‘ശിശുക്കളുടെ വായിൽനിന്ന്’
ശമുവേൽ ഒരു ബാലനായിരുന്നപ്പോൾ മഹാപുരോഹിതനായ ഏലിയുടെ മക്കളുടെ ദുഷ്ടത ഗണ്യമാക്കാതെ നീതിയുള്ള തത്ത്വങ്ങൾക്കുവേണ്ടി ഉറച്ചു നിലകൊണ്ടു. (1 ശമൂവേൽ 2:22; 3:1) എലീശായുടെ നാളുകളിൽ അരാമ്യയിൽ ബന്ദിയായിരുന്ന ഒരു ഇസ്രായേല്യ പെൺകുട്ടി തന്റെ യജമാനത്തിക്കു ധീരമായ സാക്ഷ്യം നൽകി. (2 രാജാക്കൻമാർ 5:2-4) യേശുവിനു 12 വയസ്സുണ്ടായിരുന്നപ്പോൾ അവൻ ഇസ്രായേലിലെ ഉപദേശകൻമാരോടു ചോദ്യങ്ങൾ ചോദിക്കുകയും കാഴ്ചക്കാരെ സ്തബ്ധരാക്കിയ ഉത്തരങ്ങൾ നൽകുകയും ചെയ്തുകൊണ്ടു സധൈര്യം സംസാരിച്ചു. (ലൂക്കൊസ് 2:46-48) ചരിത്രത്തിലുടനീളം യഹോവയെ തന്റെ യുവ ആരാധകർ വിശ്വസ്തതയോടെ സേവിച്ചിരിക്കുന്നു.
ഇന്ന് യുവജനങ്ങൾ വിശ്വസ്തതയുടെ അതേ മനോഭാവം പ്രകടമാക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട്! വിശ്വാസികളായ അനേകം യുവാക്കൾ യഹോവയുടെ സേവനത്തിൽ തങ്ങളെത്തന്നെ “സ്വമേധാദാനമായി” അർപ്പിക്കുന്നുവെന്നു വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നു. (സങ്കീർത്തനം 110:3) അവരുടെ ഉദ്യമങ്ങളുടെ മികച്ച ഫലങ്ങൾ ചെറുപ്പക്കാരും പ്രായമുള്ളവരുമായ എല്ലാ ക്രിസ്ത്യാനികളെയും ‘നൻമ ചെയ്യുന്നതിൽ മടുത്തുപോകാതിരി’ക്കാൻ പ്രോത്സാഹിപ്പിക്കുന്നു.—ഗലാത്യർ 6:9.
ജപ്പാൻകാരിയായ ആയൂമി എന്ന കൊച്ചു പെൺകുട്ടി ഒരു നല്ല ദൃഷ്ടാന്തമാണ്. ആറു വയസ്സുള്ളപ്പോൾ അവൾ പ്രസാധികയാകുകയും തന്റെ ക്ലാസ്സിലുള്ള സകലർക്കും സാക്ഷ്യം നൽകാനുള്ള ലാക്കു വയ്ക്കുകയും ചെയ്തു. ക്ലാസ്സ്മുറിയിലെ ലൈബ്രറിയിൽ പല പ്രസിദ്ധീകരണങ്ങളും വയ്ക്കുന്നതിന് അവൾക്ക് അനുവാദം ലഭിച്ചു. സഹപാഠികൾ ചോദിക്കാനിടയുള്ള ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ അവൾ സ്വയം തയ്യാറാവുകയും ചെയ്തു. അവളുടെ സഹപാഠികളിൽ മിക്കവാറും എല്ലാവരും അധ്യാപികയും പ്രസിദ്ധീകരണങ്ങളുമായി സുപരിചിതരായി. അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആറു വർഷക്കാലം ആയൂമി 13 ബൈബിളധ്യയനങ്ങൾ ക്രമീകരിച്ചു. നാലാം ഗ്രേഡിലായിരുന്നപ്പോൾ അവൾ സ്നാപനമേററു. അവൾ ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്ന അവളുടെ സുഹൃത്തുക്കളിലൊരാൾ ആറാം ഗ്രേഡിലായിരുന്നപ്പോൾ സ്നാപനമേററു. കൂടാതെ, ഈ ബൈബിൾ വിദ്യാർഥിയുടെ അമ്മയും മൂത്ത രണ്ടു സഹോദരിമാരും പഠിച്ചു സ്നാപനമേൽക്കുകയുണ്ടായി.
