ഒരു പാവനരഹസ്യം ഇതൾവിരിയുന്നു
“ഈ ദൈവികഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലുതാകുന്നു.”—1 തിമൊഥെയോസ് 3:16.
1. ഒന്നു തിമൊഥെയോസ് 3:16-ൽ ഏതു രഹസ്യം വർണ്ണിക്കപ്പെട്ടിരിക്കുന്നു?
പരമരഹസ്യങ്ങൾ നിങ്ങളുടെ താത്പര്യം ഉണർത്തുന്നുവോ? നിങ്ങൾ രഹസ്യങ്ങളിലേക്ക് ഊളിയിടുന്നത് ആസ്വദിക്കുന്നുവോ? നമ്മിലനേകരും ആസ്വദിക്കുന്നു! അപ്പോൾ, സകല രഹസ്യങ്ങളിലുംവെച്ച് അതിമഹത്തായ ഒന്ന് ഞങ്ങൾ പരിശോധിക്കുമ്പോൾ ഞങ്ങളോടു ചേരുക—അത് ദൈവവചനത്തിൽ ആയിരക്കണക്കിനു വർഷങ്ങളിൽ അടച്ചുപൂട്ടിയിരുന്ന ഒരു രഹസ്യമാണ്. ഈ പാവനരഹസ്യം നമ്മുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവനെ മർമ്മപ്രധാനമായി ബാധിക്കുന്നു. അത് ‘ദൈവികഭക്തിയുടെ പാവനരഹസ്യ’മാണ്. നമുക്കുവേണ്ടി അത് 1 തിമൊഥെയോസ് 3:16-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. ഈ ശ്രേഷ്ഠമായ രഹസ്യത്തെയും അതിന്റെ വ്യാഖ്യാനത്തെയും നമുക്കു കൃപാപൂർവം അറിയിച്ചുതന്ന “രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനായ” യഹോവയോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം!—ദാനിയേൽ 2:28, 29.
2. (എ) യഹോവ എപ്പോൾ ആദ്യമായി ഒരു പാവനരഹസ്യത്തെക്കുറിച്ചു പറഞ്ഞു, അപ്പോൾ അവൻ എന്തു വാഗ്ദാനംചെയ്തു? (ബി) ഏതു ചോദ്യങ്ങൾക്കു ഉത്തരങ്ങൾ ആവശ്യമാണ്?
2 സർപ്പം ഹവ്വായെ വഞ്ചിക്കുകയും ആദാം മത്സരത്തിൽ അവളെ പിന്തുടരുകയും ചെയ്തപ്പോഴായിരുന്നു യഹോവ ആദ്യം ഒരു പാവനരഹസ്യത്തെക്കുറിച്ചു സംസാരിച്ചത്. “സന്തതി” അഥവാ സന്താനം സർപ്പത്തിന്റെ തലയെ തകർക്കുമെന്ന് ദൈവം അപ്പോൾ വാഗ്ദാനംചെയ്തു. (ഉല്പത്തി 3:15) ഈ സന്തതി ആരാണ്? അവൻ എങ്ങനെ സർപ്പത്തെ ജയിച്ചടക്കും? അവൻ ദൈവത്തിന്റെ സത്യതയെയും ഈ ഭൂമിയെസംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും സംസ്ഥാപിക്കുമോ?
3. സന്തതിയുടെ താദാത്മ്യവും പ്രവർത്തനവും സംബന്ധിച്ച് ദിവ്യപ്രവചനങ്ങൾ ഏതു സൂചനകൾ നൽകി?
3 കാലക്രമത്തിൽ, ദിവ്യപ്രവചനങ്ങൾ സന്തതിയുടെ താദാത്മ്യവും ഭാവി പ്രവർത്തനവും സംബന്ധിച്ച സൂചനകൾ വെളിപ്പെടുത്തി. അവൻ അബ്രഹാമിന്റെ ഒരു സന്തതിയായിരിക്കും, ദാവീദിന്റെ രാജ്യത്തെ അവകാശപ്പെടുത്തും, സമാധാനപ്രഭു എന്നു വിളിക്കപ്പെടുകയും ചെയ്യും. ‘അവന്റെ രാജകീയഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല.’ (യെശയ്യാവ് 9:6, 7; ഉല്പത്തി 22:15-18; സങ്കീർത്തനം 89:35-37) എന്നാൽ റോമർ 16:25 പ്രസ്താവിക്കുന്നതുപോലെ, ആ പാവനരഹസ്യം “ദീർഘമായി നിൽക്കുന്ന കാലങ്ങളിൽ നിശബ്ദമായി സൂക്ഷിക്കപ്പെട്ടിരുന്നു.”
മർമ്മം പരിഹരിക്കുന്നു
4. പാവനരഹസ്യം ക്രി.വ. 29-ൽ ഇതൾവിരിയാൻ തുടങ്ങിയതെങ്ങനെ?
