“ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ—1997
1 “നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ.” (സങ്കീ. 84:10) യഹോവയുടെ ആലയത്തിൽ ആരാധനയർപ്പിച്ചപ്പോൾ സങ്കീർത്തനക്കാരനു സർവശക്തനായ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. ജനം വാർഷികോത്സവങ്ങൾക്കു കൂടിവരുകയും സത്യാരാധകർ യെരൂശലേമിൽ തിങ്ങിനിറയുകയും ചെയ്തപ്പോൾ ആലയപ്രാകാരത്തിൽ കൂടിവന്ന ഇസ്രായേല്യർ ഹൃദ്യമായ സഹവാസം ആസ്വദിച്ചിരുന്നു. യഹോവ തന്റെ അനുഗ്രഹവും പ്രസാദവും ചൊരിഞ്ഞിരിക്കുന്ന ഭൂമിയിലെ ഏക ജനതയെന്ന നിലയിൽ അവർ തങ്ങളുടെ ദേശീയ ഐക്യത്തെക്കുറിച്ച് ഓർമിപ്പിക്കപ്പെട്ടു. വർഷംതോറും ആയിരക്കണക്കിനു സഹോദരീ സഹോദരന്മാരോടൊപ്പം ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സമാന വികാരങ്ങൾ പങ്കിടാനുള്ള അവസരം നമുക്കുണ്ട്. നമ്മുടെ നാളുകളിൽ, യഹോവ തന്റെ ജനത്തെ പ്രബോധനത്തിനും സഹവാസത്തിനുമായി കൂട്ടിവരുത്തുന്ന മാർഗങ്ങളിലൊന്നാണു വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷൻ.
2 ഉത്സവങ്ങളുടെ സമയത്ത് യെരൂശലേമിലും ചുറ്റുപാടും താമസിച്ച അസംഖ്യംപോന്ന യഹോവയുടെ ജനത്തെ ശ്രദ്ധിക്കുന്നതിനു സംഘാടനത്തിന്റെ ആവശ്യമുണ്ടായിരുന്നു. ക്രമസമാധാനം നിലനിർത്തുന്നതിന് താമസസൗകര്യങ്ങളും യോഗസമയങ്ങളും അതുപോലെ മറ്റു ക്രമീകരണങ്ങളും സംബന്ധിച്ചു നിർദേശങ്ങൾ നൽകുന്നത് ആവശ്യമായിരുന്നിരിക്കണം. അത്തരം കാര്യങ്ങൾ അവരുടെ സത്യാരാധനയുമായി ബന്ധപ്പെട്ടിരുന്നതുകൊണ്ട് ഇസ്രായേല്യർ സസന്തോഷം ആ നിർദേശങ്ങൾ പിൻപറ്റിയിരുന്നു.—സങ്കീ. 42:4; 122:1.
3 “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാ”ണെന്ന് പൗലൊസ് അപ്പോസ്തലൻ തിമൊഥെയൊസിനെ ഓർമിപ്പിച്ചു. (2 തിമൊ. 3:16) ദൈവവചനം നിശ്വസ്തമാകയാൽ അതിൽ വിശ്വസിക്കുന്നതിനു നമുക്കു ശക്തമായ കാരണമുണ്ട്. ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ വിഷയം ‘ദൈവവചന വിശ്വാസം’ എന്നാണ്. നാം സത്യമറിഞ്ഞിട്ടു വർഷങ്ങളായെന്നുവരികിലും യഹോവയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടത് അടുത്തയിടെയാണെങ്കിലും, കൺവെൻഷൻ പരിപാടികൾ ബൈബിളിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കും. മുഴു പരിപാടിയിലും ഹാജരാകാൻ നാമെല്ലാം ക്രമീകരണം നടത്തണം. താത്പര്യക്കാരായ പുതിയവർ, പ്രത്യേകിച്ചും നാം ബൈബിളധ്യയനം നടത്തുന്നവർ, നമ്മോടൊപ്പം ഹാജരാകുന്നത് എത്ര പരിപുഷ്ടിദായകമായിരിക്കും!
4 കൺവെൻഷൻ ഡിപ്പാർട്ടുമെന്റുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് ഇതിനോടകംതന്നെ നിരവധി സഹോദരന്മാർ മണിക്കൂറുകളോളം ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നു. കൺവെൻഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി വിശദാംശങ്ങൾ ഏകോപിപ്പിക്കുന്നതിന് ഈ സഹോദരങ്ങൾ സൊസൈറ്റിയുടെ കൺവെൻഷൻ ഓഫീസുമായി ഒത്തുചേർന്നു പ്രവർത്തിക്കുന്നു. നമ്മുടെ വാർഷിക കൺവെൻഷനുവേണ്ടി വളരെയധികം സമയവും ശ്രമവും പണവും ചെലവിടുന്നതു നാം നേരിട്ടു കണ്ടെന്നുവരില്ല. എങ്കിലും, ഈ വിശ്വസ്ത സഹോദരന്മാരുടെ ആത്മത്യാഗ മനോഭാവത്തെ നാമെല്ലാം തീർച്ചയായും വിലമതിക്കുന്നുണ്ട്, ഇല്ലേ?