നല്ല നടത്ത ഒരു സാക്ഷ്യം
“[ജാതികളുടെ] ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം” എന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു, യുവ ക്രിസ്ത്യാനികൾ ഈ കൽപ്പന സഗൗരവം പിൻപററുന്നു. (1 പത്രൊസ് 2:12) തൻമൂലം, അവരുടെ നല്ല നടത്ത മിക്കപ്പോഴും നല്ല സാക്ഷ്യം നൽകുന്നു. കാമറൂൺ എന്ന ആഫ്രിക്കൻ രാജ്യത്ത് ഒരു മനുഷ്യൻ യഹോവയുടെ സാക്ഷികളുടെ സഭായോഗത്തിൽ രണ്ടാമത്തെ തവണ ഹാജരാവുകയും ഒരു കൊച്ചു പെൺകുട്ടിയുടെ സമീപം ഇരിക്കാനിടയാവുകയും ചെയ്തു. ബൈബിളിലെ ഒരു വാക്യം എടുത്തു വായിക്കുന്നതിനു പ്രസംഗകൻ സദസ്യരെ ക്ഷണിച്ചപ്പോൾ ആ കൊച്ചു പെൺകുട്ടി തന്റെ സ്വന്തം ബൈബിളിൽനിന്നു പെട്ടെന്നു വാക്യം കണ്ടുപിടിക്കുകയും ശ്രദ്ധാപൂർവം വായന പിന്തുടരുകയും ചെയ്തത് അയാൾ ശ്രദ്ധിച്ചു. യോഗം കഴിഞ്ഞയുടനെ അയാൾ പ്രസംഗകനെ സമീപിച്ച്, “നിങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ ഈ കൊച്ചു പെൺകുട്ടി എനിക്കു പ്രചോദനമേകി” എന്നു പറയത്തക്കവിധം അവളുടെ മനോഭാവം അയാളെ അത്രയധികം സ്വാധീനിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഒരു സ്കൂളിൽ 25 വിദ്യാർഥികൾ യഹോവയുടെ സാക്ഷികളുടെ കുട്ടികളാണ്. അവരുടെ നല്ല നടത്ത യഹോവയുടെ സാക്ഷികളുടെ സദ്പേരിൽ കലാശിച്ചിരിക്കുന്നു. തന്റെ സഭ യുവാക്കളെ സഹായിക്കുന്നതിൽ അപ്രാപ്തരായിരിക്കെ സാക്ഷികൾ അവരുടെ കുട്ടികളെ ഇത്രയും നല്ലരീതിയിൽ എങ്ങനെ പരിശീലിപ്പിക്കുന്നുവെന്നു തനിക്കു മനസ്സിലാക്കാനാവുന്നില്ല എന്ന് ഒരധ്യാപിക സാക്ഷിയായ മാതാപിതാക്കളിൽ ഒരാളോടു സമ്മതിച്ചു പറയുകയുണ്ടായി. ഒരു പുതിയ അധ്യാപിക സ്കൂളിൽ ജോലി ചെയ്യാൻ വരികയും പെട്ടെന്നുതന്നെ സാക്ഷികളായ കുട്ടികളുടെ നല്ല നടത്ത നിരീക്ഷിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നതിനു താൻ എന്താണു ചെയ്യേണ്ടതെന്ന് അവർ സാക്ഷിയായ ഒരു ആൺകുട്ടിയോടു ചോദിച്ചു. അവർക്ക് ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കണമെന്ന് അവൻ അവരോടു പറഞ്ഞു. താത്പര്യത്തെ പിന്തുടരാൻ അവൻ തന്റെ മാതാപിതാക്കളെ ക്രമീകരിക്കുകയും ചെയ്തു.