4 ഒടുവിൽ, നാലു സഹസ്രാബ്ദങ്ങൾക്കുശേഷം, പ്രകാശം ചൊരിയപ്പെട്ടു! ഏതു വിധത്തിൽ? ക്രി.വ. 29-ൽ യോഹന്നാൻ നസറേത്തിലെ യേശുവിനെ യോർദ്ദാൻ നദിയിൽ സ്നാപനപ്പെടുത്തി. സ്വർഗ്ഗത്തിൽനിന്ന് ദൈവത്തിന്റെ ശബ്ദം ഇങ്ങനെ പ്രഖ്യാപിച്ചു: “ഇത് എന്റെ പുത്രനാകുന്നു, ഞാൻ അംഗീകരിച്ചിരിക്കുന്ന പ്രിയപ്പെട്ടവൻ.” (മത്തായി 3:17) ഹാ, ഇതാ ഒടുവിൽ വാഗ്ദത്തസന്തതി! പാവനരഹസ്യം ദൈവികഭക്തി ഉൾപ്പെടെ മഹത്തായ അതിന്റെ എല്ലാ വശങ്ങളിലും ഇതൾവിരിയാൻ തുടങ്ങിയിരുന്നു.
5. “ദൈവികഭക്തി” എന്താണ്, അതാചരിക്കുന്നവരെ അത് എങ്ങനെ ബാധിക്കുന്നു?
5 “ദൈവികഭക്തി”യെന്നതിനാൽ നാം എന്താണ് മനസ്സിലാക്കുന്നത്? ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഈ പദപ്രയോഗം വെറും 20 പ്രാവശ്യമാണ് കാണപ്പെടുന്നത്. അവയിൽ പകുതിയിലധികവും തിമൊഥെയോസിനുള്ള പൗലോസിന്റെ രണ്ട് ലേഖനങ്ങളിലാണ്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴച എന്ന പ്രസിദ്ധീകരണം “ദൈവികഭക്തി”യെ “ബഹുമാനം, ആരാധന, ദൈവത്തിന്റെ പരമാധികാരത്തോടുള്ള വിശ്വസ്തത സഹിതമുള്ള ദൈവസേവനം” എന്നിങ്ങനെ നിർവചിക്കുന്നു. ബഹുമാനം പുറപ്പെടുന്നത് ദൈവത്തിന്റെ പ്രതാപത്തോടും അവന്റെ നിത്യതയോടും അവന്റെ മഹത്തായ സൃഷ്ടികളുടെ ബാഹുല്യത്തോടുമുള്ള ഭയാദരവോടെ ദൈവത്തോട് അടുപ്പിക്കുന്ന ഒരു ഹൃദയത്തിൽനിന്ന്, വിലമതിപ്പുള്ള മനുഷ്യരുടെമേൽ അവൻ ചൊരിയുന്ന ആത്മീയവും ഭൗമികവുമായ ദാനങ്ങൾക്കായുള്ള നന്ദിയോടുകൂടിയ ഒരു ഹൃദയത്തിൽനിന്ന്, പുറപ്പെടുന്നു. സത്യമായി, ദൈവികഭക്തിയാചരിക്കുന്ന നമുക്കോരോരുത്തർക്കും സങ്കീർത്തനം 104:1-ൽ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, പറയാൻ കഴിയും: “എൻദേഹിയേ, യഹോവയെ വാഴ്ത്തുക. എന്റെ ദൈവമായ യഹോവേ, നീ വളരെ വലിയവനെന്നു തെളിഞ്ഞിരിക്കുന്നു. നീ പ്രതാപവും തേജസ്സും ധരിച്ചിരിക്കുന്നു.”
6. (എ) യഹോവയുടെ ആരാധകർ ക്രൈസ്തവലോകത്തിലെ പള്ളികളിലെ ചാരുബഞ്ചുകളിലിരിക്കുന്നവരിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) പൗലോസ് റോമർ 11:33, 34-ൽ എന്തു പറഞ്ഞു, അങ്ങനെ ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
6 ദൈവത്തോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കപ്പെടണം, പ്രവർത്തനങ്ങളിലൂടെയാണ് അതു പ്രകടിപ്പിക്കപ്പെടുന്നത്. ഈ കാര്യത്തിൽ സത്യദൈവമായ യഹോവയുടെ ആരാധകർ ക്രൈസ്തവലോകത്തിലെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന പള്ളികളിലെ ചാരുബഞ്ചുകളിലിരിക്കുന്നവരിൽനിന്ന് വളരെ വ്യത്യസ്തരാണ്. ഭൂമിയിലെ അനേകർക്ക് ഒരു മതമുണ്ടെങ്കിൽ അത് ഒരു ചടങ്ങാണ്, അവർ തങ്ങൾക്കു ചുററുമുള്ള ദുഷിച്ച ലോകത്തോട് അനുരൂപപ്പെടുന്ന ജീവിതം നയിക്കെ തങ്ങളെ വിശുദ്ധരെന്നു തോന്നിപ്പിക്കുന്ന ഒരു കപടവേഷമാണത്. ദൈവം ആരാണെന്നുപോലും അവർക്ക് അറിയാൻപാടില്ല. തീർച്ചയായും അങ്ങനെയുള്ള ആളുകൾ പ്രവൃത്തികൾ 17:23-ലെ പൗലോസിന്റെ വാക്കുകൾ പരിചിന്തിക്കേണ്ടയാവശ്യമുണ്ട്. “ഒരു അജ്ഞാതദൈവ”ത്തെ പൂജിച്ചിരുന്ന അഥേനക്കാരോട് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിയാതെ ദൈവികഭക്തിയർപ്പിക്കുന്നത്, ഇതു ഞാൻ നിങ്ങളോട് അറിയിക്കുകയാകുന്നു.” ആ മഹനീയ ദൈവത്തെക്കുറിച്ച് പൗലോസ് റോമർ 11:33, 34-ൽ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “ഹാ, ദൈവത്തിന്റെ ധനത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവന്റെ ന്യായവിധികൾ എത്ര ആരായാനാവാത്തതും അവന്റെ വഴികൾ എത്ര കണ്ടുപിടിക്കാനാവാത്തതുമാകുന്നു! എന്തെന്നാൽ ‘യഹോവയുടെ മനസ്സറിയാൻ ഇടയായിട്ടുള്ളവൻ ആർ, അല്ലെങ്കിൽ അവന്റെ ഉപദേശകനായിത്തീർന്നിട്ടുള്ളവൻ ആർ?’” അപ്പോൾ നാം ദൈവത്തിന്റെ വഴികൾ അറിയാനിടയാകുന്നതെങ്ങനെ? അത് ‘ദൈവികഭക്തിയുടെ പാവനരഹസ്യം’ മനസ്സിലാക്കുന്നതിനാലാണ്. എന്നാൽ നാം അത് എങ്ങനെയാണ് ചെയ്യുക?
