നാൾതോറും നമ്മുടെ പ്രതിജ്ഞ നിറവേറ്റൽ
1 സങ്കീർത്തനക്കാരനായ ദാവീദ് യഹോവയോട് ഇപ്രകാരം പറയാൻ പ്രേരിതനായി: “ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ [“പ്രതിജ്ഞകളെ,” NW] നാൾതോറും കഴിക്കയും ചെയ്യും.” (സങ്കീ. 61:8) ഒരു പ്രതിജ്ഞ ചെയ്യുന്നതു തികച്ചും സ്വമേധയായുള്ള ഒരു സംഗതിയാണെന്നു ദാവീദ് അറിഞ്ഞിരുന്നു. എന്നിരുന്നാലും, ഒരു പ്രതിജ്ഞ ചെയ്തെങ്കിൽ അതു നിറവേറ്റാൻ താൻ കടപ്പെട്ടിരുന്നുവെന്നും അവൻ മനസ്സിലാക്കി. എന്നിട്ടും, നാൾതോറും തന്റെ പ്രതിജ്ഞകളെ നിറവേറ്റാനുള്ള അവസരത്തിന് അവൻ യഹോവയെ പുകഴ്ത്തി.
2 നാം യഹോവയ്ക്കു നമ്മുടെ സമർപ്പണം നടത്തിയപ്പോൾ, നാം അവന്റെ ഇഷ്ടം ചെയ്യുന്നതിനു സ്വമനസ്സാലെ പ്രതിജ്ഞ ചെയ്തു. നാം നമ്മെത്തന്നെ ത്യജിക്കുകയും യഹോവയെ സേവിക്കുന്നതു ജീവിതത്തിലെ നമ്മുടെ പ്രഥമ അനുധാവനമാക്കുകയും ചെയ്തു. (ലൂക്കൊ 9:23) അക്കാരണത്താൽ, നാമും നമ്മുടെ പ്രതിജ്ഞകൾ നാൾതോറും നിറവേറ്റണം. (സഭാ. 5:4-6) ‘ഒരുവൻ വായ്കൊണ്ടു രക്ഷയ്ക്കായി പരസ്യപ്രഖ്യാപനം നടത്തുന്നു’ എന്നു നമുക്ക് അറിയാവുന്നതുകൊണ്ട്, ജലസ്നാപന സമയത്തു നടത്തിയ നമ്മുടെ പരസ്യപ്രഖ്യാപനം നമ്മുടെ മുഴു ജീവിതരീതിയിലും പ്രതിഫലിക്കണം. (റോമ. 10:10, NW) ഇതിൽ സുവാർത്താ പ്രസംഗം ഉൾപ്പെട്ടിരിക്കുന്നു. (എബ്രാ. 13:15) വ്യക്തിപരമായ സാഹചര്യങ്ങൾക്കു കാര്യമായ വ്യത്യാസമുണ്ടാകാം, എങ്കിലും മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിന്റെ പ്രാധാന്യത്തിൽ നാൾതോറും നമുക്കെല്ലാവർക്കും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കും.
3 ദിനന്തോറും പ്രസംഗിക്കാൻ അവസരങ്ങളുണ്ടാക്കുക: മറ്റാരെങ്കിലുമായി സുവാർത്ത പങ്കുവെക്കുന്നതു സന്തോഷപ്രദമായ അനുഭവമാണ്. ദിനന്തോറും ഇതു ചെയ്യുന്നതിനായി, സാഹചര്യങ്ങൾ അനുവദിക്കുമ്പോഴെല്ലാം നാം പ്രസംഗിക്കാൻ അവസരങ്ങളുണ്ടാക്കേണ്ടതാണ്. ജോലിസ്ഥലത്തോ സ്കൂളിലോ ഉള്ളവരോടോ അയൽക്കാരോടോ തങ്ങൾ ഓരോ ദിവസവും കണ്ടുമുട്ടുന്നവരോടോ അനൗപചാരികമായി സാക്ഷ്യം കൊടുക്കാൻ മുൻകൈയെടുത്തവർ സന്തോഷപ്രദമായ അനേകം അനുഭവങ്ങൾ ആസ്വദിച്ചിരിക്കുന്നു. കത്തുകളെഴുതുകയോ ടെലഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നതുപോലും മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിനുള്ള ഒരു ഉപാധിയായിരിക്കാൻ കഴിയും. ഈ എല്ലാ ഉപാധികളും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം വീടുതോറുമുള്ള സാക്ഷീകരണത്തിനും മടക്കസന്ദർശനങ്ങൾ നടത്തുന്നതിനും ക്രമമായി സമയം നീക്കിവെക്കുന്നത്, ഒരു ഭവന ബൈബിളധ്യയനം നടത്തുന്നതിൽനിന്നുളവാകുന്ന പ്രത്യേക സന്തോഷത്തിലേക്കു നയിച്ചേക്കാവുന്നതാണ്. ഉവ്വ്, ഓരോ ദിവസവും പ്രസംഗിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്കു കഴിഞ്ഞേക്കാം.
4 ഒരു സഹോദരി തന്റെ ജോലിയിലെ വിശ്രമവേളയിൽ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ വായിക്കാനാരംഭിച്ചു. തന്നോടൊപ്പം ദിനവാക്യം വായിക്കുന്നതിന് അവൾ ഒരു സഹജോലിക്കാരിയെ ക്ഷണിച്ചു. അതു പെട്ടെന്നുതന്നെ ആ സ്ത്രീയോടൊത്തുള്ള ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു. ഓരോ ദിവസവും അരമണിക്കൂർവീതം വാരത്തിലെ അഞ്ചു ദിവസവും അവർ പഠിച്ചു. ദിനന്തോറുമുള്ള അവരുടെ പഠനം മറ്റൊരു സഹജോലിക്കാരൻ നിരീക്ഷിച്ചു. ഒടുവിൽ അദ്ദേഹം താനൊരു നിഷ്ക്രിയനായ സഹോദരനാണെന്നു വ്യക്തമാക്കി. സഹോദരിയുടെ തീക്ഷ്ണതയാൽ പ്രേരിതനായി, അദ്ദേഹം പുനഃക്രിയനായിത്തീരുന്നതിനുവേണ്ടി ഒരു മൂപ്പനുമായി സമ്പർക്കം പുലർത്തി. നാൾതോറും തന്റെ പ്രതിജ്ഞ നിറവേറ്റുന്നതിലുള്ള ശുഷ്കാന്തിനിമിത്തം ഈ സഹോദരിക്കു വേറെ രണ്ടു വ്യക്തികളിലും ഒരു ക്രിയാത്മക സ്വാധീനം ചെലുത്താൻ കഴിഞ്ഞു.
5 യഹോവ നമുക്കായി ചെയ്തിരിക്കുന്ന എല്ലാ നന്മകളോടുമുള്ള വിലമതിപ്പു നിറഞ്ഞ ഹൃദയത്താൽ നാം പ്രേരിതരാകുമ്പോൾ, ഓരോ ദിവസവും നമ്മുടെ സമർപ്പണ പ്രതിജ്ഞ നമ്മളാൽ കഴിയുന്നത്ര നന്നായി നിറവേറ്റുന്നത് സന്തോഷവും സംതൃപ്തിയും കൈവരുത്തും. സങ്കീർത്തനക്കാരനെപ്പോലെ നമുക്ക് ഇപ്രകാരം പ്രഖ്യാപിക്കാവുന്നതാണ്: “എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പടുത്തും.”—സങ്കീ. 86:12.