കോസ്ററ റിക്കയിൽ റിഗോബർട്ടോ ത്രിത്വം, ദേഹി, നരകാഗ്നി എന്നിവയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്കു രണ്ടു സഹപാഠികൾ ബൈബിൾ ഉപയോഗിച്ചുകൊണ്ട് ഉത്തരം നൽകിയപ്പോൾ സത്യത്തിന്റെ ധ്വനി തിരിച്ചറിഞ്ഞു. അവർ പറഞ്ഞത് അവനിൽ ഗണ്യമായ സ്വാധീനം ചെലുത്തി. അതു തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിൽ അവർക്കുള്ള കഴിവുകൊണ്ടു മാത്രമായിരുന്നില്ല, ക്രൈസ്തവലോകത്തിലെ സഭകളിൽ അവൻ നിരീക്ഷിച്ചിട്ടുള്ളതിൽനിന്നു വ്യത്യസ്തമായ അവരുടെ ഉത്കൃഷ്ട നടത്തകൊണ്ടും കൂടെയായിരുന്നു. കുടുംബത്തിൽനിന്നുള്ള എതിർപ്പുകളൊന്നും കാര്യമാക്കാതെ റിഗോബർട്ടോ ബൈബിളധ്യയനത്തിൽ നല്ല പുരോഗതി നേടിക്കൊണ്ടിരിക്കയാണ്.
സ്പെയിനിൽ രണ്ടു യഹോവയുടെ സാക്ഷികൾ—അവരിലൊരാൾക്ക് ഒമ്പതു വയസ്സ്—ഓണോഫ്രെ എന്നു പേരുള്ള ഒരു വ്യക്തിയെ സന്ദർശിച്ചു. സംസാരത്തിൽ അധികവും പ്രായമുള്ള സാക്ഷിയാണു നടത്തിയതെങ്കിലും അദ്ദേഹത്തോടൊപ്പം ആ യുവ സാക്ഷി തിരുവെഴുത്തുകൾ മനസ്സിൽ വായിക്കുകയും ഓർമയിൽനിന്നു ചില വചനങ്ങൾ ഉദ്ധരിക്കുകയും ചെയ്തു. ഓണോഫ്രെക്കു നല്ല മതിപ്പുതോന്നി. ആ കുട്ടി തിരുവെഴുത്തുകൾ ഇത്രയും നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ പഠിക്കുന്ന അതേ ഇടത്തു ബൈബിൾ പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. തൻമൂലം, പിറേറ ഞായറാഴ്ച അതിരാവിലെ അദ്ദേഹം രാജ്യഹാളിലേക്കു ചെന്നു. ഉച്ചതിരിഞ്ഞു സാക്ഷികൾ തങ്ങളുടെ യോഗത്തിനു വരുംവരെ, അദ്ദേഹത്തിനു വെളിയിൽ കാത്തിരിക്കേണ്ടിവന്നു. അന്നുമുതൽ അദ്ദേഹം നല്ലവണ്ണം പുരോഗമിക്കുകയും ഈയിടെ ജലസ്നാപനത്താൽ തന്റെ സമർപ്പണം പ്രതീകപ്പെടുത്തുകയും ചെയ്തു.
