വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യേശുവിന്റെ അവസാനത്തെ പെസഹ ആസന്നമായിരിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 112

      യേശുവിന്റെ അവസാനത്തെ പെസഹ ആസന്നമായിരിക്കുന്നു

      നീസാൻ 11-ാം തീയതി ചൊവ്വാഴ്‌ച അവസാനിക്കാറാകുമ്പോഴേക്കും യേശു ഒലിവു മലയിലിരുന്നുകൊണ്ട്‌ തന്റെ അപ്പൊസ്‌തലൻമാരെ പഠിപ്പിക്കുന്നത്‌ മതിയാക്കുന്നു. അത്‌ എത്ര തിരക്കും ബുദ്ധിമുട്ടും നിറഞ്ഞ ദിവസമായിരുന്നു! ഇപ്പോൾ ഒരുപക്ഷേ ബെഥനിയിലേക്കുളള മടക്ക യാത്രയിൽ അവൻ അപ്പൊസ്‌തലൻമാരോട്‌ പറയുന്നു: “ഇനിയും രണ്ടും ദിവസം കഴിഞ്ഞാൽ പെസഹായാണെന്ന്‌ നിങ്ങൾക്കറിയാം, മനുഷ്യപുത്രൻ വധിക്കപ്പെടേണ്ടതിന്‌ ഏൽപ്പിച്ചു കൊടുക്കപ്പെടാൻ പോകുന്നു.”

      അടുത്ത ദിവസം നീസാൻ 12 ബുധനാഴ്‌ച യേശു അപ്പൊസ്‌തലൻമാരോടുകൂടെ സ്വകാര്യമായി ചെലവഴിക്കുന്നു. തലേദിവസം അവൻ മതനേതാക്കൻമാരെ പരസ്യമായി ശാസിച്ചിരുന്നു, അവർ അവനെ കൊല്ലാൻ അന്വേഷിക്കുകയാണെന്ന്‌ അവൻ തിരിച്ചറിയുന്നു. പിറേറന്ന്‌ വൈകിട്ട്‌ അപ്പൊസ്‌തലൻമാരോടൊപ്പം പെസഹ ആഘോഷിക്കുന്നതിൽ നിന്ന്‌ യാതൊന്നും തന്നെ തടയാൻ ആഗ്രഹിക്കാത്തതുകൊണ്ട്‌ ബുധനാഴ്‌ച അവൻ പരസ്യമായി എങ്ങും പ്രത്യക്ഷപ്പെടുന്നില്ല.

      അതേസമയം മുഖ്യപുരോഹിതൻമാരും ജനത്തിന്റെയിടയിലെ മൂപ്പൻമാരും പ്രധാന പുരോഹിതനായ കയ്യാഫാവിന്റെ മുററത്ത്‌ സമ്മേളിച്ചിരിക്കുകയാണ്‌. തലേദിവസത്തെ യേശുവിന്റെ കടന്നാക്രമണത്തിന്റെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത അവർ അവനെ കൗശലപൂർവ്വം പിടികൂടി കൊന്നു കളയുന്നതിന്‌ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്‌. എന്നിരുന്നാലും “ജനങ്ങൾ ബഹളം ഉണ്ടാക്കാതിരിക്കേണ്ടതിന്‌ പെരുന്നാളിന്‌ വേണ്ട” എന്ന്‌ അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. യേശുവിന്‌ ജനപ്രീതിയുളളതുകൊണ്ട്‌ അവർ ജനങ്ങളെ ഭയപ്പെടുന്നു.

      യേശുവിനെ വധിക്കാൻ മതനേതാക്കൻമാർ ദുഷ്ടമായ ആലോചന നടത്തിക്കൊണ്ടിരിക്കുമ്പോൾ അവർ ഒരു സന്ദർശകനെ സ്വീകരിക്കുന്നു. അത്‌ യേശുവിന്റെ സ്വന്തം അപ്പൊസ്‌തലൻമാരിൽ ഒരാളായ യൂദാ ഈസ്‌കാരിയോത്ത്‌ ആണെന്നുളളത്‌ അവരെ അതിശയിപ്പിക്കുന്നു. തന്റെ യജമാനനെ ഒററിക്കൊടുക്കുക എന്നുളള ഹീനമായ ആശയം സാത്താൻ അവന്റെ ഹൃദയത്തിൽ നട്ടിരിക്കുന്നു! “അവനെ നിങ്ങൾക്ക്‌ ഏൽപ്പിച്ചു തരുന്നതിന്‌ നിങ്ങൾ എനിക്ക്‌ എന്തു തരും?” എന്ന്‌ യൂദാ അന്വേഷിക്കുമ്പോൾ അവർക്ക്‌ എന്തോരു സന്തോഷമാണ്‌. ന്യായപ്രമാണനിയമമനുസരിച്ച്‌ ഒരു അടിമയുടെ വിലയായ 30 വെളളിനാണയം അവന്‌ കൊടുക്കാമെന്ന്‌ അവർ സന്തോഷപൂർവ്വം സമ്മതിക്കുന്നു. അപ്പോൾ മുതൽ ചുററുപാടും ജനക്കൂട്ടം ഇല്ലാത്ത ഒരു സമയത്ത്‌ യേശുവിനെ ഒററിക്കൊടുക്കാനുളള ഒരു നല്ല അവസരം യൂദാ അന്വേഷിക്കുന്നു.

      നീസാൻ 13, ബുധനാഴ്‌ച സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു. യേശു യെരീഹോയിൽ നിന്ന്‌ വന്നത്‌ വെളളിയാഴ്‌ചയായിരുന്നു, അതുകൊണ്ട്‌ യേശു ബെഥനിയിൽ ചെലവഴിക്കുന്ന ആറാമത്തേതും അവസാനത്തേതുമായ രാത്രിയാണിത്‌. പിറേറന്ന്‌ വ്യാഴാഴ്‌ച അന്നു സൂര്യാസ്‌തമയത്തിനു ശേഷം ആരംഭിക്കുന്ന പെസഹാക്കുളള അവസാന തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്‌. പെസഹാകുഞ്ഞാടിനെ അറുക്കേണ്ടതും മുഴുവനോടെ ചുട്ടെടുക്കേണ്ടതും അപ്പോഴാണ്‌. അവർ പെരുന്നാൾ എവിടെ ആഘോഷിക്കും, ആരാണ്‌ അതിനുളള ഒരുക്കങ്ങൾ നടത്തുക?

      യൂദാ മുഖ്യ പുരോഹിതൻമാർക്ക്‌ വിവരം നൽകുന്നതിനും അവർ പെസഹാ ആഘോഷത്തിനിടയിൽ അവനെ പിടികൂടുന്നതിനും ഇടയാക്കാതിരിക്കേണ്ടതിന്‌ യേശു അത്‌ സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ, സാദ്ധ്യതയനുസരിച്ച്‌ വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ്‌ അധികം താമസിയാതെ, “പോയി നാം പെസഹാ ഭക്ഷിക്കേണ്ടതിന്‌ ഒരുക്കങ്ങൾ ചെയ്യുവിൻ” എന്ന്‌ പറഞ്ഞുകൊണ്ട്‌ യേശു ബെഥനിയിൽ നിന്ന്‌ പത്രോസിനെയും യോഹന്നാനെയും അയക്കുന്നു.

      “ഞങ്ങൾ അത്‌ എവിടെ ഒരുക്കാനാണ്‌ നീ ആഗ്രഹിക്കുന്നത്‌,” അവർ ചോദിക്കുന്നു.

      “നിങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ,” യേശു വിശദീകരിക്കുന്നു, “ഒരു മൺകുടത്തിൽ വെളളവും ചുമന്നുകൊണ്ട്‌ പോകുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും. അവൻ പ്രവേശിക്കുന്ന വീട്ടിലേക്ക്‌ അവന്റെ പിന്നാലെ ചെല്ലുക. ആ വീട്ടുടമയോട്‌ നിങ്ങൾ ഇങ്ങനെ പറയണം: ‘“ഞാൻ എന്റെ ശിഷ്യൻമാരോടുകൂടെ പെസഹാ കഴിക്കാനുളള മുറി ഏതാണ്‌?” എന്ന്‌ ഗുരു നിന്നോട്‌ ചോദിക്കുന്നു.’ ആ മനുഷ്യൻ വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി നിങ്ങളെ കാണിച്ചു തരും അവിടെ ഒരുക്കങ്ങൾ ചെയ്യുവിൻ.”

      വീട്ടുടയവൻ യേശുവിന്റെ ഒരു ശിഷ്യനാണെന്നുളളതിന്‌ സംശയമില്ല, അയാൾ ഒരുപക്ഷേ ഈ പ്രത്യേക അവസരത്തിൽ തന്റെ വീട്‌ ഉപയോഗിക്കാനുളള യേശുവിന്റെ ഈ അഭ്യർത്ഥന പ്രതീക്ഷിക്കുന്നുണ്ടാകണം. ഏതായാലും പത്രോസും യോഹന്നാനും യെരൂശലേമിലെത്തുമ്പോൾ യേശു മുൻകൂട്ടി പറഞ്ഞപ്രകാരമെല്ലാം അവർ കണ്ടെത്തുന്നു. അതുകൊണ്ട്‌ കുഞ്ഞാടിനെ ശരിയാക്കുന്നതിലും യേശുവും അവന്റെ 12 അപ്പൊസ്‌തലൻമാരുമായി 13 പേർക്ക്‌ പെസഹാ ആഘോഷിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ചെയ്യുന്നതിനും അവർ ശ്രദ്ധിക്കുന്നു. മത്തായി 26:1-5, 14-19; മർക്കോസ്‌ 14:1, 2, 10-16; ലൂക്കോസ്‌ 22:1-13; പുറപ്പാട്‌ 21:32.

      ▪ പ്രത്യക്ഷത്തിൽ യേശു ബുധനാഴ്‌ച എന്തു ചെയ്യുന്നു, എന്തുകൊണ്ട്‌?

      ▪ പ്രധാനപുരോഹിതന്റെ വീട്ടിൽ എന്തു യോഗമാണ്‌ നടക്കുന്നത്‌, ഏത്‌ ഉദ്ദേശ്യത്തിലാണ്‌ യൂദാ മതനേതാക്കൻമാരെ സന്ദർശിക്കുന്നത്‌?

      ▪ വ്യാഴാഴ്‌ച യേശു ആരെ യെരൂശലേമിലേക്ക്‌ അയക്കുന്നു, എന്തിനുവേണ്ടി?

      ▪ ഇങ്ങനെ അയക്കപ്പെട്ടവർ ഒരിക്കൽകൂടി യേശുവിന്റെ അത്ഭുതശക്തികൾ വെളിവാക്കുന്ന എന്തു കണ്ടെത്തുന്നു?

  • അവസാന പെസഹാ വേളയിൽ താഴ്‌മ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 113

      അവസാന പെസഹാ വേളയിൽ താഴ്‌മ

      യേശുവിന്റെ നിർദ്ദേശമനുസരിച്ച്‌ പത്രോസും യോഹന്നാനും പെസഹ ഭക്ഷണത്തിനുളള ഒരുക്കങ്ങൾ ചെയ്യേണ്ടതിന്‌ യെരൂശലേമിൽ എത്തിയിരിക്കുന്നു. യേശു ശേഷം പത്ത്‌ അപ്പൊസ്‌തലൻമാരുമായി കുറച്ചുകൂടി കഴിഞ്ഞ്‌ വന്നെത്തുന്നു. യേശുവും കൂടെയുളളവരും ഒലിവുമല ഇറങ്ങി വരുമ്പോൾ സൂര്യൻ അസ്‌തമിക്കാറായിരിക്കുന്നു. ഇപ്പോൾ പുനരുത്ഥാനത്തിന്‌ മുമ്പ്‌ യേശു യെരൂശലേമിനെ ഒലിവു മലയിൽ നിന്നുകൊണ്ട്‌ പകൽ സമയത്ത്‌ അവസാനമായി നോക്കിക്കാണുകയാണ്‌.

      പെട്ടെന്നുതന്നെ യേശുവും സംഘവും നഗരത്തിൽ എത്തി പെസഹാ ആഘോഷിക്കാനുളള ഭവനത്തിലേക്ക്‌ നീങ്ങുന്നു. അവർ മുകളിലത്തെ നിലയിലുളള വിശാലമായ മുറിയിലേക്കുളള പടികൾ കയറുന്നു. അവിടെ അവർക്ക്‌ സ്വകാര്യമായി പെസഹ ആഘോഷിക്കുന്നതിനുളള തയ്യാറെടുപ്പെല്ലാം നടത്തപ്പെട്ടിരിക്കുന്നു. യേശു പറയുംപ്രകാരം അവൻ ആകാംക്ഷാപൂർവ്വം ഈ സന്ദർഭത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയായിരുന്നു: “ഞാൻ കഷ്ടം അനുഭവിക്കുന്നതിനുമുമ്പ്‌ ഈ പെസഹാ നിങ്ങളോടുകൂടെ ഭക്ഷിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു.”