7. “ഈ ദൈവികഭക്തിയുടെ പാവനരഹസ്യം സമ്മതാംവണ്ണം വലുതാകുന്നു”വെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
7 അപ്പോസ്തലനായ പൗലോസ് 1 തിമൊഥെയോസ് 3-ാം അദ്ധ്യായത്തിൽ ആദ്യം ദൈവത്തിന്റെ ഭവനത്തിലെ ഉത്തരവാദിത്തമുള്ള ദാസൻമാരിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നുവെന്ന് വിവരിക്കുന്നു, 1 തിമൊഥെയോസ് 3: 15-ാം വാക്യത്തിൽ ദൈവഭവനം “സത്യത്തിന്റെ ഒരു തൂണും താങ്ങുമായ ജീവനുള്ള ദൈവത്തിന്റെ സഭ” എന്നു വർണ്ണിക്കപ്പെട്ടിരിക്കുന്നു. അനന്തരം 1 തിമൊഥെയോസ് 3: 16-ാം വാക്യത്തിൽ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ ദൈവികഭക്തിയുടെ പാവനരഹസ്യം സമ്മതാംവണ്ണം വലുതാകുന്നു.” തീർച്ചയായും വലുതാണ്, കാരണം ഈ രഹസ്യത്തിന്റെ പൂട്ടു തുറക്കുന്നതിനും ദൈവികഭക്തി യഥാർത്ഥത്തിൽ എന്താണെന്നും അത് സത്യാരാധനയിൽ മർമ്മപ്രധാനമായിരിക്കുന്നതെങ്ങനെയെന്നും പ്രകടമാക്കുന്നതിനുംവേണ്ടി യഹോവ തന്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്കയച്ചു. ഈ ദൈവികഭക്തിയുടെ പാവനരഹസ്യം ഇവിടെ ഭൂമിയിലെ യേശുവിന്റെ ജീവിതഗതിയിൽ പ്രകാശിതമാക്കപ്പെട്ടിരിക്കുന്നു. യഹോവയെ സ്നേഹിക്കുന്ന സകലരും ദൈവികഭക്തിയെ ഉദാഹരിച്ച ക്രിസ്തുവിൻമേൽ തങ്ങളുടെ വിശ്വാസവും ജീവിതവും കെട്ടുപണിചെയ്യണം. ആ സ്ഥിതിക്ക് യേശു ദൈവികഭക്തിയുടെ പാവനരഹസ്യത്തെ എങ്ങനെയാണ് വിശദമാക്കിയത്?
ആറു വശങ്ങൾ
8. (എ) പൗലോസ് 1 തിമൊഥെയോസ് 3:16-ൽ വർണ്ണിക്കുന്ന പാവനരഹസ്യത്തിന്റെ ആറ് വശങ്ങളേവ? (ബി) പ്രത്യക്ഷനാക്കപ്പെട്ട “അവൻ” ആരാണ്?
8 ദിവ്യനിശ്വസ്തതയാൽ പൗലോസ് ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. ഇവിടെ 1 തിമൊഥെയോസ് 3:16-ൽ അവൻ ഈ പാവനരഹസ്യത്തിന്റെ ആറു വശങ്ങൾ വർണ്ണിച്ചുകൊണ്ടു പറയുന്നു: “അവൻ [1] ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു, [2] ആത്മാവിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു, [3] ദൂതൻമാർക്കു പ്രത്യക്ഷനായി, [4] ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു, [5] ലോകത്തിൽ വിശ്വസിക്കപ്പെട്ടു, [6] തേജസ്സിൽ എടുക്കപ്പെട്ടു.” പ്രത്യക്ഷനാക്കപ്പെട്ട “അവൻ” ആരാണ്? പ്രസ്പഷ്ടമായി, “അവൻ” ദൈവേഷ്ടംചെയ്യാൻ വന്നവനും വാഗ്ദത്ത സന്തതിയുമായ യേശുവാണ്. അവൻ പാവനരഹസ്യത്തെ യഥാർത്ഥത്തിൽ വലുതാക്കുന്നവനായി പാവനരഹസ്യം സംബന്ധിച്ച് മുഖ്യനാണ്.