ഫലപ്രദരായ യുവ സാക്ഷികൾ
സൗമ്യഹൃദയരായ ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിനു യഹോവ ചെറുപ്പക്കാരെയും മുതിർന്നവരെയും ഉപയോഗിക്കുന്നു. ഹംഗറിയിൽനിന്നുള്ള ഒരു ഉദാഹരണം അതു കൂടുതൽ വ്യക്തമാക്കുന്നു. പത്തുവയസ്സുള്ള ഒരു രോഗിയെ കാണാൻ വരുന്ന സന്ദർശകർ അവൾക്കു വായിക്കാനുള്ള വിഷയങ്ങളും ഭക്ഷണ സാധനങ്ങളും കൊണ്ടുവരുന്നതായി ആശുപത്രിയിലെ ഒരു നേഴ്സ് ശ്രദ്ധിച്ചു. ഒരു കൊച്ചുപെൺകുട്ടി ഇത്രമാത്രം വായിക്കാൻ എന്തിരിക്കുന്നുവെന്നറിയാൻ അവർക്ക് ജിജ്ഞാസയായി. അത് ബൈബിളാണെന്ന് അവർ കണ്ടെത്തി. നേഴ്സ് അവളോടു സംസാരിച്ചു, എന്നിട്ടു പിന്നീടു പറഞ്ഞു: “വാസ്തവത്തിൽ തുടക്കംമുതലേ അവൾ എന്നെ പഠിപ്പിക്കുകയായിരുന്നു.” പെൺകുട്ടി ആശുപത്രിവിട്ടു പോകുന്നേരം കൺവെൻഷനു ഹാജരാകാൻ നേഴ്സിനെ ക്ഷണിക്കുകയുണ്ടായി, എന്നാൽ നേഴ്സ് ക്ഷണം നിരസ്സിച്ചു. എങ്കിലും, പിന്നീട് അവർ “നിർമല ഭാഷ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുക്കാൻ സമ്മതം മൂളി. അതിനുശേഷം ഉടൻതന്നെ അവർ ഒരു ബൈബിളധ്യയനം തുടങ്ങി. ഒരു വർഷത്തിനുശേഷം അവർ സ്നാപനമേററു—എല്ലാം ഒരു കൊച്ചു പെൺകുട്ടി ആശുപത്രിയിൽ തന്റെ സമയം ബൈബിൾ സാഹിത്യങ്ങൾ വായിക്കാൻ ചെലവഴിച്ചതിന്റെ ഫലം.
എൽ സാൽവഡോറിലുള്ള ആനാ രൂത്ത് ഹൈസ്കൂളിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. മററുള്ളവർക്കു താത്പര്യമുണ്ടെങ്കിൽ വായിക്കട്ടെ എന്നു കരുതി തന്റെ മേശപ്പുറത്തു ബൈബിൾ സാഹിത്യങ്ങൾ വയ്ക്കുന്നത് അവളുടെ ശീലമായിരുന്നു. സാഹിത്യം അപ്രത്യക്ഷമായതും കുറച്ചു കഴിഞ്ഞു വീണ്ടും പ്രത്യക്ഷമായതും ആനാ രൂത്ത് ശ്രദ്ധിച്ചു. സ്കൂളിലെ സഹപാഠിയായ എവ്ലിൻ അതു വായിക്കുകയായിരുന്നുവെന്ന് അവൾ കണ്ടെത്തി. കുറേനാളുകൾക്കു ശേഷം എവ്ലിൻ അധ്യയനത്തിനുള്ള ക്ഷണം സ്വീകരിക്കുകയും സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു. ഒടുവിൽ, അവൾ സ്നാപനമേൽക്കുകയും ഒരു നിരന്തര സഹായ പയനിയറായി ഇപ്പോൾ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ആനാ രൂത്ത് ഒരു നിരന്തരപയനിയറാണ്.