      പാരമ്പര്യ ആചാരമനുസരിച്ച്‌ പെസഹ ഭക്ഷണത്തിൽ പങ്കെടുക്കുന്നവർ നാല്‌ കപ്പ്‌ വീഞ്ഞു കുടിക്കുന്നു. പ്രത്യക്ഷത്തിൽ മൂന്നാമത്തെ കപ്പ്‌ കയ്യിലെടുത്ത്‌ നന്ദി പറഞ്ഞശേഷം യേശു ഇപ്രകാരം പറയുന്നു: “ഇത്‌ വാങ്ങി പങ്കുവയ്‌ക്കുവിൻ; എന്തുകൊണ്ടെന്നാൽ ഇപ്പോൾ മുതൽ ദൈവരാജ്യം വരുന്നതുവരെ ഞാൻ മുന്തിരിയുടെ ഫലത്തിൽ നിന്ന്‌ കുടിക്കുകയില്ല എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

      ഭക്ഷണത്തിനിടയിൽ യേശു എഴുന്നേററ്‌ തന്റെ പുറങ്കുപ്പായം ഊരി മാററി കയ്യിൽ ഒരു തുവർത്ത്‌ എടുത്ത്‌ ഒരു പാത്രത്തിൽ വെളളം നിറക്കുന്നു. സാധാരണഗതിയിൽ, അതിഥികളുടെ കാൽ കഴുകുന്ന കാര്യത്തിൽ ആതിഥേയൻ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഈ സന്ദർഭത്തിൽ അങ്ങനെയൊരു ആതിഥേയൻ സന്നിഹിതനല്ലാഞ്ഞതിനാൽ വ്യക്തിപരമായ ഈ സേവനം ചെയ്യുന്നതിൽ യേശു ശ്രദ്ധിക്കുന്നു. അപ്പൊസ്‌തലൻമാരിൽ ആർക്കു വേണമെങ്കിലും ഈ സന്ദർഭത്തിൽ അത്‌ ചെയ്യാമായിരുന്നു; എന്നിരുന്നാലും പ്രത്യക്ഷത്തിൽ അവർക്കിടയിൽ ഇപ്പോഴും അൽപ്പം മൽസരം ഉളളതുകൊണ്ട്‌ ആരും അത്‌ ചെയ്യുന്നില്ല. ഇപ്പോൾ യേശു അവരുടെ പാദങ്ങൾ കഴുകാൻ തുടങ്ങുമ്പോൾ അവർ അന്ധാളിക്കുന്നു.

      യേശു പത്രോസിന്റെ അടുക്കൽ വരുമ്പോൾ അവൻ പ്രതിഷേധിക്കുന്നു: “നീ ഒരിക്കലും എന്റെ പാദങ്ങൾ കഴുകുകയില്ല.”

      “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക്‌ എന്നോടുകൂടെ പങ്കില്ല,” യേശു പറയുന്നു.

      “കർത്താവേ, എന്റെ പാദങ്ങൾ മാത്രമല്ല എന്റെ കൈകളും തലയുംകൂടെ കഴുകിയാലും,” പത്രോസ്‌ പ്രതിവചിക്കുന്നു.

      യേശു മറുപടിയായി പറയുന്നു, “കുളിച്ചിരിക്കുന്നവന്‌ കാൽ അല്ലാതെ ഒന്നും കഴുകുവാൻ ആവശ്യമില്ല, അവൻ മുഴുവനും ശുദ്ധിയുളളവനാണ്‌. നിങ്ങൾ ശുദ്ധിയുളളവർ ആകുന്നു, എന്നാൽ എല്ലാവരും അല്ല.” യൂദാ ഈസ്‌കാരിയോത്ത്‌ തന്നെ ഒററിക്കൊടുക്കാൻ ആസൂത്രണം ചെയ്യുകയാണ്‌ എന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌ അവൻ ഇങ്ങനെ പറഞ്ഞത്‌.

      തന്നെ ഒററിക്കൊടുക്കാനിരിക്കുന്ന യൂദായുടേത്‌ ഉൾപ്പെടെ പന്ത്രണ്ടു പേരുടെയും പാദങ്ങൾ കഴുകിയശേഷം യേശു തന്റെ പുറംകുപ്പായം ധരിച്ച്‌ വീണ്ടും മേശക്കൽ ചാരിക്കിടക്കുന്നു. എന്നിട്ട്‌ അവൻ ചോദിക്കുന്നു: “ഞാൻ നിങ്ങളോട്‌ എന്താണ്‌ ചെയ്‌തത്‌ എന്ന്‌ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌’ എന്നും വിളിക്കുന്നു. അത്‌ ശരിയുമാണ്‌, എന്തുകൊണ്ടെന്നാൽ ഞാൻ അങ്ങനെയാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങൾ പരസ്‌പരം പാദങ്ങൾ കഴുകാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ ചെയ്‌തതുപോലെ തന്നെ നിങ്ങളും ചെയ്യേണ്ടതിന്‌ ഞാൻ നിങ്ങൾക്ക്‌ ഒരു മാതൃക വച്ചിരിക്കുന്നു. ഒരു അടിമ യജമാനനെക്കാൾ വലിയവനല്ല, അയക്കപ്പെടുന്നവൻ അയക്കുന്നവനേക്കാളും വലിയവനല്ല എന്ന്‌ ഏററവും സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു. നിങ്ങൾ ഈ കാര്യങ്ങൾ അറിയുന്നുവെങ്കിൽ അങ്ങനെ ചെയ്‌താൽ സന്തുഷ്ടരായിരിക്കും.”

      എളിയ സേവനത്തിന്റെ എത്ര സുന്ദരമായ ഒരു പാഠം! തങ്ങൾ വളരെ പ്രധാനപ്പെട്ടവരായിരിക്കുകയാൽ എല്ലാവരും തങ്ങളെ സേവിക്കണമെന്ന്‌ വിചാരിച്ചുകൊണ്ട്‌ അപ്പൊസ്‌തലൻമാർ ഒന്നാം സ്ഥാനം അന്വേഷിക്കരുത്‌. അവർ യേശു വച്ച മാതൃക പിൻപറേറണ്ടതുണ്ട്‌. ഇത്‌ ആചാരപരമായ പാദം കഴുകലിന്റെ ഒരു സംഗതിയല്ല. അല്ല, മറിച്ച്‌ സേവനം എത്രതന്നെ താണതോ അസുഖകരമോ ആയിരുന്നാലും പക്ഷാഭേദം കൂടാതെ എല്ലാവർക്കും വേണ്ടി അത്‌ ചെയ്യാനുളള മനസ്സൊരുക്കമാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. മത്തായി 26:20, 21; മർക്കോസ്‌ 14:17, 18; ലൂക്കോസ്‌ 22:14-18; 7:44; യോഹന്നാൻ 13:1-17.

      ▪ പെസഹ ആഘേഷിക്കുന്നതിനുവേണ്ടി യെരൂശലേമിൽ പ്രവേശിക്കുമ്പോൾ യേശു ആ നഗരത്തെ വീക്ഷിക്കുന്നതിൽ എന്ത്‌ പ്രത്യേകതയാണുളളത്‌?

      ▪ പെസഹാ ഭക്ഷണവേളയിൽ അനുഗ്രഹത്തിനായി അപേക്ഷിച്ചശേഷം പ്രത്യക്ഷത്തിൽ എത്രാമത്തെ പാനപാത്രമാണ്‌ യേശു തന്റെ 12 അപ്പൊസ്‌തലൻമാർക്ക്‌ കൈമാറിക്കൊടുക്കുന്നത്‌?

      ▪ യേശു ഭൂമിയിലായിരുന്നപ്പോൾ അതിഥികൾക്ക്‌ എന്തു വ്യക്തിപരമായ സേവനം ചെയ്യുന്ന ആചാരമാണ്‌ നിലവിലുണ്ടായിരുന്നത്‌, യേശുവും അപ്പൊസ്‌തലൻമാരും പെസഹ ആഘോഷിച്ചപ്പോൾ അത്‌ ചെയ്യപ്പെടാഞ്ഞത്‌ എന്തുകൊണ്ട്‌?

      ▪ തന്റെ അപ്പൊസ്‌തലൻമാരുടെ പാദങ്ങൾ കഴുകുന്ന എളിയജോലി ചെയ്‌തതിലെ യേശുവിന്റെ ഉദ്ദേശ്യമെന്തായിരുന്നു?

  • സ്‌മാരക സന്ധ്യാഭക്ഷണം
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 114

      സ്‌മാരക സന്ധ്യാഭക്ഷണം

      തന്റെ അപ്പൊസ്‌തലൻമാരുടെ പാദങ്ങൾ കഴുകിയശേഷം ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു സങ്കീർത്തനം 41:9ലെ തിരുവെഴുത്ത്‌ ഉദ്ധരിക്കുന്നു: “എന്റെ അപ്പം പതിവായി തിന്നുകൊണ്ടിരുന്നവൻ എനിക്കെതിരെ തന്റെ കുതികാൽ ഉയർത്തിയിരിക്കുന്നു.” പിന്നീട്‌ ആത്മാവിൽ അസ്വസ്ഥനായിക്കൊണ്ട്‌ അവൻ വിശദീകരിക്കുന്നു: “നിങ്ങളിൽ ഒരുവൻ എന്നെ ഒററിക്കൊടുക്കും.”

      അപ്പൊസ്‌തലൻമാർ ദുഃഖിക്കുകയും ഓരോരുത്തരായി യേശുവിനോട്‌, “അത്‌ ഞാനല്ല, ആണോ?” എന്ന്‌ ചോദിച്ചു തുടങ്ങുകയും ചെയ്യുന്നു. യൂദാ ഈസ്‌കാരിയോത്ത്‌ പോലും ഇങ്ങനെ ചോദിക്കുന്നതിൽ പങ്കു ചേരുന്നു. മേശക്കൽ യേശുവിനോട്‌ ചേർന്ന്‌ ചാരിക്കിടക്കുന്ന യോഹന്നാൻ യേശുവിന്റെ നെഞ്ചിലേക്ക്‌ പിന്നോക്കം ചാഞ്ഞ്‌, “കർത്താവേ, അത്‌ ആരാണ്‌?” എന്ന്‌ ചോദിക്കുന്നു.

      “അത്‌ എന്നോടുകൂടെ താലത്തിൽ കൈമുക്കുന്ന പന്ത്രണ്ടു പേരിൽ ഒരുവനാണ്‌,” യേശു ഉത്തരമായി പറയുന്നു. “മനുഷ്യപുത്രൻ അവനെക്കുറിച്ച്‌ എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു, സത്യം, എന്നാൽ ആർ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നുവോ അവന്‌ ഹാ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നുവെങ്കിൽ അവന്‌ ഏറെ നന്നായിരുന്നു.” അതിനുശേഷം ദുഷ്ടമായിത്തീർന്നിരിക്കുന്ന യൂദായുടെ ഹൃദയത്തിൽ പ്രവേശിക്കാനുളള അവസരം മുതലാക്കിക്കൊണ്ട്‌ സാത്താൻ അവനിൽ കടക്കുന്നു. അന്നു രാത്രി പിന്നീടൊരവസരത്തിൽ യേശു ഉചിതമായിത്തന്നെ യൂദായെ “നാശപുത്രൻ” എന്ന്‌ വിളിക്കുന്നു.

      യേശു ഇപ്പോൾ യൂദായോടായി പറയുന്നു: “നീ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ വേഗത്തിൽ ചെയ്യുക.” യേശു എന്താണ്‌ അർത്ഥമാക്കുന്നതെന്ന്‌ അപ്പൊസ്‌തലൻമാരിൽ മററാർക്കും മനസ്സിലാകുന്നില്ല. പണപ്പെട്ടി യൂദായുടെ പക്കലാകയാൽ, “പെരുന്നാളിന്‌ ആവശ്യമായത്‌ എന്തെങ്കിലും വാങ്ങാനോ” അല്ലെങ്കിൽ അവൻ പോയി സാധുക്കൾക്ക്‌ എന്തെങ്കിലും കൊടുക്കാനോ ആണ്‌ യേശു അവനോട്‌ പറയുന്നതെന്ന്‌ ചിലർ വിചാരിക്കുന്നു.

      യൂദാ പോയശേഷം യേശു തന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലൻമാരുടെ മുമ്പാകെ തികച്ചും പുതുതായ ഒരു ആഘോഷം അല്ലെങ്കിൽ അനുസ്‌മരണം അവതരിപ്പിക്കുന്നു. അവർ ഒരു അപ്പമെടുത്ത്‌ നന്ദി പ്രകടനത്തിനുശേഷം അത്‌ മുറിച്ച്‌ “വാങ്ങി ഭക്ഷിക്കുവിൻ” എന്ന്‌ പറഞ്ഞുകൊണ്ട്‌ അവർക്ക്‌ കൊടുക്കുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “ഇത്‌ നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരത്തെ അർത്ഥമാക്കുന്നു. ഇത്‌ എന്റെ ഓർമ്മക്കായി ചെയ്‌തുകൊണ്ടിരിക്കുവിൻ.”