9. ഒന്നു തിമൊഥെയോസ് 3:16 “ദൈവം ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു”വെന്ന് വായിക്കപ്പെടരുതെന്നുള്ളതിന് എന്തു തെളിവുണ്ട്?
9 ഒന്നു തിമൊഥെയോസ് 3:16-ലെ “അവൻ” ദൈവംതന്നെയാണെന്നു പറഞ്ഞുകൊണ്ട് ത്രിത്വവിശ്വാസികൾ പാവനരഹസ്യത്തിന്റെ ഗ്രാഹ്യത്തെ കുഴപ്പിക്കാൻ ശ്രമിക്കുന്നു. ഇതിന് അവർ കിംഗ് ജയിംസ് ബൈബിളിനെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. അത് “ദൈവം ജഡത്തിൽ വെളിപ്പെട്ടു”വെന്ന് വായിക്കപ്പെടുന്നു. എന്നുവരികിലും, ഏററവും വിശ്വസനീയമായ ഗ്രീക്ക് കൈയെഴുത്തുപ്രതികൾ എന്താണു പറയുന്നത്? പൂർവാപരയോജിപ്പോടെ അവ “ദൈവം” എന്നതിനു പകരം “അവൻ” എന്ന സർവനാമം ഉപയോഗിക്കുന്നു. ഈ തിരുവെഴുത്തിൽ “ദൈവം” എന്നു ചേർത്തത് പകർപ്പെഴുത്തുകാരുടെ ഒരു തെററാണെന്ന് പാഠനിരൂപകൻമാർ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. അങ്ങനെ, അമേരിക്കൻ സററാൻഡേർഡ വേർഷൻ, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ, ന്യൂ വേൾഡ ട്രാൻസേഷ്ളൻ മുതലായി കുറേകൂടെ അടുത്തകാലത്തെ വിവർത്തനങ്ങൾ ‘അവൻ [അല്ലെങ്കിൽ പ്രത്യക്ഷപ്പെട്ടവൻ] ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു’വെന്ന് ശരിയായിത്തന്നെ വായിക്കപ്പെടുന്നു. അല്ല, “ജഡത്തിൽ” പ്രത്യക്ഷപ്പെട്ടത് ദൈവംതന്നെയായിരുന്നില്ല. പകരം, അത് അവന്റെ പ്രിയപ്പെട്ട പുത്രനും ആദ്യസൃഷ്ടിയുമായിരുന്നു. അവനെസംബന്ധിച്ച് അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “അങ്ങനെ വചനം ജഡമായിത്തീർന്നു നമ്മുടെ ഇടയിൽ വസിച്ചു, നമുക്ക് അവന്റെ മഹത്വത്തിന്റെ, ഒരു പിതാവിൽനിന്നുള്ള ഒരു ഏകജാതപുത്രന്റേതുപോലെയുള്ള ഒരു മഹത്വത്തിന്റെ, ഒരു വീക്ഷണം ലഭിച്ചു; അവനിൽ അനർഹദയയും സത്യവും നിറഞ്ഞിരുന്നു.”—യോഹന്നാൻ 1:14.
“ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു”
10. (എ) യേശുവിന്റെ സ്നാപനത്തിങ്കൽ പാവനരഹസ്യത്തിന്റെ ഒന്നാമത്തെ സവിശേഷത പ്രകടമായതെങ്ങനെ? (ബി) യേശു “ഒടുക്കത്തെ ആദാം” ആയിത്തീർന്നതെന്തുകൊണ്ട്?
10 യേശുവിന്റെ സ്നാപനത്തിങ്കൽ പാവനരഹസ്യത്തിന്റെ ആദ്യ സവിശേഷത പ്രകടമായി: യേശു ദൈവത്തിന്റെ അഭിഷിക്ത പുത്രനായി “ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു.” യഹോവയാം ദൈവം തന്റെ പുത്രന്റെ ജീവനെ സ്വർഗ്ഗത്തിൽനിന്ന് മറിയയുടെ ഗർഭപാത്രത്തിലേക്കു മാററിയിരുന്നു. തന്നിമിത്തം യേശുവിന് ഒരു പൂർണ്ണമനുഷ്യനായി ജഡത്തിൽ ജനിക്കാൻ കഴിയുമായിരുന്നു. അങ്ങനെ, 1 കൊരിന്ത്യർ 15:45-47 പ്രകടമാക്കുന്നതുപോലെ, യേശു രണ്ടാമത്തെ അഥവാ “ഒടുക്കത്തെ” ആദാമായിത്തീർന്നു, ഒന്നാമത്തെ ആദാമിനോടു കൃത്യമായി സദൃശനായ ഒരു പൂർണ്ണമനുഷ്യദേഹിതന്നെ. എന്തുദ്ദേശ്യത്തിൽ? ഒന്നു തിമൊഥെയോസ് 2:5, 6 “ഒടുക്കത്തെ ആദാ”മിനെ “എല്ലാവർക്കുംവേണ്ടി ഒരു അനുരൂപ മറുവിലയായി തന്നെത്താൻ കൊടുത്ത ഒരു മനുഷ്യനായ യേശുക്രിസ്തു” എന്നു പരാമർശിക്കുന്നു. പൂർണ്ണതയുള്ള ഒരു മനുഷ്യബലിയുടെ ഈ നിയമപരമായ അടിസ്ഥാനത്തിൽ തന്റെ രാജ്യത്തിൽ തന്നോടുകൂടെ കൂട്ടവകാശികളായിത്തീരുന്ന 1,44,000 മനുഷ്യരോടുള്ള ഒരു പുതിയ ഉടമ്പടിക്ക് യേശു മാദ്ധ്യസ്ഥം വഹിക്കുന്നു.—വെളിപ്പാട് 14:1-3.
11. യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ആരിലേക്കു വ്യാപിക്കുന്നു?
11 യേശുവിന്റെ ബലിമരണത്തിൽനിന്ന് മററുള്ളവർക്കും പ്രയോജനംകിട്ടുമോ? തീർച്ചയായും കിട്ടും! യേശുക്രിസ്തു “നമ്മുടെ പാപങ്ങൾക്കു [അതായത് യോഹന്നാനെപ്പോലെയുള്ള അഭിഷിക്തക്രിസ്ത്യാനികളുടെ പാപങ്ങൾക്ക്] ഒരു പ്രായശ്ചിത്ത യാഗമാകുന്നു, എന്നാൽ നമ്മുടേതിനു മാത്രമല്ല, പിന്നെയോ സർവലോകത്തിന്റേതിനുംതന്നെ” എന്ന് ഒന്നു യോഹന്നാൻ 2:2 പ്രസ്താവിക്കുന്നു. അങ്ങനെ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ 1,44,000 അഭിഷിക്തക്രിസ്ത്യാനികൾക്കും അപ്പുറം വളരെ ദൂരത്തിൽ വ്യാപിച്ച് മുഴുമനുഷ്യവർഗ്ഗലോകത്തിലേക്കുമെത്തുന്നു. ഇപ്പോൾ ജീവിക്കുന്ന ഒരു “മഹാപുരുഷാര”ത്തിനും പറുദീസാഭൂമിയിൽ പുനരുത്ഥാനം പ്രാപിക്കുന്ന ശതകോടികൾക്കും യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിത്യജീവൻ ലഭിക്കേണ്ടതാണ്. വെളിപ്പാട് 7:9, 10-ൽ പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ, ഇപ്പോൾത്തന്നെ മഹാപുരുഷാരം കുഞ്ഞാടായ യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് തങ്ങളുടെ അങ്കികൾ അലക്കിവെളുപ്പിച്ചിരിക്കുന്നു. ദൈവത്തോടുള്ള സൗഹൃദം സംബന്ധിച്ച് അവർ നീതിമാൻമാരായി എണ്ണപ്പെടുന്നു. സന്തോഷത്തോടെ അവർ പാവനരഹസ്യത്തിന്റെ വിവിധ വശങ്ങൾ പഠിക്കുകയും യേശുവിന്റെ മാതൃകയ്ക്കനുയോജ്യമായി ദൈവികഭക്തി പ്രകടമാക്കുകയും ചെയ്യുന്നു!
മററു വശങ്ങൾ
12. യേശു എങ്ങനെ “ആത്മാവിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു”?
12 ഇപ്പോൾ, 1 തിമൊഥെയോസ് 3:16-ലെ രണ്ടാമത്തെ സവിശേഷത സംബന്ധിച്ചെന്ത്? യേശു “ആത്മാവിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു.” എന്നാൽ എങ്ങനെ? യഹോവ തന്റെ നിർമ്മലതാപാലകനായ പുത്രനെ മരിച്ചവരിൽനിന്ന് ആത്മീയ ജീവനിലേക്ക് ഉയർപ്പിച്ചതിനാൽ. ഇത് യേശു തികച്ചും നീതിമാനാണെന്നും കൂടുതലായ ഉയർന്ന നിയമനങ്ങൾക്ക് യോഗ്യനാണെന്നും ദൈവം പ്രഖ്യാപിക്കുന്നതിനു തുല്യമായിരുന്നു. റോമർ 1:4 പ്രസ്താവിക്കുന്ന പ്രകാരം, യേശു “മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്താൽ വിശുദ്ധിയുടെ ആത്മാവിനനുസൃതമായി ദൈവപുത്രനായി പ്രഖ്യാപിക്കപ്പെട്ടു.” ഇതു സ്ഥിരീകരിച്ചുകൊണ്ട് പത്രോസ് തന്റെ ഒന്നാമത്തെ ലേഖനത്തിന്റെ 3-ാം അദ്ധ്യായം 18-ാം വാക്യത്തിൽ നമ്മോട് ഇങ്ങനെ പറയുന്നു: “നിങ്ങളെ ദൈവത്തിങ്കലേക്കു നയിക്കേണ്ടതിന് നീതികെട്ടവർക്കുവേണ്ടിയുള്ള നീതിമാനായ ഒരു ആളായ ക്രിസ്തു പാപസംബന്ധമായി എന്നേക്കുമായി ഒരിക്കൽ മരിച്ചു, അവൻ ജഡത്തിൽ കൊല്ലപ്പെട്ടു, എന്നാൽ ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.” ദൈവികഭക്തി സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം നിങ്ങളെ ദൈവത്തിങ്കലേക്കു നയിക്കുന്നുവോ?
13. പുനരുത്ഥാനം പ്രാപിച്ച യേശു ഏതു ദൂതൻമാർക്കു പ്രത്യക്ഷപ്പെട്ടു, അവൻ അവരോട് ഏതു തരം സന്ദേശമാണ് പ്രസംഗിച്ചത്?
