എല്ലാവർക്കും എല്ലാമായിത്തീരൽ
1 ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ എല്ലാ വശങ്ങളിലും കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായിട്ടുള്ള നല്ല വർധനവുകളെക്കുറിച്ചു കേൾക്കുന്നത്, ഇന്ത്യയെന്ന ഈ വിസ്തൃത ഉപഭൂഖണ്ഡത്തിലെ യഹോവയുടെ ദാസൻമാർക്ക് വലിയ പ്രോത്സാഹനത്തിന്റെ ഉറവിടമായിരുന്നിട്ടുണ്ട്. എല്ലാ പശ്ചാത്തലങ്ങളിൽനിന്നുമുള്ള കൂടുതൽ കൂടുതൽ ആളുകൾ സത്യം സ്വീകരിക്കുമ്പോൾ മഹോപദ്രവം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് ലോകത്തിന്റെ ബാക്കി ഭാഗങ്ങളിലെപ്പോലെതന്നെ, ഇന്ത്യൻ വയലിലെയും ചെമ്മരിയാടു തുല്യരുടെ കൂട്ടിച്ചേർപ്പ് യഹോവ “ത്വരിതപ്പെടു”ത്തുകയാണെന്നു നാം മനസ്സിലാക്കുന്നു. എന്നാൽ നമ്മുടെ പ്രദേശത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ പക്കൽ സുവാർത്ത ഇനിയും എത്തിച്ചേരേണ്ടതുള്ളതുകൊണ്ട് വ്യക്തമായും ഇനിയും വളരെയധികം വേല ചെയ്യാനുണ്ട്.—യെശ. 60:22.
2 ഇന്ത്യയിലെ മതവിശ്വാസങ്ങളുടെ വൻ വൈവിധ്യം പരിഗണിക്കുമ്പോൾ നാം ഇങ്ങനെ ചോദിച്ചേക്കാം: സത്യം അവതരിപ്പിക്കുന്നതിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിനു നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? വീട്ടുകാരൻ ഹിന്ദുവോ മുസ്ലീമോ പാഴ്സിയോ നാമധേയ ക്രിസ്ത്യാനിയോ ആരായാലും ഒരേ മുഖവുര, അല്ലെങ്കിൽ സംഭാഷണാശയം അനുയോജ്യമാകുമോ? 1 കൊരിന്ത്യർ 9:19-23-ൽ നാം വായിക്കുന്ന പ്രകാരം, കേൾവിക്കാർക്ക് അനുയോജ്യമായ വിധത്തിൽ തന്റെ സമീപനം ക്രമപ്പെടുത്തുന്നതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് വളരെ ബോധവാനായിരുന്നു. “എല്ലാവർക്കും എല്ലാമായിത്തീ”രുന്നതിലെ അവന്റെ ഉദ്ദേശ്യം എന്തായിരുന്നു? അവൻ ഇങ്ങനെ പറയുന്നു: “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.”
3 രാജ്യസന്ദേശം പരിചയപ്പെടുത്തുന്നതിനും മുന്നോട്ടുള്ള ചർച്ചയ്ക്കു പ്രതിബന്ധം സൃഷ്ടിച്ചേക്കാവുന്ന തടസവാദങ്ങൾ കൈകാര്യം ചെയ്യുന്നതിനും നമ്മെ സഹായിക്കുന്ന വളരെയധികം വിവരങ്ങൾ തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകം പ്രദാനം ചെയ്യുന്നു. ഏതു മതത്തിൽപ്പെട്ടവരോടും ഒട്ടും മതഭക്തരല്ലാത്തവരോടും പറയാവുന്ന പൊതുവായ തരത്തിലുള്ള മുഖവുരകളാണ് പലതും. ഇവ നമ്മുടെ വയലിൽ ഫലപ്രദമാണെന്നു കണ്ടിരിക്കുന്നു. എന്നാൽ, നാം കണ്ടുമുട്ടാൻ സാധ്യതയുള്ള ആളുകൾക്കു കൂടുതൽ കുറിക്കുകൊള്ളുന്ന വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിവരങ്ങൾക്കുവേണ്ടിയുള്ള അപേക്ഷകൾ ഇടയ്ക്കിടയ്ക്കു ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഈ ആവശ്യം നിറവേറ്റുന്നതിനായി, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാവുന്ന ചില നിർദേശങ്ങൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. നമ്മുടെ വയൽസേവന ബാഗുകളിൽ ന്യായവാദം പുസ്തകം വച്ചുകൊണ്ടുപോകാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു; നിങ്ങളുടെ സജ്ജീകരണത്തിന്റെ ഒരു സ്ഥിരമായ ഭാഗമെന്ന നിലയിൽ ഈ അനുബന്ധം ആ പുസ്തകത്തിൽ വെക്കുന്നതു നല്ലതായിരുന്നേക്കാം.
