ പ്രോത്സാഹനം സഭ മുഖാന്തരം നമുക്കു ദിവസേന ലഭിക്കുന്നു. (എബ്രാ. 10:24, 25) പരിശോധനകളെ വിശ്വസ്തതയോടെ സഹിച്ചുനിൽക്കാൻ നാം ശക്തീകരിക്കപ്പെടുന്നു. സമ്മർദങ്ങളെയും ഉത്കണ്ഠകളെയും തരണം ചെയ്യാൻ സ്നേഹമുള്ള മേൽവിചാരകൻമാർ നമ്മെ സഹായിക്കുന്നു. (സഭാ. 4:9-12) നമുക്കു മാർഗഭ്രംശം സംഭവിക്കാമെന്ന അപകടമുള്ളപ്പോൾ ആവശ്യമായ ബുദ്ധ്യുപദേശം നൽകപ്പെടുന്നു. മറ്റേതു സ്ഥാപനമാണ് ഇത്ര സ്നേഹപൂർവകമായ കരുതൽ പ്രദാനംചെയ്യുന്നത്?—1 തെസ്സ. 5:14.
6 നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിനു നാം സഭയോടൊത്തു നിൽക്കണമെന്നതു യഹോവയുടെ ഉദ്ദേശ്യമാണ്. (യോഹ. 10:16) വിശ്വസ്ത അടിമവർഗവുമായി ബന്ധം നിലനിർത്താൻ സഭ നമ്മെ സഹായിക്കുന്ന ഒരു മാർഗം നമ്മുടെ പ്രോത്സാഹനത്തിനായി സഞ്ചാരമേൽവിചാരകൻമാരെ അയയ്ക്കുന്നതാണ്. സ്നേഹപൂർവകമായ മാർഗനിർദേശങ്ങളോടു നമ്മൾ പ്രതികരിക്കുമ്പോൾ ആത്മീയമായി ശക്തരായി നിലനിൽക്കാൻ സഹായിക്കുന്ന ഐക്യത്തിലുള്ള ഒരു ബന്ധത്തിലേക്ക് അതു നമ്മെ കൊണ്ടുവരുന്നു.
7 സഭ നമ്മുടെ ആത്മീയ അതിജീവനത്തിന് ജീവത്പ്രധാനമാണ്. അതില്ലാതെ നമുക്കു സ്വീകാര്യമായ വിധത്തിൽ യഹോവയെ സേവിക്കുക അസാധ്യമായിരിക്കും. അതുകൊണ്ട് യഹോവ പ്രദാനംചെയ്തിരിക്കുന്നതിനോടു നമുക്ക് അടുത്തു പറ്റിനിൽക്കാം. അതിന്റെ ലക്ഷ്യങ്ങളോടുള്ള ചേർച്ചയിൽ പ്രവർത്തിക്കുകയും അവിടെ നമുക്കു ലഭിക്കുന്ന ബുദ്ധ്യുപദേശം ആത്മാർഥമായി ബാധകമാക്കുകയും ചെയ്യാം. സഭ നമുക്ക് എത്രമാത്രം പ്രധാനമാണെന്ന് ഈ വിധത്തിൽ മാത്രമേ നമുക്കു പ്രകടമാക്കാൻ കഴിയൂ.—സങ്കീ. 27:4.