      അവരെല്ലാവരും അപ്പം ഭക്ഷിച്ചശേഷം യേശു പാനപാത്രവും എടുക്കുന്നു, പ്രത്യക്ഷത്തിൽ അത്‌ പെസഹാ ശുശ്രൂഷയിലെ നാലാമത്തെ കപ്പാണ്‌. അതിൻമേലും നന്ദി നൽകുന്ന ഒരു പ്രാർത്ഥന നടത്തിയശേഷം അത്‌ അവർക്ക്‌ നീട്ടിക്കൊടുത്തുകൊണ്ട്‌ അവരോട്‌ അതിൽ നിന്ന്‌ കുടിക്കാൻ ആവശ്യപ്പെടുന്നു. അവൻ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഈ പാനപാത്രം നിങ്ങൾക്കായി ചൊരിയപ്പെടുന്ന എന്റെ രക്തത്താലുളള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.”

      അതുകൊണ്ട്‌ വാസ്‌തവത്തിൽ ഇതാണ്‌ യേശുവിന്റെ മരണത്തിന്റെ സ്‌മാരകം. ഓരോ വർഷവും നീസാൻ 14-ന്‌ യേശു പറയുന്നപ്രകാരം അവന്റെ ഓർമ്മക്കായി അത്‌ ആവർത്തിക്കപ്പെടുന്നു. മരണവിധിയിൽ നിന്ന്‌ മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻവേണ്ടി യേശുവും അവന്റെ സ്വർഗ്ഗീയ പിതാവും ചെയ്‌തതിനെപ്പററി അത്‌ ആ ആഘോഷത്തിൽ പങ്കെടുക്കുന്നവരെ അനുസ്‌മരിപ്പിക്കുന്നു. ക്രിസ്‌തുവിന്റെ അനുയായികളായിത്തീർന്ന യഹൂദൻമാരെ സംബന്ധിച്ചിടത്തോളം ഈ ആഘോഷം അവർക്ക്‌ പെസഹക്ക്‌ പകരമായിരിക്കും.

      യേശുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ നിലവിൽ വരുന്ന പുതിയ ഉടമ്പടി പഴയന്യായപ്രമാണഉടമ്പടിക്ക്‌ പകരമായിരിക്കും. അത്‌ ഒരുപക്ഷത്ത്‌ യഹോവയാം ദൈവവും മറുപക്ഷത്ത്‌ 1,44,000 ആത്മജനനം പ്രാപിച്ച ക്രിസ്‌ത്യാനികളും തമ്മിൽ യേശുക്രിസ്‌തുവിന്റെ മദ്ധ്യസ്ഥതയിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. പാപങ്ങളുടെ മോചനത്തിനുളള കരുതൽ ചെയ്യുന്നതു കൂടാതെ രാജകീയ പുരോഹിതൻമാരുടെ ഒരു സ്വർഗ്ഗീയ ജനതയെ ഉളവാക്കുന്നതിനും അത്‌ ഇടയാക്കുന്നു. മത്തായി 26:21-29; മർക്കോസ്‌ 14:18-25; ലൂക്കോസ്‌ 22:19-23; യോഹന്നാൻ 13:18-30; 17:12; 1 കൊരിന്ത്യർ 5:7.

      ▪ ഒരു സ്‌നേഹിതനെ സംബന്ധിച്ചുളള ഏതു ബൈബിൾ പ്രവചനമാണ്‌ യേശു ഉദ്ധരിക്കുന്നത്‌, അവൻ അത്‌ എങ്ങനെ ബാധകമാക്കുന്നു?

      ▪ അപ്പൊസ്‌തലൻമാർ അതീവ ദുഃഖിതരായിത്തീരുന്നത്‌ എന്തുകൊണ്ട്‌, അവരിൽ ഓരോരുത്തരും എന്തു ചോദിക്കുന്നു?

      ▪ യൂദായോട്‌ എന്തു ചെയ്യാനാണ്‌ യേശു ആവശ്യപ്പെടുന്നത്‌, ഈ നിർദ്ദേശങ്ങൾ മററ്‌ അപ്പൊസ്‌തലൻമാർ എങ്ങനെ വ്യാഖ്യാനിക്കുന്നു?

      ▪ യൂദാ പോയശേഷം എന്ത്‌ ആഘോഷമാണ്‌ യേശു ഏർപ്പെടുത്തുന്നത്‌, അതുകൊണ്ട്‌ എന്ത്‌ ഉദ്ദേശ്യമാണ്‌ സാധിക്കുന്നത്‌?

      ▪ പുതിയ ഉടമ്പടിയിലെ കക്ഷികൾ ആരെല്ലാമാണ്‌, ആ ഉടമ്പടി എന്ത്‌ സാധിപ്പിക്കുന്നു?

  • തർക്കം പൊന്തിവരുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 115

      തർക്കം പൊന്തിവരുന്നു

      അന്നു വൈകിട്ട്‌, കുറച്ചു മുമ്പ്‌, അപ്പൊസ്‌തലൻമാരുടെ പാദങ്ങൾ കഴുകിക്കൊണ്ട്‌ യേശു എളിയ സേവനത്തിന്റെ അതിസുന്ദരമായ ഒരു പാഠം അവരെ പഠിപ്പിച്ചതേയുളളു. തുടർന്ന്‌ ആസന്നമായിരിക്കുന്ന തന്റെ മരണത്തിന്റെ സ്‌മാരകം അവൻ ഏർപ്പെടുത്തി. അപ്പോൾ തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നതിന്റെ വീക്ഷണത്തിൽ ഇപ്പോൾ ആശ്ചര്യകരമായ ഒരു സംഭവമാണ്‌ നടക്കുന്നത്‌. തങ്ങളിൽ ആരാണ്‌ ഏററവും വലിയവൻ എന്നതു സംബന്ധിച്ച്‌ അവർ ചൂടുപിടിച്ച ഒരു തർക്കത്തിൽ ഏർപ്പെടുന്നു! പ്രത്യക്ഷത്തിൽ ഇത്‌ കുറേക്കാലമായി തുടർന്ന്‌ പോരുന്ന ഒരു തർക്കത്തിന്റെ ഭാഗമാണ്‌.

      പർവ്വതത്തിൽ വച്ച്‌ യേശു മറുരൂപപെട്ടതിന്‌ ശേഷം തങ്ങളിൽ ആരാണ്‌ ഏററവും വലിയവൻ എന്നതിനെ സംബന്ധിച്ച്‌ അപ്പൊസ്‌തലൻമാർ തമ്മിൽ തർക്കിച്ചത്‌ ഓർമ്മിക്കുക. കൂടാതെ അപ്പൊസ്‌തലൻമാർക്കിടയിൽ കൂടുതൽ മൽസരത്തിനിടയാക്കിക്കൊണ്ട്‌ യാക്കോബും യോഹന്നാനും രാജ്യത്തിൽ മുഖ്യസ്ഥാനങ്ങൾക്കുവേണ്ടി അഭ്യർത്ഥന നടത്തി. ഇപ്പോൾ അവരോടൊപ്പമുളള ഈ അവസാന രാത്രിയിൽ വീണ്ടും അവർ തമ്മിൽ തർക്കിക്കുന്നതു കണ്ട്‌ യേശു എത്രമാത്രം ദുഃഖിച്ചിരിക്കണം! അവൻ എന്തു ചെയ്യുന്നു?

      അപ്പൊസ്‌തലൻമാരെ അവരുടെ പെരുമാററം സംബന്ധിച്ച്‌ ശകാരിക്കുന്നതിനുപകരം അവൻ ക്ഷമാപൂർവ്വം അവരുമായി ന്യായവാദം ചെയ്യുന്നു: “ജാതികളുടെ രാജാക്കൻമാർ, അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു വിളിക്കപ്പെടുന്നു. എന്നാൽ നിങ്ങൾ അങ്ങനെ ആയിരിക്കരുത്‌. . . . എന്തുകൊണ്ടെന്നാൽ ആരാണ്‌ വലിയവൻ മേശക്കൽ ചാരിക്കിടക്കുന്നവനോ അതോ ശുശ്രൂഷ ചെയ്യുന്നവനോ? അത്‌ മേശക്കൽ ചാരിക്കിടക്കുന്നവനല്ലയോ? തുടർന്ന്‌ തന്റെ ദൃഷ്ടാന്തത്തെപ്പററി അവരെ ഓർമ്മിപ്പിച്ചിട്ട്‌ അവൻ പറയുന്നു: “എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്നവനെപ്പോലെയാണ്‌.”

      അപ്പൊസ്‌തലൻമാർക്ക്‌ ഈ അപൂർണ്ണതകളെല്ലാമുണ്ടെങ്കിലും അവർ യേശുവിന്റെ പരിശോധനാ ഘട്ടങ്ങളിൽ അവനോട്‌ പററിനിന്നിരിക്കുന്നു. അതുകൊണ്ട്‌ അവൻ പറയുന്നു: “പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തതുപോലെ ഞാൻ നിങ്ങളോട്‌ രാജ്യം സംബന്ധിച്ച്‌ ഒരു ഉടമ്പടി ചെയ്യുന്നു.” യേശുവും അവന്റെ വിശ്വസ്‌തരായ അനുയായികളും തമ്മിലുളള ഈ ഉടമ്പടി അവന്റെ രാജകീയ ഭരണത്തിൽ ഓഹരിക്കാരാകാൻ അവരെ അവനോട്‌ കൂട്ടിച്ചേർക്കുന്നു. ഒരു പരിമിത സംഖ്യയായ 1,44,000 പേർ മാത്രമാണ്‌ ഒടുവിൽ രാജ്യത്തിനുവേണ്ടിയുളള ഈ ഉടമ്പടിയിൻ കീഴിൽ വരുന്നത്‌.

      ക്രിസ്‌തുവിനോടുകൂടെ രാജ്യ ഭരണത്തിൽ പങ്കുപററാനുളള ഈ അത്ഭുതകരമായ ഭാവി പ്രത്യാശ അപ്പൊസ്‌തലൻമാർക്ക്‌ വച്ചു നീട്ടപ്പെടുന്നുവെങ്കിലും ഇപ്പോൾ അവർ ആത്മീയമായി ബലഹീനരാണ്‌. “ഇന്ന്‌ രാത്രി നിങ്ങൾ എല്ലാവരും എന്നിൽ ഇടറിപ്പോകും,” യേശു പറയുന്നു. എന്നിരുന്നാലും പത്രോസിനുവേണ്ടി താൻ പ്രാർത്ഥിച്ചിട്ടുണ്ട്‌ എന്ന്‌ അവനോട്‌ പറഞ്ഞുകൊണ്ട്‌ യേശു അവനെ ഇപ്രകാരം ഉൽസാഹിപ്പിക്കുന്നു: “നീയോ, തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരൻമാരെ ബലപ്പെടുത്തുക.”

      “കുഞ്ഞുങ്ങളെ,” യേശു വിശദീകരിക്കുന്നു, “ഇനിയും അൽപ്പകാലം കൂടിയെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുളളു. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ യഹൂദൻമാരോട്‌ പറഞ്ഞതുപോലെ ‘ഞാൻ പോകുന്നേടത്തേക്ക്‌ വരാൻ നിങ്ങൾക്കു കഴിയുകയില്ല’ എന്ന്‌ ഞാൻ ഇപ്പോൾ നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കണമെന്ന്‌ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന നൽകുകയാകുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കണമെന്ന്‌ തന്നെ. നിങ്ങൾക്ക്‌ നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.”

      “കർത്താവേ, നീ എവിടേക്കാണ്‌ പോകുന്നത്‌?” പത്രോസ്‌ ചോദിക്കുന്നു.

      “ഞാൻ പോകുന്നിടത്തേക്ക്‌ ഇപ്പോൾ നിനക്ക്‌ എന്നെ അനുഗമിക്കാൻ കഴിയുകയില്ല,” യേശു ഉത്തരമായി പറയുന്നു, “എന്നാൽ പിന്നീട്‌ നീ എന്നെ അനുഗമിക്കും.”

      “കർത്താവേ, എന്തുകൊണ്ടാണ്‌ ഇപ്പോൾ എനിക്ക്‌ അനുഗമിക്കാൻ കഴിയില്ലാത്തത്‌?” പത്രോസിന്‌ അറിയണം. “നിനക്കുവേണ്ടി ഞാൻ എന്റെ ദേഹിയെ വച്ചു കൊടുക്കും.”

      “നീ എനിക്കുവേണ്ടി നിന്റെ ദേഹിയെ വച്ചു കൊടുക്കുമോ?” യേശു ചോദിക്കുന്നു. “സത്യമായും ഇന്നു ഞാൻ നിന്നോട്‌ പറയുന്നു, അതെ ഇന്നു രാത്രി ഒരു കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പേ നീ പോലും എന്നെ മൂന്നു പ്രാവശ്യം തളളിപ്പറയും.”