4 നാം നമ്മുടെ മുഖവുര ഒരു പ്രത്യേക മതത്തിൽപ്പെട്ട വ്യക്തിക്ക് അനുയോജ്യമാക്കുമ്പോൾ മനസ്സിൽ പിടിക്കേണ്ട ഒരു പ്രധാന സംഗതി നാം ആരോടാണോ സംസാരിക്കുന്നത് ആ വ്യക്തി വാസ്തവത്തിൽ നാം സംസാരിക്കുന്ന മതത്തിൽത്തന്നെയുള്ളയാളാണെന്ന് ഉറപ്പുവരുത്തുക എന്നതാണ്. ഉദാഹരണം പറഞ്ഞാൽ, ഒരു ഹിന്ദു ആപ്തവാക്യമോ സ്വസ്തിക ചിഹ്നമോ വാതിലിൽ ഒരു ഹിന്ദു ദൈവത്തിന്റെ വിഗ്രഹഫലകമോ ഉള്ള ഒരു വീടു നാം സന്ദർശിച്ചേക്കാം. പക്ഷേ വാതിൽക്കലേക്കു വരുന്ന വ്യക്തി അവിടെ വാടകയ്ക്കു താമസിക്കുന്ന ഒരു റോമൻ കത്തോലിക്കനായിരുന്നേക്കാം. അതുകൊണ്ട് നിർദിഷ്ട പദങ്ങൾ ഉപയോഗിക്കുമ്പോഴോ ഒരു പ്രത്യേക വിശ്വാസത്തെക്കുറിച്ചു പരാമർശിക്കുമ്പോഴോ നാം വിവേചനയുള്ളവരായിരിക്കണം. ഇന്ത്യയിലെ വയലിൽ പ്രവർത്തിക്കുന്നതിന്റെ ഒരു പ്രയോജനം, മറ്റു പല രാജ്യങ്ങളിലെയുംപോലെ ആളുകൾ സാധാരണമായി തിടുക്കംകാട്ടുന്നില്ല എന്നതാണ്, അങ്ങനെ നമ്മെത്തന്നെ പരിചയപ്പെടുത്താനും സൗഹൃദപൂർവം അഭിവന്ദനങ്ങൾ കൈമാറാനും സമയമെടുക്കുമ്പോൾ വ്യക്തിയുടെ മതമോ സമുദായമോ നിർണയിക്കാൻ നാം ശ്രമിക്കുന്നു.
5 ശലോമോൻ രാജാവ് ‘ഇമ്പമുള്ള വാക്കുകളും സത്യത്തിന്റെ ശരിയായ വാക്കുകളും കണ്ടെത്താൻ ശ്രമിച്ചു.’ (സഭാ. 12:10, NW) ‘സത്യത്തിന്റെ ശരിയായ വാക്കുകൾ’ സംസാരിക്കുന്നതിന്റെ അർഥം നാം പറയുന്ന കാര്യങ്ങളിൽ എല്ലായ്പോഴും കൃത്യതയുള്ളവരായിരിക്കും എന്നാണ്. സഹോദരങ്ങൾ ചിലപ്പോൾ തങ്ങൾ നയമുള്ളവരായിരിക്കുകയാണെന്നു വിചാരിച്ചുകൊണ്ട് സത്യമല്ലാത്ത വിധത്തിൽ പ്രസ്താവനകൾ നടത്തുകയോ അഭിപ്രായങ്ങൾക്കു മറുപടി പറയുകയോ ചെയ്യുന്നു. ഉദാഹരണമായി, ‘ഞാൻ ഒരു ക്രിസ്ത്യാനിയായിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നു’ എന്നത് പലപ്പോഴും കേൾക്കാറുള്ള ഒരു അഭിപ്രായമാണ്. ‘ഇല്ല, ഒരിക്കലും ഇല്ല!’ എന്ന് സഹോദരങ്ങൾ മറുപടി നൽകുന്നതായി കേട്ടിരിക്കുന്നു. അതു സത്യമാണോ? അല്ലെങ്കിൽ താൻ രാമരാജ്യത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയാണെന്ന് ഒരു ഹിന്ദു പറഞ്ഞേക്കാം. ‘അതിനെക്കുറിച്ചു സംസാരിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്’ എന്നതുപോലെയുള്ള ഒരു അഭിപ്രായം പറഞ്ഞുകൊണ്ട് നിങ്ങൾ അതിനു മറുപടി നൽകുമോ? ‘ഞാൻ എന്റെ വിശുദ്ധ എഴുത്തുകൾ മാത്രമേ വായിക്കൂ’ എന്ന് ഒരാൾ പറയുന്നു. ‘അതു നല്ലതാണ്’ എന്നോ ‘അതു കേൾക്കാൻ എനിക്കു സന്തോഷമുണ്ട്’ എന്നോ നമുക്കു മറുപടി നൽകാൻ കഴിയുമോ? നമ്മുടെ വാക്കുകൾ സംബന്ധിച്ച് ശ്രദ്ധാലുക്കളായിരിക്കുന്നതും രാജ്യത്തിന്റെ പവിത്രമായ, ലളിത സന്ദേശത്തെ കെട്ടുകഥയിൽനിന്നും മാനുഷിക തത്ത്വചിന്തകളിൽനിന്നും വേർതിരിച്ചുനിർത്തുന്നതും “സത്യത്തിന്റെ ശരിയായ വാക്കുകൾ” സംസാരിക്കാൻ നമ്മെ സഹായിക്കും.