5 1997-ലെ “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനുള്ള ഒരുക്കങ്ങൾ തുടരവേ, നിങ്ങൾ ദയാപുരസ്സരം ശ്രദ്ധിക്കുകയും സഗൗരവം പരിചിന്തിക്കുകയും ചെയ്യേണ്ട ചില ആശയങ്ങൾ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്ന എല്ലാ ക്രമീകരണങ്ങളോടുമുള്ള വ്യക്തിപരമായ വിലമതിപ്പ് നന്നായി സഹകരിക്കുന്നതിലൂടെ നിങ്ങൾക്കു പ്രകടിപ്പിക്കാവുന്നതാണ്. ഇതിൽ ചില സംഗതികൾ നേരത്തെ ചർച്ചചെയ്തിട്ടുണ്ടെങ്കിലും കൺവെൻഷൻ ക്രമീകരണത്തെ പിന്തുണയ്ക്കുന്നതിന് യഹോവയുടെ മുമ്പാകെ നമുക്കോരോരുത്തർക്കുമുള്ള ഉത്തരവാദിത്വം വ്യക്തമായി തിരിച്ചറിയുന്നതു പ്രധാനമാണ്.
6 ത്രിദിന കൺവെൻഷൻ: ഈ വർഷം നമ്മുടെ പ്രയോജനത്തിനുവേണ്ടി ഒരു ത്രിദിന ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടി ക്രമീകരിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 9:30-ന് പരിപാടി ആരംഭിക്കും. 1997 ജൂൺ 8 ലക്കം ഉണരുക!യിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 18 കൺവെൻഷനുകളും അവ നടത്തപ്പെടുന്ന ഭാഷകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏതു കൺവെൻഷനിലാണു ഹാജരാകേണ്ടതെന്ന് ഇതിനോടകം മനസ്സിലായ സ്ഥിതിക്ക് നിങ്ങൾ മൂന്നു ദിവസത്തെയും പരിപാടിക്കു ഹാജരാകാൻ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്തുകാണും. ആവശ്യമായ അവധി ലഭിക്കുന്നതിനു നിങ്ങൾ ഇതിനോടകം തൊഴിലുടമയെ സമീപിച്ചോ? നിങ്ങൾക്കു സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ ഉണ്ടെങ്കിൽ, കൺവെൻഷന്റെ സമയത്തു സ്കൂളിന് അവധിയില്ലാത്തപക്ഷം തങ്ങളുടെ മതപരമായ പരിശീലനത്തിന്റെ ഈ പ്രധാനപ്പെട്ട ഭാഗത്തെപ്രതി അവർ ഒന്നോ രണ്ടോ ദിവസം ഹാജരാകുകയില്ലെന്ന് അധ്യാപകരെ ആദരപൂർവം അറിയിച്ചിട്ടുണ്ടോ?—ആവ. 31:12.
7 ശ്രദ്ധചെലുത്തുന്നതുകൊണ്ടുള്ള പ്രയോജനം: ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലുള്ള പ്രാവചനിക വാക്കുകൾക്കു ശ്രദ്ധകൊടുക്കുന്നതു പ്രയോജനം ചെയ്യുമെന്നു പത്രൊസ് അപ്പോസ്തലൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. (2 പത്രൊ. 1:19) നമ്മുടെ കാര്യത്തിലും അതു വാസ്തവമാണ്. സാത്താന്റെ അധീനതയിലുള്ള ഈ പഴയ ലോകത്തു ജീവിക്കുന്നത് ഇരുളടഞ്ഞ ഒരു സ്ഥലത്ത് ആയിരിക്കുന്നതുപോലെയാണ്. നമ്മെ ആത്മീയ അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കു കൊണ്ടുവന്നതിനു നാം നന്ദിയുള്ളവരാണ്. (കൊലൊ. 1:13; 1 പത്രൊ. 2:9; 1 യോഹ. 5:19) വെളിച്ചത്തിൽ നിലകൊള്ളുന്നതിന് യഹോവയുടെ നിശ്വസ്ത വചനത്തിനു ശ്രദ്ധകൊടുത്തുകൊണ്ടു നാം നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കി നിർത്തണം. ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ അതു ചെയ്യാൻ നമുക്കു പ്രോത്സാഹനമേകും.
8 പരിപാടിയിൽ നന്നായി ശ്രദ്ധിക്കുന്നതിനു ശ്രമം ആവശ്യമായിരുന്നേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നതിനാൽ നാം തീർച്ചയായും അനുഗ്രഹിക്കപ്പെടും. സെഷനുകളുടെ സമയത്ത് ഉണർവോടിരിക്കുന്നതിന്, വേണ്ടത്ര വിശ്രമിച്ചിട്ടു കൺവെൻഷനു വരാൻ നാം ശ്രമിക്കണം. പരിപാടി തുടങ്ങുന്നതിനു മുമ്പ് ഇരിപ്പിടത്തിലുണ്ടായിരിക്കാൻ കൺവെൻഷൻ സ്ഥലത്തു നേരത്തെ എത്തുക. ഓരോ ദിവസത്തെ പരിപാടിയുടെയും പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കുപറ്റുക. മുതിർന്നവർ മാതൃകവെക്കണം. മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കണം.—എഫെ. 6:4.
9 ഓരോ ദിവസത്തെയും പരിപാടി തുടങ്ങുന്നതിനുമുമ്പ്, അവയുടെ ശീർഷകങ്ങൾ വായിച്ചുവെക്കുന്നെങ്കിൽ സെഷൻസമയത്ത് ഏത് ആശയങ്ങൾ അവതരിപ്പിക്കുമെന്നു മുന്നമേ അറിയാനാകും. അത്, വിഷയം അവതരിപ്പിക്കുമ്പോൾ അതിലുള്ള നമ്മുടെ താത്പര്യം വർധിപ്പിക്കും. ദൈവത്തിലും ആത്മാർഥമായി തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകുമെന്ന അവന്റെ ഉറച്ച വാഗ്ദത്തത്തിലും വിശ്വസിക്കുന്നതെന്തുകൊണ്ടെന്നു മറ്റുള്ളവരോടു പറയാൻ നമ്മെ സഹായിക്കുന്ന ആശയങ്ങൾക്ക് നമുക്കു ശ്രദ്ധചെലുത്താം. (എബ്രാ. 11:1, 6) പരിപാടിയിലെ മുഖ്യാശയങ്ങൾ ഓർത്തിരിക്കുന്നതിനു ഹ്രസ്വമായ കുറിപ്പുകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വളരെയധികം നോട്ടെഴുതാൻ ശ്രമിച്ചാൽ തിരക്കിട്ട് എഴുതുന്നതിന്റെ ഫലമായി ചില ആശയങ്ങൾ നഷ്ടമായെന്നുവരാം.
10 കഴിഞ്ഞവർഷവും മുതിർന്നവരും യുവപ്രായക്കാരുമായ അനേകർ പരിപാടിയുടെ സമയത്ത്, “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മുടെ പ്രയോജനത്തിനുവേണ്ടി നൽകിയതിൽ ശ്രദ്ധിക്കാതെ മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ട് ഇടനാഴികളിലും ഇരിപ്പിടസ്ഥലത്തിന്റെ പിന്നിലും ചുറ്റിക്കറങ്ങി നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. തക്കസമയത്ത് ആത്മീയ ആഹാരം നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തു. (മത്താ. 24:45-47, NW) അതുകൊണ്ട് ആ ഭക്ഷണത്തോട് അവമതിപ്പു കാട്ടാതെ അതിൽനിന്നു പ്രയോജനം നേടാൻ നാം അവിടെ സന്നിഹിതരായിരിക്കണം. (2 കൊരി. 6:1) ചില കുട്ടികൾക്ക് അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടുള്ളതായി കാണപ്പെടുന്നു. അതുകൊണ്ട് അവർ കൂടെക്കൂടെ മൂത്രമൊഴിക്കാൻ പോകാൻ അനുവാദം വാങ്ങി അങ്ങുമിങ്ങും കറങ്ങിനടക്കുന്നു. വീട്ടിൽവെച്ചു നല്ല പരിശീലനം നൽകുന്നപക്ഷം അനാവശ്യമായി അടിക്കടി മൂത്രപ്പുരയിലേക്കു പോകുന്നതു മിക്കപ്പോഴും ഒഴിവാക്കാം. ചിലപ്പോഴൊക്കെ കുറച്ചു മുതിർന്ന യുവജനങ്ങൾ ഒറ്റപ്പെട്ട സ്ഥലത്തിരുന്നു സംസാരിക്കുകയോ അടക്കം പറയുകയോ അന്യോന്യം കുറിപ്പുകൾ കൈമാറുകയോ ചെയ്യുന്നു. ഇന്നു ലോകത്തിൽ നിരവധി സമ്മർദങ്ങൾ നേരിടുന്ന നമ്മുടെ യുവജനങ്ങൾ, പരിപാടിയുടെ സമയത്ത് മറ്റെന്തെങ്കിലും ചെയ്യാതെ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണു വേണ്ടത്. ബൈബിൾ തത്ത്വങ്ങളുമായി ഒത്തുപോകാത്ത യൗവനമോഹങ്ങൾ ഉപേക്ഷിച്ചുകളയണം. (2 തിമൊഥെയൊസ് 2:22 താരതമ്യം ചെയ്യുക.) മുതിർന്നവരും യുവജനങ്ങളുമുൾപ്പെടെയുള്ള എല്ലാവരുടെയും ഏകാഗ്രത യഹോവയെ മഹത്ത്വപ്പെടുത്തുകയും അവനെ സന്തോഷിപ്പിക്കുകയും ചെയ്യും.
11 ഇക്കാര്യത്തിൽ സേവകന്മാർ എന്തെങ്കിലും ബുദ്ധ്യുപദേശം നൽകുന്നെങ്കിൽ യഹോവയിൽനിന്നുള്ള സ്നേഹപൂർവകമായ ഒരു കരുതലായി അതു കൈക്കൊള്ളണം. (ഗലാ. 6:1) നാം ബുദ്ധിമുട്ടി കൺവെൻഷനു വരുന്നത് “കേട്ടു പഠി”ക്കുന്നതിനാണെന്നു സകലരും ഓർത്തിരിക്കേണ്ടതുണ്ട്. (ആവ. 31:12) കൂടാതെ, “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും” ആണ്. (സദൃ. 1:5) കൺവെൻഷനു പോകുന്നതിനു മുമ്പ്, പരിപാടിയിൽനിന്നു പൂർണ പ്രയോജനം ലഭിക്കുന്നതിനു കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്നതിന്റെയും പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ഇരിപ്പിടത്തിൽത്തന്നെ ആയിരിക്കുന്നതിന്റെയും ശ്രദ്ധാപൂർവം ചെവി ചായിക്കുന്നതിന്റെയും ആവശ്യകത സംബന്ധിച്ചു കുടുംബമൊരുമിച്ചു ചർച്ചചെയ്യുക.
12 യഹോവയെ പ്രീതിപ്പെടുത്തുന്ന വേഷഭൂഷാദികൾ: യഹോവയുടെ ജനം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. (1 കൊരി. 4:9) വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നമ്മുടെ ഉത്തമ നിലവാരം പൊതുവെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 1 തിമൊഥെയൊസ് 2:9, 10-ലും 1 പത്രൊസ് 3:3, 4-ലും കാണപ്പെടുന്ന തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കിയതിന്റെ ഫലമായി അനേകരിലും വേഷഭൂഷാദികളുടെ കാര്യത്തിൽ ക്രിസ്തീയ സഭയോടൊപ്പം സഹവസിക്കാൻ തുടങ്ങിയപ്പോഴത്തേതിനെക്കാൾ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് ഇന്നു ലോകത്തിൽ കാണുന്ന വസ്ത്രധാരണത്തോടും ചമയത്തോടുമുള്ള ബന്ധത്തിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന നിലവാരങ്ങളിൽനിന്നു കടകവിരുദ്ധമാണ്. വേഷവിധാനത്തിന്റെ കാര്യത്തിൽ—വിചിത്രമായ വേഷങ്ങൾ, ലൗകിക ഭ്രമങ്ങളെ ഉന്നമിപ്പിക്കുന്ന കേശാലങ്കാര രീതികൾ, അല്ലെങ്കിൽ അസഭ്യമായ വസ്ത്രധാരണ രീതി എന്നിവയുടെ കാര്യത്തിൽ—ലോകത്തെ അനുകരിക്കാതിരിക്കാൻ നാം ജാഗ്രതപാലിക്കണം. നമ്മുടെ മാതൃകായോഗ്യമായ വസ്ത്രധാരണവും ചമയവും ക്രിസ്ത്യാനികളുടെ വേഷഭൂഷാദികൾ എങ്ങനെയുള്ളതായിരിക്കണമെന്നു കാണാൻ കൺവെൻഷനു ഹാജരാകുന്ന പുതിയവരെ സഹായിക്കും.
13 കഴിഞ്ഞ വർഷത്തെ കൺവെൻഷൻ പൊതുവെ നല്ല മതിപ്പുളവാക്കിയെങ്കിലും ചില സഹോദരീസഹോദരന്മാരുടെ കാര്യത്തിൽ ലോകക്കാരുടേതായ രീതിയിലുള്ള വസ്ത്രധാരണവും ചമയവും തുടർന്നും ഒരു പ്രശ്നമായിരുന്നു, പ്രത്യേകിച്ചും സെഷൻ കഴിഞ്ഞുള്ള സമയങ്ങളിൽ. കൺവെൻഷനിൽ പങ്കെടുക്കാൻ ക്രമീകരിക്കുമ്പോൾ വസ്ത്രധാരണത്തെയും ചമയത്തെയും കുറിച്ചു പരിചിന്തിക്കേണ്ടതുണ്ട്. മാതാപിതാക്കളേ, നിങ്ങളുടെ കൊച്ചു കുട്ടികളും കൗമാരപ്രായക്കാരും എന്തു വസ്ത്രമാണു ധരിക്കുന്നതെന്നു ജ്ഞാനപൂർവം ശ്രദ്ധിക്കുക. ലോകക്കാരുടേതായ വസ്ത്രധാരണ രീതികളും ഭ്രമങ്ങളും ക്രിസ്തീയവ്യക്തിത്വത്തിൽ മോശമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക.
14 നല്ല നടത്ത കാത്തുസൂക്ഷിക്കുക: നല്ല നടത്ത സത്യക്രിസ്ത്യാനിത്വത്തിന്റെ ഒരടയാളമാണ്. (1 പത്രൊ. 2:12) നാം എവിടെയായിരുന്നാലും—കൺവെൻഷനിലോ റെസ്റ്ററന്റുകളിലോ ഹോട്ടലുകളിലോ യാത്രയിലോ—നമ്മുടെ പെരുമാറ്റംമൂലം നല്ല സാക്ഷ്യമേകാൻ കഴിയും. മാത്രമല്ല, ദൈവത്തിലും അവന്റെ വചനത്തിലുമുള്ള വിശ്വാസത്തിന് ആളുകളിൽ എന്തു മാറ്റം വരുത്താൻ സാധിക്കുമെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും. അത് യഹോവയെ അറിയാൻ ചിലരെ പ്രേരിപ്പിച്ചേക്കാം. (1 പത്രൊസ് 3:1, 2 താരതമ്യം ചെയ്യുക.) നമ്മുടെ നടത്തയിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്താനുള്ള പദവി നമുക്കുണ്ട്. “തങ്ങളുടെ അതിഥികളിൽ ഏറ്റവും നല്ലവരും ഏറ്റവും നന്നായി പെരുമാറുന്നവരും” നമ്മുടെ പ്രതിനിധികളാണെന്ന് ഒരു ഹോട്ടലിന്റെ ഭാരവാഹികൾ പറഞ്ഞു. “നിങ്ങൾ വീണ്ടും വരുന്നത് ഞങ്ങൾ ഒരു പദവിയായി കരുതുന്നു” എന്ന് അവർ കൂട്ടിച്ചേർത്തു. മറ്റൊരു സ്ഥലത്തുള്ള വിനോദസഞ്ചാര ഉദ്യോഗസ്ഥൻ എഴുതി: “ഞങ്ങളുടെ പ്രദേശത്തുള്ളവർ ഓരോ വർഷവും വാച്ച്ടവർ സൊസൈറ്റിയുടെ സമ്മേളനത്തിനായി താത്പര്യപൂർവം കാത്തിരിക്കുന്നു. നിങ്ങളുടെ ആളുകളെ ആരുമിഷ്ടപ്പെടും. അങ്ങേയറ്റം മര്യാദയോടും ആദരവോടും കൂടെ അവർ പെരുമാറുന്നു. ഞങ്ങളുടെ പ്രദേശത്തെ വ്യാപാരികൾ അതു തിരിച്ചറിയുന്നു, മാത്രമല്ല ഓരോ വർഷവും തങ്ങളുടെ അതിഥികളുടെ ‘കുടുംബം’ മടങ്ങിവരാൻ കാത്തിരിക്കുന്നു.” ഇത്തരം റിപ്പോർട്ടുകൾ വായിക്കുന്നത് ആനന്ദകരമാണ്, അല്ലേ? എങ്കിലും, യഹോവയുടെ ജനത്തിന്റെ സത്പേരു കാത്തുസൂക്ഷിക്കാൻ ജാഗ്രതയുള്ളവർ ആയിരിക്കേണ്ടതുണ്ട്.