      “ഞാൻ നിനക്കുവേണ്ടി മരിക്കേണ്ടി വന്നാൽ പോലും,” പത്രോസ്‌ പ്രതിഷേധിക്കുന്നു, “ഞാൻ ഒരു പ്രകാരത്തിലും നിന്നെ തളളിപ്പറയുകയില്ല.” മററ്‌ അപ്പൊസ്‌തലൻമാരും അതേ രീതിയിൽ പറയുമ്പോൾ പത്രോസ്‌ വീമ്പു പറയുന്നു: “ബാക്കി എല്ലാവരും നിന്നിൽ ഇടറിപ്പോയാലും ഞാൻ നിന്നിൽ ഇടറിപ്പോവുകയില്ല!”

      അപ്പൊസ്‌തലൻമാരെ പണസഞ്ചിയും ഭക്ഷണപ്പൊതിയും കൂടാതെ ഗലീലയിൽ പ്രസംഗപര്യടനത്തിന്‌ പറഞ്ഞയച്ച സമയത്തെ പരാമർശിച്ചുകൊണ്ട്‌ യേശു ചോദിക്കുന്നു: “നിങ്ങൾക്ക്‌ ഒന്നിനും കുറവുണ്ടായിരുന്നില്ല, ഉവ്വോ?”

      “ഇല്ല!” അവർ മറുപടിയായി പറയുന്നു.

      “എന്നാൽ ഇപ്പോൾ പണസഞ്ചിയുളളവൻ അത്‌ എടുക്കട്ടെ, അതുപോലെതന്നെ ഭക്ഷണപ്പൊതിയും,” അവൻ പറയുന്നു, “വാളില്ലാത്തവൻ തന്റെ പുറങ്കുപ്പായം വിററ്‌ ഒരു വാൾ വാങ്ങട്ടെ. എന്തുകൊണ്ടെന്നാൽ എന്നെക്കുറിച്ച്‌ എഴുതപ്പെട്ടിരിക്കുന്നത്‌ നിവർത്തിയാകേണം എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു, അതായത്‌, ‘അവൻ അധർമ്മികളോടുകൂടെ എണ്ണപ്പെട്ടു,’ എന്നതു തന്നെ. എന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നതിന്‌ നിവർത്തി വരുന്നു.

      താൻ ദുഷ്‌പ്രവൃത്തിക്കാരോടുകൂടെ അല്ലെങ്കിൽ നിയമ ലംഘികളോടുകൂടെ വധിക്കപ്പെടുന്ന സമയത്തേക്കാണ്‌ യേശു വിരൽ ചൂണ്ടുന്നത്‌. തന്റെ അനുയായികൾക്ക്‌ തുടർന്ന്‌ കഠിനമായ പീഡനം സഹിക്കേണ്ടി വരുമെന്നും അവൻ സൂചിപ്പിക്കുന്നു. “കർത്താവേ, നോക്കൂ! ഇവിടെ രണ്ടു വാളുകൾ ഉണ്ട്‌,” എന്ന്‌ അവർ പറയുന്നു.

      “അത്‌ മതി.” അവൻ മറുപടിയായി പറയുന്നു. നാം കാണാൻ പോകുന്നതുപോലെ വാളുകൾ ഉണ്ടായിരിക്കുന്നത്‌ മറെറാരു ജീവൽപ്രധാനമായ പാഠം പഠിപ്പിക്കാൻ യേശുവിനെ അനുവദിക്കും. മത്തായി 26:31-35; മർക്കോസ്‌ 14:27-31; ലൂക്കോസ്‌ 22:24-38; യോഹന്നാൻ 13:31-38; വെളിപ്പാട്‌ 14:1-3.

      ▪ അപ്പൊസ്‌തലൻമാർക്കിടയിലെ തർക്കം അത്ര ആശ്ചര്യജനകമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

      ▪ ആ തർക്കത്തെ യേശു എങ്ങനെ കൈകാര്യം ചെയ്യുന്നു?

      ▪ യേശു ശിഷ്യൻമാരുമായി ചെയ്യുന്ന ഉടമ്പടിയാൽ എന്തു സാധിക്കുന്നു?

      ▪ യേശു ഏത്‌ പുതിയ കൽപ്പന നൽകുന്നു, അത്‌ എത്രത്തോളം പ്രധാനമാണ്‌?

      ▪ പത്രോസ്‌ ഏത്‌ അതിരുകവിഞ്ഞ ആത്മവിശ്വാസം പ്രകടമാക്കുന്നു, യേശു എന്തു പറയുന്നു?

      ▪ പണസഞ്ചിയും ഭക്ഷണപ്പൊതിയും കൊണ്ടുനടക്കുന്നതിനെ സംബന്ധിച്ചുളള യേശുവിന്റെ നിർദ്ദേശങ്ങൾ നേരത്തെ നൽകിയവയിൽ നിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

  • തന്റെ വേർപാടിനുവേണ്ടി അപ്പൊസ്‌തലൻമാരെ ഒരുക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 116

      തന്റെ വേർപാടിനുവേണ്ടി അപ്പൊസ്‌തലൻമാരെ ഒരുക്കുന്നു

      സ്‌മാരക ഭക്ഷണം അവസാനിച്ചിരിക്കുന്നു, എന്നാൽ യേശുവും അപ്പൊസ്‌തലൻമാരും ഇപ്പോഴും മാളികമുറിയിൽതന്നെയാണ്‌. യേശു പെട്ടെന്നു തന്നെ അവരെ വിട്ടു പോകുമെങ്കിലും, അവന്‌ ഇപ്പോഴും വളരെ കാര്യങ്ങൾ പറയാനുണ്ട്‌. “നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകരുത്‌,” യേശു അവരെ ആശ്വസിപ്പിക്കുന്നു. “ദൈവത്തിൽ വിശ്വസിക്കുവിൻ.” എന്നാൽ അവൻ കൂട്ടിച്ചേർക്കുന്നു: “എന്നിലും വിശ്വസിക്കുവിൻ.”

      “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്‌,” യേശു തുടരുന്നു. “നിങ്ങൾക്ക്‌ ഒരു സ്ഥലം ഒരുക്കുവാൻ വേണ്ടിയാണ്‌ ഞാൻ പോകുന്നത്‌ . . . ഞാൻ എവിടെയായിരിക്കുന്നുവോ അവിടെ നിങ്ങളും ആയിരിക്കേണ്ടതിനു തന്നെ. ഞാൻ പോകുന്നിടത്തേക്കുളള വഴി നിങ്ങൾക്കറിയാം.” സ്വർഗ്ഗത്തിലേക്ക്‌ പോകുന്നതിനെപ്പററിയാണ്‌ യേശു സംസാരിക്കുന്നതെന്ന്‌ അപ്പൊസ്‌തലൻമാർക്ക്‌ മനസ്സിലാകുന്നില്ല, അതുകൊണ്ട്‌ തോമസ്‌ ചോദിക്കുന്നു: “കർത്താവേ, നീ എവിടേക്കാണ്‌ പോകുന്നതെന്ന്‌ ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ. ഞങ്ങൾ എങ്ങനെയാണ്‌ വഴി അറിയുന്നത്‌?”

      “ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു,” യേശു മറുപടി പറയുന്നു. അതെ, അവനെ സ്വീകരിക്കുന്നതിനാലും അവന്റെ ജീവിതഗതി അനുകരിക്കുന്നതിനാലും മാത്രമെ ആർക്കെങ്കിലും പിതാവിന്റെ സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിക്കാൻ കഴിയുകയുളളു, എന്തുകൊണ്ടെന്നാൽ യേശു പറയുന്നതനുസരിച്ച്‌: “എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്ക്‌ വരുന്നില്ല.”

      “കർത്താവേ, പിതാവിനെ ഞങ്ങൾക്ക്‌ കാണിച്ചുതരേണമേ,” ഫിലിപ്പൊസ്‌ അഭ്യർത്ഥിക്കുന്നു, “ഞങ്ങൾക്ക്‌ അതുമതി.” പുരാതന കാലത്ത്‌ മോശെക്കും ഏലിയാവിനും യെശയ്യാവിനും മററും ലഭിച്ചതുപോലെ ദൈവത്തിന്റെ ഒരു ദൃശ്യപ്രത്യക്ഷത യേശു നൽകണമെന്ന്‌ ഫിലിപ്പൊസ്‌ ആഗ്രഹിക്കുന്നതായി തോന്നുന്നു. എന്നാൽ യേശു നിരീക്ഷിക്കുന്നപ്രകാരം അത്തരത്തിലുളള ദർശനങ്ങളേക്കാളൊക്കെ മെച്ചമായതാണ്‌ അപ്പൊസ്‌തലൻമാർക്ക്‌ ലഭിച്ചിരിക്കുന്നത്‌: “ഞാൻ ഇത്രയും കാലം നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസെ? എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു.”

      യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നതിനാൽ അവനോടൊത്ത്‌ ജീവിക്കുന്നതും അവനെ നിരീക്ഷിക്കുന്നതും വാസ്‌തവത്തിൽ പിതാവിനെ കാണുന്നതുപോലെ തന്നെയാണ്‌. എന്നിരുന്നാലും യേശു അംഗീകരിച്ചു പറയുന്ന പ്രകാരം പിതാവ്‌ പുത്രനേക്കാൾ വലിയവനാണ്‌: “ഞാൻ നിങ്ങളോട്‌ പറയുന്ന കാര്യങ്ങൾ ഞാൻ സ്വയമായി പറയുന്നതല്ല.” ഉചിതമായും, യേശു തന്റെ ഉപദേശങ്ങൾക്കെല്ലാമുളള ബഹുമതി തന്റെ സ്വർഗ്ഗീയ പിതാവിന്‌ നൽകുന്നു.

      യേശു ഇപ്പോൾ അവരോട്‌ ഇപ്രകാരം പറയുന്നതായി കേട്ടത്‌ അപ്പൊസ്‌തലൻമാർക്ക്‌ എത്ര പ്രോൽസാഹജനകമായിരുന്നിരിക്കണം: “എന്നിൽ വിശ്വാസമർപ്പിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും!” തന്റെ അനുയായികൾ യേശു ചെയ്‌തതിനേക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്ന്‌ അവൻ അർത്ഥമാക്കിയില്ല. ഇല്ല, മറിച്ച്‌ അവർ തങ്ങളുടെ ശുശ്രൂഷ കൂടുതൽ കാലത്തേക്കും കൂടുതൽ പ്രദേശത്തും കൂടുതൽ ആളുകൾക്കുവേണ്ടിയും നിർവ്വഹിക്കുമെന്നാണ്‌ യേശു അർത്ഥമാക്കിയത്‌.

      യേശു പോയശേഷം അവൻ തന്റെ ശിഷ്യൻമാരെ കൈവിട്ടു കളയുകയില്ല. “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും,” യേശു വാഗ്‌ദാനം ചെയ്യുന്നു, “ഞാൻ അത്‌ ചെയ്‌തുതരും. കൂടുതലായി അവൻ പറയുന്നു: “ഞാൻ പിതാവിനോടു ചോദിക്കുകയും എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്‌ ഒരു സഹായിയെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ നിങ്ങൾക്ക്‌ നൽകുകയും ചെയ്യും.” പിന്നീട്‌ യേശു സ്വർഗ്ഗാരോഹണം ചെയ്‌തശേഷം അവൻ ഈ സഹായിയെ, പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യൻമാരുടെമേൽ പകരുന്നു.

      യേശുവിന്റെ വേർപാട്‌ ആസന്നമാണ്‌, അവൻ പറയുന്നപ്രകാരം: “അൽപ്പസമയംകൂടി കഴിഞ്ഞാൽ ലോകം മേലാൽ എന്നെ കാണുകയില്ല.” യേശു യാതൊരു മനുഷ്യനും കാണാൻ കഴിയാത്ത ഒരു ആത്മവ്യക്തിയായിരിക്കും. എന്നാൽ വീണ്ടും യേശു തന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലൻമാരോട്‌ വാഗ്‌ദാനം ചെയ്യുന്നു: “എന്നാൽ നിങ്ങൾ എന്നെ കാണും, എന്തുകൊണ്ടെന്നാൽ ഞാൻ ജീവിക്കുന്നു, നിങ്ങളും ജീവിക്കും.” അതെ, തന്റെ പുനരുത്ഥാനശേഷം മനുഷ്യരൂപത്തിൽ യേശു അവർക്ക്‌ കാണപ്പെടുമെന്ന്‌ മാത്രമല്ല മറിച്ച്‌ കാലക്രമത്തിൽ ആത്മവ്യക്തികളെന്ന നിലയിൽ സ്വർഗ്ഗത്തിൽ തന്നോടുകൂടെയായിരിക്കാൻ യേശു അവരെ പുനരുത്ഥാനത്തിലേക്ക്‌ വരുത്തുകയും ചെയ്യും.