പനാമയിൽ ഒരു സഹോദരി ഒരു സ്ത്രീയോടൊപ്പം അധ്യയനം തുടങ്ങി. അധ്യയനം ഏതാണ്ടു നിർത്തത്തക്കവണ്ണം അവരുടെ ഭർത്താവ് സത്യത്തെ എതിർക്കാൻ തുടങ്ങി. എന്നിരുന്നാലും, ഭർത്താവിന്റെ മനോഭാവം ക്രമേണ അയയാൻ തുടങ്ങി. കുറേക്കഴിഞ്ഞ്, തന്റെ വീട്ടിൽ ഒരു ബേർഗ്ലർ അലാറം ഘടിപ്പിച്ചു തരാൻ അദ്ദേഹം സാക്ഷിയായിരുന്ന തന്റെ ജഡിക സഹോദരനോട് ആവശ്യപ്പെട്ടു. അദ്ദേഹം അലാറം ഘടിപ്പിച്ചുകൊണ്ടിരിക്കേ ഒമ്പതു വയസ്സുള്ള സഹോദരപുത്രി വളരെ ദുഃഖിതയായി വീട്ടിലേക്കു വന്നു. എന്തുപററിയെന്ന് അദ്ദേഹം അവളോടു ചോദിച്ചപ്പോൾ താനും മൂത്ത സഹോദരിയുംചേർന്ന് ഒരു ബൈബിളധ്യയനം നടത്താൻ പോയതായിരുന്നെങ്കിലും വീട്ടിൽ ആളില്ലായിരുന്നു. തൻമൂലം അന്നത്തെ ദിവസം യഹോവക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് അവൾ മറുപടി പറഞ്ഞു. “എന്നോടു പ്രസംഗിച്ചുകൂടേ? അപ്പോൾ നിനക്കു യഹോവക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാവുമല്ലോ” എന്ന് അവളുടെ ചിററപ്പൻ പറഞ്ഞു. അവൾ സസന്തോഷം ഓടിച്ചെന്നു തന്റെ ബൈബിൾ എടുത്തുകൊണ്ടുവരികയും അധ്യയനം തുടങ്ങുകയും ചെയ്തു.
അവളുടെ അമ്മ (ആ വ്യക്തിയുടെ സഹോദരഭാര്യ) ഇതു കേൾക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ഒരു തമാശയാണെന്നേ അവർ കരുതിയുള്ളൂ. എന്നാൽ അദ്ദേഹം അവരുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം ബൈബിളധ്യയനം നടത്താൻ തന്റെ സഹോദരപുത്രിയോട് ആവശ്യപ്പെടുമായിരുന്നു. ഭർത്തൃസഹോദരൻ സംഗതി കാര്യമായി എടുത്തിരിക്കയാണെന്നും ബുദ്ധിമുട്ടുള്ള ചില ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും അമ്മ മനസ്സിലാക്കിയപ്പോൾ അധ്യയനം മകളുടെ സാന്നിധ്യത്തിൽ താൻതന്നെ നടത്താൻ അവർ തീരുമാനിച്ചു. അദ്ദേഹം ആഴ്ചയിൽ രണ്ടുപ്രാവശ്യം പഠിക്കാൻ തുടങ്ങുകയും ഗണ്യമായി പുരോഗമിക്കുകയും ചെയ്തു. ഒടുവിൽ, അയാൾ—തന്റെ കൊച്ചു സഹോദരപുത്രിയുടെ ശ്രമം ഹേതുവായി—സമർപ്പണം നടത്താൻ തക്കവിധം പുരോഗമിക്കുകയും ഭാര്യയോടൊപ്പം ഒരേ സമ്മേളനത്തിൽ സ്നാപനമേൽക്കുകയും ചെയ്തു.