13 ഒന്നു തിമൊഥെയോസ് 3:16-ൽ തുടർന്നുകൊണ്ട് പൗലോസ് അടുത്തതായി പാവനരഹസ്യത്തിന്റെ മൂന്നാമത്തെ സവിശേഷതയെ പരാമർശിച്ചുകൊണ്ട് യേശു “ദൂതൻമാർക്കു പ്രത്യക്ഷനായി” എന്നു പറയുന്നു. ഈ ദൂതൻമാർ ആരായിരിക്കാം? ഇപ്പോൾ “ആത്മാവിൽ ജീവിപ്പിക്കപ്പെട്ടി”രിക്കുന്ന യേശുവിനെ സംബന്ധിച്ച് പത്രോസ് 1 പത്രോസ് 3:19, 20-ൽ എഴുതുന്നു: “ഈ അവസ്ഥയിൽ അവൻ പോയി നോഹയുടെ നാളുകളിൽ ദൈവത്തിന്റെ ക്ഷമ കാത്തിരുന്നപ്പോൾ ഒരിക്കൽ അനുസരണംകെട്ടവരായി തടവിലുണ്ടായിരുന്ന ആത്മാക്കളോടു പ്രസംഗിച്ചു.” യൂദാ 6 അനുസരിച്ച് ആ ആത്മാക്കൾ സ്വർഗ്ഗങ്ങളിലെ “തങ്ങളുടെ ആദ്യസ്ഥാനം നിലനിർത്താതെ തങ്ങളുടെ ഉചിതമായ സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച ദൂതൻമാർ” ആയിരുന്നു. അവർ സ്ത്രീകളുമായുള്ള നിയമവിരുദ്ധ ലൈംഗികവേഴ്ചകളാസ്വദിക്കുന്നതിന് ജഡശരീരങ്ങൾ ധരിച്ചു. ജലപ്രളയം ആത്മമണ്ഡലത്തിലേക്കു മടങ്ങാൻ ആ ദൂതൻമാരെ നിർബദ്ധരാക്കിയപ്പോൾ അവർ തികഞ്ഞ അധഃപതനത്തിന്റെ ഒരു അവസ്ഥയായ ററാർട്ടറസിലേക്ക് എറിയപ്പെട്ടു. (2 പത്രോസ് 2:4) പുനരുത്ഥാനം പ്രാപിച്ച യേശു അവരോടു പ്രസംഗിച്ചു. എന്നാൽ അത് ഒരു രക്ഷാദൂതായിരുന്നോ? തീർച്ചയായും അല്ലായിരുന്നു! എന്നാൽ, യേശു അവരുടെ ദുഷ്ടതയെ ദൈവികഭക്തിക്കു കടകവിരുദ്ധമെന്ന നിലയിൽ കുററംവിധിച്ചു. ഇന്ന് ലൈംഗികദുർമ്മാർഗ്ഗവുമായി കളിക്കുന്ന ദൈവജനത്തിൽപെട്ട ആരും ആ ദൂതൻമാരുടെമേൽ ഉച്ചരിക്കപ്പെട്ട ന്യായവിധിയിൽനിന്ന് മുന്നറിയിപ്പു സ്വീകരിക്കേണ്ടതാണ്!
14. യേശു “ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു”തുടങ്ങിയതെങ്ങനെ?
14 യേശു “ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു”വെന്നതാണ് 1 തിമൊഥെയോസ് 3:16-ലെ നാലാമത്തെ സവിശേഷത. ഇത് എങ്ങനെ നിവൃത്തിയായിരിക്കുന്നു? യേശു തന്റെ അറസ്ററിനു തൊട്ടുമുമ്പ് തന്റെ അപ്പോസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “ഏററവും സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വാസം പ്രകടമാക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികളും ചെയ്യും; അവൻ ഇവയിൽ വലിയ പ്രവൃത്തികളും ചെയ്യും, എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുകയാകുന്നു.” (യോഹന്നാൻ 14:12) അതിനുശേഷം താമസിയാതെ ക്രി.വ. 33ലെ പെന്തെക്കോസ്തിൽ യേശു തന്റെ ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നു, “ഈ യേശുവിനെ ദൈവം പുനരുത്ഥാനപ്പെടുത്തി”യെന്ന ഞെട്ടിക്കുന്ന വാർത്ത യഹൂദൻമാരോടു പ്രസംഗിക്കപ്പെടാൻ തുടങ്ങി. പിന്നീട്, ശമര്യരും ദൈവവചനം കൈക്കൊള്ളുകയും പരിശുദ്ധാത്മാവു പ്രാപിച്ചുതുടങ്ങുകയുംചെയ്തു. (പ്രവൃത്തികൾ 2:32; 8:14-17) പിന്നീട്, ക്രി.വ. 36-ൽ പത്രോസ് കോർന്നേലിയോസിനോടും അയാളുടെ വീട്ടിൽ സമ്മേളിച്ചിരുന്ന മററു വിജാതീയരോടും പ്രസംഗിച്ചു. അങ്ങനെ, യേശുവിനെ സംബന്ധിച്ചുള്ള സുവാർത്ത “ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു”തുടങ്ങി, അതായത് യഹൂദരേതരരുടെ ഇടയിൽ. അവരും പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടു.
15. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ദൈവികഭക്തിയുടെ രഹസ്യം നന്നായി മനസ്സിലാക്കിയിരുന്നുവെന്ന് എന്തു തെളിയിക്കുന്നു?
15 പ്രവൃത്തികൾ 12:24-ൽ റിപ്പോർട്ടുചെയ്തിരുന്ന പ്രകാരം, “യഹോവയുടെ വചനം തുടർന്നുവളരുകയും പരക്കുകയുംചെയ്തുകൊണ്ടിരുന്നു.” വടക്കൻ ഗ്രീസിൽ ഇപ്പോഴും ചെയ്യപ്പെടുന്നതുപോലെ, എതിരാളികൾ മുറവിളിച്ചുകൊണ്ടിരുന്നുവെന്ന് പ്രവൃത്തികൾ 17:6 പറയുന്നു: “നിവസിതഭൂമിയെ മറിച്ചുകളഞ്ഞിരിക്കുന്ന ഈ മനുഷ്യർ ഇവിടെയും വന്നിരിക്കുന്നു.” സുവാർത്ത “ആകാശത്തിൻകീഴുള്ള സകല സൃഷ്ടിയിലും പ്രസംഗിക്കപ്പെട്ടുവെന്ന് 30 വർഷത്തിനുള്ളിൽ പൗലോസിനു റോമിൽനിന്ന് എഴുതാൻ കഴിഞ്ഞു. (കൊലോസ്യർ 1:23) ആ കാലത്തെ ക്രിസ്ത്യാനികൾ ദൈവികഭക്തിയുടെ പാവനരഹസ്യം നന്നായി മനസ്സിലാക്കിയിരുന്നു. എത്ര തീക്ഷ്ണമായി അവർ അതു ബാധകമാക്കിക്കൊണ്ടിരുന്നു! രാജ്യപ്രസംഗത്തിന്റെ ഈ മൂർദ്ധന്യനാളിൽ നമുക്കും അതുപോലെ അതു പഠിച്ച് ബാധകമാക്കാം!
16. പാവനരഹസ്യത്തിന്റെ അഞ്ചാമത്തെ സവിശേഷത എന്തായിരുന്നു, ഏതു പ്രവർത്തനം അതിനെ പ്രകടമാക്കി?
16 ഒന്നാം നൂററാണ്ടിലെ ആ പ്രസംഗത്തോടുള്ള പ്രതികരണമായി 1 തിമൊഥെയോസ് 3:16-ലെ പാവനരഹസ്യത്തിന്റെ അഞ്ചാമത്തെ സവിശേഷത ഗണ്യമായി പ്രകടമായി. യേശു ഇപ്പോൾ “ലോകത്തിൽ വിശ്വസിക്കപ്പെട്ടു.” ഇത് പൗലോസും തിമൊഥെയോസും ഉൾപ്പെടെയുള്ള തീക്ഷ്ണതയുള്ള മിഷനറിമാരുടെ ക്രിസ്തുതുല്യമായ ദൈവികഭക്തിയുടെ ഒരു ഫലമായിരുന്നു. അവർ ഏഷ്യാമൈനറിലും യൂറോപ്പിലും സുവാർത്ത എത്തിച്ചു. ഒരുപക്ഷേ സ്പെയിൻ വരെയും, സ്നാപനമേററ എത്തിയോപ്യന്റെ വായ്മുഖേന കിഴക്കനാഫ്രിക്കയിലേക്കും എത്തിച്ചു. അതേസമയം പത്രോസ് ബാബിലോനിൽ സേവനമനുഷ്ഠിച്ചു.
17. യേശു ആധുനികലോകത്തിലുടനീളം വിശ്വസിക്കപ്പെടുന്നതെന്തുകൊണ്ട്?
17 നമ്മുടെ നാളിനെ സംബന്ധിച്ചെന്ത്? 1919 മുതൽ അഭിഷിക്തശേഷിപ്പ് മാതൃകായോഗ്യമായ ദൈവികഭക്തി പ്രകടമാക്കിക്കൊണ്ടാണിരിക്കുന്നത്. ഈ അഭിഷിക്തർ യേശു ഇട്ട വിശ്വാസത്തിന്റെ അടിസ്ഥാനത്തിൻമേൽ ഉറപ്പായി പണിതിരിക്കുന്നു. വിശേഷിച്ച് 1935 മുതൽ അവർ “മഹോപദ്രവ”ത്തിലൂടെ കടന്ന് ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ അനുഭവിക്കാനുള്ള പ്രത്യാശയിൽ സന്തോഷിക്കുന്ന ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കാൻ തുടങ്ങിയിരിക്കുന്നു. (വെളിപ്പാട് 7:9, 14) അങ്ങനെ, യേശുവിൽ കേന്ദ്രീകരിക്കുന്ന സുവാർത്ത ആധുനികലോകത്തിലുടനീളം വിശ്വസിക്കപ്പെടുന്നു. യഹോവയുടെ 37,00,000ത്തിൽപരം സാക്ഷികൾ ഇപ്പോൾ ദൈവികഭക്തിയോടെ ഗോളത്തിനു ചുററും പ്രസംഗിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു!
18. യേശു “തേജസ്സിൽ എടുക്കപ്പെട്ട”തെങ്ങനെ?
18 ആ പാവനരഹസ്യത്തിന്റെ ഒരു സവിശേഷതകൂടെ ശേഷിക്കുന്നു, ആറാമത്തേത്: യേശു “തേജസ്സിൽ എടുക്കപ്പെട്ടു.” ആത്മാവിൽ ജീവിപ്പിക്കപ്പെട്ട ശേഷമുള്ള 40 ദിവസങ്ങളിൽ യേശു ജഡശരീരങ്ങൾ അവലംബിക്കുകയും ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുകയും അവരോട് “ദൈവരാജ്യത്തെ സംബന്ധിച്ച കാര്യങ്ങൾ” പറയുകയുംചെയ്തു. പിന്നീട് അവൻ സ്വർഗ്ഗാരോഹണംചെയ്തു. (പ്രവൃത്തികൾ 1:3, 6-9) യോഹന്നാൻ 17:1-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ പ്രാർത്ഥനക്ക് അങ്ങനെ ഉത്തരംകിട്ടി: “പിതാവേ, നിന്റെ പുത്രൻ നിന്നെ മഹത്വീകരിക്കേണ്ടതിന്. . . നിന്റെ പുത്രനെ മഹത്വീകരിക്കേണമേ . . . ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു . . . അതുകൊണ്ട്, ഇപ്പോൾ പിതാവേ, ലോകം ഉണ്ടായതിനുമുമ്പ് എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.”
19. സ്വർഗ്ഗത്തിലേക്കുള്ള യേശുവിന്റെ മടങ്ങിപ്പോക്കിൽ എന്തുണ്ടായിരുന്നിരിക്കണം?
19 സ്വർഗ്ഗത്തിലേക്കുള്ള യേശുവിന്റെ മടങ്ങിപ്പോക്കിൽ എന്ത് സന്തോഷമുണ്ടായിരുന്നിരിക്കണം! വളരെ നേരത്തെ യഹോവ ഭൂമിയെ സ്ഥാപിച്ചപ്പോൾ, “സകല ദൈവപുത്രൻമാരും ആർത്തുഘോഷിച്ചുതുടങ്ങി.” (ഇയ്യോബ് 38:7) യഹോവയുടെ പരമാധികാരത്തിന്റെ വിശ്വസ്ത വക്താവിനെ വീണ്ടും തങ്ങളുടെ ഇടയിലേക്കു സ്വീകരിക്കുന്നതിന് ആ ദൂതസൈന്യങ്ങൾ എത്രയധികം സന്തോഷം പ്രകടമാക്കിയിരിക്കണം!
20. യേശു വളരെ വിശിഷ്ടമായ നാമം അവകാശപ്പെടുത്തിയിരിക്കുന്നതെന്തുകൊണ്ട്, അവൻ ഭൂമിയിലായിരുന്നപ്പോൾ എന്തു ചെയ്തു?
20 പൗലോസ് ജയശാലിയായ യേശുവിനെക്കുറിച്ച് എബ്രായർ 1:3, 4-ൽ ഇങ്ങനെ പറയുന്നു: “അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു ശുദ്ധീകരണംനടത്തിയശേഷം അവൻ ഉന്നതസ്ഥലങ്ങളിൽ പ്രതാപത്തിന്റെ വലത്തുഭാഗത്തിരുന്നു. അങ്ങനെ അവൻ അവരുടേതിലും വളരെ വിശിഷ്ടമായ ഒരു നാമം അവകാശപ്പെടുത്തിയ അളവോളം അവൻ ദൂതൻമാരെക്കാൾ മെച്ചപ്പെട്ടവനായിത്തീർന്നിരിക്കുന്നു.” അനീതിയുടെ മേലുള്ള ക്രിസ്തുവിന്റെ വിജയം നിമിത്തമാണ് അവന് ഈ നാമം ലഭിച്ചത്. ഈ ദൈവപുത്രൻ തീർച്ചയായും ഭൂമിയിൽ ദൈവികഭക്തിയുടെ പാത വെട്ടിത്തെളിച്ചിരുന്നു. അവൻ നിത്യജീവൻ പ്രാപിക്കാനുള്ള മററുള്ളവർക്കെല്ലാം ഒരു മാതൃക വെക്കുകയുംചെയ്തു. സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്തേക്കുള്ള യേശുവിന്റെ ഉയർത്തലോടെ ഈ ദൈവികഭക്തിയുടെ മർമ്മം അതിന്റെ സകല സവിശേഷതകളോടെയും വെളിപ്പെടുത്തപ്പെട്ടു. (w90 1⁄15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ “ദൈവികഭക്തി” എന്താണ്?
◻ യേശു എങ്ങനെ “ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു”, അതിനുശേഷം “ആത്മാവിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു”?
◻ യേശു ഏതു ദൂതൻമാർക്കു പ്രത്യക്ഷപ്പെട്ടു, എന്തു സന്ദേശത്തോടെ?
◻ ക്രിസ്തു എങ്ങനെ “ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെടു”കയും “ലോകത്തിൽ വിശ്വസിക്കപ്പെടുകയും”ചെയ്തു?
◻ യേശു എപ്പോൾ “തേജസ്സിൽ എടുക്കപ്പെട്ടു,” ദൈവികഭക്തിസംബന്ധിച്ച് എന്തു ചെയ്തശേഷം?