6 നമ്മുടെ ശ്രോതാക്കൾക്കു പരിചിതമായ പദങ്ങളും ആശയങ്ങളും നാം പരാമർശിക്കുകയില്ലെന്ന് ഇത് അർഥമാക്കുന്നില്ല. വീട്ടിലുള്ള ചിത്രങ്ങളോ വിഗ്രഹങ്ങളോ ഒരുപക്ഷേ വ്യക്തിയുടെ പേരോ വസ്ത്രധാരണ ശൈലിയോ പ്രകടമാക്കുന്നതനുസരിച്ച് നാം ഒരു ഹിന്ദുവിനെ കണ്ടുമുട്ടുന്നെങ്കിൽ ഇവിടെ നിർദേശിച്ചിരിക്കുന്ന മുഖവുരകളിൽ ഒന്ന് ഉപയോഗിക്കാൻ നാം ഇഷ്ടപ്പെട്ടേക്കാം:
7 ഒരു ഹിന്ദുവിനോടു സംസാരിക്കൽ:
◼ ‘വളരെ നല്ല ഒരു വാർത്ത എത്തിക്കുന്നതിനുള്ള ഒരു ലോകവ്യാപക സേവനത്തിന്റെ ഭാഗമായി ഞങ്ങൾ സന്ദർശനം നടത്തി വരികയാണ്. ലോകാവസ്ഥകൾ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നുവെന്ന കാര്യത്തിൽ നിങ്ങൾ ഞങ്ങളോടു യോജിക്കുമെന്ന് എനിക്കുറപ്പുണ്ട് . . . അക്രമവും കുറ്റകൃത്യവും പൂർണമായ ധാർമിക തകർച്ചയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്ന ‘കലിയുഗം’ എന്നു നിങ്ങൾ വിളിക്കുന്ന കാലത്താണു നാം ജീവിക്കുന്നതെന്ന് ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാവും. ഒരു പുരാതന വിശുദ്ധയെഴുത്ത് ഈ അവസ്ഥകളെ വിവരിക്കുകയും ഭാവിയിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ പോകുന്നെന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നവിധം നിങ്ങളെ കാണിച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു . . . (2 തിമൊ. 3:1-5; സങ്കീ. 37:10, 11)’
◼ ‘നിങ്ങളുമായി ഒരു വാർത്ത പങ്കുവയ്ക്കാനാണ് ഞങ്ങൾ സന്ദർശിക്കുന്നത്. നാമിന്നു കേൾക്കുന്ന മിക്ക വാർത്തകളും മോശമാണ്, അല്ലേ? അക്രമം, കുറ്റകൃത്യം തൊഴിലില്ലായ്മ, രോഗം, ദാരിദ്ര്യം എന്നിവയെക്കുറിച്ചാണു നാം എല്ലായ്പോഴും കേൾക്കുന്നത് . . . ‘കലിയുഗം’ എന്നു നിങ്ങൾക്കറിയാവുന്നതു വന്നിരിക്കുന്നതായി ഒരുപക്ഷേ നിങ്ങൾ വിശ്വസിക്കുന്നുണ്ടാവും. ‘സത്യയുഗം’ എന്നു നിങ്ങൾ വിളിക്കുന്നത് നമ്മുടെ ജീവിതകാലത്തു വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? . . . ദൈവം ലോകകാര്യങ്ങളിൽ ഇടപെടുമ്പോൾ മോശമായ ഈ അവസ്ഥകൾ പെട്ടെന്നുതന്നെ നീക്കം ചെയ്യപ്പെടുമെന്ന് പുരാതന വിശുദ്ധ എഴുത്തുകളുടെ ഒരു പഠനം ഞങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഒരു എഴുത്തുകാരൻ ഇതിനെ വർണിക്കുന്നത് ഇങ്ങനെയാണ്. (സദൃ. 2:21, 22) ഇത് സുനിശ്ചിതമായ പ്രത്യാശയാണ്. ഒരു മാറ്റം അടുത്തിരിക്കുന്നുവെന്നു ഞങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്ന ചില വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’