ചെറുപ്പക്കാരുടെ ധൈര്യം ഒരു നല്ല സാക്ഷ്യം നൽകുന്നു
“ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 27:14) ഈ വാക്കുകൾ ദൈവത്തിന്റെ സകല ദാസൻമാർക്കും ബാധകമാണ്. ചെറുപ്പക്കാരും മുതിർന്നവരും കഴിഞ്ഞവർഷം അവ ബാധകമാക്കിയിരിക്കുന്നു. ഓസ്ട്രേലിയയിൽ അഞ്ചുവയസ്സുള്ള ഒരു പെൺകുട്ടി ഒരു പുതിയ സ്കൂളിൽ ചേർന്നപ്പോൾ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ സംബന്ധിച്ചു വിശദീകരിക്കാൻ അവളുടെ അമ്മ ടീച്ചറെ സന്ദർശിച്ചു. “നിങ്ങൾ വിശ്വസിക്കുന്നതെന്താണെന്ന് എനിക്കു പണ്ടേ അറിയാം. നിങ്ങളുടെ മകൾ എന്നോട് എല്ലാം വിശദീകരിച്ചിട്ടുണ്ട്” എന്ന് ടീച്ചർ പറഞ്ഞു. തനിയെ ടീച്ചറെ സമീപിച്ച് തന്റെ വിശ്വാസത്തെക്കുറിച്ചു വിശദീകരിക്കാനാവാത്തവിധം ഭീരുവായിരുന്നില്ല അവൾ.
റൊമേനിയയിലെ അഞ്ചുവയസ്സുകാരി ആൻഡ്രെയായും ധൈര്യം കാണിക്കുകയുണ്ടായി. അവളുടെ അമ്മ ഒരു സാക്ഷിയായിത്തീരുന്നതിനുവേണ്ടി ഓർത്തഡോക്സ് മതം വിട്ടുപോന്നപ്പോൾ അവർ പറയുന്നതു കേൾക്കാൻ അയൽക്കാർ വിസമ്മതിച്ചു. ഒരു ദിവസം സഭാപുസ്തകാധ്യയനത്തിൽ വെച്ച് തങ്ങളുടെ അയൽക്കാരോടു പ്രസംഗിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു സേവനമേൽവിചാരകൻ ഊന്നിപ്പറയുന്നത് ആൻഡ്രെയാ കേട്ടു. അവൾ അതേപ്പററി സഗൗരവം ചിന്തിച്ചു. വീട്ടിലെത്തിയപ്പോൾ അവൾ അമ്മയോട് ഇങ്ങനെ പറഞ്ഞു: “മമ്മി ജോലിക്കു പോയശേഷം ഞാൻ എണീററ് മമ്മി ചെയ്യാറുള്ളപോലെ ബാഗിൽ സാഹിത്യങ്ങളെല്ലാം അടുക്കിവയ്ക്കും. എന്നിട്ട് അയൽക്കാരുമായി സത്യം പങ്കിടുന്നതിന് എന്നെ സഹായിക്കാൻ ഞാൻ യഹോവയോടു പ്രാർഥിക്കും.”
വാഗ്ദാനം ചെയ്തപോലെതന്നെ ആൻഡ്രെയാ അടുത്ത ദിവസം ചെയ്യുകയുണ്ടായി. ധൈര്യം സംഭരിച്ച് അവൾ ഒരു അയൽക്കാരന്റെ ഡോർബെൽ അടിച്ചു. അയൽക്കാരൻ വാതിൽക്കൽ വന്നപ്പോൾ ഈ കൊച്ചു പെൺകുട്ടി പറഞ്ഞു: “എന്റെ അമ്മ ഒരു സാക്ഷിയായ നാൾമുതൽ നിങ്ങൾക്ക് അവരെ ഇഷ്ടമല്ല എന്ന് എനിക്കറിയാം. നിങ്ങളോടു സംസാരിക്കാൻ അവർ പലവട്ടം ശ്രമിച്ചിട്ടുണ്ട്, എന്നാൽ നിങ്ങൾ കേൾക്കാൻ താത്പര്യം പ്രകടിപ്പിച്ചില്ല. ഇത് മമ്മിയെ വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.” അതേത്തുടർന്ന് ആൻഡ്രെയാ ഒരു നല്ല സാക്ഷ്യം നൽകുകയുണ്ടായി. ഒററദിവസം അവൾ ആറു പുസ്തകം, ആറു മാസിക, നാലു ചെറുപുസ്തകം, നാലു ലഘുലേഖ എന്നിവ വിതരണം ചെയ്തു. അന്നുമുതൽ അവൾ വയൽസേവനത്തിൽ ക്രമമായി പങ്കെടുക്കുന്നു.