15 ഹോട്ടലിനുചുറ്റും ഓടിനടന്ന് മറ്റുള്ള അതിഥികൾക്കു ശല്യംചെയ്യാതിരിക്കത്തക്കവണ്ണം കുട്ടികളെ നിയന്ത്രിക്കുന്നതു സംബന്ധിച്ചു പലവട്ടം ഓർമിപ്പിക്കലുകൾ നൽകിയിട്ടുണ്ട്. നമ്മുടെ കുട്ടികളിൽ ചിലർ മേൽനോട്ടമില്ലാത്തതിന്റെ ഫലമായി ഹോട്ടലിന്റെ നടപ്പാതകളിലും പൊതു സ്ഥലങ്ങളിലും ഓടിനടക്കുന്നതായി ഓരോ വർഷവും സൊസൈറ്റിക്കു റിപ്പോർട്ടു ലഭിക്കുന്നുണ്ട്. നമ്മുടെ കുട്ടികളുടെ കൂട്ടങ്ങൾ മറ്റു സാക്ഷികളെ തേടി ഓരോ കതകും മുട്ടിയതിനാൽ, അന്നു രാത്രി അവിടെ തങ്ങിയ ആ ഹോട്ടലിന്റെ മാനേജർ രാത്രി 11 മണിക്കുശേഷം രണ്ടു തവണ ഞെട്ടിയെഴുന്നേറ്റു. നമ്മുടെ സഹോദരവർഗവുമായി സഹവസിക്കാൻ കൺവെൻഷനുകൾ അവസരമേകുന്നുണ്ടെങ്കിലും എല്ലായ്പോഴും കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്ന കാര്യം മാതാപിതാക്കൾ മനസ്സിൽപ്പിടിക്കണം. ഓരോ മാതാവിനും പിതാവിനും യഹോവ നൽകിയിരിക്കുന്ന ഉത്തരവാദിത്വമാണത്. (സദൃ. 1:8; എഫെ. 6:4) മേൽനോട്ടമില്ലാത്തതിന്റെ ഫലമായുള്ള കുട്ടികളുടെ പെരുമാറ്റം മറ്റ് യഹോവയുടെ സാക്ഷികൾ കഷ്ടപ്പെട്ടു പടുത്തുയർത്തിയ സത്പേരിനു തുരങ്കംവെച്ചേക്കാം.—സദൃ. 29:15.
16 നിങ്ങൾ ഹോട്ടലിലാണു താമസിക്കുന്നതെങ്കിൽ ഭക്ഷണം പാകംചെയ്യുന്നതിനുള്ള സജ്ജീകരണം അവിടുത്തെ മുറികളിലില്ലാത്തപക്ഷം അവിടെവെച്ചു ഭക്ഷണം പാകംചെയ്യരുത്. ഒരു വ്യക്തിപരമായ സേവനം ലഭിച്ചുകഴിയുമ്പോൾ ടിപ്പു നൽകുന്നത് ഉചിതമാണെന്ന് ഓർക്കുക. വെയിറ്റർമാർ, അടിച്ചുവാരുന്നവർ തുടങ്ങിയ പൊതുജനസേവകരിൽ അനേകരും ഉപജീവനമാർഗമായി ഏറിയകൂറും ടിപ്പുകളെ ആശ്രയിക്കുന്നതിനാൽ വിശേഷിച്ചും അങ്ങനെ ചെയ്യേണ്ടതാണ്. ഇക്കാര്യത്തിലും യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം സത്പെരുമാറ്റമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു.—1986 ജൂൺ 22 ഉണരുക!യുടെ (ഇംഗ്ലീഷ്) 24-7 പേജുകൾ കാണുക.
17 കൺവെൻഷന്റെ ചെലവു വഹിക്കൽ: കൺവെൻഷനോടു ബന്ധപ്പെട്ടു നമുക്കോരോരുത്തർക്കും ചെലവുകളുണ്ട്. നാമെല്ലാം പരിചിന്തിക്കേണ്ട മറ്റൊരു ചെലവുമുണ്ട്. കൺവെൻഷനുവേണ്ടി ഉപയോഗിക്കുന്ന സൗകര്യങ്ങൾ ചെലവേറിയവയാണ്. വേറെയും ചെലവുകളുണ്ട്. കൺവെൻഷനുവേണ്ടിയുള്ള നമ്മുടെ സ്വമേധയാ സംഭാവനകൾ അങ്ങേയറ്റം വിലമതിക്കപ്പെടും.—പ്രവൃ. 20:35; 2 കൊരി. 9:7, 11, 13.