      ഇപ്പോൾ യേശു ലളിതമായ ഒരു ചട്ടം പ്രഖ്യാപിക്കുന്നു: “എന്റെ കൽപ്പനകൾ ലഭിച്ചു അവയെ പ്രമാണിക്കുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌. ക്രമത്തിൽ എന്നെ സ്‌നേഹിക്കുന്നവൻ പിതാവിനാൽ സ്‌നേഹിക്കപ്പെടും. ഞാൻ അവനെ സ്‌നേഹിക്കുകയും എന്നെത്തന്നെ അവന്‌ വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്യും.”

      ഇതിങ്കൽ തദ്ദായി എന്നും കൂടെ വിളിക്കപ്പെടുന്ന അപ്പൊസ്‌തലനായ യൂദാ ഇടക്കുകയറി ചോദിക്കും: “കർത്താവേ, നീ ലോകത്തിന്‌ നിന്നെത്തന്നെ വെളിപ്പെടുത്താതെ ഞങ്ങൾക്ക്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ എന്തു സംഭവിച്ചിട്ടാകുന്നു?

      മറുപടിയായി യേശു പറയുന്നു: “ആരെങ്കിലും എന്നെ സ്‌നേഹിച്ചാൽ അവൻ എന്റെ വചനം പ്രമാണിക്കുകയും എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ചെയ്യും . . . എന്നെ സ്‌നേഹിക്കാത്തവൻ എന്റെ വാക്കുകൾ പ്രമാണിക്കുന്നില്ല.” തന്റെ അനുസരണമുളള അനുഗാമികളിൽ നിന്ന്‌ വ്യത്യസ്‌തമായി ലോകം ക്രിസ്‌തുവിന്റെ ഉപദേശങ്ങളെ അവഗണിച്ചുകളയുന്നു. അതുകൊണ്ട്‌ അവൻ തന്നെത്തന്നെ അവർക്ക്‌ വെളിപ്പെടുത്തുന്നില്ല.

      തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു തന്റെ ശിഷ്യൻമാരെ അനേക കാര്യങ്ങൾ പഠിപ്പിച്ചിരിക്കുന്നു. ഇപ്പോൾ പോലും പലതും അവർക്ക്‌ മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിക്ക്‌ അവർ ഇതെല്ലാം എങ്ങനെ ഓർത്തിരിക്കും? സന്തോഷകരമെന്ന്‌ പറയട്ടെ യേശു വാഗ്‌ദാനം ചെയ്യുന്നു: “എന്റെ നാമത്തിൽ പിതാവ്‌ നിങ്ങൾക്ക്‌ തരുന്ന പരിശുദ്ധാത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യവും പഠിപ്പിക്കുകയും ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടുളളതെല്ലാം നിങ്ങളുടെ ഓർമ്മയിലേക്ക്‌ കൊണ്ടുവരികയും ചെയ്യും.”

      വീണ്ടും അവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ യേശു പറയുന്നു: “സമാധാനം ഞാൻ നിങ്ങൾക്ക്‌ തന്നേച്ചു പോകുന്നു, എന്റെ സമാധാനം ഞാൻ നിങ്ങൾക്ക്‌ തരുന്നു. . . . നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്‌.” യേശു അവരെ വിട്ടു പിരിയുകയാണെന്നുളളത്‌ സത്യം തന്നെ, എന്നാൽ അവൻ വിശദീകരിക്കുന്നു: “നിങ്ങൾ എന്നെ സ്‌നേഹിച്ചിരുന്നെങ്കിൽ ഞാൻ പിതാവിന്റെ പക്കലേക്ക്‌ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു, എന്തുകൊണ്ടെന്നാൽ പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു.”

      അവരോടൊപ്പം ചെലവഴിക്കാൻ യേശുവിന്‌ ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു. “ഞാൻ ഇനിയും നിങ്ങളോട്‌ അധികമായി സംസാരിക്കുകയില്ല,” അവൻ പറയുന്നു, “എന്തുകൊണ്ടെന്നാൽ ഈ ലോകത്തിന്റെ ഭരണാധിപൻ വരുന്നു. അവന്‌ എന്റെമേൽ പിടിയൊന്നുമില്ല.” യൂദായിൽ കടന്ന്‌ അവന്റെമേൽ പിടിമുറുക്കാൻ കഴിഞ്ഞ പിശാചായ സാത്താനാണ്‌ ഈ ലോകത്തിന്റെ ഭരണാധിപൻ. എന്നാൽ ദൈവത്തെ സേവിക്കുന്നതിൽ നിന്ന്‌ യേശുവിനെ പിന്തിരിപ്പിക്കുന്നതിന്‌ സാത്താൻ ഉപയോഗിക്കാവുന്നതായി യേശുവിൽ പാപപൂർണ്ണമായ ബലഹീനത യാതൊന്നുമില്ല.

      ഒരു അടുത്ത ബന്ധം ആസ്വദിക്കുന്നു

      സ്‌മാരക ഭക്ഷണത്തിനുശേഷം അനൗപചാരികവും ഹൃദയംഗമവുമായ ഒരു സംഭാഷണത്തിലൂടെ യേശു തന്റെ അപ്പൊസ്‌തലൻമാരെ പ്രോൽസാഹിപ്പിക്കുകയായിരുന്നു. ഇപ്പോൾ പാതിരാത്രി കഴിഞ്ഞിട്ടുണ്ടാകണം. അതുകൊണ്ട്‌ യേശു അവരെ ഉൽസാഹിപ്പിക്കുന്നു: “എഴുന്നേൽപ്പിൻ, നമുക്ക്‌ ഇവിടെ നിന്ന്‌ പോകാം.” എന്നിരുന്നാലും പോകുന്നതിനുനുമുമ്പ്‌ അവരോടുളള തന്റെ സ്‌നേഹം നിമിത്തം പ്രചോദനാത്മകമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്‌ യേശു അവരുമായുളള സംഭാഷണം തുടരുന്നു.

      “ഞാൻ സാക്ഷാലുളള മുന്തിരി വളളിയും എന്റെ പിതാവ്‌ കൃഷിക്കാരനുമാകുന്നു,” യേശു പറഞ്ഞു തുടങ്ങുന്നു. വലിയ കൃഷിക്കാരനായ യഹോവ പൊ. യു. 29-ലെ ശരത്‌കാലത്ത്‌ പരിശുദ്ധാത്മാവിനാൽ യേശുവിനെ അഭിഷേകം ചെയ്‌തുകൊണ്ട്‌ ഈ പ്രതീകാത്മക മുന്തിരിവളളി നട്ടു. എന്നാൽ ആ മുന്തിരിവളളി തന്നെ മാത്രമല്ല പ്രതീകപ്പെടുത്തുന്നത്‌ എന്ന്‌ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു തുടർന്ന്‌ പ്രകടമാക്കുന്നു: “എന്നിൽ ഫലം കായ്‌ക്കാത്ത ശിഖരമൊക്കെയും അവൻ നീക്കിക്കളയുന്നു, ഫലം കായ്‌ക്കുന്നവയാകട്ടെ കൂടുതൽ ഫലം കായ്‌ക്കേണ്ടതിന്‌ അവൻ വെട്ടി ശരിയാക്കുന്നു. . . . ശിഖരത്തിന്‌ മുന്തിരിവളളിയോടൊപ്പം ആയിരുന്നിട്ടല്ലാതെ ഫലം കായ്‌ക്കാൻ കഴിയാത്തതുപോലെ എന്നോടുളള ഐക്യത്തിൽ നിലനിൽക്കുന്നില്ലായെങ്കിൽ നിങ്ങൾക്കും കഴിയുകയില്ല. ഞാൻ മുന്തിരിവളളിയും നിങ്ങൾ ശാഖകളുമാകുന്നു.”

      അൻപത്തിയൊന്നു ദിവസങ്ങൾക്കു ശേഷം പെന്തക്കോസ്‌തിൽ അപ്പൊസ്‌തലൻമാരുടെയും മററുളളവരുടെയുംമേൽ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടപ്പോൾ അവരും മുന്തിരിവളളിയുടെ ശാഖകളായിത്തീർന്നു. കാലക്രമത്തിൽ 1,44,000 വ്യക്തികൾ ആലങ്കാരിക മുന്തിരിവളളിയുടെ ശാഖകളായിത്തീരുന്നു. തായ്‌ത്തണ്ടാകുന്ന യേശുക്രിസ്‌തുവിനോടൊപ്പം ഇവർ ദൈവരാജ്യത്തിന്റെ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രതീകാത്മക മുന്തിരിച്ചെടിയായിത്തീരുന്നു.

      ഫലോൽപ്പാദനത്തിനുളള താക്കോൽ എന്താണെന്ന്‌ യേശു വിശദീകരിക്കുന്നു: “ആര്‌ എന്നോടുളള ഐക്യത്തിലായിരിക്കുകയും ഞാൻ അവനോട്‌ ഐക്യത്തിലായിരിക്കുകയും ചെയ്യുന്നുവോ അവൻ വളരെ ഫലം കായ്‌ക്കുന്നു. എന്തുകൊണ്ടെന്നാൽ എന്നെകൂടാതെ നിങ്ങൾക്ക്‌ യാതൊന്നും ചെയ്യാൻ കഴിയുകയില്ല.” എന്നിരുന്നാലും ഒരു വ്യക്തി ഫലം ഉൽപ്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ, യേശു പറയുന്നു, ഒരു ശാഖ എന്ന നിലയിൽ അവൻ ഛേദിക്കപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു; മനുഷ്യർ ആ ശാഖകൾ എടുത്ത്‌ തീയിൽ എറിയുകയും അവ കത്തിപ്പോവുകയും ചെയ്യുന്നു.” നേരെമറിച്ച്‌, യേശു വാഗ്‌ദാനം ചെയ്യുന്നു: “നിങ്ങൾ എന്നോടുളള ഐക്യത്തിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിലുണ്ടായിരിക്കുകയും ചെയ്‌താൽ നിങ്ങൾ എന്തുതന്നെ ആഗ്രഹിച്ചാലും അത്‌ നിങ്ങൾക്ക്‌ സംഭവിക്കും.”

      കൂടുതലായി, യേശു അപ്പൊസ്‌തലൻമാരോട്‌ ഇപ്രകാരം പറയുന്നു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാലും എന്റെ ശിഷ്യൻമാരെന്ന്‌ നിങ്ങളെത്തന്നെ തെളിയിക്കുന്നതിനാലും എന്റെ പിതാവ്‌ മഹത്വീകരിക്കപ്പെടുന്നു.” ശാഖകളിൽ നിന്നും ദൈവം ആവശ്യപ്പെടുന്ന ഫലം ക്രിസ്‌തുതുല്യമായ ഗുണങ്ങൾ, വിശേഷിച്ചും സ്‌നേഹം പ്രകടമാക്കുക എന്നതാണ്‌. മാത്രവുമല്ല, ക്രിസ്‌തു ദൈവരാജ്യത്തിന്റെ ഒരു പ്രഘോഷകനായിരുന്നതിനാൽ, ദൈവം ആഗ്രഹിക്കുന്ന ഫലത്തിൽ യേശു ചെയ്‌തതുപോലെ ശിഷ്യരെ ഉളവാക്കുന്ന പ്രവർത്തനവും ഉൾപ്പെടുന്നു.

      “എന്റെ സ്‌നേഹത്തിൽ വസിക്കുവിൻ,” യേശു ഉൽസാഹിപ്പിക്കുന്നു. എന്നാൽ അവന്റെ അപ്പൊസ്‌തലൻമാർക്ക്‌ എങ്ങനെ അതു ചെയ്യാൻ കഴിയും? “നിങ്ങൾ എന്റെ കൽപ്പനകൾ അനുസരിക്കുന്നുവെങ്കിൽ,” അവൻ പറയുന്നു, “നിങ്ങൾ എന്റെ സ്‌നേഹത്തിൽ വസിക്കും.” തുടർന്ന്‌ യേശു ഇപ്രകാരം വിശദീകരിക്കുന്നു: “ഇതാണ്‌ എന്റെ കൽപ്പന, ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്‌നേഹിക്കണമെന്നതു തന്നെ. തന്റെ സ്‌നേഹിതൻമാർക്കുവേണ്ടി തന്റെ ദേഹിയെ വച്ചുകൊടുക്കുന്നതിനേക്കാൾ വലിയ സ്‌നേഹം ആർക്കുമില്ല.”

      ഏതാനും മണിക്കൂറുകൾക്കുളളിൽ, തന്റെ അപ്പൊസ്‌തലൻമാർക്കും തന്നിൽ വിശ്വാസം പ്രകടമാക്കുന്ന മററുളളവർക്കും വേണ്ടി തന്റെ ജീവനെ വച്ചുകൊടുത്തുകൊണ്ട്‌ യേശു അതിശയിക്കത്തക്ക ഈ സ്‌നേഹം പ്രകടമാക്കും. അവന്റെ ദൃഷ്ടാന്തം പരസ്‌പരം അതേ ആത്മത്യാഗപരമായ സ്‌നേഹമുണ്ടായിരിക്കാൻ അവന്റെ അനുഗാമികളെ പ്രേരിപ്പിക്കേണ്ടതാണ്‌. യേശു നേരത്തെ പ്രസ്‌താവിച്ചപ്രകാരം ഈ സ്‌നേഹം അവർ ആരെന്നുളളത്‌ തിരിച്ചറിയിക്കും: “നിങ്ങളുടെയിടയിൽ സ്‌നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.”

