അപരിചിതർക്ക് ആതിഥ്യമരുളുന്നിടം
1994 സെപ്റ്റംബറിൽ യു.എസ്.എ.-യിലെ മിച്ചിഗനിലുള്ള ഒരു മനുഷ്യൻ ടെനസീയിലെ ലെബനനിലുള്ള യഹോവയുടെ സാക്ഷികളുടെ സഭയ്ക്ക് എഴുതി. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:
“1993 ജൂൺ 6-ാം തീയതി ഞായറാഴ്ച ഞാൻ നിങ്ങളുടെ പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും ഹാജരായി. ഞാൻ ആദ്യമായി ഒരു രാജ്യഹാളിൽ പ്രവേശിക്കുന്നത് അന്നാണ്. അവിടെ കണ്ട സുസ്മേരവദനങ്ങളും എന്നോടു കാണിച്ച ആത്മാർഥമായ സ്നേഹവും എന്നിൽ വാസ്തവത്തിൽ മതിപ്പുളവാക്കി. ഏതാനും നിമിഷങ്ങൾ വൈകിയാണു ഞാൻ അവിടെ എത്തിച്ചേർന്നത്. ഉള്ളിൽ പ്രവേശിച്ചപ്പോൾ ഞാൻ ഒറ്റയ്ക്ക് ഒരിടത്ത് ഇരിപ്പുറപ്പിച്ചു. അതേ നിരയിലുണ്ടായിരുന്ന ഒരു യുവദമ്പതികൾ ഒരു ബൈബിളും ഒടുവിൽ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതിയും എനിക്കു തന്നു.
“യോഗം അവസാനിച്ചപ്പോൾ നിങ്ങളിൽ മിക്കവരും എന്നോടു സംസാരിക്കുകയും, ഹസ്തദാനം ചെയ്യുകയും എന്റെ ഉപസ്ഥിതി വളരെ ആസ്വാദ്യമായ ഒരു അനുഭവമാക്കിത്തീർക്കുകയും ചെയ്തു. ഒടുവിൽ ഞാൻ നിങ്ങളുടെ രാജ്യഹാളിൽനിന്നു പോന്നപ്പോൾ ബൈബിൾ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നീ മൂന്നു പുസ്തകങ്ങൾ ഞാൻ കൈവശമാക്കി. അന്നു രാത്രി ഞാൻ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ അധിക ഭാഗവും വായിച്ചുതീർത്തു, എന്റെ ദൈവത്തിന് യഹോവ എന്ന ഒരു പുതിയ പേരും ഞാൻ പഠിച്ചു. . . .
“തീർത്തും അപരിചിതനായ ഒരുവനോടു നിങ്ങൾ കാണിച്ച വിസ്മയാവഹമായ ആതിഥ്യത്തെ ഞാൻ എത്രമാത്രം വിലമതിക്കുന്നുവെന്നു നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു . . . കൂടാതെ 1994 ജൂലൈ 9-ന് 70 എന്ന ഇളം പ്രായത്തിൽ ഞാൻ സ്നാപനമേറ്റുവെന്നും നിങ്ങൾ അറിയാൻ ഞാൻ പ്രത്യേകം ആഗ്രഹിക്കുന്നു.”
ദൈവത്തെ സേവിക്കുന്നവരിൽനിന്നുള്ള ഊഷ്മളമായ ആതിഥ്യം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക. നിങ്ങളുടെ വീടിനടുത്തുള്ള ഒരു രാജ്യഹാളുമായി അവർ നിങ്ങളെ ബന്ധപ്പെടുത്തും.