18 ഇരിപ്പിടക്രമീകരണം: വർഷങ്ങളായി നൽകിപ്പോരുന്ന നിർദേശങ്ങൾ തുടർന്നും ബാധകമായിരിക്കും. അതായത്, അടുത്ത കുടുംബാംഗങ്ങൾക്കോ നിങ്ങളുടെ കൂട്ടത്തിൽ യാത്രചെയ്യുന്നവർക്കോ മാത്രമേ ഇരിപ്പിടങ്ങൾ കരുതിവെക്കാവൂ. സമീപ വർഷങ്ങളിൽ കൂടുതൽപേരും ഈ നിർദേശം പിൻപറ്റുന്നതായി കണ്ടതു ഹൃദ്യമായിരുന്നു. അത് കൺവെൻഷനിൽ പ്രകടമായിരിക്കുന്ന സ്നേഹപുരസ്സരമായ അന്തരീക്ഷത്തിനു മാറ്റുകൂട്ടി. ചില സ്ഥലങ്ങളിൽ ചില ഇരിപ്പിടങ്ങൾ മറ്റുള്ളവയെക്കാൾ സൗകര്യപ്രദമായ സ്ഥലത്താണ്. ദയവുചെയ്ത് കൂടുതൽ സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ അതിന്റെ ആവശ്യമുള്ളവരോടു പരിഗണന കാട്ടി അവർക്കായി വിടുക.
19 ക്യാമറകൾ, വീഡിയോ ക്യാമറകൾ, ടേപ്പ് റെക്കോർഡറുകൾ: ക്യാമറകളും മറ്റു റെക്കോർഡിങ് ഉപകരണങ്ങളും കൺവെൻഷന് ഉപയോഗിക്കാവുന്നതാണ്. എന്നാൽ, നാം അവ ഉപയോഗിക്കുന്നതു സദസ്സിലുള്ള മറ്റുള്ളവരുടെ ശ്രദ്ധ പതറിക്കുന്ന വിധത്തിലായിരിക്കരുത്. സെഷന്റെ സമയത്തു നാം ചിത്രങ്ങൾ എടുത്തുകൊണ്ടു ചുറ്റിക്കറങ്ങുന്നുവെങ്കിൽ പരിപാടിയിൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധ പതറിക്കുകയായിരിക്കും. യാതൊരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും വൈദ്യുത സംവിധാനവുമായോ സൗണ്ട് സിസ്റ്റവുമായോ ബന്ധിപ്പിക്കാൻ പാടില്ല. ഇടപ്പാതകളിലോ നടപ്പാതകളിലോ മറ്റുള്ളവരുടെ കാഴ്ചയ്ക്കോ അവ തടസ്സം സൃഷ്ടിക്കാനും പാടില്ല.
20 പ്രഥമശുശ്രൂഷ: പ്രഥമശുശ്രൂഷാ വിഭാഗം അടിയന്തിര ആവശ്യത്തിനുമാത്രമുള്ളതാണ്. വിട്ടുമാറാത്ത രോഗമുള്ളവർക്കുവേണ്ടിയുള്ളതല്ല. അതുകൊണ്ടാണു നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസ്ഥിതിക്കു നിങ്ങൾതന്നെ മുന്നമേ ശ്രദ്ധകൊടുക്കേണ്ടത്. ആസ്പിരിൻ, ദഹന സഹായികൾ, ബാൻഡേജുകൾ, സേഫ്റ്റി പിന്നുകൾ എന്നിങ്ങനെയുള്ള വസ്തുക്കൾ ദയവായി കൂടെ കരുതുക. അവ കൺവെൻഷൻ സ്ഥലത്തു ലഭ്യമായിരിക്കില്ല. അപസ്മാരം, ഇൻസുലിൻ ഷോക്ക്, ഹൃദയ സംബന്ധമായ തകരാറ് തുടങ്ങിയ രോഗമുള്ളവർ കഴിവിന്റെ പരമാവധി തങ്ങൾക്കാവശ്യമുള്ളതെല്ലാം കയ്യിൽ കരുതണം. ആവശ്യമായിരിക്കുന്ന മരുന്നുകൾ അവർ കൂടെ കരുതണം. അവരുടെ സാഹചര്യത്തെക്കുറിച്ച് അറിയാവുന്ന ഒരു കുടുംബാംഗമോ സഭാംഗമോ ആവശ്യമായിരിക്കുന്ന സഹായം പ്രദാനം ചെയ്യാൻ സദാ അവരോടൊപ്പമുണ്ടായിരിക്കണം. വിട്ടുമാറാത്ത രോഗമുള്ളവരെ കൺവെൻഷൻ സ്ഥലങ്ങളിൽ ഒറ്റയ്ക്കാക്കിയിട്ടു രോഗം മൂർച്ഛിച്ചതിന്റെ ഫലമായി പ്രശ്നങ്ങൾ പൊന്തിവന്നിട്ടുണ്ട്. പ്രത്യേക ശ്രദ്ധയാവശ്യമുള്ളവർക്കു സഹായമേകാൻ കുടുംബാംഗങ്ങളില്ലാത്തപക്ഷം സഭാ മൂപ്പന്മാരെ വിവരം ധരിപ്പിക്കണം, അങ്ങനെയാകുമ്പോൾ ആവശ്യമായ സഹായങ്ങൾ അവർ ചെയ്തുകൊടുക്കും.