8 ഒരു ഹിന്ദുവിനോടോ മുസ്ലീമിനോടോ സംസാരിക്കൽ:
അയൽക്കാർ തമ്മിലുള്ള സമാധാനപരമായ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു അഭിപ്രായത്തോട് ഒരു ഹിന്ദുവോ മുസ്ലീമോ പ്രതികരിച്ചേക്കാം. നമുക്ക് ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്:
◼ ‘മുമ്പു പരസ്പരം സൗഹൃദത്തിലായിരുന്ന ആളുകൾ തമ്മിലുള്ള അക്രമ വർധനവിന്റെ ഫലമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളുടെ അയൽക്കാരോടു സംസാരിച്ചുവരികയാണ്. ‘നാമെല്ലാം സഹോദരങ്ങളാണ്’ എന്ന പ്രസ്താവന നാം മിക്കപ്പോഴും കേൾക്കുന്നു, സാഹോദര്യബോധം ഇന്നു പ്രകടമാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ അതോ അത് അപ്രത്യക്ഷമാകുകയാണോ? . . . ഇന്നത്തെ അവസ്ഥകൾ ദീർഘനാൾമുമ്പു നടത്തിയ ഈ പ്രവചനത്തോടു യോജിക്കുന്നുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നില്ലേ? (2 തിമൊ. 3:1-5, [ഭാഗങ്ങൾ]) . . . എന്നാൽ ഈ സംഗതികൾ “അന്ത്യകാലത്തു” സംഭവിക്കുമെന്ന് ഈ എഴുത്തു പറയുന്നതു ശ്രദ്ധിക്കുക. ഈ “അന്ത്യകാല”ത്തിനുശേഷം എന്തു സംഭവിക്കുമെന്നതിനെപ്പറ്റിയുള്ള കൂടുതലായ വാഗ്ദാനങ്ങൾ നിങ്ങളോടൊത്തു പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
◼ ‘ഒരു ലോകവ്യാപക വിദ്യാഭ്യാസ വേലയുടെ ഭാഗമായിട്ടാണ് ഞങ്ങൾ സന്ദർശിക്കുന്നത്; ഇതിൽ പങ്കെടുക്കുന്നവർ ലോകസമാധാനം കാണുന്നതിൽ തത്പരരാണ്. യാതൊരു ഭയമോ അക്രമോ കുറ്റകൃത്യമോ ഇല്ലാതെ ലോകം പൂർണമായി എന്നെങ്കിലും സമാധാനമുള്ളതാകുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? . . . (അത് ദൈവത്തിന്റെ കൈയിലാണെന്നു പലരും പറയും; അവർ അങ്ങനെ പറയുന്നെങ്കിൽ നമുക്കിങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയും . . .) ഞങ്ങൾ നിങ്ങളോടു പൂർണമായും യോജിക്കുന്നു. ദൈവഭക്തിയുള്ള ഒരു മനുഷ്യൻ ഇതിനെക്കുറിച്ച് എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക. (യെശ. 2:4) (അവർ ദൈവത്തെക്കുറിച്ചു പരാമർശിക്കുന്നില്ലെങ്കിൽ നമുക്ക് ഇങ്ങനെ പറയാവുന്നതാണ് . . .) ജ്ഞാനിയായ ഈ പുരാതന മനുഷ്യൻ വിശ്വസിച്ചതുപോലെ ദൈവം ലോകകാര്യങ്ങളിൽ എന്നെങ്കിലും ഇടപെടുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? . . . (യെശ. 2:4)’