      തന്റെ സ്‌നേഹിതൻമാരെ തിരിച്ചറിയിച്ചുകൊണ്ട്‌ യേശു പറയുന്നു: “ഞാൻ നിങ്ങളോട്‌ കൽപ്പിക്കുന്നത്‌ ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതൻമാരാണ്‌. ഞാൻ മേലാൽ നിങ്ങളെ അടിമകളെന്ന്‌ വിളിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ തന്റെ യജമാനൻ എന്തു ചെയ്യുന്നുവെന്ന്‌ ഒരു അടിമ അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്‌നേഹിതൻമാർ എന്നു വിളിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിന്റെ പക്കൽ നിന്ന്‌ കേട്ട കാര്യങ്ങളെല്ലാം നിങ്ങളെ അറിയിച്ചിരിക്കുന്നു.”

      യേശുവിന്റെ അടുത്ത സ്‌നേഹിതൻമാരായിരിക്കുക എന്നത്‌ എത്ര വിലപ്പെട്ട ഒരു ബന്ധമാണ്‌! എന്നാൽ ഈ ബന്ധം ആസ്വദിക്കുന്നതിൽ തുടരുന്നതിന്‌ തന്റെ അനുഗാമികൾ “ഫലം കായ്‌ച്ചുകൊണ്ടിരിക്കണം.” അവർ അപ്രകാരം ചെയ്യുന്നുവെങ്കിൽ, യേശു പറയുന്നു, “എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട്‌ എന്തുതന്നെ ചോദിച്ചാലും അവൻ അത്‌ [തീർച്ചയായും] നിങ്ങൾക്ക്‌ തരും.” തീർച്ചയായും രാജ്യഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന്‌ അത്‌ മഹത്തായ ഒരു പ്രതിഫലമാണ്‌! “അന്യോന്യം സ്‌നേഹിക്കാൻ” തന്റെ ശിഷ്യൻമാരെ ഉൽസാഹിപ്പിച്ചശേഷം, ലോകം അവരെ ദ്വേഷിക്കുമെന്ന്‌ യേശു വിശദീകരിക്കുന്നു: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ, നിങ്ങളെ ദ്വേഷിക്കുന്നതിന്‌ മുമ്പേ അത്‌ എന്നെ ദ്വേഷിച്ചിട്ടുണ്ട്‌ എന്ന്‌ നിങ്ങൾക്കറിയാം.” തുടർന്ന്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ ലോകം തന്റെ അനുയായികളെ ദ്വേഷിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ യേശു വെളിപ്പെടുത്തുന്നു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന്‌ തെരഞ്ഞെടുത്തതുകൊണ്ട്‌ ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”

      ലോകത്തിന്റെ വിദ്വേഷത്തിനുളള കാരണം കൂടുതലായി വിശദീകരിച്ചുകൊണ്ട്‌ യേശു തുടരുന്നു: “എന്റെ നാമം നിമിത്തം അവർ ഇതെല്ലാം നിങ്ങൾക്കെതിരായി ചെയ്യും, എന്തുകൊണ്ടെന്നാൽ എന്നെ അയച്ചവനെ [യഹോവയാം ദൈവത്തെ] അവർ അറിയുന്നില്ല.” യേശു കുറിക്കൊളളുന്നപ്രകാരം അവന്റെ അത്ഭുത പ്രവൃത്തികൾ ഫലത്തിൽ അവനെ ദ്വേഷിക്കുന്നവരെ കുററം വിധിക്കുന്നു: “ആരും ചെയ്‌തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്‌തില്ലായിരുന്നെങ്കിൽ അവർക്ക്‌ പാപം ഉണ്ടായിരിക്കുമായിരുന്നില്ല, എന്നാൽ ഇപ്പോൾ അവർ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്‌തിരിക്കുന്നു.” അങ്ങനെ, യേശു പറയുന്നു, തിരുവെഴുത്ത്‌ നിവൃത്തിയായിരിക്കുന്നു: “അവർ കാരണമില്ലാതെ എന്നെ പകച്ചു.”

      നേരത്തെ ചെയ്‌തതുപോലെ, ദൈവത്തിന്റെ പ്രബലമായ കർമ്മോദ്യുക്ത ശക്തിയെ പരിശുദ്ധാത്മാവിനെ സഹായി എന്ന നിലയിൽ അയക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ യേശു വീണ്ടും അവരെ ആശ്വസിപ്പിക്കുന്നു. “അത്‌ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കും; നിങ്ങളും ക്രമത്തിൽ സാക്ഷ്യം പറയേണം.”

      വേർപിരിയും മുമ്പേ കൂടുതലായ പ്രബോധനം

      യേശുവും അപ്പൊസ്‌തലൻമാരും മാളിക മുറി വിടാൻ തയ്യാറായി നിൽക്കുകയാണ്‌. “നിങ്ങൾ ഇടറിപ്പോകാതിരിക്കാൻവേണ്ടി ഞാൻ ഈ കാര്യങ്ങൾ നിങ്ങളോട്‌ പറഞ്ഞിരിക്കുന്നു,” അവൻ തുടരുന്നു. പിന്നീട്‌ അവൻ ഗൗരവാവഹമായ ഈ മുന്നറിയിപ്പ്‌ നൽകുന്നു: “മനുഷ്യർ നിങ്ങളെ സിന്നഗോഗുകളിൽ നിന്ന്‌ പുറത്താക്കും. വാസ്‌തവത്തിൽ നിങ്ങളെ കൊല്ലുന്ന ഏതൊരുവനും ദൈവത്തിന്‌ വിശുദ്ധസേവനം അർപ്പിച്ചിരിക്കുന്നതായി വിചാരിക്കുന്ന നാഴിക വരുന്നു.”

      ഈ മുന്നറിയിപ്പ്‌ കേട്ടിട്ട്‌ അപ്പൊസ്‌തലൻമാർ പ്രത്യക്ഷത്തിൽ വളരെ അസ്വസ്ഥരായിത്തീർന്നിരിക്കുന്നു. ലോകം അവരെ ദ്വേഷിക്കുമെന്ന്‌ യേശു നേരത്തെ പറഞ്ഞിരുന്നെങ്കിലും അവർ കൊല്ലപ്പെടുമെന്ന്‌ അവൻ ഇത്രയും വ്യക്തമായി പറഞ്ഞിരുന്നില്ല. “ഞാൻ [ഇത്‌] നിങ്ങളോട്‌ നേരത്തെ പറഞ്ഞില്ല,” യേശു വിശദീകരിക്കുന്നു, “കാരണം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു.” എന്നിരുന്നാലും അവരെ വിട്ടുപോകുന്നതിനു മുമ്പായി ഈ വിവരം നൽകി അവരെ സജ്ജരാക്കുന്നത്‌ എത്ര നല്ലതാണ്‌!

      “എന്നാൽ ഇപ്പോൾ,” യേശു തുടരുന്നു, “ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്ക്‌ പോവുകയാണ്‌, എന്നിരുന്നാലും, ‘നീ എവിടെ പോകുന്നു?’ എന്ന്‌ നിങ്ങളിൽ ആരും എന്നോട്‌ ചോദിക്കുന്നില്ല. അന്ന്‌ വൈകിട്ട്‌ കുറച്ചുമുമ്പേ അവൻ എവിടേക്കാണ്‌ പോകുന്നത്‌ എന്ന്‌ അവർ അന്വേഷിച്ചിരുന്നു, എന്നാൽ ഇപ്പോൾ അവൻ അവരോട്‌ പറഞ്ഞ കാര്യങ്ങൾ നിമിത്തം അവർ വളരെ അസ്വസ്ഥരായിത്തീർന്നിരിക്കുന്നതിനാൽ അതേപ്പററി കൂടുതലായി എന്തെങ്കിലും ചോദിക്കാൻ അവർക്ക്‌ കഴിയുന്നില്ല. യേശു പറയുന്നപ്രകാരം: “ഞാൻ ഈ കാര്യങ്ങൾ നിങ്ങളോട്‌ പറഞ്ഞതിനാൽ നിങ്ങളുടെ ഹൃദയങ്ങൾ ദുഃഖംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.” തങ്ങൾ കഠിനമായ പീഡനം സഹിക്കേണ്ടിവരികയും കൊല്ലപ്പെടുകയും ചെയ്യും എന്നറിഞ്ഞതിനാൽ മാത്രമല്ല മറിച്ച്‌ അവരുടെ യജമാനൻ അവരെ വിട്ടുപോകുന്നതിനാലും അപ്പൊസ്‌തലൻമാർ ദുഃഖിതരാണ്‌.

      അതുകൊണ്ട്‌ യേശു വിശദീകരിക്കുന്നു: “ഞാൻ പോകുന്നത്‌ നിങ്ങളുടെ പ്രയോജനത്തിനാണ്‌, ഞാൻ പോകുന്നില്ലായെങ്കിൽ സഹായി യാതൊരു പ്രകാരത്തിലും നിങ്ങളുടെ അടുക്കൽ വരികയില്ല; എന്നാൽ ഞാൻ പോയാൽ ഞാൻ അവനെ നിങ്ങൾക്ക്‌ അയച്ചുതരും.” ഒരു മനുഷ്യനെന്നനിലയിൽ യേശുവിന്‌ ഒരു സമയത്ത്‌ ഒരു സ്ഥലത്തു മാത്രമെ ആയിരിക്കാൻ കഴിയുകയുളളു, എന്നാൽ സ്വർഗ്ഗത്തിലായിരിക്കുമ്പോൾ തന്റെ അനുയായികൾ ഭൂമിയിൽ എവിടെയായിരുന്നാലും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ എന്ന സഹായിയെ അവന്‌ അവരുടെ അടുക്കലേക്ക്‌ അയക്കാൻ കഴിയും. അതുകൊണ്ട്‌ യേശു പോകുന്നത്‌ പ്രയോജനകരമായിരിക്കും.

      “പരിശുദ്ധാത്മാവ്‌ പാപത്തെ സംബന്ധിച്ചും നീതിയെ സംബന്ധിച്ചും ന്യായവിധിയെ സംബന്ധിച്ചും ലോകത്തിന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ നൽകും” എന്ന്‌ യേശു പറയുന്നു. ലോകത്തിന്റെ പാപം, ദൈവത്തിന്റെ പുത്രനിൽ വിശ്വാസം അർപ്പിക്കുന്നതിലുളള അതിന്റെ പരാജയം, തുറന്നുകാട്ടപ്പെടും. കൂടാതെ, പിതാവിങ്കലേക്കുളള യേശുവിന്റെ നീതി സംബന്ധിച്ച്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ പ്രകടമാക്കപ്പെടും. യേശുവിന്റെ നിർമ്മലത തകർക്കുന്നതിലുളള സാത്താന്റെയും അവന്റെ ദുഷ്ടലോകത്തിന്റെയും പരാജയം ലോകത്തിന്റെ ഭരണാധിപൻ പ്രതികൂലമായി ന്യായം വിധിക്കപ്പെട്ടിരിക്കുന്നു എന്നുളളതിന്റെ ബോദ്ധ്യം വരുത്തുന്ന തെളിവാണ്‌.

      “എനിക്ക്‌ ഇനിയും നിങ്ങളോട്‌ വളരെ കാര്യങ്ങൾ പറയുവാനുണ്ട്‌,” യേശു തുടരുന്നു, “എന്നാൽ നിങ്ങൾക്ക്‌ ഇപ്പോൾ അത്‌ വഹിക്കാൻ കഴിയുകയില്ല.” അതുകൊണ്ട്‌ താൻ ദൈവത്തിന്റെ പ്രവർത്തനനിരത ശക്തിയായ പരിശുദ്ധാത്മാവിനെ പകരുമ്പോൾ അവ ഗ്രഹിക്കാനുളള അവരുടെ പ്രാപ്‌തിക്കനുസൃതമായി ഈ കാര്യങ്ങളുടെ ഒരു ഗ്രാഹ്യത്തിലേക്ക്‌ അവരെ നയിക്കുമെന്ന്‌ യേശു അവരോട്‌ വാഗ്‌ദാനം ചെയ്യുന്നു.

      യേശു മരിക്കുമെന്നും പുനരുത്ഥാനത്തിലേക്ക്‌ വരുത്തപ്പെട്ടശേഷം അവർക്ക്‌ പ്രത്യക്ഷനാകുമെന്നും ഗ്രഹിക്കുന്നതിൽ അപ്പൊസ്‌തലൻമാർ പ്രത്യേകിച്ചും പരാജയപ്പെടുന്നു. അതുകൊണ്ട്‌ അവർ തമ്മിൽ തമ്മിൽ ചോദിക്കുന്നു: “‘ഇനിയും അൽപ്പം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പംകൂടെ കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുമെന്നും’ ‘എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിങ്കലേക്ക്‌ പോവുകയാണെന്നും’ അവൻ ഈ പറയുന്നതിന്റെ അർത്ഥമെന്താണ്‌.”