റുവാണ്ടയിലെ പ്രശ്നങ്ങളുടെ മധ്യേ നമ്മുടെ സഹോദരങ്ങൾക്കു വലിയ ധൈര്യം കാണിക്കേണ്ടിവന്നിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തിൽ പട്ടാളക്കാർ ഒരു സാക്ഷി കുടുംബത്തെ ഒരു മുറിയിൽ ഇട്ടിരുന്നു. കുടുംബാംഗങ്ങൾ ആദ്യം പ്രാർഥിക്കുന്നതിനുള്ള അനുവാദം വാങ്ങി. അനുവാദം നൽകപ്പെട്ടു. മകൾ ദെബോറയൊഴികെ എല്ലാവരും മൗനമായി പ്രാർഥിച്ചു. ഒരു റിപ്പോർട്ടു പറയുന്ന പ്രകാരം, ദെബോറ ഉറക്കെ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഈ ആഴ്ചയിൽ പപ്പായും ഞാനും അഞ്ചു മാസികകൾ സമർപ്പിച്ചിരിക്കുന്നു. ഞങ്ങൾക്ക് അവരെ വീണ്ടും സന്ദർശിച്ച് സത്യം പഠിപ്പിക്കുന്നതിനും ജീവൻ നേടാൻ അവരെ സഹായിക്കുന്നതിനും എങ്ങനെ കഴിയും? തന്നെയുമല്ല, ഇനിയിപ്പോൾ എനിക്ക് എങ്ങനെ ഒരു പ്രസാധികയാകാനാവും? നിന്നെ സേവിക്കേണ്ടതിന് സ്നാപനമേൽക്കാൻ എനിക്കാഗ്രഹമുണ്ടായിരുന്നു.” ഇതു കേട്ട് ഒരു പട്ടാളക്കാരൻ ഇങ്ങനെ പറഞ്ഞു: “ഈ കൊച്ചു പെൺകുട്ടി കാരണം ഞങ്ങൾക്കു നിങ്ങളെ കൊല്ലാനാവില്ല.” അതിനു ദെബോറ “നന്ദി” എന്നു പ്രത്യുത്തരം നൽകി. അങ്ങനെ ആ കുടുംബത്തെ വെറുതെവിട്ടു.
യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവൻ യെരുശലേമിലേക്കു ജേതാവായി പ്രവേശിച്ചപ്പോൾ ആർപ്പിടുന്ന വലിയ പുരുഷാരം യേശുവിനെ അഭിവാദനം ചെയ്തു. പുരുഷാരത്തിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ബാലൻമാർ “ദാവീദ്പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കു”കയായിരുന്നു എന്നു രേഖ പറയുന്നു. മഹാപുരോഹിതൻമാരും ശാസ്ത്രിമാരും ഇതിനെ എതിർത്തുപറഞ്ഞപ്പോൾ യേശു, “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ” എന്നു തിരിച്ചടിച്ചു.—മത്തായി 21:15, 16.
യേശുവിന്റെ വാക്കുകൾ ഇന്നും സത്യമാണെന്നു കാണുന്നതു കോരിത്തരിപ്പിക്കുന്നില്ലേ? “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു”—കൗമാരപ്രായക്കാരുടെയും യുവാക്കൻമാരുടെയും യുവതികളുടെയും എന്നു നമുക്ക് കൂട്ടിച്ചേർക്കാം—യഹോവ പുകഴ്ച ഒരുക്കിയിരിക്കുന്നു. വാസ്തവത്തിൽ, യഹോവക്കു സ്തുതികരേററുന്ന കാര്യത്തിൽ ആർക്കും കുറഞ്ഞ പ്രായപരിധിയൊന്നുമില്ല.—യോവേൽ 2:28, 29.