9 ഒരു മുസ്ലീമിനോടു സംസാരിക്കൽ:
മുസ്ലീങ്ങൾ എബ്രായ തിരുവെഴുത്തുകളെ ആദരിക്കുന്നു എന്ന സംഗതി ഓർമിച്ച്, അവർക്കു പരിചിതമായ പേരുകൾ പരാമർശിച്ചുകൊണ്ടു നമുക്ക് അവിടെനിന്നുള്ള പാഠങ്ങൾ ഉപയോഗിക്കാൻ കഴിയും. നമുക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ ‘ഇന്നത്തെ ഞങ്ങളുടെ സന്ദർശനം ഒരു അന്തർദേശീയ വേലയുടെ ഭാഗമാണ്. അതിൽ 50 ലക്ഷത്തിലധികം സ്വമേധയാസേവകർ എല്ലാ രാഷ്ട്രങ്ങളിലെയും ആളുകൾ സമാധാനത്തോടെ ജീവിക്കുന്നതു കാണുന്നതിൽ തൽപ്പരരായവരോടു സംസാരിക്കുന്നു. അത് അത്ഭുതകരമായിരിക്കും അല്ലേ? . . . ദൈവം ഭാവിയെ സംബന്ധിച്ച് അബ്രഹാമിന് എന്താണു വാഗ്ദാനം ചെയ്തതെന്നു നിങ്ങൾ എന്നെങ്കിലും വായിച്ചിട്ടുണ്ടോ? (ഉല്പ. 22:18) എല്ലാ ജനതകളിലെയും ആളുകൾക്കുള്ള ആ അനുഗ്രഹത്തെക്കുറിച്ച് അനേകം പ്രവാചകൻമാർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞങ്ങൾ സമഗ്രമായി പഠിക്കുകയുണ്ടായി, ഇതു വളരെ പെട്ടെന്നുതന്നെ വരാൻ പോകുകയാണെന്നു ഞങ്ങൾക്ക് ഉറപ്പുമുണ്ട്. ഇതു സുവാർത്തയാണ്, അതു ഞങ്ങളുടെ അയൽക്കാരുമായി പങ്കുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’
◼ ‘നിങ്ങളെ വീട്ടിൽ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം. ഒരു മുസ്ലീമായ നിങ്ങൾ, മനുഷ്യനിൽ തത്പരനും ഭൂമിയിലെ ദുഷ്ടജനങ്ങളെ ഒരുനാൾ ന്യായംവിധിക്കുന്നവനുമായ ഒരു സർവശക്തനിൽ വിശ്വസിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അതു നടപ്പിലാകുന്ന വിധത്തെക്കുറിച്ചുള്ള ഈ വിവരണം ഞങ്ങൾ വളരെ രസാവഹമായി കണ്ടിരിക്കുന്നു. (യെശ. 2:4) ഇതു സംഭവിച്ചുകഴിയുമ്പോൾ ഭൂമി എങ്ങനെയായിരിക്കുമെന്ന് അതേ പ്രവാചകൻതന്നെ വർണിക്കുന്ന ഈ സംഗതി നിങ്ങൾ എന്നെങ്കിലും വായിച്ചിട്ടുണ്ടോ? എന്നു ഞാൻ സംശയിക്കുന്നു . . . (യെശ. 35:5, 6 അല്ലെങ്കിൽ 65:21, 22)’
10 സംഭാഷണം മുടക്കികൾ:
സംഭാഷണം മുടക്കിയേക്കാവുന്ന തടസവാദങ്ങൾ കൈകാര്യം ചെയ്യാനുള്ള അനേകം വിധങ്ങൾ ന്യായവാദം പുസ്തകം പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ നമ്മുടെ ശുശ്രൂഷയിൽ നാം കേൾക്കുന്ന സാധാരണമായ എതിർപ്പുകൾ കൈകാര്യംചെയ്യുന്നതിനുള്ള ചില വിധങ്ങൾ ഞങ്ങൾ പ്രദാനം ചെയ്യുന്നു.
‘നിങ്ങൾ രാഷ്ട്രീയക്കാരോടു പോയി പ്രസംഗിക്കണം, ഞങ്ങളോടല്ല.’
◼ ‘എന്നോടു പറയൂ, സ്വന്തം രാജ്യത്ത് എത്രമാത്രം അധികാരമുള്ള വ്യക്തിയാണെങ്കിലും മുഴു ലോകത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതെങ്കിലും നേതാവിനു കഴിയുമെന്ന് വാസ്തവത്തിൽ നിങ്ങൾ വിചാരിക്കുന്നുണ്ടോ? . . . അതുകൊണ്ട് നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എനിക്കോ നിങ്ങൾക്കോ പരിഹരിക്കാൻ കഴിയാത്തതുപോലെതന്നെ, എത്ര ആത്മാർഥമായി ശ്രമിച്ചാലും രാഷ്ട്രീയക്കാർക്കും കഴിയില്ല. എന്നാൽ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും വാസ്തവത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒരാളുണ്ട് . . . (യെശ. 2:4; 65:17, 20, 21)’
◼ ‘അവരെ കണ്ടുമുട്ടാനാവുമ്പോഴെല്ലാം ഞങ്ങൾ അതു ചെയ്യുന്നുണ്ട്. നേതാവോ പൊതുജനാംഗമോ ആരായാലും നമ്മെയെല്ലാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ പെട്ടെന്നുതന്നെ നീക്കംചെയ്യപ്പെടാൻ പോകുകയാണെന്നുള്ള സുവാർത്ത നൽകാനായി എല്ലാ ജീവിത തുറകളിൽനിന്നുമുള്ള ആളുകളെ കണ്ടെത്തുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ആത്മാർഥരായ രാഷ്ട്രീയക്കാർക്ക് ഈ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കഴിയുമെങ്കിൽ അവർ സന്തുഷ്ടരായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നില്ലേ? . . . (സങ്കീ. 46:8, 9; മീഖാ 4:3, 4)’
◼ ‘വോട്ടു നൽകി തങ്ങളെ അധികാരത്തിൽ കയറ്റിയവർക്കു നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാർ ബുദ്ധിമുട്ടുന്നുവെന്നതു സത്യമാണ്, അല്ലേ? . . . ഈ സാഹചര്യം, നൂറ്റാണ്ടുകൾക്കു മുമ്പ് ഒരു എഴുത്തുകാരൻ വർണിച്ചതിനോടു വളരെ സമാനമാണ്. (സങ്കീ. 146:3, 4) ഒരു നേതാവ് കുറെ നൻമ ചെയ്യുമ്പോൾപ്പോലും മിക്കപ്പോഴും അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജിതനായി അധികാരത്തിൽനിന്നു പുറത്താകുകയോ മരിക്കുകയോ ചെയ്യുകയും പിൻഗാമി അദ്ദേഹത്തിന്റെ പ്രയത്നത്തെ നിഷ്ഫലമാക്കുകയും ചെയ്യുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശക്തിയുള്ള ഒരു സ്ഥിരഭരണാധികാരിയുൾപ്പെട്ട ഒരു ലോക ഗവൺമെൻറിനെക്കുറിച്ചു നിങ്ങളോടു പറയാനാണു വാസ്തവത്തിൽ ഞങ്ങൾ വന്നിരിക്കുന്നത്? അത് അത്ഭുതകരമായിരിക്കുകയില്ലേ? . . . (സങ്കീ. 72:7, 8, 13, 14)’
‘പാശ്ചാത്യ നാടുകളിൽ പോയി പ്രസംഗിക്കുക, ഇന്ത്യ ഒരു മത രാജ്യമാണ്.’
◼ ‘മതചടങ്ങുകളും തങ്ങൾ പിൻപറ്റുന്നതായി അവകാശപ്പെടുന്ന മതത്തിന്റെ ധാർമിക നിലവാരങ്ങൾപ്പോലും ഈ 20-ാം നൂറ്റാണ്ടിൽ അനേകം രാജ്യങ്ങൾ പുറന്തള്ളിയിരിക്കുന്നു എന്നതു സത്യമാണ്. എന്നാൽ ഇന്ത്യയിലുള്ള നമ്മുടെ എല്ലാ പ്രശ്നങ്ങളും മതം പരിഹരിക്കുന്നെന്ന് നിങ്ങൾ വാസ്തവത്തിൽ വിചാരിക്കുന്നുണ്ടോ? ഈ രാജ്യത്തുതന്നെ നാം അഭിമുഖീകരിക്കുന്ന അക്രമങ്ങളിൽ ഭൂരിപക്ഷത്തിനും ഒരു മതപരമായ അടിസ്ഥാനം ഉണ്ടെന്നുള്ളതു സത്യമല്ലേ? . . . എല്ലാ രാഷ്ട്രങ്ങളിലുമുള്ള ആളുകൾക്ക് ഏകീകൃതരാകാനും യഥാർഥ മതതത്ത്വങ്ങൾ പിൻപറ്റാനും കഴിയുന്നെങ്കിൽ എത്ര നല്ലതായിരിക്കും . . . (സങ്കീ. 133:1)’
◼ ‘വാസ്തവത്തിൽ ഇന്ത്യയിലുള്ളതിനെക്കാൾ ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ പാശ്ചാത്യ നാടുകളിൽ പ്രസംഗിക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾ കൊണ്ടുവരുന്ന സന്ദേശം കഷ്ടപ്പാടിനും അക്രമത്തിനും അസന്തുഷ്ടിക്കും ഒരു അവസാനം കാണാൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ആളുകൾക്കുവേണ്ടിയുള്ളതാണ്. നാം എവിടെ ജീവിച്ചാലും ഇതുപോലുള്ള അവസ്ഥകൾ കാണാൻ ആഗ്രഹിക്കുമെന്നുള്ളതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? . . . (വെളി. 21:4)?’
◼ ‘പാശ്ചാത്യ നാടുകളിലുള്ള അനേകമാളുകൾക്കും തീർത്തും ഭൗതികത്വപരമായ മനോഭാവം ഉള്ളതായി കാണുന്നുവെന്നതു സത്യമാണ്. എന്നാൽ, ഇന്ത്യയിലെ മതഭക്തരായ ആളുകൾപ്പോലും അക്രമം, ഭക്ഷ്യ ദൗർലഭ്യങ്ങൾ, തൊഴിലില്ലായ്മ, രോഗം, മരണം എന്നിവയാൽ കഷ്ടമനുഭവിക്കുന്നു എന്നതു സത്യമല്ലേ? . . . പൗരസ്ത്യ നാടുകളിലും പാശ്ചാത്യ നാടുകളിലും തത്പരനായ ദൈവം വേഗംതന്നെ ഭൂമിയിൽനിന്ന് ഈ പ്രശ്നങ്ങളെ നീക്കം ചെയ്യാൻ പോകുകയാണെന്നു ഞങ്ങൾക്കു ബോധ്യമുണ്ട്. ഈ വിവരം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു . . . (സങ്കീ. 37:10, 11, 29)’
‘നിങ്ങൾ ക്രിസ്ത്യാനിത്വത്തിലേക്കു ഞങ്ങളെ മതംമാറ്റാൻ ശ്രമിക്കുകയാണ്’
◼ ‘ആളുകളെ നിർബന്ധിച്ചു മതംമാറ്റുന്നതിന് ചരിത്രത്തിലുടനീളം വാസ്തവത്തിൽ വളരെയധികം ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾ അതിനോടു യോജിക്കുന്നില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. സാധാരണഗതിയിൽ രാഷ്ട്രീയപരമായ കാരണമോ വ്യക്തിപരമായ കുറെ പ്രയോജനം ലഭിക്കാനുള്ള ആഗ്രഹമോ ആണ് അതിനു പിന്നിലുണ്ടായിരുന്നിട്ടുള്ളത്. എന്നാൽ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലോകത്തിൽ നാം കാണുന്ന അസന്തുഷ്ടമായ അവസ്ഥകൾക്ക് ഒരു മാറ്റം കാണാൻ ആഗ്രഹിക്കുന്ന എല്ലാ മതങ്ങളിലെയും ആത്മാർഥഹൃദയരായ ആളുകൾക്കും പ്രയോജനം ചെയ്യുന്ന ഒരു സന്ദേശവുംകൊണ്ടാണ് ഞങ്ങൾ ആളുകളെ സന്ദർശിക്കുന്നത്. ഈ മാറ്റത്തെ ഒരു പുരാതന വിശുദ്ധ എഴുത്തു വർണിക്കുന്നത് ഇപ്രകാരമാണ്. (സങ്കീ. 37:10, 11)’
◼ ‘മതം മാറ്റാനായി ഒന്നുകിൽ ആളുകൾക്കു കൈക്കൂലി കൊടുക്കുകയോ അല്ലെങ്കിൽ അവരുടെമേൽ സമ്മർദം ചെലുത്തുകയോ ചെയ്യുന്നതിന്റെ ചരിത്രമുള്ള സഭാ സംഘടനകളുമായി ഞങ്ങൾക്കു ബന്ധമുണ്ടെന്ന് ചിലയാളുകൾ വിചാരിക്കുന്നു. അത്തരം നടപടികളെ തീർച്ചയായും ഞങ്ങൾ അംഗീകരിക്കുന്നില്ല, ആ സഭകളുമായി ഞങ്ങൾക്കു യാതൊരു തരത്തിലുള്ള ബന്ധവുമില്ല. മേലാൽ യുദ്ധങ്ങളുണ്ടായിരിക്കുകയില്ലാത്ത സമയം പെട്ടെന്നുതന്നെ ഉണ്ടാകുമെന്ന സുവാർത്തയുമായി തങ്ങളുടെ അയൽക്കാരെ സന്ദർശിക്കുന്ന 50 ലക്ഷത്തിലധികം സ്വമേധയാ പ്രവർത്തകരുൾപ്പെട്ട ഒരു അന്തർദേശീയ സംഘടനയുടെ ഭാഗമാണു ഞങ്ങൾ. ഞങ്ങൾക്ക് ഈ ഉറപ്പുനൽകിയതെന്താണെന്ന് നിങ്ങൾക്കു ഞാൻ കാണിച്ചുതരട്ടെ? . . . (സങ്കീ. 46:8, 9)’
‘ഞാൻ എന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ മാത്രമേ വായിക്കൂ’
◼ ‘ഇപ്പോഴും മതത്തിൽ താത്പര്യമുള്ള ഒരാളെ കണ്ടെത്തിയതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ഇന്നു മിക്ക ആളുകളും വിനോദത്തിലും ഭൗതിക സ്വത്തുക്കളിലും കൂടുതൽ താത്പര്യം കാണിക്കുന്നതായി കാണുന്നു എന്ന സംഗതിയിൽ നിങ്ങൾ എന്നോടു യോജിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് . . . നിങ്ങൾ കുറെ മതഗ്രന്ഥങ്ങളുമായി പരിചിതനായതിനാൽ, എനിക്കേറ്റവും പരിചിതമായ വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ ഈ വാക്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്തായിരിക്കും എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. (സദൃ. 2:20-22) . . . ദൈവം ഒരുനാൾ എല്ലാ ദുഷ്ട ജനങ്ങളെയും നശിപ്പിക്കുമെന്നു പല വിശുദ്ധ എഴുത്തുകളും സൂചിപ്പിക്കുന്നു. എന്നാൽ, ഈ നാശം എപ്പോൾ സംഭവിക്കുമെന്നതിനെക്കുറിച്ച് ബൈബിൾ വളരെ വ്യക്തമായ സൂചനകൾ നൽകുന്നുവെന്ന് കാണിച്ചുകൊടുക്കാനാണ് ഞങ്ങൾ ഞങ്ങളുടെ അയൽക്കാരെ സന്ദർശിക്കുന്നത്. ഭൂമിയിൽ സന്തോഷപൂർവം ജീവിക്കുന്നതിനായി നമുക്ക് അതിജീവിക്കാൻ കഴിയുന്ന വിധത്തെക്കുറിച്ചും അതു നമ്മോടു പറയുന്നു. ഞാൻ നിങ്ങളുമായി ആ വിവരം പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു.’
◼ ‘അതേ, പലയാളുകളും, തങ്ങളെ കുട്ടിക്കാലംമുതൽ പഠിപ്പിച്ചിട്ടുള്ള മത എഴുത്തുകൾ മാത്രം വായിച്ചുകൊണ്ടു തൃപ്തിയടയുന്നു. വ്യക്തിപരമായി പറഞ്ഞാൽ, ദൈവത്തെക്കുറിച്ചും അവനെ ആരാധിക്കുന്ന വിധത്തെക്കുറിച്ചുമുള്ള മറ്റാളുകളുടെ വിശ്വാസത്തെക്കുറിച്ചു പഠിക്കുന്നതു ഞാൻ വളരെ രസകരമായി കണ്ടെത്തിയിരിക്കുന്നു. ലോകം അക്രമത്താലും കുഴപ്പത്താലും വളരെയധികം നിറഞ്ഞിരിക്കുന്ന നമ്മുടെ നാളുകളെക്കുറിച്ചുള്ള പ്രമുഖമായ ചില പ്രവചനങ്ങൾ കണ്ടെത്തുന്നതിലേക്ക് അതെന്നെ നയിച്ചു. വളരെ കൃത്യമായിരിക്കുന്നതായി നിങ്ങൾ കണ്ടെത്തുമെന്നു ഞാൻ വിചാരിക്കുന്ന ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള ഒരു വർണന നിങ്ങളെ കാണിച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു . . . (2 തിമൊ. 3:1-5, [ഭാഗങ്ങൾ])’
11 അപ്പോസ്തലനായ പൗലോസ് ആത്മവിശ്വാസത്തോടെ ഇപ്രകാരം പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല . . . ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ.” (പ്രവൃ. 20:26, 27) സത്യത്തിന്റെ അത്ഭുത സന്ദേശം നാം ‘എല്ലാ തരക്കാരായ ആളുകളോ’ടും അവതരിപ്പിക്കുമ്പോൾ “വ്യക്തമായ ചിന്താപ്രാപ്തികൾ” ഉപയോഗിച്ചുകൊണ്ട് പൗലോസിന്റെ അതേ ശുഷ്കാന്തി പ്രകടമാക്കാൻ നമുക്കു സകല ശ്രമവും ചെയ്യാം.—2 പത്രോ. 3:1, NW.