      അവർ തന്നോട്‌ ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ മനസ്സിലാക്കിക്കൊണ്ട്‌ യേശു വിശദീകരിക്കുന്നു: “നിങ്ങൾ കരഞ്ഞ്‌ വിലപിക്കും, എന്നാൽ ലോകം സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും എന്ന്‌ ഏററവും സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു.” അതേദിവസം കുറേകൂടെ കഴിഞ്ഞ്‌ മദ്ധ്യാഹ്നത്തിനു ശേഷം യേശു വധിക്കപ്പെടുമ്പോൾ ലോകക്കാരായ മതനേതാക്കൻമാർ സന്തോഷിക്കുന്നു, എന്നാൽ ശിഷ്യൻമാരോ ദുഃഖിക്കുന്നു. എന്നാൽ യേശു പുനരുത്ഥാനം ചെയ്യുമ്പോൾ അവരുടെ ദുഃഖം സന്തോഷമായി മാറുന്നു! പെന്തക്കോസ്‌തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അവരുടെമേൽ പകർന്നുകൊണ്ട്‌ തന്റെ സാക്ഷികളായിരിക്കാൻ അവൻ അവരെ ശക്തിപ്പെടുത്തുമ്പോൾ അവരുടെ സന്തോഷം തുടർന്ന്‌ നിലനിൽക്കുന്നു!

      അപ്പൊസ്‌തലൻമാരുടെ സാഹചര്യത്തെ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്‌ത്രീയുടേതിനോട്‌ താരതമ്യം ചെയ്‌തുകൊണ്ട്‌ യേശു പറയുന്നു: “പ്രസവസമയമാകുമ്പോൾ തന്റെ നാഴിക വന്നിരിക്കുന്നതിനാൽ ഒരു സ്‌ത്രീ ദുഃഖിക്കുന്നു.” എന്നാൽ, ശിശു ജനിച്ചു കഴിയുമ്പോൾ അവൾ മേലാൽ തന്റെ കഷ്ടപ്പാട്‌ ഓർമ്മിക്കുന്നില്ല എന്ന്‌ യേശു പ്രസ്‌താവിക്കുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു തന്റെ അപ്പൊസ്‌തലൻമാരെ പ്രോൽസാഹിപ്പിക്കുന്നു: “അതുകൊണ്ട്‌ നിങ്ങളും ഇപ്പോൾ ദുഃഖിക്കുന്നു; എന്നാൽ [ഞാൻ പുനരുത്ഥാനത്തിൽ വന്നു കഴിയുമ്പോൾ] ഞാൻ വീണ്ടും നിങ്ങളെ കാണും, അപ്പോൾ നിങ്ങളുടെ ഹൃദയങ്ങൾ സന്തോഷിക്കും, നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്ന്‌ എടുത്തുകളയുകയുമില്ല.”

      ഇതുവരെ അപ്പൊസ്‌തലൻമാർ യേശുവിന്റെ നാമത്തിൽ അപേക്ഷയൊന്നും നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ അവൻ പറയുന്നു: “നിങ്ങൾ പിതാവിനോട്‌ എന്തെങ്കിലും ചോദിച്ചാൽ എന്റെ നാമത്തിൽ അവൻ അത്‌ നിങ്ങൾക്ക്‌ തരും. . . . നിങ്ങൾ എന്നെ സ്‌നേഹിക്കുകയും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നിരിക്കുന്നു എന്ന്‌ വിശ്വസിക്കുകയും ചെയ്‌തതിനാൽ പിതാവിന്‌ തന്നെ നിങ്ങളോട്‌ സ്‌നേഹമുണ്ട്‌. ഞാൻ പിതാവിന്റെ അടുക്കൽ നിന്ന്‌ പുറപ്പെട്ട്‌ ലോകത്തിലേക്ക്‌ വന്നിരിക്കുന്നു. കൂടാതെ, ഞാൻ ഈ ലോകം വിട്ട്‌ പിതാവിന്റെ അടുക്കലേക്ക്‌ പോവുകയാണ്‌.”

      യേശുവിന്റെ വാക്കുകൾ അപ്പൊസ്‌തലൻമാർക്ക്‌ ഒരു വലിയ പ്രോൽസാഹനമാണ്‌. “നീ ദൈവത്തിൽ നിന്ന്‌ വന്നുവെന്ന്‌ ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു,” എന്ന്‌ അവർ പറയുന്നു. “നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുവോ?” യേശു ചോദിക്കുന്നു. “നോക്കൂ! എന്നെ തനിയെ വിട്ടിട്ട്‌ നിങ്ങൾ ഓരോരുത്തരും താന്താന്റെ ഭവനത്തിലേക്ക്‌ ചിതറിക്കപ്പെടാനുളള നാഴിക വരുന്നു, വാസ്‌തവത്തിൽ ഇപ്പോൾ തന്നെ വന്നിരിക്കുന്നു.” അവിശ്വസനീയമെന്ന്‌ തോന്നിയേക്കാമെങ്കിലും ആ രാത്രി അവസാനിക്കുന്നതിനു മുമ്പ്‌ അത്‌ സംഭവിക്കുന്നു!

      “നിങ്ങൾക്ക്‌ എന്നിലൂടെ സമാധാനം ഉണ്ടാകേണ്ടതിന്‌ ഇത്‌ ഞാൻ നിങ്ങളോട്‌ സംസാരിച്ചിരിക്കുന്നു.” യേശു ഇപ്രകാരം പറഞ്ഞവസാനിപ്പിക്കുന്നു: “നിങ്ങൾക്ക്‌ ലോകത്തിൽ കഷ്ടം ഉണ്ട്‌. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” യേശുവിന്റെ നിർമ്മലത ഭഞ്‌ജിക്കാൻ സാത്താനും അവന്റെ ലോകവും നടത്തിയ സകല ശ്രമവും ഉണ്ടായിരുന്നിട്ടും വിശ്വസ്‌തതയോടെ ദൈവേഷ്ടം ചെയ്യുക വഴിയാണ്‌ യേശു ലോകത്തെ ജയിച്ചടക്കിയത്‌.

      മാളികമുറിയിലെ അന്തിമ പ്രാർത്ഥന

      തന്റെ അപ്പൊസ്‌തലൻമാരോടുളള ആഴമായ സ്‌നേഹത്താൽ പ്രേരിതനായി യേശു ആസന്നമായിരിക്കുന്ന തന്റെ വേർപാടിനുവേണ്ടി അവരെ ഒരുക്കുകയായിരുന്നു. ഇപ്പോൾ, ദീർഘമായി അവരെ ബുദ്ധ്യുപദേശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തശേഷം അവൻ തന്റെ കണ്ണുകളെ സ്വർഗ്ഗത്തിലേക്കുയർത്തി തന്റെ പിതാവിനോട്‌ പ്രാർത്ഥിക്കുന്നു: “നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്‌ നിന്റെ പുത്രനെ മഹത്വപ്പെടുത്തേണമെ. നീ അവന്‌ സകല ജഡത്തിൻമേലും അധികാരം നൽകീട്ടുളളതുപോലെ, നീ അവനു നൽകീട്ടുളള എല്ലാവർക്കും അവൻ നിത്യജീവൻ നൽകേണ്ടതിനു തന്നെ.”

      എത്ര ഉത്തേജജനകമായ ഒരു വിഷയമാണ്‌ യേശു അവതരിപ്പിക്കുന്നത്‌—നിത്യജീവൻ! “എല്ലാ ജഡത്തിൻമേലും അധികാരം നൽകപ്പെട്ടിട്ടുളളതിനാൽ” മരിച്ചുകൊണ്ടിരിക്കുന്ന മുഴുമനുഷ്യവർഗ്ഗത്തിനും വേണ്ടി യേശുവിന്‌ തന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ഉപയോഗിക്കാൻ കഴിയും. എന്നിരുന്നാലും പിതാവ്‌ അംഗീകരിക്കുന്നവർക്കു മാത്രമെ അവൻ “നിത്യജീവൻ” നൽകുന്നുളളു. നിത്യജീവൻ എന്ന വിഷയത്തെക്കുറിച്ചു തന്നെ യേശു തന്റെ പ്രാർത്ഥന തുടരുന്നു:

      “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്‌തുവിനെയും കുറിച്ചുളള അറിവ്‌ അവർ നേടുന്നതു നിത്യജീവനെ അർത്ഥമാക്കുന്നു.” അതെ, രക്ഷ നാം ദൈവത്തെയും അവന്റെ പുത്രനെയും സംബന്ധിച്ചുളള അറിവ്‌ സമ്പാദിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ വെറും ശിരോജ്ഞാനത്തേക്കാൾ അധികം ആവശ്യമാണ്‌.

      ഒരു വ്യക്തി അവരുമായി ഗ്രാഹ്യത്തോടെയുളള ഒരു സ്‌നേഹബന്ധം വികസിപ്പിച്ചെടുത്തുകൊണ്ട്‌ അവരെ അടുത്തറിയാൻ ഇടയാകണം. ഒരുവൻ വസ്‌തുതകൾ സംബന്ധിച്ച്‌ അവർ വിചാരിക്കുന്നതുപോലെ വിചാരിക്കുകയും അവരുടെ കണ്ണുകളിലൂടെ കാര്യങ്ങൾ നോക്കിക്കാണുകയും വേണം. എല്ലാററിലും ഉപരിയായി മററുളളവരോടുളള ഇടപെടലിൽ ഒരു വ്യക്തി അവരുടെ അതുല്യമായ ഗുണങ്ങൾ അനുകരിക്കാൻ ശ്രമിക്കണം.

      യേശു തുടർന്ന്‌ പ്രാർത്ഥിക്കുന്നു: “നീ എനിക്കു ചെയ്യാൻ തന്ന വേല പൂർത്തിയാക്കിക്കൊണ്ട്‌ ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.” ഇതുവരെയുളള തന്റെ നിയമനം പൂർത്തിയാക്കിയിട്ട്‌, തന്റെ ഭാവി വിജയം സംബന്ധിച്ച്‌ ആത്മവിശ്വാസത്തോടെ യേശു പ്രാർത്ഥിക്കുന്നു: “പിതാവേ, ലോകം ഉണ്ടാകുന്നതിന്‌ മുമ്പേ എനിക്ക്‌ നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ നിന്റെ അടുക്കൽ എന്നെ മഹത്വപ്പെടുത്തേണമെ.” അതെ, പുനരുത്ഥാനത്തിലൂടെ തനിക്ക്‌ നേരത്തെ ഉണ്ടായിരുന്ന സ്വർഗ്ഗീയ മഹത്വത്തിലേക്ക്‌ പുനഃസ്ഥിതീകരിക്കപ്പെടാൻവേണ്ടി അവൻ ഇപ്പോൾ പ്രാർത്ഥിക്കുന്നു.

      ഭൂമിയിലെ തന്റെ മുഖ്യവേലയെ സംക്ഷേപിച്ചുകൊണ്ട്‌ യേശു പറയുന്നു: “ലോകത്തിൽ നിന്ന്‌ നീ എനിക്ക്‌ തന്ന മനുഷ്യർക്ക്‌ ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിന്റേതായിരുന്നു, നീ അവരെ എനിക്കു തന്നു, അവർ നിന്റെ വചനം അനുസരിച്ചിരിക്കുന്നു.” യേശു തന്റെ ശുശ്രൂഷയിൽ യഹോവ എന്നുളള ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും അതിന്റെ ശരിയായ ഉച്ചാരണം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്‌തു, എന്നാൽ തന്റെ അപ്പൊസ്‌തലൻമാർക്ക്‌ ദൈവത്തിന്റെ നാമം വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്നതിന്‌ അവൻ അതിൽ അധികവും ചെയ്‌തു. അവൻ യഹോവയെയും അവന്റെ വ്യക്തിത്വത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചുളള അവരുടെ അറിവും വിലമതിപ്പും വികസിപ്പിക്കുകകൂടി ചെയ്‌തു.

      താൻ സേവിക്കുകയും തനിക്ക്‌ മേലധികാരിയായിരിക്കുകയും ചെയ്യുന്ന യഹോവക്ക്‌ ബഹുമതി കൊടുത്തുകൊണ്ട്‌ യേശു താഴ്‌മയോടെ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “നീ എനിക്ക്‌ തന്ന വചനങ്ങൾ ഞാൻ അവർക്ക്‌ കൊടുത്തിരിക്കുന്നു, അവർ അത്‌ സ്വീകരിക്കുകയും ഞാൻ നിന്റെ പ്രതിനിധിയായി വന്നിരിക്കുന്നു എന്ന്‌ അറിയുകയും ചെയ്‌തിരിക്കുന്നു, നീ എന്നെ അയച്ചു എന്ന്‌ അവർ വിശ്വസിച്ചുമിരിക്കുന്നു.”