21 കൺവെൻഷൻ ഭക്ഷ്യാവശ്യങ്ങൾ: കൺവെൻഷനിൽ ഊണു വിളമ്പാതെ ലഘുഭക്ഷണം മാത്രം ഏർപ്പെടുത്തിയതിനാൽ അനേകർക്കും മൊത്തം സെഷനുകൾക്കും ഹാജരായി ആത്മീയ ഭക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു സാധിച്ചു. ഈ ലളിതമാക്കൽ ക്രമീകരണം തുടങ്ങിയശേഷം ഇതിനോടു വിലമതിപ്പു പ്രകടമാക്കിക്കൊണ്ടുള്ള നിരവധി അഭിപ്രായങ്ങൾ ലഭിച്ചു. ഭക്ഷണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ, 1995 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധ ലേഖനത്തിൽ നിർദേശിച്ചതുപോലുള്ള പ്രായോഗികമായ, പോഷകപ്രദമായ ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരണം. കുപ്പിപ്പാത്രങ്ങളോ ലഹരിപാനീയങ്ങളോ കൺവെൻഷൻ സ്ഥലത്തു കൊണ്ടുവരാൻ പാടില്ല. ചോറ്റുപാത്രങ്ങളും വെള്ളത്തിനുള്ള പാത്രങ്ങളും നിങ്ങളുടെ ഇരിപ്പിടത്തിന് അടിയിൽ ഒതുങ്ങുന്നവയായിരിക്കണം. സദസ്സിൽ ചിലർ പരിപാടിയുടെ സമയത്തു ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അനാദരവിന്റെ ലക്ഷണമാണ്. കൺവെൻഷൻ സൗകര്യങ്ങൾക്കുള്ളിലോ പുറത്തോ ഉള്ള ഭക്ഷണവാണിഭക്കാരിൽനിന്നു പരിപാടിയുടെ സമയത്തു ചിലർ ഭക്ഷണം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അനുചിതമാണ്. നാം നമ്മുടെ ആത്മീയ സദ്യയും ഉച്ചയ്ക്കുള്ള ഹ്രസ്വമായ ഇടവേളയിലെ ആയാസരഹിതമായ, സമാധാനപരമായ സഹവാസത്തിന്റെ അന്തരീക്ഷവും ശരിക്കും വിലമതിക്കുന്നു. ഈ ക്രമീകരണത്തിന്റെ ഉദ്ദേശ്യത്തോടുള്ള ചേർച്ചയിൽ, സഹോദരീസഹോദരന്മാരുമായുള്ള സഹവാസം ആസ്വദിക്കാൻ ആ സമയം ചെലവഴിക്കുക.
22 “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പെട്ടെന്നുതന്നെ തുടങ്ങുമെന്നതിൽ നാം എത്ര സന്തുഷ്ടരാണ്! മുഴു പരിപാടിക്കും ഹാജരാകാൻ മുന്നമേതന്നെ തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നെന്നു നാമോരുത്തരും ഉറപ്പുവരുത്തണം. തന്മൂലം, യഹോവ തന്റെ സ്ഥാപനം മുഖാന്തരം ഒരുക്കിയിരിക്കുന്ന നല്ല ആത്മീയ വിരുന്ന് ആസ്വദിക്കാൻ നമുക്കു സാധിക്കും. അങ്ങനെ, വരും കാലങ്ങളിൽ നാം “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവ”രായിത്തീരും.—2 തിമൊ. 3:16.
[6-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
സ്നാപനം: ശനിയാഴ്ച രാവിലത്തെ പരിപാടികൾ തുടങ്ങുന്നതിനു മുമ്പ് സ്നാപനാർഥികൾക്കു വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഭാഗത്തെ ഇരിപ്പിടങ്ങളിൽ അവർ ഇരിക്കേണ്ടതാണ്. സ്നാപനമേൽക്കാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും ഉചിതമായ ഒരു സ്നാപന വസ്ത്രവും തോർത്തും കൊണ്ടുവരേണ്ടതാണ്. നമ്മുടെ ശുശ്രൂഷ പുസ്തകത്തിലെ ചോദ്യങ്ങൾ സ്നാപനാർഥികളുമായി പുനരവലോകനം ചെയ്യുന്ന മൂപ്പൻമാർ, ഓരോരുത്തരും ഈ ആശയങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രസംഗകൻ സ്നാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ച ശേഷം ആ സെഷന്റെ ചെയർമാൻ ഒരു ഗീതത്തിനായുള്ള ആഹ്വാനം നൽകും. അവസാനത്തെ വരി പാടിത്തീർന്നശേഷം സേവകർ സ്നാപനാർഥികളെ സ്നാപനമേൽക്കാനുള്ള സ്ഥലത്തേക്കു നയിക്കും. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായുള്ള സ്നാപനം ആ വ്യക്തിയും യഹോവയും തമ്മിലുള്ള സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യമാണ്. അതുകൊണ്ട് സ്നാപനാർഥികൾ കെട്ടിപ്പിടിച്ചോ കൈകൾ കോർത്തുപിടിച്ചോ സ്നാപനമേൽക്കുന്നത് അനുചിതമാണ്.
ബാഡ്ജ് കാർഡുകൾ: കൺവെൻഷൻ നഗരിയിലായിരിക്കുമ്പോഴും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയിലും 1997 ബാഡ്ജ് കാർഡ് ദയവായി ധരിക്കുക. നല്ലൊരു സാക്ഷ്യം നൽകാൻ ഇതു മിക്കപ്പോഴും അവസരമേകുന്നു. ബാഡ്ജ് കാർഡുകളും ഹോൾഡറുകളും നിങ്ങളുടെ സഭ മുഖാന്തരം വാങ്ങേണ്ടതാണ്, കാരണം കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കുന്നതല്ല. നിങ്ങൾക്കും കുടുംബത്തിനുംവേണ്ടി കാർഡുകൾ ചോദിക്കുന്നതിനു കൺവെൻഷന്റെ ഏതാനും ദിവസം മുമ്പുവരെ കാത്തിരിക്കരുത്. നിങ്ങളുടെ നിലവിലുള്ള മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് എടുക്കാൻ ഓർമിക്കണം.
താമസസൗകര്യം: ഇക്കാര്യത്തിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നപക്ഷം അതു കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ താമസസൗകര്യ ഡിപ്പാർട്ടുമെൻറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ദയവുണ്ടാകണം. കാരണം ഉടൻതന്നെ പ്രശ്നം പരിഹരിക്കാൻ അവർക്കു നിങ്ങളെ സഹായിക്കാനാകും. അനുയോജ്യമായ കൺവെൻഷൻ വിലാസത്തിൽ മുറികൾക്കുള്ള അപേക്ഷാഫാറങ്ങൾ സത്വരം അയച്ചുവെന്നു സഭാസെക്രട്ടറിമാർ ഉറപ്പുവരുത്തണം. ഏതെങ്കിലും താമസസൗകര്യം നിങ്ങൾക്കു റദ്ദാക്കേണ്ടതുണ്ടെങ്കിൽ ഉടൻതന്നെ വിവരം കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറിനെ അറിയിക്കേണ്ടതുണ്ട്. അങ്ങനെയാവുമ്പോൾ ആ മുറി മറ്റാർക്കെങ്കിലും കൊടുക്കാൻ സാധിക്കും.
സ്വമേധയാ സേവനം: ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെൻറിൽ സഹായിക്കാൻ കൺവെൻഷനിൽവെച്ച് നിങ്ങൾക്കു കുറെ സമയം നീക്കിവെക്കാൻ കഴിയുമോ? ഏതാനും മണിക്കൂറുകളാണെങ്കിൽപ്പോലും നമ്മുടെ സഹോദരങ്ങളെ സേവിക്കുന്നതു വളരെ സഹായകരമായിരിക്കാൻ കഴിയും, അതു വളരെ സംതൃപ്തിയും കൈവരുത്തും. നിങ്ങൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ, കൺവെൻഷനിലെ സ്വമേധയാ സേവന ഡിപ്പാർട്ടുമെൻറിനെ അത് അറിയിക്കുക. മാതാവിന്റെയോ പിതാവിന്റെയോ ഉത്തരവാദിത്വമുള്ള മുതിർന്ന ആരുടെയെങ്കിലുമോ കൂടെ പ്രവർത്തിച്ചുകൊണ്ട് 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഒരു നല്ല സഹായമായിരിക്കാവുന്നതാണ്.
മുന്നറിയിപ്പിൻ വാക്കുകൾ: ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതിനാൽ, അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. മിക്കപ്പോഴും കള്ളൻമാരും തത്ത്വദീക്ഷയില്ലാത്ത മറ്റു വ്യക്തികളും തങ്ങളുടെ ഭവന ചുറ്റുപാടിൽനിന്നും അകലെയായിരിക്കുന്ന ആളുകളെ പറ്റിക്കാൻ തക്കംപാർത്തിരിക്കും. വലിയ കൂട്ടങ്ങളിലാണ് കള്ളൻമാരും പോക്കറ്റടിക്കാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിൽ വെച്ചിട്ടു പോകുന്നതു ബുദ്ധിയായിരിക്കില്ല. ചുറ്റുമുള്ള എല്ലാവരും ക്രിസ്ത്യാനികളാണെന്ന് യാതൊരു ഉറപ്പുമില്ല. എന്തിനാണു പ്രലോഭനം വെച്ചുനീട്ടുന്നത്? കുട്ടികളെ വശീകരിച്ചുകൊണ്ടുപോകാൻ പുറത്തുള്ള ചിലർ ശ്രമിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ സമയത്തും കുട്ടികളുടെമേൽ ഒരു കണ്ണുണ്ടായിരിക്കുക.
പല ഹോട്ടലുകളിലുമുള്ള ടെലിവിഷൻ-വീഡിയോ പരിപാടികൾ അസഭ്യവും അശ്ലീലവുമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ഈ കെണി സംബന്ധിച്ചു ജാഗ്രത പുലർത്തുക, മേൽനോട്ടമില്ലാതെ കുട്ടികൾ മുറിയിൽ ടിവി കാണാൻ അനുവദിക്കരുത്.
കൺവെൻഷൻ കാര്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കൺവെൻഷൻ ഓഡിറ്റോറിയത്തിന്റെ ഭാരവാഹികൾക്കു ഫോൺ ചെയ്യുകയോ എഴുതുകയോ അരുത്. മൂപ്പൻമാരിൽനിന്നു വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, ദയവായി 1997 ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കൺവെൻഷൻ കേന്ദ്രങ്ങളുടെ വിലാസത്തിൽ എഴുതുക.