      തന്റെ അനുഗാമികളും മനുഷ്യവർഗ്ഗത്തിലെ ശേഷം ആളുകളും തമ്മിലുളള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട്‌ അടുത്തതായി യേശു പ്രാർത്ഥിക്കുന്നു: “ലോകത്തിനുവേണ്ടിയല്ല, മറിച്ച്‌ നീ എനിക്കു തന്നിട്ടുളളവർക്കുവേണ്ടിയാണ്‌ ഞാൻ പ്രാർത്ഥിക്കുന്നത്‌ . . . ഞാൻ അവരോടുകൂടെയായിരുന്നപ്പോൾ ഞാൻ അവരെ കാത്തുകൊണ്ടിരുന്നു . . . , ഞാൻ അവരെ സൂക്ഷിച്ചിരിക്കുന്നു, ആ നാശപുത്രൻ അല്ലാതെ അവരിൽ ആരും നശിപ്പിക്കപ്പെട്ടിട്ടില്ല,” അതായത്‌ യൂദാ ഈസ്‌കാരിയോത്ത്‌. ആ നിമിഷം തന്നെ യേശുവിനെ ഒററിക്കൊടുക്കാനുളള അവന്റെ നിന്ദ്യമായ ഉദ്യമത്തിൽ യൂദാ ഏർപ്പെട്ടിരിക്കുകയാണ്‌. അപ്രകാരം യൂദാ അത്‌ തിരിച്ചറിയാതെ തന്നെ തിരുവെഴുത്തുകൾ നിവർത്തിക്കുകയാണ്‌.

      “ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു,” യേശു പ്രാർത്ഥന തുടരുകയാണ്‌. “അവരെ ലോകത്തിൽ നിന്ന്‌ എടുക്കേണമെന്ന്‌ ഞാൻ പ്രാർത്ഥിക്കുന്നില്ല, എന്നാൽ ദുഷ്ടനായവൻ നിമിത്തം അവരെ കാത്തുകൊളേളണം എന്നത്രേ. ഞാൻ ലോകത്തിന്റെ ഭാഗമായിരിക്കാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” യേശുവിന്റെ അനുഗാമികൾ സാത്താനാൽ ഭരിക്കപ്പെടുന്ന ഈ സംഘടിത മാനവസമൂഹമാകുന്ന ലോകത്തിൻ മദ്ധ്യേയാണ്‌. എന്നാൽ അവർ അതിന്റെ ദുഷ്ടതയിൽ നിന്ന്‌ വേർപെട്ടവരാണ്‌, എല്ലായ്‌പ്പോഴും അപ്രകാരം തുടരുകയും വേണം.

      “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ,” യേശു തുടരുന്നു, “നിന്റെ വചനം സത്യമാകുന്നു.” താൻ എന്തിൽ നിന്ന്‌ കൂടെക്കൂടെ ഉദ്ധരിച്ചിരുന്നുവോ ആ എബ്രായ തിരുവെഴുത്തുകളെ യേശു ഇവിടെ “സത്യം” എന്ന്‌ വിളിക്കുന്നു. എന്നാൽ അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതും അവർ പിൽക്കാലത്തു ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകൾ എന്ന പേരിൽ നിശ്വസ്‌തതയിൽ എഴുതിയതും അതുപോലെ “സത്യം” ആണ്‌. സത്യത്തിന്‌ ഒരു വ്യക്തിയെ വിശുദ്ധീകരിക്കുന്നതിന്‌ അവന്റെ ജീവിതത്തിൽ പൂർണ്ണമായ മാററം വരുത്തുന്നതിന്‌, അവനെ ലോകത്തിൽ നിന്ന്‌ വേർപെട്ട ഒരു വ്യക്തിയാക്കിത്തീർക്കുന്നതിന്‌ കഴിയും.

      ഇപ്പോൾ യേശു പ്രാർത്ഥിക്കുന്നത്‌ “ഇവർക്കുവേണ്ടി മാത്രമല്ല, മറിച്ച്‌ ഇവരുടെ വചനത്താൽ [തന്നിൽ] വിശ്വസിക്കാൻ ഇടയാകുന്നവർക്കു വേണ്ടിയും കൂടെയാണ്‌.” അതുകൊണ്ട്‌ തന്റെ അഭിഷിക്ത അനുഗാമികളാകാനിരിക്കുന്നവർക്കുവേണ്ടിയും ഇനിയും ഭാവിയിൽ “ഒരു ആട്ടിൻകൂട്ട”മായി കൂട്ടിച്ചേർക്കപ്പെടാനുളള മററു ഭാവി ശിഷ്യൻമാർക്കുവേണ്ടിയും യേശു പ്രാർത്ഥിക്കുന്നു. ഇവർക്കെല്ലാം വേണ്ടി അവൻ എന്താണ്‌ അപേക്ഷിക്കുന്നത്‌?

      “അവർ എല്ലാവരും ഒന്നായിരിക്കേണ്ടതിന്‌, പിതാവേ, നീ എന്നോടുളള ഐക്യത്തിലും ഞാൻ നിന്നോടുളള ഐക്യത്തിലുമായിരിക്കുന്നതുപോലെ, . . . നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ തന്നെ.” യേശുവും അവന്റെ പിതാവുംകൂടി അക്ഷരീയമായി ഒരു വ്യക്തിയല്ല, എന്നാൽ സകല കാര്യങ്ങളും സംബന്ധിച്ച്‌ അവർ യോജിപ്പിലാണ്‌. തന്റെ അനുഗാമികൾ അതേ ഐക്യം ആസ്വദിക്കുന്നതിനും അതുവഴി “നീ എന്നെ അയച്ചുവെന്നും എന്നെ സ്‌നേഹിച്ചതുപോലെ നീ അവരെയും സ്‌നേഹിച്ചു എന്നും ലോകം അറിയേണ്ടതിനും,” യേശു പ്രാർത്ഥിക്കുന്നു.

      തന്റെ അഭിഷിക്ത അനുയായികളായിരിക്കാനുളളവർക്കുവേണ്ടി യേശു ഇപ്പോൾ തന്റെ സ്വർഗ്ഗീയ പിതാവിനോട്‌ അപേക്ഷിക്കുന്നു. എന്തിനുവേണ്ടി? “ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും എന്നോടൊപ്പം ആയിരിക്കാൻ, ലോകസ്ഥാപനത്തിനുമുമ്പ്‌” തന്നെ അതായത്‌ ആദാമും ഹവ്വായും ഒരു സന്തതിയെ ജനിപ്പിക്കുന്നതിന്‌ മുമ്പ്‌, “നീ എന്നെ സ്‌നേഹിച്ചതിനാൽ നീ എനിക്കു തന്ന എന്റെ മഹത്വം അവരും കാണേണ്ടതിന്‌ തന്നെ.” അതിനും ദീർഘനാൾ മുമ്പേ, യേശുക്രിസ്‌തുവായിത്തീർന്ന തന്റെ ഏകജാതപുത്രനെ ദൈവം സ്‌നേഹിച്ചു.

      തന്റെ പ്രാർത്ഥന ഉപസംഹരിച്ചുകൊണ്ട്‌ യേശു വീണ്ടും ഊന്നിപ്പറയുന്നു: “നീ എന്നെ സ്‌നേഹിച്ച സ്‌നേഹം അവരിൽ ഉണ്ടാകുവാനും ഞാൻ അവരോട്‌ ഐക്യത്തിലായിരിക്കുവാനും ഞാൻ അവർക്ക്‌ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” അപ്പൊസ്‌തലൻമാരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ നാമം അറിയുന്നതിൽ വ്യക്തിപരമായി ദൈവത്തിന്റെ സ്‌നേഹം അറിയാനിടയാകുന്നതാണ്‌ ഉൾപ്പെട്ടിരുന്നത്‌. യോഹന്നാൻ 14:1–17:26; 13:27, 35, 36; 10:16; ലൂക്കോസ്‌ 22:3, 4; പുറപ്പാട്‌ 24:10; 1 രാജാക്കൻമാർ 19:9-13; യെശയ്യാവ്‌ 6:1-5; ഗലാത്യർ 6:16; സങ്കീർത്തനം 35:19; 69:4; സദൃശവാക്യങ്ങൾ 8:22, 30.

      ▪ യേശു എവിടേക്കാണ്‌ പോകുന്നത്‌, അവിടേക്കുളള വഴി സംബന്ധിച്ച്‌ തോമസിന്‌ എന്ത്‌ ഉത്തരമാണ്‌ ലഭിക്കുന്നത്‌?

      ▪ തന്റെ അഭ്യർത്ഥനയിലൂടെ പ്രത്യക്ഷത്തിൽ യേശു എന്തു ചെയ്യാനാണ്‌ ഫിലിപ്പോസ്‌ ആവശ്യപ്പെടുന്നത്‌?

      ▪ യേശുവിനെ കണ്ടവർ പിതാവിനെയും കണ്ടിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

      ▪ യേശു ചെയ്‌തതിനെക്കാൾ വലിയ വേല അവന്റെ ശിഷ്യൻമാർ ചെയ്യുന്നത്‌ എങ്ങനെയാണ്‌?

      ▪ സാത്താന്‌ യേശുവിന്റെമേൽ പിടിയില്ലാതിരിക്കുന്നത്‌ ഏതർത്ഥത്തിലാണ്‌?

      ▪ യഹോവ പ്രതീകാത്മക മുന്തിരിവളളി നട്ടത്‌ എപ്പോഴാണ്‌, എപ്പോൾ എങ്ങനെയാണ്‌ മററുളളവർ അതിന്റെ ഭാഗമായിത്തീരുന്നത്‌?

      ▪ അന്തിമമായി, ആ പ്രതീകാത്മക മുന്തിരിക്ക്‌ എത്ര ശാഖകളാണ്‌ ഉണ്ടായിരിക്കുക?

      ▪ ശാഖകളിൽ നിന്ന്‌ ദൈവം ഏതുതരത്തിലുളള ഫലമാണ്‌ ആവശ്യപ്പെടുന്നത്‌?

      ▪ നമുക്ക്‌ എങ്ങനെയാണ്‌ യേശുവിന്റെ സ്‌നേഹിതൻമാരായിരിക്കാൻ കഴിയുന്നത്‌?

      ▪ ലോകം യേശുവിന്റെ അനുയായികളെ ദ്വേഷിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

      ▪ യേശുവിനാലുളള എന്തു മുന്നറിയിപ്പാണ്‌ അപ്പൊസ്‌തലൻമാരെ അസ്വസ്ഥരാക്കുന്നത്‌?

      ▪ യേശു എവിടേക്ക്‌ പോകുന്നു എന്ന്‌ ചോദിക്കാൻ അപ്പൊസ്‌തലൻമാർക്ക്‌ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌?

      ▪ അപ്പൊസ്‌തലൻമാർ മനസ്സിലാക്കാൻ വിശേഷാൽ പരാജയപ്പെടുന്നത്‌ ഏതു സംഗതിയാണ്‌?

      ▪ അപ്പൊസ്‌തലൻമാരുടെ അവസ്ഥ ദുഃഖത്തിൽ നിന്ന്‌ സന്തോഷമായി മാറുമെന്ന്‌ കാണിക്കാൻ യേശു എന്തു ദൃഷ്ടാന്തം ഉപയോഗിക്കുന്നു?

      ▪ അപ്പൊസ്‌തലൻമാർ പെട്ടെന്നുതന്നെ എന്തു ചെയ്യുമെന്നാണ്‌ യേശു പറയുന്നത്‌?

      ▪ യേശു ലോകത്തെ ജയിച്ചടക്കുന്നത്‌ എങ്ങനെയാണ്‌?

      ▪ യേശുവിന്‌ “സകല ജഡത്തിൻമേലും അധികാരം” നൽകപ്പെട്ടിരിക്കുന്നത്‌ ഏതർത്ഥത്തിലാണ്‌?

      ▪ ദൈവത്തെയും അവന്റെ പുത്രനെയും സംബന്ധിച്ച്‌ അറിവ്‌ സമ്പാദിക്കുക എന്നതിന്റെ അർത്ഥമെന്താണ്‌?

      ▪ ഏതു വിധങ്ങളിലാണ്‌ യേശു ദൈവത്തിന്റെ നാമം വെളിപ്പെടുത്തുന്നത്‌?

      ▪ “സത്യം” എന്താണ്‌, അത്‌ ഒരു ക്രിസ്‌ത്യാനിയെ “വിശുദ്ധീകരിക്കുന്നത്‌” എങ്ങനെയാണ്‌?

      ▪ ദൈവവും അവന്റെ പുത്രനും എല്ലാ സത്യാരാധകരും ഒന്നായിരിക്കുന്നത്‌ എങ്ങനെയാണ്‌?

      ▪ “ലോകസ്ഥാപനം” എപ്പോഴായിരുന്നു?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക